ലജ്ജാശീലം

അബ്ദുല്‍ ജബ്ബാര്‍ മദീനി

2020 ഏപ്രില്‍ 04 1441 ശഅബാന്‍ 11

(ഇസ്‌ലാം പഠിപ്പിക്കുന്ന ഉത്തമ സ്വഭാവങ്ങള്‍: 12)

മോശമായതും അര്‍ഹരുടെ അര്‍ഹതയില്‍ കുറവു വരുത്തുന്നതും വെടിയുവാന്‍ പ്രചോദനമാകുന്ന ഉത്തമ സ്വഭാവമാണ് 'ഹയാഅ്' അഥവാ 'ലജ്ജ.' ചിലര്‍ ലജ്ജാലുക്കളായി ജനിക്കുന്നു. ലജ്ജ അവര്‍ക്ക് പ്രകൃതിദത്തമായി റബ്ബിന്റെ ഔദാര്യമാകുന്നു. ലജ്ജാശീലം മുസ്‌ലിം മതനിഷ്ഠയിലൂടെ നേടിയെടുക്കുകയുംചെയ്യുന്നു. അതിനാലാണ് മതപരമായി തന്നോട് വിലക്കപ്പെട്ടതില്‍ നിന്ന് ഒരു മുസ്‌ലിം വിട്ടകലുന്നത്.

ഇബ്‌നുല്‍ക്വയ്യിം(റഹി) പറയുന്നു: ''ലജ്ജാശീലം ഏറ്റവും ഉല്‍കൃഷ്ഠവും ഉന്നതവും ഉദാത്തവും കൂടുതല്‍ ഉപകാരപ്രദവുമായ സ്വഭാവമാകുന്നു. എന്നു മാത്രമല്ല, അത് മനുഷ്യത്വത്തിന്റെ മാത്രം പ്രത്യേകതയാണ്. ലജ്ജ ഒട്ടുമില്ലാത്തവന് മനുഷ്യത്വത്തിന്റെ മാംസവും രക്തവും അവയുടെ പുറം തോടുമല്ലാതെ ഒന്നുമില്ല. അപ്രകാരം അവനില്‍ യാതൊരു നന്മയുമില്ല.''

ലജ്ജ നന്മ മാത്രമാണെന്നും അതു നന്മ മാത്രമാണ് സമ്മാനിക്കുകയെന്നും തിരുമൊഴികളുണ്ട്. ഇംറാന്‍ ഇബ്‌നു ഹുസ്വയ്‌നി(റ)ല്‍ നിന്ന് നിവേദനം. തിരുദൂതര്‍ പറഞ്ഞു: ''ലജ്ജ മുഴുവനും നന്മ മാത്രമാണ്.''

ഇംറാനില്‍നിന്നു തന്നെയുള്ള മറ്റൊരു നിവേദനത്തില്‍ ഇപ്രകാരമുണ്ട്: ''ലജ്ജാശീലം നന്മയല്ലാതെ കൊണ്ടുവരികയില്ല'' (ബുഖാരി).

ഇസ്‌ലാമില്‍ ലജ്ജയെന്ന മഹനീയ സ്വഭാവത്തെ ഈമാനിന്റെ (വിശ്വാസത്തിന്റെ) ഭാഗമാക്കയിത് അതിന്റെ പ്രധാന്യവും അനിവാര്യതയുമാണ് അറിയിക്കുന്നത്. അല്ലാഹുവിന്റെ റസൂല്‍ ﷺ  പറഞ്ഞു: ''...ലജ്ജ ഈമാനിന്റെ ശാഖയാണ്'' (ബുഖാരി).

മനുഷ്യന്‍, തന്റെ രഹസ്യവും പരസ്യവും അറിയുന്ന അല്ലാഹുവിന്റെ മുന്നിലാണ് യഥാര്‍ഥത്തില്‍ ലജ്ജയുള്ളവനാകേണ്ടത്. ഇബ്‌നു മസ്ഊദി(റ)ല്‍ നിന്ന് നിവേദനം: ''നിങ്ങള്‍ അല്ലാഹുവില്‍നിന്ന് യഥാവിധം ലജ്ജിക്കുക.' ഞങ്ങള്‍ പറഞ്ഞു: 'തിരുദൂതരേ, ഞങ്ങള്‍ ലജ്ജിക്കുന്നു, അല്‍ഹംദുലില്ലാഹ്.' തിരുനബി ﷺ  പറഞ്ഞു: 'അങ്ങനെയല്ല. എന്നാല്‍ അല്ലാഹുവില്‍ നിന്നു യഥാവിധമുള്ള ലജ്ജയെന്നാല്‍ താങ്കള്‍ താങ്കളുടെ തലയും തലയുള്‍ക്കൊണ്ട അവയവങ്ങളും വയറും അതിലടങ്ങിയ അവയവങ്ങളും സംരക്ഷിക്കലാണ്. താങ്കള്‍ മരണത്തേയും നാശത്തെയും ഓര്‍ക്കലാണ്. വല്ലവനും പരലോകത്തെ ഉദ്ദേശിച്ചാല്‍ അവന്‍ ഭൗതികലോകത്തെ അലങ്കാരങ്ങള്‍ ഉപേക്ഷിച്ചു. വല്ലവനും ഇപ്രകാരം പ്രവര്‍ത്തിച്ചാല്‍ അയാള്‍ അല്ലാഹുവില്‍നിന്ന് യഥാവിധം ലജ്ജിച്ചു'' (സുനനുത്തിര്‍മിദി. അല്‍ബാനി ഹസനെന്ന് വിശേഷിപ്പിച്ചു).

