ഇസ്‌ലാമിന്റെ സവിശേഷതകള്‍

മുഹമ്മദ് സ്വാദിഖ് മദീനി

2020 ജൂണ്‍ 27 1441 ദുല്‍ക്വഅദ് 06

മനുഷ്യന്‍ ഒരു സാമൂഹ്യജീവിയാണ്. വിവിധ ഭാഷകൡലും ആചാരമര്യാദകളിലും ജീവിക്കുന്ന അവര്‍ പലരൂപത്തില്‍ പരസ്പരം ബന്ധപ്പെട്ടിരിക്കുന്നു. വ്യക്തികളും കുടുംബങ്ങളും ഉള്‍ക്കൊള്ളുന്ന സമൂഹത്തിന്റെ ശാന്തമായ പ്രയാണത്തിന് നിയമങ്ങളും മാര്‍ഗരേഖകളും അനിവാര്യമാണ്. അവ പാലിക്കപ്പെടുമ്പോഴാണ് ശക്തവും സംഘടിതവുമായ ഒരു ജനത രൂപപ്പെടുന്നത്.

മനുഷ്യരാല്‍ ഉണ്ടാക്കപ്പെട്ട നിയമങ്ങള്‍ സര്‍വരാലും സുസമ്മതമായിത്തീരുകയോ സാര്‍വകാലികവും സാര്‍വജനീനവുമായി അംഗീകരിക്കപ്പെടുകയോ ചെയ്യുന്നില്ല. ഇന്നലെകളില്‍ സുന്ദരമായി അംഗീകരിക്കപ്പെട്ടിരുന്ന തത്ത്വങ്ങള്‍ പലതും ഇന്ന് ചരിത്രാവശിഷ്ടമായിത്തീരുന്നത് നാം കാണുന്നു.

മനുഷ്യേന്ദ്രിയങ്ങള്‍ക്ക് പരിധിയും പരിമിതിയും ഉണ്ട് എന്ന യാഥാര്‍ഥ്യം അംഗീകരിക്കുന്നതോടൊപ്പം മനുഷ്യബുദ്ധിയുടെ അതിരുകളും ഇത് നമ്മെ അറിയിക്കുന്നു. ചിലര്‍ക്ക് സദാചാരമായിത്തീരുന്നത് മറ്റു ചിലര്‍ക്ക് ദുരാചാരമായി കാണേണ്ടിവരുന്നു. ചില ദേശക്കാര്‍ക്ക് അനുകൂലമായ കാര്യങ്ങള്‍ മറ്റുചിലര്‍ക്ക് പ്രതികൂലമായിത്തീരുന്നു. കഴിഞ്ഞകാല നിയമസംഹിതകള്‍ ഇന്ന് പലപ്പോഴും അരോചകമായി നമുക്ക് തോന്നുന്നു. മനുഷ്യബുദ്ധിക്ക് എത്രതന്നെ വികാസം സംഭവിച്ചാലും ഇത്തരം പരിമിതികളില്‍ നിന്നും പുറത്തുപോകാനാവില്ല. എങ്കില്‍ സ്ഥലകാലങ്ങള്‍ക്ക് അതീതമായവന്റെ ആജ്ഞാനിര്‍ദേശങ്ങള്‍ അനിവാര്യമാണെന്ന് നാം അംഗീകരിക്കേണ്ടി വരുന്നു.

മനുഷ്യോല്‍പത്തിയെ സംബന്ധിച്ച് മനുഷ്യന്‍ മെനഞ്ഞെടുത്ത ഡാര്‍വിന്‍ സിദ്ധാന്തം ഇന്ന് ബഹിഷ്‌കരിക്കപ്പെട്ടിരിക്കുന്നു. ആദമിന്റെയും ഹവ്വായുടെയും സന്താനപരമ്പരകളാണ് ഭൂമുഖത്ത് ജീവിക്കുന്നത് എന്ന മതസിദ്ധാന്തമാണ് ശരിയായ ചിന്ത. സ്വര്‍ഗത്തില്‍ നിന്നും ഭൂമിയിലേക്ക് അവരെ പറഞ്ഞയക്കുമ്പോള്‍ തങ്ങളുടെ മുന്‍തറവാട്ടിലേക്ക് തന്നെ എത്തിച്ചേരണമെങ്കില്‍ അല്ലാഹുവില്‍ നിന്നുള്ള മാര്‍ഗദര്‍ശനം സ്വീകരിക്കേണ്ടതുണ്ട് എന്ന് അല്ലാഹു അവരെ അറിയിച്ചിരുന്നു. അല്ലാഹു പറയുന്നു:

