പരിശുദ്ധ ക്വുര്‍ആനിലെ ഉപമാലങ്കാരങ്ങളിലൂടെ

ഡോ: ഹാഫിസ് ജലാലുല്‍ഹഖ് സലഫി, ആമയൂര്‍

2020 ഒക്ടോബര്‍ 24 1442 റബിഉല്‍ അവ്വല്‍ 06

(ഭാഗം: 3)

നല്ലവാക്കിന്റെ ഉപമ

വിശിഷ്ടമായ വാക്കിനെയും ദുഷിച്ച വാക്കിനെയും അല്ലാഹു ഉപമിച്ചിരിക്കുന്നത് കാണുക:

''അല്ലാഹു നല്ല വചനത്തിന് എങ്ങനെയാണ് ഉപമ നല്‍കിയിരിക്കുന്നത് എന്ന് നീ കണ്ടില്ലേ? (അത്) ഒരു നല്ല മരംപോലെയാകുന്നു. അതിന്റെ മുരട് ഉറച്ചുനില്‍ക്കുന്നതും അതിന്റെ ശാഖകള്‍ ആകാശത്തേക്ക് ഉയര്‍ന്നുനില്‍ക്കുന്നതുമാകുന്നു. അതിന്റെ രക്ഷിതാവിന്റെ ഉത്തരവനുസരിച്ച് അത് എല്ലാ കാലത്തും അതിന്റെ ഫലം നല്‍കിക്കൊണ്ടിരിക്കും. മനുഷ്യര്‍ക്ക് അവര്‍ ആലോചിച്ചു മനസ്സിലാക്കുന്നതിനായി അല്ലാഹു ഉപമകള്‍ വിവരിച്ചുകൊടുക്കുന്നു'' (ക്വുര്‍ആന്‍ 14:24,25).

''ദുഷിച്ച വചനത്തെ ഉപമിക്കാവുന്നതാകട്ടെ, ഒരു ദുഷിച്ച വൃക്ഷത്തോടാകുന്നു. ഭൂതലത്തില്‍നിന്ന് അത് പിഴുതെടുക്കപ്പെട്ടിരിക്കുന്നു. അതിന്ന് യാതൊരു നിലനില്‍പുമില്ല. ഐഹികജീവിതത്തിലും പരലോകത്തും സുസ്ഥിരമായ വാക്കുകൊണ്ട് സത്യവിശ്വാസികളെ അല്ലാഹു ഉറപ്പിച്ച് നിര്‍ത്തുന്നതാണ്. അക്രമകാരികളെ അല്ലാഹു ദുര്‍മാര്‍ഗത്തിലാക്കുകയും ചെയ്യും...'' (ക്വുര്‍ആന്‍ 14:26-27).

ഏറ്റവും നല്ല വാക്ക് 'ലാഇലാഹ ഇല്ലല്ലാഹു'(ആരാധനക്കര്‍ഹനായി അല്ലാഹുവല്ലാതെ മറ്റാരുമില്ല)വാണ്. അത് സ്വര്‍ഗത്തിന്റെ താക്കോലാണ്. അതിന്റെ ആശയം അറിയുകയും മരണംവരെ അതിനനുസരിച്ച് ജീവിതം ക്രമപ്പെടുത്തുകയും വേണം. എങ്കില്‍ അത് സ്വര്‍ഗപ്രവേശനത്തിന് കാരണമായിത്തീരും.

ഇവിടെ ഏറ്റവും നല്ല വാക്കിനെ അല്ലാഹു ഉപമിച്ചിരിക്കുന്നത് ഏറ്റവും നല്ല വൃക്ഷത്തോടാണ്. സത്യവിശ്വാസവും അവിശ്വാസവും തമ്മിലുള്ള താരതമ്യമാണ് ഇവിടെ കാണാന്‍ കഴിയുന്നത്. സത്യവിശ്വാസിയുടെ പ്രത്യേകതയും സവിശേഷതയും അവിശ്വാസിയുടെ പ്രത്യേകതയും ഈ ഉപമയിലൂടെ അല്ലാഹു നമ്മെ പഠിപ്പിക്കുകയാണ്.

