ദുരന്ത ഭൂമിയിലെ മാനവിക മൂല്യങ്ങള്‍

നബീല്‍ പയ്യോളി

2020 ആഗസ്ത് 15 1441 ദുല്‍ഹിജ്ജ 25

പേമാരിയും ഉരുള്‍പൊട്ടലും വിമാനാപകടവും കൊറോണയുമായി മലയാളികളെ ഉലച്ച ദുരന്തങ്ങള്‍ ഒന്നിച്ചുവന്ന ദിവസമാണ് കടന്നുപോയത്. മാനവര്‍ക്ക് തടുക്കാന്‍ സാധിക്കാത്ത ദുരന്തങ്ങള്‍ മനസ്സിനെ വല്ലാതെ തകര്‍ത്തു. മനുഷ്യന്റെ ദുര്‍ബലതയും നിസ്സഹായതയും ബോധ്യപ്പെടുത്തുന്ന ആവര്‍ത്തിച്ചുള്ള ഉണര്‍ത്തലുകള്‍ ലോകനാഥന്‍ നമ്മുടെ മുന്നില്‍ കാണിച്ചുതരികയാണ്. ചിന്തിക്കുന്നവര്‍ക്ക് പാഠങ്ങളുണ്ട്. കനത്ത മഴയും ഉരുള്‍പൊട്ടലും വെള്ളപ്പൊക്കവും കേരളത്തിലെ പല ജില്ലകളിലും ദുരിതം വിതച്ചു. നിരവധിപേരെ ദുരിതാശ്വാസ ക്യാമ്പുകളിലേക്ക് മാറ്റിയിരിക്കുകയാണ്. കോവിഡ് വ്യാപന ഭീതി നിലനില്‍ക്കുന്ന സാഹചര്യംകൂടി ആയതിനാല്‍ ഭീതിതമായ മനസ്സുമായാണ് ദുരിതാശ്വാസ ക്യാമ്പുകളില്‍ പലരും കഴിയുന്നത്. മലയോര ജില്ലകളിലും താഴ്ന്ന പ്രദേശങ്ങളിലും വെള്ളപ്പൊക്ക ഭീഷണി ഇപ്പോഴും നിലനില്‍ക്കുകയാണ്. ഒപ്പം കോവിഡ് വ്യാപനം അതിന്റെ ഏറ്റവും രൂക്ഷമായ അവസ്ഥയിലും! കൊറോണ തീര്‍ത്ത പ്രതിസന്ധിയില്‍ ജീവിതതാളം തെറ്റിനില്‍ക്കുന്ന സാഹചര്യം കൂടിയായപ്പോള്‍ ഈ നൂറ്റാണ്ടിലെ തന്നെ ഏറ്റവും വലിയ ദുരിത കാലത്തിലൂടെയാണ് മലയാളി കടന്നുപോകുന്നത് എന്നു പറയാം. ഏത് പ്രതിസന്ധിക്കും ഒരു അറുതിയുണ്ടാവും എന്നതാണ് ഇന്നലകളിലെ ചരിത്രം നമ്മെ പഠിപ്പിക്കുന്നത്. ആ നിലയില്‍ ശുഭപ്രതീക്ഷ കൈവിടാതെ മുന്നോട്ട് പോകാന്‍ നമുക്ക് സാധിക്കണം; ലോക സ്രഷ്ടാവിലുള്ള വിശ്വാസവും പ്രതീക്ഷയും.

