തത്ത്വചിന്തകരുടെ ദൈവവിശ്വാസം

ഡോ.സബീല്‍ പട്ടാമ്പി

2020 സെപ്തംബര്‍ 19 1442 സഫര്‍ 02

(ശാസ്ത്രം വളര്‍ന്നപ്പോള്‍ ദൈവം തളര്‍ന്നോ? 3)

യഥാര്‍ഥ ശാസ്ത്രപഠനം മനുഷ്യനെ ദൈവത്തിലേക്കടുപ്പിക്കുകയാണു ചെയ്യുക എന്നത് ശാസ്ത്രത്തിന്റെയും ശാസ്ത്രജ്ഞന്മാരുടെയും ചരിത്രത്തില്‍നിന്ന് നാം മനസ്സിലാക്കി. ഇനി യുക്തിവാദ,നിരീശ്വര ചിന്തക്കാര്‍ ദൈവനിഷേധം സ്ഥാപിക്കാന്‍ തെളിവുപിടിക്കുന്ന രണ്ടു കാര്യങ്ങള്‍ കൂടിയുണ്ട്:

(1) പരിണാമസിദ്ധാന്തം. (2) തത്ത്വചിന്ത

എന്നാല്‍ ഈ രണ്ടു മേഖലകളുടെയും ശിലാസ്ഥാപകര്‍ ദൈവവിശ്വാസികളായിരുന്നു എന്നതാണു യാഥാര്‍ഥ്യം. അതുകൊണ്ട്തന്നെ ഇവരുടെ വീക്ഷണങ്ങള്‍കൂടി ഇവിടെ ചര്‍ച്ച ചെയ്യുന്നത് നന്നായിരിക്കും.  

പരിണാമസിദ്ധാന്തത്തെ ശാസ്ത്രത്തിന്റെ ലേബലില്‍ നിരീശ്വര വാദക്കാര്‍ അവതരിപ്പിക്കാറുണ്ടെങ്കിലും, അത് ഇന്നേവരെ ശാസ്ത്രീയമായി തെളിയിക്കപ്പെടാത്ത ഒരു 'ചിന്താ പ്രസ്ഥാനം' മാത്രമാണ് എന്നതാണു പരമാര്‍ഥം. ദൈവവിശ്വാസത്തിനു യാതൊരു 'ശാസ്ത്രീയ തെളിവുകളും ഇല്ല' എന്ന് ദൈവവിശ്വാസികളെ പരിഹസിക്കുന്ന നിരീശ്വരന്മാര്‍ പക്ഷേ, കുരങ്ങില്‍നിന്ന് മനുഷ്യന്‍ ഉണ്ടായി എന്ന് യാതൊരു 'ശാസ്ത്രീയ തെളിവിന്റെയും' അടിസ്ഥാനമില്ലാതെ അന്ധമായി വിശ്വസിക്കുന്നു എന്നത് എന്തുമാത്രം പരിഹാസ്യമാണ്!

ആദ്യകാല പരിണാമവാദികളെല്ലാം ദൈവവിശ്വാസികള്‍!

ദൈവവിശ്വാസത്തിനെതിരെയും സൃഷ്ടിവാദത്തിനെതിരെയും വലിയൊരു തെളിവായി ഇവര്‍ കൊണ്ടു വരാറുള്ള പരിണാമ സിദ്ധാന്തത്തിന്റെ ഉപജ്ഞാതാവായി അറിയപ്പെടുന്ന വ്യക്തിയായ ചാള്‍സ് ഡാര്‍വിന്‍ ഒരു ക്രൈസ്തവ വിശ്വാസിയായിരുന്നു എന്നതാണു വാസ്തവം. അദ്ദേഹം പറയുന്നത് കാണുക:

'ഈ പ്രപഞ്ചത്തിന്റെ മനോഹാരിതയും മനുഷ്യന്റെ ഘടനയുമൊക്കെ നോക്കിക്കൊണ്ട് ഇതൊക്കെ താനെ ഉണ്ടായതാണെന്ന് വിശ്വസിക്കുന്നതില്‍ ഞാന്‍ തൃപ്തനല്ല. എല്ലാം വ്യവസ്ഥാപിതമായി സംവിധാനിക്കപ്പെട്ടായി ഞാന്‍ കാണുന്നു' (Darwin's letter to Asa Gray, May 22, 1860, Archived by Darwin correspondence project, University of Cambridge).

1879ല്‍ മരണപ്പെടുന്നതിന്റെ മൂന്നുവര്‍ഷം മുമ്പ് തന്റെ സുഹൃത്തായ ജോണ്‍ ഫോര്‍ഡിസിനു  എഴുതിയ കത്തില്‍ ഡാര്‍വിന്‍ ഇങ്ങനെ എഴുതിയതായി കാണാം: 'ഞാന്‍ ഒരിക്കലും ദൈവത്തെ നിഷേധിക്കുന്ന തരത്തിലുള്ള ഒരു നിരീശ്വരവാദിയല്ല' (Charls Darwin, Letter to John Fordyce, 7th May, 1879).

