അറബി, ഉറുദു ഭാഷകളോടുള്ള അവഗണന

പി.ഒ ഉമര്‍ ഫാറൂഖ്, തിരൂരങ്ങാടി

2020 ഡിസംബര്‍ 12 1442 റബീഉല്‍ ആഖിര്‍ 27

(ഇന്ത്യയുടെ ഭാഷാചരിത്രവും വിദ്യാഭ്യാസനയത്തിന്റെ ഭാഷാപഠന അജണ്ടകളും: 2)

ദ്രാവിഢ ഭാഷകളോടും ഒഡിയയോടും മൃദുസമീപനം സ്വീകരിക്കുമ്പോള്‍ തന്നെ, ഇന്ത്യയില്‍ രൂപം കൊണ്ടതും ഒട്ടനവധി വൈജ്ഞാനികവും സാഹിത്യസമ്പുഷ്ഠവുമായ ഗ്രന്ഥങ്ങള്‍കൊണ്ട് ധന്യമായതും കോടിക്കണക്കിനു മുസ്‌ലിംകളുടെ വ്യവഹാര ഭാഷയുമായ ഉറുദു ഭാഷയെക്കുറിച്ച് നയരേഖ മൗനം പാലിക്കുന്നത് ന്യൂനപക്ഷ വിഭാഗങ്ങളില്‍ വലിയ ആശങ്കയാണ് ഉണ്ടാക്കുന്നത്. മറ്റു ഭാഷാവിഭാഗങ്ങളുടെ പിന്തുണയോടെ ഇന്ത്യയിലെ മുസ്‌ലിം ന്യൂനപക്ഷത്തിന്റെ ആത്മാവെന്ന് വിശേഷിപ്പിക്കാവുന്ന ഉറുദു ഭാഷയെ പൂര്‍ണമായും ഒറ്റപ്പെടുത്തി നശിപ്പിക്കാനുള്ള പദ്ധതിയാണ് നയരേഖയില്‍ പ്രകടമാകുന്നത്. ഒട്ടേറെ ചരിത്രപ്രാധാന്യമുള്ളതും മികച്ച സാഹിത്യപാരമ്പര്യമുള്ളതൂമായ ഈ ഭാഷയോടുള്ള അനീതികൂടിയാണ് നയരേഖയില്‍ പ്രകടമാകുന്നത്. ഇന്ത്യയുടെസ്വാതന്ത്ര്യലബ്ധിക്കു മുമ്പ് ഹിന്ദുവരേണ്യവര്‍ഗം ഉറുദു ഭാഷയോടു കൈക്കൊണ്ട സമീപനങ്ങളുടെ ആവര്‍ത്തനമായേ ഇതിനെ നമുക്ക് കാണാനാവൂ. ഉത്തരേന്ത്യയിലെ ന്യൂനപക്ഷ വിഭാഗങ്ങളിലെ ബഹുഭൂരിഭാഗവും മതപഠനത്തിനെന്നപോലെ തങ്ങളുടെ ഭൗതികവിദ്യാഭ്യാസത്തിന് പൂര്‍ണമായും ആശ്രയിക്കുന്നത് മദ്‌റസകളെയാണ്. ഉന്നത കലാലയങ്ങളില്‍ എത്തിച്ചേരുന്നതിനുള്ള സാമൂഹ്യസാഹചര്യങ്ങള്‍ അവിടുത്തെ ന്യൂനപക്ഷങ്ങള്‍ക്കില്ല എന്ന കാര്യം രജീന്ദര്‍ സച്ചാര്‍ കമ്മീഷന്‍ വളരെ വ്യകതമായി പ്രതിപാദിച്ചിട്ടുണ്ട്. ഈ വിഭാഗത്തിന്റെ പഠനമീഡിയമാകട്ടെ, ഉറുദുവുമാണ്. അതുകൊണ്ടുതന്നെ ഉറുദുഭാഷ പഠിക്കുവാനും അതിലൂടെ ഭൗതികപഠനം മെച്ചപ്പെടുത്തുവാനുമുള്ള അവസരങ്ങള്‍ വിദ്യാഭ്യാസപരമായി പിന്നാക്കം നില്‍ക്കുന്ന ഈ വിഭാഗങ്ങള്‍ക്ക് ബോധപൂര്‍വം ഒരുക്കി നല്‍കേണ്ടത് ഭരണകൂടത്തിന്റെ ബാധ്യതയാണ്.

