യതീംഖാനകള്‍; നാളെയുടെ ഭാവി

അബൂ ഹംദാന്‍ ആലത്തിയൂര്‍

2020 ആഗസ്ത് 29 1442 മുഹര്‍റം 10

(അനാഥരെ സനാഥരാക്കിയ യതീംഖാന പ്രസ്ഥാനം 2)

യതീംഖാനകള്‍; അല്ലാഹുവിന്റെ തൃപ്തിയും സമുദായത്തിന്റെ നന്മയും മാത്രം ലക്ഷ്യമാക്കി തുടക്കം കുറിച്ച മഹാസ്ഥാപനങ്ങള്‍. ത്യാഗിവര്യന്‍മാരായ നമ്മുടെ മുന്‍കാല പണ്ഡിതരും നേതാക്കളും നമ്മെ ഏല്‍പിച്ച അമാനത്തുകളാണ് ഈ സ്ഥാപനങ്ങള്‍. ഈ സ്ഥാപനങ്ങള്‍ക്കുവേണ്ടി കോടികള്‍ വിലമതിക്കുന്ന സ്വത്തുക്കള്‍ വക്വ്ഫുചെയ്ത സാത്വികരായ മനുഷ്യരോട് എങ്ങനെ നീതികാണിക്കാം എന്നായിരിക്കട്ടെ നമ്മുടെ ചിന്ത. കൊറോണക്ക് ശേഷമുള്ള നവലോകക്രമത്തില്‍ ഈ മഹത്‌സംരംഭത്തെ സ്ഥാപന ലക്ഷ്യത്തോടു നീതിപുലര്‍ത്തിക്കൊണ്ട്, സമൂഹത്തിലെ പ്രയാസമനുഭവിക്കുന്ന മുഴുവന്‍ മനുഷ്യമക്കള്‍ക്കും സാന്ത്വനമേകുന്ന കേന്ദ്രങ്ങളായി എങ്ങനെ പരിവര്‍ത്തിപ്പിച്ചെടുക്കാം എന്ന ചിന്തയാണ് ഉയര്‍ന്നുവരേണ്ടത്. എന്നും കേരള സമൂഹത്തിന് ദിശാബോധം നല്‍കിയ ഇസ്വ്‌ലാഹി പ്രസ്ഥാനം ഈ രംഗത്തും പ്രാമാണികവും പ്രായോഗികവുമായ പരിഹാരങ്ങളുമായി മാതൃക സൃഷ്ടിക്കേണ്ടതുണ്ട്.

ഇടത്തരക്കാരും, ഗവണ്മെന്റ് ജോലിക്കാരുമെല്ലാം മക്കളുടെ ഉന്നത പഠനത്തിന് വിദ്യാഭ്യാസലോണിന് പിന്നാലെ ഓടേണ്ട സാഹചര്യത്തില്‍ ഉന്നത പഠനത്തിന് കിടപ്പാടം പോലും ഇല്ലാത്ത അനാഥ കുടുംബങ്ങള്‍ എന്ത് ചെയ്യുമെന്ന് പകച്ചുനില്‍ക്കുന്ന കാലഘട്ടത്തിലാണ് നാം. മുന്‍കാലങ്ങളില്‍നിന്ന് വ്യത്യസ്തമായി 'മൂന്ന് നേരം ഭക്ഷണം' എന്ന പ്രാഥമിക ലക്ഷ്യം മാറി അനാഥമക്കള്‍ക്ക് 'മൂന്ന് കൊല്ലത്തെ ഫീസ്' എന്നായി മാറിയിരിക്കുന്നു! ഇനിയും പുതിയ യതീംഖാനകള്‍ക്കുള്ള സ്ഥലവും ബില്‍ഡിങ്ങും ഉണ്ടാക്കുന്നതിന് പകരം, ഈ വിദ്യാര്‍ഥികളുടെ ഉന്നത പഠനത്തിന് സഹായകരമായ സംവിധാനങ്ങള്‍ക്കാണ് സമുദായ സംഘടനകള്‍ പ്രാമുഖ്യം നല്‍കേണ്ടത്. ഈ രംഗത്ത് നമ്മുടെ സാമ്പ്രദായിക യതീം സംരക്ഷണം-യതീംഖാനയിലെ കുട്ടികള്‍ക്ക് ഒരു ദിവസത്തെ ഭക്ഷണം, വീട്ടിലെ കല്യാണത്തിന് അവര്‍ക്ക് ബിരിയാണി- തുടങ്ങിയ രീതികളില്‍നിന്ന് മാറി അവര്‍ക്ക് വെല്ലുവിളി നേരിടുന്ന ഉന്നതപഠനം പോലുള്ള രംഗങ്ങളിലാണ് നാം സഹായിക്കേണ്ടത് എന്ന് സമുദായത്തെ ഉല്‍ബുദ്ധരാക്കേണ്ട ബാധ്യത പണ്ഡിതര്‍ക്കും നേതാക്കള്‍ക്കുമാണ്. അവരെ സ്വന്തം കാലില്‍ നിലക്കാന്‍ പ്രാപ്തരാക്കുന്ന; അവരുടെ കുടുംബത്തിനും സമൂഹത്തിനും ഉപകാരപ്രദമായ ഉന്നത വിദ്യാഭ്യാസം സമുദായത്തിന്റെ ബാധ്യതയാണ് എന്ന് നാം തിരിച്ചറിയണം.

