രഹസ്യം സൂക്ഷിക്കലും കോപം അടക്കിവെക്കലും

അബ്ദുല്‍ ജബ്ബാര്‍ മദീനി

2020 ആഗസ്ത് 08 1441 ദുല്‍ഹിജ്ജ 18

(ഇസ്‌ലാം പഠിപ്പിക്കുന്ന ഉത്തമ സ്വഭാവങ്ങള്‍: 29)

സൂക്ഷിക്കപ്പെടേണ്ട രഹസ്യങ്ങള്‍ മനസ്സില്‍ കരുതലും സൂക്ഷിക്കലും അനിവാര്യവും മഹത്തരവും ഫലപ്രദവുമാണ്. യൂസുഫ് നബി(അ)  ദര്‍ശിച്ച സ്വപ്‌നം പിതാവ് യഅ്ക്വൂബി(അ)ന്റെ ആജ്ഞപ്രകാരം അദ്ദേഹം രഹസ്യമാക്കിയതിനെക്കുറിച്ച് അല്ലാഹു പറയുന്നു:

''(പിതാവ്) പറഞ്ഞു: എന്റെ കുഞ്ഞുമകനേ, നിന്റെ സ്വപ്‌നം നീ നിന്റെ സഹോദരന്‍മാര്‍ക്ക് വിവരിച്ചു കൊടുക്കരുത്. അവര്‍ നിനക്കെതിരെ വല്ല തന്ത്രവും പ്രയോഗിച്ചേക്കും. തീര്‍ച്ചയായും പിശാച് മനുഷ്യന്റെ പ്രത്യക്ഷശത്രുവാകുന്നു'' (ക്വുര്‍ആന്‍ 12:05).

തന്റെ സത്യവിശ്വാസ സ്വീകരണം രഹസ്യമാക്കിയ ഫിര്‍ഔന്‍ കുടുംബത്തിലെ വിശ്വാസിയെക്കുറിച്ച് അല്ലാഹു പറയുന്നു: ''ഫിര്‍ഔന്റെ ആള്‍ക്കാരില്‍പെട്ട -തന്റെ വിശ്വാസം മറച്ചു വെച്ചുകൊണ്ടിരുന്ന-ഒരു വിശ്വാസിയായ മനുഷ്യന്‍ പറഞ്ഞു: എന്റെ രക്ഷിതാവ് അല്ലാഹുവാണ് എന്ന് പറയുന്നതിനാല്‍ നിങ്ങള്‍ ഒരു മനുഷ്യനെ കൊല്ലുകയോ? അദ്ദേഹം നിങ്ങള്‍ക്ക് നിങ്ങളുടെ രക്ഷിതാവിങ്കല്‍നിന്നുള്ള വ്യക്തമായ തെളിവുകള്‍ കൊണ്ടുവന്നിട്ടുണ്ട്. അദ്ദേഹം കള്ളംപറയുന്നവനാണെങ്കില്‍ കള്ളംപറയുന്നതിന്റെ ദോഷം അദ്ദേഹത്തിനു തന്നെയാണ്. അദ്ദേഹം സത്യം പറയുന്നവനാണെങ്കിലോ, അദ്ദേഹം നിങ്ങള്‍ക്ക് താക്കീതുനല്‍കുന്ന ചിലകാര്യങ്ങള്‍ (ശിക്ഷകള്‍)നിങ്ങളെ ബാധിക്കുകയും ചെയ്യും. അതിക്രമകാരിയും വ്യാജവാദിയുമായിട്ടുള്ള ഒരാളെയും അല്ലാഹു നേര്‍വഴിയിലാക്കുകയില്ല; തീര്‍ച്ച''(ക്വുര്‍ആന്‍ 40:28).

രഹസ്യങ്ങള്‍ സൂക്ഷിക്കുന്നതിന്റെ അനിവാര്യതയെ അറിയിക്കുന്ന ഏതാനും തിരുമൊഴികള്‍ കാണുക:

അബൂസഈദി(റ)ല്‍നിന്ന് നിവേദനം; തിരുനബി ﷺ  പറഞ്ഞു: ''അന്ത്യനാളില്‍ അല്ലാഹുവിങ്കല്‍ ഏറ്റവും മോശമായ സ്ഥാനമുള്ളവന്‍ തന്റെ ഭാര്യയിലേക്ക് കൂടിച്ചേരുകയും ഭാര്യ അയാളിലേക്ക് കൂടിച്ചേരുകയും ചെയ്തതില്‍ പിന്നെ അവളുടെ രഹസ്യങ്ങള്‍ പരസ്യമാക്കുന്ന വ്യക്തിയാണ്''(മുസ്‌ലിം).