എന്നാല്‍ ഈ ബാധ്യത നിറവേറ്റുന്നതിനുള്ള നിര്‍ദേശങ്ങളൊന്നും വിദ്യാഭ്യാസനയത്തിലില്ല. ബ്രിട്ടീഷ് ഭരണകാലത്തും സ്വാതന്ത്ര്യാനന്തര ഇന്ത്യയിലും മദ്‌റസാപഠനം മെച്ചപ്പെടുത്തുന്നതിനായി നടപ്പിലാക്കിയിരുന്ന ബൃഹത്തായ പഠനപ്രോത്സാഹന പദ്ധതികളൊന്നുംതന്നെ ഈ നയരേഖ ചര്‍ച്ചചെയ്യുകയോ ഏതെങ്കിലും പുതിയ പദ്ധതികള്‍ ആവിഷ്‌കരിക്കുകയോ ചെയ്തില്ല എന്നത് വിദ്യാഭ്യാസരംഗത്ത് ഏറെ പിന്നാക്കം നില്‍ക്കുന്ന ഈ വിഭാഗത്തെ ആ അവസ്ഥയില്‍തന്നെ തളച്ചിടുവാന്‍ മാത്രമെ ഉപകരിക്കൂ. നയരേഖയുടെ കരടില്‍ ഉത്തരേന്ത്യയിലെ മുസ്‌ലിം ന്യൂനപക്ഷം ആശ്രയിക്കുന്ന മ്ദറസവിദ്യാഭ്യാസത്തെ പ്രോത്സാഹിപ്പിക്കേണ്ടതിന്റെ ആവശ്യകത പരാമര്‍ശിച്ചിരുന്നുവെങ്കിലും നയരേഖ പുറത്തുവന്നപ്പോള്‍ അവ അപ്രത്യക്ഷമായത് സംഘ്പരിവാര്‍ ഇടപെടലുകളുടെ ഭാഗമായിത്തന്നെയാവണം. ഉറുദുവിനോട് നയരേഖ കാണിക്കുന്ന അവജ്ഞയും അത്തരമൊരു അജണ്ടയുടെ ഭാഗംതന്നെയാണെന്ന് വിശ്വസിക്കാനേ നിര്‍വാഹമുള്ളൂ.

സംസ്‌കൃതത്തിന് പിന്തുണ നല്‍കുന്ന സംസ്ഥാനങ്ങളില്‍ ഇപ്പോള്‍ ഉപയോഗിച്ചുവരുന്ന ഭാഷകളെ ക്കുറിച്ച് നയരേഖ തന്ത്രപരമായ മൗനം പാലിക്കുന്നതും ശ്രദ്ധേയമാണ്. ഉറുദുവിനെക്കുറിച്ച് മൗനം പാലി ക്കുന്നതെന്ത് എന്ന ചോദ്യത്തിന് ഗുജറാത്തി, മറാത്തി തുടങ്ങിയ ഭാഷകളെക്കുറിച്ചും പരാമര്‍ശമില്ലല്ലോ എന്നു മറുപടി പറയാനുള്ള അവസരവും നയ രേഖതന്ത്രപൂര്‍വം ഒരുക്കിവെച്ചിട്ടുണ്ട്. അതോടൊപ്പം സംസ്‌കൃതത്തെ മാത്രമല്ല മറ്റു ക്ലാസിക്കല്‍ ഭാഷകളെയും പരിഗണിച്ചുവെന്ന് വരുത്തിത്തീര്‍ക്കാനും നയരേഖ ശ്രമിച്ചിട്ടുണ്ട്. അതിന്റെ ഭാഗമായാണ് പാലി, പേര്‍ഷ്യന്‍, പ്രാകൃത് എന്നീ ഭാഷകള്‍ നയരേഖയുടെ ഭാഷാപഠനത്തില്‍ ഇടംപിടിച്ചത്. സെക്കണ്ടറി തലത്തില്‍ ഇംഗ്ലീഷ്. കൊറിയന്‍, ജാപ്പാനീസ്, തായ്, ഫ്രഞ്ച്, ജര്‍മന്‍, സ്പാനിഷ്, പോര്‍ച്ചുഗീസ്, റഷ്യന്‍ തുടങ്ങിയ ഭാഷകള്‍ പ്രോത്സാഹിപ്പിക്കാന്‍ നയരേഖയില്‍ നിര്‍ദേശമുണ്ട്.(6)

