അമേരിക്കയും അര്‍ണാബും ജനാധിപത്യവും

നബീല്‍ പയ്യോളി

2020 നവംബര്‍ 14 1442 റബിഉല്‍ അവ്വല്‍ 27

പതിവില്‍നിന്നും വിപരീതമായി അമേരിക്കയിലെ തെരഞ്ഞെടുപ്പ് ലോകം മുഴുവന്‍ ചര്‍ച്ച ചെയ്യുകയാണ്. റിപ്പബ്ലിക്കന്‍ പാര്‍ട്ടി നേതാവും നിലവിലെ പ്രസിഡന്റുമായ ട്രമ്പിനെ ബഹുദൂരം പിന്നിലാക്കിക്കൊണ്ടാണ് ഡമോക്രാറ്റ് പ്രതിനിധി ജോ ബൈഡന്‍ അമേരിക്കയുടെ അമരത്തെത്തുന്നത്. ട്രമ്പും പാര്‍ട്ടിയും കണക്ക് കൂട്ടിയതിനെക്കാള്‍ വലിയ പരാജയമാണ് അവര്‍ക്ക് നേരിടേണ്ടി വന്നതെന്നാണ് വിലയിരുത്തല്‍. റിപ്പബ്ലിക്കന്‍ പാര്‍ട്ടിക്ക് അപ്രമാദിത്വം ഉണ്ടായിരുന്ന പലയിടങ്ങളിലും ട്രമ്പ് പരാജയം നുണഞ്ഞു. എന്തായാലും അമേരിക്കയുടെ ചരിത്രത്തില്‍തന്നെ ഏറെ ചര്‍ച്ചചെയ്യപ്പെട്ട തെരഞ്ഞെടുപ്പാണ് നടന്നത്. നടപടികള്‍ പൂര്‍ത്തിയാക്കി ബൈഡന്‍ അധികാരത്തിലെത്താന്‍ ഇനിയും ആഴ്ചകള്‍ ഉണ്ട്. കേവല ഭൂരിപക്ഷം എന്ന മാസ്മരിക സംഖ്യ മറികടന്നത് ബൈഡന്‍ അമേരിക്കയുടെ പ്രഥമ പൗരനായി മാറി.

ലോകപോലീസിന്റെ അമരത്ത് ആരു വന്നാലും വലിയ മാറ്റങ്ങള്‍ ഉണ്ടാകാന്‍ പോകുന്നില്ലെന്ന് വിലയിരുത്തുന്നവരുണ്ട്. 'തമ്മില്‍ ഭേദം തൊമ്മന്‍' എന്ന നിലപാടാണ് പലര്‍ക്കും. ലോകത്തെ അടക്കിവാഴാനും മറ്റു രാജ്യങ്ങളെ തങ്ങളുടെ അജണ്ടകളില്‍ തളച്ചിടാനും എന്നും അമേരിക്ക ശ്രമിച്ചു പോന്നിട്ടുണ്ട്. അതില്‍നിന്നും വലിയ മാറ്റങ്ങള്‍ ഉണ്ടാവും എന്ന അമിതപ്രതീക്ഷ അസ്ഥാനത്താണ്. എന്നാലും ബൈഡന്റെ ഇടപെടലുകളും സംസാരങ്ങളും പ്രഖ്യാപനങ്ങളും കേള്‍ക്കുമ്പോള്‍ പാരസ്പര്യത്തിലൂന്നിയ ഭരണമായിരിക്കും കാഴ്ചവെക്കുക എന്ന് പ്രതീക്ഷിക്കാം. ഏകാധിപത്യവും വെറുപ്പും കൈമുതലാക്കി ഭരണം നടത്തിയവര്‍ അനുഭവിച്ച അനിവാര്യപതനത്തിന്റെ ചരിത്രം വസ്തുതകളുടെ വെളിച്ചത്തില്‍ അപഗ്രഥിക്കുന്നവര്‍ക്ക് വലിയ പാഠമാണ്.

