പരീക്ഷണങ്ങളില്‍ പരിഭവിക്കരുത്

മൂസ സ്വലാഹി, കാര

2020 മാര്‍ച്ച് 21 1441 റജബ് 26

പരീക്ഷണം എന്ന വാക്ക് ഏവര്‍ക്കും സുപരിചിതമാണ്. സ്രഷ്ടാവ് തന്റെ ദാസന്മരെ പലവിധത്തിലും പരീക്ഷിക്കുന്നതാണ്. ഓരോരുത്തരുടെയും വിശ്വാസത്തെയും ജീവിതത്തെയും സൂക്ഷ്മ നിരീക്ഷണത്തിനും പരിശോധനക്കും വിധേയമാക്കുവാന്‍ ഇത് സഹായിക്കുന്നു. പരീക്ഷണത്തിന് വ്യത്യസ്തമായ രൂപങ്ങളും  മുഖങ്ങളുമുണ്ട്.

1) അതികഠിനമായ കുഴപ്പങ്ങള്‍ അഥവാ ഫിത്‌നകള്‍: ഇത് മുഖേനയുണ്ടാകുന്ന പ്രശ്‌നം അക്രമിയെ മാത്രമല്ല പൊതുവായി എല്ലാവരെയുമാണ് ബാധിക്കുക.

അല്ലാഹു പറയുന്നു: ''ഒരു പരീക്ഷണം (ശിക്ഷ) വരുന്നത് നിങ്ങള്‍ സൂക്ഷിച്ചുകൊള്ളുക.അത് ബാധിക്കുന്നത് നിങ്ങളില്‍ നിന്നുള്ള അക്രമികള്‍ക്ക് പ്രത്യേകമായിട്ടാവുകയില്ല. അല്ലാഹു കഠിനമായി ശിക്ഷിക്കുന്നവനാണെന്ന് നിങ്ങള്‍ മനസ്സിലാക്കുകയും ചെയ്യുക'' (ക്വുര്‍ആന്‍ 8:25).

ഇത്തരം അവസ്ഥകളെ ഭയക്കലും അതിനെ തൊട്ട് അഭയംതേടലും നിര്‍ബന്ധമാണ്.

അബൂഹുറയ്‌റ(റ)യില്‍ നിന്ന് നിവേദനം. നബി ﷺ  പറഞ്ഞു: ''കുഴപ്പങ്ങളുണ്ടാകും, അന്നേരം അതിലേക്ക് നടക്കുന്നവനെക്കാള്‍ നല്ലവന്‍ ഇരിക്കുന്നവനാണ്. ഓടുന്നവനെക്കാള്‍ നല്ലവന്‍ നടക്കുന്നവനാണ്. ആരെങ്കിലും ഫിത്‌നയിലേക്ക് എത്തിനോക്കിയാല്‍ അവന്‍ അതില്‍പെടും. അഭയം കണ്ടെത്താന്‍ ആര്‍ക്കാണോ സാധിക്കുന്നത് അവന്‍ അഭയം പ്രാപിക്കട്ടെ'' (മുസ്‌ലിം).

2) ബുദ്ധിമുട്ടുകളും പ്രയാസങ്ങളും (ബലാഉകള്‍): വിശ്വാസ ശുദ്ധിയും ദാര്‍ഢ്യതയും ഉള്ളവര്‍ക്കേ ഇതില്‍ വിജയിക്കാനാവൂ.

അല്ലാഹു പറയുന്നു: ''ഓരോ വ്യക്തിയും മരണം ആസ്വദിക്കുകതന്നെ ചെയ്യും. ഒരു പരീക്ഷണം എന്ന നിലയില്‍ തിന്‍മ നല്‍കിക്കൊണ്ടും നന്‍മ നല്‍കിക്കൊണ്ടും നിങ്ങളെ നാം പരിശോധിക്കുന്നതാണ്. നമ്മുടെ അടുത്തേക്ക് തന്നെ നിങ്ങള്‍ മടക്കപ്പെടുകയും ചെയ്യും'' (ക്വുര്‍ആന്‍ 21:35).

മതനിഷ്ഠയുള്ളവര്‍ പരീക്ഷിക്കപ്പെടുകയില്ലെന്ന വിചാരം വ്യര്‍ഥമാണ്. വിശ്വാസത്തിന്റെ അളവനുസരിച്ച് നാം അഭിമുഖീകരിക്കുന്ന പ്രശ്‌നങ്ങള്‍ക്ക് ഊക്ക് കൂടും. പ്രവാചകന്മാരും അനുചരരും കുടുംബം, സമൂഹം, ഭരണകൂടം എന്നിവകൊണ്ടെല്ലാം പരീക്ഷിക്കപ്പെട്ടതായി ചരിത്രം പറയുന്നു.  