 ജാബിര്‍ ഇബ്‌നു അബ്ദുല്ല(റ)യില്‍ നിന്ന് നിവേദനം; തിരുദൂതര്‍ ﷺ  പറഞ്ഞു: ''ഒരാള്‍ ഒരു വാര്‍ത്ത പറയുകയും (മറ്റാരും കേള്‍ക്കരുതെന്ന നിലക്ക്) അനന്തരം തിരിഞ്ഞുനോക്കുകയും ചെയ്താല്‍ അത് അമാനത്താണ്. (പരസ്യം ചെയ്യുവാന്‍ പാടില്ലാത്തതാണ്''(സുനനു അബീദാവൂദ്. അല്‍ബാനി ഹസനെന്ന് വിശേഷിപ്പിച്ചു).

 അഥവാ ആരും കേള്‍ക്കരുതെന്ന് നിനച്ച് ഇടവും വലവും നോക്കി ഒരാള്‍ മറ്റൊരാളോട് സംസാരിച്ചാല്‍ പ്രസ്തുത സംസാരം സൂക്ഷിപ്പുസ്വത്തുപോലെ സൂക്ഷിക്കപ്പെടേണ്ട രഹസ്യമാണ്. അത് ഒരിക്കലും പരസ്യപ്പെടുത്താവതല്ല. ഏതാനും ചരിതങ്ങള്‍ ഇത്തരുണത്തില്‍ ശ്രദ്ധേയമാണ്:

ഹഫ്‌സ്വ ബിന്‍ത് ഉമറി(റ)ന്റെ ഭര്‍ത്താവ് ഖുനെയ്‌സ് ഇബ്‌നുഹുദാഫ മരണപ്പെട്ടതില്‍ പിന്നെ വിധവയായ ഹഫ്‌സ്വ(റ)യെ വിവാഹം കഴിപ്പിക്കുവാന്‍ ഉമര്‍(റ) ഉസ്മാന്‍(റ)വിനോട് സംസാരിച്ചു. ഉസ്മാന്‍(റ) അഭ്യര്‍ഥന നിരസിച്ചു. ഉമര്‍(റ) അബൂബകറി(റ)നോട് അഭ്യര്‍ഥിച്ചു. എന്നാല്‍ അദ്ദേഹവും  മൗനം ഭജിച്ചു; ഒന്നും പ്രതികരിച്ചില്ല. ഉസ്മാനോ(റ)ടുള്ളതിനെക്കാള്‍ വിഷമം ഉമറി(റ)നു അബൂബകറി(റ)നോടുണ്ടായിരുന്നു. പിന്നീട് ഹഫ്‌സ്വ(റ)യെ തിരുദൂതര്‍ ﷺ  വിവാഹം കഴിച്ചു. ഉമര്‍(റ) പറയുന്നു: 'അബൂബകര്‍ അതില്‍പിന്നെ എന്നെ കണ്ടുമുട്ടി. അദ്ദേഹം പറഞ്ഞു: ഹഫ്‌സ്വയെ വിവാഹം കഴിക്കുവാന്‍ എന്നോടഭ്യര്‍ഥിച്ച വേളയില്‍ ഞാന്‍ താങ്കോളോട് ഒന്നും പ്രതികരിക്കാത്തതില്‍ ഒരുവേള താങ്കള്‍ക്ക് എന്നോട് വിഷമം തോന്നിയേക്കും.' ഞാന്‍ പറഞ്ഞു: 'അതെ. എന്നാല്‍ താങ്കള്‍ എന്നോട് അഭ്യര്‍ഥിച്ചതിനോട് പ്രതികരിക്കുവാന്‍ എനിക്ക് തടസ്സമായത് അല്ലാഹുവിന്റെ തിരുദൂതര്‍ ﷺ  ഹഫ്‌സ്വയെ അനുസ്മരിക്കുന്നത് ഞാന്‍ അറിഞ്ഞിരുന്നു എന്നതാണ്. ആയതിനാല്‍ തിരുദൂതരുടെ രഹസ്യം പരസ്യപ്പെടുത്തുന്നവനല്ല ഞാന്‍. ഹഫ്‌സ്വ(റ)യെ തിരുമേനി വിവാഹം കഴിച്ചില്ലായിരുന്നുവെങ്കില്‍ ഞാന്‍ അവരെ സ്വീകരിക്കുമായിരുന്നു'' (ബുഖാരി).

