കുവൈത്ത്: നയതന്ത്ര വിശാരദന്‍ അരങ്ങൊഴിഞ്ഞു

പി.എന്‍. അബ്ദുല്ലത്വീഫ് മദനി

2020 ഒക്ടോബര്‍ 10 1442 സഫര്‍ 23

കുവൈത്ത് അമീര്‍ ശൈഖ് സ്വബാഹ് അല്‍അഹ്മദ് അല്‍സ്വബാഹ് 9 പതിറ്റാണ്ടിന്റെ സംഭവബഹുലമായ ജീവിതസപര്യയുമായി അല്ലാഹുവിലേക്ക് യാത്രയായി. അദ്ദേഹത്തിന്റെ ഭരണനിര്‍വഹണ കാര്യങ്ങളില്‍ പലതിന്റെയും ചുമതല കഴിഞ്ഞ ജൂലായ് 18  മുതല്‍ക്കു തന്നെ അദ്ദേഹത്തിന്റെ പിന്‍ഗാമിക്ക് നല്‍കിയിരുന്നു. ജൂലായ് 23 മുതല്‍ അദ്ദേഹം അമേരിക്കയില്‍ ചികിത്സയിലായിരുന്നു. 1929 ജൂണ്‍ 16ന് ജനിച്ച ശൈഖ് സ്വബാഹ് സ്‌കൂള്‍ വിദ്യാഭ്യാസത്തിനുശേഷം ഉപരിപഠനവും രാഷ്ട്രീയാനുഭവ പാഠങ്ങളും ലക്ഷ്യംവച്ച് യുവത്വത്തിന്റെ നല്ല ഒരു കാലം ചെലവഴിച്ചത് വിദേശ രാജ്യങ്ങളിലായിരുന്നു.

കുവൈത്തില്‍ അദ്ദേഹത്തിന്റെ പൊതുജീവിതം ആരംഭിക്കുന്നത് അദ്ദേഹത്തിന് 25 വയസ്സ് പൂര്‍ത്തിയാകുമ്പോഴാണ്. ഭരണകൂടത്തിന്റെ പ്രധാന വകുപ്പുകളും പ്രവര്‍ത്തന രൂപരേഖയും തയ്യാറാക്കുന്ന ഉന്നതാധികാര സമിതിയില്‍ 1954 ജൂലൈ 19ന് അദ്ദേഹം അംഗമായി. 1957ല്‍ കുവൈത്തിന്റെ ഔദേ്യാഗിക ഗസറ്റ് 'കുവൈത്ത് അല്‍യൗം' തുടങ്ങുകയും സര്‍ക്കാര്‍ പ്രസ്സ് സ്ഥാപിക്കുകയും ചെയ്തത് അദ്ദേഹം അച്ചടി പ്രസിദ്ധീകരണ വിഭാഗത്തിന്റെ തലവനായിരിക്കുമ്പോഴാണ്. കുവൈത്തിലെ പ്രസിദ്ധമായ 'അല്‍ അറബി' മാസിക പ്രസിദ്ധീകരിക്കാന്‍ തുടങ്ങിയതും അദ്ദേഹമാണ്.

1961ല്‍ കുവൈത്ത് സ്വാതന്ത്ര്യം നേടിയപ്പോള്‍ രാജ്യത്തിന്റെ ഭരണഘടനാനിര്‍മാണസമിതിയില്‍ അദ്ദേഹം അംഗമായി തെരഞ്ഞെടുക്കപ്പെട്ടു. 1962ല്‍ സ്വാതന്ത്ര്യാനന്തര ആദ്യ മന്ത്രിസഭയില്‍ അദ്ദേഹം വാര്‍ത്താവിതരണ വകുപ്പ് മന്ത്രിയായി. 1963 ജനുവരി 28നു നടന്ന ആദ്യ പാര്‍ലിമെന്റ് തെരഞ്ഞെടുപ്പിനു ശേഷം രൂപീകരിക്കപ്പെട്ട മന്ത്രിസഭയില്‍ അദ്ദേഹം വിദേശകാര്യ വകപ്പിന്റെ ചുമതല ഏറ്റെടുത്തു. തുടര്‍ന്നു നാലു പതിറ്റാണ്ടുകാലം അദ്ദേഹം വിദേശകാര്യ വകുപ്പ് മന്ത്രിയായി പ്രവര്‍ത്തിച്ചു. ലോകത്തിലെ വിവിധ രാജ്യങ്ങളില്‍ പലപ്പോഴായി ഉയര്‍ന്നുവന്ന ഭരണകൂടങ്ങളുമായി ബന്ധം സ്ഥാപിക്കുവാനും അതുവഴി ഭരണ നൈപുണ്യം നേടാനും നീണ്ട ഈ 40 വര്‍ഷത്തെ അനുഭവങ്ങള്‍ അദ്ദേഹത്തെ പ്രാപ്തനാക്കി.

