അമാനത്ത്

അബ്ദുല്‍ ജബ്ബാര്‍ മദീനി

2020 ഫെബ്രുവരി 01 1441 ജുമാദല്‍ ആഖിറ 03

(ഇസ്‌ലാം പഠിപ്പിക്കുന്ന ഉത്തമ സ്വഭാവങ്ങള്‍: 2)

ബാധ്യതകളുടെ നിര്‍വഹണവും സംരക്ഷണവുമാണ് അമാനത്ത്. ഒരാളുടെ മേല്‍ ബാധ്യതയാക്കപ്പെട്ട നമസ്‌കാരം, സകാത്ത്, നോമ്പ് പോലുള്ളതെല്ലാം അമാനത്തുകളാണ്. സൂക്ഷിപ്പുസ്വത്തുക്കള്‍, രഹസ്യങ്ങള്‍, സ്വകാര്യതകള്‍ തുടങ്ങിയവയും ഗൗരവപ്പെട്ട അമാനത്തുകളാകുന്നു. വിജയികളായ വിശ്വാസികള്‍ അമാനത്തിന്റെ പരിപാലകരും പരിരക്ഷകരുമാണ്. ഒരു വിശുദ്ധ വചനം നോക്കൂ:

''തങ്ങളുടെ അമാനത്തുകളും കരാറുകളും പാലിക്കുന്നവരുമത്രേ (ആ വിജയം പ്രാപിച്ചവരായ വിശ്വാസികള്‍)''

(ക്വുര്‍ആന്‍ 23:8)

വിധിവിലക്കുകള്‍ യഥാവിധം പാലിക്കല്‍ അമാനത്തിന്റെ നിര്‍വഹണമാണ്. കല്‍പനകളെ ശിരസ്സാവഹിച്ചും വിരോധങ്ങളെ വിട്ടകന്നും അമാനത്ത് പാലിക്കുവാന്‍ വിശുദ്ധ ക്വുര്‍ആന്‍ അനുശാസിച്ചിട്ടുണ്ട്. അമാനത്തുകള്‍ നിര്‍വഹിക്കേണ്ടുന്നതിന്റെ ഗൗരവവും പ്രധാന്യവുമാണ് പ്രസ്തുത അവതരണം അറിയിക്കുന്നത്.

''തീര്‍ച്ചയായും നാം ആ അമാനത്ത് (വിശ്വസ്ത ദൗത്യം, ഉത്തരവാദിത്തം) ആകാശങ്ങളുടെയും ഭൂമിയുടെയും പര്‍വതങ്ങളുടെയും മുമ്പാകെ എടുത്തുകാട്ടുകയുണ്ടായി. എന്നാല്‍ അത് ഏറ്റെടുക്കുന്നതിന് അവ വിസമ്മതിക്കുകയും അതിനെപ്പറ്റി അവയ്ക്ക് പേടി തോന്നുകയും ചെയ്തു. മനുഷ്യന്‍ അത് ഏറ്റെടുത്തു. തീര്‍ച്ചയായും അവന്‍ കടുത്ത അക്രമിയും അവിവേകിയുമായിരിക്കുന്നു'' (ക്വുര്‍ആന്‍ 33:72).

