ഭിന്നതയില്‍ വിരിയുന്ന താമരകള്‍

നബീല്‍ പയ്യോളി

2020 നവംബര്‍ 21 1442 റബീഉല്‍ ആഖിര്‍ 06

ബീഹാര്‍ തെരഞ്ഞെടുപ്പ് വലിയ ചര്‍ച്ചകള്‍ക്കും വിവാദങ്ങള്‍ക്കും വഴിവെച്ചിരിക്കുകയാണ്. നിതീഷ് കുമാറിന്റെ നേതൃത്വത്തില്‍ എന്‍.ഡി.എ സഖ്യം വീണ്ടും ബീഹാര്‍ ഭരിക്കും. തെരഞ്ഞെടുപ്പുകളില്‍ ജയ പരാജയങ്ങള്‍ സ്വാഭാവികമാണ്. എന്നാല്‍ ബീഹാര്‍ തെരഞ്ഞെടുപ്പിലും അടുത്ത കാലങ്ങളില്‍ നടന്ന മറ്റു തെരഞ്ഞെടുപ്പുകളിലും നമുക്ക് കാണാന്‍ സാധിക്കുന്ന ചില സാമ്യതകളുണ്ട്. അത് മനഃപൂര്‍വമോ യാദൃച്ഛികമോ എന്ന് അന്വേഷിക്കുമ്പോള്‍ മനഃപൂര്‍വം എന്ന നിഗമനത്തിലാണ് എത്തുക. അതിന് ചില കാരണങ്ങളുമുണ്ട്. ബിഹാര്‍ ഇലക്ഷനില്‍ അധികാരത്തിലേറുന്ന എന്‍.ഡി.എക്ക് 37.2 ശതമാനം വോട്ടുകളാണ് ലഭിച്ചത്. ഏകദേശം മൂന്നിലൊന്ന് വോട്ട് മാത്രം ലഭിച്ച മുന്നണിയാണ് ബീഹാര്‍ ഭരിക്കുന്നതെന്ന് ചുരുക്കം. ജനാധിപത്യത്തിന്റെ പോരായ്മ എന്ന് വേണമെങ്കില്‍ നമുക്കിതിനെ വിലയിരുത്താം. ബഹുഭൂരിപക്ഷം ജനങ്ങളും തള്ളിക്കളഞ്ഞ രാഷ്രീയ മുന്നണി ജനവിധിയില്‍ വിജയിക്കുന്ന വിരോധാഭാസം! എന്‍.ഡി.എയുടെ മുഖ്യ എതിരാളിയായ മഹാസഖ്യത്തിനും ലഭിച്ചത് 37.2 ശതമാനം വോട്ടുകള്‍ തന്നെയാണ്. എന്നാല്‍ ഈ രണ്ട് കക്ഷികളും തമ്മില്‍ 15 സീറ്റുകളുടെ വ്യത്യാസമുണ്ട്. ഏറ്റവുമധികം സീറ്റുകള്‍ നേടിയ ആര്‍.ജെ.ഡി പ്രതിപക്ഷത്തിരിക്കുമ്പോള്‍ രണ്ടാം സ്ഥാനത്തുള്ള ബി.ജെ.പിയാണ് ഭരണത്തിന് ചുക്കാന്‍ പിടിക്കുന്നത്. ബി.ജെ.പിക്ക് വേണ്ടി ജനവിധി അട്ടിമറിച്ചു എന്ന ആരോപണവുമായി ആര്‍.ജെ.ഡിയും മറ്റു ചില പാര്‍ട്ടികളും രംഗത്ത് വന്നിട്ടുണ്ട്. ജനാധിപത്യത്തെ വിലയ്‌ക്കെടുക്കാന്‍ കാലങ്ങളായി ശ്രമിക്കുന്ന സംഘപരിവാര്‍ ബീഹാറിലും അതോടൊപ്പം തെരഞ്ഞെടുപ്പ് നടന്ന സ്ഥലങ്ങളിലും കൃത്രിമം നടത്തിയോ എന്നത് നിയമപോരാട്ടങ്ങളിലൂടെ വെളിച്ചത്ത് കൊണ്ടുവരേണ്ടത് തന്നെയാണ്.