77 വര്‍ഷങ്ങള്‍ക്കു മുമ്പ് സ്ഥാപിതമായ തിരൂരങ്ങാടി യതീംഖാന കാമ്പസ് സന്ദര്‍ശിക്കുന്ന ഏതൊരു ആധുനിക ആര്‍ക്കിടെക്ചര്‍ വിദ്യാര്‍ഥിയെയും ആശ്ചര്യപ്പെടുത്തുന്നതാണ് അതിന്റെ നിര്‍മിതി. കേരളീയ പൊതുസമൂഹം ആര്‍ക്കിടെക്ചര്‍ എന്ന വാക്ക് കേള്‍ക്കുകപോലും ചെയ്യാത്ത ആ കാലത്ത് മദ്രാസില്‍ നിന്ന് ഒരു ആര്‍ക്കിടെക്ടിനെ കൊണ്ടുവന്ന് ഡിസൈന്‍ ചെയ്തതാണ് എന്ന സത്യം നമ്മില്‍ എത്ര പേര്‍ക്ക് അറിയാം? ഇന്നും ആര്‍ക്കിടെക്ച്ചറല്‍ വിദ്യാര്‍ഥികള്‍ക്ക് ക്യാമ്പസ് പ്ലാനിങ്ങിന്റെ ഉന്നതമാതൃക പഠിക്കാനും പകര്‍ത്താനും ഉള്ള ഒരു ചരിത്രനിര്‍മിതിയാണിത്. നമ്മുടെ പൂര്‍വികര്‍ യതീംഖാനകളുടെ കാര്യത്തില്‍ എത്രമാത്രം ദീഘവീക്ഷണത്തോടെയാണ് ഇടപെട്ടിരുന്നത് എന്നാണ് ഇത് നമുക്ക് നല്‍കുന്ന പാഠം. അനാഥമക്കള്‍ക്ക് നല്‍കുന്ന സൗകര്യങ്ങള്‍ നമുക്ക് ലഭ്യമായതില്‍ ഏറ്റവും ഉന്നതവും പ്രയോജനപ്രദവും ആയിരിക്കണം എന്ന ഉന്നത സന്ദേശമാണ് ഇതിലൂടെ എം.കെ ഹാജിയെന്ന മഹാമനീഷി നമുക്ക് നല്‍കുന്ന പാഠം.