1963 മെയ് 11നു കുവൈത്തിനെ യുഎന്നില്‍ ഒരു അംഗരാജ്യമായി അംഗീകരിച്ചപ്പോള്‍ യുഎന്‍ ആസ്ഥാനത്തു കുവൈത്തിന്റെ പതാക ആദ്യമായി നാട്ടിയതും ശൈഖ് സ്വബാഹാണ്. ലോകരാജ്യങ്ങള്‍ നേരിട്ട നിരവധി പ്രശ്‌നങ്ങളില്‍ മധ്യസ്ഥാനായി ഇടപെട്ടു പരിഹാരമുണ്ടാക്കുന്നതിലും അദ്ദേഹത്തിന്റെ പങ്കു ശ്രദ്ധേയമായിരുന്നു.

കുവൈത്ത് ഭരണാധികാരികളുടെ പട്ടികയില്‍ പതിനഞ്ചാമത്തെ അമീറായി ശൈഖ് സ്വബാഹ് സ്ഥാനമേല്‍ക്കുന്നത് ശൈഖ് ജാബിര്‍ അല്‍സ്വബാഹിന്റെ മരണത്തോടെ 2006ലാണ്. അതിന്നുമുമ്പ് 2003 മുതല്‍ അമീറാകുന്നതുവരെ അദ്ദേഹം പ്രധാനമന്ത്രിയുമായിരുന്നു. മറ്റൊരു പ്രത്യേകത അദ്ദേഹം കുവൈത്ത് പാര്‍ലിമെന്റ് വോട്ടുചെയ്തു തെരഞ്ഞെടുത്ത ആദ്യ അമീറാണ് എന്നതാണ്. അന്ന് വലിയ്യുല്‍ അഹ്ദ് (അമീറിന്റെ പിന്‍ഗാമി) ഉണ്ടായിരുന്നില്ല. ശൈഖ് സഅദ് അബ്ദുല്ല ശൈഖ് ജാബിറിന്റെ ശേഷം അമീറായി രണ്ടാഴ്ച കഴിഞ്ഞയുടനെ രോഗിയാവുകയും തുടര്‍ന്ന് അമീറിന്റെ ദൗത്യനിര്‍വഹണം സാധ്യമാവാതെ വന്നപ്പോള്‍ പാര്‍ലിമെന്റ് അമീര്‍ സ്ഥാനത്തേക്ക് ശൈഖ് സഅദിന്നു പകരം ശെയ്ഖ് സ്വബാഹിനെ അമീറായി തെരഞ്ഞെടുക്കുകയായിരുന്നു. സ്വതന്ത്ര കുവൈത്തിന്റെ അഞ്ചാമത്തെ അമീറായിരുന്നു ശൈഖ് സ്വബാഹ്.

2014 സെപ്തംബര്‍ 9ന് മനുഷ്യചരിത്രത്തിലാദ്യമായി 'ക്വാഇദുല്‍ ഇന്‍സാനി' (മനുഷ്യത്വത്തിന്റെ അമരക്കാരന്‍) എന്ന വലിയ ബഹുമതി മുന്‍ യുഎന്‍ സെക്രട്ടറി ജനറല്‍ ബാന്‍ കീ മൂണില്‍നിന്ന് അദ്ദേഹം ഏറ്റുവാങ്ങി. ലോകത്തിന്റെ മുക്കുമൂലകളില്‍ വ്യാപിച്ച കുവൈത്ത് ഭരണകൂടത്തിന്റെയും ജനതയുടെയും ഉദാരതക്കു കിരീടമണിയിക്കലായിരുന്നു അത്. അന്നുമുതല്‍ കുവൈത്ത് അറിയപ്പെടുന്നത് 'മനുഷ്യക്ഷേമ പ്രവര്‍ത്തനങ്ങളുടെ കേന്ദ്രം' എന്നാണ്. മത, വര്‍ഗ, ഭൂമിശാസ്ത്ര വൈവിധ്യങ്ങള്‍ക്കതീതമായി ലോകത്തൊട്ടാകെ കാറ്റുപോലെ കുവൈത്തിന്റെ സഹായഹസ്തങ്ങള്‍ നീണ്ടു. അതുകൊണ്ടുതന്നെ ലോകത്തിന്റെ വലുപ്പവുമായി തട്ടിച്ചുനോക്കുമ്പോള്‍ കണ്ണിന്റെ കൃഷ്ണമണിയെക്കാള്‍ ചെറുതായ ഒരു രാജ്യം ദുരിതാശ്വാസ പ്രവര്‍ത്തനങ്ങളില്‍ ലോകത്തിന്റെ നെറുകയില്‍ കയറിക്കൂടി. തകര്‍ന്നുതരിപ്പണമായ സിറിയയുടെ പുനര്‍നിര്‍മാണത്തെ സഹായിക്കുന്നതിന്നു സന്നദ്ധരായ രാജ്യങ്ങളുടെ ആദ്യ മുന്നു സമ്മേളനങ്ങള്‍ക്കും ആതിഥ്യം നല്‍കിയതു കുവൈത്തായിരുന്നു. ഒരുകാലത്ത് കുവൈത്തിനെത്തന്നെ അണ്ണാക്കുതൊടാതെ വിഴുങ്ങിക്കളഞ്ഞ ഇറാക്കിന്നുപോലും സഹായങ്ങളുമായി കുവൈത്ത് ഒന്നാംനിരയില്‍ ഇടംപിടിച്ചു. 'ജനങ്ങള്‍ അവരുടെ രാജാക്കന്മാരുടെ മതത്തിലാണ്' എന്ന ചൊല്ല് അന്വര്‍ഥമാക്കുന്ന തരത്തിലായിരുന്നു കുവൈത്ത് ജനതയുടെ ഈ രംഗത്തെ പാദമുദ്രകള്‍.

