തിരിച്ചറിയുക; അനുഗ്രഹങ്ങളെ

ശബീബ് സ്വലാഹി, തിരൂരങ്ങാടി

2020 ഒക്ടോബര്‍ 03 1442 സഫര്‍ 16

നമ്മുടെ ജീവിതത്തില്‍ എത്ര മാസങ്ങളും വര്‍ഷങ്ങളുമാണ് കഴിഞ്ഞുപോയത്! തീര്‍ന്നുകൊണ്ടിരിക്കുന്നത് നമ്മുടെ ആയുസ്സാണ്. പരലോകജീവിതത്തിന്റെ ബര്‍സഖി ഘട്ടത്തിലേക്ക് നാം അടുത്തുകൊണ്ടിരിക്കുന്നു എന്നര്‍ഥം. പരലോകജീവിത വിജയത്തിനായി താന്‍ എന്താണ് ഒരുക്കിവച്ചിട്ടുള്ളത് എന്ന് ഓരോരുത്തരും ചിന്തിക്കാന്‍ തയ്യാറാവേണ്ടതുണ്ട്. അല്ലാഹു പറയുന്നു:

''സത്യവിശ്വാസികളേ, നിങ്ങള്‍ അല്ലാഹുവെ സൂക്ഷിക്കുക. ഓരോ വ്യക്തിയും താന്‍ നാളേക്കുവേണ്ടി എന്തൊരു മുന്നൊരുക്കമാണ് ചെയ്തുവച്ചിട്ടുള്ളതെന്ന് നോക്കിക്കൊള്ളട്ടെ. നിങ്ങള്‍ അല്ലാഹുവെ സൂക്ഷിക്കുക. തീര്‍ച്ചയായും അല്ലാഹു നിങ്ങള്‍ പ്രവര്‍ത്തിക്കുന്നതിനെപ്പറ്റി സൂക്ഷ്മജ്ഞാനമുള്ളവനാകുന്നു. അല്ലാഹുവെ മറന്നുകളഞ്ഞ ഒരു വിഭാഗത്തെപ്പോലെ നിങ്ങളാകരുത്. തന്‍മൂലം അല്ലാഹു അവര്‍ക്ക് അവരെപ്പറ്റി തന്നെ ഓര്‍മയില്ലാതാക്കി. അക്കൂട്ടര്‍തന്നെയാകുന്നു ദുര്‍മാര്‍ഗികള്‍'' (ക്വുര്‍ആന്‍ 59:18-20).

തിരിച്ചറിയുക, ഉറച്ചുനില്‍ക്കുക

നമ്മെ അല്ലാഹു സൃഷ്ടിച്ചത് പ്രകൃതിമതമായ ഇസ്ലാമിലായാണ്. അതില്‍നിന്നും തെറ്റാതെ ജീവിക്കലാണ് നമ്മുടെ ബധ്യത.

''ആകയാല്‍ (സത്യത്തില്‍) നേരെ നിലകൊള്ളുന്നവനായിട്ട് നിന്റെ മുഖത്തെ നീ മതത്തിലേക്ക് തിരിച്ചുനിര്‍ത്തുക. അല്ലാഹു മനുഷ്യരെ ഏതൊരു പ്രകൃതിയില്‍ സൃഷ്ടിച്ചിരിക്കുന്നുവോ ആ പ്രകൃതിയത്രെ അത്. അല്ലാഹുവിന്റെ സൃഷ്ടിവ്യവസ്ഥയ്ക്ക് യാതൊരു മാറ്റവുമില്ല. അതത്രെ വക്രതയില്ലാത്ത മതം. പക്ഷേ, മനുഷ്യരില്‍ അധികപേരും മനസ്സിലാക്കുന്നില്ല'' (ക്വുര്‍ആന്‍ 30:30).