വേരുകള്‍ ആഴ്ന്നിറങ്ങിയ, ശക്തമായ കാറ്റടിച്ചാലും വീഴാതെ ഭൂമിയില്‍ ഉറച്ചുനില്‍ക്കുന്ന ഒരു വൃക്ഷം; അതിന്റെ ശാഖകളാകട്ടെ അന്തരീക്ഷത്തില്‍ പടര്‍ന്നുപന്തലിച്ച് നില്‍ക്കുന്നു. പറവകള്‍ക്കും മനുഷ്യര്‍ക്കും മറ്റു ജീവികള്‍ക്കുമെല്ലാം അത് എക്കാലവും തണലും ഫലങ്ങളും നല്‍കിക്കൊണ്ടിരിക്കുന്നു. ഉപകാരമേ അതില്‍നിന്ന് എല്ലാവര്‍ക്കും ലഭിക്കുന്നുള്ളൂ.

മറ്റൊരു വൃക്ഷമുണ്ട്; അതിന്റെ വേരുകള്‍ ഭൂമിയുടെ മുകള്‍ ഭാഗത്തുമാത്രം പറ്റിപ്പിടിച്ച് നില്‍ക്കുന്നു. ചെറിയ കാറ്റില്‍ തന്നെ അത് മറിഞ്ഞുവീണേക്കാം. അല്ലെങ്കില്‍ അത് പിഴുതെടുക്കപ്പെട്ടിരിക്കുന്നു. അതിലെ ഫലങ്ങളാകട്ടെ ഭക്ഷ്യയോഗ്യമല്ലാത്തതുമാണ്. അപ്പോള്‍ അതില്‍നിന്ന് ആര്‍ക്ക്, എന്ത് ഉപകാരം ലഭിക്കാനാണ്?

സത്യവിശ്വാസവും അവിശ്വാസവും തമ്മിലും, സത്യവിശ്വാസിയും അവിശ്വാസിയും തമ്മിലുമുളള ഒരു താരതമ്യമാണ് ഈ ഉപമകളില്‍ പ്രധാനമായും അടങ്ങിയിരിക്കുന്നത്. അതായത്, സത്യവിശ്വാസിയുടെ വിശ്വാസം അചഞ്ചലവും സ്ഥിരപ്രതിഷ്ഠിതവുമായിരിക്കും. അവന്റെ പ്രവൃത്തികള്‍ അതിനു സാക്ഷ്യംവഹിക്കുകയും ചെയ്യും. അവന്റെ കര്‍മങ്ങള്‍ അല്ലാഹുവിങ്കല്‍ സ്വീകാര്യമായതും ഇടമുറിയാതെ തുടര്‍ന്നുകൊണ്ടിരിക്കുന്നതുമായിരിക്കും. അവിശ്വാസിയുടെ അവിശ്വാസമാകട്ടെ, അടിയുറപ്പില്ലാത്തതും കര്‍മങ്ങള്‍ ദുഷിച്ചതും ഉപയോഗ്യശൂന്യവുമായിരിക്കും എന്നു ചുരുക്കം.

നല്ല വാക്കുകളും സല്‍കര്‍മങ്ങളും മുകളിലേക്ക് ഉയര്‍ന്നുപോകുന്നു. ക്വുര്‍ആന്‍ അക്കാര്യം വ്യക്തമാക്കുന്നു: ''ആരെങ്കിലും പ്രതാപം ആഗ്രഹിക്കുന്നുവെങ്കില്‍ പ്രതാപമെല്ലാം അല്ലാഹുവിന്റെ അധീനത്തിലാകുന്നു. അവങ്കലേക്കാണ് ഉത്തമ വചനങ്ങള്‍ കയറിപ്പോകുന്നത്. നല്ല പ്രവര്‍ത്തനത്തെ അവന്‍ ഉയര്‍ത്തുകയും ചെയ്യുന്നു. ദുഷിച്ച തന്ത്രങ്ങള്‍ പ്രയോഗിക്കുന്നതാരോ അവര്‍ക്ക് കഠിനശിക്ഷയുണ്ട്. അത്തരക്കാരുടെ തന്ത്രം നാശമടയുക തന്നെ ചെയ്യും'' (ക്വുര്‍ആന്‍ 35:10).

