കോവിഡ് പ്രോട്ടോകോളും മരണാനന്തര ചടങ്ങുകളും

ടി.കെ.അശ്‌റഫ്

2020 ഒക്ടോബര്‍ 24 1442 റബിഉല്‍ അവ്വല്‍ 06

കോവിഡ് 19 ലോകത്ത് നാശംവിതച്ച് മുന്നോട്ടു കുതിച്ചുകൊണ്ടിരിക്കുകതന്നെയാണ്. ചില രാജ്യങ്ങളില്‍ അത് ഒരു പരിധിവരെ നിയന്ത്രണവിധേയമായിട്ടുണ്ടെങ്കിലും ഇന്ത്യയടക്കമുള്ള അനേകം രാജ്യങ്ങളില്‍ പടര്‍ന്നുപിടിച്ചുകൊണ്ടിരിക്കുകയാണ്. എല്ലാവരുടെയും കണക്കുകൂട്ടല്‍ കോവിഡിന്റെ കാര്യത്തില്‍ തെറ്റിയിട്ടുണ്ട് എന്ന് വ്യക്തമാണ്.

ലോകത്ത് ലക്ഷക്കണക്കിനാളുകള്‍ കോവിഡ് ബാധിച്ച് മരണപ്പെട്ടുകഴിഞ്ഞു. പുതുതായി ഓരോദിവസവും ഒട്ടേറെ പേര്‍ രോഗബാധിതരാകുന്നുണ്ട്, ഭൂരിഭാഗം പേര്‍ക്കും രോഗവിമുക്തി ലഭിക്കുന്നുമുണ്ട്. ആരോഗ്യമുള്ളവരില്‍ വലിയ ബുദ്ധുമുട്ടൊന്നുമുണ്ടാക്കാതെ കോവിഡ് പിന്‍മാറുമ്പോള്‍ വൃദ്ധരും പലവിധ രോഗങ്ങള്‍ ഉള്ളവരുമായ ആളുകളെ ഗുരുതരാവസ്ഥയിലെത്തിക്കുകയോ മരണത്തിലേക്ക് നയിക്കുകയോ ചെയ്യുന്നുണ്ട്.

നമ്മുടെ സംസ്ഥാനത്ത് കോവിഡിന്റെ ആരംഭത്തില്‍ രോഗംപിടികൂടിയവര്‍ക്ക് മുന്തിയ പരിഗണനയും മികച്ച പരിചരണവും ലഭിച്ചിരുന്നു. എന്നാല്‍ രോഗികളുടെ എണ്ണം ക്രമാതീതമായി ഉയര്‍ന്നപ്പോള്‍ ആ അവസ്ഥക്ക് മാറ്റംവന്നു എന്നാണ് മനസ്സിലാക്കാന്‍ സാധിക്കുന്നത്. ഗുരുതരാവസ്ഥയിലുള്ള കോവിഡ് രോഗികളെ പരിചരിക്കുക എന്നത് ഒരു വെല്ലുവിളി തന്നെയാണ്. എന്നാല്‍ ഉത്തരവാദപ്പെട്ടവര്‍ എല്ലാവിധ സുരക്ഷാസംവിധാനങ്ങളും സ്വീകരിച്ച് അവരെ പരിചരിക്കുക എന്നത് ബാധ്യതയല്ലേ? ആശുപത്രിയില്‍ നിന്നും ഡിസ്ചാര്‍ജുചെയ്യപ്പെട്ട ഒരു രോഗി പുഴുവരിക്കുന്ന അവസ്ഥയിലായിരുന്നു എന്ന വാര്‍ത്ത കണ്ട് നാമൊക്കെ വേദനിച്ചുവല്ലോ. കോവിഡ് രോഗികളെ വേണ്ടവിധം പരിചരിക്കാനും അവരുടെ ശരീരം ശുദ്ധിയാക്കുവാനും രോഗപ്പകര്‍ച്ച ഭയന്ന് ഉത്തരവാദപ്പെട്ടവരില്‍ ചിലരെങ്കിലും മടികാണിക്കുന്നു എന്നല്ലേ ഈ സംഭവം നല്‍കുന്ന സൂചന?

