രണ്ടാം ലോകമഹായുദ്ധവും ഫാഷിസ്റ്റ്, നാസിസ്റ്റ് ശക്തികളുടെ പതനവും

ഡോ.സബീല്‍ പട്ടാമ്പി

2020 ഫെബ്രുവരി 22 1441 ജുമാദല്‍ ആഖിറ 23

(ഫാഷിസം: ചരിത്രം ആവര്‍ത്തിക്കുന്നുവോ?: 3)

ഇനി നമുക്ക് മുസ്സോളിനിയിലേക്ക് മടങ്ങിവരാം. 1935ല്‍ മുസ്സോളിനി ആഫ്രിക്കന്‍ രാജ്യമായ ലിബിയയില്‍ കോളനി സ്ഥാപിക്കുകയും ഇറ്റലിക്കാരെ അവിടെ താമസിപ്പിക്കുകയും ചെയ്തു എന്ന് നാം പറഞ്ഞല്ലോ. ഹിറ്റ്‌ലറും ഇതേ മാതൃക തുടങ്ങി. മുസ്സോളിനി ലിബിയ, എതേ്യാപ്യ, അല്‍ബേനിയ തുടങ്ങിയ രാജ്യങ്ങളെ ആക്രമിച്ച് കീഴടക്കാന്‍ തുടങ്ങിയപ്പോള്‍ ഹിറ്റ്‌ലര്‍ അയല്‍രാജ്യങ്ങളായ പോളണ്ട്, ഓസ്ട്രിയ, ഹംഗറി, നോര്‍വേ, ഫ്രാന്‍സിന്റെ ചില ഭാഗങ്ങള്‍, ചെക്കോസ്ലോവാകിയ, ലക്‌സംബര്‍ഗ്, യൂഗോസ്ലാവിയ, ഗ്രീസ്, നെതര്‍ലന്റ്, ബെല്‍ജിയം തുടങ്ങിയ രാജ്യങ്ങളെ പൂര്‍ണമായോ ഭാഗികമായോ കീഴ്‌പ്പെടുത്തി. കീഴ്‌പ്പെടുത്തിയ ഈ രാജ്യങ്ങളിലെല്ലാം അവര്‍ അവരെ അനുസരിക്കുന്ന പാവ ഗവണമെന്റിനെ (Puppet government) ഉണ്ടാക്കുകയും അതുവഴി അവരുടെ പദ്ധതികള്‍ അവിടങ്ങളില്‍ നടപ്പാക്കുകയും ചെയ്തു.

ഹിറ്റ്‌ലറുടെയും മുസ്സോളിനിയുടെയും ഈ പോക്ക് അപകടമാണെന്ന് മനസ്സിലാക്കിയ ബ്രിട്ടണും ഫ്രാന്‍സും രണ്ടുംകൂട്ടരെയും താക്കീത് ചെയ്തു. എന്നാല്‍ ഹിറ്റ്‌ലര്‍ പിന്മാറിയില്ല. തല്‍ഫലമായി 1939 സെപ്റ്റംബര്‍ 3ന് ഫ്രാന്‍സും ബ്രിട്ടണും ജര്‍മനിയോട് യുദ്ധം ആരംഭിച്ചു. ഈ യുദ്ധത്തില്‍ കൂടുതല്‍ രാജ്യങ്ങള്‍ പക്ഷംചേരുകയും അതൊരു വന്‍യുദ്ധമാവുകയും ചെയ്തു. ഒരു പക്ഷത്ത് ഫാഷിസ്റ്റ് ഇറ്റലിയും നാസിസ്റ്റ് ജര്‍മനിയും ഒപ്പം ജപ്പാനും അണിനിരന്നപോള്‍ മറുവശത്ത് എതിരാളികളായി ഫ്രാന്‍സും ബ്രിട്ടണും അമേരിക്കയും റഷ്യയും ഒരുമിച്ചു. ഈ രാജ്യങ്ങളാണ് നേരിട്ട് യുദ്ധം ചെയ്തതെങ്കിലും നേരിട്ടല്ലാതെ മറ്റു ചില രാജ്യങ്ങളും (ഓസ്‌ട്രേലിയ, ന്യുസിലാന്‍ഡ്, കാനഡ, ചൈന) പങ്കെടുത്തു.