ബീഹാറില്‍ എണ്‍പത്തിയൊന്ന് സീറ്റുകളില്‍ അയ്യായിരത്തില്‍ താഴെയും അന്‍പത്തിയൊന്ന് സീറ്റുകളില്‍ മൂവായിരത്തില്‍ താഴെയും മുപ്പത്തിനാലിടത്ത് രണ്ടായിരത്തില്‍ താഴെയും പതിനേഴിടത്ത് ആയിരത്തില്‍ താഴെയും പതിനൊന്ന് സീറ്റുകളില്‍ അഞ്ഞൂറില്‍ താഴെയും വോട്ടുകളുടെ ഭൂരിപക്ഷത്തിനാണ് വിജയിച്ചത്.  ത്രികോണ മത്സരം നടന്ന ബീഹാറില്‍ വിജയ ശില്‍പിയാര്, തോല്‍വിയുടെ കാരണക്കാര്‍ ആര് എന്ന ചര്‍ച്ചകള്‍ പലരീതിയില്‍ നടക്കുന്നുണ്ട്. പഴിചാരലുകളും ആക്ഷേപങ്ങളും വൈകാരിക പ്രതികരണങ്ങളും പുനര്‍വിചിന്തനത്തിനുള്ള സാധ്യതകളെയാണ് ഇല്ലാതാക്കുന്നത്. എന്നാല്‍ മുകളില്‍ സൂചിപ്പിച്ച കണക്കുകളില്‍നിന്ന് ചില യാഥാര്‍ഥ്യങ്ങള്‍ തിരിച്ചറിഞ്ഞേ മതിയാവൂ. കുറ്റപ്പെടുത്തലുകളും പഴിചാരലുകളും നിരാശയുമല്ല, മറിച്ച് അബദ്ധങ്ങളും വീഴ്ചകളും തിരിച്ചറിഞ്ഞു തിരുത്തലുകള്‍ക്ക് വിധേയമാവുകയാണ് വിവേകമുള്ളവര്‍ ചെയ്യേണ്ടത്.

ഗുജറാത്തും ഭീവണ്ടിയും ജംഷഡ്പൂരും അടക്കം രാജ്യത്തിന്റെ വിരിമാറില്‍ രക്തക്കറയൊഴുക്കിയ നിരവധി കലാപങ്ങളുടെ ഇരുണ്ട ചരിത്രംപേറുന്ന സംഘപരിവാര്‍ തങ്ങളുടെ ആവനാഴിയിലെ അമ്പുകളോരോന്നും പ്രയോഗിച്ചുകൊണ്ടേയിരിക്കുകയാണ്. അധികാരത്തിന്റെ ബലത്തില്‍ രാജ്യത്തിന്റെ മതേതരത്വത്തിന്റെയും വൈവിധ്യങ്ങളുടെയും ചരിത്രയാഥാര്‍ഥ്യങ്ങളെ പോലും അട്ടിമറിക്കുന്ന പ്രവണതകള്‍ നമ്മള്‍ കണ്ടുകൊണ്ടിരിക്കുന്നു. രാജ്യത്തിന്റെ ഭരണഘടനയുടെ അന്തസ്സത്തയെ അട്ടിമറിക്കുന്ന രീതിയില്‍ മതത്തിന്റെ അടിസ്ഥാനത്തില്‍ പൗരത്വം നിര്‍ണയിക്കാനുള്ള നിയമനിര്‍മാണം വരെ അവര്‍ നടത്തി. ഈ പശ്ചാത്തലത്തിലാണ് ബീഹാര്‍ തെരഞ്ഞെടുപ്പിനെയും കഴിഞ്ഞ ഏതാനും വര്‍ഷങ്ങളായി രാജ്യത്ത് നടക്കുന്ന മറ്റു തെരഞ്ഞെടുപ്പുകളെയും വിലയിരുത്തേണ്ടതും പരാജയ കാരണങ്ങള്‍ സമഗ്രമായി വിശകലനം ചെയ്ത് പരിഹാരമാര്‍ഗങ്ങള്‍ തേടേണ്ടതും.