അല്ലാഹു പറയുന്നു: ''ഞങ്ങള്‍ വിശ്വസിച്ചിരിക്കുന്നു എന്ന് പറയുന്നതുകൊണ്ട് മാത്രം തങ്ങള്‍ പരീക്ഷണത്തിന് വിധേയരാകാതെ വിട്ടേക്കപ്പെടുമെന്ന് മനുഷ്യര്‍ വിചാരിച്ചിരിക്കയാണോ?'' (ക്വുര്‍ആന്‍ 29:2).

മുസ്അബ് ഇബ്‌നു സഅദ്(റ) തന്റെ പിതാവില്‍ നിന്ന് നിവേദനം: ''ഞാന്‍ നബി ﷺ യോട് ചോദിച്ചു: 'ജനങ്ങളില്‍ ഏറ്റവും കഠിന പരീക്ഷണം ആര്‍ക്കാണ്?' അവിടുന്ന് പറഞ്ഞു: 'പ്രവാചകന്മാര്‍ക്ക്. പിന്നീട് അവരെ പോലുള്ളവര്‍. പിന്നീട് അവരെ പോലുള്ളവര്‍. ഒരാള്‍ അയാളുടെ മതത്തിന്റെ തോതനുസരിച്ച് പരീക്ഷിക്കപ്പെടും. അവന്‍ ദീനില്‍ ശക്തനാണെങ്കില്‍ പരീക്ഷണവും ശക്തമാകും. ലോലനാണെങ്കില്‍ പരീക്ഷണവും ലോലമാകും. ഒരു അടിമ പരീക്ഷണത്തിലായിക്കൊണ്ടേയിരിക്കും; ഒരു തെറ്റുമില്ലാതെ ഭൂമിയില്‍ നടക്കുന്നത് വരെ'' (തിര്‍മിദി).

മാനസിക പതര്‍ച്ചയോ, തളര്‍ച്ചയോ വരാതെ പരലോക രക്ഷക്കാവശ്യമായ കര്‍മങ്ങളില്‍ നാം വ്യാപൃതരാവുക എന്നതാണ് ഇവിടെയും ഗുണകരം.

ആരാണ് ജീവിതത്തെ നന്നായി സംസ്‌കരിക്കുന്നതെന്ന് കണ്ടെത്താന്‍ വേണ്ടിയാണ് മുന്‍കൂട്ടി ഇതെല്ലാം അല്ലാഹു വിധിച്ചിരിക്കുന്നത്.

അല്ലാഹു പറയുന്നു: ''ആറുദിവസങ്ങളിലായി (അഥവാ ഘട്ടങ്ങളിലായി) ആകാശങ്ങളും ഭൂമിയും സൃഷ്ടിച്ചത് അവനത്രെ. അവന്റെ അര്‍ശ് (സിംഹാസനം) വെള്ളത്തിന്‍മേലായിരുന്നു. നിങ്ങളില്‍ ആരാണ് കര്‍മംകൊണ്ട് ഏറ്റവും നല്ലവന്‍ എന്നറിയുന്നതിന് നിങ്ങളെ പരീക്ഷിക്കുവാന്‍ വേണ്ടിയത്രെ അത്. തീര്‍ച്ചയായും നിങ്ങള്‍ മരണത്തിന് ശേഷം ഉയിര്‍ത്തെഴുന്നേല്‍പിക്കപ്പെടുന്നവരാണ് എന്ന് നീ പറഞ്ഞാല്‍ അവിശ്വസിച്ചവര്‍ പറയും; ഇത് സ്പഷ്ടമായ ജാലവിദ്യയല്ലാതെ മറ്റൊന്നുമല്ല'' (ക്വുര്‍ആന്‍ 11:7).