ലോക ചരിത്രത്തിലെ ഏറ്റവും രക്തരൂക്ഷിതമായ യുദ്ധമാണു രണ്ടാം ലോക മഹായുദ്ധം. ആകെ 6-7 കോടി ജനങ്ങള്‍ ഈ യുദ്ധത്തില്‍ മരിച്ചു എന്നാണ് ഔദേ്യാഗിക കണക്ക്. 1939 മുതല്‍ 1945 വരെ നീണ്ടുനിന്ന ഈ യുദ്ധത്തിന്റെ ഒടുവില്‍ സ്വേഛാധിപത്യ രാജ്യങ്ങളായിരുന്ന ഇറ്റലി, ജര്‍മനി കൂട്ടുകെട്ട് പരാജയപ്പെടുകയാണുണ്ടായത്.

മുസ്സോളിനിയുടെ അന്ത്യം

ബ്രിട്ടണിന്റെയും ഫ്രാന്‍സിന്റെയും അമേരിക്കയുടെയും അംഗആയുധ ശക്തിക്ക് മുന്നില്‍ പിടിച്ച് നില്‍ക്കാനാകാതെ ഇറ്റലി പരാജയപ്പെട്ടു. മുസ്സോളിനിയും ഭാര്യയും രഹസ്യമായി നാടുകടക്കാനുള്ള ശ്രമത്തിനിടെ യാത്രയില്‍ കൊല്ലപ്പെട്ടു. മുസ്സോളിനിയുടെ മൃതദേഹം ഇറ്റലിയില്‍ എത്തിച്ചപ്പോള്‍ ജനങ്ങള്‍ മൃതദേഹത്തില്‍ കാര്‍ക്കിച്ച് തുപ്പുകയും അടിക്കുകയും ചവിട്ടുകയും ചെയ്തു. ഇക്കാലം വരെയുള്ള അന്നാട്ടിലെ പൗരന്മാരുടെ രോഷം മുഴുവന്‍ അവര്‍ മൃതദേഹത്തോട് പ്രതികാരം കാണിച്ച് ശമിപ്പിച്ചു. ഈ സംഭവം നടന്നത് 1945 ഏപ്രില്‍ 28ന് ആയിരുന്നു.

ഹിറ്റ്‌ലറുടെ അന്ത്യം

മുസ്സോളിനിയുടെ മരണം കഴിഞ്ഞു രണ്ട് ദിവസത്തിനു ശേഷം ഹിറ്റ്‌ലര്‍ ആത്മഹത്യ ചെയ്യുകയാണുണ്ടായത്. യുദ്ധത്തില്‍ തന്റെ കക്ഷിയായ ഇറ്റലിയുടെ പരാജയത്തിന്റെയും മുസ്സോളിനിയുടെ മരണത്തിന്റെയും വാര്‍ത്ത കേട്ടതോടെ ഹിറ്റ്‌ലറുടെ ധൈര്യം ചോര്‍ന്നു പോവുകയും ഹിറ്റ്‌ലറും ഭാര്യയും ഒളിവില്‍ പോവുകയും ചെയ്തു. എന്നാല്‍ റഷ്യന്‍ സൈന്യം ബെര്‍ലിനിലേക്ക് പ്രവേശിച്ചപ്പോള്‍ താന്‍ പിടിക്കപ്പെടുമെന്ന് മനസ്സിലാക്കിയ ഹിറ്റ്‌ലര്‍ സ്വയം വെടിവച്ച് ആത്മഹത്യ ചെയ്തു. ഈ സംഭവം നടന്നത് 1945 ഏപ്രില്‍ 30ന് ആയിരുന്നു. ജീവനോടെ പിടിക്കാന്‍ പറ്റാത്തതിന്റെ ദേഷ്യത്തില്‍ സൈന്യം ഹിറ്റ്‌ലറുടെയും ഭാര്യയുടെയും മൃതദേഹങ്ങള്‍ പെട്രോള്‍ ഒഴിച്ച് കത്തിച്ച് കളഞ്ഞു. ഹിറ്റ്‌ലറുടെ കീഴ്താടിയിലെ വെപ്പുപല്ല് വഴിയാണ് പിന്നീട് മൃതദേഹം തിരിച്ചറിഞ്ഞത്.