അതുകൊണ്ട്തന്നെയായിരിക്കാം ആദ്യകാലത്തുള്ള പരിണാമവാദികളൊന്നും തന്നെ പരിണാമ സിദ്ധാന്തത്തെ ദൈവനിഷേധം പ്രചരിപ്പിക്കാനുള്ള ഒരു ആയുധമായി കണ്ടിരുന്നില്ല. മാത്രമല്ല, അന്നത്തെ അറിയപ്പെട്ട പരിണാമവാദികളായിരുന്ന ഏണസ്റ്റ് ഹേക്കലും, തോമസ് ഹക്‌സിലിയുമൊക്കെ  ദൈവവിശ്വാസികള്‍ കൂടിയായിരുന്നുവെന്ന് കാണാം. ഹേക്കല്‍ പറയുന്നത് കാണുക: 'ഏകനായ ഒരു ദൈവം, അത് മാത്രമാണു പ്രകൃതിയെ പറ്റി നാം ഇപ്പോള്‍ മനസ്സിലാക്കിയതുമായി ഒത്തുപോകുന്ന ഒരേ ഒരു വീക്ഷണം. ഒരു ദൈവചൈതന്യം നമുക്ക് എല്ലാത്തിലും കാണാവുന്നതാണ്' (The Confession of faith of a man of science by Ernst Haeckel,1892).

ഏകനായ ഒരു ദൈവമാണ് ഈ പ്രപഞ്ചത്തെ ചലിപ്പിക്കുന്നത് എന്നതാണു തന്റെ വിശ്വാസമെന്നും (പേജ്: 15) ആ ദൈവം എപ്പോഴും നമ്മുടെ കൂടെ ഉണ്ടായിരിക്കട്ടെ (പേജ്: 89) എന്നും ഹേക്കല്‍ ഇതേ പുസ്തകത്തില്‍ പറയുന്നുണ്ട്.

ഡാര്‍വിനിസത്തിന്റെ ശക്തനായ വക്താവായതു കാരണം 'ഡാര്‍വിന്റെ വളര്‍ത്തുനായ' എന്ന് വിളിക്കപ്പെട്ടിരുന്ന ഹക്‌സിലിയും ഒരു ദൈവവിശ്വാസിയായിരുന്നു. അദ്ദേഹം പറയുന്നത് കാണുക: 'പ്രകൃതിശാസ്ത്രം പഠിക്കുന്ന ഒരു വിദ്യാര്‍ഥിക്ക് ഈ പ്രപഞ്ചത്തിന്റെ തുടക്കത്തെ കുറിച്ച് പഠിക്കുമ്പോള്‍ ബാഹ്യമായ ഒരു ശക്തിയുടെ ഇടപെടലിനെ നിഷേധിക്കാന്‍ സാധ്യമല്ല' (Science & Morals, Huxley, 1886).

പരിണാമവാദത്തിന്റെ തലതൊട്ടപ്പന്മാര്‍ ദൈവവിശ്വസികളും എന്നാല്‍ ഇന്ന് ഈ സിദ്ധാന്തം പേറുകയും പ്രചരിപ്പിക്കുകയും ചെയ്യുന്നവര്‍ ദൈവനിഷേധികളുമാണ് എന്നത് എന്തുമാത്രം വലിയ വിരോധാഭാസമാണ്! ഡാര്‍വിനെയും ഹക്‌സിലിയെയും ഹേക്കലിനെയുമൊക്കെ അന്ധവിശ്വാസികളും പിന്തിരിപ്പന്മാരുമായി ഇവര്‍ മുദ്രകുത്തുമോ എന്ന് എന്നറിയാന്‍ കൗതുകമുണ്ട്.

പ്രമുഖരായ തത്ത്വചിന്തകരെല്ലാം ദൈവവിശ്വാസികള്‍!