''നാം പറഞ്ഞു: നിങ്ങളെല്ലാവരും അവിടെ നിന്ന് ഇറങ്ങിപ്പോകുക. എന്നിട്ട് എന്റെ പക്കല്‍ നിന്നുള്ള മാര്‍ഗദര്‍ശനം നിങ്ങള്‍ക്ക് വന്നെത്തുമ്പോള്‍ എന്റെ ആ മാര്‍ഗദര്‍ശനം പിന്‍പറ്റുന്നവരാരോ അവര്‍ക്ക് ഭയപ്പെടേണ്ടതില്ല. അവര്‍ ദുഃഖിക്കേണ്ടി വരികയുമില്ല'' (ക്വുര്‍ആന്‍ 2:38).

ജനങ്ങളെ സന്‍മാര്‍ഗത്തിലേക്ക് വഴിനടത്തുവാനായി അല്ലാഹു പ്രവാചകന്മാരെയും നിയോഗിക്കുകയും വേദഗ്രന്ഥം നല്‍കുകയും ചെയ്തു. പ്രവാചകന്മാരെല്ലാം പ്രബോധനം ചെയ്തത് ഇസ്‌ലാമായിരുന്നു. ജനങ്ങള്‍ സ്വര്‍ഗപാതയില്‍ നിന്ന് വ്യതിചലിക്കുകയും അഭിപ്രായവ്യത്യാസത്തില്‍ ആയിത്തീരുകയും ചെയ്തപ്പോഴാണ് പ്രവാചകന്മാരെ അയച്ചത്. അല്ലാഹു പറയുന്നു:

''മനുഷ്യര്‍ ഒരൊറ്റ സമുദായമായിരുന്നു. അനന്തരം (അവര്‍ ഭിന്നിച്ചപ്പോള്‍ വിശ്വാസികള്‍ക്ക്) സന്തോഷവാര്‍ത്ത അറിയിക്കുവാനും (നിഷേധികള്‍ക്ക്) താക്കീത് നല്‍കുവാനുമായി അല്ലാഹു പ്രവാചകന്‍മാരെ നിയോഗിച്ചു. അവര്‍ (ജനങ്ങള്‍) ഭിന്നിച്ച വിഷയത്തില്‍ തീര്‍പ്പുകല്‍പിക്കുവാനായി അവരുടെ കൂടെ സത്യവേദവും അവന്‍ അയച്ചുകൊടുത്തു'' (ക്വുര്‍ആന്‍ 2:213).

എല്ലാ പ്രവാചകന്മാരും മുസ്‌ലിംകളും അവരുടെ പ്രബോധനം ഇസ്‌ലാമുമായിരുന്നു. അല്ലാഹു പറയുന്നു: അവര്‍ക്കിടയില്‍ കര്‍മാനുഷ്ഠാനങ്ങളില്‍ ചില വ്യത്യാസങ്ങള്‍ ഉണ്ടായിരുന്നുവെങ്കിലും അടിസ്ഥാനവിഷയങ്ങള്‍ ഒന്ന് തന്നെയായിരുന്നു. അല്ലാഹു പറയുന്നു:

''(നബിയേ,) നിനക്കിതാ സത്യപ്രകാരം വേദഗ്രന്ഥം അവതരിപ്പിച്ച് തന്നിരിക്കുന്നു. അതിന്റെ മുമ്പിലുള്ള വേദഗ്രന്ഥങ്ങളെ ശരിവെക്കുന്നതും അവയെ കാത്തുരക്ഷിക്കുന്നതുമത്രെ അത്. അതിനാല്‍ നീ അവര്‍ക്കിടയില്‍ നാം അവതരിപ്പിച്ച് തന്നതനുസരിച്ച് വിധികല്‍പിക്കുക. നിനക്ക് വന്നുകിട്ടിയ സത്യത്തെ വിട്ട് നീ അവരുടെ തന്നിഷ്ടങ്ങളെ പിന്‍പറ്റിപോകരുത്. നിങ്ങളില്‍ ഓരോ വിഭാഗത്തിനും ഓരോ നിയമക്രമവും കര്‍മമാര്‍ഗവും നാം നിശ്ചയിച്ച് തന്നിരിക്കുന്നു. അല്ലാഹു ഉദ്ദേശിച്ചിരുന്നെങ്കില്‍ നിങ്ങളെ അവന്‍ ഒരൊറ്റ സമുദായമാക്കുമായിരുന്നു. പക്ഷെ നിങ്ങള്‍ക്കവന്‍ നല്‍കിയിട്ടുള്ളതില്‍ നിങ്ങളെ പരീക്ഷിക്കുവാന്‍ (അവന്‍ ഉദ്ദേശിക്കുന്നു). അതിനാല്‍ നല്ല കാര്യങ്ങളിലേക്ക് നിങ്ങള്‍ മത്‌സരിച്ച് മുന്നേറുക. അല്ലാഹുവിങ്കലേക്കത്രെ നിങ്ങളുടെയെല്ലാം മടക്കം. നിങ്ങള്‍ ഭിന്നിച്ചിരുന്ന വിഷയങ്ങളെപ്പറ്റി അപ്പോളവന്‍ നിങ്ങള്‍ക്ക് അറിയിച്ച് തരുന്നതാണ്'' (ക്വുര്‍ആന്‍ 5:48).

മുന്‍വേദ ഗ്രന്ഥങ്ങളില്‍ പ്രവചിക്കപ്പെട്ട, സകല പ്രവാചകന്മാരെയും വേദഗ്രന്ഥങ്ങളെയും ശക്തിപ്പെടുത്തുകയും ചെയ്ത മുഹമ്മദ് നബി ﷺ  അന്തിമദൂതനായി നിയോഗിതനായി. അതോടുകൂടി ഇസ്‌ലാമിനെ പൂര്‍ത്തീകരിക്കുകയും ഇസ്‌ലാമല്ലാത്ത മതം അസ്വീകാര്യമാണെന്ന് പ്രഖ്യാപിക്കുകയും ചെയ്തു.

മുന്‍വേദ ഗ്രന്ഥങ്ങളും പ്രവാചകന്മാരും നിശ്ചിത സമയത്തേക്കോ ഏതെങ്കിലും സ്ഥലത്തേക്കോ സമൂഹത്തിലേക്കോ മാത്രം പരിമിതമായിരുന്നുവെങ്കില്‍ മുഹമ്മദ് നബിയാല്‍ സമാപ്തി കുറിച്ച ഇസ്‌ലാം സര്‍വലോകര്‍ക്കുമുള്ള സന്ദേശവും വിശുദ്ധ ക്വുര്‍ആന്‍ എല്ലാ കാലത്തേക്കുമുള്ള ജീവിതരേഖയുമായി. അല്ലാഹു പറയുന്നു:  

''നിന്നെ നാം മനുഷ്യര്‍ക്കാകമാനം സന്തോഷവാര്‍ത്ത അറിയിക്കുവാനും താക്കീത് നല്‍കുവാനും ആയിക്കൊണ്ട് തന്നെയാണ് അയച്ചിട്ടുള്ളത്. പക്ഷേ, മനുഷ്യരില്‍ അധികപേരും അറിയുന്നില്ല'' (ക്വുര്‍ആന്‍ 34:28).

