അല്ലാഹുവിന്റെ നാമ, ഗുണ വിശേഷണങ്ങള്‍: അഹ്‌ലുസ്സുന്നയുടെ നിലപാട്

ശൈഖ് മുഹമ്മദുബ്‌നു സ്വാലിഹുബ്‌നു ഉഥൈമീന്‍

2020 ജനുവരി 11 1441 ജുമാദല്‍ അവ്വല്‍ 16

പ്രവൃത്തിയിലും വിശ്വാസത്തിലും നബി(സ)യുടെ സുന്നത്തിനെ പ്രത്യക്ഷവും പരോക്ഷവുമായ നിലയില്‍ സ്വീകരിക്കുന്നതില്‍ ഐക്യപ്പെട്ടവരാണ് അഹ്‌ലുസ്സുന്നത്തി വല്‍ജമാഅ.

അല്ലാഹുവിന്റെ നാമ, വിശേഷണങ്ങളില്‍ അഹ്‌ലുസ്സുന്നത്തി വല്‍ജമാഅത്തിന്റെ വിശ്വാസം താഴെ വരും പ്രകാരമാണ്.

ഒന്ന്) സ്ഥിരീകരണം: അതായത് അല്ലാഹു അവന്റെ ഗ്രന്ഥത്തിലോ അല്ലെങ്കില്‍ അവന്റെ പ്രവാചകന്റെ നാവിലൂടെയോ തനിക്ക് ഉള്ളതായി സ്ഥിരീകരിച്ചവ തദനുസാരം അതില്‍ വ്യാഖ്യാനങ്ങളോ നിരാകരണമോ രൂപസങ്കല്‍പമോ സാദൃശ്യപ്പെടുത്തലോ കൂടാതെ സ്ഥിരീകരിക്കുക.

രണ്ട്) നിഷേധം: അതായത് അല്ലാഹു അവന്റെ ഗ്രന്ഥത്തിലോ അല്ലെങ്കില്‍ അവന്റെ പ്രവാചകന്റെ നാവിലൂടെയോ തന്റെമേല്‍ നിഷിദ്ധമായ നിഷേധ ഗുണങ്ങളെ നിഷേധിക്കുക. അതോടൊപ്പം അല്ലാഹുവിന് നിഷിദ്ധമായ നിഷേധ ഗുണങ്ങള്‍ക്ക് എതിരായ ഗുണങ്ങളാണ് അല്ലാഹുവിനുള്ളത് എന്ന് വിശ്വസിക്കുകയും ചെയ്യുക.

മൂന്ന്) പ്രമാണങ്ങളിലൂടെ അല്ലാഹുവിന് സ്ഥിരീകരി ക്കപ്പെടുകയോ നിഷേധിക്കപ്പെടുകയോ ചെയ്തിട്ടി ല്ലാത്ത ദേഹം, സ്ഥലം, ഭാഗം തുടങ്ങി ജനങ്ങള്‍ വിയോജിച്ചിട്ടുള്ളവ സ്ഥിരീകരിക്കുകയോ നിഷേധിക്കുകയോ ചെയ്യാതെ വിട്ടുനില്‍ക്കുക. എന്നാല്‍ അവയുടെ അര്‍ഥത്തെക്കുറിച്ച് വിശദീകരണം തേടുകയും അങ്ങനെ അല്ലാഹുവിന്റെ പരിശുദ്ധിക്ക് യോജിക്കാത്ത, അയാഥാര്‍ഥ്യമാണ് അത് കൊണ്ട് ഉദ്ദേശിക്കപ്പെടുന്നതെങ്കില്‍ അത് തള്ളപ്പെടുന്നതാണ്. അതല്ല അല്ലാഹുവിന് യോജിക്കുന്ന ആശയമാണെങ്കില്‍ അത് സ്വീകരിക്കുകയും ചെയ്യും.