 അനസ്(റ) പറയുന്നു: ''ഞാന്‍ കുട്ടികളോടൊത്ത് കളിച്ചുകൊണ്ടിരിക്കെ അല്ലാഹുവിന്റെ തിരുദൂതര്‍ ﷺ  എന്റെ അടുക്കല്‍ വന്നു. അവിടുന്ന് ഞങ്ങളോട് സലാം പറയുകയും എന്നെ ഒരു ആവശ്യത്തിനായി അയക്കുകയും ചെയ്തു. അതിനാല്‍ ഞാന്‍ ഉമ്മയുടെ അടുത്തെത്തുവാന്‍ വൈകി. ഞാന്‍ വന്നപ്പോള്‍ ഉമ്മ ചോദിച്ചു: 'നിന്നെ വൈകിപ്പിച്ചത് എന്ത്?' ഞാന്‍ പറഞ്ഞു: 'അല്ലാഹുവിന്റെ ദൂതര്‍ എന്നെ ഒരു ആവശ്യത്തിനായി അയച്ചു.' ഉമ്മ ചോദിച്ചു: 'എന്തായിരുന്നു തിരുമേനി ﷺ യുടെ ആവശ്യം?' ഞാന്‍ പ്രതികരിച്ചു: 'അത് രഹസ്യമാണ്.' ഉമ്മ പറഞ്ഞു: തിരുദൂതരുടെ രഹസ്യം ആരോടും പറഞ്ഞുപോകരുത്.' അനസ്(റ) പറയുന്നു: 'സാബിത്, അല്ലാഹുവാണേ, വല്ലവരോടും ഞാന്‍ അത് പറഞ്ഞിരുന്നുവെങ്കില്‍ താങ്കളോട് ഞാന്‍ അത് പറയുമായിരുന്നു''(മുസ്‌ലിം).

അലിയ്യ് ഇബ്‌നു അബീത്വാലിബ്(റ) പറഞ്ഞു: ''താങ്കളുടെ രഹസ്യം താങ്കളുടെ ബന്ധിയാകുന്നു. പ്രസ്തുത രഹസ്യം താങ്കള്‍ പറഞ്ഞുപോയാല്‍ താങ്കള്‍ അതിന്റെ ബന്ധിയായി.''

ഉമര്‍ ഇബ്‌നു അബ്ദില്‍അസീസ്(റഹി) പറഞ്ഞു: ''ഹൃദയങ്ങള്‍ രഹസ്യങ്ങളുടെ സൂക്ഷിപ്പു സ്ഥലങ്ങളാകുന്നു. ചുണ്ടുകള്‍ അവയുടെ പൂട്ടുകളും നാവുകള്‍ താക്കോലുകളുമാകുന്നു. അതിനാല്‍ ഓരോ മനുഷ്യനും തന്റെ രഹസ്യത്തിന്റെ താക്കോല്‍ കാത്തുസൂക്ഷിക്കട്ടെ.''

ഇമാം ഹസനുല്‍ബസ്വരി(റഹി) പറഞ്ഞു:''താങ്കളുടെ സഹോദരന്റെ രഹസ്യം പരസ്യമാക്കല്‍ വഞ്ചനയാകുന്നു.''

(മുകളില്‍ നല്‍കിയ മഹദ്വചനങ്ങള്‍ ഇമാം മാവര്‍ദിയുടെ 'അദബുദ്ദുന്‍യാ വദ്ദീന്‍' എന്ന ഗ്രന്ഥത്തില്‍ നിന്നുള്ളതാണ്).

കോപം അടക്കല്‍

ജഡികേച്ഛകളെ നിയന്ത്രിക്കലും തിന്മ കല്‍പിക്കുന്ന മനസ്സിനെ കീഴൊതുക്കലും ഏറെ സ്തുത്യര്‍ഹമായ കാര്യമാണ്. കോപം ഒതുക്കലും അടക്കലും പ്രകടമാകാത്ത വിധം അത് മറക്കലും ഭക്തന്മാരുടെയും വിശുദ്ധന്മാരുടെയും ലക്ഷണമാണ്. കോപം അടക്കിപ്പിടിക്കല്‍ സൂക്ഷ്മാലുക്കളുടെ ഉത്തമഗുണങ്ങളില്‍ പെട്ടതാണ്. ഈ മഹത്തായ സ്വഭാവം വിശ്വാസിക്ക് ഇഹപര നേട്ടങ്ങളാണ് സമ്മാനിക്കുന്നത്. അല്ലാഹു പറഞ്ഞു:

''നിങ്ങളുടെ രക്ഷിതാവിങ്കല്‍ നിന്നുള്ള പാപമോചനവും ആകാശ ഭൂമികളോളം വിശാലമായ സ്വര്‍ഗവും നേടിയെടുക്കാന്‍ നിങ്ങള്‍ ധൃതിപ്പെട്ട് മുന്നേറുക. ധര്‍മനിഷ്ഠ പാലിക്കുന്നവര്‍ക്കുവേണ്ടി ഒരുക്കിവെക്കപ്പെട്ടതത്രെ അത്. (അതായത്) സന്തോഷാവസ്ഥയിലും വിഷമാവസ്ഥയിലും ദാനധര്‍മങ്ങള്‍ ചെയ്യുകയും, കോപം ഒതുക്കിവെക്കുകയും, മനുഷ്യര്‍ക്ക് മാപ്പുനല്‍കുകയും ചെയ്യുന്നവര്‍ക്കുവേണ്ടി. (അത്തരം) സല്‍കര്‍മകാരികളെ അല്ലാഹു സ്‌നേഹിക്കുന്നു'' (ക്വുര്‍ആന്‍ 3:134)

അബൂഹുറയ്‌റ(റ)യില്‍നിന്ന് നിവേദനം. നബി ﷺ  പറഞ്ഞു: ''ഗുസ്തിയില്‍ തള്ളിയിടുന്നവനല്ല മല്ലന്‍; കോപം വരുമ്പോള്‍ ആത്മനിയന്ത്രണമുള്ളവന്‍ മാത്രമാണു മല്ലന്‍''(മുസ്‌ലിം).

കോപം അടക്കുന്നവര്‍ക്ക് പിശാചിനെ തോല്‍പിക്കുവാനും അതിജയിക്കുവാനും സാധിക്കും. ഒരു സംഭവം ഇപ്രകാരം നിവേദനം ചെയ്യപെട്ടിട്ടുണ്ട്.

അനസി(റ)ല്‍നിന്ന് നിവേദനം: ''അല്ലാഹുവിന്റെ റസൂല്‍ ﷺ  ഗുസ്തിപിടിക്കുന്ന ഒരു വിഭാഗത്തിനരികിലൂടെ നടന്നു. തിരുദൂതര്‍ ചോദിച്ചു: 'ഇത് എന്താണ്?' അവര്‍ പറഞ്ഞു: 'അല്ലാഹുവിന്റെ തിരുദൂതരേ, ഗുസ്തിക്കാരനായ ഇന്ന വ്യക്തിയാണ്. അയാളോട് ഒരാളും എതിരിടുകയില്ല; അയാള്‍ എതിരാളിയെ വീഴ്ത്താതെ.' അപ്പോള്‍ അല്ലാഹുവിന്റെ തിരുദൂതര്‍ ﷺ  പറഞ്ഞു: 'അയാളെക്കാള്‍ അതിശക്തനായ ഒരാളെ നിങ്ങള്‍ക്ക് ഞാന്‍ അറിയിച്ചു തരട്ടെയോ? ഒരു വ്യക്തിയെ മറ്റൊരാള്‍ ആക്രമിച്ചു. എന്നാല്‍ അക്രമിക്കപ്പെട്ടവന്‍ തന്റെ കോപം ഒതുക്കി. അങ്ങനെ അയാള്‍ തന്റെ കോപത്തെ തോല്‍പിച്ചു. തന്റെ പിശാചിനെ തോല്‍പിച്ചു. തന്റെ കൂട്ടുകാരന്റെ പിശാചിനെയും തോല്‍പിച്ചു''(കശ്ഫുല്‍അശ്താര്‍, ബസ്സാര്‍. അല്‍ബാനി സ്വഹീഹെന്ന് വിശേഷിപ്പിച്ചു).

കോപം അടക്കുന്നവര്‍ പരലോകത്ത് അല്ലാഹുവിങ്കല്‍ അത്യാദരണീയരാണ്. മുആദ് ഇബ്‌നു അനസ് അല്‍ജുഹനി(റ)യില്‍ നിന്ന് നിവേദനം. അല്ലാഹുവിന്റെ റസൂല്‍ ﷺ  പറഞ്ഞു:

''ആരെങ്കിലും കോപം നടപ്പിലാക്കുവാന്‍ കഴിവുണ്ടായിട്ടും അത് അടക്കിയാല്‍ അന്ത്യനാളില്‍ അയാളെ അല്ലാഹു മുഴുസൃഷ്ടികള്‍ക്കിടയില്‍ പ്രശംസിച്ചുകൊണ്ട് വിളിക്കും. ശേഷം സ്വര്‍ഗീയ ഹൂറുകളില്‍ താനുദ്ദേശിക്കുന്നവരെ തെരഞ്ഞെടുക്കുവാന്‍ അയാള്‍ക്ക് സ്വാതന്ത്ര്യം നല്‍കും'' (സുനനുത്തിര്‍മിദി. അല്‍ബാനി സ്വഹീഹെന്ന് വിശേഷിപ്പിച്ചു).

