ജലാശയം വിഷമയമാകുന്നത് എല്ലാ മത്സ്യങ്ങളെയും ബാധിക്കും

ടി.കെ.അശ്‌റഫ്

2020 ഫെബ്രുവരി 29 1441 റജബ്‌ 05

ഇന്ന് നമ്മുടെ രാജ്യം വലിയ പ്രയാസത്തിലൂടെയാണ് കടന്നുപോയിക്കൊണ്ടിരിക്കുന്നത്. രാജ്യത്തെ ജനങ്ങളെയെല്ലാം ഒരുപോലെ കാണുകയും എല്ലാവര്‍ക്കും സംരക്ഷണം നല്‍കുകയും ചെയ്യേണ്ട ഭരണകൂടം തന്നെ ജനങ്ങളെ മതപരമായി വിഭജിക്കാന്‍ ശ്രമിക്കുകയും രാജ്യത്ത് ജീവിക്കുവാനുള്ള ചിലരുടെ അവകാശത്തെ ഹനിക്കുകയും ചെയ്യുന്നതിനെക്കാള്‍ വലിയ അക്രമം എന്താണ്?

ഇന്ത്യയിലെ പൗരന്മാര്‍ ആരും പുറത്താകില്ല, ആരും ഭയപ്പെടേണ്ടതില്ല എന്ന് ഉത്തരവാദപ്പെട്ട സ്ഥാനങ്ങളില്‍ ഇരിക്കുന്നവര്‍ ഇടയ്ക്കിടെ വിളിച്ചു പറയുന്നത് തന്നെ വല്ലാത്തൊരു ഭയപ്പെടുത്തലാണ്. കാരണം ഇന്ത്യന്‍ പൗരന്മാര്‍ ആരും ഭയപ്പെടേണ്ട എന്നാണ് പറയുന്നത്. ആരെയാണ് ഇവര്‍ യഥാര്‍ഥ ഇന്ത്യന്‍ പൗരന്മാരായി കാണുന്നത് എന്ന് വ്യക്തമാക്കും വിധം ചില നേതാക്കള്‍ ഇടയ്ക്കിടെ പ്രസ്താവനയിറക്കുന്നതും നാം കാണുന്നുണ്ട്.

പാക്കിസ്ഥാന്‍, അഫ്ഗാനിസ്ഥാന്‍, ബംഗ്ലാദേശ് എന്നീ രാജ്യങ്ങളില്‍നിന്ന് മതപരമായ പീഡനങ്ങള്‍ സഹിക്കവയ്യാതെ ഇന്ത്യയിലേക്ക് കുടിയേറിയ മുസ്‌ലിംകളല്ലാത്തവര്‍ക്ക് പൗരത്വം നല്‍കുകയും മുസ്‌ലിംകള്‍ക്ക് നല്‍കാതിരിക്കുകയും ചെയ്യും എന്നതില്‍നിന്നും കാര്യം വ്യക്തമാണല്ലോ. ആ മുസ്‌ലിം നാടുകളില്‍ മുസ്‌ലിംകള്‍ക്ക് മതപരമായ പീഡനത്തിന്റെ പേരില്‍ രാജ്യം വിടേണ്ടിവരില്ല എന്നാണ് ന്യായമായി പറയുന്നത്. എങ്കില്‍ മറ്റു രാജ്യങ്ങളില്‍നിന്ന് മതപരമായ പീഡനം മൂലം അഭയാര്‍ഥികളായി വരുന്ന മുസ്‌ലിംകളെ എന്തുകൊണ്ട് പരിഗണിക്കുന്നില്ല എന്ന ചോദ്യത്തിന് ഉത്തരമില്ല.