അറബിഭാഷയെ അവഗണിക്കുന്നു

എന്നാല്‍ കാലങ്ങളായി ഇന്ത്യയിലെ സ്‌കൂളുകളിലും സര്‍വകലാശാലകളിലും പഠിപ്പിച്ചുകൊണ്ടിരിക്കുന്നതും ലോകജനസംഖ്യയില്‍ നാലാംസ്ഥാനത്തു നില്‍ക്കുന്നതും വലിയൊരുവിഭാഗം ഇന്ത്യക്കാര്‍ തൊഴിലിന്റെ ഭാഗമായി ഉപയോഗിക്കുന്നതുമായ അറബിഭാഷയെക്കുറിച്ച് നയരേഖയില്‍ പരാമര്‍ശമില്ല എന്നത് അങ്ങേയറ്റം ഖേദകരമാണ്. വലിയൊരു വിഭാഗം ഇന്ത്യക്കാര്‍ തൊഴിലിന്റെ ഭാഗമായി ഉപയോഗിക്കുന്ന അറബിഭാഷയെ നയരേഖ അവഗണിക്കാനുള്ള കാരണമായി നമുക്ക് കാണാന്‍ കഴിയുന്നത് ആ ഭാഷ വ്യാപകമായി ഉപയോഗിക്കുന്നത് മുസ്‌ലിംകളാണ് എന്നതുമാത്രമാണ്. ബ്രിട്ടീഷ് ഭരണകാലത്തുപോലും അറബിഭാഷയെ പ്രോത്സാഹിപ്പിക്കുന്നതിനുള്ള ശ്രമങ്ങള്‍ ഇന്ത്യാരാജ്യത്തുണ്ടായിട്ടുണ്ട് എന്ന കാര്യം പരിഗണിക്കുമ്പോള്‍ ഇന്നത്തെ ഭരണകൂടം എത്രമാത്രം അസഹിഷ്ണുതയോടുകൂടിയാണ് അറബി ഭാഷയെ കാണുന്നത് എന്ന് വ്യക്തമാകുന്നു. 1781ല്‍ ഒന്നാമത്തെ ബ്രിട്ടീഷ് ഗവര്‍ണര്‍ ജനറലായിരുന്ന വാറന്‍ഹേസ്റ്റിംഗ്‌സ് അറബിഭാഷയെ പ്രോത്സാഹിപ്പിക്കുന്നതിനുവേണ്ടി കല്‍ക്കത്തയില്‍ ഒരു മദ്‌റസ സ്ഥാപിച്ച കാര്യം ഇത്തരുണത്തില്‍ നാം ഓര്‍ക്കേണ്ടതാണ്. ഇംഗ്ലീഷ്, കൊറിയന്‍, ജാപ്പാനീസ്, തായ്, ഫ്രഞ്ച്, ജര്‍മന്‍, സ്പാനിഷ്, പോര്‍ച്ചുഗീസ്, റഷ്യന്‍ തുടങ്ങിയ ഭാഷകള്‍ക്ക് നയരേഖ പ്രാധാന്യം കല്‍പിക്കുമ്പോള്‍ ആ ഭാഷകളുടെ ഗുണഭോക്താക്കളുടെ എണ്ണംകൂടി നാം പഠനവിധേയമാക്കേണ്ടതുണ്ട്. വിവിധ രാഷ്ട്രങ്ങളില്‍ അധിവസിക്കുന്ന ഇന്ത്യക്കാരുടെ എണ്ണം പരിശോധിച്ചാല്‍ എത്രമാത്രം അവഗണനയാണ് അറബിഭാഷയോട് നയരേഖ വെച്ചുപുലര്‍ത്തുന്നത് എന്ന് കാണാന്‍ കഴിയും. ജപ്പാന്‍, സ്‌പെയിന്‍, തെക്കന്‍ കൊറിയ, റഷ്യ എന്നീ രാഷ്ട്രങ്ങളില്‍ മുപ്പതിനായിരത്തില്‍ താഴെ മാത്രമാണ് ഇന്ത്യക്കാരുള്ളത്. ഫ്രാന്‍സിലും പോര്‍ച്ചുഗലിലും അധിവസിക്കുന്ന ഇന്ത്യക്കാരുടെ എണ്ണം എഴുപതിനായിരത്തില്‍ താഴെയാണ്. ജര്‍മനിയിലാകട്ടെ ഒന്നേമുക്കാല്‍ ലക്ഷത്തില്‍ താഴെയാണ്. എന്നാല്‍ അറബ് രാജ്യങ്ങളില്‍ മാത്രം പ്രവാസികളായി ഇപ്പോള്‍ നിലവിലുള്ളത് എണ്‍പത്തി അഞ്ചു ലക്ഷം ഇന്ത്യക്കാരാണ്.  പ്രവാസികളില്‍ മഹാഭൂരിപക്ഷം ഉപയോഗിക്കുന്ന ഭാഷയായിട്ടും ആ ഭാഷയെ നയരേഖ അവഗണിച്ചത് അത് നടപ്പിലാക്കാന്‍ ശ്രമിക്കുന്നവരില്‍ കുടിയിരുത്തപ്പെട്ട അസഹിഷ്ണുതയുടെ പ്രതിഫലനമല്ലാതെ മറ്റൊന്നുമല്ല.