ഇതാണ് നിര്‍ബന്ധമായും സ്വീകരിക്കേണ്ട മാര്‍ഗം. ഇത് അവയെ നിരാകരിക്കുന്നവരുടെയും സാദൃശ്യപ്പെടുന്നവരുടെയും ഇടയിലുള്ള മിതമായ അഭിപ്രായം കൂടിയാകുന്നു.

ഈ മാര്‍ഗം സ്വീകരിക്കല്‍ നിര്‍ബന്ധമാണെന്ന് ബുദ്ധിയും പ്രമാണവും സമ്മതിക്കുന്നു. അല്ലാഹുവിന് അനിവാര്യവും അനുവദനീയവും അസംഭവ്യവുമായ കാര്യങ്ങളിലെ വിശദീകരണം പ്രമാണം കൊണ്ടല്ലാതെ അറിയാന്‍ സാധ്യമല്ല.

അപ്പോള്‍ പ്രമാണത്തെ പിന്‍പറ്റിക്കൊണ്ട്, ഉള്ളതായി സ്ഥിരീകരിച്ചവയെ സ്ഥിരീകരിക്കുകയും നിഷിദ്ധമായ നിഷേധഗുണങ്ങളെ നിഷേധിക്കുകയും മൗനം പാലിച്ചതില്‍ മൗനമവലംബിക്കുകയും ചെയ്യല്‍ നിര്‍ബന്ധമാകുന്നു. അല്ലാഹു പറയുന്നു:

''അല്ലാഹുവിന് ഏറ്റവും നല്ല പേരുകളുണ്ട്. അതിനാല്‍ ആ പേരുകളില്‍ അവനെ നിങ്ങള്‍ വിളിച്ചുകൊള്ളുക. അവന്റെ പേരുകളില്‍ കൃത്രിമം കാണിക്കുന്നവരെ നിങ്ങള്‍ വിട്ടുകളയുക. അവര്‍ ചെയ്തുവരുന്നതിന്റെ ഫലം അവര്‍ക്കു വഴിയെ നല്‍കപ്പെടും'' (അല്‍അഅ്‌റാഫ്: 180).

ഈ വചനം അല്ലാഹുവിന്റെ നാമ വിശേഷണങ്ങളെ വ്യാഖ്യാനങ്ങളോ, നിരാകരണമോ കൂടാതെ സ്ഥിരീകരിക്കല്‍ നിര്‍ബന്ധമാണെന്ന് അറിയിക്കുന്നു. കാരണം അത് രണ്ടും കൃത്രിമം കാണിക്കലാകുന്നു.

''അവനു തുല്യമായി യാതൊന്നുമില്ല. അവന്‍ എല്ലാം കാണുന്നവനും കേള്‍ക്കുന്നവനുമാകുന്നു'' (അശ്ശൂറാ: 11).

അല്ലാഹുവിന്റെ നാമ വിശേഷണങ്ങളെ സാദൃശ്യപ്പെടുത്തല്‍ കൂടാതെ സ്ഥിരീകരിക്കല്‍ നിര്‍ബന്ധമാണെന്ന് ഈ സൂക്തം അറിയിക്കുന്നു.

''നിനക്ക് അറിവില്ലാത്ത യാതൊരു കാര്യത്തിന്റെയും പിന്നാലെ നീ പോകരുത്'' (അല്‍ഇസ്‌റാഅ്: 36).

അല്ലാഹുവിന്റെ നാമ,വിശേഷണങ്ങളെ രൂപസങ്കല്‍പമില്ലാതെ സ്ഥിരീകരിക്കുകയും അപ്രകാരം അല്ലാഹുവിന് സ്ഥിരീകരിക്കപ്പെടുകയോ നിഷേധിക്കപ്പെടുകയോ ചെയ്തിട്ടില്ലാത്തവയില്‍ സ്ഥിരീകരിക്കുകയോ നിഷേധിക്കുകയോ ചെയ്യാതെ വിട്ടുനില്‍ക്കുകയും ചെയ്യല്‍ നിര്‍ബന്ധമാണെന്ന് അറിയിക്കുന്നു.

