മനുഷ്യന്‍ സ്വയംപര്യാപ്തനല്ല

കുഞ്ഞിമുഹമ്മദ് മദനി പറപ്പൂര്‍

2020 ആഗസ്ത് 22 1442 മുഹര്‍റം 03

(മനുഷ്യന്‍ ക്വുര്‍ആനില്‍ 5)

എത്ര വലിയ ശക്തനും പരസഹായം കൂടാതെ ജീവിക്കാന്‍ കഴിയില്ല. കാരണം സാമൂഹ്യജീവിയാണ് അവന്‍. മനുഷ്യചരിത്രത്തില്‍ സാമൂഹ്യദുരന്തങ്ങളുണ്ടായപ്പോഴെല്ലാം ഈ യാഥാര്‍ഥ്യം മനുഷ്യന്‍ തിരിച്ചറിഞ്ഞിട്ടുണ്ട്. ഞങ്ങള്‍ക്കു ഞങ്ങള്‍ മതി എന്ന് അഹങ്കരിച്ചിരുന്ന വന്‍രാഷ്ട്രങ്ങള്‍ക്കുവരെ പരസഹായത്തിന്നു കൈനീട്ടേണ്ടിവന്നു എന്നത് കോവിഡ്-19ന്റെ വര്‍ത്തമാനകാലത്ത് ജീവിക്കുന്നവര്‍ക്ക് നേരിട്ട് ബോധ്യമായി. അതിരുകവിഞ്ഞ ആര്‍ത്തിയെയും ചൂഷണത്തെയും സാമൂഹ്യജീവിതത്തിന്റെ അടിത്തറയായി സ്വീകരിച്ച അഹങ്കാരിയായ മനുഷ്യന്ന് തന്റെ നിലപാടിന്റെ ദിശതിരിക്കാന്‍ അല്ലാഹുവിങ്കല്‍നിന്നുള്ള ഒരു ഇടപെടലായിട്ടുവേണം ഇത്തരം സംഭവങ്ങളെ കാണേണ്ടത്.

ഈ ഭൂമി മുഴുവന്‍ മനുഷ്യര്‍ക്കുമുള്ളതാണ്. അല്ലാഹു പറയുന്നു: ''അവനാണ് നിങ്ങള്‍ക്കുവേണ്ടി ഭൂമിയിലുള്ളതെല്ലാം സൃഷ്ടിച്ചുതന്നത്. പുറമെ ഏഴ് ആകാശങ്ങളായി ക്രമീകരിച്ചുകൊണ്ട് ഉപരിലോകത്തെ സംവിധാനിച്ചവനും അവന്‍തന്നെയാണ്. അവന്‍ എല്ലാ കാര്യത്തെപ്പറ്റിയും അറിവുള്ളവനാകുന്നു'' (ക്വുര്‍ആന്‍ 2:29).

''അവനാകുന്നു നിങ്ങള്‍ക്കുവേണ്ടി ഭൂമിയെ വിധേയമാക്കിത്തന്നവന്‍. അതിനാല്‍ അതിന്റെ ചുമലുകളിലൂടെ നിങ്ങള്‍ നടക്കുകയും അവന്റെ ഉപജീവനത്തില്‍നിന്ന് ഭക്ഷിക്കുകയും ചെയ്തുകൊള്ളുക. അവങ്കലേക്കുതന്നെയാണ് ഉയിര്‍ത്തെഴുന്നേല്‍പ്'' (ക്വുര്‍ആന്‍ 67:15).

