മാമൂലുകള്‍ തീര്‍ക്കുന്ന മാറാപ്പുകള്‍

നാഷിദ് കല്ലമ്പാറ

2020 ജനുവരി 18 1441 ജുമാദല്‍ അവ്വല്‍ 23

വധുവിന്റെ വീട്ടിലേക്ക് മിഠായിയുമായി പോകുന്ന കുട്ടികളടങ്ങുന്ന വലിയൊരു സംഘത്തിന്റെ വീഡിയോ ഇയിടെയായി വാട്‌സാപ്പിലൂടെയും ഫേസ്ബുക്കിലൂടെയും  പ്രചരിച്ചിരുന്നു. ഏറെ കൗതുകത്തോടെയാണ് പലരും ഇത് പ്രചരിപ്പിച്ചത്. ഇതിനെ അനുകൂലിച്ചും പ്രതികൂലിച്ചും പലരുമെഴുതി.

വിവാഹ നിശ്ചയത്തോടനുബന്ധിച്ച് മിഠായി കൊടുക്കുന്ന ഒരു നാട്ടാചാരം  വ്യാപകമാണ്. സമീപ ഭാവിയില്‍ ഏറെ പ്രചാരം ലഭിക്കാന്‍ സാധ്യതയുള്ള, അതിന്റെ അള്‍ട്രാവെര്‍ഷന്‍ ആചാരമാണ് ആ വീഡിയോയിലൂടെ കാണാന്‍ കഴിഞ്ഞത്.

ഇസ്‌ലാം മതവും അതിന്റെ അധ്യാപനങ്ങളും ലോകത്ത് ഒരു പോലെയാണ്. എന്നാല്‍ ചില നിര്‍മിത ആചാരങ്ങളും അനുഷ്ഠാനങ്ങളും എല്ലാ നാടുകളിലുമുണ്ട്. കാലവും കാലാവസ്ഥയും നാടും നാട്ടതിരും മാറുന്നതിനനുസരിച്ച് അവയും മാറുന്നതായാണ് കാണപ്പെടുന്നത്.

മതാചാരവുമായി നൂലിഴ ബന്ധം പോലുമില്ലാത്ത ഇത്തരം നാട്ടാചാരങ്ങള്‍ പലപ്പോഴും വിശ്വാസ മൂല്യങ്ങളുടെ കടയ്ക്കല്‍ കത്തിവെക്കുന്നതുമായിരിക്കും...!

മാമൂലുകള്‍ എന്നറിയപ്പെടുന്ന ഇത്തരം നാട്ടാചാരങ്ങള്‍ വിശ്വാസത്തിന്റെയും മതത്തിന്റെയും കാതലായി തെറ്റിദ്ധരിക്കപ്പെട്ടു കൊണ്ടിരിക്കുകയാണിന്ന്.

അതുതന്നെയാണ് അടിസ്ഥാന മതകാര്യങ്ങളില്‍ വീഴ്ചവരുത്തിയാലും ഇത്തരം മാമൂലുകളില്‍ ഒരു വീഴ്ചയും വരുത്തിക്കൂടാ എന്ന് ചിലര്‍ക്ക് നിര്‍ബന്ധബുദ്ധിയുണ്ടാകാനുള്ള കാരണം. പലപ്പോഴും വ്യക്തിബന്ധങ്ങളിലെയും കുടുംബ ബന്ധങ്ങളിലെയും അളവുകോല്‍ പോലും ഈ മാമൂലുകളായി മാറുക പതിവാണ്.

സമ്മാനങ്ങളുടെ തൂക്കവും വിലയും നോക്കി, സല്‍ക്കാരങ്ങളുടെ എണ്ണവും വിഭവ വൈജാത്യങ്ങളും നോക്കി ബന്ധങ്ങള്‍ക്ക് ഈടും പാവും നല്‍കുമ്പോഴാണ് പല ബന്ധങ്ങള്‍ക്കും മാരകമായ കേടുപാടുകള്‍ പറ്റുന്നതും.

കുഞ്ഞിനെ ഗര്‍ഭംധരിക്കുന്നതു മുതല്‍ ജനനവും മുടികളയലും സുന്നത്ത് കര്‍മവും പ്രായമറിയിക്കലും കല്യാണവും കല്യാണസല്‍ക്കാരങ്ങളും വീടിന് കുറ്റിയടിക്കലും കുടിയിരിക്കലുമടക്കം, മരണവും അതിനു ശേഷമുള്ള ചടങ്ങളുകളുമടക്കം തീരാത്ത ഇത്തരം മാമൂല്‍ പ്രസ്ഥാനങ്ങളെ ഒരു മുസ്‌ലിമെന്ന നിലയില്‍  ധാര്‍മികതയുടെയും നന്മയുടെയും മിതവ്യയത്തിന്റെയും സര്‍വോപരി പ്രമാണങ്ങളുടെയും തുലാസില്‍ തൂക്കി നോക്കേണ്ടതുണ്ട്...!