എന്നാല്‍ പിശാച് മനുഷ്യരില്‍ ഭൂരിപക്ഷത്തെയും സത്യപാതയില്‍നിന്നും തെറ്റിച്ചു. അതിനായി അവന്‍ പരിശ്രമിച്ചുകൊണ്ടിരുന്നു. അപ്പോഴെല്ലാം അല്ലാഹു അവന്റെ ദൂതന്മാരെ തന്റെ അടിമകളിലേക്ക് സുവിശേഷം അറിയിച്ചുകൊണ്ടും താക്കീതുകാരായും നിയോഗിച്ചു. അവര്‍ തങ്ങള്‍ക്കും തങ്ങളുടെ മുന്‍ഗാമികള്‍ക്കും അല്ലാഹു നല്‍കിയ അനുഗ്രഹങ്ങളെ ബോധ്യപ്പെടുത്തി. അവനോടുള്ള കരാറും ഉടമ്പടിയും അറിയിച്ചുകൊടുത്തു. നന്ദികേട് കാണിച്ച സമുദായങ്ങളുടെ പതനത്തെ ഓര്‍മപ്പെടുത്തി. അല്ലാഹുവിന്റെ അനുഗ്രഹങ്ങള്‍ക്ക് നന്ദികാണിക്കാന്‍ അവരെ പ്രേരിപ്പിച്ചു. നന്ദികേടിനുള്ള ശിക്ഷയെക്കുറിച്ച് താക്കീത് നല്‍കി.

പ്രവാചകര്‍ ചെയ്തത്

മൂസാ നബി(അ)യെ കുറിച്ച് മുഹമ്മദ് നബി ﷺ പറയുന്നു: ''മൂസാ തന്റെ സമൂഹത്തിന് അല്ലാഹു നല്‍കിയ അനുഗ്രഹത്തിന്റെയും പരീക്ഷണങ്ങളുടെയും ദിനരാത്രങ്ങള്‍ ഓര്‍മപ്പെടുത്തിക്കൊണ്ടിരുന്നു '' (മുസ്‌ലിം).

ഹൂദ് നബി(അ) തന്റെ സമുദായത്തോട് പറയുന്നത് ക്വുര്‍ആനില്‍ ഇപ്രകാരം കാണാം: ''...നൂഹിന്റെ ജനതയ്ക്കു ശേഷം നിങ്ങളെ അവന്‍ പിന്‍ഗാമികളാക്കുകയും സൃഷ്ടിയില്‍ അവന്‍ നിങ്ങള്‍ക്കു (ശാരീരിക) വികാസം വര്‍ധിപ്പിക്കുകയും ചെയ്തത് നിങ്ങള്‍ ഓര്‍ത്തുനോക്കുക. അല്ലാഹുവിന്റെ അനുഗ്രഹങ്ങള്‍ നിങ്ങള്‍ ഓര്‍മിക്കുക. നിങ്ങള്‍ക്ക് വിജയം പ്രാപിക്കാം'' (ക്വുര്‍ആന്‍ 7:69).

സ്വാലിഹ് നബി(അ)യുടെ ഓര്‍മപ്പെടുത്തലുകളെ ക്വുര്‍ആന്‍ പരിചയപ്പെടുത്തുന്നത് കാണുക: ''ആദ് സമുദായത്തിനുശേഷം അവന്‍ നിങ്ങളെ പിന്‍ഗാമികളാക്കുകയും നിങ്ങള്‍ക്കവന്‍ ഭൂമിയില്‍ വാസസ്ഥലം ഒരുക്കിത്തരികയും ചെയ്ത സന്ദര്‍ഭം നിങ്ങള്‍ ഓര്‍ക്കുകയും ചെയ്യുക. അതിലെ സമതലങ്ങളില്‍ നിങ്ങള്‍ സൗധങ്ങളുണ്ടാക്കുന്നു. മലകള്‍ വെട്ടിയെടുത്ത് നിങ്ങള്‍ വീടുകളുണ്ടാക്കുകയും ചെയ്യുന്നു. അങ്ങനെ അല്ലാഹുവിന്റെ അനുഗ്രഹങ്ങള്‍ നിങ്ങള്‍ ഓര്‍ത്തുനോക്കുക. നിങ്ങള്‍ നാശകാരികളായിക്കൊണ്ട് ഭൂമിയില്‍ കുഴപ്പം സൃഷ്ടിക്കരുത്'' (ക്വുര്‍ആന്‍ 7:74).

ഇതായിരുന്നു മുഴുവന്‍ പ്രവാചകന്മാരുടെയും രീതി. മുന്‍ഗാമികളെക്കുറിച്ച് അറിയിച്ചുകൊടുത്ത് അവരില്‍നിന്നും പാഠം ഉള്‍ക്കൊള്ളാന്‍ സമൂഹത്തെ അവര്‍ പ്രേരിപ്പിച്ചുകൊണ്ടിരുന്നു.

