ഇത് പരാജയ ഹേതുവാണ്

റിയാസ് സ്വലാഹി തളിപ്പറമ്പ്

2020 ഫെബ്രുവരി 08 1441 ജുമാദല്‍ ആഖിറ 09

സത്യവിശ്വാസികള്‍ പരലോകവിജയം നേടിയെടുക്കാനുള്ള കൃഷിചെയ്യുന്നവരാണ്. പരലോകത്ത് രക്ഷപ്പെടാന്‍ ഭൂമിയില്‍ നന്നായി കൃഷി ചെയ്യണം. പരലോകത്ത് ഏത് വിളകളാണ് സ്വീകരിക്കുക എന്ന് അല്ലാഹു അവന്റ ദൂതന്മാര്‍ മുഖേന അറിയിച്ചിട്ടുണ്ട്. വിളകളെ നശിപ്പിക്കുന്ന കീടങ്ങള്‍ ധാരാളമുണ്ട്. അവ ഏതെന്നും നാം അറിയണം. പരലോകത്ത് രക്ഷ ലഭിക്കാന്‍ മനസ്സിന് രോഗം വരാതെ ശ്രദ്ധിക്കേണ്ടതുണ്ട്. മനസ്സിനെ പല രോഗങ്ങളും പിടികൂടാന്‍ സാധ്യതയുണ്ട്. മനസ്സ് (ക്വല്‍ബ്) അല്ലാഹു നല്‍കിയ അപാരമായ അനുഗ്രഹമാണ്. അതിനാല്‍ തന്നെ മനസ്സിനെ വളരെ ശ്രദ്ധിക്കണമെന്ന് പ്രവാചകന്‍ ﷺ  പഠിപ്പിച്ചു. നബി ﷺ  പറഞ്ഞു:  

'''നിങ്ങളുടെ ശരീരത്തില്‍ ഒരു മാംസക്കഷ്ണമുണ്ട്, അത് നന്നായാല്‍ ശരീരം പൂര്‍ണമായും നന്നാവും. അത് ചീത്തയായാല്‍ ശരീരം പൂര്‍ണമായും ചീത്തയാകും. അറിയുക; അതാണ് ഹൃദയം.''

അല്ലാഹു പറയുന്നു: ''തീര്‍ച്ചയായും അതിനെ (ഹൃദയത്തെ) പരിശുദ്ധമാക്കിയവന്‍ വിജയം കൈവരിച്ചു. അതിനെ മലീമസമാക്കിയവന്‍ പരാജയപ്പെട്ടു'' (ക്വുര്‍ആന്‍ 91:9,10).

എല്ലാ തിന്മകളില്‍നിന്നും രക്ഷപ്പെട്ട ഹൃദയവുമായി നാളെ പരലോകത്ത് എത്തുന്നവര്‍ക്കല്ലാതെ അവരുടെ സമ്പത്തോ സന്താനങ്ങളോ ഉപകാരപ്പെടുകയില്ല.

''അപ്പോള്‍ ഏതൊരാള്‍ തന്റ രക്ഷിതാവിന്റെ സ്ഥാനത്തെ ഭയപ്പെടുകയും മനസ്സിനെ തന്നിഷ്ടത്തില്‍ നിന്ന് വിലക്കി നിര്‍ത്തുകയും  ചെയ്തുവോ (അവന്) സ്വര്‍ഗം തന്നെയാണ് സങ്കേതം'' (ക്വുര്‍ആന്‍ 79:40,41).

മനസ്സിനെ പിടികൂടുന്ന മാരകമായ ഒരു രോഗമാണ് കിബ്ര്‍ അഥവാ അഹങ്കാരം. എന്താണ് കിബ്ര്‍? നബി ﷺ  തന്നെ വിശദീകരിച്ചു തന്നു: ''അഹങ്കാരം എന്നത് സത്യത്തെ നിഷേധിക്കലും ജനങ്ങളെ നിന്ദ്യരായി കാണലുമാണ്'' (മുസ്‌ലിം).