44.9 ശതമാനം വോട്ടുകള്‍ നേടിയാണ് ലോക്‌സഭാ തെരഞ്ഞെടുപ്പുകളില്‍ എന്‍.ഡി.എ അധികാരത്തില്‍ എത്തിയിട്ടുള്ളതെന്നതുകൂടി നാം ചേര്‍ത്ത് വായിക്കണം. ഘടകക്ഷിയായ ജനതാദളിന് ബീഹാറില്‍ 43 സീറ്റുകളില്‍ മാത്രമാണ് വിജയിക്കാന്‍ സാധിച്ചത്. കഴിഞ്ഞ തെരഞ്ഞെടുപ്പിനെ അപേക്ഷിച്ച് ബി.ജെ.പിക്ക് 21 സീറ്റുകള്‍ അധികം ലഭിച്ചപ്പോള്‍ നിതീഷ് കുമാറിന്റെ പാര്‍ട്ടിക്ക് 28 സീറ്റുകളാണ് നഷ്ടമായത്. സ്വന്തം ഘടകകഷിയെ പോലും ഇല്ലാതാക്കുന്ന ബി.ജെ.പിയുടെ തന്ത്രങ്ങളുടെ നേര്‍ചിത്രം കൂടിയാവുകയാണ് ബീഹാര്‍. ബീഹാറില്‍ ഏറ്റവുംവലിയ നഷ്ടം നിതീഷിനാണെന്നാണ് രാഷ്ട്രീയ നിരീക്ഷകരുടെ പക്ഷം. എന്‍.ഡി.എയില്‍ തുടരുന്നത് ആത്മഹത്യാപരമാണെന്ന് നിതീഷും കൂട്ടാളികളും മനസ്സിലാക്കാതെ പോവുകയാണ്. ചേര്‍ന്നു നില്‍ക്കുന്നവരെ പോലും പതിയെ പതിയെ ഇല്ലാതാക്കി ഒറ്റയാനാവാനാണ് സംഘ്പരിവാറിന്റെ ശ്രമം. അസ്വസ്ഥമായ നാളുകളെക്കുറിച്ചോര്‍ത്ത് ശിവസേന നേതാണ് ഉദ്ദവ് താക്കറെ തന്നെ ആ സത്യം രാജ്യത്തോട് വിളിച്ചു പറഞ്ഞതും നാം കേട്ടതാണ്.

സ്വതന്ത്ര ഇന്ത്യയുടെ ചരിത്രത്തിലെ തുല്യതയില്ലാത്ത സമരപോരാട്ടങ്ങള്‍ക്കാണ് കഴിഞ്ഞ വര്‍ഷാവസാനാവും ഈ വര്‍ഷത്തിന്റെ ആദ്യപാദവും സാക്ഷിയായത്. മതത്തിന്റെ പേരില്‍ പൗരത്വം നിര്‍ണയിക്കുന്ന ഇരുണ്ട നിയമം നിയമനിര്‍മാണ സഭകള്‍ പാസ്സാക്കുകയും അത് നടപ്പില്‍ വരുത്താനുള്ള നടപടികളുമായി കേന്ദ്രസര്‍ക്കാര്‍ മുന്നോട്ടുപോവുകയും ചെയ്യുന്ന സാഹചര്യം രാജ്യത്തെ തെരുവുകളെ പ്രതിഷേധക്കടലാക്കി. രാഷ്ട്രീയ, മത, ജാതി, വര്‍ണ, വര്‍ഗ, വേഷ, ഭാഷ ഭേദമന്യെ ഇന്ത്യയെന്ന മനോഹരമായ പൂന്തോട്ടത്തിലെ മുഴുവന്‍ പുഷ്പങ്ങളും പ്രതിഷേധങ്ങളുടെ അലയൊലികള്‍ തീര്‍ത്ത നാളുകളെ പെട്ടെന്നെങ്ങനെ നമുക്ക് മറക്കാന്‍ സാധിക്കും? ആരെയെങ്കിലും ഒറ്റതിരിഞ്ഞാക്രമിക്കാം എന്ന വ്യാമോഹം വൈവിധ്യങ്ങള്‍ നിറഞ്ഞ പ്രതിഷേധസമരങ്ങള്‍ കാരണം സംഘപരിവാരങ്ങളെ നിരാശപ്പെടുത്തി. ത്രിവര്‍ണപതാകയേന്തിയ സമരപോരാട്ടങ്ങളില്‍നിന്ന് ഏതെങ്കിലും തരത്തില്‍ ആരെയെങ്കിലും ഒറ്റപ്പെടുത്തി ഇല്ലാതാക്കാം എന്ന ചിന്തയും സമരങ്ങള്‍ക്ക് വര്‍ഗീയനിറം നല്‍കാനുള്ള കുടിലതന്ത്രങ്ങളും നിഷ്പ്രഭമായി. ഇന്ത്യന്‍ ജനതയുടെ ഒന്നിച്ചുള്ള പ്രതിഷേധങ്ങള്‍ രാജ്യത്തിന്റെ ഐക്യത്തിനും അഘണ്ഡതക്കും നല്‍കുന്ന വില വിളിച്ചറിയിക്കുന്നതായിരുന്നു. കൊറോണ വ്യാപനം സമരപോരാട്ടങ്ങള്‍ക്ക് താല്‍ക്കാലിക വിരാമം കുറിച്ചു എന്നു മാത്രം.