ശാസ്ത്രത്തിന്റെയും പരിണാമവാദത്തിന്റെയും കൂടെ ചിലപ്പോള്‍ തത്ത്വചിന്തകളും യുക്തിചിന്തകളും കൂട്ടിക്കുഴച്ചാണു ദൈവത്തിന്റെ അസ്തിത്വത്തെ നിരീശ്വര പ്രസ്ഥാനക്കാര്‍ ചോദ്യം ചെയ്യാറുള്ളത്. അതുകൊണ്ടാണ് ഈ വിഷയം കൂടി ഇവിടെ സൂചിപ്പിക്കുന്നത്. നാം അറിഞ്ഞിരിക്കേണ്ട ശ്രദ്ധേയമായ ഒരു വസ്തുത എന്തെന്നാല്‍ തത്ത്വചിന്തയിലും യുക്തിചിന്തയിലും അവഗാഹം നേടിയവരില്‍ ഭൂരിഭാഗം പേരും ദൈവവിശ്വാസികളായിരുന്നു എന്നതാണ്. തത്ത്വചിന്തയുടെയും യുക്തിചിന്തകളുടെയും അടിസ്ഥാനങ്ങള്‍ക്ക് ബീജം നല്‍കിയ പ്രമുഖരായ ചിന്തകരാരും ദൈവത്തെ നിഷേധിച്ചിട്ടില്ല. എന്നാല്‍ ഓരോരുത്തരുടെയും സ്വതന്ത്രചിന്തയില്‍ നിന്നുള്ള വീക്ഷണങ്ങളായതിനാല്‍ ദൈവത്തെ പറ്റി അഭിപ്രായ വ്യത്യാസങ്ങള്‍ അവര്‍ക്കിടയില്‍ ഉണ്ടായിട്ടുണ്ട്. വിവിധ ഫിലോസഫര്‍മാരും അവരുടെ വീക്ഷണങ്ങളും എന്തൊക്കെയായിരുന്നുവെന്ന് നോക്കാം.

(1) തൈല്‍സ് (ബി.സി: 634-546): 

ഇദ്ദേഹമാണു ഗ്രീസിലെ ആദ്യത്തെ തത്ത്വചിന്തകന്‍. ഇദ്ദേഹം വിശ്വസിച്ചിരുന്നത് 'ഒരു തുടക്കമില്ലാത്ത, ആദ്യം മുതലേയുള്ള, ആരെയും ആശ്രയിക്കാത്ത, എല്ലാത്തിനെയും സൃഷ്ടിച്ച ഒരു ദൈവം ഉണ്ട്' എന്നായിരുന്നു.

(2) സോക്രട്ടീസ് (ബി.സി:469-399): 

ഈ പ്രപഞ്ചത്തിന്റെ ഘടനാസംവിധാനത്തിലും സൗകുമാര്യത്തിലും കൃത്യതയിലും താളത്തിലും ഒരു ദൈവത്തിന്റെ ശക്തി ഒളിഞ്ഞിരിക്കുന്നുവെന്ന് അദ്ദേഹം വിശ്വസിച്ചു.

(3) പ്ലാറ്റോ (ബി.സി:428-348): 

ഇദ്ദേഹവും യുക്തിചിന്തയുടെ അടിസ്ഥാനത്തില്‍ ഈ പ്രപഞ്ചത്തിനൊരു സ്രഷ്ടാവായ ദൈവം ഉണ്ട് എന്ന വീക്ഷണക്കാരനായിരുന്നു.

(4) അരിസ്‌റ്റോട്ടില്‍ (ബി.സി: 384-322): 

അരിസ്‌റ്റോട്ടിലാണു ലോകം ഇതുവരെ കണ്ടതില്‍ 'ഏറ്റവും വലിയ തത്ത്വചിന്തകനും യുക്തിചിന്തയുടെ സ്ഥാപക പിതാവ്' എന്നും അറിയപ്പെടുന്നത്. അദ്ദേഹത്തിന്റെ യുക്തിയുടെ അടിസ്ഥാനത്തില്‍ അദ്ദേഹം എത്തിച്ചേര്‍ന്ന നിഗമനം ലോകത്തിനു പിന്നില്‍ ഒരു ദൈവം ഉണ്ട് എന്നാണ്. ആകാശഗോളങ്ങളുടെ സംവിധാനത്തെയും നിയന്ത്രിതമായ സഞ്ചാരപഥങ്ങളെയും ഉദ്ധരിച്ചുകൊണ്ട് ഇതിനു പിന്നില്‍ ഒരു സ്രഷ്ടാവും നിയന്താവുമുണ്ടെന്ന് അദ്ദേഹം വിശ്വസിച്ചു.

മുകളില്‍ പറഞ്ഞവരൊക്കെ ഒരേ സമയം തത്ത്വചിന്തകരും ശാസ്ത്രജ്ഞരുമായിരുന്നു.

(5) തോമസ് അക്വിനാസ് (1225-1274): 

മധ്യകാലഘട്ടത്തില്‍ ജീവിച്ച ഏറ്റവും വലിയ തത്ത്വചിന്തകന്‍. കത്തോലിക്ക പുരോഹിതന്‍. ദൈവം ഉണ്ടെന്ന് സ്ഥാപിക്കാന്‍ ബുദ്ധിപരമായ തത്ത്വങ്ങള്‍ അദ്ദേഹം മുന്നോട്ട് വെക്കുന്നുണ്ട്.