നമ്മുടെ ദൗത്യം

അതുകൊണ്ട് വിശ്വാസികളായ നാം അല്ലാഹു നല്‍കിയ എണ്ണമറ്റ അനുഗ്രഹങ്ങള്‍ തിരിച്ചറിയുക. അല്ലാഹു പറയുന്നു:

''അല്ലാഹുവത്രെ ആകാശങ്ങളും ഭൂമിയും സൃഷ്ടിക്കുകയും, എന്നിട്ട് അതുമൂലം നിങ്ങളുടെ ഉപജീവനത്തിനായി കായ്കനികള്‍ ഉല്‍പാദിപ്പിക്കുകയും ചെയ്തത്. അവന്റെ കല്‍പന (നിയമ) പ്രകാരം കടലിലൂടെ സഞ്ചരിക്കുന്നതിനായി അവന്‍ നിങ്ങള്‍ക്കു കപ്പലുകള്‍ വിധേയമാക്കിത്തരികയും ചെയ്തിരിക്കുന്നു. നദികളെയും അവന്‍ നിങ്ങള്‍ക്ക് വിധേയമാക്കിത്തന്നിരിക്കുന്നു. സൂര്യനെയും ചന്ദ്രനെയും പതിവായി സഞ്ചരിച്ചുകൊണ്ടിരിക്കുന്ന നിലയില്‍ അവന്‍ നിങ്ങള്‍ക്കു വിധേയമാക്കിത്തന്നിരിക്കുന്നു. രാവിനെയും പകലിനെയും അവന്‍ നിങ്ങള്‍ക്കു വിധേയമാക്കിത്തന്നിരിക്കുന്നു. നിങ്ങളവനോട് ആവശ്യപ്പെട്ടതില്‍ നിന്നെല്ലാം നിങ്ങള്‍ക്ക് അവന്‍ നല്‍കിയിരിക്കുന്നു. അല്ലാഹുവിന്റെ അനുഗ്രഹം നിങ്ങള്‍ എണ്ണുകയാണെങ്കില്‍ നിങ്ങള്‍ക്കതിന്റെ കണക്കെടുക്കാനാവില്ല. തീര്‍ച്ചയായും മനുഷ്യന്‍ മഹാഅക്രമകാരിയും വളരെ നന്ദികെട്ടവനും തന്നെ'' (ക്വുര്‍ആന്‍ 14:32-34).

നാം അനുഭവിക്കുന്ന മുഴുവന്‍ സൗഭാഗ്യങ്ങളും അല്ലാഹു നല്‍കിയ അനുഗ്രഹമാണ്. നമ്മില്‍നിന്നും ഒഴിഞ്ഞുപോകുന്ന മുഴുവന്‍ ദുരന്തങ്ങളും അല്ലാഹുവില്‍നിന്നുള്ള അനുഗ്രഹം തന്നെ. അത് നാം തിരിച്ചറിയുകതന്നെ വേണം. അല്ലാഹു പറയുന്നു:

''നിങ്ങളില്‍ അനുഗ്രഹമായി എന്തുണ്ടെങ്കിലും അത് അല്ലാഹുവിങ്കല്‍നിന്നുള്ളതാകുന് നു. എന്നിട്ട് നിങ്ങള്‍ക്കൊരു കഷ്ടത ബാധിച്ചാല്‍ അവങ്കലേക്ക് തന്നെയാണ് നിങ്ങള്‍ മുറവിളികൂട്ടിച്ചെല്ലുന്നത്'' (ക്വുര്‍ആന്‍ 16:53).

ഏറ്റവും വലിയ സൗഭാഗ്യം

അല്ലാഹു നമുക്ക് നല്‍കിയ സൗഭാഗ്യങ്ങളില്‍ ഏറ്റവും മഹത്തായത് ഇസ്ലാമാണ്. നേര്‍മാര്‍ഗം കരസ്ഥമാക്കാനും അതില്‍ ഉറച്ചുനില്‍ക്കാനുമുള്ള അനുഗ്രഹത്തെ പ്രവാചകാനുചരന്മാര്‍ക്ക് അല്ലാഹുനല്‍കിയ മഹത്തായ സൗഭാഗ്യമായി ക്വുര്‍ആന്‍ പരിചയപ്പെടുത്തുന്നത് കാണുക.