വേണമെങ്കില്‍ രോഗിയുടെ ഒരു ബന്ധുവിന് പി.പി.ഇ കിറ്റു ധരിച്ച് രോഗിക്ക് കൂട്ടിരിക്കാന്‍ സര്‍ക്കാര്‍ അനുവാദം നല്‍കുന്നുണ്ട്. അത് എത്രത്തോളം പ്രാവര്‍ത്തികമാക്കുന്നുണ്ട് എന്നും ബന്ധുക്കള്‍ അതിന് തയ്യാറാകുന്നുണ്ടോ എന്നും പരിശോധിക്കേണ്ടതുണ്ട്.

ഒരു ഉറ്റ ബന്ധുവിന്റെ മരണം; അത് ഏതുവിധത്തിലായാലും ആരെയും സങ്കടപ്പെടുത്തുന്നതാണ്. മരണപ്പെട്ടു കഴിഞ്ഞാല്‍ പിന്നെ പരേതനുവേണ്ടി ചെയ്യാന്‍ കഴിയുന്നത് മാന്യമായ അന്തിമ ചടങ്ങളുകളാണ്. ഓരോ മതവിഭാഗത്തിനും പ്രത്യേകമായ മരണാനന്തര ചടങ്ങളുകളുണ്ട്. അത് അപ്രകാരം ചെയ്താലേ മരണപ്പെട്ട വ്യക്തിയുടെ ബന്ധുക്കളുടെ മനസ്സിന് തൃപ്തിയും സമാധാനവും ലഭിക്കുകയുള്ളൂ. ഒരു മുസ്‌ലിം മരണപ്പെട്ടാല്‍ മൃതദേഹത്തെ ഇസ്‌ലാം പഠിപ്പിക്കുന്ന രീതിയില്‍ കുളിപ്പിക്കേണ്ടതുണ്ട്. ഇസ്‌ലാം പഠിപ്പിച്ച രീതിയില്‍ തുണിയില്‍ പൊതിയേണ്ടതുണ്ട് അഥവാ കഫന്‍ ചെയ്യേണ്ടതുണ്ട്. മരണപ്പെട്ടയാള്‍ക്കുവേണ്ടി പ്രാര്‍ഥിക്കുന്ന പ്രത്യേക നമസ്‌കാരം നിര്‍വഹിക്കേണ്ടതുണ്ട്. മറവു ചെയ്യേണ്ടതുണ്ട്. അന്നേരം ചുറ്റുംനിന്ന് പ്രാര്‍ഥിക്കേണ്ടതുണ്ട്. കോവിഡ് ബാധിച്ച് മരണപ്പെട്ട മുസ്‌ലിംകള്‍ക്ക് ഇപ്പറഞ്ഞ രീതിയിലുള്ള അന്തിമ ചടങ്ങുകളില്‍ ചിലത് ലഭിക്കാതെ യാത്രയാകേണ്ടിവരുന്നു എന്നത് വേദനാജനകമായ കാര്യമാണ്. കോവിഡ് പ്രോട്ടോകോളിന്റെ പേരില്‍ മൃതദേഹത്തെ കുളിപ്പിക്കുവാനം കഫന്‍ ചെയ്യുവാനും ബന്ധുക്കളെ അനുവദിക്കുന്നില്ല. എല്ലാം നടത്തി എന്നുപറഞ്ഞ് ബാഗിലാക്കി കൊണ്ടുവരികയാണ് ചെയ്യുന്നത്. ഇസ്‌ലാമിക രീതിയില്‍ കുളിപ്പിക്കുകയും കഫന്‍ ചെയ്യുകയും ചെയ്തു എന്ന് ഉറപ്പാക്കാന്‍ ബന്ധുക്കള്‍ക്ക് അവസരം ലഭിക്കുന്നില്ല. നമസ്‌കരിക്കുവാനും മറ്റും നാമമാത്രമായ അനുമതി നല്‍കുന്നുണ്ട് എന്ന കാര്യം വിസ്മരിക്കുന്നില്ല.

