മനുഷ്യ സമത്വം

കുഞ്ഞിമുഹമ്മദ് മദനി പറപ്പൂര്‍

2020 ആഗസ്ത് 08 1441 ദുല്‍ഹിജ്ജ 18

(മനുഷ്യന്‍ ക്വുര്‍ആനില്‍ 3)

മനുഷ്യസമൂഹം എക്കാലത്തും അനുഭവിച്ച പല പ്രശ്‌നങ്ങൡലൊന്നാണ് സാമൂഹ്യഅസമത്വം. വര്‍ഗം, വര്‍ണം, ഗോത്രം, സമ്പത്ത് തുടങ്ങിയ കാര്യങ്ങളില്‍ വേര്‍തിരിവുകളും അതിക്രമങ്ങളുമുണ്ടായി. ഇന്നും അതു തുടരുന്നു.

എന്നാല്‍ മനുഷ്യനെ ക്വുര്‍ആന്‍ അല്ലാഹുവിന്റെ അടിമ എന്ന ഏകകത്തിലാണ് കാണുന്നത്. എല്ലാവരും അല്ലാഹുവിന്റെ സൃഷ്ടികളാണ്. എല്ലാവര്‍ക്കും പല സവിശേഷതകളും അല്ലാഹു നല്‍കിയതിന്ന് അവന്‍ പല യുക്തിയും കണ്ടിട്ടുണ്ടാവാം. പരസ്പരം തിരിച്ചറിയാനുള്ള ഒരു ഉപാധിയായി മാത്രം മനുഷ്യന്‍ അതിനെ മനസ്സിലാക്കിയാല്‍ മതി. ഭക്തിയോടുകൂടി ജീവിക്കുന്നവരാരോ അവരെയാണ് അല്ലാഹു ഇഷ്ടപ്പെടുക. അവര്‍ക്കു മാത്രമാണ് ശാശ്വത രക്ഷ:

''ഹേ; മനുഷ്യരേ, തീര്‍ച്ചയായും നിങ്ങളെ നാം ഒരു ആണില്‍നിന്നും ഒരു പെണ്ണില്‍നിന്നുമായി സൃഷ്ടിച്ചിരിക്കുന്നു. നിങ്ങള്‍ അന്യോന്യം അറിയേണ്ടതിന് നിങ്ങളെ നാം വിവിധ സമുദായങ്ങളും ഗോത്രങ്ങളും ആക്കുകയും ചെയ്തിരിക്കുന്നു. തീര്‍ച്ചയായും അല്ലാഹുവിന്റെ അടുത്ത് നിങ്ങളില്‍ ഏറ്റവും ആദരണീയന്‍ നിങ്ങളില്‍ ഏറ്റവും ധര്‍മനിഷ്ഠ പാലിക്കുന്നവനാകുന്നു. തീര്‍ച്ചയായും അല്ലാഹു സര്‍വജ്ഞനും സൂക്ഷ്മജ്ഞാനിയുമാകുന്നു'' (ക്വുര്‍ആന്‍ 49:13).

ലിംഗം, വര്‍ഗം, വര്‍ണം തുടങ്ങിയ പ്രകൃതിദത്തമായ വൈവിധ്യങ്ങള്‍ക്കുപുറമെ സമ്പന്നത, കായികശേഷി, ജ്ഞാനം തുടങ്ങിയ ആര്‍ജിതകാര്യങ്ങളിലും മനുഷ്യര്‍ക്കിടയില്‍ വൈവിധ്യങ്ങളുണ്ട്. അവയെ പരസ്പരം കൈമാറാന്‍ അല്ലാഹു കല്‍പിച്ചു.

''...പുണ്യത്തിലും ധര്‍മനിഷ്ഠയിലും നിങ്ങള്‍ അന്യോന്യം സഹായിക്കുക. പാപത്തിലും അതിക്രമത്തിലും നിങ്ങള്‍ അന്യോന്യം സഹായിക്കരുത്. നിങ്ങള്‍ അല്ലാഹുവെ സൂക്ഷിക്കുക. തീര്‍ച്ചയായും അല്ലാഹു കഠിനമായി ശിക്ഷിക്കുന്നവനാകുന്നു'' (ക്വുര്‍ആന്‍ 5:2).