2020 ആഗസ്റ്റിലെ ആദ്യ വെള്ളിയാഴ്ച എന്നും നമ്മുടെ മനസ്സില്‍ മായാതെ കിടക്കും. ആ വെള്ളിയാഴ്ച്ച നാം ഉണര്‍ന്നത് ഇടുക്കി ജില്ലയിലെ മൂന്നാര്‍ രാജമല പെട്ടിമുടി ദുരന്തവാര്‍ത്ത കേട്ടാണ്. ടാറ്റായുടെ തേയിലത്തോട്ടത്തില്‍ ജോലിചെയ്യുന്ന തൊഴിലാളികള്‍ അന്തിയുറങ്ങിയ ലയങ്ങള്‍ ഉരുള്‍പൊട്ടലില്‍ മണ്ണിനടിയിലായി. വനത്തിനുള്ളില്‍ ഉണ്ടായ ശക്തമായ ഉരുള്‍പൊട്ടലിനെ തുടര്‍ന്ന് വലിയ പാറകളും വെള്ളവും മണ്ണും കുത്തിയൊലിച്ച് ആ താഴ്‌വരയെ മുഴുവന്‍ തുടച്ചുനീക്കി. ആറ് ലയങ്ങളിലായി ഉണ്ടായിരുന്ന നൂറോളം പേരാണ് ഈ ദുരന്തത്തിനിരയായത്. വ്യാഴാഴ്ച രാത്രി നടന്ന ദുരന്തം പുറംലോകം അറിഞ്ഞത് വെള്ളിയാഴ്ച്ച രാവിലെ ഒന്‍പത് മണിക്ക് മാത്രമാണ്! പെരിയവര പാലം തകര്‍ന്നതും ആകെ ഉണ്ടായിരുന്ന ഒരു മൊബൈല്‍ ടവര്‍ പ്രവര്‍ത്തന രഹിതമായതും പുറംലോകവുമായി ബന്ധപ്പെടാനുള്ള അവരുടെ മാര്‍ഗങ്ങള്‍ അടച്ചു. മൂന്നാറില്‍ നിന്നും നാല്‍പത് കിലോമീറ്ററോളം ചെങ്കുത്തായ മലകള്‍ താണ്ടി ഓഫ്റോഡ് യാത്ര ചെയ്താല്‍ മാത്രമെ ദുരന്തഭൂമിയിലേക്ക് എത്താന്‍ സാധിക്കുകയുള്ളു എന്നത് കൊണ്ടുതന്നെ ദുഷ്‌കരമായിരുന്നു രക്ഷാപ്രവര്‍ത്തനം. ഒപ്പം പ്രതികൂലമായ കാലാവസ്ഥയും.

അതേ വെള്ളിയാഴ്ച സന്ധ്യമയങ്ങുമ്പോള്‍ മറ്റൊരു ദുരന്തവാര്‍ത്തകൂടി നമ്മെ തേടിയെത്തി. ദുബായില്‍നിന്നും കോഴിക്കോട്ടേക്ക് പോയ എയര്‍ ഇന്ത്യ വിമാനം അപകടത്തില്‍ പെട്ടിരിക്കുന്നു. വന്ദേഭാരത് മിഷന്റെ ഭാഗമായി കോഴിക്കോട്ടേക്ക് 190 യാത്രക്കാരുമായി പറന്ന വിമാനമാണ് അപകടത്തില്‍ പെട്ടത്. മൂന്ന് പതിറ്റാണ്ടിലധികം പരിചയ സമ്പത്തുള്ള, എയര്‍ ഇന്ത്യയിലെ തന്നെ ഏറ്റവും മികച്ച വൈമാനികന്‍ ദീപക് വസന്ത് സാഠേ ആയിരുന്നു പ്രസ്തുത വിമാനത്തിന്റെ പൈലറ്റ്. അദ്ദേഹത്തിന്റെ ശ്രമങ്ങള്‍ അപകടത്തിന്റെ ആഘാതം കുറക്കാന്‍ സാധിച്ചു എന്നാണ് പൊതുവെ വിലയിരുത്തപ്പെടുന്നത്. അദ്ദേഹവും സഹപൈലറ്റും ഈ ദുരന്തത്തില്‍ മരണമടഞ്ഞു. പതിനേഴ് യാത്രക്കാരുടെ ജീവനും പൊലിഞ്ഞു. നിരവധിപേര്‍ പരുക്കുകളോടെ വിവിധ ആശുപത്രികളില്‍ ചികിത്സയിലാണ്. കോവിഡ് പ്രതിസന്ധിയില്‍ ജോലി നഷ്ടപ്പെട്ടവരടക്കമുള്ളവര്‍ ആശങ്കയും ആശയുമായി വിമാനം കയറിയപ്പോള്‍ അറിഞ്ഞില്ല വരാന്‍ പോകുന്ന ദുരന്തത്തെക്കുറിച്ച്. നാടിന്റെ മാനവും മണ്ണും കണ്ട് സന്തോഷത്താല്‍ മനംനിറഞ്ഞു നില്‍ക്കുമ്പോഴാണ് പൊടുന്നനെ പ്രതീക്ഷകള്‍ തകര്‍ത്ത് വിമാനം അപകടത്തില്‍ പെട്ടത്. വിധിയെ തടുക്കാന്‍ ആര്‍ക്കും സാധിക്കില്ലല്ലോ. ഈ ദുരന്തത്തിന്റെ പേരില്‍ ആരെയും പഴിചാരുന്നതിനപ്പുറം കാരണങ്ങള്‍ കണ്ടെത്താന്‍ ശ്രമിക്കുകയാണ് വേണ്ടത്. സുതാര്യവും സത്യസന്ധവുമായ അന്വേഷണം നടക്കണം.

