അന്തസ്സും ആനന്ദവും പകരുന്നതാണ് അറിവ്

സയ്യിദ് അബ്ദുര്‍റഹ്മാന്‍ കുവൈത്ത്

2020 ജൂലൈ 18 1441 ദുല്‍ക്വഅദ് 28

അറിവു വര്‍ധിക്കുന്തോറും അന്തസ്സിന്റെയും ആനന്ദത്തിന്റെയും വിചാരങ്ങള്‍ ജീവിതത്തില്‍ വര്‍ധിക്കുന്നുവെന്നത് ചിന്തനീയം തന്നെയാണ്. തന്റെ ജീവിതം ക്വുര്‍ആന്‍ പകരുന്ന അറിവിന്റെ തണലിലായിരിക്കുന്നിടത്തോളം കാലം മേല്‍പ്രസ്താവിക്കപ്പെട്ട രണ്ടു  അനുഗ്രഹങ്ങളില്‍ ഒരു വിശ്വാസി ജീവിതത്തിലുടനീളം അന്തോഷം അനുഭവിക്കുന്നു.  

'നാം താങ്കളുടെ മേല്‍ ക്വുര്‍ആന്‍ അവതരിപ്പിച്ചുതന്നത് താങ്കള്‍ കഷ്ടപ്പെടാന്‍ വേണ്ടിയല്ല' എന്ന ക്വുര്‍ആന്‍ വചനം(20:2) നമ്മെ അറിയിക്കുന്നത് വിശുദ്ധ ക്വുര്‍ആന്‍ ജീവിതത്തിലെ ചില സന്താപങ്ങളുടെ   കവാടം അടയ്ക്കുമ്പോള്‍  സന്തോഷത്തിന്റെ വാതിലുകള്‍ തുറന്നുവെക്കുന്നു എന്നാണ്.    

വിശുദ്ധ ക്വുര്‍ആനിന്റെ അവതരണം ആരംഭിച്ചതു തന്നെ അറിവിന്റെ നിദാനവും കാരണവുമായ വായനയെപ്പറ്റി സൂചിപ്പിച്ചുകൊണ്ടാണ്. 'ഇക്വ്‌റഅ്'(നീ വായിക്കുക) എന്ന കല്‍പനയാണത്. ഒരാള്‍ക്ക് മാത്രം ഇരിക്കാന്‍ വിശാലതയുള്ള ഇരുട്ടുനിറഞ്ഞ ഹിറാഗുഹയിലെ ഏകാന്തതയില്‍ ഏറ്റുവാങ്ങിയ വചനങ്ങളുമായി വീട്ടിലേക്കു മടങ്ങിയ പ്രവാചകന്‍ ﷺ  23 വര്‍ഷത്തിനകം ചരിത്രത്തില്‍ തുല്യതയില്ലാത്ത ഉത്തമ സമൂഹത്തെ വാര്‍ത്തെടുത്തത് ക്വുര്‍ആനികവിജ്ഞാനത്തിന്റെ വെള്ളവും വളവും നല്‍കിയിട്ടായിരുന്നു.

ദൈവ വിശ്വാസത്തിലധിഷ്ഠിതമായ അറിവ് മനുഷ്യനെ വാനോളം ഉയര്‍ത്തുന്നു എന്ന തിരിച്ചറിവാണ്  യഥാര്‍ഥത്തില്‍ ഒരു വിശ്വാസിയുടെ ജീവിതത്തെ വിജ്ഞാനത്തിന്റെ തണലില്‍ ധന്യമാക്കുന്നത്. കാരണം ഇത് വാഗ്ദാനങ്ങള്‍ ലംഘിക്കാത്ത (ക്വുര്‍ആന്‍ 22:47, 30:6) സ്രഷ്ടാവിന്റെ വാഗ്ദാനമാണ്. '...നിങ്ങളില്‍ നിന്ന് വിശ്വസിച്ചവരെയും വിജ്ഞാനം നല്‍കപ്പെട്ടവരെയും അല്ലാഹു പല പടികള്‍ ഉയര്‍ത്തുന്നതാണ്...' (ക്വുര്‍ആന്‍: 58:11).