കോവിഡ് മഹാമാരി ലോകത്തെ മുഴുവന്‍ മാറ്റിമറിച്ചെങ്കിലും വര്‍ഗീയവിഷം പേറുന്നവരുടെ മനസ്സുകളിന്നും മലീമസമാണ്. പണവും അധികാരവും അതിനിസ്സാരമെന്ന് കരുതുന്ന വൈറസിന് മുന്നില്‍ ഒന്നുമല്ലാതാവുന്നു. ലക്ഷക്കണക്കിനാളുകളുടെ ജീവന്‍ കവര്‍ന്ന കൊറോണക്കു മുമ്പില്‍ ലോകം തരിച്ചുനില്‍ക്കുകയാണ്. എന്നാല്‍ രാജ്യത്തിന്റെ ഭരണം കയ്യാളുന്നവര്‍ കോവിഡ് കാലത്തും ജനങ്ങളുടെ ജീവനും സ്വത്തിനും സംരക്ഷണം നല്‍കേണ്ടതിന് പകരം അധികാരസ്ഥാനങ്ങളുറപ്പിക്കാന്‍ കുതിരക്കച്ചവടം നടത്തുകയായിരുന്നു. ജനാധിപത്യ സംവിധാനങ്ങളെ വിലക്കെടുത്ത് രാജ്യത്തിന്റെ ആണിക്കല്ലിളക്കുന്ന തിരക്കിലായിരുന്നു അവര്‍. ഇപ്പോഴും അങ്ങനെത്തന്നെ. കോവിഡ് ഭീതിയൊഴിഞ്ഞാല്‍ പൗരത്വ ഭേദഗതി നിയമം നടപ്പാക്കുമെന്ന് വര്‍ഗീയ വൈറസ് വാഹകര്‍ പറയുന്നത് അത്ഭുതത്തോടെയാണ് മനസ്സാക്ഷി മരവിച്ചിട്ടില്ലാത്തവര്‍ കേട്ടത്. വീണ്ടും പ്രക്ഷോഭങ്ങളുടെ നാളുകളാണ് വരാനിരിക്കുന്നതെന്ന് ചുരുക്കം.

ഭിന്നിപ്പിച്ചു ഭരിക്കുകയെന്ന കുതന്ത്രം ഇരുട്ടിന്റെ ശക്തികളുടെ കൂടെപ്പിറപ്പാണ്. ബീഹാര്‍ തെരഞ്ഞെടുപ്പ് പരിശോധിക്കുമ്പോഴും അവിടെ താമര വിരിഞ്ഞത് ഭിന്നതയിലാണെന്ന് വ്യക്തം. പൗരത്വ പ്രതിഷേധങ്ങളില്‍ എല്ലാംമറന്ന് ഒന്നിച്ചവര്‍ തെരഞ്ഞെടുപ്പുകളില്‍ തങ്ങളിലേക്ക് ചുരുങ്ങുന്ന കാഴ്ചയാണ് കാണുന്നത്. ഭിന്നതകള്‍ കണ്ടാസ്വദിച്ച് ആനന്ദിക്കുന്നതോ വര്‍ഗീയ ഫാസിസ്റ്റ് ശക്തികളും. ബീഹാര്‍ തെരഞ്ഞെടുപ്പില്‍ മതേതര ശക്തികള്‍ രണ്ട് ചേരികളായി മത്സരിച്ചു. ചെറിയ ഭൂരിപക്ഷത്തിനാണ് വര്‍ഗീയവാദികള്‍ ഭരണം പിടിച്ചെടുത്തത്. ഈ വിജയം ആരുടെ വീഴ്ച കാരണത്താലാണ് എന്ന ചോദ്യത്തിന് മതേതര ചേരിയുടേത് എന്നതുതന്നെയാണ് ഉത്തരം!