വിമാനാപകടത്തില്‍ ജീവനഷ്ടം കുറച്ചത് രക്ഷാപ്രവര്‍ത്തകരുടെ ചടുലനീക്കം തന്നെയാണെന്ന് പറയാതെവയ്യ. കൊറോണയും പ്രതികൂല കാലാവസ്ഥയും മറന്ന് ജീവനുവേണ്ടിയുള്ള സഹജീവികളുടെ തേങ്ങലുകള്‍ക്ക് കാതോര്‍ക്കുകയായിരുന്നു നാട്ടുകാര്‍. അപകട ശബ്ദം കേട്ട് ഓടിയെത്തിയവര്‍ മതില്‍കെട്ടുകള്‍ ചാടിക്കടന്ന് അപകടത്തില്‍ പെട്ടവരെ പുറത്തെടുക്കാനും കിട്ടിയ വാഹനങ്ങളില്‍ അടുത്തും അകലയുമുള്ള ആശുപത്രികളിലേക്ക് കുതിക്കാനും ആരെയും കാത്തുനിന്നില്ല. കൊറോണ ഭീതി അവരെ അലട്ടിയതേയില്ല! ജീവനു വേണ്ടി കേഴുന്നവരുടെ നിലവിളികളും രണ്ടായിപ്പിളര്‍ന്ന വിമാനവും സ്വന്തത്തെ മറക്കാന്‍തക്കവണ്ണം ഭീകരമായിരുന്നു. അധികൃതര്‍ക്കോ ആംബുലന്‍സിനോ കാത്തുനില്‍ക്കാതെ ഒരുപറ്റം സുമനസ്സുകള്‍ ഈ ദുരന്തഭൂമിയില്‍ രക്ഷകരായി മാറി. ഒരു നിമിഷം പോലും വൈകുന്നത് തങ്ങളുടെ സഹോദരങ്ങളുടെ ജീവന്‍ ഹനിക്കുമോ എന്നവര്‍ ഭയപ്പെട്ടു. നിഷ്‌കളങ്കരായ കുഞ്ഞുങ്ങളുടെ കരച്ചിലും ആ ദുരന്തഭൂമിയിലെ തേങ്ങലായി. നിമിഷങ്ങള്‍ക്കുള്ളില്‍ പറന്ന വാട്‌സ്ാപ്പ് സന്ദേശത്തില്‍ സഹായഹസ്തങ്ങളുമായി കുതിച്ചെത്തിയ നാട്ടുകാര്‍ ചെറിയ കാറുകളിലടക്കം കിട്ടിയ വാഹനങ്ങളില്‍ എല്ലാവര്‍ക്കും അടിയന്തിര ചികിത്സ ലഭ്യമാക്കാന്‍ കുതിച്ചു. കൊണ്ടോട്ടിയിലും കോഴിക്കോട്ടുമുള്ള ആശുപത്രികളില്‍ എത്തിച്ചു. പരിക്കേറ്റവര്‍ക്ക് രക്തം ആവശ്യമുണ്ടെന്ന സന്ദേശം സാമൂഹ്യ മാധ്യമങ്ങളില്‍ പറന്നപ്പോള്‍ ആശുപത്രികളിലേക്ക് ആളുകളുടെ ഒഴുക്കായിരുന്നു! ഒരാളുടെയെങ്കിലും ജീവന് തുടിപ്പേകാന്‍ തന്റെ ഇടപെടലുകള്‍ക്ക് സാധ്യമായെങ്കിലെന്ന് ആ നിഷ്‌കളങ്ക