''സത്യവിശ്വാസികളേ, ക്രയവിക്രയമോ സ്‌നേഹബന്ധമോ ശിപാര്‍ശയോ നടക്കാത്ത ഒരു ദിവസം വന്നെത്തുന്നതിനു മുമ്പായി, നിങ്ങള്‍ക്ക് നാം നല്‍കിയിട്ടുള്ളതില്‍നിന്ന് നിങ്ങള്‍ ചെലവഴിക്കുവിന്‍. സത്യനിഷേധികള്‍ തന്നെയാകുന്നു അക്രമികള്‍'' (ക്വുര്‍ആന്‍ 2:254).

ഭരണപരമായ ബാധ്യതകള്‍, അവകാശങ്ങള്‍, നിയമങ്ങള്‍, നീതിന്യായ നടപടികള്‍, ശിക്ഷാവിധികള്‍ എന്നീ കാര്യങ്ങളില്‍ വര്‍ഗ, വര്‍ണത്തിന്റെ പേരിലുള്ള അസ്പൃശ്യതകള്‍ ഇസ്‌ലാം നിരാകരിച്ചു. കറുത്ത അടിമവംശജരും ക്വുറൈശി പ്രമുഖരും റോമന്‍, പേര്‍ഷ്യന്‍ സാമ്രാജ്യങ്ങളിലെ കുലപതികളും ഇസ്‌ലാമിലേക്ക് വന്നപ്പോള്‍ ഒരേതരം പൗരത്വമാണ് നബി ﷺ  അവര്‍ക്ക് അനുവദിച്ചുകൊടുത്തത്. മോഷ്ടിച്ചത് മുഹമ്മദിന്റെ മകളാണെങ്കില്‍ പോലും ശിക്ഷ ഒരുപോലെ നടപ്പിലാക്കുമെന്ന് നബി ﷺ  പ്രഖ്യാപിച്ചത്, ക്വുര്‍ആന്‍ മനുഷ്യനെ എങ്ങനെ കാണുന്നു എന്നതിന്റെ വ്യക്തമായ ഉദാഹരണമാണ്.

സമ്പത്ത് മനുഷ്യനന്മക്ക്

സമ്പത്ത് അല്ലാഹു നല്‍കിയ അനുഗ്രഹമാണെന്നും അത് മഹത്ത്വത്തിന്റെ മാനദണ്ഡമല്ലെന്നും ക്വുര്‍ആന്‍ പഠിപ്പിക്കുന്നു. ചരിത്രത്തില്‍ വന്‍ശിക്ഷക്ക് വിധേയരായി നാശമടഞ്ഞവരില്‍ അധികപേരും വമ്പന്‍ സമ്പന്നന്മാരായിരുന്നു.

''നിങ്ങളുടെ സമ്പത്തുക്കളും നിങ്ങളുടെ സന്താനങ്ങളുമൊന്നും നമ്മുടെ അടുക്കല്‍ നിങ്ങള്‍ക്ക് സാമീപ്യമുണ്ടാക്കിത്തരുന്നവയല്ല...''(ക്വുര്‍ആന്‍ 34:37).

മനുഷ്യന്‍ സമ്പത്തിനോട് അത്യാര്‍ത്തി കാണിക്കുന്ന പ്രകൃതക്കാരനാണെന്ന് പറയുന്നതോടൊപ്പം അതിനോട് ഒരു വിശ്വാസിയുടെ നിലപാട് വ്യക്തമായി ക്വുര്‍ആന്‍ വിവരിച്ചിട്ടുണ്ട്:

1. സമ്പത്ത് മനുഷ്യര്‍ക്ക് പരീക്ഷണമാണ്

''നിങ്ങളുടെ സ്വത്തുക്കളും നിങ്ങളുടെ സന്താനങ്ങളും ഒരു പരീക്ഷണമാണെന്നും അല്ലാഹുവിങ്കലാണ് മഹത്തായ പ്രതിഫലമുള്ളതെന്നും നിങ്ങള്‍ മനസ്സിലാക്കുകയും ചെയ്യുക'' (ക്വുര്‍ആന്‍ 8:28).