രാജ്യം നിര്‍ണായക ഘട്ടത്തിലൂടെ മുന്നോട്ട് പോകുന്ന സാഹചര്യത്തില്‍ ഭിന്നതയുടെ സ്വരങ്ങള്‍ പരമാവധി ഇല്ലാതാക്കാന്‍ ശ്രമിക്കേണ്ടത് രാജ്യത്തെ മുഴുവന്‍ ജനങ്ങളുടെയും ഉത്തരവാദിത്തമാണ്. തെരഞ്ഞെടുപ്പുകളില്‍ മതേതര കക്ഷികളുടെ വോട്ടുകള്‍ ഭിന്നിക്കാതിരിക്കാന്‍ ജാഗ്രത കാട്ടേണ്ടത് മുഴുവന്‍ മതേതര രാഷ്ട്രീയ പ്രസ്ഥാനങ്ങളുടെയും ചുമതലയാണ്. തെരഞ്ഞെടുപ്പു കഴിഞ്ഞശേഷം പരസ്പരം പഴിചാരുന്നതിന് പകരം രാജ്യത്തിന്റെ സമകാലിക സാഹചര്യങ്ങളെ വിലയിരുത്തി മതേതര വോട്ടുകള്‍ ഭിന്നിക്കാതിരിക്കാനുള്ള ശ്രമങ്ങള്‍ എല്ലാ കക്ഷികളും നടത്തേണ്ടതുണ്ട്. ആര് വിട്ടുവീഴ്ച ചെയ്യണം എന്ന ചോദ്യത്തിനുള്ള ഒരേയൊരുത്തരം 'എല്ലാവരും' എന്നതാണ്. വ്യക്തിപരവും പ്രാദേശികവും രാഷ്ട്രീയവുമായ താല്‍പര്യങ്ങള്‍ക്കപ്പുറം വിശാല ദേശീയ കാഴ്ചപ്പാടുകളാണ് രാജ്യത്തെ മതേതര രാഷ്ട്രീയ കക്ഷികളെ നയിക്കേണ്ടത്. രാജ്യത്ത് ജനാധിപത്യം ഉണ്ടെങ്കിലേ തെരഞ്ഞെടുപ്പും രാഷ്ട്രീയ കക്ഷികളും ഉണ്ടാവുകയുള്ളൂ എന്ന തിരിച്ചറിവ് നഷ്ടപ്പെടരുത്. കേവലം സ്വാര്‍ഥവും സങ്കുചിതവുമായ താല്‍പര്യങ്ങള്‍ക്കുവേണ്ടി രാജ്യത്തിന്റെ വൈവിധ്യങ്ങളെ ഇല്ലാതാക്കാന്‍ ശ്രമിക്കുന്നവര്‍ക്ക് വളംവെച്ചുകൊടുക്കുന്ന നിലപാടുകളും നടപടികളും ഒരിക്കലും ഉണ്ടായിക്കൂടാ. മറവി എന്നത് ദൈവാനുഗ്രഹമാണ്, എന്നാല്‍ അത് സ്വന്തത്തെ നശിപ്പിക്കുന്ന രീതിയിലേക്ക് മാറുന്നത് അപകടകരമാണ്.

