നീതിപാലനം

അബ്ദുല്‍ ജബ്ബാര്‍ മദീനി

2020 ജൂലൈ 04 1441 ദുല്‍ക്വഅദ് 13

(ഇസ്‌ലാം പഠിപ്പിക്കുന്ന ഉത്തമ സ്വഭാവങ്ങള്‍: 24)

കാര്യങ്ങള്‍ അതിന്റെ സ്ഥാനങ്ങളില്‍, സമയങ്ങളില്‍, രീതികളില്‍, തോതുകളില്‍, കൂടുകയോ കുറയുകയോ മുന്തിപ്പിക്കുകയോ പിന്തിപ്പിക്കുകയോ ചെയ്യാതെ ഉപയോഗിക്കല്‍ നീതിയുടെ തേട്ടമാണെന്ന് ദാര്‍ശനികര്‍ പറയാറുണ്ട്. ജനങ്ങള്‍ നീതിയില്‍ വര്‍ത്തിക്കുവാന്‍ അല്ലാഹു—അവന്റെ ദൂതന്മാരെ നീതിയുടെ തുലാസുമായി നിയോഗിച്ചുവെന്നത് നീതിയുടെ പ്രാധാന്യവും നീതിയില്‍ വര്‍ത്തിക്കുന്നതിന്റെ അനിവാര്യതയുമാണ് അറിയിക്കുന്നത്.

അല്ലാഹു—പറഞ്ഞു: ''തീര്‍ച്ചയായും നാം നമ്മുടെ ദൂതന്മാരെ വ്യക്തമായ ദൃഷ്ടാന്തങ്ങളുംകൊണ്ട് അയക്കുകയുണ്ടായി. ജനങ്ങള്‍ നീതിപൂര്‍വം നിലകൊള്ളുവാന്‍ വേണ്ടി അവരോടൊപ്പം വേദഗ്രന്ഥവും തുലാസും ഇറക്കികെക്കാടുക്കുകയും ചെയ്തു'' (ക്വുര്‍ആന്‍ 57:25).

നീതി സ്ഥാപിക്കുവാന്‍ അല്ലാഹു കല്‍പിച്ചു. അതിന് അവന്‍ പ്രോത്സാഹിപ്പിച്ചു. നീതിയില്‍ വര്‍ത്തിക്കുന്നവരെ അവന്‍ വാഴ്ത്തി. ഈ വിഷയങ്ങളില്‍ വചനങ്ങള്‍ ധാരാളമാണ്:

''തീര്‍ച്ചയായും അല്ലാഹു കല്‍പിക്കുന്നത് നീതിപാലിക്കുവാനും നന്മ ചെയ്യുവാനും കുടുംബബന്ധമുള്ളവര്‍ക്ക് (സഹായം) നല്‍കുവാനുമാണ്. അവന്‍ വിലക്കുന്നത് നീചവൃത്തിയില്‍ നിന്നും ദുരാചാരത്തില്‍നിന്നും അതിക്രമത്തില്‍നിന്നുമാണ്. നിങ്ങള്‍ ചിന്തിച്ചു ഗ്രഹിക്കുവാന്‍ വേണ്ടി അവന്‍ നിങ്ങള്‍ക്ക് ഉപദേശം നല്‍കുന്നു'' (ക്വുര്‍ആന്‍ 16:90).

''സത്യവിശ്വാസികളേ, നിങ്ങള്‍ അല്ലാഹുവിനു വേണ്ടി സാക്ഷ്യംവഹിക്കുന്നവരെന്ന നിലയില്‍ കണിശമായി നീതിനിലനിര്‍ത്തുന്നവരായിരിക്കണം. അത് നിങ്ങള്‍ക്കുതന്നെയോ, നിങ്ങളുടെ മാതാപിതാക്കള്‍, അടുത്ത ബന്ധുക്കള്‍ എന്നിവര്‍ക്കോ പ്രതികൂലമായിത്തീര്‍ന്നാലും ശരി'' (ക്വുര്‍ആന്‍ 4:135).

''അതിനാല്‍ നീ പ്രബോധനം ചെയ്തുകൊള്ളുക. നീ കല്‍പിക്കപ്പെട്ടതുപോലെ നേരെ നിലകൊള്ളുകയും ചെയ്യുക. അവരുടെ തന്നിഷ്ടങ്ങളെ നീ പിന്തുടര്‍ന്നുപോകരുത്. നീ പറയുക: അല്ലാഹു അവതരിപ്പിച്ച ഏത് ഗ്രന്ഥത്തിലും ഞാന്‍ വിശ്വസിച്ചിരിക്കുന്നു. നിങ്ങള്‍ക്കിടയില്‍ നീതിപുലര്‍ത്തുവാന്‍ ഞാന്‍ കല്‍പിക്കപ്പെടുകയും ചെയ്തിരിക്കുന്നു'' (ക്വുര്‍ആന്‍ 42:15).