അതിദേശീയതയും വര്‍ണ, വര്‍ഗ വെറിയും വിദ്വേഷ നിലപാടുകളുമാണ് ട്രമ്പിന്റെ ഭരണത്തിനുകീഴില്‍ അമേരിക്കയില്‍ അരങ്ങേറിയത്. ലോകത്തെ പിടിച്ചുകുലുക്കിയ മഹാമാരിക്കാലത്ത് അമേരിക്കയുടെ ഭരണാധികാരി എടുത്ത നിലപാടുകളും സമീപനങ്ങളും മനുഷ്യത്വരഹിതവും അപക്വവുമായിരുന്നു. അതുകൊണ്ട് തന്നെ കോവിഡ് ബാധിതരുടെ എണ്ണത്തില്‍ ഒന്നാം സ്ഥാനത്താണ് അമേരിക്ക; മരണത്തിന്റെ കാര്യത്തിലും! തീര്‍ത്തും നിരുത്തരവാദപരമായ സമീപനമായിരുന്നു ട്രമ്പും കൂട്ടരും കോവിഡ് കാലത്ത് സ്വീകരിച്ചത്. സ്വന്തം ജനതയുടെ ജീവന്‍ രക്ഷിക്കുന്നതിന് പകരം മറ്റുള്ളവരെ പഴിചാരിയും പ്രതിരോധ പ്രവര്‍ത്തനങ്ങളെ അട്ടിമറിക്കുന്ന നിലപാടുകള്‍ എടുത്തും ലോകത്തിന് മുന്നില്‍ അമേരിക്കയുടെ മുഖം വികൃതമാക്കി. ചൈനയടക്കമുള്ള രാജ്യങ്ങളുമായി കൊമ്പുകോര്‍ത്തു, ലോകാരോഗ്യ സംഘടനയില്‍ നിന്നും പിന്മാറി... അങ്ങനെ അധികാരത്തിന്റെ ഹുങ്കില്‍ സ്വന്തം ജനതയെ മരണത്തിലേക്ക് തള്ളിവിട്ട ഭരണാധികാരിയായി ട്രമ്പിനെ ലോകം വിലയിരുത്തുന്നു. പൊതുജനാരോഗ്യം അടക്കമുള്ള അടിസ്ഥാന സൗകര്യങ്ങള്‍ ഒരുക്കുന്ന കാര്യത്തില്‍ അമേരിക്കന്‍ ഭരണകൂടം കാണിച്ച കുറ്റകരമായ വീഴ്ചകള്‍ ആ നാടിനെ ശവപ്പറമ്പാക്കി മാറ്റി. ശത്രുരാജ്യങ്ങളെ ഇല്ലായ്മ ചെയ്യുന്ന വെറുപ്പിന്റെ വ്യാപരികളാല്‍ സ്വന്തം നാട്ടിലെ അനേകം പേര്‍ക്ക് ജീവന്‍ നഷ്ടമായി എന്നത് അമേരിക്കയുടെ ചരിത്രത്തിലെ കറുത്ത എടുകളായി അവശേഷിക്കും.

ചില പ്രത്യേക പ്രദേശങ്ങളില്‍നിന്നുള്ള കുടിയേറ്റക്കാരെ തടയുന്നതിനും നാടുകടത്തുന്നതിനും വേണ്ടി കൊണ്ടുവന്ന നിയമങ്ങള്‍ മാനവിക മൂല്യങ്ങള്‍ക്ക് നിരക്കാത്തവയായിരുന്നു. മെക്‌സിക്കന്‍ അതിര്‍ത്തിയില്‍ മതില്‍കെട്ടാനുള്ള തീരുമാനവും മനുഷ്യത്വരഹിതമായിരുന്നു. വര്‍ണവെറിയുടെ ബലിയാടായി മാറിയ ജോര്‍ജ് ഫ്‌ളോയിഡ് എന്ന കറുത്തവര്‍ഗക്കാരന്‍, പോലീസിന്റെ കാല്‍മുട്ടില്‍ ഞെരിഞ്ഞമര്‍ന്ന് 'എനിക്ക് ശ്വാസം മുട്ടുന്നു' എന്ന് വിളിച്ചുപറയുന്ന രംഗം മനുഷ്യത്വം തെല്ലെങ്കിലും അവശേഷിക്കുന്നവരെ ഇന്നും അലട്ടിക്കൊണ്ടിരിക്കുന്നു. ജോര്‍ജ് ഫ്‌ളോയിഡിന്റെ മരണത്തില്‍ കത്തിയാളിയ പ്രതിഷേധങ്ങള്‍ അമേരിക്കന്‍ തെരുവുകളെ പ്രകമ്പനം കൊള്ളിച്ചു. അങ്ങനെ ലോകം ശ്രദ്ധിച്ച നിരവധി മനുഷ്യത്വ വിരുദ്ധ നിലപാടുകളും നയങ്ങളും സ്വീകരിക്കുകയും അത് അലങ്കാരമായി കാണുകയും ആ നിലപാടുകളുടെ പ്രചാരകനും പ്രയോക്താവുമായി നിലകൊള്ളുകയും ചെയ്ത ട്രമ്പിനെതിരെ അമേരിക്കക്ക് അകത്തും പുറത്തും ജനവികാരം നിലനിന്നിരുന്നു എന്നതാണ് ഈ തെരഞ്ഞെടുപ്പിനെ ലോകം ചര്‍ച്ച ചെയ്യുന്ന നിലയിലേക്കെത്തിച്ചത്.