ഇങ്ങനെ അല്ലാഹുവിന് സ്ഥിരപ്പെട്ട എല്ലാ ഗുണങ്ങളും സ്തുതിക്കപ്പെടുകയും പുകഴ്ത്തപ്പെടുകയും ചെയ്യുന്ന പരിപൂര്‍ണമായ ഗുണങ്ങളാകുന്നു. യാതൊരുവിധത്തിലുള്ള ന്യൂനതകളും അവയ്ക്കില്ല. എന്നിരിക്കെ അല്ലാഹുവിന് സ്ഥിരപ്പെട്ട പരിപൂര്‍ണമായ എല്ലാ ഗുണങ്ങളും എല്ലാ വിധത്തിലും പരിപൂര്‍ണമായത് തന്നെയാണ്.

അപ്രകാരം അല്ലാഹു അവന്ന് ഇല്ല എന്നറിയിച്ച എല്ലാ നിഷേധഗുണങ്ങളും അല്ലാഹുവിന്ന് നിര്‍ബന്ധമായും ഉണ്ടാകേണ്ട ഗുണങ്ങള്‍ക്ക് എതിരാകുന്നതാണ്. എല്ലാ സല്‍ഗുണങ്ങളിലും അല്ലാഹു പരിപൂര്‍ണനായിരിക്കെ ന്യൂനതകളടങ്ങിയ ഗുണങ്ങളും അവന്ന് അസംഭവ്യമാകുന്നു. അതുപോലെ അല്ലാഹു അവന്ന് ഏതൊന്ന് നിഷിദ്ധമാക്കുന്നുവെങ്കില്‍ അല്ലാഹുവിന്ന് നിഷിദ്ധമായ ആ നിഷേധ ഗുണം ഇല്ലെന്ന് അംഗീകരിക്കുന്നതോടൊപ്പം അല്ലാഹുവിന് നിഷിദ്ധമായ ആ നിഷേധഗുണത്തിന് എതിരായ ഗുണങ്ങളെ പരിപൂര്‍ണമായും സ്ഥീകരിക്കല്‍  കൂടിയാകുന്നു. എന്തുകൊണ്ടെന്നാല്‍ പ്രശംസനീയമായ ഒരു ഗുണം സ്ഥിരീകരിക്കാതെ നിഷേധഗുണം മാത്രം പരിപൂര്‍ണതയെ കുറിക്കുകയില്ല. കാരണം ചിലപ്പോള്‍ അശക്തത അതിന് കാരണമാകുന്നു. ഒരു കവിയുടെ വാക്കുകള്‍ നോക്കൂ:

''വഞ്ചന കാണിക്കാത്ത ഒരു ഗോത്രം! അവര്‍ ജനങ്ങളോട് ഒരു  കടുക് മണിയോളവും അനീതി പ്രവര്‍ത്തിക്കുന്നുമില്ല.''

ആ ഗോത്രത്തിന് ശത്രുക്കളെ എതിര്‍ക്കുവാനുള്ള ശേഷിയില്ലാത്തതിനെ കവി നിന്ദിച്ചു പാടിയതാണിത്.

അല്ലാഹു അവന്ന് നിഷിദ്ധമാക്കിയ ഗുണങ്ങളില്‍ പെട്ടതാണല്ലോ 'അക്രമം പ്രവര്‍ത്തിക്കല്‍'. അതായത് അക്രമം പ്രവര്‍ത്തിക്കുക എന്ന നിഷേധഗുണം നിഷേധിക്കുന്നതോടൊപ്പം അതിന്റെ എതിര്‍ഗുണമായ നീതിപാലനം പരിപൂര്‍ണമായും സ്ഥിരീകരിക്കുകകൂടി ചെയ്യുന്നു. അല്ലാഹു അവന്ന് നിഷിദ്ധമാക്കിയ ഗുണങ്ങളില്‍ പെട്ടതാണ് 'ക്ഷീണമുണ്ടാവുക' എന്നത്. എന്നുവെച്ചാല്‍ 'ക്ഷീണം ഉണ്ടാവുക' എന്ന നിഷേധ ഗുണം നിഷേധിക്കുന്നതോടൊപ്പം അതിന്റെ എതിര്‍ഗുണമായ ശക്തി പരിപൂര്‍ണമായും സ്ഥിരീകരിക്കുകകൂടി ചെയ്യുന്നു. ഇങ്ങനെയാണ് എല്ലാ നിഷേധഗുണങ്ങളെയും നിഷേധിക്കേണ്ടത്.