3) ദുരിതങ്ങളും ആപത്തുകളും (മുസ്വീബത്തുകള്‍): ജീവിതത്തില്‍ സംഭവിക്കുന്ന പാപങ്ങള്‍ നിമിത്തം ഉണ്ടാകുന്നതാണിത്. വിശ്വാസികള്‍ക്കിത് പ്രായച്ഛിത്തമാണ്. അല്ലാഹു പറയുന്നു:

''നിങ്ങള്‍ക്ക് ഏതൊരു ആപത്ത് ബാധിച്ചിട്ടുണ്ടെങ്കിലും അത് നിങ്ങളുടെ കൈകള്‍ പ്രവര്‍ത്തിച്ചതിന്റെ ഫലമായിട്ടുതന്നെയാണ്. മിക്കതും അവന്‍ മാപ്പാക്കുകയും ചെയ്യുന്നു'' (ക്വുര്‍ആന്‍ 42:30).

അവിശ്വാസികള്‍ക്ക് നരകശിക്ഷയെ സംബന്ധിച്ചുള്ള താക്കീതാണിത്.

അല്ലാഹു പറയുന്നു: ''ഏറ്റവും വലിയ ആ ശിക്ഷ കൂടാതെ (ഐഹികമായ) ചില ചെറിയതരം ശിക്ഷകളും നാം അവരെ ആസ്വദിപ്പിക്കുന്നതാണ്. അവര്‍ ഒരുവേള മടങ്ങിയേക്കാമല്ലോ'' (ക്വുര്‍ആന്‍ 32:21).

കാരണങ്ങളെ അടിസ്ഥാനമാക്കി പരീക്ഷണങ്ങള്‍ അധികരിപ്പിക്കുക എന്നത് അല്ലാഹുവിന്റെ നടപടി ക്രമങ്ങളില്‍പെട്ടതാണ്. അതിനെ മാറ്റിത്തിരുത്താന്‍ മനുഷ്യബുദ്ധിക്കോ കഴിവിനോ സാധിക്കുകയില്ല.

അല്ലാഹു പറയുന്നു: ''അല്ല, നിങ്ങളുടെ മുമ്പ് കഴിഞ്ഞുപോയവര്‍(വിശ്വാസികള്‍)ക്കുണ്ടായതു പോലുള്ള അനുഭവങ്ങള്‍ നിങ്ങള്‍ക്കും വന്നെത്താതെ നിങ്ങള്‍ക്ക് സ്വര്‍ഗത്തില്‍ പ്രവേശിക്കാനാകുമെന്ന് നിങ്ങള്‍ ധരിച്ചിരിക്കയാണോ? പ്രയാസങ്ങളും ദുരിതങ്ങളും അവരെ ബാധിക്കുകയുണ്ടായി. അല്ലാഹുവിന്റെ സഹായം എപ്പോഴായിരിക്കും എന്ന് അവരിലെ ദൈവദൂതനും അദ്ദേഹത്തോടൊപ്പം വിശ്വസിച്ചവരും പറഞ്ഞുപോകുമാറ് അവര്‍ വിറപ്പിക്കപ്പെടുകയും ചെയ്തു. എന്നാല്‍ അല്ലാഹുവിന്റെ സഹായം അടുത്തു തന്നെയുണ്ട്'' (ക്വുര്‍ആന്‍ 2:214).

ഇതില്‍ 'ബഅ്‌സാഅ്' എന്നത് കഷ്ടപ്പാടിനെയും 'ദര്‍റ്വാഅ്' എന്നത് ശാരീരിക രോഗങ്ങളെയും 'സുല്‍സിലൂ' എന്നത് വധഭീഷണി, നാടുകടത്തല്‍, സ്വത്ത്കവര്‍ന്നെടുക്കല്‍, പ്രിയപ്പെട്ടവരെ കൊന്നൊടുക്കല്‍ എന്നീ കാര്യങ്ങള്‍ ഉള്‍ക്കൊണ്ടിരിക്കുന്നുവെന്ന് ശൈഖ് നാസ്വിറുസ്സഅദി(റ) വിശദീകരിച്ചതായി കാണാം.

സര്‍വതും സൃഷ്ടിക്കപ്പെടുന്നതിന്റെ അമ്പതിനായിരം വര്‍ഷങ്ങള്‍ക്ക് മുമ്പ് നിശ്ചയിക്കപ്പെട്ട കാര്യങ്ങ ളാണ് ഇപ്പോഴും നടന്നുകൊണ്ടിരിക്കുന്നത്.