(6) ലോര്‍ഡ് ഫ്രാന്‍സിസ് ബേക്കണ്‍ (1561-1626): 

പ്രമുഖ ശാസ്ത്രചിന്തകനും തത്ത്വജ്ഞാനിയും. 'തെളിവുകളുടെയും നിരീക്ഷണങ്ങളുടെയും അടിസ്ഥാനത്തില്‍ ക്രമാനുഗതമായ അനുമാനങ്ങളിലൂടെ യുക്തിപരവും ശാസ്ത്രീയവുമായ നിഗമനങ്ങളില്‍' എത്തിച്ചേരുന്ന Inductive Logic രീതി വികസിപ്പിച്ചെടുത്തത് ഇദ്ദേഹമാണ്.

അദ്ദേഹത്തിന്റെ അനുമാനപ്രകാരം അദ്ദേഹം എത്തിച്ചേര്‍ന്നത് ഒരു ദൈവം ഉണ്ട് എന്ന നിഗമനത്തിലായിരുന്നു. മാത്രമല്ല, അദ്ദേഹം നിരീശ്വരവാദികള്‍ക്ക് ശക്തമായ മറുപടി നല്‍കുകയും ചെയ്ത വ്യക്തിയാണ്. ബേക്കണ്‍ പറഞ്ഞു: 'ഫിലോസഫിയിലുള്ള അല്‍പജ്ഞാനം നിന്നെ ദൈവ നിഷേധിയാക്കിയേക്കാം. എന്നാല്‍ അതിലുള്ള ആഴത്തിലുള്ള പഠനം നിന്നെ ഒരു ദൈവ വിശ്വാസിയാക്കും' (Essays of Lord Bacon (1625), Page: 90).

ബേക്കണ്‍ പറഞ്ഞത് ശരിയാണെങ്കില്‍ ഇന്ന് നാം കാണുന്ന പല നിരീശ്വര വാദികളും ഫിലോസഫിയില്‍ 'അല്‍പജ്ഞാനം' മാത്രം ഉള്ളവരാണെന്ന് നാം കരുതേണ്ടി വരും.

(7) റെനെ ഡെസ്‌കാര്‍ട്ടസ് (1596-1650): 

ആധുനിക തത്ത്വചിന്തയുടെ സ്ഥാപകന്‍ എന്നറിയപ്പെടുന്നു. പ്രപഞ്ച സ്രഷ്ടാവായ ഒരു ദൈവമുണ്ടെന്നും മനുഷ്യര്‍ക്ക് ആത്മാവുണ്ടെന്നും ആത്മാവ് നശിക്കില്ലെന്നും അദ്ദേഹം സിദ്ധാന്തിച്ചു.

(8) ഇമ്മാനുവല്‍ കാന്റ് (1724-1804): 

പാശ്ചാത്യ ഫിലോസഫര്‍മാരില്‍ പ്രസിദ്ധനായ വ്യക്തിയാണു കാന്റ്. അദ്ദേഹം എഴുതി: 'ഒരു ദൈവമുണ്ടെന്നും മരണാന്തരം ഒരു ജീവിതമുണ്ടെന്നും ഞാന്‍ വിശ്വസിക്കുന്നു. ഒന്നിനും എന്റെ ഈ വിശ്വാസത്തെ തകര്‍ക്കാനാവില്ല' (Critique of pure reason, 856, Emmanuel Kant).

മറ്റൊരു ഗ്രന്ഥത്തില്‍ കാന്റ് പറയുന്നത് കാണുക: 'ദൈവമാണ് ഈ പ്രപഞ്ചത്തെ സൃഷ്ടിച്ചത്. ആ ദൈവത്തിന്റെ നിയമങ്ങളെ അനുസരിക്കുകവഴി മാത്രമെ മനുഷ്യര്‍ക്ക് ആ ദൈവത്തെ ആദരിക്കാന്‍ കഴിയൂ' (Lectures on Philosophical theology, Page  142,143).

 ആ ദൈവം നമ്മോട് സ്‌നേഹമുള്ളവനാണെന്നും ആ ദൈവത്തോടുള്ള ഇഷ്ടം കാണിക്കാന്‍ നാം അവന്റെ നിയമങ്ങള്‍ പാലിക്കേണ്ടതുണ്ടെന്നും കാന്റ് നിരീക്ഷിക്കുന്നുണ്ട്. (അതേ പുസ്തകം, പേജ് 156).

