കാരുണ്യം

അബ്ദുല്‍ ജബ്ബാര്‍ മദീനി

2020 ഏപ്രില്‍ 11 1441 ശഅബാന്‍ 18

(ഇസ്‌ലാം പഠിപ്പിക്കുന്ന ഉത്തമ സ്വഭാവങ്ങള്‍: 13)

വിശ്വാസികളുടെ ഉത്തമമായ സ്വഭാവങ്ങളിലൊന്നാണ് റഹ്മത്ത്(കാരുണ്യം). വിശ്വാസികളുടെ സ്വഭാവഗുണങ്ങള്‍ താഴെവരുന്ന വചനങ്ങളില്‍ അല്ലാഹു—എണ്ണുന്നത് ഇപ്രകാരമാണ്:

''എന്നിട്ട് ആ മലമ്പാതയില്‍ അവന്‍ തള്ളിക്കടന്നില്ല. ആ മലമ്പാത എന്താണെന്ന് നിനക്കറിയാമോ ഒരു അടിമയെ മോചിപ്പിക്കുക. അല്ലെങ്കില്‍ പട്ടിണിയുള്ള നാളില്‍ ഭക്ഷണം കൊടുക്കുക; കുടുംബബന്ധമുള്ള അനാഥയ്ക്ക്, അല്ലെങ്കില്‍ കടുത്തദാരിദ്ര്യമുള്ള സാധുവിന്. ക്ഷമ കൊണ്ടും കാരുണ്യം കൊണ്ടുംപരസ്പരം ഉപദേശിക്കുകയും ചെയ്തവരുടെ കൂട്ടത്തില്‍ അവന്‍ ആയിത്തീരുകയും ചെയ്യുക'' (ക്വുര്‍ആന്‍ 90:11-16).

''മുഹമ്മദ് അല്ലാഹുവിന്റെ റസൂലാകുന്നു. അദ്ദേഹത്തോടൊപ്പമുള്ളവര്‍ സത്യനിഷേധികളുടെ നേരെ കര്‍ക്കശമായി വര്‍ത്തിക്കുന്നവരാകുന്നു. അവര്‍ അന്യോന്യം കരുണയുള്ളവരുമാകുന്നു'' (ക്വുര്‍ആന്‍ 48:29).

പരസ്പര കാരുണ്യം വിശ്വാസികളുടെ സ്വഭാവഗുണമാണെന്ന് തിരുമൊഴികളിലും വന്നിട്ടുണ്ട്. തിരുദൂതരുടെ ഒരു വര്‍ണന നോക്കൂ. നുഅ്മാന്‍ ഇബ്‌നുബശീറി(റ)ല്‍ നിന്ന് നിവേദനം. തിരുദൂതര്‍ ﷺ  പറഞ്ഞു:

''പരസ്പര സ്‌നേഹത്തിലും വാത്‌സല്യത്തിലും കാരുണ്യത്തിലും മുസ്‌ലിംകളുടെ ഉപമ ഒരു ശരീരത്തിന്റെ ഉപമയാണ്. ശരീരത്തിലെ ഒരു അവയവം രോഗബാധിതമായി വേവലാതിപ്പെടുമ്പോള്‍ മറ്റു ശരീരാവയവങ്ങള്‍ പനിപിടിച്ചും ഉറക്കമൊഴിഞ്ഞും രോഗബാധിതമായ അവയവത്തിനു വേണ്ടി പരസ്പരം നിലകൊള്ളും'' (മുസ്‌ലിം).

അല്ലാഹു—നൂറു കരുണ പടച്ചിരിക്കുന്നുവെന്നും അവനു നൂറ് കരുണയുെണ്ടന്നും അതില്‍ ഒന്നു മാത്രമാണ് ഭൂമിയില്‍ നിശ്ചയിച്ചിരിക്കുന്നതെന്നും ഹദീഥില്‍ പ്രസ്താവനയുണ്ട്. അബൂഹുറയ്‌റ(റ)യില്‍ നിന്നുള്ള നിവേദനം:

''നിശ്ചയം അല്ലാഹു റഹ്മത്തിനെ സൃഷ്ടിച്ചനാളില്‍ നൂറ് റഹ്മത്ത് സൃഷ്ടിച്ചു. അവന്‍ തന്റെയടുക്കല്‍ തൊണ്ണൂറ്റി ഒമ്പത് റഹ്മത്തിനെ പിടിച്ചുവെച്ചു. അവന്റെ മുഴു സൃഷ്ടികളില്‍ എല്ലാവരിലേക്കും ഒരു റഹ്മത്ത് അയക്കുകയും ചെയ്തു...''(ബുഖാരി).

