അവസാനം അവര്‍ ചാലിലകത്തിനെ തേടിയുമെത്തി!

അബ്ദുല്‍ മാലിക് സലഫി

2020 ജനുവരി 04 1441 ജുമാദല്‍ അവ്വല്‍ 09

കേരള മുസ്‌ലിം നവോത്ഥാനത്തിന്റെ നായകന്മാരെ എണ്ണുമ്പോള്‍ പ്രഥമസ്ഥാനത്ത്  കടന്നുവരുന്ന നാമങ്ങളില്‍ ഒന്നാണ് ചാലിലകത്ത് കുഞ്ഞഹമ്മദ് ഹാജി എന്നത്. 1866ല്‍ ജനിച്ച് 1919ല്‍  മരണപ്പെട്ട അദ്ദേഹം കേരളത്തിലെ മുസ്‌ലിം സമൂഹത്തിന് വിദ്യാഭ്യാസപരമായി ദിശാബോധം നല്‍കിയ വലിയ ധിഷണാശാലി തന്നെയായിരുന്നു. വാഴക്കാട്ടുനിന്ന് അദ്ദേഹം കാട്ടിക്കൊടുത്ത വഴിയിലൂടെയാണ് കേരള മുസ്‌ലിം സമൂഹം ഇപ്പോള്‍ സഞ്ചരിച്ചു കൊണ്ടിരിക്കുന്നത്. മത വിഷയങ്ങള്‍ക്കു പുറമെ നിരവധി ഭാഷകളും വിവിധ ശാസ്ത്രജ്ഞാനങ്ങളും തന്റെ വിദ്യാര്‍ഥികള്‍ക്കു പകര്‍ന്നു നല്‍കിയ ചാലിലകത്തിന്റെ വിദ്യാഭ്യാസ കേന്ദ്രം ആധുനിക യൂണിവേഴ്‌സിറ്റികളുടെ ഒരു പഴയ കേരള മോഡല്‍ തന്നെ ആയിരുന്നു. തന്റെ വിദ്യാഭ്യാസ കാഴ്ചപ്പാടുകളോട് സമൂഹത്തില്‍ പലരും എതിര്‍പ്പ് പ്രകടിപ്പിച്ചെങ്കിലും അവയെല്ലാം അതിജീവിച്ച്, ഒരു നല്ല പണ്ഡിതനിരയെ തന്നെ തന്റെ ശിഷ്യന്മാരിലൂടെ മുസ്‌ലിം കൈരളിക്ക് അദ്ദേഹം സംഭാവന ചെയ്തിട്ടുണ്ട്. കേരള മുസ്‌ലിം നവോത്ഥാന നായകന്മാരിലെ പലരും അദ്ദേഹത്തിന്റെ ശിഷ്യന്‍മാരോ ശിഷ്യമാരുടെ ശിഷ്യന്‍മാരോ ആണ്.

 എന്നാല്‍ അദ്ദേഹത്തിന്റെ ജീവിത ചരിത്രവും ആദര്‍ശവും എന്താണെന്നറിയാതെ, ചരിത്രത്തെ വികലമായി മാത്രം വായിക്കാന്‍ പഠിച്ച ചിലര്‍ തങ്ങളുടെ നേതാവായിരുന്നു അദ്ദേഹവും എന്ന് വരുത്തിത്തീര്‍ക്കാനുള്ള ചില കുത്സിതമായ ശ്രമങ്ങള്‍ തുടങ്ങിവച്ചിട്ടുണ്ട്. വക്കം മൗലവിയെയും മക്തി തങ്ങളെയും തങ്ങളുടെ നേതാക്കളാക്കാന്‍ നടത്തിയ ശ്രമം ദയനീയമായി പരാജയപ്പെട്ടപ്പോഴാണ് ഒരു പുതിയ നേതാവിനെത്തേടി ഇറങ്ങിയിരിക്കുന്നത്!

പ്രശസ്തരായ പൂര്‍വികന്മാരുടെ അഭാവം ചരിത്രപരമായ ന്യൂനതയാണെ തിരിച്ചറിവായിരിക്കാം ഈ നേതൃചോരണത്തിന് ഇവരെ പ്രേരിപ്പിക്കുന്നത്!