(9) ജാക്വസ് റൂസ്സോ (1712-1778): 

ഇദ്ദേഹത്തിന്റെ ചിന്തകളാണു ഫ്രഞ്ച് വിപ്ലവത്തിനു പ്രചോദനവും ദിശയും നല്‍കിയത്. അദ്ദേഹം പറയുന്നത് കാണുക: '(പ്രപഞ്ചത്തെ നിയന്ത്രിക്കുന്ന) ഈ ശക്തി സ്വയം ഉദ്ദേശിക്കുന്നവനും ഉദ്ദേശിച്ചത് പ്രവര്‍ത്തിക്കാന്‍ കഴിവുള്ളവനുമായിരിക്കാം. ഈ ശക്തിയാണ് പ്രപഞ്ചത്തെ ചലിപ്പിക്കുന്നത്. ഇതാകുന്നു ഞാന്‍ വിളിക്കുന്ന ദൈവം. ഈ ദൈവം ബുദ്ധിയും ശക്തിയും കഴിവും ദയയുമുള്ളവനാണെന്ന് ഞാന്‍ പറയും' (Emile (1762) by Rousseau, Quoted in the book Rousseau,1911, Part 4).

(10) വോള്‍ടയര്‍ (1694 1778):

ഫ്രഞ്ച് തത്ത്വചിന്തകനും ചരിത്രകാരനും. ഇദ്ദേഹവും റൂസ്സോയോട് (മുകളില്‍ പറഞ്ഞ വ്യക്തി) ഒപ്പം ഫ്രഞ്ച് വിപ്ലവത്തെ സ്വാധീനിച്ച വ്യക്തിയാണ്. അദ്ദേഹം എഴുതി:

'ഇന്നത്തെ രാത്രി ഞാന്‍ ഒരുപാട് ചിന്തിച്ചിരുന്നു. പ്രകൃതിയെ പറ്റിയുള്ള ചിന്തയില്‍ ഞാന്‍ നിമഗ്‌നനായി. അതിലെ ശക്തിയെ പറ്റിയും ചലനങ്ങളെ പറ്റിയും താളത്തെ പറ്റിയും ഞാന്‍ അത്ഭുതപ്പെടുന്നു. എന്നാല്‍ അതിലേറെ എന്നെ അത്ഭുതപ്പെടുത്തുന്നത് ഇവകളെ ചലിപ്പിക്കുന്നതിനു പിന്നിലുള്ള ബുദ്ധിയെ പറ്റിയാണ്. ഈ അത്ഭുതങ്ങളെ പറ്റി അത്ഭുതപ്പെടാത്തവന്‍ അന്ധത ബാധിച്ചവനാണ്. ഈ അത്ഭുതങ്ങളുടെ കര്‍ത്താവിനെ (ദൈവത്തെ) തിരിച്ചറിയാത്തവന്‍ ഒരു വിഡ്ഢിയായിരിക്കും. ആ ശക്തിയെ വണങ്ങാത്തവനും വിഡ്ഢിയായിരിക്കും' (Voltaire, as cited by Redman, 1963, Page: 183).-

നോക്കുക, ഇവരൊന്നും ഏതെങ്കിലും വെളിപാടിന്റെയോ വേദഗ്രന്ഥത്തിന്റെയോ അടിസ്ഥനത്തില്‍ സംസാരിക്കുകയല്ല, മറിച്ച് 'മനുഷ്യന്റെ ശുദ്ധപ്രകൃതിയില്‍' (ഫിത്‌റ) നിന്നുണ്ടാകുന്ന ചിന്ത ഈ ലോകത്തിനു ഒരു ദൈവം/സ്രഷ്ടാവ്/നിയന്താവ് ഉണ്ട് എന്നതിലേക്കാണു വിരല്‍ ചൂണ്ടുക എന്നതാണ്. വാസ്തവം.

(11) സ്പിനോസ (1632-1677): ഡച്ച് തത്ത്വചിന്തകന്‍. സ്പിനോസ ഒരു ദൈവവിശ്വാസിയായിരുന്നു. അദ്ദേഹം പറയുന്നത് കാണുക: 'ഒരു ദൈവം ഉണ്ട് എന്ന കാര്യത്തില്‍ ഉറപ്പുള്ളതിനെക്കാള്‍ നമുക്ക് മറ്റൊരുകാര്യത്തിലും ഉറപ്പില്ല. അവന്‍ എന്നും നിലനില്‍ക്കുന്നവനും പൂര്‍ണതയുള്ളവനുമാണ്' (Ethics, by Spinoza, quoted in the work on Spinoza (1883), Part 1).

'ദൈവം എന്നതുകൊണ്ട് ഞാന്‍ ഉദ്ദേശിക്കുന്നത്, എന്നെന്നുമുള്ളവന്‍ എന്നാണ്. നിരവധി ഗുണ വിശേഷണങ്ങളോടുകൂടിയവന്‍' (Ethics, by Spinoza, quoted in the work on Spinoza (1883), Part 1, Note 11).