രണ്ടാം ലോകമഹായുദ്ധം അവസാനിക്കുന്നു

ഇറ്റലിയും ജര്‍മനിയും പരാജയപ്പെട്ടപ്പോഴും തോല്‍ക്കാന്‍ തയ്യാറാകാതെ അവരുടെ കക്ഷിയായ ജപ്പാന്‍ മുന്നേറി. ജപ്പാന്‍ അമേരിക്കയുടെ സൈനിക കേന്ദ്രമായ Pearl Harbourല്‍ അപ്രതീക്ഷിതമായ ബോംബാക്രമണം നടത്തി. ഇതിനു തിരിച്ചടിയെന്നോണം അമേരിക്ക ജപ്പാനിലെ ഹിരോഷിമയില്‍ 1945 ആഗസ്റ്റ് 6ന് ചരിത്രത്തിലെ ആദ്യത്തെ ആറ്റം ബോംബ് വര്‍ഷിച്ചു. ഇത് വീണ ആദ്യത്തെ ദിവസം തന്നെ ഒന്നര ലക്ഷം പേര്‍ മരിച്ചു. ആഗസ്റ്റ് 9 ന് രണ്ടാമത്തെ ആറ്റം ബോംബ് നാഗസാക്കിയില്‍ വര്‍ഷിച്ചു. ഇത് വീണ ദിവസം 50,000 പേര്‍ മരിച്ചു. തുടര്‍ന്നുള്ള ദിവസങ്ങളില്‍ മരണസംഖ്യ കൂടി. ഈ രണ്ട് ആക്രമണങ്ങളും ജപ്പാന് താങ്ങാവുന്നതിലുമപ്പുറമായിരുന്നു. ഇതോടെ ജപ്പാനും കീഴടങ്ങിയതായി പ്രഖ്യാപിക്കുകയും രണ്ടാം ലോക മഹായുദ്ധം അവസാനിക്കുകയും ചെയ്തു.

ഏകാധിപതികളുടെ അന്ത്യം: ചരിത്രം നല്‍കുന്ന പാഠം

ലോകത്ത് ജീവിച്ചിരുന്ന ഏകാധിപതികളുടെയെല്ലാം ചരിത്രം ഒരുപോലെയാണ്. അവര്‍ ഉയര്‍ന്ന് വരുന്നതും അടക്കിഭരിക്കുന്നതും അവസാനം മരണപ്പെടുന്നതിലും എല്ലാം ഈ സാമ്യത കാണാം. ഇവരുടെയെല്ലാം അന്ത്യം വളരെ മോശമായ രീതിയിലായിരുന്നു എന്നത് ശ്രദ്ധേയമാണ്.

ഈ ഏകാധിപതികള്‍ക്കെല്ലാം മുമ്പ് ഈജിപ്തില്‍ ജീവിച്ചിരുന്ന ഏകാധിപതിയായ ഒരു ഫിര്‍ഔനിനെ കുറിച്ച് കുര്‍ആനില്‍ (ബൈബിളിലെ ഫറോവ) പറയുന്നുണ്ട്. ഫിര്‍ഔനിന്റെ ദുരന്തപൂര്‍ണമായ മരണം എടുത്ത് പറഞ്ഞ ശേഷം കുര്‍ആനില്‍ ഇങ്ങനെ കാണാം:

''എത്രയെത്ര തോട്ടങ്ങളും അരുവികളുമാണ് അവര്‍ വിട്ടേച്ചു പോയത്! (എത്രയെത്ര) കൃഷികളും മാന്യമായ പാര്‍പ്പിടങ്ങളും! അവര്‍ ആഹ്ലാദപൂര്‍വം അനുഭവിച്ചിരുന്ന (എത്രയെത്ര) സൗഭാഗ്യങ്ങള്‍! അങ്ങനെയാണത് (കലാശിച്ചത്). അതെല്ലാം മറ്റൊരു ജനതയ്ക്ക് നാം അവകാശപ്പെടുത്തി കൊടുക്കുകയും ചെയ്തു. അപ്പോള്‍ അവരുടെ പേരില്‍ ആകാശവും ഭൂമിയും കരഞ്ഞില്ല. അവര്‍ക്ക് ഇടകൊടുക്കപ്പെടുകയുമുണ്ടായില്ല. ഇസ്രാഈല്‍ സന്തതികളെ അപമാനകരമായ ശിക്ഷയില്‍ നിന്ന് നാം രക്ഷിക്കുക തന്നെ ചെയ്തു; ഫിര്‍ഔനില്‍ നിന്ന്. തീര്‍ച്ചയായും അവന്‍ അഹങ്കാരിയായിരുന്നു. അതിക്രമകാരികളില്‍ പെട്ടവനുമായിരുന്നു'' (കുര്‍ആന്‍ 44:25-31).

സ്വാമി വിവേകാനന്ദന്‍ പറഞ്ഞു: ''...വേദാന്തം ഈ ഒരു തത്ത്വം വ്യത്യസ്ത രീതിയില്‍ പഠിപ്പിക്കുന്നു. അതിന് ആരോടും ഒരു എതിര്‍പ്പുമില്ല. നിങ്ങളൊരു ക്രിസ്ത്യാനിയോ ബുദ്ധനോ ജൂതനോ ഹിന്ദുവോ ആവട്ടെ, നിങ്ങള്‍ വിശ്വസിക്കുന്ന ചരിത്രം എന്തുമാകട്ടെ, നിങ്ങള്‍ വിശ്വസിക്കുന്നത് നസ്‌റേത്തിലെ പ്രവാചകനിലോ (യേശു), മക്കയിലെ പ്രവാചകനിലോ (മുഹമ്മദ് നബി), ഇന്ത്യയിലെ പ്രവാചകനിലോ ആവട്ടെ, അത് (വേദാന്തം) അതിനൊന്നും എതിരല്ല, എല്ലാ മതങ്ങളുടെയും അടിസ്ഥാന തത്ത്വത്തെ കുറിച്ച് മാത്രമാണതിനു സംസാരിക്കാനുള്ളത്'' (Quotes from Complete works of Swami Vivekananda, Vol 5, Prose & poem)

മുകളില്‍ നാം എടുത്ത് കൊടുത്തത് ഇന്ത്യ കണ്ടതില്‍ വെച്ച്, ഏറ്റവും വലിയ ഒരു ഹൈന്ദവ പണ്ഡിതന്റെ വാക്കുകളാണ്. സ്വാമി വിവേകാനന്ദനെ (1863-1902) അറിയാത്ത ഇന്ത്യക്കാരന്‍ ഉണ്ടാവാനിടയില്ല. 1893ല്‍ അമേരിക്കയിലെ ചിക്കാഗൊയില്‍ നടന്ന ലോക മതസൗഹാര്‍ദ സമ്മേളനത്തില്‍ ഇന്ത്യയെ പ്രതിനിധീകരിച്ച് സംസാരിച്ചത് സ്വാമി വിവേകാനന്ദനായിരുന്നു. ഇന്ത്യയുടെ ഐക്യത്തെ കുറിച്ചും മതസൗഹാര്‍ദത്തെ കുറിച്ചും വിവിധമതങ്ങളെ കുറിച്ചും അന്ന് അദ്ദേഹം അഭിമാനപൂര്‍വം ലോകത്തിനു പരിചയപ്പെടുത്തി.