യഥാര്‍ഥത്തില്‍ കേരളത്തില്‍ ഇന്ന് നിലവിലുള്ള മതസംഘടനകളെല്ലാം നിലവില്‍ വരുന്നതിന് മുമ്പ് ജീവിച്ച ഒരു മഹാനാണ് ചാലിലകത്ത്. എന്നാല്‍ അദ്ദേഹം സമസ്തയുടെ നേതാവായിരുന്നു എന്ന് വരുത്തിത്തീര്‍ക്കാനുള്ള ശ്രമങ്ങളാണ് ചിലരിപ്പോള്‍ നടത്തുന്നത്. തങ്ങളുടെ മുന്‍കാല നേതാക്കന്മാരുടെ കൂട്ടത്തില്‍ മുസ്‌ലിം നവോത്ഥാന രംഗത്ത് കാര്യമായ പങ്കുവഹിച്ചവരോ, ഇന്ത്യന്‍ സ്വാതന്ത്ര്യസമര രംഗത്ത് കാര്യമായി ഇടപെട്ടവരോ ആയ ഒരാളെയും കണ്ടെത്താന്‍ കഴിയാത്തതിന്റെ ജാള്യത മറക്കുവാനും വ്യസനം തീര്‍ക്കുവാനും വേണ്ടിയാവണം കേരള മുസ്‌ലിം നവോത്ഥാന നായകന്മാരെ പലരെയും പോക്കറ്റടിക്കാന്‍ ഇവര്‍ ശ്രമിക്കുന്നത്. ഈ ചോരണത്തിന് അക്കാദമിക് തലത്തില്‍ കൂടി പ്രചാരം ലഭിക്കാന്‍ ചില കൂലിയെഴുത്തുകാരെ നിശ്ചയിച്ച് വികലചരിത്രം നിര്‍മിച്ചെടുക്കുന്ന തിരക്കിലുമാണിവര്‍. എന്നാല്‍ ചരിത്രമറിയുന്നവര്‍ ഇത്തരം പരിശ്രമങ്ങളെ ഏറെ പരിഹാസ്യമായി മാത്രമെ കാണുകയുള്ളൂ.

കേരളത്തില്‍ ഇന്ന് പ്രവര്‍ത്തിച്ചുകൊണ്ടിരിക്കുന്ന സമസ്തയുമായി ചാലിലകത്തിന് യാതൊരു ബന്ധവുമില്ല. മാത്രവുമല്ല, സമസ്ത കേരള ജംഇയ്യത്തുല്‍ ഉലമ മുന്നോട്ടുവെക്കുന്ന ആദര്‍ശ നിലപാടുകളുമായും അദ്ദേഹത്തിന് യാതൊരുവിധ ബന്ധവും ഉണ്ടായിരുന്നില്ല എന്നതാണ് ശരി. സമസ്തയുടെ ആദര്‍ശം എന്താണ് എന്ന് അവര്‍ തന്നെ വ്യക്തമാക്കിയിട്ടുണ്ട്. ഏറെ കുപ്രസിദ്ധമായ അവരുടെ എട്ടാം പ്രമേയം ഒന്ന് വായിച്ചാല്‍ എന്താണ് സമസ്ത കേരള ജംഇയ്യത്തുല്‍ ഉലമ മുന്നോട്ടുവെക്കുന്ന ആദര്‍ശം എന്നുള്ളത് വ്യക്തമായി മനസ്സിലാകും. ചില വരികള്‍ കാണുക:

''കേരളത്തിലെ മുസ്ലിമീങ്ങളില്‍ അനേക കൊല്ലമായി നിരാക്ഷേപമായി നടന്നുവന്നതും ഇപ്പോഴും നടത്തി വരുന്നതുമായ താഴെ വിവരിക്കുന്ന കാര്യങ്ങള്‍ അഹ്‌ലുസ്സുന്നത്തി വല്‍ജമാഅത്തിന്റെ ഉലമാക്കളാല്‍  മതാനുസരണങ്ങളാണെന്ന് സ്ഥിരപ്പെടുത്തപ്പെട്ടവയാണെന്നും ഇവ മതവിരുദ്ധങ്ങളാണെന്നോ അഥവാ ശിര്‍ക്കാണെന്നോ പറയുന്നവര്‍ സുന്നികള്‍ അല്ലെന്നും അവര്‍ ഇമാമത്തിനും ഖത്തീബ് സ്ഥാനത്തിനും കൊള്ളരുതാത്തവര്‍ ആണെന്നും ഈ യോഗം തീരുമാനിക്കുന്നു.