മനസ്സുകള്‍ ആഗ്രഹിച്ചു. രക്ഷിതാക്കളെ തിരയുന്ന മക്കളുടെ കരച്ചിലടക്കാനും രക്ഷിതാക്കളെ കണ്ടെത്താനും അവര്‍ സഹായിച്ചു. കണ്ണുനീര്‍കടലായി മാറിയ ദുരന്തഭൂമിയിലും ആശുപത്രികളിലും മറ്റിടങ്ങളിലും എണ്ണയിട്ട യന്ത്രംപോലെ പ്രവര്‍ത്തിച്ച മനുഷ്യസ്‌നേഹികളുടെ സേവനം വിലമതിക്കാനാവാത്തതാണ്. അവരുടെ സമയോചിത ഇടപെടലുകള്‍ നിരവധിപേര്‍ക്ക് ജീവിതപ്രതീക്ഷകളില്‍ പുതുനിറം നല്‍കി. സ്വാര്‍ഥത വരിഞ്ഞുമുറുക്കിയ ലോകത്ത് അവര്‍ എന്നും ജ്വലിച്ചു നില്‍ക്കും. എയര്‍ഇന്ത്യ എക്‌സ്പ്രസ് കമ്പനി ഔദ്യോഗികമായി തന്നെ രക്ഷാപ്രവര്‍ത്തകരെ അഭിനന്ദിച്ചു. ഉന്നത മാനവിക മൂല്യങ്ങള്‍ ഉയര്‍ത്തിപ്പിടിച്ച ആ ജനതക്ക് ഹൃദയത്തില്‍ നിന്നുള്ള അഭിവാദ്യം അര്‍പ്പിച്ചു. എയര്‍ ഇന്ത്യയും ആ ജനതക്ക് തങ്ങളുടെ ഔദ്യോഗിക പേജിലൂടെ തന്നെ അഭിവാദ്യങ്ങള്‍ അര്‍പ്പിച്ചു. ദേശീയ മാധ്യമമായ ടെലിഗ്രാഫ് മുഖപേജില്‍ തന്നെ അവരെ അഭിനന്ദിച്ച് വാര്‍ത്ത നല്‍കി. ഇത് കേവലം ധൈര്യത്തിന്റെ മാത്രം കാര്യമല്ല, മാനവികതയുടെ സ്പര്‍ശനമാണ്. മറ്റുള്ളവരുടെ ജീവന്‍ രക്ഷിക്കാനായി സ്വന്തം ജീവന്‍ പണയം വെച്ച മലപ്പുറത്തുകാര്‍ക്ക് ഞങ്ങള്‍ അഭിവാദ്യമര്‍പ്പിക്കുന്നു-എയര്‍ ഇന്ത്യ എക്‌സ്പ്രസ് ഫേസ്ബുക്ക് പേജില്‍ കുറിച്ചു. ദേശീയ മാധ്യമം ടെലിഗ്രാഫ് ഒന്നാം പേജില്‍ തന്നെ അവരെ അഭിനന്ദിച്ച് വാര്‍ത്ത നല്‍കി. മറ്റ് ദേശീയ, അന്തര്‍ദേശീയ മാധ്യമങ്ങളും ഭരണകൂടവുമെല്ലാം ഈ സന്മനസ്സുകളുടെ സേവനസന്നദ്ധതയെ പുകഴ്ത്തി; അത് മനുഷ്യര്‍ക്ക് മാതൃകയാണെന്ന് ലോകത്തോട് അഭിമാനത്തോടെ പറഞ്ഞു. മനുഷ്യസ്‌നേഹത്തിന്റെ വറ്റാത്ത ഉറവിടങ്ങളാണവര്‍.