അല്ലാഹു—അവതരിപ്പിച്ച പ്രസ്തുത കാരുണ്യം കൊണ്ടാണ് മനുഷ്യരും ജന്തുമൃഗാദികളും മറ്റും അന്യോന്യം കരുണ കാണിക്കുന്നത് തിരുദൂതര്‍ പറഞ്ഞിട്ടുണ്ട്:

''നിശ്ചയം, അല്ലാഹുവിനു നൂറ് കാരുണ്യമുണ്ട്. അവയില്‍ നിന്ന് ഒന്ന് അവന്‍ ജിന്നുകള്‍ക്കും മനുഷ്യര്‍ക്കും മൃഗങ്ങള്‍ക്കും ഇഴജന്തുക്കള്‍ക്കും ഇടയില്‍ അവതരിപ്പിച്ചിരിക്കുന്നു. ആ കരുണകൊണ്ട് അവര്‍ അന്യോന്യം അലിവു കാണിക്കുകയും അന്യോന്യം കരുണ കാണിക്കുകയും ചെയ്യുന്നു. അതുകൊണ്ടാണ് വന്യമൃഗങ്ങള്‍ അവയുടെ കുഞ്ഞുങ്ങളോട് മയത്തില്‍ പെരുമാറുന്നത്. അല്ലാഹു—തൊണ്ണൂറ്റി ഒമ്പത് കാരുണ്യത്തെ പിന്തിപ്പിച്ചിരിക്കുന്നു. അതുകൊണ്ട് അവന്‍ തന്റെ ദാസന്മാരോട് അന്ത്യനാളില്‍ കരുണ കാണിക്കും'' (ബുഖാരി).

ഇത് പ്രസ്താവനയാണെങ്കിലും കരുണ കാണിക്കുവാനുള്ള അനുശാസന ഉള്‍കൊള്ളുന്നത് കൂടിയാണ്. കല്‍പനകള്‍ വേറെയും തിരുമൊഴികളിലുണ്ട്:

''നിങ്ങള്‍ ഭൂമിയിലുള്ളവരോട് കരുണ കാണിക്കുക. ആകാശത്തിലുള്ളവന്‍(അല്ലാഹു) നിങ്ങളോട് കരുണ കാണിക്കും'' (തുര്‍മുദി ഹസനുന്‍സ്വഹീഹെന്ന് വിശേഷിപ്പിച്ചു).

''നിങ്ങള്‍ കരുണ കാണിക്കുക; നിങ്ങള്‍ക്കു കരുണ കനിയപ്പെടും.''

പടപ്പുകളോട് കാരുണ്യത്തില്‍ വര്‍ത്തിക്കുവാനും അവര്‍ കരുണ അരുളപ്പെടുന്നവരാണെന്നും ഈ തിരുമൊഴികള്‍ അറിയിക്കുന്നു. കരുണാവാരുധിയായവനില്‍ നിന്നുള്ള കാരുണ്യവായ്പ് ദയാലുക്കള്‍ക്കും കരുണ കാണിക്കുന്നവര്‍ക്കും ആണെന്നറിയിക്കുന്ന മറ്റു ചില തിരുമൊഴികള്‍:

''നിശ്ചയം തന്റെ ദാസന്മാരില്‍ കരുണയുള്ളവരില്‍ മാത്രമാണ് അല്ലാഹു കരുണ്യം ചൊരിയുന്നത്'' (ബുഖാരി, മുസ്‌ലിം).

''കരുണ കാണിക്കാത്തവര്‍ക്ക് കരുണ നല്‍കപ്പെടുകയില്ല''(ബുഖാരി, മുസ്‌ലിം).

''കരുണ കാണിക്കുന്നവരോട് കരുണാവാരുധിയായവന്‍ കരുണകാണിക്കും...'' (സുനനുത്തുര്‍മുദി. അല്‍ബാനി സ്വഹീഹെന്ന് വിശേഷിപ്പിച്ചു).

ദയാവായ്പിന്റെയും കാരുണ്യപെരുമാറ്റത്തിന്റെയും മഹത്ത്വങ്ങളറിയിക്കുന്ന മറ്റു ചില തിരുമൊഴികള്‍ കൂടി ചുവടെ നല്‍കുന്നു.