അത്തഹ്‌രീഫ്

ഭാഷാപരമായി മാറ്റംവരുത്തല്‍ എന്നാണിതിന്നര്‍ഥം. അടിസ്ഥാന പദത്തിലോ അര്‍ഥത്തിലോ മാറ്റംവരുത്തുക, വ്യാഖ്യാനിക്കുക എന്നതാണ് സാങ്കേതികാര്‍ഥം. പദപരമായ മാറ്റത്തോടൊപ്പം അര്‍ഥം വ്യത്യാസപ്പെടുകയും അല്ലാതെയുമിരിക്കും. ഇത് മൂന്ന് ഇനമാകുന്നു:

1. പദത്തെ മാറ്റുന്നതോടൊപ്പം അര്‍ഥം മാറുന്നവ:

ഉദാഹരണം: ''മൂസായോട് അല്ലാഹു നേരിട്ട് സംസാരിക്കുകയും ചെയ്തു'' (അന്നിസാഅ്:164) എന്ന ആയത്തിലെ 'അല്ലാഹു' എന്നതിന് ഉകാരത്തിന് പകരം 'അല്ലാഹ' എന്ന് ചിലര്‍ 'അ'കാരം കൊടുക്കുന്നത് പോലെ. ഇത് മുഖേന ആയത്തിന്റെ അര്‍ഥം അല്ലാഹുവോട് മൂസാ നേരിട്ട് സംസാരിക്കുകയും ചെയ്തുവെന്നായി മാറും.

2. പദത്തെ മാറ്റുന്നതോടൊപ്പം അര്‍ഥത്തില്‍ മാറ്റം വരാത്തവ:

ഉദാഹരണം: ''സ്തുതി സര്‍വലോക പരിപാലകനായ അല്ലാഹു വിന്നാകുന്നു'' (അല്‍ഫാതിഹ:2) എന്ന ആയത്തിലെ 'അല്‍ഹംദു' എന്നതിന് 'ഉ'കാരത്തിന് പകരം 'അല്‍ഹംദ' എന്ന് അകാരം കൊടുക്കുന്നത് പോലെ. ഇതുകൊണ്ട് ആയത്തിന്റെ അര്‍ഥം മാറുകയില്ല. അജ്ഞതയില്‍ നിന്നാണ് സാധാരണ ഇത്തരം അബദ്ധങ്ങള്‍ ഉണ്ടാകുക. ഇതുകൊണ്ട് അവര്‍ക്ക് പ്രത്യേക ഉദ്ദേശ്യവും ഉണ്ടാകാറില്ല.

3. അര്‍ഥം മാറ്റുക, പ്രമാണത്തിന്റെ പിന്‍ബലമില്ലാതെ ബാഹ്യമായ അര്‍ഥത്തെ മാറ്റുക:

ഉദാഹരണം: അല്ലാഹുവിന്റെ 'ഇരുകൈകള്‍' എന്ന പ്രയോഗത്തെ ശക്തി, അനുഗ്രഹം തുടങ്ങിയ അര്‍ഥങ്ങളാക്കി മാറ്റുക.

അത്തഅ്ത്വീല്‍

ഇതിന് ഭാഷാപരമായി; ശൂന്യമാക്കുക, നിഷേധിക്കുക എന്നൊക്കെയാണര്‍ഥം. അല്ലാഹുവിന്ന് നിര്‍ബന്ധമായ നാമവിശേഷണങ്ങളെ മുഴുവനോ ഭാഗികമോ നിരാകരിക്കുക എന്നതാണ് സാങ്കേതികാര്‍ഥം.