സംഗതികള്‍: ഒന്ന്. മരിച്ചുപോയ അമ്പിയ, ഔലിയ, സ്വാലിഹീന്‍ ഇവരുടെ ദാതുകൊണ്ടും ജാഹ് ഹഖ്  ബര്‍ക്കത്ത് ഇത്യാദികൊണ്ടും തവസ്സുല്‍ (ഇടതേട്ടം) ചെയ്യുന്നതും അവരെ നേരിട്ട് വിളിക്കലും അവരെ വിളിച്ചു സഹായത്തിന് അപേക്ഷിക്കലും അവരുടെ ആസാറുകള്‍ കൊണ്ട് ബര്‍ക്കത്ത് മതിക്കലും...''

ഇതാണ് സമസ്ത മുന്നോട്ടുവെക്കുന്ന ആദര്‍ശങ്ങളില്‍ പ്രധാനപ്പെട്ട വിശ്വാസ കാര്യങ്ങള്‍! ഇതു വിശ്വസിക്കാത്തവര്‍ സുന്നിയല്ലെങ്കില്‍ ചാലിലത്ത്  'സുന്നി' (സമസ്ത) അല്ല എന്നതാണ് യാഥാര്‍ഥ്യം. ഇത്തരത്തിലുള്ള വിശ്വാസങ്ങള്‍ അദ്ദേഹം കൊണ്ടുനടന്നതായി അദ്ദേഹത്തിന്റെ കൃതികളില്‍  എവിടെയും നമുക്ക് വായിച്ചെടുക്കാന്‍ സാധിക്കുന്നില്ല.

എന്നാല്‍ സമസ്തയുടെ മുന്‍ഗാമികളായിരുന്ന പണ്ഡിതന്മാര്‍ ചാലിലകത്തിനെ പല്ലും നഖവുമുപയോഗിച്ച് എതിര്‍ത്തിരുന്നു എന്ന് മാത്രമല്ല, അദ്ദേഹത്തെ വാഴക്കാട്ടു നിന്ന് പുറത്താക്കാന്‍ വേണ്ടി നിരവധി ശ്രമങ്ങള്‍ നടത്തിയിരുന്നു എന്നുള്ളതും ചരിത്രവസ്തുതയാണ്.

 മദ്‌റസാ പരിഷ്‌കരണം ചാലിലകത്ത് ആണ് ആദ്യം കേരളത്തില്‍ കൊണ്ടുവന്നത്. ബോര്‍ഡ് വച്ച് കുട്ടികളെ പഠിപ്പിക്കുന്ന രീതി ചാലിലകത്ത് ആവിഷ്‌കരിച്ചപ്പോള്‍, അതിനെതിരെ നിരവധി ദുരാരോപണങ്ങളാണ് സമസ്തയുടെ ആദ്യകാല നേതാക്കന്മാര്‍ സമൂഹത്തില്‍ പ്രചരിപ്പിച്ചിരുന്നത്. ചോക്കുകൊണ്ട് ക്വുര്‍ആന്‍ എഴുതുമ്പോള്‍  ചോക്കുപൊടി താഴെ വീഴും. അതില്‍ ചവിട്ടല്‍ ക്വുര്‍ആനിനോട് അനാദരവ് കാണിക്കലാണ്. അതിനാല്‍ അങ്ങനെയുള്ള വിദ്യാഭ്യാസ പരിഷ്‌കരണങ്ങള്‍ എതിര്‍ക്കപ്പെടേണ്ടതാണ് എന്നൊക്കെയായിരുന്നു അക്കാലത്ത് സമസ്തയുടെ മുന്‍ഗാമികള്‍ നാടുനീളെ പ്രസംഗിച്ച്  നടന്നിരുന്നത്!

വാഴക്കാട്ട് ചാലിലകത്ത് ആവിഷ്‌കരിച്ച വിദ്യാഭ്യാസ പദ്ധതിയെ തകര്‍ക്കാന്‍ വേണ്ടിയുള്ള പല ശ്രമങ്ങളും നടത്തി പരാജയപ്പെട്ടപ്പോള്‍ പുറത്തുനിന്ന് പല പണ്ഡിതന്മാരെയും കൊണ്ടുവന്ന് അവിടെ നിരീക്ഷകന്മാരായി നിയോഗിച്ചു. എന്നാല്‍ അവര്‍ ഈ പാഠ്യപദ്ധതിയില്‍ യാതൊരു കുഴപ്പവുമില്ല എന്ന് സമൂഹത്തെ അറിയിച്ചപ്പോള്‍ തങ്ങളുടെ ഗൂഢലക്ഷ്യം സാക്ഷാത്കരിക്കാന്‍ കഴിയാതെ നിരാശരാവുകയായിരുന്നു സമസ്തയുടെ മുന്‍ഗാമികള്‍.