അബൂഹുറയ്‌റ(റ)യില്‍ നിന്നും നിവേദനം. തിരുദൂതര്‍ ﷺ  പറഞ്ഞു: ''ഒരു നായ ദാഹം കാരണം മണ്ണു തിന്നുന്നത് ഒരാള്‍ കണ്ടു. അയാള്‍ തന്റെ പാദരക്ഷ ഊരി അതിന്റെ ദാഹം തീരുന്നതു വരെവെള്ളം കോരിക്കൊടുത്തു. അല്ലാഹു അയാളോട് നന്ദി കാണിച്ചു, അയാളെ സ്വര്‍ഗത്തില്‍ പ്രവേശിപ്പിച്ചു'' (ബുഖാരി).

ഇയാദ്വ് ഇബ്‌നു ഹിമാറി(റ)ല്‍ നിന്ന് നിവേദനം. അല്ലാഹുവിന്റെ റസൂല്‍ പറഞ്ഞു:

''സ്വര്‍ഗാര്‍ഹര്‍ മൂന്നു വിഭാഗമാണ്. നീതിമാനും ധര്‍മിഷ്ഠനും അനുഗൃഹീതനുമായ ഭരണാധികാരി, എല്ലാ അടുത്ത ബന്ധുക്കളോടും മുസ്‌ലിമിനോടും കാരുണ്യവാനും ലോലഹൃദയനുമായ വ്യക്തി, പതിവ്രതനും ചാരിത്രശുദ്ധിയില്‍ തന്റെ കുടുംബത്തെ വളര്‍ത്തുന്നവനും കുടുംബഭാരമുള്ളവനും'' (മുസ്‌ലിം).

കാരുണ്യവും ദയയും കാണിക്കാത്തവര്‍ മുസ്‌ലിംകളുടെ ഗണത്തില്‍ പെട്ടവനെല്ലന്ന് തിരുമൊഴിയുണ്ട്.കരുണ കാണിക്കാതിരിക്കല്‍ വന്‍പാപമാണെന്ന് ഇത്തരം ഹദീഥുകള്‍ അറിയിക്കുന്നു. ഇബ്‌നുഅബ്ബാസി(റ)ല്‍ നിന്നും നിവേദനം:

''നമ്മിലെ വലിയവരെ ആദരിക്കാത്തവനും ചെറിയവരോട് കരുണ കാണിക്കാത്തവനും നമ്മില്‍പെട്ടവനല്ല'' (മുസ്‌നദുഅഹ്മദ്. അര്‍നാഈത്വ് സ്വഹീഹെന്ന് വിശേഷിപ്പിച്ചു).

വിഷയത്തിന്റെ ഗൗരവമറിയിക്കുന്ന മറ്റൊരു തിരുമൊഴി ഇപ്രകാരമാണ്: ''ദൗര്‍ഭാഗ്യവാനില്‍ നിന്നല്ലാതെ കാരുണ്യം ഊരിയെടുക്കപ്പെടുകയില്ല'' (സുനനുത്തുര്‍മുദി. തുര്‍മുദി ഹസനെന്നു വിശേഷിപ്പിച്ചു).

കാരുണ്യത്തിന്റെ പെരുമാറ്റം അന്യമായ ചില ഗ്രാമവസികളോട് തിരുനബി ﷺ യുടെ മുന്നറിയിപ്പും ഗൗരവസ്വരവും രുസംഭവങ്ങളില്‍ വന്നത് ഇപ്രകാരമാണ്. അബൂഹുറയ്‌റ(റ)യില്‍നിന്നും നിവേദനം:

''അല്ലാഹുവിന്റെ തിരുദൂതര്‍ ﷺ  ഹസന്‍ ഇബ്‌നുഅലിയ്യിനെ ചുംബിച്ചു. തിരുമേനിയുടെ അടുക്കല്‍ അല്‍അക്വ്‌റഅ് ഇബ്‌നുഹാബിസ് അത്തമീമി ഉണ്ടായിരുന്നു. അപ്പോള്‍ അക്വ്‌റഅ് പറഞ്ഞു: 'എനിക്ക് പത്തു മക്കളുണ്ട്. അവരില്‍ ഒരാളേയും ഞാന്‍ ചുംബിച്ചിട്ടില്ല.' അപ്പോള്‍ അയാളിലേക്ക് തിരുദൂതര്‍ ﷺ  നോക്കി. ശേഷം പറഞ്ഞു: 'കരുണ കാണിക്കാത്തവനോട് കരുണ കാണിക്കപ്പെടുകയില്ല''(ബുഖാരി).