ഉത്തമമായ വചനങ്ങള്‍ അല്ലാഹുവിന്റെ സന്നിധിയിലേക്കാണ്, അല്ലെങ്കില്‍ അവന്റെ രേഖയിലേക്കാണ് എത്തിച്ചേരുന്നത്. അതിനുമാത്രമെ നിലനില്‍പുള്ളൂ. ബുദ്ധിയുള്ളവര്‍ സ്വീകരിക്കേണ്ടത് എന്നും നിലനില്‍ക്കുന്നതിനെയാണ്. അതാണ് ശാശ്വതവിജയം.

ചുരുക്കത്തില്‍, നല്ലവചനം എന്നത് ഒരവസരത്തിലും മറിഞ്ഞുവീഴാത്ത, ശാഖകള്‍ പടര്‍ന്നുപന്തലിച്ച് നില്‍ക്കുന്ന, ഏതവസരത്തിലും പഴങ്ങള്‍ നല്‍കുന്ന ഒരു നല്ലവൃക്ഷം പോലെയാണ്. ഏതു പരീക്ഷണ ഘട്ടങ്ങളിലും പതറിപ്പോകാതെ, അചഞ്ചലമായി നിലനില്‍ക്കാന്‍ സത്യസാക്ഷ്യം സത്യവിശ്വാസികളെ സഹായിക്കുമെന്നര്‍ഥം.

വിശ്വാസികള്‍ക്ക് ഉദാഹരണം രണ്ടു മഹിളകള്‍

അല്ലാഹുവില്‍ അചഞ്ചലമായി വിശ്വസിച്ച, ജീവിതത്തില്‍ വലിയ ത്യാഗങ്ങള്‍ ചെയ്ത രണ്ടു മഹതികളെക്കുറിച്ച് ക്വുര്‍ആന്‍ പറയുന്നുണ്ട്. ഒന്ന് ഫിര്‍ഔന്റെ ഭാര്യ ആസിയ(റ)യും മറ്റൊന്ന് ഇംറാന്റെ മകള്‍ മര്‍യം ബീവി(റ)യും.

''സത്യവിശ്വാസികള്‍ക്ക് ഒരു ഉപമയായി അല്ലാഹു ഫിര്‍ഔന്റെ ഭാര്യയെ എടുത്തുകാണിച്ചിരിക്കുന്നു. അവള്‍ പറഞ്ഞ സന്ദര്‍ഭം: എന്റെ രക്ഷിതാവേ, എനിക്കു നീ നിന്റെ അടുക്കല്‍ സ്വര്‍ഗത്തില്‍ ഒരു ഭവനം ഉണ്ടാക്കിത്തരേണമേ. ഫിര്‍ഔനില്‍നിന്നും അവന്റെ പ്രവര്‍ത്തനത്തില്‍നിന്നും എന്നെ നീ രക്ഷിക്കേണമേ. അക്രമികളായ ജനങ്ങളില്‍നിന്നും എന്നെ നീ രക്ഷിക്കുകയും ചെയ്യേണമേ'' (ക്വുര്‍ആന്‍ 66:11).

''തന്റെ ഗുഹ്യസ്ഥാനം കാത്തുസൂക്ഷിച്ച ഇംറാന്റെ മകളായ മര്‍യമിനെയും (ഉപമയായി എടുത്ത് കാണിച്ചിരിക്കുന്നു). അപ്പോള്‍ നമ്മുടെ ആത്മചൈതന്യത്തില്‍നിന്നു നാം അതില്‍ ഊതുകയുണ്ടായി. തന്റെ രക്ഷിതാവിന്റെ വചനങ്ങളിലും ഗ്രന്ഥങ്ങളിലും അവള്‍ വിശ്വസിക്കുകയും അവള്‍ ഭയഭക്തിയുള്ളവരുടെ കൂട്ടത്തിലാവുകയും ചെയ്തു'' (ക്വുര്‍ആന്‍ 66:12).

സത്യവിശ്വാസികള്‍ക്ക് ഉദാഹരണമായി രണ്ടു വനിതകളെയാണ് അല്ലാഹു എടുത്തുപറയുന്നത് എന്ന കാര്യം പ്രത്യേകം പ്രസ്താവ്യമാണ്.