ലോകാരോഗ്യ സംഘടനയുടെ നിര്‍ദേശമാണ് തങ്ങള്‍ നടപ്പിലാക്കുന്നത് എന്നാണ് ബന്ധപ്പെട്ടവര്‍ നല്‍കുന്ന വിശദീകരണം. എന്താണ് ലോകാരോഗ്യ സംഘടന ഈ വിഷയത്തില്‍ നല്‍കുന്ന നിര്‍ദേശങ്ങള്‍? കോവിഡ് 19 ബാധിച്ചു മരണപ്പെട്ട വ്യക്തിയുടെ മൃതശരീരം പരിപാലിക്കുന്നതിന് വേള്‍ഡ് ഹെല്‍ത്ത് ഓര്‍ഗനൈസേഷന്‍ നിര്‍ദേശിക്കുന്ന മാനദണ്ഡങ്ങള്‍ താഴെപ്പറയുന്നവ മാത്രമാണ്:

'മൃതദേഹം കൈകാര്യം ചെയ്യുന്ന ആളുകള്‍ (മൃതദേഹം കുളിപ്പിക്കുക, മുടി വൃത്തിയാക്കുക, ക്ഷൗരം ചെയ്യുക, നഖം മുറിക്കുക തുടങ്ങിയ കാര്യങ്ങള്‍ ചെയ്യുന്നവര്‍) ഗൗണ്‍, മാസ്‌ക്, ഗ്ലൗസ്, ഫെയ്‌സ് ഷീല്‍ഡ് അല്ലെങ്കില്‍ ഗോഗിള്‍സ് എന്നിവ അടങ്ങുന്ന പി.പി.ഇ കിറ്റ് ധരിക്കേണ്ടതാണ്. രോഗിയുടെ ശരീരത്തിലുള്ള മുഴുവന്‍ ട്യൂബുകളും നീക്കം ചെയ്യുക. ശരീരത്തിലെ ദ്വാരങ്ങളിലൂടെ സ്രവങ്ങള്‍ പുറത്തുവരുന്നത് തടയുക. (ഉദാ: മൂക്കില്‍ പഞ്ഞി വെക്കുക).

മൃതശരീരവുമായി നേരിട്ട് ഇടപെടുന്ന സമയം പരമാവധി കുറയ്ക്കുക. മൃതശരീരം തുണികൊണ്ട് ചുറ്റിപ്പൊതിയുക. ബോഡിബാഗ് ഉപയോഗിക്കേണ്ട ആവശ്യമില്ല. ശരീരസ്രവങ്ങള്‍ അമിതമായി പുറത്തുവരുന്ന പ്രശ്‌നമുണ്ടെങ്കില്‍ മാത്രം ബോഡിബാഗ് ഉപയോഗിക്കാം. മൃതദേഹം ഒരു സ്ഥലത്തുനിന്നും മറ്റൊരു സ്ഥലത്തേക്ക് കൊണ്ടുപോകുന്നതിനായി പ്രത്യേകം ട്രാന്‍സ്‌പോര്‍ട്ട് എക്യുപ്‌മെന്റ്‌സുകളോ പ്രത്യേകം വാഹനമോ ആവശ്യമില്ല. ബന്ധുക്കള്‍ക്ക് മൃതദേഹം കാണുന്നതിന് വിരോധമില്ല. എന്നാല്‍ സ്പര്‍ശനവും ചുംബനവും ഒഴിവാക്കേണ്ടതാണ്. ഒരുമീറ്റര്‍ അകലം പാലിക്കുക. 60 വയസ്സിന് മുകളിലുള്ളവര്‍, കുട്ടികള്‍, രോഗികള്‍ എന്നിവര്‍ മൃതദേഹവുമായി നേരിട്ട് അടുത്ത് ഇടപെടുന്നത് ഒഴിവാക്കേണ്ടതാണ്. മൃതദേഹപരിപാലനവുമായി നേരിട്ട് ബന്ധപ്പെടുന്നവര്‍ കൈകള്‍ നന്നായി സോപ്പിട്ട് കഴുകേണ്ടതാണ്.'

ഇത്രയേ ലോകാരോഗ്യ സംഘടന പറയുന്നുള്ളൂ. മരണപ്പെട്ടവര്‍ മാന്യമായ മരണാനന്തര ചടങ്ങുകള്‍ക്ക് അര്‍ഹരാണെന്ന് പ്രത്യേകം പറയുന്നുമുണ്ട്.

