നവ വിദ്യാര്‍ഥിത്വം

അന്‍ഷാദ് ഇബ്‌നു യഅ്ക്വൂബ്

2020 ജൂണ്‍ 13 1441 ശവ്വാല്‍ 21

ഇടവപ്പാതി കനത്തുപെയ്യുമ്പോഴും നിവര്‍ത്തിയ കുടയ്ക്കുള്ളില്‍ ചേര്‍ത്തുപിടിച്ച് അക്ഷരമുറ്റത്തേക്ക് നമ്മെ കൊണ്ടുചെന്നാക്കിയപ്പോള്‍ നമ്മുടെ പിതാവിന്റെ മനസ്സില്‍ ഒരുപാട് സ്വപ്നങ്ങള്‍ ഉണ്ടായിരുന്നിരിക്കും. പ്രായം തളര്‍ത്തുന്ന സമയത്ത് പ്രശ്‌നങ്ങളും പ്രതിസന്ധികളും പേമാരി കണക്കെ പെയ്യുമ്പോള്‍ ഒരു കുടയുമായി ചേര്‍ത്തുപിടിക്കാന്‍ നമ്മളുണ്ടാകുമെന്നവര്‍ കരുതിക്കാണണം.

ഇന്നത്തെ കലുഷിതമായ സാഹചര്യത്തില്‍ ഒരു വിദ്യാര്‍ഥി എന്ന നിലയില്‍ മാതാപിതാക്കളോട്, സമൂഹത്തോട്, രാജ്യത്തോട് നീതി പുലര്‍ത്താന്‍ നമുക്ക് സാധിക്കുന്നുണ്ടോ? ചിന്തിക്കേണ്ട വിഷയമാണ്.

 ഇന്ന് 'ഞാന്‍' ഞാനാണ്. ഞാന്‍ എന്ന് പറയുമ്പോള്‍ കലാലയത്തിലെ പടര്‍ന്നുപന്തലിച്ച മരങ്ങളെ ഓര്‍ക്കണം. കൊഴിയുന്ന ഇലകളെ നോക്കി മുന്നോട്ടു കുതിക്കാന്‍ മറക്കരുതെന്ന് അവ പ്രഖ്യാപിക്കുന്നപോലെ തോന്നും. അതിന്റെ പ്രതിധ്വനി ഇന്നും ഓരോ ചുമരിലും കേള്‍ക്കാം. ലഹരിയുടെയും അശ്ലീലതയുടെയും വാഹകരായി സ്വബോധം നഷ്ടപ്പെട്ട, സംഗീതത്തിന്റെ മാസ്മരികതയില്‍ ലക്ഷ്യം മറന്ന, നഷ്ടപ്രണയത്തിന്റെ വേദനയില്‍ തൂങ്ങിയാടുന്ന ഒരുപാട് ജീവിതങ്ങളെ ചുമരുകള്‍ക്കിടയില്‍ കാണാം. ലക്ഷ്യത്തിലേക്ക് കുതിച്ചെത്തിയ ആളുകളെ മാത്രമെ സമൂഹം ഓര്‍ത്തിട്ടുള്ളൂ, അവര്‍ മാത്രമെ ചര്‍ച്ചയായിട്ടുള്ളൂ.

എന്നാല്‍ നമ്മുടെ ഓരോ കലാലയത്തിനും നമ്മോട് കുറെയേറെ പറയാനുണ്ട്, അവിടുത്തെ ആളൊഴിഞ്ഞ വരാന്തകള്‍ക്കും ക്ലാസ്സ് മുറികള്‍ക്കും ഓരോ ചുമരിനും ഒരുപാടനുഭവങ്ങള്‍ നമ്മോട് പങ്കുവയ്ക്കുവാനുണ്ട്. ഒരുപാട് പ്രതീക്ഷകളും സ്വപ്‌നങ്ങളുമായി പലരും നമ്മെ പോലെ ആ ക്ലാസ്സ് മുറികളിലുണ്ടായിരുന്നു. അവരുടെ ശബ്ദങ്ങള്‍, ആശയങ്ങള്‍ ജനാലകള്‍ക്കിടയിലൂടെ അന്തരീക്ഷത്തെ ശബ്ദമുഖരിതമാക്കിയിട്ടുണ്ട്. എന്നാല്‍ പലപ്പോഴും അവരുടെ കൂട്ടുകെട്ടുകള്‍, അവരുടെ നിലപാടുകള്‍ അവരെ നയിച്ചത് ലഹരിയുടെയും അക്രമ രാഷ്ട്രീയത്തിന്റെയും ലോകത്തേക്കായിരുന്നു. പലരെയും നയിച്ചത് 'പരിശുദ്ധ പ്രണയത്തിന്റെ' വക്താക്കളായി സ്വയം പ്രഖ്യാപിച്ച് ഒരുമുഴം കയറില്‍ തൂങ്ങിയാടുന്ന അവസ്ഥയിലേക്കായിരുന്നു. അതാണ് ഹീറോയിസമെന്ന് അവര്‍ സ്വയം മനസ്സിനെ പറഞ്ഞു പഠിപ്പിച്ചു.