അല്ലാഹു പറയുന്നു: ''ഇത് മനുഷ്യര്‍ക്ക് വേണ്ടി വ്യക്തമായ ഒരു ഉല്‍ബോധനമാകുന്നു. ഇതു മുഖേന അവര്‍ക്കു മുന്നറിയിപ്പ് നല്‍കപ്പെടേണ്ടതിനും അവന്‍ ഒരേയൊരു ആരാധ്യന്‍ മാത്രമാണെന്ന് അവര്‍ മനസ്സിലാക്കുന്നതിനും ബുദ്ധിമാന്‍മാര്‍ ആലോചിച്ച് മനസ്സിലാക്കുന്നതിനും വേണ്ടിയുള്ള (ഉല്‍ബോധനം)''(ക്വുര്‍ആന്‍ 14:52).

പ്രമാണങ്ങളുടെ സുരക്ഷിതത്വം

നിശ്ചിതകാലത്തേക്കും സ്ഥലത്തേക്കും മറ്റും പരിമിതമായിരുന്ന മുന്‍വേദങ്ങളില്‍ അവയുടെ അനുയായികള്‍ മുഖേന മാറ്റത്തിരുത്തലുകളും കൂട്ടിച്ചേര്‍ക്കലുകളിലും സംഭവിച്ചു. അല്ലാഹു പറയുന്നു:  

''എന്നാല്‍ സ്വന്തം കൈകള്‍ കൊണ്ട് ഗ്രന്ഥം എഴുതിയുണ്ടാക്കുകയും എന്നിട്ട് അത് അല്ലാഹുവിങ്കല്‍നിന്ന് ലഭിച്ചതാണെന്ന് പറയുകയും ചെയ്യുന്നവര്‍ക്കാകുന്നു നാശം. അത് മുഖേന വില കുറഞ്ഞ നേട്ടങ്ങള്‍ കരസ്ഥമാക്കാന്‍ വേണ്ടിയാകുന്നു (അവരിത് ചെയ്യുന്നത്). അവരുടെ കൈകള്‍ എഴുതിയ വകയിലും അവര്‍ സമ്പാദിക്കുന്ന വകയിലും അവര്‍ക്ക് നാശം'' (ക്വുര്‍ആന്‍ 2:79).

എന്നാല്‍ വിശുദ്ധ ക്വുര്‍ആന്‍ അത്തരം കൈകടത്തലുകള്‍ക്ക് അതീതമാണ്. വിശുദ്ധ ക്വുര്‍ആനിന്റെ സംരക്ഷണം അല്ലാഹുതന്നെ ഏറ്റെടുത്തിരിക്കുന്നു. അല്ലാഹു പറയുന്നു:

''തീര്‍ച്ചയായും നാമാണ് ആ ഉല്‍ബോധനം അവതരിപ്പിച്ചത്. തീര്‍ച്ചയായും നാം അതിനെ കാത്തുസൂക്ഷിക്കുന്നതുമാണ്'' (ക്വുര്‍ആന്‍ 15:9).

''തീര്‍ച്ചയായും അതിന്റെ (ക്വുര്‍ആനിന്റെ) സമാഹരണവും അത് ഓതിത്തരലും നമ്മുടെ ബാധ്യതയാകുന്നു. അങ്ങനെ നാം അത് ഓതിത്തന്നാല്‍ ആ ഓത്ത് നീ പിന്തുടരുക. പിന്നീട് അത് വിവരിച്ചുതരലും നമ്മുടെ ബാധ്യതയാകുന്നു'' (ക്വുര്‍ആന്‍ 75:17-19).

ക്വുര്‍ആനിന്റെ വിവരണമായ പ്രവാചകന്റെ ജീവിതചര്യ സ്വഹാബിമാരുടെ കാലം മുതല്‍ ജനഹൃദയങ്ങളില്‍ മനഃപാഠമായും എഴുതി രേഖപ്പെടുത്തിയും സൂക്ഷിക്കപ്പെട്ടു. പിന്നീട് സ്വീകാര്യയോഗ്യമായ ഹദീഥും ദുര്‍ബലമായ ഹദീഥും തിരിച്ചറിയുവാനുള്ള മാനദണ്ഡം തയ്യാറാക്കപ്പെടുകയും ചെയ്തു.