''ആകാശത്തുള്ളവന്‍ നിങ്ങളെ ഭൂമിയില്‍ ആഴ്ത്തിക്കളയുന്നതിനെപ്പറ്റി നിങ്ങള്‍ നിര്‍ഭയരായിരിക്കുകയാണോ? അപ്പോള്‍ അത് (ഭൂമി) ഇളകിമറിഞ്ഞുകൊണ്ടിരിക്കും. അതല്ല, ആകാശത്തുള്ളവന്‍ നിങ്ങളുടെനേരെ ഒരു ചരല്‍വര്‍ഷം അയക്കുന്നതിനെപ്പറ്റി നിങ്ങള്‍ നിര്‍ഭയരായിരിക്കുകയാണോ? എന്റെ താക്കീത് എങ്ങനെയുണ്ടെന്ന് നിങ്ങള്‍ വഴിയെ അറിഞ്ഞുകൊള്ളും'' (ക്വുര്‍ആന്‍ 67:16-17).

കടല്‍, കര, വെള്ളം, വായു, വെളിച്ചം, മണ്ണ് തുടങ്ങിയതെല്ലാം അല്ലാഹു മനുഷ്യന്ന് നല്‍കിയ പൊതു സ്വത്താണ്. അവയില്‍ എല്ലാവരും പരസ്പരം സഹകരിക്കണം, സഹായിക്കണം. അല്ലെങ്കില്‍ നാശമായിരിക്കും ഫലം.

''മനുഷ്യരുടെ കൈകള്‍ പ്രവര്‍ത്തിച്ചത് നിമിത്തം കരയിലും കടലിലും കുഴപ്പം വെളിപ്പെട്ടിരിക്കുന്നു. അവര്‍ പ്രവര്‍ത്തിച്ചതില്‍ ചിലതിന്റെ ഫലം അവര്‍ക്ക് ആസ്വദിപ്പിക്കുവാന്‍ വേണ്ടിയത്രെ അത്. അവര്‍ ഒരുവേള മടങ്ങിയേക്കാം'' (ക്വുര്‍ആന്‍ 30:41).

''ആകാശത്തെ അവന്‍ ഉയര്‍ത്തുകയും (എല്ലാകാര്യവും തൂക്കിക്കണക്കാക്കുവാനുള്ള) തുലാസ്അവന്‍ സ്ഥാപിക്കുകയും ചെയ്തിരിക്കുന്നു. നിങ്ങള്‍ തുലാസില്‍ ക്രമക്കേട് വരുത്താതിരിക്കുവാന്‍ വേണ്ടിയാണത്. നിങ്ങള്‍ നീതിപൂര്‍വം തൂക്കം ശരിയാക്കുവിന്‍. തുലാസില്‍ നിങ്ങള്‍ കമ്മിവരുത്തരുത്. ഭൂമിയെ അവന്‍ മനുഷ്യര്‍ക്കായി വെച്ചിരിക്കുന്നു'' (ക്വുര്‍ആന്‍ 55:7-10).

പ്രാപഞ്ചികവ്യവസ്ഥയുടെ സന്തുലനാവസ്ഥയിലേക്കുകൂടി ഈ 'തുലാസ്' എന്ന പ്രയോഗം സൂചന നല്‍കുന്നു. ശത്രുവിനോടുപോലും നീതിപുലര്‍ത്താന്‍ ക്വുര്‍ആന്‍ (5:8) കല്‍പിച്ചത് ഈ സന്തുലനം നിലനിര്‍ത്തുന്നതിന്റെ ഭാഗമാണ്. പ്രാപഞ്ചിക വ്യവസ്ഥയിലെ സന്തുലനാവസ്ഥക്ക് താളപ്പിഴകളുണ്ടാകരുതെന്നു ക്വുര്‍ആന്‍ ഓര്‍മിപ്പിക്കുന്നുണ്ട്. വൈവിധ്യങ്ങള്‍ എത്രയുണ്ടെങ്കിലും ഒരു മാനവിക കൂട്ടായ്മ അനിവാര്യമാണ് മനുഷ്യര്‍ക്ക്. അവരെല്ലാവരും രക്ഷിതാവിലേക്ക് ആവശ്യക്കാരുമാണ്.

''മനുഷ്യരേ, നിങ്ങള്‍ അല്ലാഹുവിന്റെ ആശ്രിതന്മാരാകുന്നു. അല്ലാഹുവാകട്ടെ സ്വയം പര്യാപ്തനും സ്തുത്യര്‍ഹനുമാകുന്നു'' (ക്വുര്‍ആന്‍ 35:15).