അമാനത്തിന്റെ വിവരണത്തില്‍ ധാരാളം വാക്കുകള്‍ നല്‍കിയ ശേഷം ഇമാം ഇബ്‌നുകഥീര്‍ പറഞ്ഞു: 'പുണ്യകര്‍മങ്ങള്‍, നിര്‍ബന്ധകര്‍മങ്ങള്‍, മതകാര്യങ്ങള്‍, ശിക്ഷാവിധികള്‍ എന്നിവയെല്ലാം അമാനത്തില്‍ പെട്ടതാണ്.' അദ്ദേഹം പറഞ്ഞു: 'ഈ അഭിപ്രായങ്ങളെല്ലാം ഒന്നൊന്നിനെ നിരാകരിക്കുന്നില്ല. പ്രത്യുത, വിധിവിലക്കുകള്‍ ബാധകമാക്കുക, കല്‍പനകളും വിരോധങ്ങളും അവയുടെ നിബന്ധനകള്‍ക്കൊത്ത് സ്വീകരിക്കുക എന്നതില്‍ എല്ലാം യോജിക്കുകയും പ്രസ്തുത ആശയത്തിലേക്ക് മടങ്ങുകയും ചെയ്യുന്നു. കല്‍പനകളും വിരോധങ്ങളും നിബന്ധനകള്‍ക്ക് ഒത്ത് സ്വീകരിക്കുക എന്നത് മനുഷ്യന്‍ അവ നിര്‍വഹിച്ചാല്‍ അവന് പ്രതിഫലം നല്‍കപ്പെടുമെന്നതും കയ്യൊഴിച്ചാല്‍ ശിക്ഷിക്കപ്പെടുമെന്നതുമാണ്. എന്നാല്‍ അല്ലാഹു—നന്മയിലക്ക് ഉദവിനല്‍കിയവരൊഴിച്ചുള്ളവര്‍ തങ്ങളുടെ ദുര്‍ബലതയും അജ്ഞതയും അന്യായവുമുള്ള നിലയ്ക്ക് അവ സ്വീകരിച്ചു.'

ഉടമസ്ഥനോ അല്ലെങ്കില്‍ അയാളുടെ പ്രതിനിധിയോ പ്രതിഫലമൊന്നും നല്‍കാതെ സൂക്ഷിക്കുന്നവന്റെ അടുക്കല്‍ നിക്ഷേപിക്കുന്ന വസ്തുക്കളാണല്ലോ വദീഅത്തുകള്‍ (സൂക്ഷിപ്പുസ്വത്തുകള്‍). അവയെല്ലാം യഥാവിധം നിര്‍വഹിക്കല്‍ അമാനത്തിന്റെ തേട്ടമാകുന്നു. ഈ വിഷയത്തില്‍ അല്ലാഹുവിന്റെ വചനം നോക്കൂ:

''ഇനി നിങ്ങളിലൊരാള്‍ മറ്റൊരാളെ(വല്ലതും) വിശ്വസിച്ചേല്‍പിച്ചാല്‍ ആ വിശ്വാസമര്‍പ്പിക്കപ്പെട്ടവന്‍ തന്റെ വിശ്വസ്തത നിറവേറ്റട്ടെ'' (ക്വുര്‍ആന്‍ 2:283).

''വിശ്വസിച്ചേല്‍പിക്കപ്പെട്ട അമാനത്തുകള്‍ അവയുടെ അവകാശികള്‍ക്ക് നിങ്ങള്‍ കൊടുത്തു വീട്ടണമെന്നും ജനങ്ങള്‍ക്കിടയില്‍ നിങ്ങള്‍ തീര്‍പ്പു കല്‍പിക്കുകയാണെങ്കില്‍ നീതിയോടെതീര്‍പ്പു കല്‍പിക്കണമെന്നും അല്ലാഹു നിങ്ങളോട് കല്‍പിക്കുന്നു. എത്രയോ നല്ല ഉപദേശമാണ് അവന്‍ നിങ്ങള്‍ക്ക് നല്‍കുന്നത്. തീര്‍ച്ചയായും എല്ലാം കേള്‍ക്കുന്നവനും കാണുന്നവനുമാകുന്നു അല്ലാഹു'' (ക്വുര്‍ആന്‍ 4:58).

നബി ﷺ  പറഞ്ഞു: ''നിന്നെ വിശ്വസിച്ചേല്‍പിച്ചവനിലേക്ക് അമാനത്ത് തിരിച്ചേല്‍പിക്കുക. നിന്നെ ചതിച്ചവനെ നീ ചതിക്കരുത്''(സുനനുത്തുര്‍മുദി. അല്‍ബാനി സ്വഹീഹെന്ന് വിശേഷിപ്പിച്ചു).