അത്തക്‌യീഫ്

അല്ലാഹുവിന്റെ വിശേഷണങ്ങള്‍ക്ക് രൂപസങ്കല്‍പമുണ്ടാക്കുക. ഉദാഹണം: അല്ലാഹുവിന്റെ കയ്യിന് രൂപസങ്കല്‍പമുണ്ടാക്കുക, അല്ലാഹു ഒന്നാനാകാശത്തേക്ക് ഇറങ്ങുന്നതും കയറുന്നതും ഇന്നിന്നപ്രകാരമാണെന്ന് സങ്കല്‍പിക്കുക. ഇതൊക്കെ അതിന് ഉദാഹരണങ്ങളാണ്. നമുക്ക് പരിചയമുള്ള ഇറക്കമോ കയറ്റമോ അല്ലാഹുവിന് സങ്കല്‍പിച്ചുകൂടാ.

അത്തംഥീലു വത്തശ്ബീഹ്

ഒന്നിന് തുല്യമായി മറ്റൊന്നിനെ സ്ഥിരീകരിക്കുന്നതിനാണ് 'അത്തംഥീല്‍' എന്ന് പറയുക. ഒരു വസ്തുവിന് സാദൃശ്യമായത് സ്ഥാപിക്കുന്നതിന് 'തശ്ബീഹ്' എന്ന് പറയുന്നു.

തുല്യപ്പെടുത്തുക എന്നാല്‍ എല്ലാ നിലയ്ക്കും സമപ്പെടുത്തലാകുന്നു. സാദൃശ്യപ്പെടുത്തുക എന്നത് കൂടുതല്‍ ഗുണങ്ങളിലും സമപ്പെടുത്തലാകുന്നു. ഇവ പരസ്പരം ഒന്ന് മറ്റൊന്നായി പൊതുവെ പറയപ്പെടാറുണ്ട്. ഇവ രണ്ടിന്റെയും രൂപസങ്കല്‍പത്തിന്റെയും ഇടയില്‍ രണ്ടു നിലയ്ക്കുള്ള വ്യത്യാസങ്ങ ളാണുള്ളത്.

ഒന്ന്: ഒരു വസ്തുവിന്റെ രൂപത്തെ സോപാധികമോ നിരുപാധികമോ വിവരിക്കലാണ് രൂപ സങ്കല്‍പമെന്നത്. എന്നാല്‍ തുല്യപ്പെടുത്തപ്പെടുന്നതും സാദൃശ്യപ്പെടുത്തപ്പെടുന്നതുമായ വസ്തുവിനോട് നിരുപാധികമായി അറിയിക്കുന്നതാണ് തംഥീലും തശ്ബീഹും.

ഇതനുസരിച്ച് രൂപസങ്കല്‍പം സര്‍വ വ്യാപകമായതായിരിക്കും. എന്തുകൊണ്ടെന്നാല്‍ സാദൃശ്യപ്പെടുത്തപ്പെടുന്നതെല്ലാം തന്നെ രൂപം സങ്കല്‍പിക്കപ്പെട്ടതാകുന്നു. എന്നാല്‍ സങ്കല്‍പിക്കുന്നതി നെല്ലാം രൂപമുണ്ടായികൊള്ളണമെന്നില്ല.

രണ്ട്: അല്ലാഹുവിന്റെ വിശേഷണങ്ങളുമായി മാത്രം ബന്ധപ്പെട്ടതാണ് 'രൂപസങ്കല്‍പം.' എന്നാല്‍ 'തുല്യപ്പെടുത്തല്‍' ഔന്നത്യത്തിലും വിശേഷണത്തിലും സത്തയിലുമൊത്തെ ഉണ്ടാകും.  ഇതനുസരിച്ച് തുല്യപ്പെടുത്തല്‍ വ്യാപകമായതായിത്തീരുന്നു.  