ഏറ്റവും വലിയ സത്യനിഷേധിയും ദൈവധിക്കാരിയുമായ ഫിര്‍ഔന്റെ ഭാര്യ അന്ത്യനാള്‍വരെയുള്ള സത്യവിശ്വാസികള്‍ക്ക് മാതൃകയാണെന്ന് അല്ലാഹു നമ്മെ അറിയിക്കുന്നതില്‍ നമുക്കേറെ പഠിക്കാനുണ്ട്.  സത്യനിഷേധിയുടെ ഭാര്യയായി എന്നതുകൊണ്ട് അവരുടെ സത്യവിശ്വാസത്തിന് ഒരു പോറലും സംഭവിച്ചില്ല. മര്‍ദനങ്ങള്‍ അവരുടെ വിശ്വാസത്തിന് മാറ്റുകൂട്ടുകയാണുണ്ടായത്. ആര്‍ സത്യവിശ്വാസം സ്വീകരിച്ചുവോ അവര്‍ സുരക്ഷിതരായി. ലൂത്വ് നബിൗയുടെയും നൂഹ് നബിൗയുടെയും ഭാര്യമാര്‍ സത്യനിഷേധികളായി എന്ന കാരണത്താല്‍ നരകാവകാശികളായി എന്ന് ഈ വചനങ്ങള്‍ക്കു തൊട്ടുമുമ്പില്‍ പറയുന്നുണ്ട്. അവരെ സത്യനിഷേധികള്‍ക്ക് ഉദാരണമായിട്ടാണ് അല്ലാഹു നമ്മെ പരിചയപ്പെടുത്തുന്നത്. ബന്ധത്തിന്റെ പേരിലല്ല വിശ്വാസത്തിന്റെ പേരിലാണ് അല്ലാഹു ആരെയും പരിഗണിക്കുക എന്ന് വ്യക്തം.

ഈസാ നബിൗയുടെ മാതാവായ മര്‍യംൗ സദ്‌വൃത്തയും ചാരിത്രം കാത്തുസൂക്ഷിക്കുകയും അല്ലാഹുവിന്റെ വിധിവിലക്കുകള്‍ക്കനുസൃതമായി ജീവിതം പാകപ്പെടുത്തുകയും ചെയ്തവരാണ്. അക്കാരണത്താല്‍ അല്ലാഹുവിന്റെ വമ്പിച്ച അനുഗ്രഹങ്ങള്‍ കരസ്ഥമാക്കാന്‍ അവര്‍ക്ക് സാധിക്കുകയും ചെയ്തു. അവരെയും സത്യവിശ്വാസികള്‍ക്ക് ഉദാഹരണമായി അല്ലാഹു എടുത്തുപറയുന്നു.

ലോകാവസാനം വരെയുള്ള മുഴുവന്‍ സത്യവിശ്വാസികളും സത്യവിശ്വാസിനികളും ഈ മഹതികളുടെ ദൃഢവിശ്വാസം മാതൃകയാക്കണമെന്ന് അല്ലാഹു ഉണര്‍ത്തുകയാണ്.

ഈ ഉദാഹരണങ്ങള്‍ വിവാഹ ബന്ധവുമായി ബന്ധപ്പെടുത്തികൊണ്ടാണ് അല്ലാഹു പറഞ്ഞുതരുന്നത്. ഇതില്‍ നാം പ്രത്യേകമായും ശ്രദ്ധിക്കേണ്ട മൂന്ന് കാര്യങ്ങള്‍ കാണാം. ഒന്ന്: നൂഹ്ൗ, ലൂത്ത്ൗ എന്നിവര്‍ പ്രവാചകന്മാരും ഭര്‍ത്താക്കന്മാരുമാണ് എന്നതുകൊണ്ട് അവരുടെ സത്യനിഷേധികളായ ഭാര്യമാര്‍ക്ക് യാതൊരു ഉപകാരവും ചെയ്യാന്‍ അവര്‍ക്ക്സാധിച്ചില്ല. രണ്ട്: ഫിര്‍ഔന്‍ ഏറ്റവും വലിയ സത്യനിഷേധിയായി എന്നതിനാല്‍ ഭാര്യയായ ആസിയ ബീവിയുടെ വിശ്വാസത്തിന് ഒരു കോട്ടവും സംഭവിച്ചില്ല. മൂന്ന്: ഭര്‍ത്താവില്ല എന്നതിനാല്‍ മര്‍യം ബീവിക്ക് ഒരു ന്യൂനതയും സംഭവിച്ചില്ല.