അല്ലാഹു പറയുന്നു: ''ഭൂമിയിലോ നിങ്ങളുടെ ദേഹങ്ങളില്‍ തന്നെയോ യാതൊരു ആപത്തും ബാധിക്കുകയുണ്ടായിട്ടില്ല; അതിനെ നാം ഉണ്ടാക്കുന്നതിന് മുമ്പ് തന്നെ ഒരു രേഖയില്‍ ഉള്‍പെട്ടുകഴിഞ്ഞതായിട്ടല്ലാതെ. തീര്‍ച്ചയായും അത് അല്ലാഹുവെ സംബന്ധിച്ചിടത്തോളം എളുപ്പമുള്ളതാകുന്നു'' (ക്വുര്‍ആന്‍ 57:22).

വിധിവിശ്വാസത്തെ അംഗീകരിക്കാതെ അല്ലാഹുവിനോട് ദേഷ്യവും വെറുപ്പും വെച്ചുപുലര്‍ത്തുക വഴി പലരും ശിര്‍ക്കിലേക്കും സത്യനിഷേധത്തിലേക്കും ചെന്നെത്തുന്നു. ഇത് ഏറ്റവും വലിയ വിപത്താണ്.

അല്ലാഹു പറയുന്നു: ''ഒരു വക്കിലിരുന്നുകൊണ്ട് അല്ലാഹുവെ ആരാധിച്ചുകൊണ്ടിരിക്കുന്നവനും ജനങ്ങളുടെ കൂട്ടത്തിലുണ്ട്. അവന്ന് വല്ല ഗുണവും വന്നെത്തുന്ന പക്ഷം അതില്‍ അവന്‍ സമാധാനമടഞ്ഞു കൊള്ളും. അവന്ന് വല്ല പരീക്ഷണവും നേരിട്ടാലോ, അവന്‍ അവന്റെ പാട്ടിലേക്കുതന്നെ മറിഞ്ഞു കളയുന്നതാണ്. ഇഹലോകവും പരലോകവും അവന്ന് നഷ്ടപ്പെട്ടു. അതു തന്നെയാണ് വ്യക്തമായ നഷ്ടം'' (ക്വുര്‍ആന്‍ 22:11).

ക്ഷമ, ശാന്തത, സല്‍വിചാരം എന്നീ നല്ല ഗുണങ്ങള്‍ പ്രകടിപ്പിക്കേണ്ടതിന് പകരം പരിഭ്രാന്തി, അസ്വസ്ഥത എന്നിവ പ്രകടിപ്പിക്കല്‍ പരീക്ഷണങ്ങളെ മറികടക്കാനുള്ള വഴികളല്ല.

അല്ലാഹു പറയുന്നു: ''കുറച്ചൊക്കെ ഭയം, പട്ടിണി, ധനനഷ്ടം, ജീവനഷ്ടം, വിഭവനഷ്ടം എന്നിവ മുഖേന നിങ്ങളെ നാം പരീക്ഷിക്കുക തന്നെ ചെയ്യും. (അത്തരം സന്ദര്‍ഭങ്ങളില്‍) ക്ഷമിക്കുന്നവര്‍ക്ക് സന്തോഷവാര്‍ത്ത അറിയിക്കുക'' (ക്വുര്‍ആന്‍ 2:155).

''നിങ്ങളുടെ കൂട്ടത്തില്‍ സമരം ചെയ്യുന്നവരെയും ക്ഷമ കൈക്കൊള്ളുന്നവരെയും നാം തിരിച്ചറിയുകയും നിങ്ങളുടെ വര്‍ത്തമാനങ്ങള്‍ നാം പരിശോധിച്ചു നോക്കുകയും ചെയ്യുന്നതുവരെ നിങ്ങളെ നാം പരീക്ഷിക്കുക തന്നെ ചെയ്യും'' (ക്വുര്‍ആന്‍ 47:31).

പറഞ്ഞ് പരത്തലും പേടിപ്പിക്കലും തമാശയാക്കി എടുത്തവര്‍ പരീക്ഷിക്കപ്പെട്ടവരിലുണ്ട്. നന്ദി വാക്കും നന്മക്ക് വേണ്ടിയുള്ള തേട്ടവുമാണ് മനസ്സിനും കുടുംബത്തിനും എപ്പോഴും ആശ്വാസമാവുക.

അല്ലാഹു പറയുന്നു: ''തങ്ങള്‍ക്ക് വല്ല ആപത്തും ബാധിച്ചാല്‍ അവര്‍ (ആ ക്ഷമാശീലര്‍) പറയുന്നത്; ഞങ്ങള്‍ അല്ലാഹുവിന്റെ അധീനത്തിലാണ്. അവങ്കലേക്ക് തന്നെ മടങ്ങേണ്ടവരുമാണ് എന്നായിരിക്കും''(ക്വുര്‍ആന്‍ 2:156).