''മൂസായുടെ ജനതയില്‍തന്നെ സത്യത്തിന്റെ അടിസ്ഥാനത്തില്‍ മാര്‍ഗദര്‍ശനം ചെയ്യുകയും അതനുസരിച്ചുതന്നെ നീതിപാലിക്കുകയും ചെയ്യുന്ന ഒരു സമൂഹമുണ്ട്'' (ക്വുര്‍ആന്‍ 7:159).

''(ഇനിയും) രണ്ടു പുരുഷന്മാരെ അല്ലാഹു ഉപമയായി എടുത്തുകാണിക്കുന്നു. അവരില്‍ ഒരാള്‍ യാതൊന്നിനും കഴിവില്ലാത്ത ഊമയാകുന്നു. അവന്‍ തന്റെ യജമാനന് ഒരു ഭാരവുമാണ്. അവനെ എവിടേക്ക് തിരിച്ചുവിട്ടാലും അവന്‍ യാതൊരു നന്‍മയും കൊണ്ടുവരില്ല. അവനും നേരായ പാതയില്‍ നിലയുറപ്പിച്ചുകൊണ്ട് നീതികാണിക്കാന്‍ കല്‍പിക്കുന്നവനും തുല്യരാകുമോ'' (ക്വുര്‍ആന്‍ 16:76).

''സത്യത്തിന്റെ അടിസ്ഥാനത്തില്‍ മാര്‍ഗദര്‍ശനം നല്‍കുകയും അതനുസരിച്ചുതന്നെ നീതി നടത്തുകയും ചെയ്യുന്ന ഒരു സമൂഹം നാം സൃഷ്ടിച്ചവരുടെ കൂട്ടത്തിലുണ്ട്'' (ക്വുര്‍ആന്‍ 7:181).

താന്‍ ഏറ്റെടുത്തതോ ഏല്‍പിക്കപ്പെട്ടതോ ആയ ഭരണനേതൃത്വം, ഇതര പദവികള്‍, സന്നദ്ധപ്രവര്‍ത്തനം, അനാഥ സംരക്ഷണം, സ്വദക്വഃ, തുടങ്ങിയുള്ള ഉത്തരവാദിത്തങ്ങളിലും ഇണകള്‍ക്കും കുടുംബത്തിനും നല്‍കേണ്ടതായ അവകാശങ്ങളിലും നീതി കൈവിടാതെ വര്‍ത്തിക്കുന്നവര്‍ക്ക് അന്ത്യനാളില്‍ മഹത്ത്വങ്ങളേറെയാണ്. നീതിയുടെ രൂപങ്ങളും രീതികളും ഭിന്നങ്ങളാണ്:

നേതൃത്വത്തിന്റെ നീതി

ചുമതല ഏല്‍പിക്കപ്പെട്ടവര്‍ ആരായാലും തങ്ങളുടെ കീഴ്ഘടകങ്ങളോട് നീതിയില്‍ വര്‍ത്തിക്കല്‍ അനിവാര്യവും നിര്‍ബന്ധവുമാണ്; നേതൃത്വം, ഭരണം പോലുള്ള പ്രത്യേകമായ വിഷയത്തിലായാലും പൊതുവിലുള്ള ഇതര വിഷയങ്ങളിലായാലും. ഭരണാധികാരി നീതിപാലിച്ചല്‍ അയാള്‍ക്കുള്ള മഹത്ത്വം അറിയിക്കുന്ന ഒരു തിരുമൊഴി നോക്കൂ:

അബൂഹുറയ്‌റ(റ)യില്‍നിന്ന് നിവേദനം; തിരുദൂതര്‍ ﷺ പറഞ്ഞു:''ഏഴുകൂട്ടര്‍, അല്ലാഹു തന്റെ നിഴലല്ലാതെ മറ്റൊരു നിഴലുമില്ലാത്ത നാളില്‍ അവര്‍ക്ക് തണലേകും: നീതിമാനായ ഭരണാധികാരി...'' (ബുഖാരി).