കോവിഡ് പ്രതിരോധങ്ങളുടെ പേരില്‍ രക്ഷാപ്രവര്‍ത്തനത്തില്‍ പങ്കെടുത്തവര്‍ ക്വറന്റൈനിലാണ്. അതില്‍ അവര്‍ക്ക് സന്തോഷമേയുള്ളൂ; അഭിമാനവും. അവര്‍ കാണിച്ച മാതൃകാപരമായ പ്രവര്‍ത്തനത്തിനുള്ള ആദരവ് എന്ന നിലയില്‍ പല വ്യക്തികളും സംഘടനകളും ക്വറന്റൈന് ആവശ്യമായ സഹായങ്ങള്‍ വാഗ്ദാനം ചെയ്യുകയും ഉണ്ടായി.

യാദൃച്ഛികമായി മലപ്പുറത്താണ് അപകടം നടന്നത് എന്നതുകൊണ്ട് മലപ്പുറത്തിന്റെ ഉള്ളടക്കം വര്‍ഗീയമാണെന്നും മൃഗങ്ങള്‍പോലും ആക്രമിക്കപ്പെടുന്നെന്നും അയല്‍പ്രദേശങ്ങളില്‍ ആന ചെരിഞ്ഞാല്‍ പോലും മലപ്പുറം മറുപടി പറയണമെന്നും തിട്ടൂരമിറക്കിയവര്‍ക്കുള്ള വായടപ്പന്‍ മറുപടി കൂടിയായി ഈ ദുരന്തഭൂമിയിലെ സന്നദ്ധ സേവനം. മലപ്പുറം വര്‍ഗീയമല്ലെന്നും ഒരുകൂട്ടം മനുഷ്യസ്‌നേഹികളുടെ മണ്ണാണെന്നും കാലം തെളിയിച്ചുകൊണ്ടേയിരിക്കുന്നു. അതെ, സ്വന്തം ജീവന്‍പോലും പണയംവെച്ച് അന്യന്റെ ജീവന്‍ രക്ഷിക്കാന്‍ വേണ്ടി കുതിക്കുന്ന മാതൃകാ മനുഷ്യരുടെ നാടാണ് മലപ്പുറം. വര്‍ഗീയവിഷം പേറുന്ന മനുഷ്യക്കോലങ്ങള്‍ മാനുഷിക മൂല്യങ്ങളെ തമസ്‌കരിക്കുന്ന ആധുനിക കാലത്ത് ഈ ദുരന്തഭൂമി നല്‍കുന്ന സന്ദേശത്തിന് ഏറെ പ്രസക്തിയുണ്ട്. മാനവിക മൂല്യങ്ങള്‍ ഉയര്‍ത്തിപ്പിടിക്കുന്ന സംസ്‌കാരത്താല്‍ സമ്പന്നമാണ് മലപ്പുറവും മലയാളിയും നാളിതുവരെ കൈമുതലാക്കിയതും തലമുറകളായി കൈമാറിയതും. അത് ഇല്ലാതാക്കാന്‍ കുതന്ത്രങ്ങള്‍ മെനയുന്നവരുടെ പാഴ്‌വേലകള്‍ അവജ്ഞയോടെ അഗണ്യകോടിയിലേക്ക് വലിച്ചെറിയപ്പെടും എന്നതാണ് ആവര്‍ത്തിക്കുന്ന ഇത്തരം മാനവിക മൂല്യങ്ങളുടെ പ്രഘോഷങ്ങള്‍ തെളിയിക്കുന്നത്.