ക്വുര്‍ആന്‍ അല്ലാഹുവില്‍ നിന്നുള്ളതാണ് എന്നത് പോലെതന്നെ ദിവ്യബോധനത്തിന്റെ (വഹ്‌യിന്റെ) അടിസ്ഥാനത്തില്‍ സംസാരിക്കുന്ന നബി ﷺ യുടെ ചര്യയാകുന്ന ഹദീഥുകളും മതത്തിന്റെ പ്രമാണമാണ്.

നിസ്സാരമായി ജനങ്ങള്‍ കണക്കാക്കുന്ന കാര്യങ്ങള്‍ മുതല്‍ ഗൗരവമായ വിഷയങ്ങളില്‍ വരെ അല്ലാഹുവിന്റെ ദിവ്യബോധനം അനുസരിച്ചുള്ള നിയമങ്ങള്‍ ഇസ്‌ലാമിന് മാത്രം അവകാശപ്പെട്ടതാണ്. കുടുംബപരവും സാമൂഹികവും വൈയക്തികവും സാമ്പത്തികവും രാഷ്ട്രീയപരവുമായ കാര്യങ്ങള്‍ മുതല്‍  ഇതരജീവികളോട് അനുവര്‍ത്തിക്കേണ്ട കാര്യങ്ങള്‍ വരെ ഇസ്‌ലാം പഠിപ്പിക്കുന്നുണ്ട്. യുദ്ധത്തിലും സമാധാനത്തിലും സന്ധിയിലും കൈക്കൊള്ളേണ്ട നിയമങ്ങള്‍ അതില്‍ ഉണ്ട്.

അല്ലാഹു പറയുന്നു: ''തീര്‍ച്ചയായും അല്ലാഹു കല്‍പിക്കുന്നത് നീതി പാലിക്കുവാനും നന്‍മചെയ്യുവാനും കുടുംബബന്ധമുള്ളവര്‍ക്ക് (സഹായം) നല്‍കുവാനുമാണ്. അവന്‍ വിലക്കുന്നത് നീചവൃത്തിയില്‍നിന്നും ദുരാചാരത്തില്‍നിന്നും അതിക്രമത്തില്‍നിന്നുമാണ്. നിങ്ങള്‍ ചിന്തിച്ചു ഗ്രഹിക്കുവാന്‍ വേണ്ടി അവന്‍ നിങ്ങള്‍ക്കു ഉപദേശം നല്‍കുന്നു'' (ക്വുര്‍ആന്‍ 16:90).

അന്തിമ പ്രവാചകനെ സംബന്ധിച്ച് മുന്‍വേദങ്ങളില്‍ വന്ന വിശേഷണമായി ക്വുര്‍ആന്‍ പറയുന്നു: ''(അതായത്) തങ്ങളുടെ പക്കലുള്ള തൗറാത്തിലും ഇന്‍ജീലിലും രേഖപ്പെടുത്തപ്പെട്ടതായി അവര്‍ക്ക് കണ്ടെത്താന്‍ കഴിയുന്ന ആ അക്ഷരജ്ഞാനമില്ലാത്ത പ്രവാചകനായ ദൈവദൂതനെ (മുഹമ്മദ് നബിയെ) പിന്‍പറ്റുന്നവര്‍ക്ക് (ആ കാരുണ്യം രേഖപ്പെടുത്തുന്നതാണ്). അവരോട് അദ്ദേഹം സദാചാരം കല്‍പിക്കുകയും ദുരാചാരത്തില്‍ നിന്ന് അവരെ വിലക്കുകയും ചെയ്യുന്നു. നല്ല വസ്തുക്കള്‍ അവര്‍ക്ക് അനുവദനീയമാക്കുകയും ചീത്ത വസ്തുക്കള്‍ അവരുടെമേല്‍ നിഷിദ്ധമാക്കുകയും ചെയ്യുന്നു. അവരുടെ ഭാരങ്ങളും അവരുടെ മേലുണ്ടായിരുന്ന വിലങ്ങുകളും അദ്ദേഹം ഇറക്കിവെക്കുകയും ചെയ്യുന്നു. അപ്പോള്‍ അദ്ദേഹത്തില്‍ വിശ്വസിക്കുകയും അദ്ദേഹത്തെ പിന്തുണക്കുകയും സഹായിക്കുകയും അദ്ദേഹത്തോടൊപ്പം അവതരിപ്പിക്കപ്പെട്ടിട്ടുള്ള ആ പ്രകാശത്തെ പിന്‍പറ്റുകയും ചെയ്തവരാരോ, അവര്‍ തന്നെയാണ് വിജയികള്‍'' (ക്വുര്‍ആന്‍ 7:157).