ആഇശ(റ)യില്‍ നിന്നും നിവേദനം: ''തിരുദൂതരുടെ അടുക്കലേക്ക് അഅ്‌റാബികളില്‍ നിന്നുള്ള ഒരു വിഭാഗം ആഗതരായി. അവര്‍ ചോദിച്ചു: 'നിങ്ങള്‍ കുട്ടികളെ ചുംബിക്കുമോ?' സ്വഹാബികള്‍ പറഞ്ഞു: 'അതെ.' എന്നാല്‍ അല്ലാഹുവാണേ, ഞങ്ങള്‍ ചുംബിക്കുകയില്ല.' അപ്പോള്‍ തിരുദൂതര്‍ ﷺ  പറഞ്ഞു: 'അല്ലാഹു നിങ്ങളില്‍നിന്ന് കാരുണ്യം ഊരിയെടുത്തിട്ടുെങ്കില്‍ ഞാനത് ഉടമപ്പെടുത്തുമോ'' (മുസ്‌ലിം).

മുഹമ്മദ് നബി ﷺ  കാരുണ്യത്തിന്റെ തിരുദൂതനായിരുന്നു. കാരുണ്യത്തിന്റെ നബി എന്ന പേരു തന്നെ തിരുമേനിക്കുണ്ടായിരുന്നു.

അബൂമൂസല്‍ അശ്അരി(റ) പറയുന്നു: തിരുനബി ﷺ  തനിക്കുള്ള പേരുകളെ ഞങ്ങളോട് പറയുമായിരുന്നു: ''ഞാന്‍ മുഹമ്മദും അഹ്മദും മുക്വഫ്ഫയും ഹാശിറും നബിയ്യുത്തൗബഃയും(പശ്ചാത്താപത്തിന്റെ പ്രവാചകന്‍) നബിയ്യര്‍റഹ്മയു(കാരുണ്യത്തിന്റെ പ്രവാചകന്‍)മാകുന്നു''(മുസ്‌ലിം).

തിരുമേനി ﷺ യെ അല്ലാഹു– വിശേഷിപ്പിക്കുന്നതു നോക്കൂ: ''തീര്‍ച്ചയായും നിങ്ങള്‍ക്കിതാ നിങ്ങളില്‍നിന്നുതന്നെയുള്ള ഒരു ദൂതന്‍ വന്നിരിക്കുന്നു. നിങ്ങള്‍ കഷ്ടപ്പെടുന്നത് സഹിക്കാന്‍ കഴിയാത്തവനും നിങ്ങളുടെ കാര്യത്തില്‍ അതീവ താല്‍പര്യമുള്ളവനും സത്യവിശ്വാസികളോട് അത്യന്തം ദയാലുവും കാരുണ്യവാനുമാണ് അദ്ദേഹം'' (ക്വുര്‍ആന്‍ 09:128).

''ലോകര്‍ക്ക് കാരുണ്യമായിക്കൊല്ലാതെ നിന്നെ നാം അയച്ചിട്ടില്ല'' (ക്വുര്‍ആന്‍ 21:107).

കാരുണ്യത്തിന്റെ തിരുദൂതന്‍ ﷺ  കാരുണ്യത്താല്‍ കണ്ണീര്‍വാര്‍ത്ത ഏതാനും സംഭവങ്ങള്‍ ഇവിടെ നല്‍കുന്നു: അനസ് ഇബ്‌നുമാലികി(റ)ല്‍ നിന്ന് നിവേദനം:

''ഞങ്ങള്‍ അല്ലാഹുവിന്റെ റസൂലി ﷺ നോടൊപ്പം കൊല്ലപ്പണിക്കാരന്‍ അബൂസെയ്ഫിന്റെ അടുക്കല്‍ പ്രവേശിച്ചു. അദ്ദേഹത്തിന്റെ(ഭാര്യ) (നബിയുടെ പുത്രന്‍) ഇബ്‌റാഹീമിനെ മുലയൂട്ടുന്നവരായിരുന്നു. അപ്പോള്‍ തിരുദൂതര്‍ ഇബ്‌റാഹീമിനെ എടുക്കുകയും ചുംബിക്കുകയും മണത്തുനോക്കുകയും ചെയ്തു. അതിനുശേഷവും ഞങ്ങള്‍ ഇബ്‌റാഹീമിന്റെ അടുക്കല്‍പ്രവേശിച്ചു. ഇബ്‌റാഹീമാകട്ടെ(മരണാസന്നനായി) പ്രയാസപ്പെട്ടു ശ്വസിക്കുന്നു. അപ്പോഴതാ തിരുദൂതരുടെ ഇരുകണ്ണുകളും നിറഞ്ഞൊലിക്കുവാന്‍ തുടങ്ങി. അപ്പോള്‍ അബ്ദുര്‍റഹ്മാന്‍ ഇബ്‌നു ഔഫ്(റ) പറഞ്ഞു: 'താങ്കള്‍ അല്ലാഹുവിന്റെ ദൂതരായിട്ടും കരയുകയാണോ?' തിരുമേനി ﷺ  പറഞ്ഞു: 'ഇബ്‌നു ഔഫ്, ഇതു കാരുണ്യമാണ്. (അക്ഷമ പ്രകടിപ്പിക്കലല്ല).' കണ്ണുനീരു വാര്‍ത്തുകൊണ്ട് വീണ്ടും തിരുദൂതര്‍ ﷺ  പറഞ്ഞു: 'നിശ്ചയം, കണ്ണ് കരയും, ഹൃദയം ദുഃഖിക്കും. എന്നാല്‍ നമ്മള്‍ റബ്ബിനെ തൃപ്തിപ്പെടുത്തുന്നതല്ലാതെ പറയുകയില്ല. ഇബ്‌റാഹീം, നിന്റെ വിരഹത്തില്‍ ഞാന്‍ദുഃഖിതനാണ്'' (ബുഖാരി).

ഇബ്‌നു ഉമറി(റ)ല്‍ നിന്ന് നിവേദനം: നബി ﷺ യുടെ പുത്രി സെയ്‌നബ്(റ) മരണാസന്നയായ തന്റെ പുത്രിയുടെ അടുക്കലേക്ക് തിരുമേനി വരുവാന്‍ ആളെ നിയോഗിച്ച സംഭവത്തില്‍ ഇപ്രകാരം കാണാം:

''അപ്പോള്‍ നബി ﷺ  എഴുന്നേറ്റു. തിരുമേനിയോടൊപ്പം സഅ്ദ്ഇബ്‌നു ഉബാദ(റ)യും മുആദ് ഇബ്‌നു ജബലും(റ) എഴുന്നേറ്റു. അപ്പോള്‍ നബി ﷺ യിലേക്ക് കുട്ടിയെ നല്‍കപ്പെട്ടു. കുട്ടിയുടെ റൂഹ് ഒരു തോല്‍പാത്രത്തിലെന്ന പോലെ കിടന്നുപിടയുന്നു. അപ്പോള്‍, തിരുമേനിയുടെ ഇരുകണ്ണുകളും നിറഞ്ഞൊലിച്ചു. സഅ്ദ്(റ) ചോദിച്ചു: 'അല്ലാഹുവിന്റെ ദൂതരേ, എന്താണിത്?' തിരുമേനി ﷺ  പറഞ്ഞു: 'ഇതു കാരുണ്യമാണ്. (അക്ഷമ പ്രകടിപ്പിക്കലല്ല) പ്രസ്തുത കാരുണ്യത്തെ അല്ലാഹു തന്റെ ദാസന്മാരുടെ ഹൃദയത്തില്‍ നിശ്ചയിച്ചിരിക്കുന്നു. നിശ്ചയം അല്ലാഹു തന്റെ ദാസന്മാരില്‍ കരുണയുള്ളവരോട് മാത്രം കരുണ കാണിക്കുന്നു''(ബുഖാരി).