സത്യനിഷേധികളുടെ സ്വഭാവം

കിബ്‌റ് വിശ്വാസികളുടെ സ്വഭാവമല്ല. നിഷേധികളുടെ ഗുണമാണ്. മനുഷ്യാരംഭത്തില്‍ തന്നെയുള്ള ഒരു അഹങ്കാരിയെ അല്ലാഹു പരിചയപ്പെടുത്തി.

''ആദമിനെ നിങ്ങള്‍ പ്രണമിക്കുക എന്ന് നാം മലക്കുകളോട് പറഞ്ഞ സന്ദര്‍ഭം (ശ്രദ്ധിക്കുക). അവര്‍ പ്രണമിച്ചു; ഇബ്‌ലീസ് ഒഴികെ. അവന്‍ വിസമ്മതം പ്രകടിപ്പിക്കുകയും അഹംഭാവം നടിക്കുകയും ചെയ്തു. അവന്‍ സത്യനിഷേധികളില്‍പ്പെട്ടവനാകുന്നു'' (ക്വുര്‍ആന്‍ 2:34).

പിശാച് അഹങ്കാരിയാണെന്ന് അല്ലാഹു പറഞ്ഞുതരുന്നു. അല്ലാഹുവിനോട് മാത്രം പ്രാര്‍ഥിക്കണം എന്ന് പറഞ്ഞാല്‍ അവിശ്വാസികള്‍ (കാഫിറുകള്‍) നല്‍കുന്ന മറുപടി ക്വുര്‍ആന്‍ പഠിപ്പിക്കുന്നു:

''അല്ലാഹുമല്ലാതെ ഒരു ദൈവവുമില്ല എന്ന് അവരോട് പറയപ്പെട്ടാല്‍ അവര്‍ അഹങ്കാരം നടിക്കുന്നു'' (ക്വുര്‍ആന്‍ 37:35).

ധിക്കാരികളായി ക്വുര്‍ആന്‍ പരിചയപ്പെടുത്തിയ ക്വാറൂനിനെ കുറിച്ചും ഫിര്‍ഔനെ കുറിച്ചും അല്ലാഹു പറയുന്നത് കാണുക:

''ക്വാറൂനിനെയും ഫിര്‍ഔനെയും ഹാമാനെയും (നാം നശിപ്പിച്ചു) വ്യക്തമായ തെളിവുകളും കൊണ്ട് മൂസാ അവരുടെ അടുത്ത് ചെല്ലുകയുണ്ടായി. അപ്പോള്‍ അവര്‍ നാട്ടില്‍ അഹങ്കരിച്ചു നടന്നു. അവര്‍ (നമ്മെ) മറികടക്കുന്നവരായില്ല'' (ക്വുര്‍ആന്‍ 29:39).

അഹങ്കാരം വിശ്വാസികളുടെ സ്വഭാവമല്ല

സത്യവിശ്വാസികളുടെ നേതാവായ മുഹമ്മദ് നബി ﷺ യുടെ സ്വഭാവം അല്ലാഹുതന്നെ നമുക്ക് പറഞ്ഞുതരുന്നു: ''തീര്‍ച്ചയായും നീ മഹത്തായ സ്വഭാവത്തിലാകുന്നു'' (ക്വുര്‍ആന്‍ 684).

അല്ലാഹുവിന്റ നല്ല അടിമകള്‍ വിനയമുളളവരായിരിക്കും എന്ന് അല്ലാഹു പറയുന്നു: ''പരമകാരുണികന്റ ദാസന്മാര്‍ ഭൂമിയില്‍ കൂടി വിനയത്തോടെ നടക്കുന്നവരും അവിവേകികള്‍ തങ്ങളോട് സംസാരിച്ചാല്‍ സമാധാനപരമായി മറുപടി പറയുന്നവരുമാകുന്നു'' (ക്വുര്‍ആന്‍ 25:63).