പാഴ്‌ചെലവുകള്‍ എത്രയാണ് നാം ഇതിന്റെ പേരില്‍ വരുത്തിവെക്കുന്നത്...!

അയല്‍വാസി പട്ടിണി കിടക്കുമ്പോള്‍ വയറുനിറച്ച് ഭക്ഷിക്കുന്നവന്‍ നമ്മില്‍ പെട്ടവനല്ല എന്ന് പഠിപ്പിച്ച പ്രവാചകന്റെ അനുയായികള്‍ സ്വന്തം മതിലിനപ്പുറത്തെ വീട്ടില്‍ പുക ഉയരാറുണ്ടോ എന്ന് നോക്കാറില്ലെങ്കിലും വിഭവസമൃദ്ധമായ സല്‍ക്കാരങ്ങള്‍ നടത്തി ഊറ്റംകൊള്ളാന്‍ മടിക്കാറില്ല!

നാടോടുമ്പോള്‍ നടുവെ ഓടണം എന്ന തേഞ്ഞുപഴകിയ പഴഞ്ചൊല്ല് മുറുകെപ്പിടിച്ചുകൊണ്ട് മാമൂലുകളുടെ പിന്നാലെ ഓടിക്കൊണ്ടിരിക്കുകയാണ് അധികപേരും.

കടം കൊണ്ട് തലതാഴ്ത്തി നടപ്പാണെങ്കിലും ഗംഭീര സദ്യനടത്തി സ്റ്റാറ്റസ് നിലനിര്‍ത്താന്‍ ശ്രമിക്കുന്നവരെ നമുക്ക് മലയാളക്കരയില്‍ കാണാം. ദുര്‍വ്യയമാണെന്നറിയാമെങ്കിലും സമൂഹത്തില്‍ 'അന്തസ്സ്' നിലനിര്‍ത്താന്‍ ഇത് ആവശ്യമാണെന്ന് ധരിച്ചുവശായിരിക്കുകയാണ് പലരും.

കല്യാണത്തിന്റ കടം വീടുന്നതിനു മുമ്പെ ആദ്യത്തെ കണ്മണിയുടെ മുടികളയല്‍ അനുബന്ധിച്ചുള്ള ഹക്വീകത്ത് അറുക്കലിന് വേണ്ടി ബാങ്കില്‍ നിന്നും ലോണ്‍ എടുത്ത സുഹൃത്തിനെ എനിക്കറിയാം! ഒരു സുന്നത്തിനു വേണ്ടി നിഷദ്ധം ചെയ്യുന്ന അവസ്ഥ...!

ലോണെടുത്തും കടംവാങ്ങിയും നാം നടത്തുന്ന മാമൂലുകള്‍ അനാവശ്യമാണെന്ന് മനസ്സാക്ഷി ഉറക്കെ പറയുമെങ്കിലും ഒരു നല്ല മകനും മരുമകളും, ഒരു നല്ല പിതാവും നല്ല നാത്തൂനും നല്ല അളിയനുമാകാന്‍ ഇതെല്ലാം അനിവാര്യമാണെന്ന് ആരൊക്കെയോ നമ്മെ ചൊല്ലിപ്പഠിപ്പിച്ചിരിക്കുന്നു.

ദുര്‍വ്യയവും പാഴ്‌ചെലവുകളും ഒരു വിശ്വാസിക്ക് അഭിലഷണീയമല്ല എന്ന് ലാളിത്യത്തിന്റെ മതം പഠിപ്പിക്കുന്നുണ്ടെങ്കിലും മാമൂലുകള്‍ക്ക് മീതെ അതിനൊന്നും സ്ഥാനം കൊടുക്കാന്‍ നമ്മള്‍ തയ്യാറല്ല.

നമ്മുടെ പ്രിയപ്പെട്ടവരെ എന്നും പ്രവാസികളാക്കി നിര്‍ത്തുന്നതില്‍ ചെറുതല്ലാത്ത പങ്ക് ഈ മാമൂലുകള്‍ക്കുണ്ട്.