ഉമറി(റ)ല്‍ നിന്ന് നിവേദനം; നബി ﷺ  പറഞ്ഞു: 'തീര്‍ച്ചയായും അല്ലാഹു ഈ ഗ്രന്ഥംകൊണ്ട് ചില ജനതകളെ ഉയര്‍ത്തുന്നു, മറ്റു ചിലരെ താഴ്ത്തുകയും ചെയ്യുന്നു' (മുസ്‌ലിം).

അതിലെ അറിവ് സ്വീകരിക്കാന്‍ തയ്യാറില്ലാത്തവരെയാണ് അവന്‍ താഴ്ത്തുക. അറിവും വിശ്വാസവും സമഞ്ജസമായി സമ്മേളിക്കുന്ന ജീവിതം വെല്ലുവിളികളെ അതിജീവിച്ച് ഉയരങ്ങളിലെക്ക് കുതിക്കുവാന്‍ സഹായിക്കുന്നതാണ്. പതിനാറാം നൂറ്റാണ്ടുവരെ ഇസ്‌ലാമികസമൂഹം ഉന്നതിയില്‍ നിറഞ്ഞുനിന്നത് അവര്‍ നേടിയിട്ടുള്ള അറിവിന്റെ വെളിച്ചവും വിശ്വാസത്തിന്റെ കരുത്തുംകൊണ്ടായിരുന്നു. ജ്ഞാനശാസ്ത്രങ്ങളില്‍ അവര്‍ ലോകത്തിനു മാതൃകയാകുകയായിരുന്നു. പ്രമുഖരായ പല ലോകചരിത്രകാരന്മാരും ചിന്തകരും ഈ യാഥാര്‍ഥ്യം ലോകത്തോട് പങ്കുവച്ചിട്ടുണ്ട്.

നിരവധി ഗ്രന്ഥങ്ങളുടെ രചയിതാവും സാമൂഹിക, നരവംശ ശാസ്ത്രജ്ഞനുമായ ജര്‍മന്‍ സര്‍ജന്‍ Robert Stephen Briffault (1874-1948) അദ്ദേഹത്തിന്റെ പ്രസിദ്ധഗ്രന്ഥമായ 'The Making of Humanity' (1919)യില്‍ വിജ്ഞാന ലോകത്തിന് ഇസ്‌ലാം സമര്‍പ്പിച്ച സംഭാവനകളെ ലോകത്തെ ബോധിപ്പിക്കുന്നുണ്ട്. തന്റെ ഗ്രന്ഥത്തില്‍ നിരവധി പേജുകളുള്ള 'ദാറുല്‍ ഹിക്മ' (The home of science) എന്ന വലിയ അധ്യായം തന്നെ അദ്ദേഹം നല്‍കുന്നുണ്ട്.

"Science owes a great deal more to Arab culture, it owes its existence"- അറബ് സംസ്‌കാരത്തോട് ശാസ്ത്രം വളരെയധികം കടപ്പെട്ടിരിക്കുന്നു, അത് ശാസ്ത്രത്തിന്റെ നിലനില്‍പിന് കടപ്പെട്ടിരിക്കുന്നു'' (The making of humanity, LONDON: George Allen & Unwin Ltd, Page: 191).

What we call science arose in Europe as a result of a new spirit of inquiry, of new methods of investigation, of the method of experiment, observation, measurement, of the development of mathematics in a form unknown to the Greeks. That spirit and those methods were introduced into the European world by the Arabs.

''ഗ്രീക്കുകാര്‍ക്ക് അന്യമായരൂപത്തില്‍ ഗണിതശാസ്ത്രത്തിന്റെ നവ അന്വേഷണ പരീക്ഷണരീതികള്‍, നിരീക്ഷണം, അളക്കല്‍, ഗണിതശാസ്ത്രത്തിന്റെ വികാസം എന്നിവയുടെ ഫലമായി യൂറോപ്പില്‍ ശാസ്ത്രം എന്ന് നാം വിളിക്കുന്നത് വളര്‍ന്നുവന്നു. പ്രസ്തുത ആത്മാവും രീതികളും യൂറോപ്യന്‍ ലോകത്തിനു സമര്‍പ്പിച്ചത്  അറബികളായിരുന്നു'' (അതേ പുസ്തകം, പേജ് 191).