വിധിയിലെ നീതി

''വിശ്വസിച്ചേല്‍പിക്കപ്പെട്ട അമാനത്തുകള്‍ അവയുടെ അവകാശികള്‍ക്ക് നിങ്ങള്‍ കൊടുത്തു വീട്ടണമെന്നും ജനങ്ങള്‍ക്കിടയില്‍നിങ്ങള്‍ തീര്‍പ്പുകല്‍പിക്കുകയാണെങ്കില്‍ നീതിയോടെ തീര്‍പ്പുകല്‍പിക്കണമെന്നും അല്ലാഹു നിങ്ങളോട് കല്‍പിക്കുന്നു. എത്രയോ നല്ല ഉപദേശമാണ് അവന്‍ നിങ്ങള്‍ക്ക് നല്‍കുന്നത്'' (ക്വുര്‍ആന്‍ 4:58).

അബൂമൂസല്‍അശ്അരി(റ)ക്ക് അമീറുല്‍ മുഅ്‌നിനീന്‍ ഉമര്‍(റ) ഇപ്രകാരം എഴുതി: ''താങ്കളുടെ തിരിഞ്ഞു നോട്ടത്തിലും സദസ്സിലും നീതിയിലും ജനങ്ങള്‍ക്കിടയില്‍ താങ്കള്‍ തുല്യത പുലര്‍ത്തുക; താങ്കളുടെ നീതിയില്‍ ദുര്‍ബലന്‍ നിരാശപ്പെടാതിരിക്കട്ടെ. താങ്കളുടെ അനീതിയില്‍ പ്രമാണി ആശ വെക്കാതിരിക്കുകയും ചെയ്യട്ടെ''(സുനനുദ്ദാറക്വുത്വ്‌നി, ഹദീഥ് സ്വഹീഹാകുന്നു, ഇര്‍വാഉല്‍ഗലീല്‍ 8:241).

ഭാര്യമാരോട് നീതി

''അനാഥകളുടെ കാര്യത്തില്‍ നിങ്ങള്‍ക്കു നീതിപാലിക്കാനാവില്ലെന്ന് നിങ്ങള്‍ ഭയപ്പെടുകയാണെങ്കില്‍ (മറ്റു) സ്ത്രീകളില്‍നിന്ന് നിങ്ങള്‍ ഇഷ്ടപ്പെടുന്ന രേണ്ടാ, മൂന്നോ, നാലോ പേരെ വിവാഹം ചെയ്തു കൊള്ളുക. എന്നാല്‍ (അവര്‍ക്കിടയില്‍) നീതിപുലര്‍ത്താനാവില്ലെന്ന് നിങ്ങള്‍ ഭയപ്പെടുകയാണെങ്കില്‍ ഒരുവളെ മാത്രം (വിവാഹം കഴിക്കുക); അല്ലെങ്കില്‍ നിങ്ങളുടെ അധീനത്തിലുള്ള അടിമസ്ത്രീയെ (ഭാര്യയെപ്പോലെ സ്വീകരിക്കുക.)നിങ്ങള്‍ അതിരുവിട്ട് പോകാതിരിക്കാന്‍ അതാണ് കൂടുതല്‍ അനുയോജ്യമായിട്ടുള്ളത്'' (ക്വുര്‍ആന്‍ 3:03).

മക്കള്‍ക്കിടയിലെ നീതി

നുഅ്മാനുബ്‌നുബഷീറി(റ)ല്‍ നിന്ന് നിവേദനം: ''എന്റെ പിതാവ് അദ്ദേഹത്തിന്റെ കുറച്ചു സമ്പത്ത് എനിക്ക് ദാനമായി നല്‍കി. അപ്പോള്‍ എന്റെ മാതാവ് അംറബിന്‍ത് റവാഹ പറഞ്ഞു: 'തിരുദൂതര്‍ സാക്ഷ്യം വഹിക്കുന്നതുവരെ ഞാന്‍ (ഈ സ്വദക നല്‍കല്‍) ഇഷ്ടപ്പെടുകയില്ല.' അപ്പോള്‍ എന്റെ പിതാവ് എനിക്കു നല്‍കിയ സ്വദക്വയില്‍ നബി ﷺ യെ സാക്ഷിയാക്കുവാന്‍ അദ്ദേഹത്തിന്റെ അടുക്കല്‍ പോയി. അപ്പോള്‍ തിരുദൂതര്‍ ﷺ പിതാവിനോടു ചോദിച്ചു: 'താങ്കളുടെ മക്കള്‍ക്ക് എല്ലാവര്‍ക്കും ഇപ്രകാരം താങ്കള്‍ നല്‍കിയിട്ടുണ്ടോ?' അദ്ദേഹം പറഞ്ഞു: 'ഇല്ല.' തിരുമേനി ﷺ പറഞ്ഞു: 'നിങ്ങള്‍ അല്ലാഹുവെ സൂക്ഷിക്കുക. മക്കള്‍ക്കിടയില്‍ നീതികാണിക്കുക.' അപ്പോള്‍ എന്റെ പിതാവ് തിരിച്ചു വന്നു പ്രസ്തുത സ്വദക്വ മടക്കിവാങ്ങി'' (ബുഖാരി).