സൃഷ്ടിയെ സ്രഷ്ടാവിനോട് സാദൃശ്യപ്പെടുത്തല്‍

സ്രഷ്ടാവിന് മാത്രം പ്രത്യേകമാകുന്ന പ്രവൃത്തികള്‍, അവകാശങ്ങള്‍, വിശേഷണങ്ങള്‍ തുടങ്ങിയതിലേതെങ്കിലുമൊന്നിനെ സൃഷ്ടികള്‍ക്ക് വകവെച്ചുകൊടുക്കലാണ് 'സൃഷ്ടിയെ സ്രഷ്ടാവിനോട് സാദൃശ്യപ്പെടുത്തല്‍.' ഇതിലൂടെ അല്ലാഹുവിന്റെ കൂടെ മറ്റൊരു സ്രഷ്ടാവുണ്ടെന്ന വാദം സംഭവിക്കുന്നു. അഥവാ അല്ലാഹുവിന്റെ റുബൂബിയ്യത്തില്‍ (രക്ഷാകര്‍തൃത്വത്തില്‍) പങ്കുചേര്‍ക്കലാണത്.

സ്രഷ്ടാവിനെ സൃഷ്ടിയോട് സാദൃശ്യപ്പെടുത്തല്‍

സ്രഷ്ടാവിനെ സൃഷ്ടിയോട് സാദൃശ്യപ്പെടുത്തുക എന്നത് ബഹുദൈവ വിശ്വാസികള്‍ ചെയ്യുന്നതുപോലെ വിഗ്രഹങ്ങള്‍ക്ക് ആരാധനയില്‍ പങ്കുണ്ടെന്ന് വിശ്വസിക്കുകയും അവയ്ക്ക് ആരാധനകള്‍ അര്‍പ്പിക്കുകയും ചെയ്യലാണ്.

അല്ലാഹുവിന്റെ സത്തയിലോ വിശേഷണത്തിലോ സൃഷ്ടികളുടേതുപോലുള്ളവയെ സ്ഥിരീകരിക്കുക എന്നാണ് സ്രഷ്ടാവിനെ സൃഷ്ടിയോട് സാദൃശ്യപ്പെടുത്തുക എന്നതിന്നര്‍ഥം. അല്ലാഹുവിന്റെ കൈ സൃഷ്ടികളുടെ കൈകളെപ്പോലെയാണെന്നോ, അല്ലാഹുവിന്റെ സിംഹാസനാരോഹണം സൃഷ്ടികളുടേതുപോലെയാണെന്നോ പറയുന്നത് ഇതിനുദാഹരണങ്ങളാണ്.

ആദ്യമായി സ്രഷ്ടാവിനെ സൃഷ്ടിയോട് സാദൃശ്യപ്പെടുത്തിയതായി അറിയപ്പെടുന്നത് ശിയാക്കളിലെ തീവ്രവാദികളായ റാഫിളിയാക്കളില്‍പെട്ട 'ഹിശാമുബ്‌നുല്‍ഹകം' ആണെന്ന് പറയപ്പെടുന്നു.

ഇല്‍ഹാദ് അഥവാ കൃത്രിമം കാണിക്കല്‍

'ഇല്‍ഹാദ്' എന്നാല്‍ വ്യതിയാനം എന്നാണ് ഭാഷാര്‍ഥം. വിശ്വസിക്കലോ അല്ലെങ്കില്‍ പ്രവര്‍ത്തിക്കലോ നിര്‍ബന്ധമായതില്‍ നിന്നും വ്യതിചലിക്കുക എന്നതാണ് സാങ്കേതികാര്‍ഥം.