മത-ദൈവനിഷേധിയായ  ബെര്‍ട്രാന്‍ഡ് റസ്സല്‍ മുസ്‌ലിംകളുടെ വൈജ്ഞാനിക സംഭാവനകളെ വിലയിരുത്തുന്നുണ്ട്:

Throughout the Middle Ages. The mohammadans were more civilized and more humane than Christian.

''മധ്യകാലഘട്ടങ്ങളില്‍ മുഹമ്മദന്മാര്‍ ക്രിസ്ത്യാനികളെക്കാള്‍ പരിഷ്‌കൃതരും മനുഷ്യത്വമുള്ളവരുമായിരുന്നു'' (A history of western philosophy By Bertand Russel, Page 324 Unwin Hymin Ltd London. 1990).

'അറബിക് തത്ത്വചിന്തകന്മാര്‍ യഥാര്‍ഥത്തില്‍ വിജ്ഞാനകോശങ്ങള്‍ ആയിരുന്നു' (അതേ പുസ്തകം, പേജ് 427).

അബ്ബാസിയ്യ, അമവിയ്യ കാലഘട്ടങ്ങളും സ്‌പെയിനും ഒട്ടോമന്‍ സാമ്രാജ്യവുമൊക്കെ ചില ഉദാഹരണങ്ങള്‍ മാത്രം. ഏത് പ്രതികൂലസാഹചര്യത്തിലും വിശ്വാസിക്ക് പറക്കാനുള്ള രണ്ടു ചിറകുകളാണ് അറിവും വിശ്വാസവും. ഇവ രണ്ടും ദുര്‍ബലമായതുമുതലാണ് ചരിത്രത്തില്‍ മുസ്‌ലിം സമൂഹത്തിന്റെ അന്തസ്സും അഭിമാനവും കവര്‍ന്നെടുക്കപ്പെട്ടത്.

'അറിവ് ജീവനും ഈമാന്‍ രക്ഷയുമാണ്' എന്ന, നാലാം ഖലീഫയായ അലി(റ)യുടെ പ്രസ്താവന വിശ്വാസിയുടെ ജീവിതത്തിലെന്നും കാത്തുസൂക്ഷിക്കപ്പെടേണ്ടതു തന്നെയാണ്.

യാഥാര്‍ഥ്യത്തിലേക്ക് വെളിച്ചംനല്‍കുന്ന അറിവാണ് മനുഷ്യനെ എന്നും ധന്യമാക്കുന്നത്. മനസ്സിന് ശാന്തതയും സ്വസ്ഥതയും പകരുന്ന സല്‍കര്‍മങ്ങള്‍ക്ക് ഊര്‍ജവും പ്രചോദനവും നല്‍കുന്ന അറിവുകളാണ് യഥാര്‍ഥത്തില്‍ ജീവിതത്തില്‍ ആനന്ദം പകരുന്നതും അറിവിന്റെ ലോകത്തു വ്യതിരിക്തമാകുന്നതും. വിശുദ്ധ ക്വുര്‍ആന്‍ പറയുന്നു:

''അതല്ല, പരലോകത്തെ പറ്റി ജാഗ്രതപുലര്‍ത്തുകയും, തന്റെ രക്ഷിതാവിന്റെ കാരുണ്യം ആശിക്കുകയും ചെയ്തുകൊണ്ട് സാഷ്ടാംഗം ചെയ്തും നിന്നുപ്രാര്‍ഥിച്ചും രാത്രിസമയങ്ങളില്‍ കീഴ്വണക്കം ചെയ്യുന്നവനോ (അതല്ല സത്യനിഷേധിയോ ഉത്തമന്‍?) പറയുക: അറിവുള്ളവരും അറിവില്ലാത്തവരും സമമാകുമോ? ബുദ്ധിമാന്‍മാര്‍ മാത്രമെ ആലോചിച്ചുമനസ്സിലാക്കുകയുള്ളൂ'' (ക്വുര്‍ആന്‍ 39:9).  