പെണ്‍കുട്ടികളെ സ്‌കൂളുകളിലേക്ക് പറഞ്ഞയക്കാന്‍ പാടില്ല എന്ന് പ്രസംഗിക്കുകയും അത് നടപ്പില്‍ വരുത്തുകയും ചെയ്തിരുന്ന ഒരു കാലഘട്ടത്തില്‍ തന്റെ പെണ്‍കുട്ടികളെ സ്‌കൂളുകളിലേക്ക് പറഞ്ഞയച്ച് മാതൃകയാവുകയായിരുന്നു ചാലിലകത്ത്. അടുത്തകാലത്ത് മരണപ്പെട്ടുപോയ, സമസ്തയുടെ നേതാവായിരുന്ന എം.എ ഉസ്താദ് തന്റെ ജീവിത അനുസ്മരണത്തില്‍, തന്റെ ചെറുപ്പ കാലത്ത് പെണ്‍കുട്ടികള്‍ സ്‌കൂളുകളിലേക്ക് പോയിരുന്നില്ല എന്ന് പറയുന്നുണ്ട്. ഇതാണ് സമസ്തക്കാരുടെ ചരിത്രമെങ്കില്‍ ചാലിലകത്തിന്റെ ചരിത്രം മറ്റൊന്നായിരുന്നു എന്നതാണ് നാം കണ്ടത്.

ചാലിലകത്തിനെ വാഴക്കാട്ടുനിന്ന് പുറത്താക്കാന്‍ വേണ്ടി പതിനെട്ടടവും പയറ്റിയ സമസ്തയുടെ മുന്‍കാല നേതാക്കന്മാരുടെ ചരിത്രമറിയാത്ത പിന്‍ഗാമികള്‍ ഇന്ന് അദ്ദേഹത്തെ മഹാനായ നേതാവായി വാഴിക്കാന്‍ ശ്രമിക്കുന്നത് കാണുമ്പോള്‍ സഹതാപം മാത്രമാണ് തോന്നുന്നത്.

പെണ്‍കുട്ടികള്‍ക്കുവേണ്ടി മദ്‌റസതുല്‍ ബനാത്ത് നിര്‍മിച്ചു എന്ന കാരണത്താലാണ് വാഴക്കാടുനിന്ന് അദ്ദേഹത്തെ പുകച്ച് ചാടിച്ചത്. എന്നിട്ട് ഇവരിപ്പോള്‍ എവിടെ മൈക്കുകിട്ടിയാലും മദ്‌റസയുടെ എണ്ണവും വലിപ്പവും കുട്ടികളുടെ എണ്ണവും പറഞ്ഞ് മേനി നടിക്കുകയും ചെയ്യുന്നു! വല്ലാത്ത അത്ഭുതം തന്നെ!

കേരളത്തിലെ വഹാബി പ്രസ്ഥാനത്തിന്റെ നേതാവായി സമസ്തക്കാര്‍ പരിചയപ്പെടുത്തുന്ന മഹാനായ കെ എം. മൗലവി  ചാലിലകത്തിന്റെ പ്രധാന ശിഷ്യനായിരുന്നു. ചാലിലകത്തിന്റെ ഗ്രന്ഥങ്ങളും രചനകളും കത്തുകളും എല്ലാം എഴുതിയിരുന്നത് കെ.എം മൗലവിയായിരുന്നു. അക്കാരണത്താലാണ് 'കാതിബ്' എന്ന അപരനാമം അദ്ദേഹത്തിന് കിട്ടിയത്. പൂര്‍ണ സലഫി ആശയകാരനായ ഒരു വ്യക്തിയെ തന്റെ എഴുത്തുകാരനായി നിയോഗിച്ചതിലൂടെ എന്താണ് ചാലിലകത്ത് സമൂഹത്തിന് നല്‍കുന്ന സന്ദേശം? വഹാബികളെ കണ്ടാല്‍ സലാം പറയല്‍ പോലും മഹാപാതകമായിരുന്ന കാലത്താണിതെന്നോര്‍ക്കണം!