വിമാനാപകടത്തില്‍ മരിച്ചവരുടെ ബന്ധുക്കള്‍ക്ക് അര്‍ഹമായ നഷ്ടപരിഹാരം ലഭ്യമാക്കാന്‍ ആവശ്യമായ നടപടികള്‍ ത്വരിതപ്പെടുത്തണം. പരിക്കേറ്റവര്‍ക്ക് സൗജന്യചികിത്സയും നഷ്ടപരിഹാരവും ലഭ്യമാക്കാനുള്ള നടപടികളും ഉണ്ടാവണം. പത്ത് വര്‍ഷം മുന്‍പ് നടന്ന മംഗലാപുരം വിമാനാപകടത്തില്‍ പെട്ടവരുടെ ആശ്രിതര്‍ക്ക് ഇപ്പോഴും നഷ്ടപരിഹാരം പൂര്‍ണമായും ലഭിച്ചിട്ടില്ലെന്ന വാര്‍ത്തകള്‍ ആശങ്കാജനകമാണ്. പ്രഖ്യാപനങ്ങള്‍ക്കപ്പുറം ചുവപ്പുനാടകളില്‍ കെട്ടിക്കുടുങ്ങി പാവങ്ങളെ ഇനിയും ദുരിതത്തിലേക്ക് തള്ളിവിടരുത് എന്ന് അധികാരികളോട് അഭ്യര്‍ഥിക്കുന്നു. ജനപ്രതിനിധികളും ഈ കാര്യത്തില്‍ ആവശ്യമായ ഇടപെടലുകള്‍ നടത്തണം. അതോടൊപ്പം വിമാനാപകടത്തിന്റെ കാരണങ്ങള്‍ കണ്ടെത്തി ആവശ്യമായ തിരുത്തല്‍ നടപടികള്‍ സ്വീകരിക്കാന്‍ സര്‍ക്കാരുകള്‍ തയ്യാറാവണം. മലബാറിലെ വലിയൊരു വിഭാഗം ആശ്രയിക്കുന്ന കാലിക്കറ്റ് എയര്‍പോര്‍ട്ടിനെ ഇല്ലാതാക്കാനുള്ള ചരടുവലികള്‍ കഴിഞ്ഞ കാലങ്ങളില്‍ ഉണ്ടായിട്ടുണ്ട്. അതിനെ ശക്തമായ സമരങ്ങളിലൂടെയും രാഷ്ട്രീയ ഇടപെടലിലൂടെയുമാണ് ചെറുത്തുതോല്‍പിച്ചത്. ഈ അപകടത്തെ ആ നിലയില്‍ ദുരുപയോഗം ചെയ്യാനുള്ള ശ്രമങ്ങള്‍ നടക്കുന്നു എന്നാണ് ടേബിള്‍ ടോപ്പ് അടക്കമുള്ള വിഷയങ്ങള്‍ എടുത്തുകാട്ടി തല്‍പര കക്ഷികള്‍ നടത്തുന്നത്. ഇത്തരം കുതന്ത്രക്കാരുടെ അജണ്ടകള്‍ തിരിച്ചറിഞ്ഞുകൊണ്ടുള്ള നടപടികളാണ് സര്‍ക്കാരിന്റെ ഭാഗത്തുനിന്നും ഉണ്ടാകേണ്ടത്.

രാജമല പെട്ടിമുടി ദുരന്തഭൂമിയിലും നിസ്വാര്‍ഥരായ മനുഷ്യസ്‌നേഹികള്‍ നടത്തിയ ഇടപെടലുകള്‍ ശ്ലാഘനീയമാണ്. രക്ഷാപ്രവര്‍ത്തനങ്ങളില്‍ പ്രതികൂല കാലാവസ്ഥയിലും അവര്‍ തങ്ങളാല്‍ കഴിയുന്ന സേവനങ്ങള്‍ ചെയ്തു. ഈ ദുരന്തത്തില്‍ ഇരയായവര്‍ക്ക് അര്‍ഹമായ നഷ്ടപരിഹാരം ലഭ്യമാക്കാന്‍ കേന്ദ്ര, സംസ്ഥാന സര്‍ക്കാരുകള്‍ തയ്യാറാവണം. അതോടൊപ്പം ഈ ലയങ്ങളില്‍ താമസിക്കുന്നവരെ പുനരധിവസിപ്പിക്കാനുള്ള പദ്ധതികള്‍ കൂടി ഉണ്ടാവണം. പ്രകൃതിദുരന്ത സാധ്യതയുള്ള മേഖലകളിലുള്ളവര്‍ക്ക് സുരക്ഷിത