അഹങ്കാരികളെ അല്ലാഹു ഇഷ്ടപ്പെടുന്നില്ല

അഹങ്കാരികളെ അല്ലാഹു ഇഷ്ടപ്പെടില്ല എന്ന് ക്വുര്‍ആനിലൂടെ അല്ലാഹു വ്യക്തമായി പറഞ്ഞത് കാണാം:  

''...അവന്‍ (അല്ലാഹു) അഹങ്കാരികളെ ഇഷ്ടപ്പെടുകയില്ല, തീര്‍ച്ച'' (ക്വുര്‍ആന്‍ 16:23)

''...ദുരഭിമാനിയും  പൊങ്ങച്ചക്കാരനുമായ യാതൊരാളെയും അല്ലാഹു ഇഷ്ടപ്പെടുകയില്ല'' (ക്വുര്‍ആന്‍ 31:18).

''തീര്‍ച്ചയായും ക്വാറൂന്‍ മൂസായുടെ ജനതയില്‍ പെട്ടവനായിരുന്നു. എന്നിട്ട് അവന്‍ അവരുടെ നേരെ അതിക്രമം കാണിച്ചു. തന്റെ ഖജനാവുകള്‍ ശക്തന്‍മാരായ ഒരു സംഘത്തിനുപോലും ഭാരമാകാന്‍ തക്കവണ്ണമുള്ള നിക്ഷേപങ്ങള്‍ നാം അവന് നല്‍കിയിരുന്നു. അവനോട് അവന്റെ ജനത ഇപ്രകാരം പറഞ്ഞ സന്ദര്‍ഭം (ശ്രദ്ധേയമത്രെ:) നീ പുളകം കൊള്ളേണ്ട. പുളകം കൊള്ളുന്നവരെ അല്ലാഹു തീര്‍ച്ചയായും ഇഷ്ടപ്പെടുകയില്ല'' (ക്വുര്‍ആന്‍ 28:76).

അഹങ്കാരമുള്ളവനെ അല്ലാഹു പരിഗണിക്കില്ല

അബുഹൂറയ്‌റ(റ) നിവേദനം; നബി ﷺ  അരുളി: ''അഹങ്കാരത്തോടെ തന്റ വസത്രം വലിച്ചിഴച്ച് നടക്കുന്നവനെ അല്ലാഹു പരിഗണിക്കുകയില്ല.''

അബൂഹുറയ്‌റ(റ) നിവേദനം; നബി ﷺ  അരുളി: ''മൂന്ന് വിഭാഗത്തത്തോട് അന്ത്യദിവസം അല്ലാഹു സംസാരിക്കുകയില്ല, അവരെ സംസ്‌കരിക്കുകയില്ല, അവരിലേക്ക് നോക്കുകയുമില്ല. അവര്‍ക്ക് വേദനാജനകമായ ശിക്ഷയുണ്ട:് വ്യഭിചാര്യയായ വൃദ്ധന്‍, കളവ് പറയുന്ന ഭരണാധികാരി, അഹംഭാവിയായ ദരിദ്രന്‍ എന്നിവരാണവര്‍''(മുസ്‌ലിം).

അഹങ്കാരികള്‍ നരകത്തില്‍  

അല്ലാഹു അവന്റ കല്‍പനകള്‍ ധിക്കരിക്കുന്നവര്‍ക്ക് ഒരുക്കിവച്ച സങ്കേതമാണ് നരകം. നരകം ലഭിക്കാന്‍ ഇടയാക്കുന്ന ഒരു ദുര്‍ഗുണമാണ് അഹങ്കാരം എന്ന് വിശുദ്ധ ക്വുര്‍ആന്‍ നമ്മെ പഠിപ്പിക്കുന്നു. അല്ലാഹു പറയുന്നു:

''(അവരോട്) പറയപ്പെടും: നിങ്ങള്‍ നരകത്തിന്റ വാതിലുകളിലൂടെ പ്രവേശിക്കുക. നിങ്ങളതില്‍ നിത്യവാസികളായിരിക്കും. എന്നാല്‍ അഹങ്കാരികളുടെ പാര്‍പ്പിടം എത്ര ചീത്ത!'' (ക്വുര്‍ആന്‍ 39:72).