ഫാസിസ്റ്റ് നീക്കങ്ങള്‍ക്കെതിരെ ശക്തമായ പ്രതിരോധംതീര്‍ത്ത പശ്ചിമ ബംഗാളും തെരഞ്ഞെടുപ്പിന്റെവക്കിലാണ്. എങ്ങനെയെങ്കിലും അധികാരം പിടിക്കുക എന്നതാണ് ബി.ജെ.പി ലക്ഷ്യംവെക്കുന്നത്. അതുകൊണ്ട് സാധ്യമാകുംവിധം അവര്‍ ഭിന്നിപ്പിക്കാന്‍ ശ്രമിച്ചുകൊണ്ടിരിക്കുന്നു. തൃണമുല്‍ കോണ്‍ഗ്രസ്സും ബി.ജെ.പിയും തമ്മിലാണ് അവിടെ പ്രധാന മത്സരം. മൂന്നാം കക്ഷിയായി കോണ്‍ഗ്രസ്സും ഇടതുപാര്‍ട്ടികളും മത്സര രംഗത്തുണ്ട്. ബീഹാര്‍ ഇലക്ഷന്‍ വിജയത്തിന്റെ പശ്ചാത്തലത്തില്‍ മുസ്‌ലിം വോട്ടുകള്‍ ലക്ഷ്യമിട്ട് അസദുദ്ദീന്‍ ഉവൈസിയും തങ്ങളുടെ പാര്‍ട്ടി ബംഗാള്‍ ഉള്‍പ്പെടെയുള്ള സംസ്ഥാനങ്ങളില്‍ മത്സരിക്കും എന്ന് വ്യക്തമാക്കിയിട്ടുണ്ട്. മതേതരവോട്ടുകളില്‍ വരുന്ന വിള്ളലുകള്‍ ബി.ജെ.പിക്കാണ് ഗുണം ചെയ്യുക. അതേസമയം മുസ്‌ലിംകള്‍ ഉള്‍പ്പെടെയുള്ള ന്യൂനപക്ഷങ്ങളുടെ പ്രയാസങ്ങളെ നെഞ്ചേറ്റുന്നതില്‍ മതേതര കക്ഷികള്‍ പിന്നാക്കം പോയിട്ടുണ്ടെന്ന ആരോപണത്തെ ഗുണകാംക്ഷയോടെ ഉള്‍ക്കൊള്ളാന്‍ അത്തരം പാര്‍ട്ടികള്‍ തയ്യാറാവുകയും വേണം. തങ്ങളുടെ കരുത്ത് തെളിയിക്കാനുള്ള കേവല ശ്രമങ്ങള്‍ക്കപ്പുറം വിശാലമായ കാഴ്ചപ്പാടുകളില്‍ മതേതര ഐക്യത്തിന്റെ മാനസികാവസ്ഥയിലേക്ക് ബംഗാള്‍ തെരഞ്ഞെടുപ്പുചിത്രം മാറിയില്ലെങ്കില്‍ നിരാശയായിരിക്കും ഫലം.

കേരളവും തെരെഞ്ഞെടുപ്പിന്റെ ചൂടിലാണ്. തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളിലേക്കും തുടര്‍ന്ന് നിയമസഭയിലേക്കും തെരഞ്ഞെടുപ്പ് നടക്കാനിരിക്കുന്നു. സംഘപരിവാരങ്ങള്‍ക്ക് ബാലികേറാമലയാണ് കേരളം. വിദ്യാഭാസപരമായും രാഷ്ട്രീയമായും ഔന്നത്യം പുലര്‍ത്തുന്ന മലയാളികള്‍ എന്നും ഈ കാര്യത്തില്‍ ജാഗ്രത കാണിച്ചിട്ടുണ്ട്. അതിനപ്പുറം രാജ്യത്ത് ഫാസിസ്റ്റ് വിരുദ്ധ പോരാട്ടങ്ങള്‍ക്ക് മാതൃകയായതിലും ഊര്‍ജം പകര്‍ന്നതിലും മലയാളമണ്ണിന് അഭിമാനിക്കാം. ഇരുമുന്നണികളും ഈ കാര്യത്തില്‍ തങ്ങളുടെതായ പങ്ക് നിര്‍വഹിച്ചിട്ടുണ്ട്. ആ ജാഗ്രത കൈവിടാതെ തന്നെ മുന്നോട്ട് പോവേണ്ടതുണ്ട്.