ഈ പരിപ്രേക്ഷ്യത്തില്‍, വരാനിരിക്കുന്ന കാലഘട്ടത്തില്‍ നമുക്ക് ഈ സ്ഥാപനങ്ങളോട് എത്രമാത്രം നീതിപുലര്‍ത്താന്‍ സാധിക്കും എന്ന് കൂലങ്കഷമായി ചിന്തിക്കേണ്ടതുണ്ട്. സമകാലിക ലോകത്ത് ലഭ്യമായ ഏറ്റവും ഉന്നതവും കാര്യക്ഷമവുമായ മത-ഭൗതിക വിദ്യാഭ്യാസവും, ഏറ്റവും നല്ല ഒരു മനുഷ്യനായി തീരാവുന്ന വിധത്തിലുള്ള സാമൂഹിക, സാംസ്‌കാരിക, മാനസിക പരിശീലനവും നല്‍കാന്‍ നമുക്ക് സാധിക്കുന്നുണ്ടോ? അതല്ല; യതീംഖാനയല്ലേ, ഇതൊക്കെത്തന്നെ ധാരാളം എന്നാണോ നമ്മുടെ കാഴ്ചപ്പാട്? ഒരു സ്ഥാപനം വര്‍ഷങ്ങളായി നടന്നുകൊണ്ടിരിക്കുമ്പോള്‍, പുതിയ കാലഘട്ടത്തിലും സാഹചര്യങ്ങളിലും പുതിയ വെല്ലുവിളികള്‍ വരുമ്പോള്‍ ഇന്നലെവരെ എങ്ങനെയായിരുന്നോ ആ മിനിമം നിലവാരത്തിലെങ്കിലും നടത്തിക്കൊണ്ട് പോകണം എന്ന് പരിമിതപ്പെടുന്നതിനാണ് സ്ഥാപനവത്കരണം എന്ന് പറയുന്നത്. ഇന്നലെവരെ നല്‍കിയതിന് കൂടെ അധികമായി നമുക്ക് എന്ത് നല്‍കാന്‍ സാധിക്കും എന്ന ചിന്തയില്‍ നിന്നാണ് 'വാല്യൂ അഡിക്ഷന്‍' എന്ന പ്രക്രിയ ഉണ്ടാകുന്നത്. അത്തരം വാല്യൂ അഡിക്ഷന്‍ നമ്മുടെ സ്ഥാപനങ്ങളില്‍ എത്രമാത്രം നടക്കുന്നു, ഭൗതിക സാഹചര്യത്തിലെ ഉന്നമനത്തെക്കാള്‍, വിദ്യാര്‍ഥികളുടെ പഠന, പരിശീലന രംഗത്ത് എന്ത് മാറ്റം ഉണ്ടാക്കാന്‍ സാധിക്കും എന്നായിരിക്കട്ടെ നമ്മുടെ ചിന്തകള്‍

ഭാവിയിലേക്ക് ചില നിര്‍ദേശങ്ങള്‍

ഈ രംഗത്തുള്ള സ്ഥാപങ്ങള്‍ ഓരോവര്‍ഷവും വര്‍ധിച്ചുവരുന്നു, പഴയ സ്ഥാപനങ്ങള്‍ സ്ഥാപനവത്കരിക്കപ്പെടുന്നു, പല സ്ഥാപനങ്ങള്‍ക്കും വേണ്ടത്ര ഗുണഭോക്താക്കളെ കേരളത്തില്‍ നിന്ന് ലഭിക്കാതെ വരികയും ഇതര സംസ്ഥാനങ്ങളിലെ അര്‍ഹരായ അനാഥരെ പരിഗണിക്കേണ്ടിവരികയോ, കണ്ടെത്തേണ്ടിവരികയോ ചെയ്യുന്നു. ആയിരവും അഞ്ഞൂറും കുട്ടികള്‍ പഠിച്ചിരുന്ന പഴയ മഹത്തായ സ്ഥാപനങ്ങള്‍ ഇന്ന് നൂറോ ഇരുന്നൂറോ ആയി ചുരുങ്ങിയിരിക്കുന്നു എന്നത് ഒരു സത്യമാണ്, കണക്കുകള്‍ അതാണ് സൂചിപ്പിക്കുന്നത്. 2019ലെ കേരളസര്‍ക്കാര്‍ സാമൂഹ്യനീതി വകുപ്പിന്റെ കണക്കുകള്‍ അനുസരിച്ച്, അംഗീകരിച്ച കുട്ടികളുടെ എണ്ണം  60618 ആണ്. നിലവിലുള്ള കുട്ടികളുടെ എണ്ണം 35986. (41 % കുറവ്). ഈ എണ്ണംതന്നെ ഇതര സംസ്ഥാന പഠിതാക്കളുടെ എണ്ണം കൂടി ചേര്‍ത്തതാണ് എന്ന് തിരിച്ചറിയണം. 2004ല്‍നിന്ന് 2014ല്‍ എത്തിയപ്പോള്‍ സ്ഥാപനങ്ങളുടെ എണ്ണം 60% (551-883) വളര്‍ന്നപ്പോള്‍ പഠിതാക്കളുടെ എണ്ണം 6% (34005-35986) മാത്രമാണ് എന്ന് നാം ഇതിനോട് ചേര്‍ത്തുവായിക്കണം.