വിവേകാനന്ദന്‍ മരണപ്പെട്ട് 120 ഓളം വര്‍ഷങ്ങള്‍ കഴിഞ്ഞുപോയി. അന്ന് അദ്ദേഹം ലോകത്തിനു പരിചയപ്പെടുത്തിയ ഇന്ത്യയല്ല ഇന്ന് ലോക രാജ്യങ്ങള്‍ക്ക് അറിയുന്ന ഇന്ത്യ. ഇന്ന് ഏത് ഇന്ത്യക്കാരനാണ് മറ്റൊരു നാട്ടില്‍ പോയി എന്റെ രാജ്യം സമാധാനത്തിന്റെതാണ് എന്ന് പറയാന്‍ സാധിക്കുക? വിവിധ ദര്‍ശനങ്ങളുടെ സംഗമഭൂമിയാണെന്ന് പറയാന്‍ സാധിക്കുക? വിവേകാനന്ദന്‍ സ്വപ്‌നം കണ്ടത് ഹിന്ദുവും മുസ്‌ലിമും ക്രിസ്ത്യനും ബുദ്ധനും ജൈനനും ഫാര്‍സിയും സിഖുകാരനും കൂടി പടുത്തുയര്‍ത്തുന്ന ഇന്ത്യയായിരുന്നു. വിശാല മനസ്സുള്ള വിവേകാനന്ദന്റെ അനുയായികളെന്നവകാശപ്പെടുന്നവരില്‍ ഇടുങ്ങിയ മനസ്സുള്ള 'ചുരുക്കം ചിലര്‍' പക്ഷേ, സ്വപ്‌നം കാണുന്നത് ഹിന്ദുക്കള്‍ മാത്രം ജീവിക്കുന്ന ഇന്ത്യാരാജ്യത്തെയാണ്. എന്തുകൊണ്ടിത് സംഭവിച്ചു?

'ഹിന്ദുമതവും' 'ഹിന്ദുത്വവും' തമ്മിലുള്ള വ്യത്യാസം

വിശദമായ ചര്‍ച്ചയിലേക്ക് കടക്കുന്നതിനു മുമ്പ് ഈ രണ്ട് പദങ്ങളും തമ്മിലുള്ള വ്യത്യാസം മനസ്സിലാക്കല്‍ നിര്‍ബന്ധമാണ്. അല്ലാത്തപക്ഷം അത് ചില തെറ്റുധാരണകള്‍ ഉണ്ടാക്കാനിടയുണ്ട്. 'ഹിന്ദുമതം' എന്നത് ഹിന്ദുപണ്ഡിതന്മാരുടെ തന്നെ വിശദീകരണപ്രകാരം ഒരു ജീവിത രീതിയാണ്. ഇന്ത്യയില്‍ രൂപംകൊണ്ടതും നിലനിന്നിരുന്നതുമായ എല്ലാ വിശ്വാസ, സംസ്‌കാര, കര്‍മ,  ആചാരങ്ങളും ഹിന്ദുമതം അതിന്റെ ഭാഗമായി സ്വീകരിക്കുന്നു. വേദങ്ങള്‍, ഉപനിഷത്തുകള്‍, ശ്രുതികള്‍, സ്മൃതികള്‍, ആരണ്യകങ്ങള്‍, പുരാണങ്ങള്‍ തുടങ്ങിയവ അതിന്റെ അടിസ്ഥാന ഗ്രന്ഥങ്ങളായി കണക്കാക്കപ്പെടുന്നു.

എന്നാല്‍ 'ഹിന്ദുത്വം' എന്നത് മതമല്ല, അതൊരു 'രാഷ്ട്രീയ സിദ്ധാന്ത'മാണ്. അഥവാ ഹിന്ദുരാഷ്ട വാദ സിദ്ധാന്തം. ഹിന്ദുമതം പഠിപ്പിക്കുന്നത് എങ്ങനെ ഒരു ഹിന്ദുവായി ജീവിക്കാം എന്നതാണെങ്കില്‍ 'ഹിന്ദുത്വം' പഠിപ്പിക്കുന്നത് എങ്ങനെ ഒരു ഹിന്ദുരാഷ്ട്രം ഉണ്ടാക്കാം എന്നതാണ്.