ശൈഖ് നവാഫ് അല്‍അഹ്മദ്: അമീറിന്റെ കൊട്ടാരത്തിലെ സൗമ്യസാന്നിധ്യം

ശൈഖ് സ്വബാഹ് അല്‍അഹ്മദിന്റെ നിര്യാണശേഷം കുവൈത്തിന്റെ പതിനാറാമത്തെ അമീറായി ശൈഖ് നവാഫ് അല്‍അഹ്മദ് അല്‍ജാബിര്‍ അല്‍സ്വബാഹ് (83) സ്ഥാനമേറ്റെടുത്തു. 2006ല്‍ വലിയ്യുല്‍ അഹ്ദ് ആയി തെരഞ്ഞെടുക്കപ്പെട്ട അദ്ദേഹം കുവൈത്ത് ഭരണതലത്തില്‍ നിരവധി സ്ഥാനങ്ങള്‍ വഹിച്ചിട്ടുണ്ട്. നീണ്ട 14 വര്‍ഷങ്ങള്‍ തന്റെ സഹോദരന്റെ കൂടെ ഒരു നിഷ്‌കാമ കര്‍മിയായി അദ്ദേഹം നിലകൊണ്ടു. കുവൈത്ത് ഭരണകുടുംബത്തിലെ ഭരണമാറ്റ പൈതൃകമനുസരിച്ചാണ് ശൈഖ് നവാഫ് ഇപ്പോള്‍ ഭരണമേറ്റെടുക്കുന്നത്. 1990ല്‍ കുവൈത്ത്- ഇറാക്ക് യുദ്ധം നടക്കുമ്പോള്‍ അദ്ദേഹം പ്രതിരോധ മന്ത്രിയായിരുന്നു. അമേരിക്കയുടെ നേതൃത്വത്തില്‍ രൂപപ്പെട്ട സൈനിക സഖ്യത്തിന്റെ ശ്രമഫലമായി ഇറാക്കില്‍ നിന്ന് കുവൈത്തിന്  മോചനം ലഭിച്ചശേഷം രൂപീകരിക്കപ്പെട്ട മന്ത്രിസഭയില്‍ സാമൂഹ്യകാര്യ, തൊഴില്‍ വകുപ്പ് മന്ത്രിയായും അദ്ദേഹം പ്രവര്‍ത്തിച്ചിട്ടുണ്ട്.