(12) ഡേവിഡ് ഹ്യൂം (1711-1776): 

സ്‌കോട്ടിഷ് ഫിലോസഫര്‍, ചരിത്രകാരന്‍. അദ്ദേഹം പറയുന്നത് കാണാം: 'പ്രകൃതിയുടെ നിര്‍മാണത്തെ കുറിച്ച് നാം ചിന്തിക്കുമ്പോള്‍ അദൃശ്യനായ, ബുദ്ധിമാനായ ഒരു ശക്തിയെ നമുക്ക് തിരിച്ചറിയാനാകും. ഈ വിശാലമായ (പ്രപഞ്ചമെന്ന) 'മെഷീന്‍' നിര്‍മിക്കുകയും അതിന്റെ പാര്‍ട്‌സുകള്‍ കൃത്യമായി അഡ്ജസ്റ്റ് ചെയ്യുകയും ചെയ്ത ഏകനായ ഒരു ശക്തി. പ്രകൃതിയുടെ ഈ പരസ്പര ബന്ധിതമായ താളത്തെ കുറിച്ച് ചിന്തിക്കുമ്പോള്‍ ഏകനായ ഡിസൈനറിലേക്ക് നമ്മുടെ മനസ്സിനെ എത്തിക്കുന്നു' (The Natural history of religion, by David Hume (1757).

(13) ലുഡ്‌വിഗ് വിറ്റെന്‍സ്റ്റീന്‍ (1889-1951): 

അനലറ്റികല്‍ ഫിലോസഫിയുടെ സ്ഥാപകന്‍. ഇദ്ദേഹത്തെ കുറിച്ച് 'എന്‍സൈക്ലോപീഡിയ ബ്രിട്ടാണിക്ക' പറയുന്നത് കാണുക: 'വിറ്റെന്‍സ്റ്റീന്‍ 20ാം നൂറ്റാണ്ടിലെ ഏറ്റവും വലിയ ഫിലോസഫറാണ്' (97 എഡിഷന്‍).

താന്‍ ഒരു ദൈവവിശ്വാസിയാണെന്നും ആ ദൈവത്തോട് എല്ലാദിവസവും താന്‍ പ്രാര്‍ഥിക്കാറുണ്ടെന്നും അദ്ദേഹം പറയുന്നുണ്ട്. അദ്ദേഹം പറയുന്നത് കാണുക: 'ദൈവത്തെ മനസ്സിലാക്കുക എന്നാല്‍ ജീവിതത്തെ കുറിച്ചിള്ള നമ്മുടെ ചോദ്യങ്ങള്‍ക്ക് ഉത്തരം മനസ്സിലാക്കുക എന്നാണ്. ദൈവത്തില്‍ വിശ്വസിക്കുക എന്നാല്‍ നാം ഈ കാണുന്ന ലോകമല്ല കാര്യങ്ങളുടെ അവസാനം എന്ന് ഉള്‍ക്കൊള്ളലാണ്. ദൈവത്തില്‍ വിശ്വസിക്കുക എന്നാല്‍ ഈ ജീവിതത്തിനു ഒരു ഉദ്ദേശ്യം ഉണ്ട് എന്നാണ്' (Contemporary Jewish religious thoughts, by Arthur Allen Cohen, 1988, Page: 567).

(14) ആന്റണി ഫ്‌ല്യൂ (1923-2010): 

ഈയടുത്ത കാലത്ത് മരണപ്പെട്ട ബ്രിട്ടീഷ് ഫിലോസഫര്‍. ഓക്‌സ്‌ഫോര്‍ഡ്, കീല്‍, റീഡിംഗ്, കാനഡയിലെ യോര്‍ക്ക് യുണിവേഴ്‌സിറ്റി എന്നിവിടങ്ങളില്‍ ഫിലോസഫി പ്രൊഫസറായി സേവനം അനുഷ്ഠിച്ചിട്ടുണ്ട്. ഒരുകാലത്ത് നിരീശ്വര തത്ത്വചിന്തയുടെ യൂറോപ്പിലെ 'ബ്രാന്‍ഡ് അംബാസ്സഡര്‍' ആയിരുന്നു. ദൈവവിശ്വാസികളുമായി നിരവധി സംവാദങ്ങള്‍ നടത്തിയിട്ടുണ്ട്. ദൈവവിശ്വാസത്തെ വിമര്‍ശിച്ചുകൊണ്ട് 30 ഓളം പുസ്തകം എഴുതിയിട്ടുണ്ട്. ജീവിതത്തിന്റെ 50 വര്‍ഷങ്ങള്‍ നിരീശ്വര ചിന്ത പ്രചരിപ്പിക്കാന്‍ മാറ്റിവച്ച അദ്ദേഹം പക്ഷേ, അവസാനകാലത്ത് ദൈവത്തെ പറ്റിയുള്ള തന്റെ നിലപാട് മാറ്റിയതായി പ്രഖ്യാപിച്ചു. കൂടുതല്‍ പഠിച്ചതിന്റെ അടിസ്ഥാനത്തില്‍ പ്രപഞ്ചത്തിന് ഒരു ബുദ്ധിമാനായ, സ്രഷ്ടാവായ ദൈവം ഉണ്ടെന്ന് തനിക്ക് ബോധ്യപ്പെട്ടതായി 2004ല്‍ അദ്ദേഹം പ്രഖ്യാപിച്ചു. ശേഷം ദൈവവിശ്വാസത്തിനു തനിക്കുള്ള ശാസ്ത്രീയവും തത്ത്വചിന്താപരവും യുക്തിപരവുമായ തെളിവുകള്‍ ഉള്‍ക്കൊള്ളിച്ചുകൊണ്ട് എഴുതിയ പുസ്തകമാണ് 'ദേര്‍ ഈസ് എ ഗോഡ്' എന്നത്. ഈ പുസ്തകം പുറത്തുവന്ന് 3 വര്‍ഷത്തിനു ശേഷം (2010) അദ്ദേഹം മരിക്കുകയും ചെയ്തു.