''ഭാര്യമാര്‍, പുത്രന്മാര്‍, കൂമ്പാരമായിക്കൂട്ടിയ സ്വര്‍ണം, വെള്ളി, മേത്തരം കുതിരകള്‍, നാല്‍കാലി വര്‍ഗങ്ങള്‍, കൃഷിയിടം എന്നിങ്ങനെ ഇഷ്ടപ്പെട്ട വസ്തുക്കളോടുള്ള പ്രേമം മനുഷ്യര്‍ക്ക്അലങ്കാരമായി തോന്നിക്കപ്പെട്ടിരിക്കുന്നു. അതൊക്കെ ഇഹലോകജീവിതത്തിലെ വിഭവങ്ങളാകുന്നു. അല്ലാഹുവിന്റെ അടുക്കലാകുന്നു (മനുഷ്യര്‍ക്ക്) ചെന്നുചേരാനുള്ള ഉത്തമസങ്കേതം'' (ക്വുര്‍ആന്‍ 3:14).

2. സമ്പത്ത് വഴിതെറ്റിക്കും

സമ്പത്തിനെ മനുഷ്യന്റെ 'നിലനില്‍പ്' എന്നും 'നന്മ' (ഖൈര്‍) എന്നും ക്വുര്‍ആന്‍ വിശേഷിപ്പിച്ചിട്ടുണ്ട്:

''അല്ലാഹു നിങ്ങളുടെ നിലനില്‍പിന്നുള്ള മാര്‍ഗമായി നിശ്ചയിച്ചുതന്നിട്ടുള്ള നിങ്ങളുടെ സ്വത്തുക്കള്‍ നിങ്ങള്‍ വിവേകമില്ലാത്തവര്‍ക്ക് കൈവിട്ടുകൊടുക്കരുത്...'' (ക്വുര്‍ആന്‍ 4:5).

''തീര്‍ച്ചയായും അവന്‍ ധനത്തോടുള്ള സ്‌നേഹം കഠിനമായവനാകുന്നു'' (ക്വുര്‍ആന്‍ 100:8).

എന്നാല്‍ അത് നാശത്തിലേക്ക് നയിക്കുമെന്ന് താക്കീത് നല്‍കിയിട്ടുമുണ്ട്: ''നിസ്സംശയം മനുഷ്യന്‍ ധിക്കാരിയായിത്തീരുന്നു. തന്നെ സ്വയം പര്യാപ്തനായി കണ്ടതിനാല്‍''(ക്വുര്‍ആന്‍ 96:6-7).

''അബൂലഹബിന്റെ ഇരുകൈകളും നശിച്ചിരിക്കുന്നു. അവന്‍ നാശമടയുകയും ചെയ്തിരിക്കുന്നു. അവന്റെ ധനമോ അവന്‍ സമ്പാദിച്ചുവെച്ചതോ അവനു ഉപകാരപ്പെട്ടില്ല''(ക്വുര്‍ആന്‍ 111:1-2).

''കുത്തുവാക്ക് പറയുന്നവനും അവഹേളിക്കുന്നവനുമായ ഏതൊരാള്‍ക്കും നാശം. അതായത് ധനം ശേഖരിക്കുകയും അത് എണ്ണിനോക്കിക്കൊണ്ടിരിക്കുകയും ചെയ്യുന്നവന്. അവന്റെ ധനം അവന് ശാശ്വത ജീവിതം നല്‍കിയിരിക്കുന്നു എന്ന് അവന്‍ വിചാരിക്കുന്നു'' (ക്വുര്‍ആന്‍ 104:1-3).

3. പിശുക്ക്, അഹങ്കാരം, നാട്യം

സമ്പത്ത് അല്ലാഹുവിന്റെ അനുഗ്രഹംകൊണ്ട് മാത്രം നേടുന്നതാണ്. അതുകൊണ്ട് തന്നെ അതിന്റെ ഒരു വിഹിതം പാവങ്ങള്‍ക്ക് അവകാശപ്പെട്ടതാണ്. പിശുക്ക് സഹജവാസനയാണെങ്കിലും അതുപേക്ഷിക്കണം.