ഉള്‍ക്കൊള്ളാന്‍ കഴിയുന്ന നിയമങ്ങള്‍

ഇസ്‌ലാം മുന്നോട്ട് വെക്കുന്ന കാര്യങ്ങളില്‍ ഒന്നുപോലും മനുഷ്യന് ഉള്‍ക്കൊള്ളാന്‍ കഴിയാത്തതായി ഇല്ല. മതം വിരോധിച്ച കാര്യങ്ങളില്‍ ഏതെങ്കിലും ഒന്ന് നല്ലതാണെന്നോ ഇസ്‌ലാം അംഗീകരിച്ച കാര്യങ്ങളില്‍ കാര്യങ്ങളില്‍ ഏതെങ്കിലും ഒന്ന് മോശമാണെന്നോ ഒരാള്‍ക്കും പറയാന്‍ സാധ്യമല്ല.

ബുദ്ധിയെ ഉണര്‍ത്തുന്ന ചിന്താവിഷയങ്ങള്‍ ക്വുര്‍ആന്‍ പ്രതിപാദിക്കുന്നു. അത് ശാസ്ത്രഗ്രന്ഥമല്ലെങ്കിലും അതില്‍ ശാസ്ത്രീയമായ കാര്യങ്ങളുണ്ട്. ആധുനികശാസ്ത്രം കണ്ടുപിടിച്ച പല കാര്യങ്ങളും നിരക്ഷരനായ പ്രവാചകനിലൂടെ അവതീര്‍ണമായ ക്വുര്‍ആനില്‍ കാണാന്‍ കഴിയുന്നു എന്നതുതന്നെ അതിന്റെ ദൈവികതയെ അറിയിക്കുന്നു.

യാത്രക്കാര്‍, രോഗികള്‍, വൃദ്ധന്മാര്‍, ആര്‍ത്തവ, പ്രസവ രക്തമുള്ള സ്ത്രീകള്‍ എന്നിവര്‍ക്കെല്ലാം ആരാധനകളില്‍ ഒഴിവുകഴിവുകള്‍ നല്‍കി ഇസ്‌ലാം പ്രായോഗികമായി നിലകൊള്ളുന്നു.

മനഃസമാധാനം നല്‍കുന്ന മതം

ഇസ്‌ലാം പരിചയപ്പെടുത്തുന്ന അല്ലാഹുവിനെക്കുറിച്ചുള്ള ഓര്‍മ മനസ്സിന് ആശ്വാസം നല്‍കുന്നു. എല്ലാം കാണുന്നവന്‍, എല്ലാം കേള്‍ക്കുന്നവന്‍, എല്ലാത്തിനും കഴിവുള്ളവന്‍... തുടങ്ങിയ അല്ലാഹുവിന്റെ നാമങ്ങളും; ഹൃദയമന്ത്രം അറിയുന്നവന്‍, കട്ടുനോട്ടങ്ങള്‍ കാണുന്നവന്‍ തുടങ്ങിയ ഗുണങ്ങളുമുള്ള അല്ലാഹുവിനെക്കുറിച്ചുള്ള ഓര്‍മ മനുഷ്യമനസ്സിന് സമാധാനം നല്‍കുന്നു. തിന്മകളില്‍നിന്ന് അകലാനും നന്മയിലേക്ക് അടുക്കാനും പ്രേരണ നല്‍കുന്നു.