ഈ പരാശ്രയത്വത്തില്‍നിന്നു മറ്റെവിടെയും രക്ഷപ്പെടാന്‍ മനുഷ്യന്ന് സാധ്യമല്ല.

''ജിന്നുകളുടെയും മനുഷ്യരുടെയും സമൂഹമേ, ആകാശങ്ങളുടെയും ഭൂമിയുടെയും മേഖലകളില്‍ നിന്ന് പുറത്ത് കടന്നുപോകാന്‍ നിങ്ങള്‍ക്ക് സാധിക്കുന്നപക്ഷം നിങ്ങള്‍ കടന്നുപോയിക്കൊള്ളുക. ഒരു അധികാരം ലഭിച്ചിട്ടല്ലാതെ നിങ്ങള്‍ കടന്നുപോകുകയില്ല'' (ക്വുര്‍ആന്‍ 55:33).

അതിനാല്‍ മനുഷ്യന്‍ എതൊരു സ്രഷ്ടാവിന്റെ അടിമയാണോ ആ സ്രഷ്ടാവിന്റെ പരമാധികാരത്തിന്‍ കീഴിലാണുള്ളതെന്ന ബോധത്തോടെ അവനെ അനുസരിച്ച്, വിനയപ്പെട്ടു ജീവിക്കലാണ് ബുദ്ധി.

''അല്ലാഹുവെ കണക്കാക്കേണ്ട നിലയില്‍ അവര്‍ കണക്കാക്കിയിട്ടില്ല. ഉയിര്‍ത്തെഴുന്നേല്‍പിന്റെ നാളില്‍ ഭൂമി മുഴുവന്‍ അവന്റെ ഒരു കൈപിടിയില്‍ ഒതുങ്ങുന്നതായിരിക്കും. ആകാശങ്ങള്‍ അവന്റെ വലതുകൈയില്‍ ചുരുട്ടിപ്പിടിക്കപ്പെട്ടവയുമായിരിക്കും. അവനെത്ര പരിശുദ്ധന്‍! അവര്‍ പങ്കുചേര്‍ക്കുന്നതിനെല്ലാം അവന്‍ അതീതനായിരിക്കുന്നു'' (ക്വുര്‍ആന്‍ 39:67).

മനുഷ്യന്റെ മറ്റൊരു മുഖമാണ് കാപട്യം

സത്യവിശ്വാസി, നിഷേധി; ഈ രണ്ടുവിഭാഗത്തിനിടയില്‍ കപടവിശ്വാസി എന്നൊരു വിഭാഗത്തെക്കുറിച്ചുകൂടി ക്വുര്‍ആന്‍ മനുഷ്യനെ പഠിപ്പിക്കുന്നു. വിശ്വാസം എന്നത് ബാഹ്യപ്രകടനങ്ങളോ മനസ്സില്‍തട്ടാത്ത പ്രഖ്യാപനങ്ങളോ ആവരുത്. മനസ്സാവാചാകര്‍മണാ വിശ്വാസിയാവണം.

''ഗ്രാമീണ അറബികള്‍ പറയുന്നു; ഞങ്ങള്‍ വിശ്വസിച്ചിരിക്കുന്നു എന്ന്. നീ പറയുക: നിങ്ങള്‍ വിശ്വസിച്ചിട്ടില്ല. എന്നാല്‍ ഞങ്ങള്‍ കീഴ്‌പെട്ടിരിക്കുന്നു എന്ന് നിങ്ങള്‍ പറഞ്ഞുകൊള്ളുക. വിശ്വാസം നിങ്ങളുടെ ഹൃദയങ്ങളില്‍ പ്രവേശിച്ചുകഴിഞ്ഞിട്ടില്ല. അല്ലാഹുവെയും അവന്റെ ദൂതനെയും നിങ്ങള്‍ അനുസരിക്കുന്നപക്ഷം നിങ്ങള്‍ക്കു നിങ്ങളുടെ കര്‍മഫലങ്ങളില്‍നിന്ന് യാതൊന്നും അവന്‍ കുറവു വരുത്തുകയില്ല. തീര്‍ച്ചയായും അല്ലാഹു ഏറെ പൊറുക്കുന്നവനും കരുണാനിധിയുമാകുന്നു'' (ക്വുര്‍ആന്‍ 49:14).