''...പൊങ്ങച്ചക്കാരനും ദുരഭിമാനിയുമായിട്ടുള്ള ആരെയും അല്ലാഹു ഒരിക്കലും ഇഷ്ടപ്പെടുകയില്ല. പിശുക്ക് കാണിക്കുകയും പിശുക്കുകാണിക്കാന്‍ ജനങ്ങളെ പ്രേരിപ്പിക്കുകയും ചെയ്യുന്നവര്‍'' (ക്വുര്‍ആന്‍ 4:36,37).

''അല്ലാഹു അവന്റെ അനുഗ്രഹത്തില്‍നിന്ന് തങ്ങള്‍ക്കു തന്നിട്ടുള്ളതില്‍ പിശുക്ക് കാണിക്കുന്നവര്‍ അതവര്‍ക്ക് ഗുണകരമാണെന്ന് ഒരിക്കലും വിചാരിക്കരുത്. അല്ല, അവര്‍ക്ക് ദോഷകരമാണത്. അവര്‍ പിശുക്ക് കാണിച്ച ധനംകൊണ്ട് ഉയിര്‍ത്തെഴുന്നേല്‍പിന്റെ നാളില്‍ അവരുടെ കഴുത്തില്‍ മാല ചാര്‍ത്തപ്പെടുന്നതാണ്...''(ക്വുര്‍ആന്‍ 3:180).

''അന്യായമായി നിങ്ങള്‍ അന്യോന്യം സ്വത്തുക്കള്‍ തിന്നരുത്. അറിഞ്ഞുകൊണ്ടുതന്നെ, ആളുകളുടെ സ്വത്തുക്കളില്‍നിന്ന് വല്ലതും അധാര്‍മികമായി നേടിയെടുത്തു തിന്നുവാന്‍വേണ്ടി നിങ്ങളതുമായി വിധികര്‍ത്താക്കളെ സമീപിക്കുകയും ചെയ്യരുത്'' (ക്വുര്‍ആന്‍ 2:188).

4. സമ്പത്ത് അനുഗ്രഹം, രക്ഷാമാര്‍ഗം

നൂഹ് നബി(അ) പറഞ്ഞതായി അല്ലാഹു പറയുന്നു: ''അങ്ങനെ ഞാന്‍ പറഞ്ഞു: നിങ്ങള്‍ നിങ്ങളുടെ രക്ഷിതാവിനോട് പാപമോചനം തേടുക. തീര്‍ച്ചയായും അവന്‍ ഏറെ പൊറുക്കുന്നവനാകുന്നു. അവന്‍ നിങ്ങള്‍ക്ക് മഴ സമൃദ്ധമായി അയച്ചുതരും. സ്വത്തുക്കളും സന്താനങ്ങളുംകൊണ്ട് നിങ്ങളെ അവന്‍ പോഷിപ്പിക്കുകയും, നിങ്ങള്‍ക്കവന്‍ തോട്ടങ്ങള്‍ ഉണ്ടാക്കിത്തരികയും നിങ്ങള്‍ക്കവന്‍ അരുവികള്‍ ഉണ്ടാക്കിത്തരികയും ചെയ്യും''(ക്വുര്‍ആന്‍ 71:10-12).

''നിങ്ങള്‍ നന്ദികാണിച്ചാല്‍ തീര്‍ച്ചയായും ഞാന്‍ നിങ്ങള്‍ക്ക് (അനുഗ്രഹം) വര്‍ധിപ്പിച്ചുതരുന്നതാണ്. എന്നാല്‍, നിങ്ങള്‍ നന്ദികേട് കാണിക്കുകയാണെങ്കില്‍ തീര്‍ച്ചയായും എന്റെ ശിക്ഷ കഠിനമായിരിക്കും...'' (ക്വുര്‍ആന്‍ 14:7).

''നീ പറയുക: തീര്‍ച്ചയായും എന്റെ രക്ഷിതാവ് തന്റെ ദാസന്‍മാരില്‍നിന്ന് താന്‍ ഉദ്ദേശിക്കുന്നവര്‍ക്ക് ഉപജീവനം വിശാലമാക്കുകയും താന്‍ ഉദ്ദേശിക്കുന്നവര്‍ക്ക് ഇടുങ്ങിയതാക്കുകയും ചെയ്യുന്നതാണ്. നിങ്ങള്‍ എന്തൊന്ന് ചെലവഴിച്ചാലും അവന്‍ അതിന് പകരം നല്‍കുന്നതാണ്. അവന്‍ ഉപജീവനം നല്‍കുന്നവരില്‍ ഏറ്റവും ഉത്തമനത്രെ''(ക്വുര്‍ആന്‍ 34:39).