1937 ജൂണ്‍ 25നു ജനിച്ച ശൈഖ് നവാഫ് 1921 മുതല്‍ 1950 വരെ കുവൈത്ത് ഭരിച്ച പത്താമത്തെ അമീര്‍ ശൈഖ് അഹ്മദ് അല്‍ജാബിര്‍ അല്‍മുബാറക് അല്‍സ്വബാഹിന്റെ ആറാമത്തെ സന്തതിയാണ്. അറേബ്യന്‍ ചരിത്രത്തിന്റെ ആഴമുള്ള പ്രതലങ്ങളിലേക്കു വേരുകള്‍ ഇറങ്ങിനില്‍ക്കുന്ന അല്‍സ്വബാഹ്  കുടുംബത്തിലാണ് അദ്ദേഹത്തിന്റെ പിറവി. സെക്കന്ററി വിദ്യാഭാസത്തിന്നുശേഷം അദ്ദേഹം ഭരണ ചുമതലകളിലേക്കു തിരിഞ്ഞു. വളരെ ചെറുപ്രായത്തില്‍ (1962, ഫെബ്രുവരി 12ന്) ഹവല്ലി ഗവര്‍ണര്‍ ആയാണ് അദ്ദേഹം ഔദേ്യാഗിക ചുമതലകള്‍ക്കു തുടക്കമിട്ടത്. 1988ല്‍ പ്രധിരോധവകുപ്പ് മന്ത്രിയും 1991  ല്‍ സാമൂഹ്യ, തൊഴില്‍ വകുപ്പ് മന്ത്രിയും ശേഷം 1994ല്‍ ദേശസുരക്ഷാ വിഭാഗത്തിന്റെ തലവനുമായി പ്രവര്‍ത്തിച്ചു. 2003ല്‍ ആഭ്യന്തര വകുപ്പ് മന്ത്രിയായി അദ്ദേഹം സര്‍ക്കാരിലേക്ക് തിരിച്ചുവന്നു. അധികം താമസിയാതെ ഡെപ്യൂട്ടി പ്രധാനമന്ത്രിയായി. 2006ല്‍ അമീറിന്റെ പിന്‍ഗാമിയായി തെരഞ്ഞെടുക്കപ്പെടുന്നത് വരെ ആ സ്ഥാനത്തു തുടര്‍ന്നു.  

അന്താരാഷ്ട്ര രംഗത്ത് നിരവധി കാര്‍മേഘങ്ങള്‍ ഉരുണ്ടുകൂടിയ സമയത്താണ് അദ്ദേഹം ലോകത്തെ പ്രമുഖ എണ്ണ സമ്പന്ന രാജ്യങ്ങളിലൊന്നായ കുവൈത്തിന്റെ ഭരണസാരഥ്യം ഏറ്റെടുക്കുന്നത്. ഫലസ്തീന്‍ പ്രശ്‌നം, ജൂതന്മാരുമായുള്ള സഹവര്‍ത്തിത്വം, ഗള്‍ഫുരാജ്യങ്ങളുടെ ആഭ്യന്തര പ്രശ്‌നങ്ങള്‍, വിശിഷ്യാ ഖത്തറുമായുള്ള ചില ഗള്‍ഫുരാജ്യങ്ങളുടെ പിണക്കങ്ങള്‍, ഇറാനും സൗദിയുമായുള്ള സംഘര്‍ഷങ്ങള്‍ തുടങ്ങി സജീവമായ കുറെ പ്രശനങ്ങള്‍ ശൈഖ് നവാഫിന്റെ മേശപ്പുറത്തുണ്ട്. പൊതുവെ വളരെ സൗമ്യനും അവധാനതയോടെ പ്രശ്‌നങ്ങളെ സമീപിക്കുന്ന വ്യക്തിത്വവുമെന്ന നിലയ്ക്ക് അദ്ദേഹത്തിന് ഗള്‍ഫ് മേഖലയില്‍ തന്റെ മുന്‍ഗാമികളുടെ മാതൃകയില്‍ ശാശ്വത സമാധാനത്തിനായി പരിശ്രമിക്കാനാവുമെന്നു നമുക്ക് ആശിക്കാം.

വളരെ ജനകീയനായാണ് ശൈഖ് നവാഫ് കുവൈത്ത് ജനതക്കിടയില്‍ അറിയപ്പെടുന്നത്. കുവൈത്ത് ജനതയുടെ സുഖദുഃഖങ്ങളില്‍ അദ്ദേഹത്തിന്റെ സജീവസാന്നിധ്യമുണ്ടാവാറുണ്ട്. വിദ്യാഭ്യാസ മേഖലയുടെ ഉന്നമനം അദ്ദേഹത്തിന്റെ ഇഷ്ടവിഷയമാണ്. ഒരു സ്വകാര്യ അഭിമാനവും കൂടി ഈ കുറിപ്പുകാരനുണ്ട്. എന്റെ മകന്‍ അബ്ദുറഹിമാന്‍ കുവൈത്ത് യൂണിവേഴ്‌സിറ്റിയില്‍നിന്ന് ബിരുദം നേടിയപ്പോള്‍ അതിന്റെ അംഗീകാരപത്രം അബ്ദുറഹ്മാന്‍ കൈപ്പറ്റിയത് ശൈഖ് നവാഫില്‍ നിന്നായിരുന്നു.