വിശ്വാസപരമായ കാപട്യം മുതല്‍ സത്യസന്ധതക്ക് വിരുദ്ധമായ സ്വഭാവങ്ങള്‍വരെ കാപട്യത്തിന്റെ ലക്ഷണമാണെന്ന് ക്വുര്‍ആന്‍ പഠിപ്പിക്കുന്നു.

''മറ്റുള്ളവര്‍ വിശ്വസിച്ചതുപോലെ നിങ്ങളും വിശ്വസിക്കൂ എന്ന് അവരോട് ആരെങ്കിലും പറഞ്ഞാല്‍ ഈ മൂഢന്മാര്‍ വിശ്വസിച്ചതുപോലെ ഞങ്ങളും വിശ്വസിക്കുകയോ എന്നായിരിക്കും അവര്‍ മറുപടി പറയുക. എന്നാല്‍ യഥാര്‍ഥത്തില്‍ അവര്‍തന്നെയാകുന്നു മൂഢന്മാര്‍. പക്ഷേ, അവരത് അറിയുന്നില്ല'' (ക്വുര്‍ആന്‍ 2:13).

വിശ്വാസികളെയും വിശ്വാസത്തെയും പരിഹസിക്കുക, വിശ്വാസികളുടെ കൂട്ടത്തിലെത്തുമ്പോള്‍ വിശ്വാസിയായി അഭിനയിക്കുകയും അവിശ്വാസികള്‍ക്കിടയില്‍ അവരോട് ആദര്‍ശബന്ധം പുലര്‍ത്തുകയും ചെയ്യുക, നബി ﷺ യുടെ തീരുമാനങ്ങളെ (സുന്നത്തിനെ) പുഛിക്കുക, ഇതര ആദര്‍ശങ്ങള്‍ക്ക് പ്രഥമ പരിഗണന നല്‍കുക തുടങ്ങിയ ഗുരുതരമായ വ്യതിയാനങ്ങളെ ക്വുര്‍ആന്‍ കാപട്യത്തിന്റെ ലക്ഷണമായി വിവരിച്ചതു കാണാം.

''അല്ലാഹു അവതരിപ്പിച്ചതിലേക്കും (അവന്റെ) ദൂതനിലേക്കും നിങ്ങള്‍ വരൂ എന്ന് അവരോട് പറയപ്പെട്ടാല്‍ ആ കപടവിശ്വാസികള്‍ നിന്നെവിട്ട് പാടെ പിന്തിരിഞ്ഞു പോകുന്നത് നിനക്കു കാണാം'' (ക്വുര്‍ആന്‍ 4:61).

''ഈ കൂട്ടരെ (മുസ്‌ലിംകളെ) അവരുടെ മതവിശ്വാസം വഞ്ചിച്ചുകളഞ്ഞിരിക്കുന്നു എന്ന് കപടവിശ്വാസികളും മനസ്സില്‍ രോഗമുള്ളവരും പറഞ്ഞുകൊണ്ടിരുന്ന സന്ദര്‍ഭമത്രെ അത്. വല്ലവനും അല്ലാഹുവിന്റെ മേല്‍ ഭരമേല്‍പിക്കുന്ന പക്ഷം തീര്‍ച്ചയായും അല്ലാഹു പ്രതാപിയും യുക്തിമാനുമാകുന്നു'' (ക്വുര്‍ആന്‍ 8:49).