സത്യവിശ്വാസവും സല്‍കര്‍മങ്ങളും മാത്രമാണ് രക്ഷാമാര്‍ഗം. പ്രവാചകന്മാരുടെ അടുത്തവരും ബന്ധുക്കളുമായി എന്നതുകൊണ്ടൊന്നും ഒരു പ്രയോജനവും ഇല്ല, അല്ലാഹുവിന്റെ ശിക്ഷയില്‍നിന്നും രക്ഷപ്പെടണമെങ്കില്‍ ഓരോരുത്തരും അവനവന്റെ വിശ്വാസവും പ്രവര്‍ത്തനങ്ങളും നന്നാക്കണമെന്നു സാരം.

ക്വുര്‍ആനില്‍നിന്ന് തിരിഞ്ഞുകളയുന്നവരുടെ ഉപമ

പരിശുദ്ധ ക്വുര്‍ആന്‍ അല്ലാഹുവിന്റെ വചനമാണ്. ലോകത്തുള്ള എല്ലാ വചനങ്ങളെക്കാളും അത് ശ്രേഷ്ഠമാണ്. നമ്മുടെ നാവ് ഉച്ചരിക്കുന്നതില്‍വച്ച് ഏറ്റവും ശ്രേഷ്ഠം ക്വുര്‍ആന്‍ പാരായണവും അതിന്റെ പഠനവും പഠിപ്പിക്കലുമാണ്. അതിനാല്‍ ക്വുര്‍ആന്‍ പാരായണത്തോട് നാം ഒരിക്കലും വിമുഖതകാണിക്കരുത്. ക്വുര്‍ആന്‍ പാരായണത്തിനും പഠനത്തിനും നാം സമയം കണ്ടെത്തുകതന്നെ വേണം.

ക്വുര്‍ആനിനെ വ്യാജമാക്കുകയും അംഗീകരിക്കാതിരിക്കുകയും അതില്‍നിന്ന് തിരിഞ്ഞുകളയുകയും ചെയ്ത ആളുകളെ സംബന്ധിച്ച് അല്ലാഹു പറയുന്നു:

''എന്നിരിക്കെ അവര്‍ക്കെന്തു പറ്റി? അവര്‍ ഉല്‍ബോധനത്തില്‍നിന്ന് തിരിഞ്ഞുകളയുന്നവരായിരിക്കുന്നു. അവര്‍ വിറളി പിടിച്ച കഴുതകളെപ്പോലിരിക്കുന്നു. സിംഹത്തില്‍നിന്ന് ഓടിരക്ഷപ്പെടുന്ന (കഴുതകള്‍)'' (74:49-51).

ക്വുര്‍ആന്‍ പാരായണം ചെയ്യുന്നത് കേട്ടാല്‍, ക്വുര്‍ആനിലെ ഉപദേശങ്ങളിലേക്കും നിര്‍ദേശങ്ങളിലേക്കും ക്ഷണിക്കപ്പെട്ടാല്‍ ചിലരില്‍ പ്രകടമാകുന്ന അവസ്ഥ എന്താണ് എന്നാണ് ക്വുര്‍ആന്‍ വ്യക്കമാക്കുന്നത്. വേട്ടയാടിപ്പിടിക്കാന്‍ വന്ന സിംഹങ്ങളെ കണ്ട് പേടിച്ച് വിവിധ ഭാഗങ്ങളിലേക്ക് ചിന്നിച്ചിതറിയോടുന്ന കാട്ടുകഴുതകളെ പോലെയാണവര്‍. പേടിപ്പെടുത്തുന്ന എന്തോ കണ്ടപോലെയാണവര്‍ വിറളിപിടിച്ച് ഓടിയകലുന്നത്. വാസ്തവത്തില്‍ ക്വുര്‍ആന്‍ അവരെ വിളിക്കുന്നത് ശാശ്വത രക്ഷയിലേക്കാണ്എന്ന കാര്യം അവര്‍ മനസ്സിലാക്കുന്നില്ല.  