അബൂസലമ(റ)യുടെ മരണശേഷം നബി ﷺ  ഉമ്മുസലമ(റ)യോട് പ്രാര്‍ഥിക്കാന്‍ പറഞ്ഞത് ഇങ്ങനെയാണ്: ''അല്ലാഹുവേ എനിക്കേറ്റ വിപത്തില്‍ നീ എനിക്ക് പ്രതിഫലം നല്‍കേണമേ. ഇതിനെക്കാള്‍ നല്ലത് എനിക്ക് പകരം നല്‍കേണമേ.' ഇപ്രകാരം ചൊല്ലിയാല്‍ നഷ്ടപ്പെട്ടതിനെക്കാള്‍ ഉത്തമമായത് അല്ലാഹു അയാള്‍ക്ക് പകരം നല്‍കാതിരിക്കാല്ല'' (മുസ്‌ലിം).

വിശ്വാസികളുടെ മാതാവായിട്ടാണ് ഉമ്മു സലമ(റ) പിന്നീട് ചരിത്രത്തില്‍ അറിയപ്പെട്ടത്.

പരസ്പര സഹായവും സഹകരണങ്ങളും വിപല്‍ഘട്ടങ്ങളില്‍ അനിവാര്യമാണ്. പിണക്കവും ഒത്തൊരുമയില്ലായ്മയും സന്തോഷം പകരുകയില്ല.

അബൂഹുറയ്‌റ(റ)യില്‍ നിന്ന് നിവേദനം. നബി ﷺ  പറഞ്ഞു: ''ഒരാള്‍ ഒരു മുസ്‌ലിമിന്റെ ഭൗതികമായ വിഷമങ്ങളിലൊന്നിന് നിവാരണമുണ്ടാക്കിയാല്‍ ഉയിര്‍ത്തെഴുന്നേല്‍പിന്റെ നാളില്‍ അയാള്‍ക്ക് അനുഭവിക്കേണ്ടിവരുന്ന വിഷമങ്ങളിലൊന്നിന്ന് അല്ലാഹുവും നിവാരണമുണ്ടാക്കിക്കൊടുക്കുന്നതാണ്. ജീവിത വിഷമങ്ങളനുഭവിക്കുന്ന ഒരു വ്യക്തിയുടെ വിഷമങ്ങള്‍ ആരെങ്കിലും ലഘൂകരിച്ചുകൊടുത്താല്‍ ഇഹലോകത്തും പരലോകത്തും അല്ലാഹു അവരുടെയും വിഷമതകള്‍ ലഘുകരിച്ചുകൊടുക്കുന്നതാണ്. ഒരു മുസ്‌ലിമിന്റെ കുറ്റങ്ങളും കുറവുകളും ആരെങ്കിലും ഗോപ്യമാക്കി വെച്ചാല്‍ അല്ലാഹു അവരുടെയും കുറ്റങ്ങളും കുറവുകളും ഗോപ്യമാക്കി വെക്കുന്നതാണ്. മനുഷ്യന്‍ തന്റെ സഹോദരനെ സഹായിച്ചു കൊണ്ടിരിക്കുന്ന കാലമത്രയും അല്ലാഹു മനുഷ്യനെ സഹായിച്ചു കൊണ്ടിരിക്കും'' (മുസ്‌ലിം).

അല്ലാഹു ഒരുക്കിയ അനുഗ്രഹങ്ങളില്‍ വിപത്ത് വന്ന് ഭവിക്കുമ്പോള്‍ നിരാശക്കും വ്യസനത്തിനും അടിമപ്പെട്ട് നന്ദികെട്ടവനും അക്രമിയുമാകുന്ന പ്രകൃതം മനുഷ്യനുണ്ട്.