ജനജീവിതത്തെ സാരമായിബാധിച്ച ഒട്ടനവധി പ്രശ്‌നങ്ങള്‍ അമേരിക്കന്‍ തെരഞ്ഞെടുപ്പില്‍ പ്രതിഫലിച്ചു. ഫാഷിസ്റ്റ് ഭരണകൂടത്തിനെതിരെയുള്ള വികാരം വോട്ടായി മാറി. ആ ഭരണാധികാരിയുടെ പതനം അമേരിക്കന്‍ ജനത വോട്ടെന്ന, ജനാധിപത്യത്തിലെ ഏറ്റവും മൂര്‍ച്ചയേറിയ അസ്ത്രം പ്രയോഗിച്ചു ഉറപ്പാക്കി. ലോകം കൊതിച്ചൊരു ഭരണമാറ്റമാണ് അമേരിക്കയില്‍ ഉണ്ടായത്. ജനവികാരം വോട്ടാക്കി മാറ്റുന്നതില്‍ ഡമോക്രാറ്റുകള്‍ വിജയിച്ചു. ഭിന്നിപ്പിക്കാനല്ല ഒന്നിപ്പിച്ചു ഭരിക്കാനാണ് താന്‍ ശ്രമിക്കുകയെന്നും ട്രമ്പ് ഭരണകൂടം നടപ്പിലാക്കിയ ജനവിരുദ്ധ നയങ്ങള്‍ റദ്ദ് ചെയ്യുമെന്നുമുള്ള ബൈഡന്റെ പ്രഖ്യാപനങ്ങള്‍ ആശാവഹമാണ്. മുസ്‌ലിം മതവിശ്വാസികള്‍ക്ക് മറ്റേതു മതക്കാരെയും പോലെത്തന്നെ ആത്മാഭിമാനത്തോടെ ജീവിക്കാന്‍ സാഹചര്യം ഒരുക്കുമെന്നും കുടിയേറ്റ നിയമം പരിഷ്‌കരിക്കുമെന്നും വര്‍ണ, വര്‍ഗ വ്യത്യാസമന്യെ രാജ്യത്തെ ജനതയെ ഒന്നായിക്കാണുകയും അവരുടെ ക്ഷേമ പ്രവര്‍ത്തനങ്ങള്‍ക്ക് പ്രാമുഖ്യം നല്‍കുമെന്നുമുള്ള പ്രഖാപനങ്ങള്‍ യാഥാര്‍ഥ്യമാകും എന്നതാണ് സന്മനസ്സുകള്‍ പ്രതീക്ഷിക്കുന്നത്. പ്രഖ്യാപനങ്ങള്‍ക്കപ്പുറം നടപടികളും പ്രായോഗിക സമീപനങ്ങളും ഉണ്ടാകുമെന്നു പ്രതീക്ഷിക്കാം.