കേവല ഭൗതികവിജ്ഞാനങ്ങളെ മാത്രം അറിവിന്റെ ലോകത്തു പരിമിതപ്പെടുത്തി ആത്മീയ വിജ്ഞാനങ്ങള്‍ക്ക് അയിത്തം കല്‍പിക്കുന്ന മതവിശ്വാസികള്‍ ഏറെ ആലോചിക്കേണ്ട വചനമാണിത്.        

കാരുണ്യവാനായ പ്രപഞ്ചനാഥനെ അറിയുകയും പരലോകവിജീവിതത്തില്‍ ഉറച്ചുവിശ്വസിക്കുകയും രാത്രിയുടെ യാമങ്ങളില്‍ പോലും തന്റെ രക്ഷിതാവിനെ ആരാധിച്ചും വണങ്ങിയും അവന്റെ കാരുണ്യത്തില്‍ പ്രതീക്ഷവച്ചും ലഭിക്കുന്ന അനുഭൂതിപകരുന്ന ആത്മീയ അറിവ് ലഭിച്ചവരും അല്ലാത്തവരും തമ്മിലുള്ള വ്യത്യാസം പഠിപ്പിക്കുന്ന ഈ  വചനം ആത്മീയജ്ഞാനത്തിന്റെ അനന്തമായ  ഫലങ്ങളിലേക്കു വെളിച്ചംവീശുന്നു.

അറിവ് പകരുന്ന അനുഭൂതികള്‍ സംബന്ധിച്ച് ഇബ്‌നുല്‍ ക്വയ്യിം(റഹി) പറയുന്നു: 'അത് (അറിവ്) ഹൃദയത്തിന്റെ ജീവനാണ്. ഉള്‍ക്കാഴ്ചകള്‍ക്കു വെളിച്ചമാണ്. നെഞ്ചുകളനുഭവിക്കുന്നതിന്റെ ശമനമാണ്. ബുദ്ധിയുടെ പൂന്തോട്ടമാണ്. ആത്മാക്കളുടെ ആനന്ദമാണ്' (മദാരിജുസ്സാലികീന്‍).

കേവലം ബൗദ്ധിക, ഭൗതിക അറിവുകള്‍കൊണ്ട് നേടിയെടുക്കാന്‍ കഴിയുന്ന അനുഭവതലമല്ല ഇത്, പ്രത്യുത ശരിയായ പ്രമാണങ്ങളുടെ വെളിച്ചത്തില്‍ ഒരു വിശ്വാസി ആര്‍ജിച്ചെടുക്കുന്ന ആത്മീയജ്ഞാനം അവന്റെ ജീവിതത്തിന് സമര്‍പ്പിക്കുന്ന സമ്മാനമാണ്.

മനുഷ്യമനസ്സിന്റെ നിയതവും സന്തുലിതവുമായ നിലനില്‍പിനും ആത്മീയജ്ഞാനം ഏറെ കരുത്തു പകരുന്നുവെന്നാണ് മനഃശാസ്ത്ര പഠനങ്ങള്‍ തെളിയിക്കുന്നത്. ഇമാം ഗസ്സാലി പറയുന്നു: 'ശരീരത്തിന് ഭക്ഷണമെന്ന പോലെ ഹൃദയത്തിന്റെ പോഷകാഹാരം അറിവും തത്ത്വജ്ഞാനവുമാണ്. അറിവ് ലഭ്യമായില്ലെങ്കില്‍ ഹൃദയം രോഗിയാകുന്നു. അതിന്റെ മരണം സുനിശ്ചിതവുമാണ്. എന്നാല്‍ മനുഷ്യന്‍ അതറിയുന്നില്ലെന്നതാണ് വസ്തുത' (ഇഹ്യാ ഉലൂമിദ്ദീന്‍).

ആത്മീയചിന്തകള്‍ വളര്‍ത്തുന്ന വിജ്ഞാനങ്ങളെന്നും ഒരു മനുഷ്യന്റെ ജീവിതയാത്രയിലെ കൂട്ടുകാരനെപ്പോലെയാണ്. അവനു തുണയും അനുഭൂതിയും പകരുന്നത് അവന്‍ നേടിയിട്ടുള്ള  ഇത്തരം അറിവുകളാണ്.