ഇടങ്ങളില്‍ താമസിക്കാന്‍ ആവശ്യമായ സഹായങ്ങളും പദ്ധതികളും സര്‍ക്കാരിന്റെ ഭാഗത്തുനിന്നും ഉണ്ടാവണം എന്ന മുറവിളി ഓരോ ദുരന്തകാലത്തും ഉയരുന്നുവെങ്കിലും അതെല്ലാം വിസ്മരിക്കപ്പെടുകയാണ് പതിവ്. ഈ ദുരന്തമെങ്കിലും അധികാരികളുടെ കണ്ണുതുറപ്പിക്കും എന്ന് കരുതാം. തോട്ടം മേഖലയില്‍ അടക്കം ജോലി ചെയ്യുന്ന തൊഴിലാളികള്‍ മിക്കവരും താഴ്ന്ന ജീവിത നിലവാരം പുലര്‍ത്തുന്നവരും അവഗണന നേരിടുന്നവരുമാണ്. അവരുടെ ജീവിത വിദ്യാഭ്യാസ നിലവാരം ഉയര്‍ത്താന്‍ ആവശ്യമായ പദ്ധതികള്‍ ഉണ്ടാവേണ്ടതുണ്ട്. വര്‍ഷങ്ങളായി ഭരണകൂടങ്ങളാല്‍ അവഗണിക്കപ്പെടുന്ന ഇത്തരം പാവങ്ങളുടെ കണ്ണുനീരിന് ഇനിയെങ്കിലും അറുതിയുണ്ടാവണം. മുതലാളിമാര്‍ അംബരചുംബികളായ ഭവനങ്ങളിലും ആഡംബര സൗകര്യങ്ങളിലും അഭിരമിക്കുമ്പോള്‍ അതിന് കാരണക്കാരായ പാവങ്ങളെ മറക്കുകയാണ്. എന്തൊരു ക്രൂരത! ഇത്തരുണത്തില്‍ ഒരു പ്രവാചക വചനം ശ്രദ്ധേയമാണ്:

പ്രവാചകന്‍ ﷺ  പറഞ്ഞു: ''നിങ്ങളുടെ തൊഴിലാളികള്‍ (ഭൃത്യന്മാര്‍) അല്ലാഹു നിങ്ങളുടെ നിയന്ത്രണത്തില്‍ കൊണ്ടുവന്ന നിങ്ങളുടെ സഹോദരന്മാരാണ്. ആരുടെയെങ്കിലും നിയന്ത്രണത്തില്‍ വല്ല സഹോദരനുമുണ്ടെങ്കില്‍ താന്‍ തിന്നുന്ന അതേ ആഹാരം അവനെയും ആഹരിപ്പിക്കണം. താന്‍ ധരിക്കുന്ന അതേവസ്ത്രം അവനെയും ധരിപ്പിക്കണം. അവരുടെ കഴിവില്‍ കവിഞ്ഞ ജോലി അവരെ ഏല്‍പിക്കരുത്. ഇനി ഏല്‍പിച്ചാലോ അവരെ അതില്‍ സഹായിക്കുകയും വേണം'' (ബുഖാരി).

തന്റെ കീഴില്‍ ജോലിചെയ്യുന്ന തൊഴിലാളികള്‍ക്ക് മാന്യമായ വേതന, താമസ സൗകര്യങ്ങള്‍ ഉറപ്പു വരുത്തുക എന്നത് മാനവിക മൂല്യങ്ങളുടെ ഭാഗമാണ് എന്ന് തിരിച്ചറിയുമ്പോഴേ ഇത്തരം അവഗണിക്കപ്പെടുന്ന ആയിരങ്ങളുടെ ദുരിതങ്ങള്‍ക്ക് അറുതിയാവൂ. തൊഴിലാളിക്ഷേമം ഉറപ്പുവരുത്തേണ്ട സംഘടനകളും സര്‍ക്കാര്‍ സംവിധാനങ്ങളും കാണിക്കുന്ന കുറ്റകരമായ അനാസ്ഥയുടെ ഇരകള്‍ കൂടിയാണ് ആ പാവങ്ങള്‍. നമുക്ക് ഇനിയെങ്കിലും മനുഷ്യരാവാം. സ്‌നേഹവും കാരുണ്യവും അനുകമ്പയും സഹാനുഭൂതിയും ചാലിച്ച മാനവിക മൂല്യങ്ങളുടെ ജീവിക്കുന്ന പതിപ്പുകളാവാം.