'അമാനത്ത്' എന്നതിന്റെ വിപരീതപദമാണ് 'ഖിയാനത്ത്.' ഖിയാനത്ത് വഞ്ചനയാണ്. വഞ്ചന ഇസ്‌ലാമില്‍ വിരോധിക്കപ്പെട്ട കൊടിയ കുറ്റവുമാണ്.

''സത്യവിശ്വാസികളേ, നിങ്ങള്‍ അല്ലാഹുവോടും റസൂലിനോടും വഞ്ചന കാണിക്കരുത്. നിങ്ങള്‍ വിശ്വസിച്ചേല്‍പിക്കപ്പെട്ട കാര്യങ്ങളില്‍ അറിഞ്ഞുകൊണ്ട് വഞ്ചന കാണിക്കുകയും ചെയ്യരുത്'' (ക്വുര്‍ആന്‍ 8:27).

ഈ ആയത്തിന്റെ വിവരണത്തില്‍ ഇമാം ഇബ്‌നുകഥീര്‍ പറഞ്ഞു: ''ഈ ഖിയാനത്ത്(വഞ്ചന) ചെറുതും വലുതുമായ എല്ലാ പാപങ്ങളെയും പൊതുവില്‍ ഉള്‍കൊള്ളുന്നു; പ്രസ്തുത പാപങ്ങള്‍ സ്വന്തത്തോട് ചെയ്തതാകട്ടെ, അന്യരോട് ചെയ്തതാകട്ടെ.''

അലിയ്യ് ഇബ്‌നു അബീത്വല്‍ഹ(റ)യില്‍ നിന്നും ഇബ്‌നു അബ്ബാസ്(റ) പറഞ്ഞതായി നിവേദനം: ''നിങ്ങള്‍ അമാനത്തുകളില്‍ വഞ്ചന കാണിക്കുകയും ചെയ്യരുത്. അമാനത്ത് എന്നാല്‍ അല്ലാഹു അടിയാറുകളെ വിശ്വസിച്ചേല്‍പിച്ച നിര്‍ബന്ധ കര്‍മങ്ങളാണ്. നിങ്ങള്‍ വഞ്ചന കാണിക്കരുത് എന്നാല്‍ നിങ്ങള്‍ അവ ലംഘിക്കരുത് എന്നുമാണ്. വഞ്ചന മുസ്‌ലിമിന്റെ ലക്ഷണമല്ല; വിശിഷ്യാ വിശ്വസിച്ചേല്‍പിക്കപ്പെട്ട കാര്യങ്ങളിലും വസ്തുവകകളിലും. അത് കപടന്മാരുടെ ദുര്‍ഗുണമാണ്.''

നബി ﷺ  പറഞ്ഞു: ''കപടവിശ്വാസിയുടെ അടയാളം മൂന്നെണ്ണമാകുന്നു. അവന്‍ സംസാരിച്ചാല്‍ കളവ് പറയും. കരാര്‍ ചെയ്താല്‍ ലംഘിക്കും. വിശ്വസിച്ചേല്‍പിക്കപ്പെട്ടാല്‍ വഞ്ചിക്കും'' (ബുഖാരി).

അമാനത്ത് നിര്‍വഹിക്കുന്നതിന്റെ പ്രാധാന്യമറിയിക്കുന്ന ഒരു തിരുമൊഴി ഇപ്രകാരം വന്നിട്ടുണ്ട്: ''നബി ﷺ  ഞങ്ങളോട് പ്രസംഗിക്കുമ്പോഴെല്ലാം ഇപ്രകാരം പറയുമായിരുന്നു: അമാനത്തില്ലാത്തവര്‍ക്ക് ഈമാനില്ല. കരാര്‍ പാലനമില്ലാത്തവര്‍ക്ക് ദീനുമില്ല''(മുസ്‌നദു അഹ്മദ്. അല്‍ബാനി സ്വഹീഹെന്ന് വിശേഷിപ്പിച്ചു).