സമകാലിക സമൂഹത്തില്‍ അനാഥകളായ മക്കളുടെ ആവശ്യങ്ങള്‍ മുന്‍കാലങ്ങളില്‍ നിന്ന് വ്യത്യസ്തമാണ്. മുമ്പ് വിശപ്പടക്കാന്‍ മൂന്നുനേരത്തെ കഞ്ഞിക്കായിരുന്നു പ്രാഥമിക പരിഗണന. ഇന്ന് രണ്ടുരൂപക്ക് സര്‍ക്കാര്‍ സംവിധാങ്ങള്‍ തന്നെ അരി വിതരണം ചെയ്യുന്നു, എല്ലാ പഞ്ചായത്തിലും പ്ലസ്ടു വരെ പഠിക്കാവുന്ന സര്‍ക്കാര്‍ സ്‌കൂളുകള്‍ എന്നിവ സമൂഹത്തിലെ സാധാരണക്കാര്‍ക്ക് വലിയ ആശ്വാസം തന്നെയാണ്. ഏതൊരു മാതാവിനും സ്വന്തം കുട്ടിയെ തന്റെ കൂടെ വളര്‍ത്തുക എന്നത് മാതൃത്വത്തിന്റെ വികാരമാണ്. അല്‍പം ബുദ്ധിമുട്ടിയാലും തന്റെ കുഞ്ഞിന്റെ അനാഥാലയത്തില്‍ അയക്കാതെ വീട്ടില്‍ തന്നെ വളര്‍ത്താന്‍ അവര്‍ ആഗ്രഹിക്കുന്നു. ഇന്നത്തെ കാലത്ത് ഇതിന് കൂടുതല്‍ സാഹചര്യം ഉണ്ടുതാനും. സമുദായ നേതൃത്വവും ഇതിനെ പ്രോത്സാഹിപ്പിക്കുകയാണ് വേണ്ടത് എന്നാണ് എന്റെ പക്ഷം. വിവിധ മുസ്‌ലിം മത-രാഷ്ട്രീയ സംഘടനകള്‍, സേവന സന്നദ്ധ കൂട്ടായ്മകള്‍, മുസ്‌ലിം എന്‍.ജി.ഒകള്‍ തന്നെ ഇത്തരം ഓര്‍ഫന്‍ കെയര്‍ പദ്ധതികള്‍ നടപ്പിലാക്കുന്നുണ്ട്. മാസംതോറും കുട്ടിക്ക് വേണ്ട അത്യാവശ്യ സംഖ്യ വീട്ടില്‍ എത്തിച്ച് നല്‍കുന്ന (കൂപ്പണ്‍ ആയും, അവശ്യസാധനങ്ങള്‍, പഠനാവശ്യങ്ങള്‍ മുതലായവ) രൂപം നമുക്ക് കാണാന്‍ സാധിക്കും.