കോവിഡ് ബാധിച്ച് മരണപ്പെടുന്ന രോഗികള്‍ക്ക് മാന്യമായ അന്തിമകര്‍മങ്ങള്‍ ലഭിക്കുന്നില്ല എന്ന വ്യാപകമായ പരാതി സമൂഹത്തിലുണ്ട്. മരണപ്പെട്ട രോഗികളെ കുളിപ്പിക്കാതെ, മരണപ്പെട്ട അതേ അവസ്ഥയില്‍ (പലപ്പോഴും മലമൂത്ര വിസര്‍ജനം നടത്തിയ അവസ്ഥയില്‍ തന്നെ) ബോഡി ബാഗുകളില്‍ കയറ്റുകയും ബന്ധുക്കള്‍ക്ക് പോലും അവസാനമായി ഒന്നു കാണുവാന്‍ അവസരം നല്‍കാതെ 'കുഴിച്ചുമൂടുക'യും ചെയ്യുന്ന അവസ്ഥയുണ്ടാകുന്നത് ചിന്തിക്കുവാന്‍ പോലും കഴിയാത്തതാണ്. ലോകാരോഗ്യ സംഘടന നിര്‍ദേശിച്ചതല്ല ഇതൊന്നും.  

കുഴിക്ക് പത്തടി ആഴം വേണമെന്ന് വാശിപിടിക്കുന്നത് ആരുടെ നിര്‍ദേശമനുസരിച്ചാണെന്നറിയില്ല. പത്തടി താഴ്ചയിലേക്ക് മൃതദേഹം ഇറക്കിവെക്കുക എന്നത് വളരെ പ്രയാസകരമായ കാര്യമാണ്.

ജീവിച്ചിരിക്കുന്ന ഒരു രോഗിയില്‍നിന്ന് മറ്റൊരാളിലേക്ക് വൈറസ് പകരുന്നതിനെക്കാള്‍ എത്രയോ സാധ്യത കുറവാണ് മൃതശരീരത്തില്‍നിന്ന് മറ്റൊരാള്‍ക്ക് വൈറസ് പകരുന്നത് എന്നിരിക്കെ മരണാനന്തര കര്‍മങ്ങള്‍ നടത്തുന്നത് ശാസ്ത്രീയ മാനദണ്ഡങ്ങള്‍ പാലിച്ച് ബന്ധുക്കളെക്കൂടി ഉള്‍പ്പെടുത്തിക്കൊണ്ടാകണം എന്നാണ് നമ്മുടെ ആവശ്യം.

രോഗത്തെയും മരണത്തെയും നമുക്ക് തടയാനാവില്ല. രോഗബാധയും മരണവും തന്നെ ഒരു കുടുംബത്തെ അങ്ങേയറ്റം തളര്‍ത്തുന്നു. അതിനുശേഷം മാന്യമായി തങ്ങളുടെ മതാചാരം അനുസരിച്ച് സംസ്‌കരിക്കാനും സാധ്യമാകാതെ പോകുന്നത് എത്ര വലിയ മാനസികാഘാതമാണ് ഏല്‍പ്പിക്കുന്നത്! പ്രത്യേകിച്ച്, യാതൊരു അവധാനതയും ഇല്ലാതെ ജെ.സി.ബി ഉപയോഗിച്ച് കുഴിയിലേക്ക് കോരിയിട്ടു കൊണ്ടുള്ള മൃതദേഹ സംസ്‌കരണത്തിന്റെ ദൃശ്യങ്ങള്‍ (മറ്റു ചില സംസ്ഥാനങ്ങളിലോ രാജ്യങ്ങളിലോ നടന്നത്) കാണുകയോ അനുഭവസ്ഥരുടെ കുറിപ്പുകളില്‍ നിന്ന് വായിക്കുകയോ ചെയ്യാന്‍ ഇടവരുമ്പോള്‍ മരിച്ചയാളുടെ ബന്ധുക്കളുടെ വേദനയ്ക്ക് തീപിടിക്കുമെന്നതില്‍ സംശയമില്ല. പ്രോട്ടോകോള്‍ മനുഷ്യത്വപരമാകണം. ആശുപത്രി അധികൃതര്‍ മുകളില്‍ നിന്നുള്ള ഓര്‍ഡറാണെന്ന് പറഞ്ഞ് കൈമലര്‍ത്തുകയും ഓര്‍ഡര്‍ ഇറക്കിയവര്‍ കേന്ദ്രത്തെയും ലോകാരോഗ്യ സംഘടനയെയും പഴിചാരി ഉത്തരവാദിത്വത്തില്‍നിന്ന് ഒഴിയുകയും ചെയ്യുന്ന രീതി ഉണ്ടാവരുത്. മാന്യമായ മൃതദേഹ സംസ്‌കരണം നിഷേധിക്കപ്പെടുന്നത് അതീവ ഗൗരവമുള്ള വിഷയമാണ്.