നബി ﷺ യും അബൂദര്‍റും(റ) തമ്മില്‍ നടന്ന ഒരു സംഭാഷണം അമാനത്തിന്റെ ഗൗരവം ഉറക്കെ വിളിച്ചോതുന്നു. ഒരിക്കല്‍ അദ്ദേഹം ചോദിച്ചു:

'അല്ലാഹുവിന്റെ ദൂതരേ, താങ്കള്‍ എന്നെ ഗവര്‍ണറായി നിശ്ചയിക്കുന്നില്ലേ?' അപ്പോള്‍ നബി ﷺ  തന്റെ കൈകൊണ്ട് എന്റെ ഇരുചുമലുകളിലും തട്ടി. ശേഷം തിരുമേനി പറഞ്ഞു: 'അബൂദര്‍റ്! താങ്കള്‍ ദുര്‍ബലനാണ്. നേതൃപദവിയാകട്ടെ അമാനത്തുമാണ്. അത് അന്ത്യനാളില്‍ നിന്ദ്യതയും അപമാനവുമാണ്; നേതൃത്വം യഥാവിധം ഏറ്റെടുക്കുകയും അതില്‍ തന്റെമേല്‍ ബാധ്യതയായത് നിര്‍വഹിക്കുകയും ചെയ്തവര്‍ക്കൊഴിച്ച്.' (മുസ്‌ലിം).

അബൂദര്‍റി(റ)ല്‍നിന്നുള്ള മറ്റൊരു റിപ്പോര്‍ട്ടില്‍ നബി ﷺ  പറഞ്ഞതായി ഇപ്രകാരമാണുള്ളത്: ''അബൂദര്‍റ്! താങ്കളെ ഞാന്‍ ദുര്‍ലബനായി കാണുന്നു. എനിക്ക് ഞാന്‍ ഇഷ്ടപ്പെടുന്നത് താങ്കള്‍ക്കും ഞാന്‍ ഇഷ്ടപ്പെടുന്നു. താങ്കള്‍ ആളുകളുടെ നേതൃപദവി ഏറ്റെടുക്കരുത്. യതീമിന്റെ ധനവും ഏറ്റെടുക്കരുത്' (മുസ്‌ലിം).

മതനിഷ്ഠകളില്‍ ആദ്യമായി ആളുകള്‍ക്ക് കൈമോശം വന്നുപോകുന്നത് അമാനത്തായിരിക്കുമെന്ന മുന്നറിയിപ്പും വിഷയത്തിന്റെ ഗൗരവമാണറിയിക്കുന്നത്. അനസ് ഇബ്‌നുമാലികി ﷺ ല്‍ നിന്ന് നിവേദനം. അല്ലാഹുവിന്റെ റസൂല്‍ പറഞ്ഞു: ''നിങ്ങളുടെ ദീനില്‍ ആദ്യമായി നിങ്ങള്‍ നഷ്ടപ്പെടുത്തുന്നത് അമാനത്തായിരിക്കും. അതില്‍ അവസാനത്തേത് നമസ്‌കാരവുമായിരിക്കും'' (മകാരിമുല്‍അഖ്‌ലാക്വ്, ഇമാം അല്‍ഖറാഇത്വി. അല്‍ബാനി സ്വഹീഹെന്ന്‌വിശേഷിപ്പിച്ചു).

അന്ത്യനാളിന്റെ അടയാളങ്ങള്‍ അനവധിയാണ്. അവയെക്കുറിച്ചുള്ള അനുസ്മരണ വേളയില്‍ അമാനത്തിനെ വിശേഷിച്ച് എണ്ണിയതും അമാനത്ത് നഷ്ടപ്പെടുത്തല്‍ അന്ത്യനാളിന്റെ അടയാളമാണെന്ന് പ്രത്യേകം പറഞ്ഞതും അതിന്റെ പ്രാധാന്യവും ഗൗരവവും തന്നെയാണ് അറിയിക്കുന്നത്. അബൂഹുറയ്‌റ(റ)യില്‍ നിന്ന് നിവേദനം ചെയ്യുന്ന ഒരു സംഭവം നോക്കൂ:

''നബി ﷺ  ഒരു സദസ്സില്‍ ജനങ്ങളോട് സംസാരിച്ചുകൊണ്ടിരിക്കെ ഒരു ഗ്രാമീണ അറബി നബി ﷺ യുടെ അടുക്കല്‍ ആഗതനായി. അയാള്‍ ചോദിച്ചു: 'അന്ത്യനാള്‍ എപ്പോഴാണ്?' തിരുമേനി ﷺ  തന്റെ സംസാരം തുടര്‍ത്തികൊണ്ടുപോയി. ജനങ്ങളില്‍ ചിലര്‍പറഞ്ഞു: 'അയാളുടെ ചോദ്യം റസൂല്‍ ﷺ കേട്ടിരിക്കുന്നു; എന്നാല്‍ അദ്ദേഹത്തിന് അതില്‍ നീരസമുണ്ടായി.' ചിലര്‍ പറഞ്ഞു: 'നബി ﷺ  അത് കേട്ടിട്ടില്ല.' തിരുദൂതര്‍ ﷺ  തന്റെ സംസാരം അവസാനിപ്പിച്ചപ്പോള്‍ ചോദിച്ചു: 'അന്ത്യനാളിനെ കുറിച്ച് ചോദിച്ച വ്യക്തി എവിടെയാണ്?' അയാള്‍ പറഞ്ഞു: 'തിരുദൂതരേ, ഞാന്‍ ഇതാ.' നബി ﷺ  പറഞ്ഞു: 'അമാനത്ത് നഷ്ടപ്പെടുത്തപ്പെട്ടാല്‍ താങ്കള്‍ അന്ത്യനാളിനെ പ്രതീക്ഷിക്കുക.' അയാള്‍ ചോദിച്ചു: 'എങ്ങനെയാണ് അത് നഷ്ടപ്പെടുത്തല്‍?' തിരുമേനി ﷺ  പറഞ്ഞു: 'കാര്യങ്ങള്‍ അതിന്റെ അര്‍ഹരല്ലാത്തവരിലേക്ക് ഏല്‍പിക്കപ്പെട്ടാല്‍ താങ്കള്‍ അന്ത്യനാളിനെ പ്രതീക്ഷിക്കുക' (ബുഖാരി).

മഹച്ചരിതങ്ങള്‍

പ്രവാചകത്വത്തിനു മുമ്പുതന്നെ മക്കാനിവാസികളുടെ 'അല്‍അമീന്‍' (വിശ്വസ്തന്‍) ആയിരുന്നു നബി  ﷺ  എന്നത് സുവിദിതമാണല്ലോ. തിരുദൂതരുടെ സംസാരത്തിലെ സത്യസന്ധതയും അമാനത്ത് നിര്‍വഹണത്തിലെ കാര്യക്ഷമതയും സ്വഭാവ മാഹാത്മ്യവും മക്കയില്‍ പാട്ടായിരുന്നു. അതിനാലാണ് കുലീനയും സമ്പന്നയുമായ ഖദീജ(റ) തിരുമേനി ﷺ യെ വിളിച്ചുവരുത്തി സിറിയയിലേക്കുള്ള തന്റെ കച്ചവടച്ചരക്കുകളുടെ ചുമതല ഏല്‍പിച്ചത്. ഖദീജ(റ)യുടെ ഭൃത്യന്‍ മയ്‌സറയോടൊപ്പം കച്ചവട സംഘത്തെ നയിച്ച തരുദൂതരി ﷺ ല്‍ മയ്‌സറ കണ്ടത് സത്യസന്ധതയും വിശ്വാസ്യതയുമാണ്. പ്രസ്തുത സ്വഭാവ വിശേഷതകള്‍ തന്നെയാണ് ഖദീജ(റ)യെ നബി ﷺ യിലേക്ക് അടുപ്പിച്ചതും അവരില്‍ നിന്നുള്ള വിവാഹാഭ്യര്‍ഥനയിലേക്കെത്തിച്ചതും.