പ്രതിപക്ഷ പാര്‍ട്ടികള്‍ ന്യൂനപക്ഷങ്ങളുടെ വോട്ടിനുവേണ്ടി ഭീതിപരത്തുകയാണ് എന്നാണ് ഈ നിയമത്തെ അനുകൂലിക്കുന്ന ആളുകളുടെ ഭാഗത്തുനിന്ന് വന്നുകൊണ്ടിരിക്കുന്ന വിശദീകരണം. എന്നാല്‍ വസ്തുത ഇവര്‍ പറയുന്നതല്ലെന്ന് ഓരോ ദിവസം കഴിയുംതോറും വ്യക്തമായിക്കൊണ്ടിരിക്കുകയാണ്. ജനമനസ്സുകളില്‍ ഭീതിവര്‍ധിക്കുകയും ചെയ്യുന്നു. കേരളത്തില്‍ ഈ ഭയത്തില്‍ ഒരാള്‍ ആത്മഹത്യ ചെയ്യുകപോലും ഉണ്ടായി എന്നത് ചിന്തിക്കേണ്ട കാര്യമാണ്. ചെറിയ കുട്ടികള്‍ പോലും ഇനിയെന്ത് ചെയ്യും എന്ന പേടിയിലാണ്. നാടും വീടും നഷ്ടപ്പെടുന്ന വേദനാജനകമായ അവസ്ഥയോര്‍ത്ത് മാസനിക നില തെറ്റിയവരുമുണ്ട്.  

ഇവിടെ നാം ചെയ്യേണ്ടത് ജാഗ്രതയോടും മുന്നൊരുക്കത്തോടും കൂടി മുന്നോട്ടു പോവുക എന്നതാണ്. ഇതൊന്നും ഞങ്ങളെ ബാധിക്കുകയില്ല എന്ന് കരുതി മൗനം പാലിച്ചിരിക്കുകയോ നാടുവിട്ട് പോകേണ്ടിവരുമോ എന്ന ഭയത്താല്‍ മാനസികനില തെറ്റുന്ന അവസ്ഥയിലേക്ക് എത്തുകയോ ചെയ്യേണ്ടതില്ല.

നാം ചെയ്യേണ്ട കാര്യങ്ങളെക്കുറിച്ച് വ്യക്തതയുണ്ടാകണം. അതിനനുസരിച്ച് മുന്നോട്ടു പോകണം. എങ്കില്‍ ഫലപ്രാപ്തി കണ്ടേക്കാം. മനുഷ്യമനസ്സുകള്‍ക്കിടയില്‍ വിഭജനം നടക്കുന്നത് വലിയ ആപത്താണ്. അതിന് നമ്മള്‍ അടിമപ്പെടാന്‍ പാടില്ല. മതത്തിന്റെ പേരില്‍ ആളുകളെ തമ്മില്‍ ആസൂത്രിതമായി അകറ്റിക്കൊണ്ടിരിക്കുന്നു എന്നതാണ് ഇന്ത്യ ഇന്ന് നേരിടുന്ന വലിയൊരു വിപത്ത്. ഇതിനെതിരിലുള്ള നിതാന്തമായ ജാഗ്രത നമുക്കുണ്ടാകണം. ഇന്ത്യക്കാര്‍ എന്ന ചിന്തയില്‍ നാം നാം ഒന്നിക്കണം. അവനവന്റെ മതവും ആദര്‍ശവും മുറുകെ പിടിച്ചുകൊണ്ട് തന്നെ രാജ്യത്തിന്റെ ബഹുസ്വരതയുടെ നിലനില്‍പിനായി നാം കൈകോര്‍ക്കണം.

നിങ്ങള്‍ ഭയപ്പെടേണ്ടതില്ല; ഞങ്ങള്‍ കൂടെയുണ്ട്, ഞങ്ങള്‍ നിങ്ങളെ സംരക്ഷിക്കും എന്ന് ഗുണകാംക്ഷയോടെയും ആത്മാര്‍ഥമായും പറയുന്ന അനേകം ആളുകളുണ്ട്. അത് നല്ല കാര്യം തന്നെ. എന്നാല്‍ അങ്ങനെ പറയുമ്പോള്‍ 'ഞങ്ങള്‍ ഇവിടെ സുരക്ഷിതരാണ്, ഞങ്ങള്‍ക്ക് ഒരു പ്രശ്‌നവും വരാന്‍ പോകുന്നില്ല. നിങ്ങള്‍ക്ക് മാത്രമാണ് പ്രശ്‌നം' എന്ന ഒരു തെറ്റായ ധാരണ അതിലുണ്ട്. ഇവിടെ ആരും ആരെയും സംരക്ഷിക്കേണ്ടതില്ല, ആരും ആരെയും ശിക്ഷിക്കേണ്ടതും ഇല്ല. എല്ലാ മതക്കാരും മതമില്ലാത്തവരും ഒന്നിച്ചുനിന്ന് നാടിനെ സംരക്ഷിക്കുകയാണ് വേണ്ടത്.