''അല്ലാഹുവിന്റെ റസൂലാണ് നിങ്ങള്‍ക്കിടയിലുള്ളതെന്ന് നിങ്ങള്‍ മനസ്സിലാക്കണം. പല കാര്യങ്ങളിലും അദ്ദേഹം നിങ്ങളെ അനുസരിച്ചിരുന്നെങ്കില്‍ നിങ്ങള്‍ വിഷമിച്ചുപോകുമായിരുന്നു. എങ്കിലും അല്ലാഹു നിങ്ങള്‍ക്ക് സത്യവിശ്വാസത്തെ പ്രിയങ്കരമാക്കിത്തീര്‍ക്കുകയും നിങ്ങളുടെ ഹൃദയങ്ങളില്‍ അത് അലംകൃതമായി തോന്നിക്കുകയും ചെയ്തിരിക്കുന്നു. അവിശ്വാസവും അധര്‍മവും അനുസരണക്കേടും നിങ്ങള്‍ക്കവന്‍ അനിഷ്ടകരമാക്കുകയും ചെയ്തിരിക്കുന്നു. അങ്ങനെയുള്ളവരാകുന്നു നേര്‍മാര്‍ഗം സ്വീകരിച്ചവര്‍. അല്ലാഹുവിങ്കല്‍നിന്നുള്ള ഒരു ഔദാര്യവും അനുഗ്രഹവുമാകുന്നു അത്. അല്ലാഹു സര്‍വജ്ഞനും യുക്തിമാനുമാകുന്നു'' (ക്വുര്‍ആന്‍ 49:7,8).

തിരിച്ചറിവ് അനിവാര്യം

അതിനാല്‍ അല്ലാഹു നമുക്ക് തന്ന അനുഗ്രഹങ്ങളെ നാം തിരിച്ചറിയുക. അനുഗ്രഹങ്ങളെയെല്ലാം അല്ലാഹുവിലേക്ക് ചേര്‍ത്തിപ്പറയുക. അനുഗ്രഹങ്ങളെ അവമതിക്കുകയും അനുഗ്രഹദാതാവിനെ വിസ്മരിക്കുകയും ചെയ്യുക എന്നത് നീചപ്രവര്‍ത്തനമാണ്. അല്ലാഹു നല്‍കിയ അനുഗ്രഹങ്ങളെ അവന്റെ തൃപ്തിക്കനുസൃതമായി ഉപയോഗപ്പെടുത്തുകയാണ് ഒരു മുസ്ലിം ചെയ്യുക. മൂസാ നബി(അ)യുടെ വാക്കുകളായി ക്വുര്‍ആന്‍ പരിചയപ്പെടുത്തുന്നു:

''അദ്ദേഹം പറഞ്ഞു: എന്റെ രക്ഷിതാവേ, നീ എനിക്ക് അനുഗ്രഹം നല്‍കിയിട്ടുള്ളതുകൊണ്ട് ഇനി ഒരിക്കലും ഞാന്‍ കുറ്റവാളികള്‍ക്കു സഹായം നല്‍കുന്നവനാവുകയില്ല'' (ക്വുര്‍ആന്‍ 28:17).

തെറ്റുകാരായ ആളുകള്‍ക്ക് അല്ലാഹുവില്‍നിന്നും അനുഗ്രഹങ്ങള്‍ ലഭിക്കുന്നത് കാണുമ്പോള്‍ അതില്‍ നാം വഞ്ചിതരാകരുത്. അതവര്‍ ശിഷിക്കപ്പെടാനായി സംവിധാനിക്കപ്പെട്ടതാണ്. വിശുദ്ധ ക്വുര്‍ആനില്‍ അല്ലാഹു പറയുന്നു:

''അങ്ങനെ അവരോട് ഉല്‍ബോധിപ്പിക്കപ്പെട്ട കാര്യങ്ങള്‍ അവര്‍ മറന്നുകളഞ്ഞപ്പോള്‍ എല്ലാ കാര്യങ്ങളുടെയും വാതിലുകള്‍ നാം അവര്‍ക്ക് തുറന്നുകൊടുത്തു. അങ്ങനെ അവര്‍ക്ക് നല്‍കപ്പെട്ടതില്‍ അവര്‍ ആഹ്ലാദം കൊണ്ടപ്പോള്‍ പെട്ടെന്ന് നാം അവരെ പിടികൂടി. അപ്പോള്‍ അവരതാ നിരാശപ്പെട്ടവരായിത്തീരുന്നു'' (ക്വുര്‍ആന്‍ 6:44).