(15) റിച്ചാര്‍ഡ് സ്വിന്‍ബേണ്‍ (1934): 

ഇദ്ദേഹം ഓക്‌സ്‌ഫോഡ് യൂണിവേഴ്‌സിറ്റിയിലെ  ഫിലോസഫി പ്രൊഫസറാണ്. ദൈവവിശ്വാസിയായ അദ്ദേഹം അവതരിപ്പിക്കുന്ന വാദം രസകരമാണ്. അദ്ദേഹം പറയുന്നു: 'ശാസ്ത്രജ്ഞരും ചരിത്രകാരന്മാരും കുറ്റാന്വേഷകരും ചെയ്യുന്നത് ലഭ്യമായ ഡാറ്റകളും തെളിവുകളും പരിശോധിക്കുകയും എന്നിട്ട് അവയെ അടിസ്ഥാനപ്പെടുത്തി നിഗമനങ്ങളും തത്ത്വങ്ങളും രൂപീകരിക്കുക എന്നതാണ്.'

'ഇതേ സമീപനം നാം സ്വീകരിക്കുകയാണെങ്കില്‍, പ്രപഞ്ചത്തിന്റെ ഘടനയും പ്രവര്‍ത്തനങ്ങളും ജീവജാലങ്ങളുടെ സങ്കീര്‍ണമായ ശരീരങ്ങളും മറ്റു പ്രാപഞ്ചിക അത്ഭുതങ്ങളുമൊക്കെ നാം സസൂക്ഷ്മം വിലയിരുത്തുകയാണെങ്കില്‍ നമ്മള്‍ എത്തിച്ചേരുന്ന നിഗമനം ഒരു ദൈവം ഉണ്ട് എന്നുതന്നെയാണ്. തെളിവുകളുടെ അടിസ്ഥാനത്തില്‍ നിഗമനത്തിലെത്തുക എന്നതാണല്ലോ ശാസ്ത്രീയ അപഗ്രഥന രീതി' (Is there a God?, by Richard Swinburne, Oxford  Univ. Press, 1996).

 പ്രൊഫസര്‍ പറഞ്ഞത് 100 ശതമാനവും ശരിയാണ്. നമുക്ക് ചുറ്റിലുമുള്ള തെളിവുകളെ സസൂക്ഷ്മം നിരീക്ഷിച്ച് വിലയിരുത്തി ആ തെളിവുകളിലൂടെയും ഡാറ്റകളിലൂടെയും ഒരു നിഗമനത്തിലെത്താന്‍ വിശുദ്ധ ക്വുര്‍ആന്‍ മനുഷ്യരോട് ആവശ്യപ്പെടുന്നത് കാണാം. ക്വുര്‍ആനിലെ ചില വചനങ്ങള്‍ കാണുക:

''തീര്‍ച്ചയായും ആകാശങ്ങളുടെയും ഭൂമിയുടെയും സൃഷ്ടിയിലും, രാപകലുകള്‍ മാറിമാറി വരുന്നതിലും സല്‍ബുദ്ധിയുള്ളവര്‍ക്ക് പല ദൃഷ്ടാന്തങ്ങളുമുണ്ട്. നിന്നുകൊണ്ടും ഇരുന്നുകൊണ്ടും കിടന്നു കൊണ്ടും അല്ലാഹുവെ ഓര്‍മിക്കുകയും, ആകാശങ്ങളുടെയും ഭൂമിയുടെയും സൃഷ്ടിയെപറ്റി ചിന്തിച്ചു കൊണ്ടിരിക്കുകയും ചെയ്യുന്നവരത്രെ അവര്‍. (അവര്‍ പറയും:) ഞങ്ങളുടെ രക്ഷിതാവേ! നീ നിരര്‍ഥകമായി സൃഷ്ടിച്ചതല്ല ഇത്. നീഎത്രയോ പരിശുദ്ധന്‍! അതിനാല്‍ നരകശിക്ഷയില്‍നിന്ന് ഞങ്ങളെ കാത്തുരക്ഷിക്കണേ'' (ക്വുര്‍ആന്‍ 3:190,191).