നമ്മുടെ നാടുകളിലെ ലഹരി, കള്ളപ്പണ മാഫിയകള്‍ പോലുള്ള പല സമൂഹവിരുദ്ധ പ്രവര്‍ത്തനങ്ങള്‍ക്കും പിന്നിലെ കറുത്ത ശക്തികള്‍ കൂടുതല്‍ ഇരകളാക്കുന്നത് അനാഥരെയും പ്രവാസികളുടെ മക്കളെയും രക്ഷിക്കാനും ശിക്ഷിക്കാനും പിതാക്കള്‍ കൂടെയില്ലാത്ത മക്കളെയുമാണ് എന്നതാണ് സത്യം. ഈ രംഗത്തും സമുദായത്തിന് ചില ബാധ്യതകള്‍ ഉണ്ട്. ഈ മക്കള്‍ സ്വന്തം വീട്ടില്‍ ആണെങ്കിലും കൗമാരം എത്തുന്നതോടെ ഉമ്മമാരുടെ നിയന്ത്രണങ്ങളില്‍നിന്ന് അടര്‍ത്തിമാറ്റപ്പെട്ട് ഇത്തരം സമൂഹവിരുദ്ധരുടെ കയ്യിലെ കളിപ്പാവകള്‍ ആകുന്ന ദുരന്തങ്ങള്‍ ഒഴിവാക്കപ്പെടണം. മുന്‍കാലങ്ങളില്‍ ഇത്തരം ദുശ്ശക്തികള്‍ക്ക് എത്തിപ്പെടാന്‍ സാധിക്കാത്ത രൂപത്തില്‍ ഇത്തരം കുട്ടികള്‍ യതീംഖാനകളില്‍ സുരക്ഷിതരായിരുന്നു. ഇന്ന് അവര്‍ അവരുടെ വീടുകളിലാണെങ്കിലും അവരുടെ 'മെന്റ്റര്‍' എന്ന സ്ഥാനം ഓരോ മഹല്ലിനും ഇസ്‌ലാമിക സംഘടനകള്‍ക്കും ഉണ്ട് എന്ന് നാം സമൂഹത്തെ ബോധ്യപ്പെടുത്തണം.

മുന്‍കാലങ്ങളിലെ റെസിഡന്‍ഷ്യല്‍/ബോര്‍ഡിംഗ് സൗകര്യത്തോടെയുള്ള യതീംഖാന എന്നത് വരും കാലങ്ങളില്‍, ഇന്ന് നിലവിലുള്ള പ്രവര്‍ത്തന ശൈലിയില്‍ എത്രമാത്രം സ്വീകാര്യമാവും എന്നത് വിലയിരുത്തപ്പെടണം. യതീംഖാനകളുടെ ഭക്ഷണരംഗത്ത് വലിയ പുരോഗതി ഉണ്ടായിട്ടുണ്ട് എന്നതാണ് സത്യം. നമ്മുടെ സമൂഹത്തിലെ സഹൃദയരായ മനുഷ്യരുടെ കനിവാര്‍ന്ന ഇടപെടലുകള്‍ മൂലം പോഷക സമൃദ്ധമായ, സ്വാദിഷ്ഠമായ സദ്യകളാണ് എന്നും. പക്ഷേ, മറ്റു പല മേഖലകളിലും ഇത്തരം മാറ്റങ്ങള്‍ ഉണ്ടായിട്ടില്ല എന്ന് കാണാം; പ്രത്യേകിച്ച് അനാഥമക്കളുടെ മാനസിക വളര്‍ച്ച, വ്യക്തിത്വ വികസനം, സാമൂഹിക ബോധം, മതബോധം തുടങ്ങിയവ വളര്‍ത്തിക്കൊണ്ടുവരാന്‍ ഉതകുന്ന എന്ത് വാല്യൂ അഡിഷന്‍ ആണ് ഉണ്ടായിട്ടുള്ളത് എന്ന് വിലയിരുത്തണം. നമ്മുടെ വിദ്യാഭ്യാസ-മാനേജ്‌മെന്റ് രംഗത്തു വന്ന പഠനങ്ങളും ഗവേഷണങ്ങളും അതിനെ തുടര്‍ന്ന് അതത് മേഖലകളില്‍ ഉണ്ടായ പരിവര്‍ത്തനങ്ങളും നാം എത്രമാത്രം നമ്മുടെ യതീംഖാനകളില്‍ പ്രായോഗികമാക്കി?