''അതിനാല്‍ നരകത്തിന്റെ കവാടങ്ങളിലൂടെ നിങ്ങള്‍ കടന്ന് കൊള്ളുക. (നിങ്ങള്‍) അതില്‍ നിത്യവാസികളായിരിക്കും. അപ്പോള്‍ അഹങ്കാരികളുടെ വാസസ്ഥലം മോശം തന്നെ!'' (ക്വുര്‍ആന്‍ 16:29).

''എന്നാല്‍ നമ്മുടെ ദൃഷ്ടാന്തങ്ങളെ നിഷേധിച്ച് തള്ളുകയും അവയുടെ നേരെ അഹങ്കാരം നടിക്കുകയും ചെയ്യുന്നതാരോ അവരാണ് നരകാവകാശികള്‍. അവര്‍ അതില്‍ നിത്യവാസികളായിരിക്കും'' (ക്വുര്‍ആന്‍ 7:36).

''നിങ്ങളുടെ രക്ഷിതാവ് പറഞ്ഞിരിക്കുന്നു: നിങ്ങള്‍ എന്നോട് പ്രാര്‍ഥിക്കൂ. ഞാന്‍ നിങ്ങള്‍ക്ക് ഉത്തരം നല്‍കാം. എന്നെ ആരാധിക്കാതെ അഹങ്കാരം നടിക്കുന്നവരാരോ അവര്‍ വഴിയെ നിന്ദ്യരായിക്കൊണ്ട് നരകത്തില്‍ പ്രവേശിക്കുന്നതാണ്; തീര്‍ച്ച'' (ക്വുര്‍ആന്‍ 40:60).

നബി ﷺ  പറഞ്ഞു: ''നരക ശിക്ഷക്കാര്‍ ആരെല്ലാമാണെന്ന് ഞാന്‍ പറഞ്ഞു തരട്ടെയോ? കഠിന ഹൃദയരും അഹംഭാവികളുമായ എല്ലാ ആളുകളുമാണവര്‍.'' (ബുഖാരി)

പ്രവാചകന്‍ ﷺ  പറഞ്ഞു: ''അണുമണിത്തൂക്കം അഹങ്കാരം മനസ്സിലുള്ളവന്‍ സ്വര്‍ഗത്തില്‍ പ്രവേശിക്കില്ല.''

''ന്യായം കൂടാതെ ഭൂമിയില്‍ അഹങ്കാരം നടിച്ച് കൊണ്ടിരിക്കുന്നവരെ എന്റെ ദൃഷ്ടാന്തങ്ങളില്‍ നിന്ന് ഞാന്‍ തിരിച്ചുകളയുന്നതാണ്'' (ക്വുര്‍ആന്‍ 7:146).

ചുറ്റുപാടിലൂടെ കണ്ണോടിക്കുക; ചില സംഘടനകള്‍  ഭിന്നിക്കുന്നു, പാര്‍ട്ടികള്‍ പിളരുന്നു. പിളര്‍പ്പിനും ഭിന്നിപ്പിനും പലപ്പോഴും കാരണം ചില വ്യക്തികളുടെ ഞാനെന്ന ഭാവമായിരിക്കും. യോജിപ്പിന് തടസ്സമായി നില്‍ക്കുന്നതും അഹങ്കാരം തന്നെ. അതിനാല്‍ അഹന്ത വെടിയുക. വിനയം ശീലമാക്കുക.