''ആകയാല്‍ എന്നെയും ഈ വര്‍ത്തമാനം നിഷേധിച്ചുകളയുന്നവരേയും കൂടി വിട്ടേക്കുക. അവരറിയാത്ത വിധത്തില്‍ അവരെ നാം പടിപടിയായി പിടികൂടുന്നതാണ്'' (ക്വുര്‍ആന്‍ 68:44).

ഈ സുക്തത്തിന്റെ വിവരണത്തില്‍ ഇമാം ക്വുര്‍ത്വുബി പറയുന്നത് നോക്കൂ: ''അവര്‍ പുതുതായി തെറ്റുകള്‍ ചെയ്യുമ്പോഴെല്ലാം നാം അവര്‍ക്ക് അനുഗ്രഹങ്ങള്‍ പുതുതായി നല്‍കുകയും പാപമോചനത്തെ തൊട്ട് അവരെ മറപ്പിക്കുകയും ചെയ്യും'' (തഫ്‌സീര്‍ അല്‍ക്വുര്‍ത്വുബി).

അതിനാല്‍ അനുഗ്രഹങ്ങള്‍ക്ക് നന്ദി ചെയ്യുന്നവരാവുക നാം. അല്ലാഹുവിനെ മനസ്സുകൊണ്ട് ഇഷ്ടപ്പെടാതെയും നാവുകൊണ്ട് പ്രകീര്‍ത്തിക്കാതെയും അവയവങ്ങള്‍കൊണ്ട് അനുസരിക്കാതെയും ഒരാള്‍ക്കും അല്ലാഹുവിനോട് നന്ദി ചെയ്തു എന്ന് പറയാവതല്ല എന്ന് ഓരോ വിശ്വാസിയും മനസ്സിലാക്കണം. കാരണം അവയെല്ലാം നന്ദിയുടെ അടയാളങ്ങളാണ്. നന്ദി മെയ്യും മനസ്സും അറിഞ്ഞു ചെയ്യേണ്ട കാര്യമാണ്. അല്ലാഹുവിനോട് ചെയ്യുന്ന ഏറ്റവും വലിയ നന്ദി ആരാധനയിലൂടെ അവനിലേക്ക് വേഗത്തില്‍ അടുക്കുക എന്നതാണ്. അല്ലാഹു പറയുന്നത് കാണുക:

''അല്ല, അല്ലാഹുവെ തന്നെ നീ ആരാധിക്കുകയും നീ നന്ദിയുള്ളവരുടെ കൂട്ടത്തിലായിരിക്കുകയും ചെയ്യുക'' (ക്വുര്‍ആന്‍ 39:66).

സൗഭാഗ്യത്തിന്റെ വര്‍ധനവിന്

നന്ദി സൗഭാഗ്യങ്ങളെ വര്‍ധിപ്പിക്കുകയും സംരക്ഷിക്കുകയും ചെയ്യുമെന്ന് നാം അറിയണം. സൗഭാഗ്യള്‍ക്ക് നന്ദിചെയ്താല്‍ കൂടുതല്‍ നന്ദിചെയ്യാനുള്ള അവസരം അല്ലാഹു ഒരുക്കിത്തരും. അല്ലാഹു പറയുന്നു:

''നിങ്ങള്‍ നന്ദികാണിച്ചാല്‍ തീര്‍ച്ചയായും ഞാന്‍ നിങ്ങള്‍ക്ക് (അനുഗ്രഹം) വര്‍ധിപ്പിച്ചുതരുന്നതാണ്. എന്നാല്‍, നിങ്ങള്‍ നന്ദികേട് കാണിക്കുകയാണെങ്കില്‍ തീര്‍ച്ചയായും എന്റെ ശിക്ഷ കഠിനമായിരിക്കും എന്ന് നിങ്ങളുടെ രക്ഷിതാവ് പ്രഖ്യാപിച്ച സന്ദര്‍ഭം (ശ്രദ്ധേയമത്രെ)'' (ക്വുര്‍ആന്‍ 14:7).