മേല്‍പറഞ്ഞ ഭാഷകളെ പ്രോത്സാഹിപ്പിക്കുന്നതിനെക്കാള്‍ ഇന്ത്യക്കാരെ സംബന്ധിച്ചേടത്തോളം ഏറെ പ്രയോജനം ചെയ്യുക അറബിഭാഷയുടെ പഠനമായിരിക്കും എന്നത് മുകളിലുദ്ധരിച്ച കണക്കുകളില്‍ നിന്നും ബോധ്യമാകും. മറ്റു ഭാഷകളില്‍നിന്നും ഇന്ത്യയിലേക്ക് ഇറക്കുമതി ചെയ്യേണ്ട ഗ്രന്ഥങ്ങളുടെ പട്ടികയില്‍ ജൂതരാഷ്ട്രമായ ഇസ്രായേലിന്റെ ഔദേ്യാഗിക ഭാഷയായ ഹിബ്രുവിനെപ്പോലും ഉള്‍പ്പെടുത്തിയ നയരേഖ(7) അറബിഭാഷയെ എല്ലാ തലങ്ങളില്‍നിന്നും ഒഴിവാക്കിയത് ഇസ്‌ലാം വിരുദ്ധതയെ ശക്തിപ്പെടുത്താനും ആ ഭാഷയെ സ്‌നേഹിക്കുന്നവരെ അവഗണിക്കാനും വേണ്ടിയാണ് എങ്കില്‍ അത് ഒരു ജനാധിപത്യ രാജ്യത്തിന്റെ എല്ലാ അടിസ്ഥാനമൂല്യങ്ങളെയും തകര്‍ത്തുകളയുന്നതാണ്.

ചുരുക്കത്തില്‍, ഇന്ത്യയിലെ ജാതിഹിന്ദുക്കള്‍ മറ്റു സംസ്‌കാരങ്ങളോടും ഭാഷകളോടും പുലര്‍ത്തിവന്ന അസഹിഷ്ണുതയുടെ പ്രതിഫലനമാണ് ദേശീയ വിദ്യാഭ്യാസനയത്തിലും പ്രകടമാകുന്നത്. കീഴാളരോടും തങ്ങളല്ലാത്ത ഇതര സമൂഹങ്ങളോടും എക്കാലത്തും 'വെറുപ്പ് സൃഷ്ടിക്കുക' എന്നത് ജീവിത പദ്ധതിയായി സ്വീകരിച്ചവര്‍ക്ക് ഇന്ത്യാരാജ്യത്തെ മുഴുവന്‍ ജനവിഭാഗങ്ങളെയും ഉള്‍ക്കൊള്ളാന്‍ കഴിയുന്ന ഒരു നയം രൂപീകരിക്കാന്‍ മനസ്സുവരില്ല. അതുകൊണ്ടാണ് ഇന്ത്യയുടെ ഭരണഘടനാ ശില്‍പി ഡോ.ബി.ആര്‍.അംബേദ്കര്‍ ഇപ്രകാരം പറഞ്ഞത്: 'പ്രഭാഷണവും പ്രവര്‍ത്തനവും തമ്മില്‍ യാതൊരു ബന്ധവും പുലര്‍ത്താത്ത ദ്രോഹബുദ്ധികളുടെ കൂട്ടത്തില്‍ (ജാതി) ഹിന്ദുക്കളെ ഉള്‍പ്പെടുത്താം. അവരുടെ നാവില്‍ രാമനും കക്ഷത്തില്‍ കഠാരയുമാണ്. അവര്‍ ദിവ്യന്‍മാരെപ്പോലെ സംസാരിക്കുകയും കശാപ്പുകാരെപ്പോലെ പ്രവര്‍ത്തിക്കുകയും ചെയ്യും.'

Ref:

6. In addition to high qualtiy offerings in Indian languages and English, foreign languages, such as Korean, Japanese, Thai, French,German, Spanish, Portuguese, and Russian, will also be offered at the secondary level, for students to learn about the cultures of the world and to enrich their global knowledge and mobility according to their own interests and aspirations. (NEP: Page 15).

7. Enabling such learning materials, print materials, and translations of important materials from world languages, and constantly updating vocabularies, are carried out by countries around the world for languages such as English, French,

German, Hebrew, Korean, and Japanese. (NEP: Page 54).