ഈ വിഷയത്തിന്റെ ഗൗരവം മനസ്സിലാക്കിയ മുസ്‌ലിം സംഘടനകളും പണ്ഡിതന്മാരും സമയോചിതമായി രംഗത്തുവരികയും മുഖ്യമന്ത്രിക്കും ആരോഗ്യമന്ത്രിക്കും നിവേദനം സമര്‍പ്പിക്കുകയും ചെയ്തിട്ടുണ്ട്. പത്രത്തിലൂടെ ഇക്കാര്യം പൊതുവായി അഭ്യര്‍ഥിക്കുകയും ചെയ്തു. മതസംഘടനകളുടെ നേതാക്കളും ജനപ്രതിനിധികളും മറ്റും ഉത്തരവാദപ്പെട്ടവരെ ഫോണില്‍ വിളിച്ച് വിഷയത്തിന്റെ ഗൗരവം ബോധ്യപ്പെടുത്തിയിട്ടുമുണ്ട്. വിഷയത്തില്‍ ഇടപെട്ട് പെട്ടെന്ന് റിപ്പോര്‍ട്ട് സമര്‍പ്പിക്കാന്‍ മുഖ്യമന്ത്രി ബന്ധപ്പെട്ടവര്‍ക്ക് നിര്‍ദേശം നല്‍കിയതായും അറിയുന്നു. ന്യൂനപക്ഷക്ഷേമ മന്ത്രിയും ഇക്കാര്യത്തില്‍ ഇടപെടുമെന്ന് വ്യക്തമാക്കിയതായി കണ്ടു. കോവിഡ് പ്രോട്ടോകോളനുസരിച്ച് മൃതദേഹ സംസ്‌കരണ ചടങ്ങുകള്‍ നടത്താന്‍ ബന്ധുക്കള്‍ക്ക് വിട്ടുകൊടുക്കാനുള്ള തീരുമാനം സര്‍ക്കാരിന്റെ ഭാഗത്തുനിന്ന് താമസിയാതെ ഉണ്ടാകുമെന്നു തന്നെയാണ് നമ്മുടെ പ്രതീക്ഷ.

പൂര്‍ണമായ പി.പി.ഇ കിറ്റ് ധരിച്ചുകൊണ്ട് മയ്യിത്ത് കുളിപ്പിക്കുവാനും കഫന്‍ ചെയ്യുവാനും മാന്യമായി ക്വബ്‌റടക്കുവാനും തയ്യാറുള്ള യുവാക്കളുടെ കൂട്ടായ്മ പ്രാദേശിക അടിസ്ഥാനത്തില്‍ ഉണ്ടാക്കിയെടുക്കേണ്ടതുണ്ട്. (സര്‍ക്കാര്‍ അനുമതി നല്‍കിയിട്ടും നമ്മുടെ അനാസ്ഥ കാരണം അത് നടക്കാതെ പോകുന്ന അവസ്ഥയുണ്ടാകാന്‍ പാടില്ലല്ലോ). കോവിഡ് രോഗം ബാധിച്ചതിനുശേഷം സുഖം പ്രാപിച്ചവരാണ് അതിന് ഏറ്റവും അനുയോജ്യര്‍. അവര്‍ വൈറസിനെതിരെ രോഗപ്രതിരോധശേഷി നേടിയവരായതുകൊണ്ട് അവര്‍ക്ക് ധൈര്യസമേതം മുന്നിട്ടിറങ്ങാവുന്നതാണ്. (േകാവിഡ് പ്രോട്ടോകോള്‍ അനുസരിച്ചായതിനാല്‍ അല്ലാത്തവരും രംഗത്തിറങ്ങാന്‍ ഭയപ്പെടേണ്ടതില്ല). ഇവര്‍ക്ക് ഇസ്‌ലാമിക രീതിയിലുള്ള ജനാസ സംസ്‌കരണത്തിനും കോവിഡ് ബാധിച്ച് മരണപ്പെട്ടവര്‍ക്കു നടത്തുന്ന ശാസ്ത്രീയമായ മരണാനന്തര ചടങ്ങുകള്‍ നടത്തുന്നതിനും പരിശീലനം നല്‍കേണ്ടതാണ്. എല്ലാ മുസ്‌ലിം സംഘടനകളും ഒന്നു മനസ്സുവെച്ചാല്‍ ഇത് നിഷ്പ്രയാസം സാധിക്കും.