മോഹന വാഗ്ദാനങ്ങള്‍ നല്‍കി പലരും സംഘപരിവാര്‍ അജണ്ടകള്‍ നടപ്പിലാക്കുന്നു എന്നത് ഗൗരവതരമായി ഓര്‍ക്കേണ്ട വസ്തുതയാണ്. യഥാര്‍ഥ പ്രശ്‌നങ്ങളില്‍നിന്ന് വഴിതിരിച്ചുവിട്ട് അസാധ്യമായ മോഹന വാഗ്ദാനങ്ങള്‍ നല്‍കിയാണവര്‍ പാവങ്ങളെ വഞ്ചിക്കുന്നത്. ഇക്കാര്യത്തില്‍ കേരളീയ സമൂഹം ജാഗ്രത പാലിക്കേണ്ടതുണ്ട്. പ്രാദേശിക വികാരങ്ങളെ ആളിക്കത്തിച്ചും ഇത്തരം നീക്കങ്ങള്‍ പല സ്ഥലങ്ങളിലും നടക്കുന്നുണ്ട്. കൊച്ചിയിലും തിരുവനന്തപുരത്തുമടക്കം പല സ്ഥലങ്ങളിലും പ്രാദേശിക വികസനങ്ങളുടെ പേരില്‍ കൂട്ടായ്മകള്‍ തെരഞ്ഞെടുപ്പില്‍ മത്സരിക്കാന്‍ തീരുമാനിച്ചിട്ടുണ്ട്. അവരുടെ ഉദ്ദേശ്യശുദ്ധിയെ ചോദ്യം ചെയ്യുന്നില്ല. അത് വര്‍ഗീയ കക്ഷികള്‍ക്ക് ഏണിവെച്ചുകൊടുക്കുന്ന രീതിയിലേക്ക് മാറുന്നില്ലെന്ന് ഉറപ്പുവരുത്താന്‍ ഇത്തരം കൂട്ടായ്മകള്‍ ശ്രദ്ധിക്കേണ്ടതുണ്ട്. ജനാധിപത്യത്തിന്റെ ലൂപ്പ് ഹോളുകളില്‍ തങ്ങളുടെ സാധ്യതകള്‍ കണ്ടെത്തുന്നവരാണ് വെറുപ്പുല്‍പാദകര്‍. അത് തിരിച്ചറിയാതെ പോകരുത്.

പ്രാദേശിക വികാരങ്ങളും തങ്ങളുടെ ആള്‍ബലവും പരീക്ഷിക്കാനും പ്രകടിപ്പിക്കാനും സാധ്യമായ സാഹചര്യത്തിലല്ല നമ്മുടെ നാട് ഇന്ന് നിലകൊള്ളുന്നതെന്ന് മലയാളികള്‍ മനസ്സിലാക്കണം. വൈകാരികതക്കപ്പുറം യാഥാര്‍ഥ്യബോധങ്ങളാണ് നമ്മെ നയിക്കേണ്ടത്. മതേതര വോട്ടുകളില്‍ വരുന്ന വിള്ളലുകള്‍ വര്‍ഗീയ ശക്തികളുടെ പ്രതീക്ഷകള്‍ കൂടിയാണ്. നാടിന്റെ വികസനവും നല്ല നാളെയും സ്വപ്‌നം കാണുന്നവര്‍ തങ്ങളുടെ ചെലവില്‍ നാട്ടിന്റെ സമാധാനവും സ്വസ്ഥതയും തകര്‍ക്കാന്‍ തക്കംപാര്‍ത്തിരിക്കുന്നവരെ കണ്ടില്ലെന്ന് നടിക്കരുത്. സുരക്ഷിതമായ ജനാധിപത്യ ഭരണ സംവിധാനങ്ങളില്‍ സമ്മര്‍ദം ചെലുത്തി ജനാധിപത്യ മാര്‍ഗത്തിലൂടെ അവകാശങ്ങള്‍ നമുക്ക് നേടിയെടുക്കാം. അരക്ഷിതമായ അന്തരീക്ഷത്തില്‍ അത് അസാധ്യമാണ്. ഇടതുവലത് മുന്നണികള്‍ തങ്ങളുടെ വോട്ടുബാങ്ക് ലക്ഷ്യമിട്ട് നടത്തുന്ന നടപടികള്‍ വര്‍ഗീയ കക്ഷികള്‍ക്ക് ആളെക്കൂട്ടുന്ന രീതിയിലേക്ക് മാറരുത്. മതേതര ചേരിയെ ദുര്‍ബലപ്പെടുത്തുന്ന നടപടികളില്‍നിന്ന് ബോധപൂര്‍വം വിട്ടു നില്‍ക്കാനും മതേതര കക്ഷികളുടെ വോട്ടുകള്‍ കണ്‍സോളിഡേറ്റ് ചെയ്യാനും മതേതര മുന്നണികള്‍ ജാഗ്രത കാണിക്കണം. തിരിച്ചറിവുകളില്‍ നിന്നാവട്ടെ നമ്മുടെ നിലപാടുകള്‍. നാടിന്റെ നന്മയും നല്ല നാളെയും സ്വപ്‌നം കാണാം നമുക്ക്.