ഇമാം ഇബ്‌നുല്‍ ക്വയ്യിം(റഹി) എഴുതുന്നു: 'അത് (അറിവ്)  ഇമാമും (മുന്നില്‍നില്‍ക്കുന്നത്)  പ്രവര്‍ത്തനം (അമല്‍) പിന്‍നിരക്കാരനും ആകുന്നു. അറിവ് നായകനും പ്രവര്‍ത്തനം അനുയായിയുമാകുന്നു. അറിവ് പ്രവാസത്തിലെ സുഹൃത്താണ്. ഏകാന്ധതയിലെ കൂട്ടുകാരനാണ്. സംശയങ്ങളുടെ ദൂരീകരണമാണ്. ഈ നിധി സമ്പാദിക്കുന്നത് ഐശ്വര്യമാണ്' (മദാരിജുസ്സാലികീന്‍).

അറിവുനുകരാന്‍  പ്രവാചകസന്നിധിയില്‍ വന്ന അനുചരനായ  സ്വഫ്വാനുബ്‌നു ഗസ്സാലുല്‍ മുറാദിയോട് നബി ﷺ  'അറിവ് അന്വേഷിക്കുന്നവനേ, താങ്കള്‍ക്കു സ്വാഗതം! വിദ്യയന്വേഷിക്കുന്നവനെ എന്നും മലക്കുകള്‍ സ്‌നേഹത്താല്‍ പൊതിയുന്നു. അവയുടെ ചിറകുകള്‍കൊണ്ട് അവനു തണല്‍ നല്‍കുന്നു'വെന്നു പറഞ്ഞത് (അഹ്മദ്/ത്വബ്‌റാനി; അല്‍ബാനി ഹസനെന്നു പറഞ്ഞ ഹദീഥ്) ഒരു വിശാസിക്കെന്നും അറിവിന്റെ പ്രാധാന്യത്തെയും ഗുണത്തെപ്പറ്റിയും നല്‍കപ്പെട്ടിട്ടുള്ള വിലപ്പെട്ട പാഠമാണ്. മാത്രമല്ല അറിവിന്റെ മാര്‍ഗത്തില്‍ പ്രവേശിച്ചവര്‍ക്ക് മലക്കുകളുടെ സംരക്ഷണം പോലുമുണ്ടാകുമെന്ന് ഈ  വചനം അറിയിക്കുന്നു.

അറിവിനെ പ്രോത്സാഹിപ്പിച്ചുകൊണ്ടുള്ള മുന്‍കാല ഇസ്ലാമിക പണ്ഡിതരുടെ അധ്യാപനങ്ങള്‍ സമുദായം എന്നെന്നും നെഞ്ചിലേറ്റേണ്ടതാണ്.

'അറിവിനോടുള്ള സംവേദനം സ്‌തോത്രമാണ്. അതിന്റെ ഗവേഷണം ധര്‍മസമരമാണ്. അത് അന്വേഷിക്കല്‍ ദൈവസാമീപ്യമാണ്. അതിന്നു ചെലവിടുന്നതെന്തും ദാനധര്‍മമാണ്. അതിലേക്കുള്ള ആവശ്യം ഭക്ഷണ പാനീയങ്ങളെക്കാളും മഹത്തരമാണ്' (ഇബ്‌നുല്‍ ക്വയ്യിം-മദാരിജുസ്സാലികീന്‍).

അറിവ് അന്വേഷിക്കല്‍ ഓരോ മുസ്‌ലിമിന്റെയും മേല്‍ നിര്‍ബന്ധമാണെന്ന പ്രവാചക വചനം (ഇബ്‌നുമാജ, ത്വബ്‌റാനി, അല്‍ബാനി സ്വഹീഹാക്കിയത്) അറിവ് മുസ്‌ലിമിന്റെ നിലനില്‍പിന്റെ കൂടി ആധാരമാണെന്നും ഈ ബാധ്യത നിര്‍വഹിച്ചില്ലെങ്കില്‍ അവന്‍ പരാജിതനാകുമെന്നും പഠിപ്പിക്കുന്നു.