ഇക്കാര്യം ചില ഉദാഹരണത്തിലൂടെ പറഞ്ഞാല്‍ ഒന്നുകൂടി വ്യക്തമാകും. സ്വാമി വിവേകാനന്ദനും ഗാന്ധിജിയും എസ്. രാധാകൃഷ്ണനും 'ഹിന്ദുമത' വിശ്വാസികളായിരുന്നു; പക്ഷേ, 'ഹിന്ദുത്വ' വാദക്കാരായിരുന്നില്ല. നരേന്ദ്രനാഥ് (വിവേകാനന്ദന്റെ ശരിയായ പേര്) 'ഹിന്ദുമത' വിശ്വാസിയായിരുന്നെങ്കില്‍ നരേന്ദ്ര മോഡി 'ഹിന്ദുത്വ'വാദിയാണ്. ഗാന്ധിജി 'ഹിന്ദു മതക്കാരന്‍' ആയിരുന്നെങ്കില്‍ ഗാന്ധിജിയെ കൊന്ന ഗോഡ്‌സെ 'ഹിന്ദുത്വ'വാദിയാണ്. ശ്രീ ശങ്കരാചാര്യരും ശ്രീരാമകൃഷ്ണ പരമഹംസരും ഇന്ത്യ കണ്ട 'ഹിന്ദുമതക്കാരായ' യോഗികള്‍ ആയിരുന്നെങ്കില്‍ ഉത്തര്‍പ്രദേശിലെ യോഗി ആണെന്ന് പറയപ്പെടുന്ന യോഗി ആദിത്യനാഥ് 'ഹിന്ദുത്വ'വാദിയാണ്. ഹിന്ദുത്വത്തിനു കൂടുതല്‍ ഉദാഹരണങ്ങള്‍ ആവശ്യമില്ലെന്ന് കരുതുന്നു.

(ഈ വ്യത്യാസം പ്രത്യേകം എടുത്ത് പറയാനുള്ള കാരണം ഹിന്ദുത്വവാദികള്‍ തന്നെ പലപ്പോഴും അവരുടെ രാഷ്ട്രീയ താല്‍പര്യങ്ങള്‍ക്ക് വേണ്ടി ഹിന്ദുമതത്തെ ഹിന്ദുത്വവുമായി കൂട്ടിക്കുഴക്കാറുണ്ട് എന്നതാണ്).

ഈ ലേഖനത്തിന്റെ തുടര്‍ന്നുള്ള ഭാഗത്ത് നാം സംസാരിക്കുക, 'ഹിന്ദുത്വത്തെ' കുറിച്ചാണ്, 'ഹിന്ദുമത'ത്തെ കുറിച്ചല്ല.

സ്വാമി വിവേകാനന്ദനെ 'ഹിന്ദുത്വ'വാദിയാക്കി മാറ്റാനുള്ള ശ്രമം

ആര്‍.എസ്.എസ് 'ഹിന്ദുത്വ' വാദക്കാരാണെന്നത് അറിയപ്പെട്ട കാര്യമാണല്ലോ. സ്വാമി വിവേകാനന്ദനെ കൂടി ഒരു ഹിന്ദുത്വ വാദിയായി ആര്‍.എസ്.എസ് പരിചയപ്പെടുത്തുന്നത് കാണാം. സത്യത്തില്‍ ആര്‍.എസ്.എസ് രൂപംകൊള്ളുന്നതിനു 25 വര്‍ഷം മുമ്പേ മരണപ്പെട്ട വ്യക്തിയാണ് സ്വാമി വിവേകാനന്ദന്‍. അദ്ദേഹത്തിനു ആര്‍.എസ്.എസ്സുമായോ അത് പ്രതിനിധാനം ചെയ്യുന്ന 'ഹിന്ദുത്വ' ആശയങ്ങളുമായോ യാതൊരു ബന്ധവുമില്ല. അദ്ദേഹം അത്തരം രീതിയില്‍ എവിടെയെങ്കിലും പ്രസംഗിച്ചതോ എഴുതിയതോ കാണാന്‍ സാധിക്കുകയുമില്ല. മറിച്ച് അദ്ദേഹത്തിനു മറ്റ് മതസ്ഥരോടുള്ള സമീപനം എന്താണെന്ന് നാം ഏറ്റവും ആദ്യം കൊടുത്ത അദ്ദേഹത്തിന്റെ വാക്കുകള്‍ വായിച്ചാല്‍ മനസ്സിലാകും.