ഇന്ത്യയും അമേരിക്കന്‍ തെരഞ്ഞെടുപ്പും

ലോകത്തെ ഏതു രാജ്യത്തെക്കാളും അമേരിക്കയിലെ ഭരണമാറ്റം ഇന്ത്യന്‍ജനത വലിയതോതില്‍ ചര്‍ച്ച ചെയ്തു എന്നത് യാദൃച്ഛികമല്ല. ഇന്ത്യയും അമേരിക്കയും തമ്മില്‍ സമാനതകള്‍ ഏറെയുണ്ട്. എന്നാല്‍ ഫാഷിസ്റ്റ് മനോഭാവം പേറുന്ന ഭരണാധികാരികളാണ് രണ്ട് രാജ്യങ്ങളും ഭരിക്കുന്നതെന്ന സമാനതയാണ് ഇന്ത്യന്‍ജനത അമേരിക്കന്‍ തെരഞ്ഞെടുപ്പിനെ ഇത്രമേല്‍ ചര്‍ച്ചക്ക് വിധേയമാക്കാന്‍ കാരണം. നരേന്ദ്ര മോഡിയും ട്രമ്പും രാജ്യത്തെ ഭിന്നിപ്പിക്കുന്ന കാര്യത്തിലും ജനതയുടെ ക്ഷേമപ്രവര്‍ത്തനങ്ങളില്‍ കാണിക്കുന്ന കുറ്റകരമായ അനാസ്ഥയുടെ കാര്യത്തിലും എന്തിലധികം കോവിഡ് മഹാമാരിയെ നേരിടുന്ന കാര്യത്തില്‍ കാണിച്ച അലംഭാവത്തിലും അനാസ്ഥയിലുമെല്ലാം ഒരേ തൂവല്‍ പക്ഷികളാണ്.

വിദ്വേഷവും വര്‍ഗീയതയും ഇരുകൂട്ടരുടെയും ഊര്‍ജമാണ്. 'ഹൗഡി മോഡി'യും 'നമസ്‌തേ ട്രമ്പും' ഒരേ നയത്തിന്റെ നേര്‍ചിത്രങ്ങളാണ്. ഫാഷിസ്റ്റ് ഭരണകൂടത്തിന്റെ സാമ്യതകള്‍ ധാരാളം. അതുകൊണ്ട് തന്നെ അമേരിക്കയില്‍ ട്രമ്പിന്റെ പതനം ഇന്ത്യയിലെ ജനാധിപത്യ വിശ്വാസികള്‍ക്ക് നല്‍കുന്ന ഊര്‍ജം വലുതാണ്. കോവിഡ് ഭീതി മാറിയാല്‍ പൗരത്വനിയമം നടപ്പിലാക്കുമെന്നുള്ള അമിത്ഷായുടെ പ്രഖ്യാപനം കഴിഞ്ഞദിവസം നാം കേട്ടതാണ്. ഈ സാഹചര്യത്തില്‍ അമേരിക്കന്‍ ജനത ഇന്ത്യന്‍ ജനാധിപത്യ പോരാട്ടങ്ങള്‍ക്ക് പകരുന്ന ഊര്‍ജം കരുത്തുറ്റതാണ്. വര്‍ഗീയതും വര്‍ണവെറിയും ജനദ്രോഹനയങ്ങളും നടപ്പിലാക്കുന്ന ഭരണാധികാരികളുടെ അനിവാര്യ പതനം ജനാധിപത്യത്തിന്റെ സാധ്യതകള്‍ ഉപയോഗിച്ച് ഉറപ്പുവരുത്താന്‍ സാധിക്കും. ഇത്തരം ഭരണകൂടങ്ങള്‍ക്ക് അല്‍പായുസ്സ് മാത്രം. കോവിഡ് ഭീതിമൂലം താല്‍ക്കാലികമായി നിര്‍ത്തിവെച്ച ഫാഷിസ്റ്റ് വിരുദ്ധ പോരാട്ടങ്ങള്‍ക്ക് ഊര്‍ജം പകരുന്ന ഫലമാണ് അമേരിക്കന്‍ ജനത ഇന്ത്യക്ക് സമ്മാനിച്ചത്.

ഇന്ത്യയുടെ പാരമ്പര്യത്തെയും ബഹുസ്വരതയെയും തകര്‍ക്കുന്ന പൗരത്വനിയമം, കശ്മീര്‍ 370ാം വകുപ്പ് പിന്‍വലിച്ച നടപടി, മുസ്‌ലിം ന്യുനപക്ഷങ്ങള്‍ക്കുനേരെ നടക്കുന്ന ആസൂത്രിത ആക്രമങ്ങള്‍ തുടങ്ങിയവയില്‍ മോഡി സര്‍ക്കാരിന്റെ സമീപനങ്ങളെ ശക്തമായി എതിര്‍ത്ത് നിലപാടെടുത്ത വ്യക്തി വൈറ്റ് ഹൗസിന്റെ അധിപനാകുന്നു എന്നതും ഇന്ത്യന്‍ ജനതക്ക് പ്രതീക്ഷ നല്‍കുന്നു. ജനാധിപത്യത്തിന്റെ സാധ്യതകളെ ഇല്ലാതാക്കാന്‍ ശ്രമിക്കുന്ന സംഘപരിവാര്‍ ശക്തികള്‍ക്കെതിരെയുള്ള പോരാട്ടങ്ങള്‍ കൂടുതല്‍ ശക്തമാക്കേണ്ടതുണ്ട്.