ആദരണീയരെല്ലാവരും ലജ്ജയുള്ളവരായിരുന്നു. തിരുനബി ﷺ  ലജ്ജയാകുന്ന ഉത്തമ സ്വഭാവത്തിന്റെ മഹനീയ ഉദാഹരണവുമായിരുന്നു. തിരുദൂതരുടെ പ്രത്യേകത അല്ലാഹു ഉണര്‍ത്തുന്നത് നോക്കൂ: ''സത്യവിശ്വാസികളേ, ഭക്ഷണത്തിന് (നിങ്ങളെ ക്ഷണിക്കുകയും) നിങ്ങള്‍ക്ക് സമ്മതം കിട്ടുകയും ചെയ്താലല്ലാതെ നബിയുടെ വീടുകളില്‍ നിങ്ങള്‍ കടന്നുചെല്ലരുത്. അത് (ഭക്ഷണം) പാകമാകുന്നത് നിങ്ങള്‍ നോക്കിയിരിക്കുന്നവരാകരുത്. പക്ഷേ, നിങ്ങള്‍ ക്ഷണിക്കപ്പെട്ടാല്‍ നിങ്ങള്‍ കടന്നുചെല്ലുക. നിങ്ങള്‍ ഭക്ഷണംകഴിച്ചാല്‍ പിരിഞ്ഞുപോകുകയും ചെയ്യുക. നിങ്ങള്‍ വര്‍ത്തമാനം പറഞ്ഞ് രസിച്ചിരിക്കുന്നവരാവുകയും അരുത്. തീര്‍ച്ചയായും അതൊക്കെ നബിയെ ശല്യപ്പെടുത്തുന്നതാകുന്നു. എന്നാല്‍ നിങ്ങളോട് (അത് പറയാന്‍) അദ്ദേഹത്തിന് ലജ്ജ തോന്നുന്നു. സത്യത്തിന്റെ കാര്യത്തില്‍ അല്ലാഹുവിന് ലജ്ജ തോന്നുകയില്ല'' (ക്വുര്‍ആന്‍ 33:53).

തിരുദൂതരുടെ സ്വഭാവത്തെ കുറിച്ച് അബൂസഈദ്(റ) പറയുന്നു: ''നബി ﷺ  മണിയറയില്‍ ഇരിക്കുന്ന കന്യകയെക്കാള്‍ ലജ്ജാശീലമുള്ള വ്യക്തിയായിരുന്നു'' (ബുഖാരി).

അല്ലാഹു—ലജ്ജയും മറയും ഇഷ്ടപ്പെടുന്നു. ഒരു സംഭവം ഇപ്രകാരമുണ്ട്. യഅ്‌ലാ ഇബ്‌നുഉമയ്യ(റ)യില്‍ നിന്ന് നിവേദനം: ''ഒരു വ്യക്തി തുറന്ന സ്ഥലത്ത് മുണ്ടുടുക്കാതെ കുളിക്കുന്നത് തിരുദൂതര്‍ കണ്ടു. അപ്പോള്‍ തിരുമേനി മിമ്പറില്‍ കയറി അല്ലാഹുവിനെ സ്തുതിച്ചും അവനെ വാഴ്ത്തിക്കൊണ്ടും പറഞ്ഞു: 'നിശ്ചയം, അല്ലാഹു ഏറെ ലജ്ജയുള്ളവനും സിത്തീറുമാകുന്നു. അല്ലാഹു ലജ്ജയും മറയും ഇഷ്ടപ്പെടുന്നു. നിങ്ങളില്‍ ഒരാള്‍ കുളിക്കുകയായാല്‍ അവന്‍ മറ സ്വീകരിക്കട്ടെ.''(സുനനുഅബീദാവൂദ്. അല്‍ബാനി സ്വഹീഹെന്ന് വിശേഷിപ്പിച്ചു).

മൂസാനബി(അ)യെ കുറിച്ച് അല്ലാഹുവിന്റെ റസൂല്‍ പറഞ്ഞതായി അബൂഹുറയ്‌റ(റ)യില്‍നിന്ന് നിവേദനം: ''നിശ്ചയം മൂസാ ഏറെ ലജ്ജയുള്ളവനും സിത്തീറുമായിരുന്നു. ലജ്ജയാല്‍ അദ്ദേഹത്തിന്റെ ശരീരത്തില്‍നിന്ന് യാതൊന്നും കാണപ്പെടുമായിരുന്നില്ല...'' (ബുഖാരി).

മൂസാ നബി(അ) മദ്‌യന്‍ ദേശത്ത് കണ്ടുമുട്ടുകയും ആടുകള്‍ക്ക് വെള്ളം നല്‍കുവാന്‍ സഹായിക്കുകയും ചെയ്ത സ്ത്രീകളുടെ വിശേഷങ്ങള്‍ അല്ലാഹു പറയുമ്പോള്‍ അവരുടെ ലജ്ജാശീലത്തെ പ്രത്യേകം സ്മരിക്കുന്നത് നോക്കൂ: ''അപ്പോള്‍ ആ രണ്ട് സ്ത്രീകളില്‍ ഒരാള്‍ നാണിച്ചുകൊണ്ട് അദ്ദേഹത്തിന്റെ അടുത്ത് നടന്നു ചെന്നിട്ട് പറഞ്ഞു: താങ്കള്‍ ഞങ്ങള്‍ക്കു വേണ്ടി (ആടുകള്‍ക്ക്) വെള്ളം കൊടുത്തതിനുള്ള പ്രതിഫലം താങ്കള്‍ക്കു നല്‍കുവാനായി എന്റെ പിതാവ് താങ്കളെ വിളിക്കുന്നു'' (ക്വുര്‍ആന്‍ 28:25).