ഇത്തരം ഗുരുതരമായ കാപട്യമുള്ളവര്‍ ഖേദിച്ച് മടങ്ങാത്തപക്ഷം അവരെക്കുറിച്ച് ക്വുര്‍ആന്‍ പറയുന്നത് ഇങ്ങനെയാണ്:

''തീര്‍ച്ചയായും കപടവിശ്വാസികള്‍ നരകത്തിന്റെ അടിത്തട്ടിലാകുന്നു. അവര്‍ക്കൊരു സഹായിയെയും നീ കണ്ടെത്തുന്നതല്ല'' (ക്വുര്‍ആന്‍ 4:145).

''അല്ലാഹുവിന്റെ വചനങ്ങള്‍ നിഷേധിക്കപ്പെടുന്നതും പരിഹസിക്കപ്പെടുന്നതും നിങ്ങള്‍ കേട്ടാല്‍ അത്തരക്കാര്‍ മറ്റുവല്ല വര്‍ത്തമാനത്തിലും പ്രവേശിക്കുന്നത് വരെ നിങ്ങള്‍ അവരോടൊപ്പം ഇരിക്കരുതെന്നും, അങ്ങനെ ഇരിക്കുന്നപക്ഷം നിങ്ങളും അവരെപ്പോലെത്തന്നെ ആയിരിക്കുമെന്നും ഈ ഗ്രന്ഥത്തില്‍ അല്ലാഹു നിങ്ങള്‍ക്ക് അവതരിപ്പിച്ചുതന്നിട്ടുണ്ടല്ലോ. കപടവിശ്വാസികളെയും അവിശ്വാസികളെയും ഒന്നിച്ച് അല്ലാഹു നരകത്തില്‍ ഒരുമിച്ചുകൂട്ടുകതന്നെ ചെയ്യും'' (ക്വുര്‍ആന്‍ 4:140).

തെറ്റുകള്‍ സംഭവിക്കുക എന്നത് സ്വാഭാവികമാണ്. തെറ്റാണെന്ന് ബോധ്യമായാല്‍ യഥാര്‍ഥ വിശ്വാസികള്‍ പശ്ചാത്തപിക്കുകയും തെറ്റില്‍നിന്ന് മാറിനില്‍ക്കുകയും ചെയ്യും. എന്നാല്‍ ചെയ്ത തിന്മയില്‍ ഉറച്ചുനില്‍ക്കുകയും അതില്‍ അഹങ്കരിക്കുകയോ അതിനെ ന്യായീകരിക്കുകയോ ചെയ്യുന്നതും കാപട്യത്തിന്റെ ലക്ഷണമാണ്.

''ചില ആളുകളുണ്ട്; ഐഹികജീവിതകാര്യത്തില്‍ അവരുടെ സംസാരം നിനക്ക് കൗതുകം തോന്നിക്കും. അവരുടെ ഹൃദയശുദ്ധിക്ക് അവര്‍ അല്ലാഹുവെ സാക്ഷിനിര്‍ത്തുകയും ചെയ്യും. വാസ്തവത്തില്‍ അവര്‍ (സത്യത്തിന്റെ) കഠിനവൈരികളത്രെ. അവര്‍ തിരിച്ചുപോയാല്‍ ഭൂമിയില്‍ കുഴപ്പമുണ്ടാക്കാനും വിള നശിപ്പിക്കാനും ജീവനൊടുക്കാനുമായിരിക്കും ശ്രമിക്കുക. നശീകരണം അല്ലാഹു ഇഷ്ടപ്പെടുന്നതല്ല. അല്ലാഹുവെ സൂക്ഷിക്കുക എന്ന് അവരോട് ആരെങ്കിലും പറഞ്ഞാല്‍ ദുരഭിമാനം അവരെ പാപത്തില്‍ പിടിച്ചുനിര്‍ത്തുന്നു. അവര്‍ക്ക് നരകം തന്നെ മതി. അത് എത്ര മോശമായ മെത്ത!'' (ക്വുര്‍ആന്‍ 2:204-206).