5. ധനസംരക്ഷണം, മിതവ്യയം

''അല്ലാഹു നിങ്ങളുടെ നിലനില്‍പിന്നുള്ള മാര്‍ഗമായി നിശ്ചയിച്ചുതന്നിട്ടുള്ള നിങ്ങളുടെ സ്വത്തുക്കള്‍ നിങ്ങള്‍ വിവേകമില്ലാത്തവര്‍ക്ക് കൈവിട്ടുകൊടുക്കരുത്...''(ക്വുര്‍ആന്‍ 4:5).

''ചെലവുചെയ്യുകയാണെങ്കില്‍ അമിതവ്യയം നടത്തുകയോ പിശുക്കിപ്പിടിക്കുകയോ ചെയ്യാതെ അതിനിടക്കുള്ള മിതമായമാര്‍ഗം സ്വീകരിക്കുന്നവരുമാകുന്നു അവര്‍ (പരമകാരുണികന്റെ ദാസന്മാര്‍)'' (ക്വുര്‍ആന്‍ 25:67).

ഒരാളുടെ സമ്പത്തില്‍ നിന്ന് വര്‍ഷത്തിലൊരിക്കല്‍ തന്റെ ജീവിതച്ചെലവു കഴിഞ്ഞ് മിച്ചമുള്ളതിന്റെ രണ്ടരശതമാനം മാത്രമാണ് നിര്‍ബന്ധമായി ദാനംചെയ്യാന്‍ കല്‍പനയുള്ളത്. ബാക്കി തൊണ്ണൂറ്റി ഏഴര ശതമാനവും ഉടമക്കുതന്നെയുള്ളതാണ്. എന്നാല്‍ അനിവാര്യഘട്ടങ്ങളില്‍ എത്ര കൂടുതല്‍ ധര്‍മം ചെയ്താലും വമ്പിച്ച പ്രതിഫലം അല്ലാഹു വാഗ്ദാനം ചെയ്തിരിക്കുന്നു.

''അല്ലാഹുവിന്റെ മാര്‍ഗത്തില്‍ തങ്ങളുടെ ധനം ചെലവഴിക്കുന്നവരെ ഉപമിക്കാവുന്നത് ഒരു ധാന്യമണിയോടാകുന്നു. അത് ഏഴു കതിരുകള്‍ ഉല്‍പാദിപ്പിച്ചു. ഓരോ കതിരിലും നൂറ് ധാന്യമണിയും. അല്ലാഹു താന്‍ ഉദ്ദേശിക്കുന്നവര്‍ക്ക് ഇരട്ടിയായി നല്‍കുന്നു. അല്ലാഹു വിപുലമായ കഴിവുകളുള്ളവനും (എല്ലാം) അറിയുന്നവനുമാണ്'' (ക്വുര്‍ആന്‍ 2:261).

അല്ലാഹുവിങ്കല്‍നിന്ന് പുണ്യം പ്രതീക്ഷിച്ച് തന്റെ വിലപിടിച്ച സമ്പത്തിന്റെ മൂന്നില്‍ രണ്ടുഭാഗവും ധര്‍മംചെയ്യാന്‍ ആഗ്രഹം പ്രകടിപ്പിച്ച സഅദ്ബ്‌നു അബീവക്വാസ്വി(റ)നെ അത്രയധികം ധര്‍മം ചെയ്യുന്നത് നബി ﷺ  നിരുത്സാഹപ്പെടുത്തി. മൂന്നിലൊന്ന് ധര്‍മം ചെയ്യാന്‍ അനുമതികൊടുത്തു. ധനം തന്റെ ശേഷക്കാര്‍ക്ക് കരുതിവെക്കണമെന്നു കൂടി ഈ സംഭവം പഠിപ്പിക്കുന്നുണ്ട്.