ഇത്തരം മഹത്തായ സ്ഥാപനങ്ങള്‍ ദീര്‍ഘവീക്ഷണത്തോടെ ആസൂത്രണം ചെയ്താല്‍ വരുംതലമുറകള്‍ക്കും കൂടി പ്രയോജനപ്രദമായ രൂപത്തില്‍ അനാഥകളുടെയും സമൂഹത്തിലെ അശരണരും അഗതികളുടെയും വിളക്കുമാടമായി നിലനിര്‍ത്താന്‍ സാധിക്കും. സമകാലികസമൂഹത്തിന് ഉപകാരപ്രദമായ രൂപത്തിലുള്ള ക്രിയാത്മകമായ പരിവര്‍ത്തങ്ങള്‍ക്ക് തുടക്കം കുറിക്കേണ്ട സമയം അതിക്രമിച്ചുവോ എന്ന് നാം വിചിന്തനം നടത്തേണ്ടതുണ്ട്. ഈ രംഗത്ത് ലോകത്ത് ഇതര രാജ്യങ്ങളില്‍ പ്രായോഗികമായി നടന്നുകൊണ്ടിരിക്കുന്ന ക്ഷേമപ്രവര്‍ത്തങ്ങളുടെ വായിച്ചറിഞ്ഞ വെളിച്ചത്തില്‍ ചില നിര്‍ദേശങ്ങളും അഭിപ്രായങ്ങളും പങ്കുവയ്ക്കുകയാണ്:

1. മാനേജ്‌മെന്റ്, സാമൂഹികശാസ്ത്ര, വിദ്യാഭ്യാസ, ഇസ്ലാമിക മതവിജ്ഞാന രംഗത്ത് പ്രഗത്ഭരായ പ്രതിഭകളെ ഉള്‍പ്പെടുത്തി പരിഷ്‌ക്കരണ കമ്മിറ്റികള്‍ രൂപീകരിക്കേണ്ടതുണ്ട്. ഇത്തരം കമ്മിറ്റികള്‍ കേവല സംഘടനാഗ്രൂപ്പ് മാനദണ്ഡങ്ങള്‍ക്ക് അതീതമായി പ്രാഗല്‍ഭ്യവും സന്നദ്ധതയും അടിസ്ഥാനമാക്കി ആയിരിക്കുക

2. ഈ രംഗത്ത് അഭിമുഖീകരിക്കുന്ന പ്രശ്‌നങ്ങളും വെല്ലുവിളികളും പുതിയ കാലത്തിന്റെ ആവശ്യങ്ങളും എന്നിവയെ അടിസ്ഥാനമാക്കി വാല്യൂ അഡിഷന്‍ നടപ്പിലാക്കി പുതിയ മോഡലുകള്‍ സൃഷ്ടിക്കപ്പെടേണ്ടതുണ്ട്.

3. ഇന്ന് ഈ രംഗത്ത് ഓരോ സ്ഥാപനത്തിനും ലഭ്യമായ ഇന്‍ഫ്രാ സ്ട്രക്ച്ചര്‍ (അടിസ്ഥാന സൗകര്യങ്ങള്‍) ഹ്യൂമന്‍ റിസോഴ്സ് (മാനവ വിഭവശേഷി) എത്രമാത്രം ഉപയോഗപ്പെടുത്തപ്പെടുന്നു, നിലവാരം വിലയിരുത്തുന്ന 'ക്വാളിറ്റി ഓഡിറ്റിംഗ്' നടപ്പിലാക്കേണ്ടതുണ്ട്

4. റസിഡന്‍ഷ്യല്‍ സംവിധാനത്തിലുള്ള പഠനത്തിന് കുട്ടികള്‍ കുറയുന്ന സാഹചര്യത്തില്‍ 'ഡെ സ്‌കോളര്‍' സംവിധാനം മദ്‌റസ/സ്‌കൂള്‍/റ്റിയുഷന്‍, പ്രാതല്‍, ഉച്ചഭക്ഷണം എന്നിവ നല്‍കുന്ന പ്രൊജക്റ്റ് നടപ്പിലാക്കുക. (മികച്ച അക്കാദമിക, പഠനനിലവാരം ഈ സ്‌കൂളുകളില്‍ ഉറപ്പ് വരുത്തുക)