'ആകാശഭൂമികളുടെ സൃഷ്ടിപ്പിലും, രാപകലുകളുടെ മാറ്റത്തിലും, മനുഷ്യര്‍ക്ക് ഉപകാരമുള്ള വസ്തുക്കളുമായി കടലിലൂടെ സഞ്ചരിക്കുന്ന കപ്പലിലും, ആകാശത്തുനിന്ന് അല്ലാഹു മഴ ചൊരിഞ്ഞുതന്നിട്ട് നിര്‍ജീവാവസ്ഥയ്ക്കു ശേഷം ഭൂമിക്ക് അതുമുഖേന ജീവന്‍നല്‍കിയതിലും, ഭൂമിയില്‍ എല്ലാതരം ജന്തുവ ര്‍ഗങ്ങളെയും വ്യാപിപ്പിച്ചതിലും, കാറ്റുകളുടെ ഗതിക്രമത്തിലും, ആകാശഭൂമികള്‍ക്കിടയിലൂടെ നിയന്ത്രിച്ച് നയിക്കപ്പെടുന്ന മേഘത്തിലും ചിന്തിക്കുന്ന ജനങ്ങള്‍ക്ക് പല ദൃഷ്ടാന്തങ്ങളുമുണ്ട്; തീര്‍ച്ച'' (ക്വുര്‍ആന്‍ 2:164).

''ഇത് സത്യമാണെന്ന് അവര്‍ക്ക് വ്യക്തമാകത്തക്കവണ്ണം വിവിധ ദിക്കുകളിലും അവരില്‍ തന്നെയും നമ്മുടെ ദൃഷ്ടാന്തങ്ങള്‍ വഴിയെ നാം അവര്‍ക്ക് കാണിച്ചുകൊടുക്കുന്നതാണ്. നിന്റെ രക്ഷിതാവ് ഏത് കാര്യത്തിനും സാക്ഷിയാണ് എന്നതുതന്നെ മതിയായതല്ലേ?'' (ക്വുര്‍ആന്‍ 41:53).

ഇനി നാം വിലയിരുത്തുക; വേദഗ്രന്ഥങ്ങളും പ്രവാചകന്മാരും പ്രകൃതിപഠനങ്ങളും ശാസ്ത്രപഠനങ്ങളും ഫിലോസഫിയും (ശരിയായ)യുക്തിചിന്തയുമെല്ലാം നിലകൊള്ളുന്നത് ദൈവത്തിന്റെ പക്ഷത്താണ്. നിരീശ്വരവാദികളുടെ കൈവശം യാതൊരു തെളിവുമില്ല, ആകെ കൈമുതലായിട്ടുള്ളത് ഒന്നാന്തരം 'അഹങ്കാരം' മാത്രമാണ്. അല്ലാഹു പറഞ്ഞതെത്ര സത്യം:

''യാതൊരു അറിവോ, മാര്‍ഗദര്‍ശനമോ, വെളിച്ചം നല്‍കുന്ന ഗ്രന്ഥമോ ഇല്ലാതെ, അല്ലാഹുവിന്റെ കാര്യത്തില്‍ തര്‍ക്കിക്കുന്നവനും മനുഷ്യരുടെ കൂട്ടത്തിലുണ്ട്. അഹങ്കാരത്തോടെ തിരിഞ്ഞുകൊണ്ട് അല്ലാഹുവിന്റെ മാര്‍ഗത്തില്‍നിന്ന് (ജനങ്ങളെ) തെറ്റിച്ചുകളയാന്‍ വേണ്ടിയത്രെ (അവന്‍ അങ്ങനെ ചെയ്യുന്നത്). ഇഹലോകത്ത് അവന്ന് നിന്ദ്യതയാണുള്ളത്. ഉയിര്‍ത്തെഴുന്നേല്‍പിന്റെ നാളില്‍ ചുട്ടെരിക്കുന്ന ശിക്ഷ അവന്ന് നാം ആസ്വദിപ്പിക്കുകയും ചെയ്യും'' (ക്വുര്‍ആന്‍ 22:8,9).

(അവസാനിച്ചു)