അനസി(റ)ല്‍ നിന്നു നിവേദനം: ''തിരുനബി ﷺ  നമസ്‌കാരത്തിലായിരിക്കെ ഒരു കുട്ടിയുടെ കരച്ചില്‍ കേട്ടു. അപ്പാള്‍ തിരുമേനി നമസ്‌കാരം ലഘൂകരിച്ചു. നമസ്‌കാരത്തില്‍ കുഞ്ഞിനോടൊപ്പം ഉമ്മയുെണ്ടന്നു മനസ്സിലാക്കിയതിനാല്‍ ആ കുഞ്ഞിനോടുള്ള കാരുണ്യത്താലാണ് തിരുമേനി അപ്രകാരം ചെയ്തതെന്ന് ഞങ്ങള്‍ മനസിലാക്കി''(മുസ്‌നദുഅഹ്മദ്. അര്‍നാഈത്വ് ഹസനെന്ന് വിശേഷിപ്പിച്ചു).

കാരുണ്യത്തിന്റെ ദൂതന്‍ നമസ്‌കാത്തിനു നേതൃത്വം നല്‍കുന്നവരോട് ഇപ്രകാരം ആജ്ഞാപിക്കുകയും ചെയ്തു: ''നിങ്ങളിലൊരാള്‍ ജനങ്ങള്‍ക്ക് നമസ്‌കാരത്തിന് നേതൃത്വം നല്‍കുകയായാല്‍ (ഇമാമത്തു നിന്നാല്‍) അവന്‍ നമസ്‌കാരത്തെ ലഘൂകരിക്കട്ടെ. കാരണം അവന്റെ പിന്നില്‍ ചെറിയവരും വലിയ വൃദ്ധരും ദുര്‍ബലരും രോഗികളും ആവശ്യക്കാരും ഉണ്ടായിരിക്കും. ഒറ്റക്കു നമസ്‌കരിക്കുകയായാല്‍ അവന്‍ ഉദ്ദേശിക്കുന്നത്ര നമസ്‌കാരം ദീര്‍ഘിപ്പിക്കട്ടെ''(ബുഖാരി, മുസ്‌ലിം, അഹ്മദ്).

മിണ്ടാപ്രണികളോടുവരെ തിരുദൂതര്‍ ﷺ  കാണിച്ചിരുന്ന കാരുണ്യചരിത്രങ്ങള്‍ ധാരാളമാണ്. ഒരു ദിവസം തിരുദൂതര്‍ അബ്ദുല്ലാഹ് ഇബ്‌നു ജഅ്ഫറി(റ)നെ തന്റെ പിന്നിലിരുത്തി സഞ്ചരിക്കവെ നടന്ന ഒരു സംഭവം ഇപ്രകാരം സ്ഥിരപ്പെട്ടിട്ടുണ്ട്:

''തിരുദൂതര്‍ അന്‍സ്വാരികളില്‍പെട്ട ഒരു വ്യക്തിയുടെ തോട്ടത്തില്‍ പ്രവേശിച്ചു. അപ്പോഴതാ ഒരു ഒട്ടകം. അത് തിരുമേനിയെ കണ്ടപ്പോള്‍ ഒച്ചവെക്കുകയും കണ്ണീര്‍ വാര്‍ക്കുകയുമുണ്ടായി. തിരുനബി അതിന്റെ അടുക്കലെത്തി. അതിന്റെ കണ്ണുനീര്‍ തുടച്ചുകൊടുത്തു. അതോടെ അത് അടങ്ങി. തിരുമേനി ചോദിച്ചു: 'ആരാണ് ഈ ഒട്ടകത്തിന്റെ ഉടമ? ആരുടേതാണ് ഈ ഒട്ടകം?' അപ്പോള്‍ അന്‍സ്വാരികളില്‍ പെട്ട ഒരു യുവാവ് ആഗതനായി. അയാള്‍ പറഞ്ഞു: 'തിരുദൂതരേ, എന്റെതാണ്.' തിരുനബി ﷺ  പറഞ്ഞു: 'അല്ലാഹു താങ്കള്‍ക്ക് ഉടമപ്പെടുത്തിത്തന്ന ഈ മിണ്ടാപ്രാണിയുടെ വിഷയത്തില്‍ താങ്കള്‍ അല്ലാഹുവിനെ ഭയക്കാത്തത് എന്ത്? നിശ്ചയം, താങ്കള്‍ അതിനെ പട്ടിണിക്കിടുകയും അതിനെ കൊണ്ട് നിത്യവേല ചെയ്യിക്കുകയും ചെയ്യുന്നതായി അത് എന്നോട് സങ്കടപ്പെട്ടിരിക്കുന്നു''(മുസ്‌നദുഅഹ്മദ്. അല്‍ബാനി സ്വഹീഹെന്ന് വിശേഷിപ്പിച്ചു).