ഞങ്ങള്‍ നിങ്ങളെ സംരക്ഷിക്കാം എന്ന് പറയുമ്പോള്‍ ഒരു വിഭാഗം മാത്രമെ ഇവിടെ സുരക്ഷിതരായുള്ളൂ, ഒരു വിഭാഗത്തിന് മാത്രമെ ഭയപ്പെടേണ്ടതുള്ളൂ എന്ന ഒരു വായന അതില്‍ വരുന്നുണ്ട്. വസ്തുത അതല്ല. ഇന്ത്യയിലുള്ള എല്ലാവരെയും ബാധിക്കുന്ന പ്രശ്‌നമാണിത്. ഇവിടെ തകര്‍ക്കാന്‍ ശ്രമിച്ചുകൊണ്ടിരിക്കുന്നത് ഇന്ത്യയുടെ മതേതരത്വത്തെയും ജനാധിപത്യത്തെയും ബഹുസ്വരതയെയുമാണ്. പുതിയ നിയമങ്ങള്‍ അതിനുവേണ്ടി നിര്‍മിക്കപ്പെട്ടതാണ്. അതിനാല്‍ ഇന്ത്യയുടെ മതനിരപേക്ഷതയെയും ജനാധിപത്യത്തെയും ബഹുസ്വരതയെയും ഒറ്റക്കെട്ടായിനിന്ന് സംരക്ഷിക്കുക എന്ന ഉത്തരവാദിത്തമാണ് ഈ സന്ദര്‍ഭത്തില്‍ നാം നിര്‍വഹിക്കേണ്ടത്.

രാജ്യസഭയില്‍ ആഭ്യന്തരമന്ത്രിയുടെ മുഖത്തുനോക്കി കപില്‍ സിബല്‍ പറഞ്ഞു; ഒരു മുസ്‌ലിമും നിങ്ങളെ ഭയപ്പെടുന്നില്ല എന്ന്. വിശ്വാസികളെ സംബന്ധിച്ചിടത്തോളും അവര്‍ ഭയപ്പെട്ട് പിന്മാറുന്നവരല്ല. അവര്‍ ഇതിനെല്ലാം കാണുന്നത് ഒരു പരീക്ഷണമായിക്കൊണ്ടാണ്.

പൗരത്വ ഭേദഗതി നിയമത്തെയും വിശ്വാസികള്‍ പരീക്ഷണമായി കാണുന്നു. പരീക്ഷണങ്ങളെ എങ്ങനെ നേരിടണമെന്ന് ഇസ്‌ലാം പഠിപ്പിക്കുന്നുണ്ട്. നിരാശയും അമിതഭയവും അവരെ പിടികൂടുകയില്ല. വിശ്വാസിയുടെ കാര്യം അത്ഭുതകരം തന്നെ എന്നാണ് മുഹമ്മദ് നബി ﷺ   പറഞ്ഞിട്ടുള്ളത്. അതിന് കാരണമായി പറഞ്ഞത് എന്തെങ്കിലും ഗുണം ലഭിച്ചാല്‍ അവന്‍ ൈദവത്തെ സ്തുതിക്കുകയും നന്ദികാണിക്കുകയും ചെയ്യും; അത് അവന് ഗുണകരമാണ് എന്നാണ്. വല്ല ദോഷവും ബാധിച്ചാല്‍ അവന്‍ ക്ഷമിക്കും; അപ്പോള്‍ അതും അവന് ഗുണകരമായിത്തീരും എന്നാണ്.