മതവിജ്ഞാനങ്ങള്‍ ജീവിതത്തോട് ചേര്‍ത്തുവെക്കുന്ന വിഷയമായി മാറുമ്പോഴാണ് അവ നമുക്ക് വെളിച്ചമായി മാറുന്നത്. അല്ലാത്തപക്ഷം ഏത്ര ഭൗതിക വിദ്യാഭ്യാസം നേടിയാലും  പ്രപഞ്ചനാഥന്റെ ദൃഷ്ടിയില്‍ അവരുടെ ജീവിതം ഇരുളടഞ്ഞതാണ്. ആത്മീയചിന്തയുടെ പ്രകാശം ലഭിക്കാത്ത ജീവിതങ്ങള്‍ പ്രതിസന്ധികളില്‍, പരീക്ഷണങ്ങളില്‍ തളര്‍ന്നുവീഴുന്ന വന്‍മരങ്ങളായി മാറുന്നു.

''നിര്‍ജീവാവസ്ഥയിലായിരിക്കെ നാം ജീവന്‍ നല്‍കുകയും, നാം ഒരു (സത്യ)പ്രകാശം നല്‍കിയിട്ട് അതുമായി ജനങ്ങള്‍ക്കിടയിലൂടെ നടന്നുകൊണ്ടിരിക്കുകയും ചെയ്യുന്നവന്റെ അവസ്ഥ, പുറത്ത് കടക്കാനാകാത്ത വിധം അന്ധകാരങ്ങളില്‍ അകപ്പെട്ട അവസ്ഥയില്‍ കഴിയുന്നവന്റെത് പോലെയാണോ?''(ക്വുര്‍ആന്‍ 6:122)

 ഈ വചനത്തില്‍ 'പ്രകാശം' എന്ന് പരാമര്‍ശിച്ചിരിക്കുന്നത് വേദഗ്രന്ഥം വിഭാവനചെയ്യുന്ന മാര്‍ഗദര്‍ശനത്തെയാണ്.

''മനുഷ്യരേ, നിങ്ങള്‍ക്കിതാ നിങ്ങളുടെ രക്ഷിതാവിങ്കല്‍നിന്നുള്ള ന്യായപ്രമാണം വന്നുകിട്ടിയിരിക്കുന്നു. വ്യക്തമായ ഒരു പ്രകാശം നാമിതാ നിങ്ങള്‍ക്ക് ഇറക്കിത്തന്നിരിക്കുന്നു'' (ക്വുര്‍ആന്‍ 4:174).

മതവിജ്ഞാനം അല്ലാഹു ഹൃദയത്തില്‍ ഇട്ടുതരുന്ന ദൈവിക പ്രകാശമാണ്. അത് വര്‍ധിക്കുന്തോറും മനസ്സിന്റെ ശോഭ വര്‍ധിക്കുന്നു. അതു കുറയുന്തോറും മനസ്സില്‍ ഇരുട്ട് വ്യാപിക്കുന്നു. ഭൗതികജീവിത വ്യവഹാരങ്ങളില്‍ വിശാലതയുണ്ടെങ്കിലും മനസ്സ് ഇടുങ്ങിപ്പോകുക മാത്രമല്ല, യഥാര്‍ഥ ജീവിതത്തിന്റെ വിശാലത പോലും കുറഞ്ഞു പോകും.  

''എന്റെ ഉല്‍ബോധനത്തെ വിട്ട് വല്ലവനും തിരിഞ്ഞുകളയുന്നപക്ഷം തീര്‍ച്ചയായും അവന്ന് ഇടുങ്ങിയ ഒരു ജീവിതമാണുണ്ടായിരിക്കുക'' (ക്വുര്‍ആന്‍ 20:124).

ഐഹികജീവിതത്തിലെ ആനന്ദത്തിന്നു മാത്രമല്ല, സുരക്ഷിതത്വത്തിനും പരലോകജീവിതത്തിലെ മോക്ഷത്തിന്നും ഉപകരിക്കുന്ന ഈമാനിന്റെ ചേരുവയുള്ള അറിവുകളാകട്ടെ നമ്മുടെയും വരുംതലമുറയുടെയും സമ്പാദ്യം.