6. സാമൂഹ്യസുരക്ഷ ധര്‍മത്തില്‍കൂടി

നിര്‍ബന്ധമായി കൊടുക്കേണ്ട സകാത്തിന്റെ വിഹിതം നിര്‍ണയിച്ചതോടൊപ്പം, ഉള്ളവരോട് കയ്യയച്ച് ധര്‍മംചെയ്യാന്‍ ക്വുര്‍ആന്‍ ഏറെ പ്രേരണനല്‍കി. സത്യസന്ധമായ വിശ്വാസത്തിന്റെ ലക്ഷണമായി അല്ലാഹു ദാനധര്‍മത്തെ വിശേഷിപ്പിച്ചു:

''നിങ്ങള്‍ ഇഷ്ടപ്പെടുന്നതില്‍നിന്ന് നിങ്ങള്‍ ചെലവഴിക്കുന്നതുവരെ നിങ്ങള്‍ക്ക് പുണ്യം നേടാനാവില്ല. നിങ്ങള്‍ ഏതൊരു വസ്തു ചെലവഴിക്കുന്നതായാലും തീര്‍ച്ചയായും അല്ലാഹു അതിനെപ്പറ്റി അറിയുന്നവനാകുന്നു''(ക്വുര്‍ആന്‍ 3:92)

ഭക്തജനങ്ങളെ വിശേഷിപ്പിച്ച കൂട്ടത്തില്‍ ക്വുര്‍ആന്‍ വിവരിച്ചു: ''അവരുടെ സ്വത്തുക്കളിലാകട്ടെ ചോദിക്കുന്നവന്നും (ഉപജീവനം) തടയപ്പെട്ടവന്നും ഒരു അവകാശമുണ്ടായിരിക്കുകയും ചെയ്യും''(ക്വുര്‍ആന്‍ 51:19).

''ആകാശങ്ങളുടെയും ഭൂമിയുടെയും അനന്തരാവകാശം അല്ലാഹുവിനുള്ളതായിരിക്കെ അല്ലാഹുവിന്റെ മാര്‍ഗത്തില്‍ ചെലവഴിക്കാതിരിക്കാന്‍ നിങ്ങള്‍ക്കെന്താണ് ന്യായം? നിങ്ങളുടെ കൂട്ടത്തില്‍നിന്നു (മക്കാ) വിജയത്തിനു മുമ്പുള്ള കാലത്ത് ചെലവഴിക്കുകയും യുദ്ധത്തില്‍ പങ്കെടുക്കുകയും ചെയ്തവരും (അല്ലാത്തവരും) സമമാകുകയില്ല. അക്കൂട്ടര്‍ പിന്നീടു ചെലവഴിക്കുകയും യുദ്ധത്തില്‍ പങ്കുവഹിക്കുകയും ചെയ്തവരെക്കാള്‍ മഹത്തായ പദവിയുള്ളവരാകുന്നു. എല്ലാവര്‍ക്കും ഏറ്റവും നല്ല പ്രതിഫലം അല്ലാഹു വാഗ്ദാനം ചെയ്തിരിക്കുന്നു. നിങ്ങള്‍ പ്രവര്‍ത്തിക്കുന്നതിനെപ്പറ്റി സൂക്ഷ്മജ്ഞാനമുള്ളവനാണ് അല്ലാഹു''(ക്വുര്‍ആന്‍ 57:10).

7. സകാത്ത്, സമ്പത്തിന്റെ ശുദ്ധീകരണം

വ്യക്തിയും സ്രഷ്ടാവും തമ്മിലുള്ള നിത്യബന്ധം നിലനിര്‍ത്തുന്ന നമസ്‌കാരത്തെയും വ്യക്തിയും സമൂഹവും തമ്മിലുള്ള ബന്ധം നിലനിര്‍ത്തുന്ന സകാത്തിനെയും ഒപ്പമാണ് (നിങ്ങള്‍ നമസ്‌കാരം നിലനിര്‍ത്തുക, സകാത്ത് കൊടുക്കുക) ക്വുര്‍ആനില്‍ പല സ്ഥലത്തും പരാമര്‍ശിച്ചിട്ടുള്ളത്.