''ഒരു പരീക്ഷണം എന്ന നിലയില്‍ തിന്മ നല്‍കിക്കൊണ്ടും നന്മ നല്‍കിക്കൊണ്ടും നിങ്ങളെ നാം പരിശോധിക്കുന്നതാണ്. നമ്മുടെ അടുത്തേക്ക് തന്നെ നിങ്ങള്‍ മടക്കപ്പെടുകയും ചെയ്യും'' (ക്വുര്‍ആന്‍ 21:35).

ഇതില്‍ വിശ്വസിക്കുന്ന മുസ്‌ലിം എങ്ങനെ ഭയപ്പെടും? ഭൗതികലോകത്തെ ജീവിതമല്ല പരലോക ജീവിതമാണ് ശാശ്വതം. ഇത് ഒരു ഇടത്താവളം മാത്രമാണ് എന്നാണ് ഇസ്‌ലാം പഠിപ്പിക്കുന്നത്.

''പരലോകമാകുന്നു ഏറ്റവും ഉത്തമവും നിലനില്‍ക്കുന്നതും'' (ക്വുര്‍ആന്‍ 87:17).

അതിനാല്‍ ഇഹലോകത്തെ പ്രയാസങ്ങളെ വലിയ പ്രയാസമായി അവര്‍ കാണുകയില്ല. അവരുടെ മനസ്സിനെ അത് അലട്ടിക്കൊണ്ടിരിക്കില്ല. എല്ലാ രേഖകളും ശരിയാക്കുകയും പൗരത്വം ഉറപ്പാവുകയും ചെയ്ത ദിവസം തന്നെ ഒരു വ്യക്തി മരിച്ചാല്‍ അയാളുടെ ആധാര്‍ കാര്‍ഡിനും പൗരത്വ രേഖക്കും എന്ത് വിലയാണുണ്ടാവുക? ബന്ധുക്കള്‍ മരണസര്‍ട്ടിഫിക്കറ്റ് സംഘടിപ്പിച്ച് അത് സൂക്ഷിക്കും. ആധാറും ഇലക്ഷന്‍ ഐഡിയും വിസ്മരിക്കപ്പെടും. ക്വബ്‌റിലും പരലോകത്തും ചോദ്യ ചെയ്യപ്പെടുമ്പോള്‍ ഏത് രാജ്യത്തെ പൗരനായിരുന്നു, ഏത് ഭാഷക്കാരനായിരുന്നു എന്നൊന്നും ചോദിക്കില്ല. കര്‍മങ്ങളെക്കുറിച്ചും വിശ്വാസങ്ങളെക്കുറിച്ചുമാണ് ചോദ്യം ചെയ്യപ്പെടുക. അതിനുള്ള ഉത്തരങ്ങള്‍ നല്‍കുവാന്‍ കഴിയുന്നവരാണ് വിജയികളാവുക.

''അപ്പോള്‍ ഏതൊരാളുടെ തുലാസുകള്‍ ഘനം തൂങ്ങിയോ അവന്‍ സംതൃപ്തമായ ജീവിതത്തിലായിരിക്കും. എന്നാല്‍ ഏതൊരാളുടെ തുലാസുകള്‍ തൂക്കം കുറഞ്ഞതായോ അവന്റെ സങ്കേതം ഹാവിയഃ ആയിരിക്കും. ഹാവിയഃ എന്നാല്‍ എന്താണെന്ന് നിനക്കറിയുമോ? ചൂടേറിയ നരകാഗ്‌നിയത്രെ അത്'' (ക്വുര്‍ആന്‍ 101:6-11).