അല്ലാഹു പറയുന്നു: ''മനുഷ്യന്ന് നാം നമ്മുടെ പക്കല്‍ നിന്നുള്ള വല്ല കാരുണ്യവും ആസ്വദിപ്പിക്കുകയും എന്നിട്ട് നാം അതവനില്‍ നിന്ന് എടുത്തുനീക്കുകയും ചെയ്താല്‍ തീര്‍ച്ചയായും അവന്‍ നിരാശനും ഏറ്റവും നന്ദികെട്ടവനുമായിരിക്കും. അവന്ന് ഒരു കഷ്ടത ബാധിച്ചതിന് ശേഷം നാമവന്ന് ഒരു അനുഗ്രഹം ആസ്വദിപ്പിച്ചുവെങ്കിലോ നിശ്ചയമായും അവന്‍ പറയും; തിന്‍മകള്‍ എന്നില്‍ നിന്ന് ഒഴിഞ്ഞ് പോയിരിക്കുന്നു എന്ന്. തീര്‍ച്ചയായും അവന്‍ ആഹ്ലാദഭരിതനും അഹങ്കാരിയുമാകുന്നു'' (ക്വുര്‍ആന്‍ 9:10,11).

 സ്രഷ്ടാവില്‍നിന്ന് പ്രതിഫലം കാംക്ഷിച്ച് ഇതിനെക്കാള്‍ നല്ലത് ലഭിക്കുമെന്ന പ്രതീക്ഷയുംതിരിച്ചറിവുമാണ് വിവേകമതികള്‍ക്കുണ്ടാകേണ്ടത്.

പ്രാര്‍ഥന വലിയ ആശ്വാസവും പ്രതീക്ഷയുമാണ്. പരീക്ഷിക്കപ്പെട്ടവര്‍ക്കും അതില്‍ അകപ്പെടാതിരിക്കാനും നാം പ്രാര്‍ഥിക്കണം. അല്ലാഹു പറയുന്നു:

''ഞങ്ങളുടെ രക്ഷിതാവേ, ഞങ്ങളെ സത്യനിഷേധികളുടെ പരീക്ഷണത്തിന് ഇരയാക്കരുതേ. ഞങ്ങളുടെ രക്ഷിതാവേ, ഞങ്ങള്‍ക്ക് നീ പൊറുത്തുതരികയും ചെയ്യേണമേ. തീര്‍ച്ചയായും നീ തന്നെയാണ് പ്രതാപിയും യുക്തിമാനും'' (ക്വുര്‍ആന്‍ 60:5).

ഹയ്യാഷ് ഇബ്‌നു അബീ റബീഹ(റ) ഉമര്‍(റ)വിനോടൊപ്പം മദീനയിലേക്ക് ഹിജ്‌റ പോയ വേളയില്‍ അദ്ദേഹത്തിന്റെ കുടുംബക്കാരാല്‍ പരീക്ഷിക്കപ്പെട്ടു. നബി ﷺ  ദാറുല്‍ അര്‍ക്വമില്‍ വെച്ച് പ്രബോധനം തുടങ്ങുന്നതിന് മുമ്പ് തന്നെ ഇസ്‌ലാം സ്വീകരിച്ച് യര്‍മൂക്ക് യുദ്ധത്തില്‍ ശഹീദായ സ്വഹാബി കൂടിയാണ് അദ്ദേഹം. തന്നെ കൂട്ടാന്‍വന്നവര്‍ ഒരുക്കിയ ചതിയറിയാതെ മക്കയിലെത്തിയ അദ്ദേഹത്തെ ശത്രുക്കള്‍  ബന്ധിയാക്കി. ഈ വാര്‍ത്തയറിഞ്ഞ നബി ﷺ  അവര്‍ക്ക് വേണ്ടി  ഇപ്രകാരം പ്രാര്‍ഥിച്ചു: ''അല്ലാഹുവേ, ഹയ്യാഷ്ബ്‌നു അബീറബീഹ, സലമത്ത്ബ്‌നു ഹിഷാം, വലീദ്ബ്‌നുല്‍ വലീദ് എന്നിവര്‍ക്കും വിശ്വാസിക ളിലെ ദുര്‍ബലര്‍ക്കും നീ രക്ഷ നല്‍കേണമേ''(ബുഖാരി).

അല്ലാഹുവിന്റെ വിധിക്കും ശക്തിക്കും മുമ്പില്‍ ആരും അതീതനും വലിയവനുമല്ലെന്ന തിരിച്ചറിവാണ് ഇടമുറിയാത്ത പരീക്ഷണങ്ങളില്‍ നമുക്കുണ്ടാകേണ്ടത്. മനുഷ്യന് നല്‍കപ്പെട്ട അറിവും കഴിവും വളരെ പരിമിതമാണ്. ഇതെല്ലാം മറന്ന് കൊണ്ടുള്ള ഓട്ടം പരാജയത്തിലേക്കുള്ള കുതിച്ചു ചാട്ടമായിരിക്കും.