മുസ്‌ലിംകളിലെ സമ്പന്നന്മാരില്‍നിന്ന് വാങ്ങി മുസ്‌ലിംകളിലെ ദരിദ്രര്‍ക്ക് നല്‍കുന്ന ഒരു പ്രത്യേക സാമൂഹ്യ സംവിധാനമാണത്. സകാത്ത് നല്‍കാത്തവന്റെ ഇസ്‌ലാം പൂര്‍ണമാവുകയില്ല. ഒരാള്‍ക്ക് സകാത്ത് നിര്‍ബന്ധമാവണമെങ്കില്‍ വേണ്ട സമ്പത്തിന്റെ പരിധിയും കാലവും സകാത്തിന്റെ നിശ്ചിത വിഹിതവും, അത് നല്‍കേണ്ട അവകാശികളെയും അല്ലാഹു നിര്‍ണയിച്ചിട്ടുണ്ട്. അതിന്റെ പ്രായോഗികരൂപം നബി ﷺ  വിവരിക്കുകയും ചെയ്തിട്ടുണ്ട്.

''സത്യവിശ്വാസികള്‍ വിജയം പ്രാപിച്ചിരിക്കുന്നു. തങ്ങളുടെ നമസ്‌കാരത്തില്‍ ഭക്തിയുള്ളവരായ, അനാവശ്യകാര്യത്തില്‍നിന്ന് തിരിഞ്ഞുകളയുന്നവരുമായ, സകാത്ത് നിര്‍വഹിക്കുന്നവരുമായ'' (ക്വുര്‍ആന്‍ 23:1-4).

''എന്നാല്‍ അവര്‍ പശ്ചാത്തപിക്കുകയും നമസ്‌കാരം മുറപോലെ നിര്‍വഹിക്കുകയും സകാത്ത് നല്‍കുകയും ചെയ്യുന്നപക്ഷം അവര്‍ മതത്തില്‍ നിങ്ങളുടെ സഹോദരങ്ങളാകുന്നു. മനസ്സിലാക്കുന്ന ആളുകള്‍ക്കുവേണ്ടി നാം ദൃഷ്ടാന്തങ്ങള്‍ വിശദീകരിക്കുന്നു''(ക്വുര്‍ആന്‍ 9:11).

''അവരെ ശുദ്ധീകരിക്കുകയും അവരെ സംസ്‌കരിക്കുകയും ചെയ്യാനുതകുന്ന ദാനം അവരുടെ സ്വത്തുകളില്‍ നിന്ന് നീ വാങ്ങുകയും അവര്‍ക്കുവേണ്ടി (അനുഗ്രഹത്തിന്നായി) പ്രാര്‍ഥിക്കുകയും ചെയ്യുക. തീര്‍ച്ചയായും നിന്റെ പ്രാര്‍ഥന അവര്‍ക്ക് ശാന്തിനല്‍കുന്നതത്രെ. അല്ലാഹു എല്ലാം കേള്‍ക്കുന്നവനും അറിയുന്നവനുമാകുന്നു'' (ക്വുര്‍ആന്‍ 9:103).

കേവലം ഒരു സാമൂഹ്യസേവനത്തിന്നു വേണ്ടിയുള്ള ഫണ്ടല്ല ഇസ്‌ലാമിലെ സകാത്ത്. അതിന്റെ അവകാശികളായി എട്ടുവിഭാഗത്തെ ക്വുര്‍ആന്‍ പ്രഖ്യാപിച്ചിട്ടുണ്ട്:

''സകാത്ത് മുതലുകള്‍ (നല്‍കേണ്ടത്) ദരിദ്രന്മാര്‍ക്കും അഗതികള്‍ക്കും അതിന്റെ കാര്യത്തില്‍ പ്രവര്‍ത്തിക്കുന്നവര്‍ക്കും (ഇസ്‌ലാമുമായി) മനസ്സുകള്‍ ഇണക്കപ്പെട്ടവര്‍ക്കും അടിമകളുടെ (മോചനത്തിന്റെ) കാര്യത്തിലും കടംകൊണ്ട് വിഷമിക്കുന്നവര്‍ക്കും അല്ലാഹുവിന്റെ മാര്‍ഗത്തിലും വഴിപോക്കന്നും മാത്രമാണ്. അല്ലാഹുവിങ്കല്‍ നിന്ന് നിശ്ചയിക്കപ്പെട്ടതത്രെ ഇത്. അല്ലാഹു എല്ലാം അറിയുന്നവനും യുക്തിമാനുമാണ്'' (9:60). (തുടരും)