ഇക്കാര്യം മുസ്‌ലിംകള്‍ മറന്നുകൂടാ. മരണം ഒടുക്കമല്ല; ശാശ്വത ജീവിതത്തിന്റെ തുടക്കമാണ്. ഈ വിശ്വാസമാണ് മുന്‍ഗാമികളെ പ്രതിസന്ധികള്‍ ധൈര്യസമേതം തരണം ചെയ്യാന്‍ പ്രാപ്തരാക്കിയത്. വാരിയം കുന്നത്തും ആലി മുസ്‌ലിയാരും വക്കം മൗലവിയുമൊക്കെ നമുക്ക് പകര്‍ന്നു നല്‍കുന്ന പാഠം അതാണ്. കഴുമരത്തിലേക്ക് കൊണ്ടുപോകുമ്പോള്‍ പോലും പതറാത്ത പാദത്തോടെയും ചിതറാത്ത ചിത്തത്തോടെയും അവര്‍ നിലകൊണ്ടു. വക്കം അബ്ദുല്‍ ഖാദര്‍ രാജ്യത്തിന്റെ സ്വാതന്ത്ര്യത്തിനു വേണ്ടിയുള്ള സമരപാതയില്‍ ബ്രിട്ടീഷ് കിങ്കരന്മാരാല്‍ കൊല്ലപ്പെടുന്നതിനുമുമ്പ് അവസാനമായി പിതാവിനെഴുതിയ കത്ത് നിറകണ്ണുകളോടെയും ആവേശത്തോടെയുമല്ലാതെ നമുക്ക് വായിക്കുവാന്‍ കഴിയില്ല. സാമൂഹ്യപാഠത്തില്‍ നമ്മുടെ കുട്ടികള്‍ അത് പഠിക്കുന്നുണ്ട്. വിശ്വാസം തന്നെയാണ് അവരെയെല്ലാം പിറന്ന നാടിന്റെ മോചനത്തിനായി ത്യാഗം സഹിക്കാന്‍ പ്രേരിപ്പിച്ചത് എന്ന് നാം തിരിച്ചറിയണം.

പൗരത്വ ഭേദഗതി നിയമം മുസ്‌ലിംകളെ മാത്രമെ ബാധിക്കുകയുള്ളൂ എന്ന് വിചാരിക്കുന്നവര്‍ ചില വസ്തുതകള്‍ മനസ്സിലാക്കേണ്ടതുണ്ട്. എന്‍.ആര്‍.സി നടപ്പിലാക്കപ്പെട്ടാല്‍ 10 ശതമാനം ആളുകളെ മാത്രമെ ദോഷകരമായി ബാധിക്കുകയുള്ളൂ എന്ന് കരുതുക. അഥവാ 90 ശതമാനവും രക്ഷപ്പെടും. എങ്കില്‍ കേരളത്തിന്റെ അവസ്ഥ എന്തായിരിക്കും? കേരളത്തില്‍ ഏകദേശം മൂന്നര കോടി ജനങ്ങളാണുള്ളത്. അതില്‍ 88 ലക്ഷം മുസ്‌ലിംകള്‍. 61 ലക്ഷത്തോളം ക്രിസ്ത്യന്‍ വിഭാഗങ്ങളും. ഈ  രണ്ടു വിഭാഗത്തെയും കഴിച്ചാല്‍ പിന്നെ ബാക്കി ഏകദേശം രണ്ട് കോടി ആളുകള്‍. അതില്‍ പെട്ട 10 ശതമാനത്തെയും ബാധിക്കും. അഥവാ 20 ലക്ഷം ഹൈന്ദവരെ!