പിന്നെ എന്തിനു വിവേകാനന്ദനെ ഒരു 'ഹിന്ദുത്വ'വാദിയായി അവതരിപ്പിക്കുന്നു? ഉത്തരം വ്യക്തം. സ്വാമി വിവേകാനദനെ ബഹുമാനിക്കുന്ന, അദ്ദേഹത്തിന്റെ അധ്യാപനങ്ങള്‍ പിന്തുടരാന്‍ ശ്രമിക്കുന്ന നിര്‍ദോഷികളായ കോടിക്കണക്കിനു സാധാരണ ഹിന്ദുക്കളെ കൂടി 'ഹിന്ദുമതത്തില്‍'നിന്ന് 'ഹിന്ദുത്വ'ത്തിലേക്ക് മസ്തിഷ്‌ക പ്രക്ഷാളനം ചെയ്യാനുള്ള ബോധപൂര്‍വമായ ശ്രമമാണ് ഇതൊക്കെ.

മറ്റൊരു ആര്‍.എസ്.എസ് നേതാവായ ബാബ സാഹിബ് ആപ്‌തെ പറയുന്നത് 'സ്വാമി വിവേകാനന്ദന്‍ ഞങ്ങള്‍ക്ക് ഭഗവത്ഗീത പോലെ'യാണ് എന്നാണ്. ഈ വാക്കുകള്‍ ആത്മാര്‍ഥമാണെങ്കില്‍ 'സ്‌നേഹപൂര്‍വം' നമുക്ക് അവരോട് ചോദിക്കാനുള്ളത് സ്വാമി വിവേകാനന്ദന്റെതായി നാം ആദ്യം ഉദ്ധരിച്ച വാക്കുകള്‍ അവര്‍ സ്വീകരിക്കാനും ജീവിതത്തില്‍ പകര്‍ത്താനും തയ്യാറാണോ എന്നാണ്.

ആര്‍.എസ്.എസ്സിനു സ്വാമി വിവേകാനന്ദനോടുള്ള സ്‌നേഹം ആത്മാര്‍ഥമാണെങ്കില്‍ എന്തുകൊണ്ട് അദ്ദേഹം മുന്നോട്ട് വെച്ച 'സര്‍വ ധര്‍മ സമഭാവന' (എല്ലാ മതങ്ങളോടുമുള്ള സമഭാവന) എന്ന ആശയം ഉള്‍ക്കൊള്ളുന്നില്ല?