അല്ലാഹുവിനെപ്പറ്റിയും ക്വുര്‍ആനിനെക്കുറിച്ചും പറയപ്പെട്ടാല്‍ വിശ്വാസിയുടെ പ്രതികരണം എപ്രകാരമായിരിക്കുമെന്നും ക്വുര്‍ആന്‍ പറയുന്നുണ്ട്:

''അല്ലാഹുവെപ്പറ്റി പറയപ്പെട്ടാല്‍ ഹൃദയങ്ങള്‍ പേടിച്ച് നടുങ്ങുകയും, അവന്റെ ദൃഷ്ടാന്തങ്ങള്‍ വായിച്ചുകേള്‍പിക്കപ്പെട്ടാല്‍ വിശ്വാസം വര്‍ധിക്കുകയും, തങ്ങളുടെ രക്ഷിതാവിന്റെമേല്‍ ഭരമേല്‍പിക്കുകയും ചെയ്യുന്നവര്‍ മാത്രമാണ്‌സത്യവിശ്വാസികള്‍'' (ക്വുര്‍ആന്‍ 8:2).

''തീര്‍ച്ചയായും തങ്ങളുടെ രക്ഷിതാവിനെപ്പറ്റിയുള്ള ഭയത്താല്‍ നടുങ്ങുന്നവര്‍'' (ക്വുര്‍ആന്‍ 23:57).

ഇപ്പറഞ്ഞ വിഭാഗത്തില്‍ ഉള്‍പ്പെടുവാനാണ് അല്ലാഹു കല്‍പിക്കുന്നത്.  അവര്‍ക്കാണ് ഈ ലോകത്തും പരലോകത്തും സമാധാനവും വിജയവും ഉണ്ടായിരിക്കുക.

ഗ്രന്ഥങ്ങള്‍ ചുമക്കുന്ന കഴുതകള്‍

അറിവും സത്യസന്ധമായ കര്‍മവും വളരെ പ്രധാനമാണല്ലോ. നമ്മുടെ അറിവിനനുസരിച്ച് പ്രവര്‍ത്തിക്കുന്നില്ലെങ്കില്‍ തീര്‍ച്ചയായും അത് അല്ലാഹുവിന്റെയും റസൂലിന്റെയും സത്യവിശ്വാസികളുടെയും ആക്ഷേപത്തിന് വിധേയമാണ്. പ്രവര്‍ത്തിക്കാത്തത് പറയുന്നവരുണ്ട്. മതപരമായ വിഷയങ്ങളെ പരിഹസിക്കുകയും വിലകുറച്ച് കാണുകയും ചെയ്യുന്നവരുണ്ട്. മറച്ചുവെക്കുന്നവരുണ്ട്, ചിന്തിക്കാത്തവരുണ്ട്.

തൗറാത്ത് എന്ന വേദഗ്രന്ഥം യഹൂദികള്‍ക്ക് ഇറക്കപ്പെട്ടതാണ്. എന്നാല്‍ അവര്‍ അതിനെ ഉള്‍ക്കൊള്ളേണ്ടതുപോലെ ഉള്‍ക്കൊണ്ടില്ല. അതിലെ നിയമങ്ങള്‍ പാലിക്കുവാന്‍ തയ്യാറായില്ല. അവരെ അല്ലാഹു ഉപമിക്കുന്നത് കാണുക:

''തൗറാത്ത് സ്വീകരിക്കാന്‍ ചുമതല ഏല്‍പിക്കപ്പെടുകയും, എന്നിട്ട് അത് ഏറ്റെടുക്കാതിരിക്കുകയും ചെയ്തവരുടെ (യഹൂദരുടെ) ഉദാഹരണം ഗ്രന്ഥങ്ങള്‍ ചുമക്കുന്ന കഴുതയുടേത് പോലെയാകുന്നു. അല്ലാഹുവിന്റെ ദൃഷ്ടാന്തങ്ങള്‍ നിഷേധിച്ചുകളഞ്ഞ ജനങ്ങളുടെ ഉപമ എത്രയോ ചീത്ത! അക്രമികളായ ജനങ്ങളെ അല്ലാഹു സന്മാര്‍ഗത്തിലാക്കുകയില്ല'' (ക്വുര്‍ആന്‍ 62:5).