133 കോടി ജനങ്ങളാണ് ഇന്ത്യയിലുള്ളത്. എല്ലാ ന്യൂനപക്ഷങ്ങളും ചേര്‍ന്നാല്‍ 33 കോടിയേ വരൂ. ബാക്കി 100 കോടിയും ഹൈന്ദവര്‍. ഇന്ത്യയില്‍ മൊത്തം 10 ശതമാനം ജനങ്ങളെ എന്‍.ആര്‍.സി ബാധിക്കുമെങ്കില്‍ 10 കോടി ഹൈന്ദവരെ ബാധിക്കുമെന്നര്‍ഥം. സി.എ.എ രക്ഷക്ക് എത്തും എന്ന് ചിലര്‍ ചിന്തിക്കും. പുറത്താകുന്ന ഹൈന്ദവരെ അകത്താക്കാനാണ് സി.എ.എ എന്ന് ആശ്വസിക്കും. അകത്താകണമെങ്കില്‍ ഞങ്ങള്‍ പാകിസ്ഥാനില്‍നിന്ന് വന്നവരാണ് എന്ന് അവര്‍ കളവു പറയണം. കേരളത്തില്‍ അങ്ങനെ വന്നവര്‍ എത്രയുണ്ട്? 20 ലക്ഷം ഹൈന്ദവര്‍ എന്ത് പറയും? അഫിഡവിറ്റായി ഈ കളവ് നല്‍കണം. ഇങ്ങനെ ഒരു കളവ് പറഞ്ഞിട്ടു വേണോ പൗരത്വം സ്ഥാപിക്കാന്‍? അങ്ങനെ സ്ഥാപിച്ചാല്‍ തന്നെ അന്യരാജ്യത്തുനിന്നും 'വന്ന് താമസിക്കുന്നവര്‍' എന്ന പേരില്‍ അവരും വരുംതലമുറയും അറിയപ്പെടുമെന്നത് ഓര്‍ക്കുക. ആര്‍ക്കാണ് അതില്‍ അഭിമാനിക്കാനാവുക? രേഖകള്‍ സമര്‍പ്പിക്കാന്‍ കഴിയാത്തവരുടെ പേരിനു നേരെ 'ടി' എന്ന അടയാളമിടും. ഇവര്‍ വിവിധ രേഖകള്‍ക്കായി വിവിധ ഓഫീസുകള്‍ നിരന്തരം കയറിയിറങ്ങേണ്ടിവരും. ഇന്ത്യന്‍ ജനതയെ സകല ജോലിയും ഇട്ടെറിഞ്ഞ് വീണ്ടും ക്യൂവിലേക്ക് വലിച്ചിഴക്കും. പ്രവാസികള്‍ ജോലി നഷ്ടപ്പെടുത്തി വരിനില്‍ക്കേണ്ടിവരും. രാജ്യം സാമ്പത്തികമായി വീണ്ടും തകരും.

അങ്ങനെയൊരു ദുരവസ്ഥ വരാതിരിക്കാന്‍ ഈ കരിനിയമങ്ങള്‍ പിന്‍വലിച്ചേ തീരൂ. അതിനായി ജനാധിപത്യ പ്രക്ഷോഭങ്ങള്‍ അനിവാര്യം. മതേതര കക്ഷികളുടെ മൗനം ഫാഷിസ്റ്റുകളുടെ ഇന്ധനമാണ്. അക്രമരഹിതമായ സമരമുന്നേറ്റം നടക്കേണ്ടതുണ്ട്. ഭൂരിപക്ഷ വര്‍ഗീതക്ക് പരിഹാരം ന്യൂനപക്ഷ തീവ്രതയല്ല. മതത്തിന്റെ ലേബലിലല്ല ഈ സമരം നടക്കേണ്ടത്.

വിസ്ഡം ഇസ്‌ലാമിക്  ഓര്‍ഗനൈസേഷന്‍ 'ചേര്‍ന്ന് നില്‍ക്കുക; ചെറുത്ത് േതാല്‍പിക്കുക' എന്ന പ്രമേയത്തില്‍ പ്രതിഷേധ പരിപാടികള്‍ സംഘടിപ്പിച്ചു വരുന്നത് എല്ലാവരെയും പങ്കെടുപ്പിച്ചുകൊണ്ടാണ്. ആരും മാറിനില്‍ക്കരുത്. സമരംകൊണ്ട് കാര്യമില്ല എന്ന് ചിന്തിക്കരുത്. നേട്ടങ്ങള്‍ ഉണ്ടായിട്ടുണ്ട് എന്നതിന് ചരിത്രം സാക്ഷിയാണ്. പല സംസ്ഥാനങ്ങളും പൗരത്വഭേദഗതി ബില്ലിനെതിരായി പ്രമേയം പാസാക്കിയത് നാം കണ്ടു. ബഹുജന പ്രക്ഷോഭങ്ങളാണ് അതിനുള്ള പ്രചോദനം എന്ന കാര്യം വ്യക്തമാണ്. അത് കണ്ടില്ലെന്നു നടിക്കാന്‍ പറ്റാത്ത അവസ്ഥ ഭരണാധികാരികള്‍ക്ക് വന്നു. ജനങ്ങളുടെ നാവാണ് ജനപ്രതിനിധികള്‍. എന്‍.ഡി.എയിലെ പത്തോളം കക്ഷികള്‍ പോലും ബില്ലിനെ എതിര്‍ക്കാന്‍ തുടങ്ങി. ബംഗാളിലെ പ്രമുഖനായ ഒരു ബി.ജെ.പി നേതാവിന് പോലും എതിര്‍ത്തു പറയേണ്ടിവന്നു എങ്കില്‍ അത് ജനകീയ പ്രക്ഷോഭങ്ങളുടെ വിജയമാണ്.