എത്രയെത്ര സഹോദരങ്ങളാണ് വിവാഹം കഴിഞ്ഞ് പ്രിയതമയുടെ കൂടെ താമസിച്ച് കൊതിതീരും മുമ്പ് വിവാഹാവശ്യത്തിന് വാങ്ങിയ ലക്ഷങ്ങളുടെ കടം വീട്ടുവാന്‍ കടല്‍ കടക്കുന്നത്!

എത്രയെത്ര പ്രവാസികളാണ് ഈ മാമൂലുകള്‍ സമ്മാനിക്കുന്ന അനാവശ്യ കടബാധ്യതയാല്‍ പ്രവാസ ജീവിതം എന്ന തുരുത്തില്‍ അകപ്പെട്ടു പോകുന്നത്!

മനുഷ്യന്റെ പ്രവര്‍ത്തനങ്ങള്‍ക്കെല്ലാം പ്രതിഫലം ലഭിക്കുക അവന്റെ നിയ്യത്തനുസരിച്ചാണ് എന്നിരിക്കെ ഈ പ്രകടന പ്രഹസനങ്ങളില്‍ എത്രത്തോളം നാം റബ്ബിന്റെ പ്രീതി മാത്രം ആഗ്രഹിച്ച് ചെയ്യുന്നുണ്ട് എന്ന് ആലോചിച്ചാല്‍ മതി; നിരര്‍ഥകമായ ഇത്തരം ആചാരങ്ങള്‍ ഒരു മുസ്‌ലിമിന് ഒട്ടും ഭൂഷണമല്ല എന്ന് മനസ്സിലാക്കാന്‍.

ഉദ്ദേശ്യശുദ്ധിയാണ് പ്രവര്‍ത്തനങ്ങള്‍ക്ക് പ്രതിഫലം നിര്‍ണയിക്കുന്ന മാനദണ്ഡം എന്നിരിക്കെ ചെയ്യാതിരുന്നാല്‍ മറ്റുള്ളവര്‍ എന്തു വിചാരിക്കുമെന്ന ഭയവും മാമൂലുകള്‍ പാലിക്കാതിരിക്കുന്നതു മോശമല്ലേ എന്ന വിചാരവും മുന്‍നിര്‍ത്തി ചെയ്യുന്ന പ്രവര്‍ത്തനങ്ങള്‍ക്കും സമ്പാദ്യ വിനിയോഗങ്ങള്‍ക്കും ആര് പ്രതിഫലം നല്‍കുമെന്ന ചോദ്യം വളരെ പ്രസക്തമാണ്...!

അതിരുവിടുന്ന ആചാരങ്ങള്‍ക്ക് വേണ്ടി വിനിയോഗിക്കുന്ന സമ്പത്ത് കുടുംബത്തിനു വേണ്ടിയും നാടിന്റെയും സമൂഹത്തിന്റെയും അടിസ്ഥാന സൗകര്യങ്ങള്‍ക്കും വിദ്യാഭ്യാസ ഉന്നതിക്കും മതപ്രബോധന മേഖലയിലേക്കും മാറ്റിവച്ചാല്‍ എത്ര നന്നായിരുന്നു.

ഇസ്‌ലാം ഏറ്റവും ലളിതമായ ജീവിത നടപടിയാണ് പഠിപ്പിക്കുന്നത്. ലളിതമാകുമ്പോഴാണ് കൂടുതല്‍ ഭംഗിയുള്ളതാകുന്നതും. ഏറ്റവും ലളിതമാകുമ്പോഴാണ് കൂടുതല്‍ ദിനിനോട് ചേര്‍ന്നു നില്‍ക്കുന്നതും. അതു തന്നെയാണ് തിരുദൂതര്‍ ﷺ  അവിടുത്തെ ജീവിതം കൊണ്ട് വരച്ച് കാട്ടിയതും.

ഇസ്‌ലാമിക മൂല്യങ്ങളോട് ചേര്‍ന്നു നില്‍ക്കുന്ന ആചാരങ്ങളെ നമുക്കും ചേര്‍ത്തു നിര്‍ത്താം; അതിന്റെഅളവിലും രൂപത്തിലും; ഉദ്ദേശ്യശുദ്ധി നഷ്ടപ്പെടാതെ. ബിദ്അത്തുകള്‍ പാടെ വെടിയാന്‍ തയ്യാറാവുകയും വേണം. മതപരമായ കാര്യം എന്ന നിലയില്‍ എന്ത് ചെയ്യുമ്പോഴും അത് പ്രാമാണികമാണ് എന്ന് ഉറപ്പു വരുത്തണം.