ഹിറോക്ലിയസ് രാജാവും റോമന്‍ അധിപന്മാരും അബൂസുഫ്‌യാന്‍(റ) അവിശ്വാസിയായിരുന്ന നാളില്‍ അദ്ദേഹവുമായി ഈലിയാ പട്ടണത്തില്‍ സന്ധിച്ചപ്പോള്‍ ഹിറോക്ലിയസ് ചോദിച്ചു: 'മുഹമ്മദ് ചതിപ്രയോഗം നടത്താറുണ്ടോ?' ഇല്ലെന്ന അബൂസുഫ്‌യാന്റെ പ്രതികരണത്തിന് ഹിറോക്ലിയസിന്റെ മറുപടി ഇപ്രകാരമായിരുന്നു: 'അപ്രകരമാണ് ദൈവദൂതന്മാര്‍; അവര്‍ ചതിക്കുകയില്ല.'

മുഹമ്മദ് നബി ﷺ  അനുശാസിക്കുന്ന കാര്യങ്ങളേതെന്ന ഹിറോക്ലിയസിന്റെ ചോദ്യത്തിന് അബൂസുഫ്‌യാന്‍ നല്‍കിയ മറുപടിയും അമാനത്തിന്റെ പ്രധാന്യം വിളച്ചോതുന്നു. അബൂസുഫ്‌യാന്‍ പറഞ്ഞു: 'നിങ്ങള്‍ ഏകനായ അല്ലാഹുവെ മാത്രം ആരാധിക്കണം; അവനില്‍ ഒന്നിനെയും പങ്കു ചേര്‍ക്കരുത്. നിങ്ങളുടെപൂര്‍വികര്‍ പറയുന്ന തെറ്റുകള്‍ നിങ്ങള്‍ കയ്യൊഴിക്കുക. കൂടാതെ, നമസ്‌കരിക്കുവാനും ദാനം നല്‍കുവാനും പരിശുദ്ധി പ്രാപിക്കുവാനും ബന്ധങ്ങള്‍ നല്ല രീതിയിലാക്കുവാനും കരാര്‍ പാലിക്കുവാനും അമാനത്ത് നിര്‍വഹിക്കുവാനും അദ്ദേഹം ഞങ്ങളോട് കല്‍പിക്കുന്നു.'

നൂഹ്, ഹൂദ്, സ്വാലിഹ്, ലൂത്വ്, ശുഐബ് എന്നീനബിമാരുടെ ചരിത്രങ്ങള്‍ സൂറതുശ്ശുഅറാഇല്‍ അല്ലാഹു നല്‍കിയപ്പോള്‍ അവരെക്കുറിച്ച് പറഞ്ഞത് 'തീ ര്‍ച്ചയായും ഞാന്‍ നിങ്ങള്‍ക്ക് വിശ്വസ്തനായ ഒരു ദൂതനാകുന്നു' (ക്വുര്‍ആന്‍ 26:107) എന്നാണ്.

പ്രസ്തുത അധ്യായത്തിലെ 125, 143, 162,178 എന്നീ വചനങ്ങളും നബിമാരുടെ വിഷയത്തില്‍ ഇതേ സ്വഭാവഗുണം എടുത്തുപറയുന്നുണ്ട്.

മൂസാ നബി(അ) മദ്‌യന്‍കാരനായ വ്യക്തിയുടെ രണ്ട് പെണ്‍മക്കള്‍ക്ക് വെള്ളം കോരി നല്‍കിയപ്പോള്‍ അവരില്‍ ഒരു പെണ്‍കുട്ടി മൂസാനബി(അ)യെ കുറിച്ച് തന്റെ പിതാവിനോടു പറഞ്ഞതായി അല്ലാഹു പറയുന്നു:

 ''എന്റെ പിതാവേ, ഇദ്ദേഹത്തെ താങ്കള്‍ കൂലിക്കാരനായി നിര്‍ത്തുക. തീര്‍ച്ചയായും താങ്കള്‍ കൂലിക്കാരായി എടുക്കുന്നവരില്‍ ഏറ്റവും ഉത്തമന്‍ ശക്തനും വിശ്വസ്തനുമായിട്ടുള്ളവനത്രെ'' (ക്വുര്‍ആന്‍ 27:26).