സമരങ്ങള്‍ സമരങ്ങള്‍ക്ക് വേണ്ടിയാകരുത്. സംഘടനകളുടെ പറ്റില്‍ എഴുതിവെക്കാന്‍ വേണ്ടിയാകരുത്. മെമ്പര്‍ഷിപ്പ് വര്‍ധനവിനും വരാന്‍ പോകുന്ന തിരഞ്ഞെടുപ്പില്‍ വോട്ട് കിട്ടാനും ആകരുത്. രാജ്യത്തിന്റെ നിലനില്‍പും ഭരണഘടനയുടെ സംരക്ഷണവുമായിരിക്കണം ലക്ഷ്യം. സൗഹാര്‍ദം തകരുന്ന യാതൊരു പ്രവര്‍ത്തനവും ഉണ്ടാകരുത്. ഇരുട്ടിന്റെ ശക്തികള്‍ വര്‍ഗീയ ധ്രുവീകരണ ശ്രമം നടത്തുന്നത് നാം തിരിച്ചറിയണം. സ്ത്രീകളുടെയും കുട്ടികളുടെയും മനസ്സില്‍ പോലും അവര്‍ വിഷം കുത്തിവെക്കുന്നു. നെറ്റിയില്‍ സിന്ദൂരം ചാര്‍ത്തുന്നത് കാക്കമാര്‍ തന്റെ പെണ്‍കുട്ടികളെ തട്ടിക്കൊണ്ടുപോകാതിരിക്കുവാനാണ് എന്ന് എറണാകുളത്തെ ഒരു സ്ത്രീ പറഞ്ഞത് അവരുടെയൊക്കെ മനസ്സില്‍ എന്തുമാത്രം വര്‍ഗീയ വിഷമാണ്, തെറ്റുധാരണകളാണ് സ്ഥാപിത താല്‍പര്യക്കാര്‍ കയറ്റിയിരിക്കുന്നത് എന്നാണ്. ഹിന്ദുത്വവാദികളുടെ ദുഷ്‌ചെയ്തികളില്‍ യഥാര്‍ഥ ഹിന്ദുകള്‍ വേദനിക്കുന്നതായി നാം അറിയുന്നു. അവരത് തുറന്നു പറയുന്നു. മതനിരപേക്ഷത നിലനിര്‍ത്താന്‍ വേണ്ടി സമരരംഗത്ത് സജീവമാകുന്നു.

സോഷ്യല്‍ മീഡിയകള്‍ വഴി പ്രചരിപ്പിക്കുന്ന കള്ളക്കഥകളെ സൂക്ഷിക്കണം. സെക്കന്റുകള്‍ക്കകം ജനങ്ങളെ വിഭജിക്കുവാനും കലാപങ്ങളിലേക്ക് നയിക്കുവാനും സോഷ്യല്‍ മീഡിയ വഴിയുള്ള പ്രചാരണങ്ങള്‍കൊണ്ട് കഴിയും.

ഇന്ത്യ എന്ന വലിയ ജലാശയത്തില്‍ വിഷം കലക്കാനുള്ള നീക്കത്തെ ഒന്നിച്ച് നാം ചെറുക്കേണ്ടതുണ്ട്. ജലാശയം വിഷമയമായാല്‍ അതിലെ ഒരു മത്സ്യത്തെയും ഒരു ജീവനെയും അത് ബാധിക്കാതിരിക്കില്ല എന്ന തിരിച്ചറിവ് നമുക്ക് ഉണ്ടാകേണ്ടതുണ്ട്.