മരണാനന്തരജീവിതവും സ്വര്‍ഗനരകങ്ങളും അന്ത്യനാളിലെ അതിഭീകരമായ സംഭവങ്ങളും മനുഷ്യമനസ്സിനെ നന്നാക്കുവാന്‍ സാധിക്കുന്നു. ജീവിതമാസകലം പരീക്ഷണമാണെന്നും ക്ഷമയും സഹനവും അനിവാര്യമാണെന്നും സര്‍വകാര്യങ്ങളും അല്ലാഹു മുന്‍കൂട്ടി അറിയുകയും അത് രേഖപ്പെടുത്തുകയും ചെയ്തിരിക്കുന്നുവെന്ന വിധിയിലുള്ള വിശ്വാസം ഏത് പരീക്ഷണങ്ങളിലും പതറാതെ പിടിച്ചു നില്‍ക്കാന്‍ വിശ്വാസിയെ സഹായിക്കുന്നു.

എല്ലാ പാപങ്ങളും പൊറുക്കുന്നവനായ അല്ലാഹുവിനെ ഒരു പാപി പരിചയപ്പെടുമ്പോള്‍ റബ്ബിന്റെ കാരുണ്യത്തില്‍ പ്രതീക്ഷയര്‍പ്പിച്ച് ജീവിതം നന്നാക്കുവാന്‍ അവന് കഴിയുന്നു. കഠോരമായി ശിക്ഷിക്കുന്നവനാണ് അല്ലാഹു എന്ന ബോധം പാപിയെ പശ്ചാത്തപിച്ച് മടങ്ങുവാനും സല്‍കര്‍മങ്ങള്‍ ചെയ്യുവാനും പ്രേരിപ്പിക്കുകയും ചെയ്യുന്നു.

മാതാപിതാക്കള്‍, മക്കള്‍, ഭാര്യ, ഭര്‍ത്താവ്, സഹോദരങ്ങള്‍, കുടുംബങ്ങള്‍, അയല്‍വാസികള്‍... ഇങ്ങനെ സര്‍വരോടും  നന്മചെയ്യുവാന്‍ ഇസ്‌ലാം നിര്‍ദേശിക്കുന്നു. അല്ലാഹു പറയുന്നു: ''നിങ്ങളുടെ മുഖങ്ങള്‍ കിഴക്കോട്ടോ പടിഞ്ഞാറോട്ടോ തിരിക്കുക എന്നതല്ല പുണ്യം എന്നാല്‍ അല്ലാഹുവിലും അന്ത്യദിനത്തിലും മലക്കുകളിലും വേദഗ്രന്ഥത്തിലും പ്രവാചകന്‍മാരിലും വിശ്വസിക്കുകയും, സ്വത്തിനോട് പ്രിയമുണ്ടായിട്ടും അത് ബന്ധുക്കള്‍ക്കും അനാഥകള്‍ക്കും അഗതികള്‍ക്കും വഴിപോക്കന്നും ചോദിച്ചുവരുന്നവര്‍ക്കും അടിമമോചനത്തിന്നും നല്‍കുകയും, പ്രാര്‍ഥന (നമസ്‌കാരം) മുറപ്രകാരം നിര്‍വഹിക്കുകയും സകാത്ത് നല്‍കുകയും കരാറില്‍ ഏര്‍പെട്ടാല്‍ അത് നിറവേറ്റുകയും വിഷമതകളും ദുരിതങ്ങളും നേരിടുമ്പോഴും യുദ്ധരംഗത്തും ക്ഷമകൈക്കൊള്ളുകയും ചെയ്തവരാരോ അവരാകുന്നു പുണ്യവാന്‍മാര്‍. അവരാകുന്നു സത്യംപാലിച്ചവര്‍. അവര്‍ തന്നെയാകുന്നു (ദോഷബാധയെ) സൂക്ഷിച്ചവര്‍'' (ക്വുര്‍ആന്‍ 2:177).