അര്‍ണാബും മാധ്യമ ധാര്‍മികതയും

ഫാഷിസ്റ്റ് ഭരണകൂടത്തിന്റെ കുഴലൂത്തുകാരനായ റിപബ്ലിക് ടിവി മേധാവി അര്‍ണാബ് ഗോസ്വാമിയെ ആത്മഹത്യാപ്രേരണക്കുറ്റത്തിന് മഹാരാഷ്ട്ര സര്‍ക്കാര്‍ അറസ്റ്റുചെയ്തിരിക്കുന്നു. ഭരണകൂടത്തിന്റെ തണലില്‍ വ്യക്തിഹത്യയും വ്യാജവാര്‍ത്തകളും ആക്രോശങ്ങളും മാധ്യമ ധര്‍മമായി കാണുന്ന അര്‍ണാബ് മോഡി സര്‍ക്കാരിന്റെ ആശീര്‍വാദത്തില്‍ നടത്തിയ മനുഷ്വത്വരഹിത ഇടപെടലുകളോര്‍ത്ത് ആത്മാഭിമാനമുള്ള ഇന്ത്യക്കാര്‍ ലജ്ജിച്ചുതലതാഴ്ത്തും. സംഘപരിവാര്‍ തണലില്‍ തിമര്‍ത്താടിയ അര്‍ണാബിനെ മഹാരാഷ്ട്ര പോലീസ് അറസ്റ്റുചെയ്തത് ഇത്തരം നിലപാടുകള്‍ സ്വീകരിക്കുന്നവര്‍ക്ക് ഒരു താക്കീത് കൂടിയാണ്. ഭരണകൂട ഭീകരതക്ക് കുടപിടിക്കുകയും അവരുടെ തണലില്‍ എന്ത് വൃത്തികേടുകളും ചെയ്തുകൂട്ടാന്‍ മടികാണിക്കാതിരിക്കുകയും ചെയ്യുന്നവര്‍ അനിവാര്യമായ പതനത്തെക്കുറിച്ച് ഓര്‍ക്കുന്നത് നന്നാവും. പാവങ്ങളുടെ കണ്ണീരിനുമുകളില്‍ പണിത സൗധങ്ങള്‍ക്ക് അല്‍പായുസ്സ് മാത്രമേയുണ്ടാകൂ. കാലം മാറും, ഭരണകൂടങ്ങള്‍ മാറിവരും. നീതിയുടെ കരങ്ങള്‍ അവരെ തേടിയെത്തുകയും ചെയ്യും. ബിജെപിയെ അധികാരത്തില്‍നിന്നും മാറ്റിനിര്‍ത്താനുണ്ടാക്കിയ കോണ്‍ഗ്രസ്സ്, എന്‍സിപി, ശിവസേന കൂട്ടുകെട്ടിനെ വിമര്‍ശിച്ചവര്‍പോലും അര്‍ണാാബിനെതിരെയുള്ള നടപടികള്‍ സ്വാഗതം ചെയ്തിട്ടുണ്ട്. ഫാഷിസ്റ്റ് കാലത്ത് പ്രതിരോധത്തിന്റെ ചെറുതരിമ്പുകള്‍ പോലും പ്രതീക്ഷയാണ്.

അനീതിയുടെ പുകമറയില്‍ അധികകാലം വാഴുക അസാധ്യം. നീതിയുടെ പൊന്‍കിരണങ്ങള്‍ ഇരുട്ടിന്റെ മറഭേദിച്ച് പ്രകാശം പരത്തും. അനീതിയുടെ വക്താക്കളെ ഭീതിതമായ നാളെയെക്കുറിച്ചുള്ള വേവലാതികള്‍ എന്നും അലട്ടിക്കൊണ്ടിരിക്കും. നന്മയുടെ വക്താക്കള്‍ക്ക് നല്ലനാളെയെക്കുറിച്ചുള്ള ഓര്‍മകളില്‍ പ്രതീക്ഷാനിര്‍ഭരമായ മനസ്സുമായി മുന്നേറാം.