ദൃഢമായ വിശ്വാസം നഷ്ടപ്പെടുകവഴി ജീവിതത്തില്‍ സത്യത്തില്‍ ഉറച്ചുനില്‍ക്കാന്‍ കഴിയാത്ത അവസ്ഥയെ ക്വുര്‍ആന്‍ വിവരിക്കുന്നു:

''തീര്‍ച്ചയായും കപടവിശ്വാസികള്‍ അല്ലാഹുവെ വഞ്ചിക്കാന്‍ നോക്കുകയാണ്. യഥാര്‍ഥത്തില്‍ അല്ലാഹു അവരെയാണ് വഞ്ചിക്കുന്നത്. അവര്‍ നമസ്‌കാരത്തിന് നിന്നാല്‍ ഉദാസീനരായിക്കൊണ്ടും ആളുകളെ കാണിക്കാന്‍വേണ്ടിയുമാണ് നില്‍ക്കുന്നത്. കുറച്ചുമാത്രമെ അവര്‍ അല്ലാഹുവെ ഓര്‍മിക്കുകയുള്ളൂ. ഈ കക്ഷിയിലേക്കോ, ആ കക്ഷിയിലേക്കോ ചേരാതെ അതിനിടയില്‍ ആടിക്കൊണ്ടിരിക്കുന്നവരാണവര്‍. വല്ലവനെയും അല്ലാഹു വഴിപിഴപ്പിച്ചാല്‍ അവന്ന് പിന്നെ ഒരു മാര്‍ഗവും നീ കണ്ടെത്തുകയില്ല'' (ക്വുര്‍ആന്‍ 4:142-143).

''കപടവിശ്വാസികളും കപടവിശ്വാസിനികളും എല്ലാം ഒരേതരക്കാരാകുന്നു. അവര്‍ ദുരാചാരം കല്‍പിക്കുകയും സദാചാരത്തില്‍നിന്ന് വിലക്കുകയും തങ്ങളുടെ കൈകള്‍ അവര്‍ പിന്‍വലിക്കുകയും ചെയ്യുന്നു. അവര്‍ അല്ലാഹുവെ മറന്നു. അപ്പോള്‍ അവന്‍ അവരെയും മറന്നു. തീര്‍ച്ചയായും കപടവിശ്വാസികള്‍ തന്നെയാണ് ധിക്കാരികള്‍'' (ക്വുര്‍ആന്‍ 9:67).

കളവുപറയല്‍, വഞ്ചന, വാഗ്ദത്തലംഘനം തുടങ്ങിയ ദുര്‍ഗുണങ്ങള്‍വരെ കാപട്യത്തിന്റെ ലക്ഷണമായി നബി ﷺ  പഠിപ്പിച്ചിട്ടുണ്ട്. നബി ﷺ യുടെ ജീവിതകാലത്തുതന്നെ, മുസ്‌ലിം സമൂഹത്തിന്നിടയില്‍ പൊയ്മുഖത്തോടെ ജീവിക്കുകയും സ്വഹാബികളോടൊപ്പം മസ്ജിദുകളിലും പൊതുകാര്യങ്ങളിലും യുദ്ധമുഖത്തുവരെയും സഹകരിച്ചു എന്നു വരുത്തുകയും ചെയ്ത കപടവിശ്വാസികളുണ്ടായിരുന്നു. നബിലക്കു പോലും വഹ്‌യ് (ദിവ്യബോധനം) മുഖേനയാണ് അവരെ തിരിച്ചറിയാന്‍ കഴിഞ്ഞത്. അതുകൊണ്ട് തന്നെ ജാഗ്രത പാലിക്കേണ്ട സ്വഭാവമാണ് കാപട്യമെന്ന് സ്വഹാബികള്‍ മനസ്സിലാക്കി. കാപട്യത്തില്‍ നിന്ന് അവര്‍ സദാ അല്ലാഹുവോട് രക്ഷതേടാറുണ്ടായിരുന്നു.

(തുടരും)