സംസാരത്തില്‍ നീതി

''നിങ്ങള്‍ സംസാരിക്കുകയാണെങ്കില്‍ നീതിപാലിക്കുക. അതൊരു ബന്ധുവിന്റെ കാര്യത്തിലായിരുന്നാല്‍ പോലും. അല്ലാഹുവോടുള്ള കരാര്‍ നിങ്ങള്‍ നിറവേറ്റുക. നിങ്ങള്‍ ശ്രദ്ധിച്ച് മനസ്സിലാക്കുവാന്‍ വേണ്ടി അല്ലാഹു നിങ്ങള്‍ക്ക് നല്‍കിയ ഉപദേശമാണത്'' (ക്വുര്‍ആന്‍ 6:152).

അളവിലും തൂക്കത്തിലും നീതി

''നിങ്ങള്‍ നീതിപൂര്‍വം അളവും തൂക്കവും തികച്ചുകൊടുക്കണം. ഒരാള്‍ക്കും അയാളുടെ കഴിവിലുപരിയായി നാം ബാധ്യത ചുമത്തുന്നതല്ല'' (ക്വുര്‍ആന്‍ 6:152)

അമുസ്‌ലിംകളോട് നീതി

''സത്യവിശ്വാസികളേ, നിങ്ങള്‍ അല്ലാഹുവിന്ന് വേണ്ടി നിലകൊള്ളുന്നവരും നീതിക്ക് സാക്ഷ്യം വഹിക്കുന്നവരുമായിരിക്കുക. ഒരു ജനതയോടുള്ള അമര്‍ഷം നീതി പാലിക്കാതിരിക്കാന്‍ നിങ്ങള്‍ക്ക് പ്രേരകമാകരുത്. നിങ്ങള്‍ നീതി പാലിക്കുക. അതാണ് ധര്‍മനിഷ്ഠയോട് ഏറ്റവും അടുത്തത്'' (ക്വുര്‍ആന്‍ 5:08).

''മതകാര്യങ്ങളില്‍ നിങ്ങളോട് യുദ്ധം ചെയ്യാതിരിക്കുകയും നിങ്ങളുടെ വീടുകളില്‍നിന്ന് നിങ്ങളെ പുറത്താക്കാതിരിക്കുകയും ചെയ്യുന്നവരെ സംബന്ധിച്ചിടത്തോളം നിങ്ങളവര്‍ക്ക് നന്മചെയ്യുന്നതും നിങ്ങളവരോട് നീതി കാണിക്കുന്നതും അല്ലാഹു നിങ്ങളോട് നിരോധിക്കുന്നില്ല. തീര്‍ച്ചയായും അല്ലാഹു നീതി പാലിക്കുന്നവരെ ഇഷ്ടപ്പെടുന്നു'' (ക്വുര്‍ആന്‍ 60:08).

നീതിയുടെ മഹത്ത്വവും പ്രതിഫലവുമറിയിക്കുന്ന ഒരുതിരുമൊഴി ഇപ്രകാരമുണ്ട്. അബ്ദുല്ലാഹ് ഇബ്‌നുഅംറി(റ)ല്‍നിന്ന് നിവേദനം; അല്ലാഹുവിന്റെ റസൂല്‍ ﷺ പറഞ്ഞു:

''അല്ലാഹുവിന്റെ അടുക്കല്‍ നീതിമാന്മാര്‍, കാരുണ്യവാനായവന്റെ വലതുഭാഗത്ത് പ്രകാശത്തിന്റെ മിമ്പുകളിലായിരിക്കും. അവന്റെ ഇരുകരങ്ങളും യമീനുകളാണ് (അനുഗൃഹീതങ്ങളാണ്). അവര്‍ (നീതിമാന്മാര്‍) തങ്ങളുടെ വിധിയിലും കുടുംബത്തിലും തങ്ങള്‍ ഏറ്റെടുത്ത കാര്യങ്ങളിലും നീതി പുലര്‍ത്തുന്നവരാണ്'' (മുസ്‌ലിം).