തന്റെ മകളെ കെ.എം മൗലവിക്ക് വിവാഹം ചെയ്തു കൊടുത്തതും ചാലിലകത്ത് തന്നെയായിരുന്നു. ചാലിലകത്തിന്റെ ആണ്‍മക്കളായിരുന്ന എം.സി.സി അബ്ദുറഹ്മാന്‍ മൗലവി, എം.സി.സി അഹ്മദ് മൗലവി, എം.സി .സി ഹസന്‍ മൗലവി എന്നിവര്‍ കേരളത്തിലെ സലഫികളുടെ നേതാക്കളായിരുന്നു എന്നത് ആര്‍ക്കും നിഷേധിക്കാവില്ല. ഇതില്‍ എം.സി.സി അബ്ദുറഹ്മാന്‍ മൗലവിയാണ് ഇന്ന് പുളിക്കലില്‍ പ്രവര്‍ത്തിക്കുന്ന മദീനതുല്‍ ഉലൂം എന്ന, നിരവധി മുജാഹിദ് പണ്ഡിതന്മാരെ വാര്‍ത്തെടുത്ത മഹത്തായ സ്ഥാപനത്തിന്റെ ശില്‍പി.

പെണ്‍കുട്ടികള്‍ക്ക് കയ്യെഴുത്തു പഠിക്കാന്‍ പാടില്ലെന്നും അത് മക്‌റൂഹാണെന്നും പ്രമേയം പാസാക്കിയ സംഘടയായ സമസ്ത അടുത്ത കാലം വരെ സ്വന്തം മദ്‌റസകളില്‍ പെണ്‍കുട്ടികള്‍ക്ക് വാചികമായി മാത്രം പരീക്ഷ നടത്തിയിരുന്നു എന്നത് നിഷേധിക്കാന്‍ കഴിയുമോ? പെണ്‍കുട്ടികള്‍ക്ക് പ്രത്യേകമായി മദ്‌റസതുല്‍ ബനാത്ത് ഉണ്ടാക്കുകയും തന്റെ പെണ്‍മക്കളെ സ്‌കൂളില്‍ വിട്ട് എഴുത്തു പഠിപ്പിക്കുകയും ചെയ്ത ചാലിലകത്തിനെ  നേതാവായി അംഗീകരിക്കുന്നത് കാണുമ്പോള്‍ സഹതാപമാണ് തോന്നുന്നത്. ഇവരുടെ ചരിത്രബോധം എത്ര മേല്‍ പരിഹാസ്യമാണ്!

 ചാലിലകത്തിനെ കൊള്ളുമ്പോള്‍ സ്ത്രീ വിദ്യാഭ്യാസത്തിനെതിരെ കൊട്ടുംകുരവയുമായി ഓടിനടന്ന തങ്ങളുടെ നേതാക്കളെ മുഴുവനും തള്ളുകയാണ് എന്ന ബോധം ഈ പുത്തന്‍  കൂലിയെഴുത്തുകാര്‍ക്ക് ഉണ്ടോ ആവോ?

സലഫിയായിരുന്ന അബുല്‍ കലാം ആസാദിന്റെ 'ഹിലാല്‍' മാസികയുടെ സ്ഥിരം വായനക്കാരനായിരുന്നു ചാലിലകത്ത്. വഹാബികളുടെ ഒരു തുണ്ടം വരി പോലും കയ്യില്‍ കണ്ടാല്‍ 'ഉമ്മത്തില്‍' നിന്നു തന്നെ പുറത്താകുമായിരുന്ന കാലത്താണിതെന്നോര്‍ക്കണം!

ശുദ്ധ മലയാളം പോലും പഠിക്കാന്‍ പാടില്ലാതിരുന്ന കാലത്ത് മലയാളവും അറബിയും ഫാര്‍സിയും ഒക്കെ പഠിപ്പിച്ച ഒരു ധീരനായ പരിഷ്‌കര്‍ത്താവാണ് ചാലിലകത്ത്. 'തസ്ഹീലു അദ്ഹാനില്‍ ഇഖ്‌വാന്‍ ഫീ തഅ്‌ലീമി സബാനേ ഹിന്ദുസ്ഥാന്‍' എന്ന കൃതി ഈ ലക്ഷ്യത്തിനു വേണ്ടി അദ്ദേഹം രചിച്ചതാണ്.

അതുകൊണ്ട് ചരിത്രത്തെ വ്യാകരണപ്പിശകില്ലാതെ വായിക്കാന്‍ സമസ്തക്കാര്‍ പഠിക്കേണ്ടതുണ്ട്. ചരിത്രത്തെ വികലമാക്കി ഒരു അസത്യം സ്ഥാപിക്കണമെങ്കില്‍ ദശക്കണക്കിന് ചരിത്ര സത്യങ്ങളെ ഇല്ലായ്മ ചെയ്യേണ്ടിവരും. അതിനാല്‍ ചാലിലകത്തിനെ ചാക്കിട്ടു പിടിക്കാന്‍ കണ്ടുവച്ച ചാക്ക് തല്‍ക്കാലം മൂലയില്‍ തന്നെ കിടന്നോട്ടെ!