ഹിന്ദുത്വത്തിന്റെ ചരിത്രം

'ഹിന്ദുത്വ' എന്ന പദം ആദ്യമായി ഉപയോഗിച്ചത് ഇന്ത്യയിലെ ആദ്യത്തെ ഹിന്ദുത്വവാദിയായ സവര്‍ക്കര്‍ ആണ്. അദ്ദേഹം 1923ല്‍ എഴുതിയ 'ഹിന്ദുത്വ' എന്ന പുസ്തകത്തിലാണ് ഈ വാക്ക് ആദ്യമായി പ്രത്യക്ഷപ്പെടുന്നത്. ഈ വാക്കിലൂടെയും പുസ്തകത്തിലും അദ്ദേഹം പറയുന്നതിന്റെ ചുരുക്കം ഇതാണ്: ഇന്ത്യ എന്നത് 'ഹിന്ദു സംസ്‌കാരങ്ങളുടെ രാഷ്ട്രമാണ്. ഇന്ത്യയിലെ മതങ്ങളും സംസ്‌കാരങ്ങളും മാത്രമെ ഇവിടെ പാടുള്ളൂ. ഇത് ഒരു ഹിന്ദു രാഷ്ട്രമാകണം. അതിനായി ഇന്ത്യക്ക് പുറത്തുനിന്ന് വന്ന സംസ്‌കാരങ്ങളായ ഇസ്‌ലാം, െ്രെകസ്തവ വിശ്വാസങ്ങള്‍ പുറംതള്ളപ്പെടേണ്ടതാണ്.'

സവര്‍ക്കറുടെ വാക്കുകള്‍ തന്നെ ഉദ്ധരിക്കാം: '...അവരുടെ (മുസ്‌ലിംകള്‍, ക്രൈസ്തവര്‍) പുണ്യ ഭൂമി അങ്ങ് അറേബ്യയിലും പാലസ്തീനിലുമാണ്. അവരുടെ പുണ്യപുരുഷന്മാരും ചരിത്രവും ആശയങ്ങളുമൊന്നും ഈ മണ്ണിന്റെത് (ഇന്ത്യയുടെത്) അല്ല. അവരുടെ പേരുകളും വേഷഭൂഷാദികളും വൈദേശികമാണ്...'

 '...അവര്‍ ഈ രാജ്യത്തിന്റെ സംസ്‌കാരത്തിനോട് യോജിച്ച് പോകാന്‍ പറ്റാത്തവരാണ്' (Competing fundamentalism: Violent extremism in Christianity, Islam & Hinduism, by Sathianathan Clarcke)

നോക്കൂ! നാം ആദ്യം പരാമര്‍ശിച്ച വിവേകാനന്ദന്റെ ചിന്തയില്‍ നിന്ന് സവര്‍ക്കറിന്റെ ചിന്തയിലേക്കുള്ള ദൂരം എത്രയാണെന്ന്..!

സവര്‍ക്കര്‍ ഒരു നിരീശ്വരവാദി

സവര്‍ക്കര്‍ ഇങ്ങനെയൊക്കെ എഴുതുമ്പോളും വാദിക്കുമ്പോഴും നിങ്ങള്‍ അദ്ദേഹം ഒരു കറകളഞ്ഞ ഹിന്ദുമത വിശ്വാസിയാണെന്ന് കരുതാനിടയുണ്ട്. എന്നാല്‍ സവര്‍ക്കറുടെ ജീവിത ചരിത്രം എഴുതിയ Chithra Das Gupta, Dhananjay Keer എന്നിവരൊക്കെ പറയുന്നത് സവര്‍ക്കര്‍ ഒരു ദൈവനിഷേധി യായിരുന്നുവെന്ന് മാത്രമല്ല; അദ്ദേഹം ഹിന്ദുമത വിശ്വാസ, ആചാരങ്ങളെ നിശിതമായി എതിര്‍ത്ത് സംസാരിക്കുക കൂടി ചെയ്തിരുന്നു എന്നാണ്. ഹിന്ദു ആചാരങ്ങള്‍ അബദ്ധമാണെന്നും ശാസ്ത്ര വിരുദ്ധമാണെന്നും സവര്‍ക്കര്‍ വാദിച്ചു. ഇതില്‍ നിന്നും മനസ്സിലാകുന്നത് 'ഹിന്ദുത്വ'വാദിയായ സവര്‍ക്കര്‍ക്ക് 'ഹിന്ദു മതത്തോട്' യാതൊരു മതിപ്പും ബന്ധവും ഇല്ലായിരുന്നുവെന്നും അതേസമയം ഒരു ഹിന്ദുരാഷ്ട്രം ഇവിടെ വേണം എന്നും വാദിച്ച ആളായിരുന്നു എന്നുമാണ്!