5. സംസ്ഥാനത്ത് ഉടനീളമുള്ള അനാഥകള്‍ക്ക് പങ്കെടുക്കാന്‍ സാധിക്കുന്ന രൂപത്തില്‍ (അക്കാദമിക് നിലവാരം അനുസരിച്ച്) ഛൃുവമി ങലിീേൃശിഴ അരമറലാ്യ സ്ഥാപിച്ച് ണലലസ ഋിറ / ങീിവേഹ്യ വ്യക്തിത്വ വികസനം, മത്സരപരീക്ഷല പരിശീലനം, സോഫ്റ്റ് സ്‌കില്‍ ഡെവലപ്‌മെന്റ് തുടങ്ങിയ മേഖലകളില്‍ ഉന്നത പരിശീലനം നല്‍കുക.

6. അനാഥകളുടെ അമ്മമാര്‍ക്ക് കുടില്‍വ്യവസായ രൂപത്തിലുള്ള കൈത്തൊഴില്‍ പരിശീലനം നല്‍കുക. അനാഥാലയങ്ങള്‍ക്ക് വേണ്ട യൂണിഫോം, നോട്ടുബുക്ക്, അച്ചാറുകള്‍ തുടങ്ങിയവ ഉദാഹരണം. അവയുടെ ക്വാളിറ്റി ഉറപ്പ് വരുത്തി, നല്ല റോ മെറ്റീരിയല്‍സ് നല്‍കിയാല്‍ യതീംഖാനയുടെ പ്രോഡക്റ്റ് എന്ന നിലയിലും യതീംകുടുംബങ്ങളുടെ സംരക്ഷണം എന്നതിന്നാലും സമൂഹം അത് രണ്ടുകയ്യും നീട്ടി സ്വീകരിക്കും.

7. യതീംകുട്ടികള്‍ക്ക് മാത്രമായി സംസ്ഥാനതലത്തില്‍/ജില്ലാ തലത്തില്‍ പി.എസ്.സി കോച്ചിങ് നല്‍കുക. പ്രധാനപ്പെട്ട പരീക്ഷകള്‍ക്ക് ഒന്നോ രണ്ടോ മാസം റെസിഡന്‍ഷ്യല്‍ സംവിധാനത്തില്‍ കോച്ചിങ് സെന്റര്‍ ഉണ്ടാക്കുക. (ഒഴിഞ്ഞുകിടക്കുന്ന യതീംഖാന ബോര്‍ഡിങ് സൗകര്യങ്ങള്‍ യതീംകുട്ടികള്‍ക്ക് തന്നെ ഉപയോഗപ്രദമാക്കാം).

8. വേനലവധിക്കാലത്ത് യതീംകുട്ടികള്‍ക്ക് മാത്രമായി റസിഡന്‍ഷ്യല്‍ ഓറിയന്റേഷന്‍ ക്യാമ്പുകള്‍, (ആണ്‍കുട്ടികള്‍ക്കും പെണ്‍കുട്ടികള്‍ക്കും പ്രത്യേകം) ധാര്‍മിക വിദ്യാഭ്യാസം, വ്യക്തിത്വ വികസനം, വ്യത്യസ്ത പഠനരീതികള്‍, സാമൂഹിക പ്രവര്‍ത്തന പരിശീലനം തുടങ്ങിയ മേഖലകളില്‍ ഉന്നതമായ രീതിയിലുള്ള പരിശീലനം ഓരോ മേഖലകളിലും ലഭ്യമായ ഏറ്റവും നല്ല ഫാക്കല്‍റ്റികളെ കണ്ടെത്തി നടപ്പാക്കുക.