അല്ലാഹുവിന്റെ നാമങ്ങളിലുള്ള വ്യതിചലനം

അല്ലാഹുവിന്റെ നാമങ്ങളിലുള്ള വ്യതിചലനമെന്നതിന്റെ വിവക്ഷ നിര്‍ബന്ധമായും വിശ്വസിക്കേണ്ട യാഥാര്‍ഥ്യത്തില്‍ നിന്നും ശരിയായ ആശയത്തില്‍ നിന്നും വ്യതിചലിക്കുക എന്നതാണ്. അത് നാല് ഇനങ്ങളാകുന്നു:

1. അല്ലാഹുവിന്റെ നാമ വിശേഷണങ്ങളെ നിഷേധിക്കുന്ന കക്ഷികള്‍ ചെയ്തതുപോലെ അതില്‍  ചിലതിനെ നിഷേധിക്കല്‍.

2. അല്ലാഹുവിന്റെ നാമവിശേഷണങ്ങളെ സൃഷ്ടികളുടേതിനോട് സാദൃശ്യപ്പെടുത്തുന്ന കക്ഷികള്‍ ചെയ്തതു പോലെ അതിനെ സൃഷ്ടികളുടേതിനോട് സാദൃശ്യപ്പെടുത്തല്‍.

3. ക്രിസ്ത്യാനികള്‍ അല്ലാഹുവിനെ 'പിതാവ്' എന്നും ദാര്‍ശനികര്‍ 'ആദികാരണം' എന്നുമൊക്കെവിളിക്കുന്നതുപോലെ അല്ലാഹു അവന്ന് സ്വീകരിച്ചിട്ടില്ലാത്ത നാമങ്ങള്‍ വിളിക്കല്‍. അല്ലാഹുവിന്റെ നാമങ്ങള്‍ പ്രമാണാടിസ്ഥാനത്തിലാകുന്നു. അതിനാല്‍ ഇതും വ്യതിചലനമാണ്.  

4. 'അല്‍ഇലാഹ്' എന്ന പദത്തില്‍ നിന്ന് 'അല്‍-ലാത്ത' എന്നും 'അല്‍ അസീസ്' എന്ന പദത്തില്‍ നിന്ന് 'അല്‍ഉസ്സ' എന്നും ഉരുത്തിരിച്ചെടുത്തതുപോലെ, അല്ലാഹുവിന്റെ നാമങ്ങളില്‍ നിന്ന് വിഗ്രഹങ്ങള്‍ക്ക് നാമങ്ങള്‍ ഉരുത്തിരിച്ചെടുക്കല്‍.

അല്ലാഹുവിന്റെ വചനങ്ങളിലുള്ള വ്യതിചലനം

 നിയമപരമായ വചനങ്ങളിലാണിതുണ്ടാകുക. അഥവാ പ്രവാചകന്മാര്‍ കൊണ്ടുവന്ന നിയമങ്ങളിലും വൃത്താന്തങ്ങളിലും. അപ്രകാരം അല്ലാഹു ആകാശങ്ങളിലും ഭൂമിയിലും സൃഷ്ടിച്ചതും സൃഷ്ടിക്കുന്നതുമായ സൃഷ്ടിപരമായ ദൃഷ്ടാന്തങ്ങളിലും ആളുകള്‍ കൃത്രിമത്വം കാണിക്കും.

പദമോ അര്‍ഥമോ വ്യാഖ്യാനിക്കുക, വൃത്താന്തങ്ങളെ കളവാക്കുക, നിയമങ്ങളെ ലംഘിക്കുക തുടങ്ങിയ വയാണ് നിയമപരമായ വചനങ്ങളിലുണ്ടാകുന്ന വ്യതിചലനം.

സൃഷ്ടിപരമായ ദൃഷ്ടാന്തങ്ങളില്‍ സംഭവിക്കുന്ന വ്യതിചലനം സൃഷ്ടിപ്പിനെ അല്ലാഹുവല്ലാത്തവരിലേക്ക് ചേര്‍ക്കലാകുന്നു. അല്ലെങ്കില്‍ അതില്‍ അല്ലാഹുവിന് പങ്കാളിയുണ്ടെന്നോ സഹായിയുണ്ടെന്നോ വിശ്വസിക്കല്‍. (സംക്ഷിപ്ത വിവര്‍ത്തനം)