കലാലയ ജീവിതം കഴിഞ്ഞ് പടിയിറങ്ങുമ്പോള്‍ നേട്ടത്തിന്റെയും കോട്ടത്തിന്റെയും പൊലിഞ്ഞ ജീവിതങ്ങളുടെയും കണക്കെടുപ്പില്‍ നിറഞ്ഞുനിന്നത് ഹീറോയിസമെന്ന് കരുതിയ പലതുമായിരുന്നു. പക്ഷേ, തിരിച്ചറിയാന്‍, ഒരു മാറ്റം വരുത്താന്‍ ഇനിയൊരു അവസരമില്ലെന്ന യാഥാര്‍ഥ്യം മാത്രം ബാക്കിയായി. കലാലയജീവിതം നമ്മുടെ ജീവിതത്തിലെ ഒരു വസന്തകാലമാണ്, അത് നാം തിരിച്ചറിയണം, ആസ്വദിക്കണം. നമ്മുടെ കണ്ണും കാതും തുറന്ന് വയ്ക്കണം. നാടിന്റെ നന്മയ്കായി തൂലികകള്‍ ചലിക്കണം, നമ്മുടെ നിലപാടുകള്‍ സമൂഹമറിയണം, നന്മയുടെ വസന്തത്തിനായി ഒത്തുചേരണം. അന്തരീക്ഷം വീണ്ടും ശബ്ദമുഖരിതമാവണം. തിന്മയുടെ കുത്തൊഴുക്കിനെ ആശയങ്ങള്‍ കൊണ്ട്, നിലപാടുകള്‍ കൊണ്ട് ചെറുത്തു തോല്‍പിക്കാന്‍ സാധിക്കണം. അതുകൊണ്ടാണ് പലരും പറഞ്ഞു വച്ചത് നാടിന്റെ ആത്മാവും നട്ടെല്ലും വിദ്യാര്‍ഥികളാണെന്ന്.

വിദ്യാര്‍ഥികള്‍ എന്ന നിലയ്ക്ക് നമ്മുടെ ഉത്തരവാദിത്തമെന്താണ്? നഷ്ടപ്രണയത്തിന്റെ ഭാണ്ഡം ചുമക്കലാണോ? ലഹരിയുടെയും അശ്ലീലതയുടെയും മായാലോകത്ത് ലക്ഷ്യം മറന്ന് അലഞ്ഞുതിരിയലാണോ? ഇതൊന്നുമല്ലെങ്കില്‍ ഒരു മനുഷ്യന്‍ എന്ന നിലയ്ക്ക്, വിദ്യാര്‍ഥിയെന്ന നിലയ്ക്ക് മാതാപിതാക്കളോടും ഈ സമൂഹത്തോടും രാജ്യത്തോടും നമുക്കുള്ള ബാധ്യതകളെന്താണ്? നാം ചിന്തിച്ചിട്ടുണ്ടോ? മാറണം, നന്മ തിന്മകളെ വേര്‍തിരിച്ച് മനസ്സിലാക്കാന്‍ സാധിക്കണം. നന്മയുടെ മാര്‍ഗത്തില്‍ ഒത്തുകൂടാന്‍ സാധിക്കണം. തിന്മയുടെ പാതയിലേക്ക് വഴിതെറ്റിയ നമ്മുടെ സഹോദരങ്ങളെ സ്‌നേഹത്തിന്റെ ഭാഷയില്‍ തിരിച്ചുവിളിക്കാന്‍ നമുക്ക് കഴിയണം. അതെ, നമ്മെക്കുറിച്ച് നമ്മുടെ കുടുംബത്തിനും സമൂഹത്തിനും രാജ്യത്തിനും ഒരുപാട് സ്വപ്‌നങ്ങളുണ്ട്, പ്രതീക്ഷകളുണ്ട്. പ്രതീക്ഷകളും സ്വപ്‌നങ്ങളും ബാക്കിവച്ച് ഈ ലോകത്തോട് വിടപറയുമ്പോള്‍ കുടുംബത്തിനും സമൂഹത്തിനും രാജ്യത്തിനും നമ്മെക്കുറിച്ച് ഒരുപാട് പറയുവാനുണ്ടാവും. കലാലയ ജീവിതത്തെ നമ്മുടെ വസന്തകാലമാക്കേണ്ടത് നാം തന്നെയാണ്.