9. അനാഥ മക്കളെ അവരവരുടെ വീട്ടില്‍തന്നെ വളരാന്‍ അനുവദിക്കുക. എന്നാല്‍ അവര്‍ക്ക് വേണ്ട സാമ്പത്തിക സഹായം നല്‍കുകയും വിദ്യാഭ്യാസ, സാമൂഹിക വളര്‍ച്ചക്ക് വേണ്ട ഇടപെടലുകള്‍ നടത്തുകയും തുടര്‍ച്ചയായ ഇടവേളകളില്‍ (രണ്ടാഴ്ചയില്‍/ മാസത്തില്‍) അവരെ ഈ സ്ഥാപനങ്ങളില്‍ കൊണ്ടുവന്ന് അവരുടെ മാനസിക, ആരോഗ്യ-വിദ്യാഭ്യാസ കാര്യങ്ങള്‍ വിലയിരുത്തുകയും, മാര്‍ഗനിര്‍ദേശ കോണ്‍ടാക്ട് ക്ലാസ്സുകളും (കുട്ടികള്‍ക്കും മാതാക്കള്‍ക്കും) ചെയ്യുക. ഇത്തരത്തില്‍ ഒരു റിമോട്ട് ഓര്‍ഫന്‍ പേരന്റിംഗ്, ഓര്‍ഫന്‍ കെയര്‍ പ്രൊജക്റ്റ് നടപ്പിലാക്കുക.

10. എസ്.എസ്.എല്‍.സി, പ്ലസ് ടു കഴിഞ്ഞ കുട്ടികള്‍ക്ക് അവരുടെ ശാസ്ത്രീയമായ ആപ്റ്റിട്യൂട് ടെസ്റ്റ് നടത്തി അവര്‍ക്ക് ഉന്നത പഠനത്തിന് ഉപദേശങ്ങളും, ഗൈഡന്‍സും, സാമ്പത്തിക സഹായവും നല്‍കുന്ന ഓര്‍ഫന്‍ കരിയര്‍ ഗൈഡന്‍സ് സെന്റര്‍ ഉണ്ടാക്കുക.

11. മുന്‍കാലങ്ങളില്‍നിന്ന് വ്യത്യസ്തമായി നന്നായി പഠിച്ച്, മെറിറ്റില്‍ത്തന്നെ ഒരു നല്ല കോഴ്സിന് അഡ്മിഷന്‍ കിട്ടിയ അനാഥക്കുട്ടിക്ക് താങ്ങാവുന്നതല്ല ഇന്നത്തെ നമ്മുടെ സര്‍ക്കാര്‍ കോളേജിലെ ഫീസ് തന്നെ! (സെല്‍ഫ് ഫൈനാന്‍സിംഗ് രംഗം ഒരിക്കലും സ്വപ്‌നം കാണാന്‍ സാധിക്കാത്ത തരത്തിലുള്ളതാണ് ഫീസ് സംവിധാനം). നിലവിലുള്ള ഈ സാഹചര്യത്തില്‍ ഈ വിദ്യാര്‍ഥികളുടെ ഉന്നതപഠനത്തിന് സഹായകരമായ സ്‌കോളര്‍ഷിപ് സംവിധാനം നടപ്പിലാക്കണം.

ഈ രംഗത്ത് മുസ്ലിം മത-രാഷ്ട്രീയ നേതൃത്വം ഗൗരവപരമായ ചിന്തക്കും ചലനങ്ങള്‍ക്കും തുടക്കം കുറിക്കേണ്ടതുണ്ട് എന്നാണ് അവസാനമായി പറയുവാനുള്ളത്. നമ്മില്‍ ഏല്‍പിക്കപ്പെട്ട ഈ അമാനത്തുകള്‍ ഏല്‍പിക്കപ്പെട്ടതിനെക്കാള്‍ ഉന്നതവും വരുംതലമുറകള്‍ക്ക് ഉപകാരപ്രദവുമായ രൂപത്തില്‍ കൈമാറാന്‍ സാധിക്കേണ്ടതുണ്ട്. അങ്ങനെ ലോകാവസാനംവരെ ഈ വിളക്കുമാടങ്ങള്‍ അവയുടെ ധര്‍മം നിര്‍വഹിക്കട്ടെ. ഈ മഹാസ്ഥാപനങ്ങള്‍ക്ക് വിത്തുപാകിയവര്‍ക്കും വെള്ളവും വളവും നല്‍കി അവയുടെ വളര്‍ച്ചയുടെ എല്ലാ ഘട്ടങ്ങളിലും പങ്കാളികളായവര്‍ക്കും വരാനിരിക്കുന്ന ജീവിതത്തിലേക്ക് ഒരു സമ്പാദ്യമായി മാറട്ടെ എന്ന പ്രാര്‍ഥനയോടെ.