മാതാപിതാക്കള്‍ മുസ്‌ലിംകളല്ലെങ്കില്‍ പോലും ഭൗതികമായ നന്മകള്‍ അവര്‍ക്കായി ചെയ്യണമെന്ന് അല്ലാഹു പറയുന്നു:

''നിനക്ക് യാതൊരു അറിവുമില്ലാത്ത വല്ലതിനെയും എന്നോട് നീ പങ്കുചേര്‍ക്കുന്ന കാര്യത്തില്‍ അവര്‍ ഇരുവരും നിന്റെ മേല്‍ നിര്‍ബന്ധം ചെലുത്തുന്ന പക്ഷം അവരെ നീ അനുസരിക്കരുത്. ഇഹലോകത്ത് നീ അവരോട് നല്ലനിലയില്‍ സഹവസിക്കുകയും എന്നിലേക്ക് മടങ്ങിയവരുടെ മാര്‍ഗം നീ പിന്തുടരുകയും ചെയ്യുക. പിന്നെ എന്റെ അടുത്തേക്കാകുന്നു നിങ്ങളുടെ മടക്കം. അപ്പോള്‍ നിങ്ങള്‍പ്രവര്‍ത്തിച്ചിരുന്നതിനെപ്പറ്റി ഞാന്‍ നിങ്ങളെ വിവരമറിയിക്കുന്നതാണ്'' (ക്വുര്‍ആന്‍ 31:15).

തീവ്രതയില്ലാത്ത മധ്യമസരണിയാണ് ഇസ്‌ലാമിന്റെ ആദര്‍ശം. യുദ്ധരംഗത്ത് പോലും അനീതിചെയ്യാന്‍ പാടില്ല എന്ന് മതം നിര്‍ദേശിക്കുന്നു. അല്ലാഹു പറയുന്നു:

''...മസ്ജിദുല്‍ ഹറാമില്‍ നിന്ന് നിങ്ങളെ തടഞ്ഞു എന്നതിന്റെ പേരില്‍ ഒരു ജനവിഭാഗത്തോട് നിങ്ങള്‍ക്കുള്ള അമര്‍ഷം അതിക്രമം പ്രവര്‍ത്തിക്കുന്നതിന്ന് നിങ്ങള്‍ക്കൊരിക്കലും പ്രേരകമാകരുത്. പുണ്യത്തിലും ധര്‍മനിഷ്ഠയിലും നിങ്ങള്‍ അന്യോന്യം സഹായിക്കുക. പാപത്തിലും അതിക്രമത്തിലും നിങ്ങള്‍ അന്യോന്യം സഹായിക്കരുത്. നിങ്ങള്‍ അല്ലാഹുവെ സൂക്ഷിക്കുക. തീര്‍ച്ചയായും അല്ലാഹു കഠിനമായി ശിക്ഷിക്കുന്നവനാകുന്നു'' (ക്വുര്‍ആന്‍ 5:2).

നബി ﷺ  പറഞ്ഞു: ''അറിയുക പരിധി ലംഘിച്ച് തീവ്രത കാണിക്കുന്നവര്‍ നശിച്ചിരിക്കുന്നു.' നബി ﷺ  മൂന്ന് തവണ ആവര്‍ത്തിച്ചു'' (അബൂദാവൂദ്).

മനുഷ്യകര്‍മങ്ങള്‍ ആത്മാര്‍ഥമായി അല്ലാഹുവിന്റെ തൃപ്തി കാംക്ഷിച്ചുകൊണ്ടായിരിക്കണമെന്നും പുറംപൂച്ചും ലോകമാന്യതയും പാപമാണെന്നും തിന്മകളെ നിസ്സാരമായി ഗണിക്കരുതെന്നും മതം നിര്‍ദേശിക്കുന്നു.

കാരുണ്യവാനും പാപങ്ങള്‍ പൊറുക്കുന്നവനും പശ്ചാത്താപം സ്വീകരിക്കുന്നവനുമായ അല്ലാഹു മനുഷ്യന്റെ ഇഹപര രക്ഷക്ക് ആവശ്യമായ എല്ലാ നിയമങ്ങളും നിര്‍ദേശങ്ങളും നല്‍കിയിട്ടുണ്ട് എന്ന് സാരം.