തന്റെ പുറത്തിരിക്കുന്ന ഗ്രന്ഥങ്ങൡലടങ്ങിയിരിക്കുന്ന അറിവിന്റെ ആഴവും പരപ്പുമൊന്നും അത് വഹിക്കുന്ന കഴുതയ്ക്ക് അറിയില്ലല്ലോ. ഉപ്പുചാക്കാണെങ്കിലും ഗ്രന്ഥക്കെട്ടാണെങ്കിലും കഴുതക്ക് സമംതന്നെ. ഇപ്രകാരം തന്നെയാണ് തൗറാത്തിന്റെ അനുയായികളായ യഹൂദരുടെയും അവസ്ഥ. അവര്‍ അതിലെ നിയമങ്ങളൊന്നും അനുസരിക്കാന്‍ തയ്യാറായില്ല. അതിന്റെ ഉള്ളടക്കമെന്താണെന്നും അവരറിയുന്നില്ല. പുരോഹിതന്മാര്‍ പറയുന്നത് മാത്രമാണ് അവരുടെ മതം.

മനുഷ്യര്‍ വിശേഷ ബുദ്ധിയുള്ളവരാണ്. മൃഗങ്ങള്‍ അങ്ങനെയല്ല. അതിനാല്‍ അവയ്ക്ക് നന്മയും തിന്മയും എന്തെന്നറിയില്ല. ധാര്‍മികത എന്തെന്നും അവയ്ക്കറിയില്ല. അവയ്ക്ക് ചിന്താശേഷിയുമില്ല. എന്നാല്‍ ചിന്താശേഷിയുള്ള മനുഷ്യര്‍ അത് ഉപയോഗിക്കുന്നില്ലെങ്കിലോ? അവര്‍ മൃഗസമാനമാണ്. അല്ലാഹു പറയുന്നു:

''ജിന്നുകളില്‍ നിന്നും മനുഷ്യരില്‍ നിന്നും ധാരാളംപേരെ നാം നരകത്തിന് വേണ്ടി സൃഷ്ടിച്ചിട്ടുണ്ട്. അവര്‍ക്ക് മനസ്സുകളുണ്ട്. അതുപയോഗിച്ച് അവര്‍ കാര്യം ഗ്രഹിക്കുകയില്ല. അവര്‍ക്കു കണ്ണുകളുണ്ട്. അതുപയോഗിച്ച് അവര്‍ കണ്ടറിയുകയില്ല. അവര്‍ക്ക് കാതുകളുണ്ട്. അതുപയോഗിച്ച് അവര്‍ കേട്ടു മനസ്സിലാക്കുകയില്ല. അവര്‍ കാലികളെപ്പോലെയാകുന്നു. അല്ല; അവരാണ് കൂടുതല്‍ പിഴച്ചവര്‍. അവര്‍ തന്നെയാണ് ശ്രദ്ധയില്ലാത്തവര്‍'' (ക്വുര്‍ആന്‍ 7:179).

ഇവര്‍ ഐഹികസുഖം മാത്രം കൊതിക്കുന്നവരാണ്. ഭൗതികതയുടെ അലങ്കാരങ്ങളില്‍ ഭ്രമിച്ചുപോയവരാണവര്‍. ഇത്തരം സ്വഭാവമുള്ളവരെക്കുറിച്ച് അല്ലാഹു ക്വുര്‍ആനില്‍ മറ്റൊരിടത്തു പറഞ്ഞത് കാണുക:

''...സത്യനിഷേധികളാകട്ടെ (ഇഹലോകത്ത്) സുഖമനുഭവിക്കുകയും നാല്‍കാലികള്‍ തിന്നുന്നത് പോലെ തിന്നുകൊണ്ടിരിക്കുകയും ചെയ്യുന്നു. നരകമാണ്  അവര്‍ക്കുള്ള വാസസ്ഥലം'' (ക്വുര്‍ആന്‍ 47:12).

ഗ്രന്ഥം വഹിക്കുന്ന കഴുത എന്ന ഉപമ യഹൂദര്‍ക്ക് മാത്രം ബാധകമല്ലെന്നറിയുക. ക്വുര്‍ആനിന്റെ അനുയായികളെന്ന് മേനിനടിക്കുകയും എന്നാല്‍ അതിന്റെ ഉള്ളടക്കം മനസ്സിലാക്കാനോ, മനസ്സിലാക്കിയത് ജീവിതത്തില്‍ പകര്‍ത്താനോ ശ്രമിക്കാത്തവര്‍ക്കും ഈ ഉപമ ചേരുമല്ലോ.