തനിക്കു ലഭിച്ച സൗഭാഗ്യങ്ങള്‍ക്ക് സദാ നന്ദിയുള്ളവരാകുക. അത് നിലനിര്‍ത്തപ്പെടാനായി അല്ലാഹുവിനോട് പ്രാര്‍ഥിച്ചുകൊണ്ടിരിക്കുക. അതാണ് ഉത്തമനായ ഒരു അടിമയുടെ അടയാളം. അല്ലാഹു പറയുന്നു:

''അങ്ങനെ അവന്‍ തന്റെ പൂര്‍ണശക്തി പ്രാപിക്കുകയും നാല്‍പത് വയസ്സിലെത്തുകയും ചെയ്താല്‍ ഇപ്രകാരം പറയും: എന്റെ രക്ഷിതാവേ, എനിക്കും എന്റെ മാതാപിതാക്കള്‍ക്കും നീ ചെയ്തു തന്നിട്ടുള്ള അനുഗ്രഹത്തിന് നന്ദികാണിക്കുവാനും നീ തൃപ്തിപ്പെടുന്ന സല്‍കര്‍മം പ്രവര്‍ത്തിക്കുവാനും നീ എനിക്ക് പ്രചോദനം നല്‍കേണമേ. എന്റെ സന്തതികളില്‍ നീ എനിക്ക് നന്‍മയുണ്ടാക്കിത്തരികയും ചെയ്യേണമേ. തീര്‍ച്ചയായും ഞാന്‍ നിന്നിലേക്ക് ഖേദിച്ചുമടങ്ങിയിരിക്കുന്നു. തീര്‍ച്ചയായും ഞാന്‍ കീഴ്‌പെടുന്നവരുടെ കൂട്ടത്തിലാകുന്നു'' (ക്വുര്‍ആന്‍ 46:15).

സുലൈമാന്‍ നബി(അ)യുടെ പ്രാര്‍ഥന ക്വുര്‍ആന്‍ പരിചയപ്പെടുത്തുന്നത് നോക്കൂ: ''എന്റെ രക്ഷിതാവേ, എനിക്കും എന്റെ മാതാപിതാക്കള്‍ക്കും നീ ചെയ്തുതന്നിട്ടുള്ള നിന്റെ അനുഗ്രഹത്തിന് നന്ദികാണിക്കുവാനും നീ തൃപ്തിപ്പെടുന്ന സല്‍കര്‍മം ചെയ്യുവാനും എനിക്ക് നീ പ്രചോദനം നല്‍കേണമേ. നിന്റെ കാരുണ്യത്താല്‍ നിന്റെ സദ്‌വൃത്തരായ ദാസന്‍മാരുടെ കൂട്ടത്തില്‍ എന്നെ നീ ഉള്‍പെടുത്തുകയും ചെയ്യേണമേ'' (ക്വുര്‍ആന്‍ 27:19).

മുഹമ്മദ് നബി ﷺ യും തന്റെ അനുചരന്മാരെ അക്കാര്യം ഓര്‍മപ്പെടുത്തിക്കൊണ്ടിരുന്നു : മുആദ് ബിന്‍ ജബലി(റ)ല്‍ നിന്നും നിവേദനം: ''നബി ﷺ അദ്ദേഹത്തിന്റെ കൈപിടിച്ചു, എന്നിട്ട് പറഞ്ഞു: 'മുആദ്, അല്ലാഹുവാണേ, അങ്ങയെ ഞാന്‍ സ്‌നേഹിക്കുന്നു. അല്ലാഹുവാണേ, അങ്ങയെ ഞാന്‍ സ്‌നേഹിക്കുന്നു. മുആദ്! അങ്ങേക്ക് ഞാന്‍ സദുപദേശം നല്‍കുന്നു: ഒരു നമസ്‌കാരത്തിന്റെയും അവസാനത്തില്‍ 'അല്ലാഹുവേ, നിന്നെ ഓര്‍ക്കാനും നിനക്ക് നന്ദി ചെയ്യാനും നല്ലനിലയില്‍ നിന്നെ ആരാധിക്കാനും നീ എന്നെ സഹായിക്കണേ' എന്ന പ്രാര്‍ഥന നീ ഉപേക്ഷിക്കരുത്.''

അനുഗ്രഹങ്ങളെ നാം തിരിച്ചറിയുക, നന്ദിയുള്ളവരാവുക.