ഇബ്‌നുഉമറി(റ)ല്‍ നിന്ന് നിവേദനം. അല്ലാഹുവിന്റെ തിരുദൂതര്‍ ﷺ  പറഞ്ഞിരിക്കുന്നു: ''ജനങ്ങളില്‍ അല്ലാഹുവിലേക്ക് ഏറ്റവും ഇഷ്ടക്കാരനായ (മറ്റൊരു വ്യക്തി കോപം അടക്കുന്നവനാണ്). ഒരാള്‍ തന്റെ ദേഷ്യം അടക്കിയാല്‍ അയാളുടെ നഗ്നത അല്ലാഹു മറക്കുന്നതാണ്. ഒരാള്‍, അയാളുദ്ദേശിച്ചാല്‍ തന്റെ കോപം തീര്‍ക്കാന്‍ അയാള്‍ക്ക് സാധിക്കുന്നതാണ്, എന്നിട്ടും അയാള്‍ അത് ഒതുക്കിയാല്‍ അന്ത്യനാളില്‍ അയാളുടെ ഹൃദയം അല്ലാഹു തൃപ്തികൊണ്ട് നിറക്കുന്നതാണ്''(മുഅ്ജമുത്ത്വബ്‌റാനി, അല്‍ബാനി സ്വഹീഹെന്ന് വിശേഷിപ്പിച്ചു).

തിന്മയെ നന്മകൊണ്ടും അനിഷ്ടത്തെ ഇഷ്ടംകൊണ്ടും കാഠിന്യത്തെ നൈര്‍മല്യം കൊണ്ടും തടുക്കുവാന്‍ കല്‍പനയുണ്ട്.

''നല്ലതും ചീത്തയും സമമാവുകയില്ല. ഏറ്റവുംനല്ലത് ഏതോ അതുകൊണ്ട് നീ (തിന്മയെ) പ്രതിരോധിക്കുക. അപ്പോള്‍ ഏതൊരുവനും നീയും തമ്മില്‍ ശത്രുതയുേണ്ടാ അവനതാ (നിന്റെ) ഉറ്റ ബന്ധു എന്നോണം ആയിത്തീരുന്നു. ക്ഷമ കൈക്കൊണ്ടവര്‍ക്കല്ലാതെ അതിനുള്ള അനുഗ്രഹം നല്‍കപ്പെടുകയില്ല. വമ്പിച്ച ഭാഗ്യമുള്ളവന്നല്ലാതെ അതിനുള്ള അനുഗ്രഹം നല്‍കപ്പെടുകയില്ല'' (ക്വുര്‍ആന്‍ 41:35,36).

അനിഷ്ടം സഹിക്കല്‍കൊണ്ടും കോപം അടക്കല്‍കൊണ്ടും മാത്രമെ ഇത് സാധ്യമാവുകയുള്ളൂ.ആത്മ നിയന്ത്രണത്തിലും കോപം അടക്കുന്നതിലും വിവേകത്തോടെ പെരുമാറുന്നതിലും ഏറ്റവും നല്ല ഉദാഹരണമായിരുന്നു നബി ﷺ . ഒരു സംഭവം കാണുക:

''ഹുനൈന്‍ യുദ്ധദിനം തിരുനബി ﷺ  ഒരുവിഭാഗം ആളുകളെ കൂടുതല്‍ പരിഗണിച്ചു. അക്വ്‌റഅ് ഇബ്‌നു ഹാബിസിന്ന് നൂറ് ഒട്ടകങ്ങളെ നല്‍കി. ഉയയ്‌ന ഇബ്‌നുബദ്‌റിനും അതുപോലെ നല്‍കി. മറ്റു ചിലര്‍ക്കും തിരുമേനി നല്‍കി. അപ്പോള്‍ ഒരു വ്യക്തി പറഞ്ഞു: 'ഈ വിഭജനത്തില്‍ അല്ലാഹുവിന്റെ പ്രീതി ഉദ്ദേശിക്കപ്പെട്ടിട്ടില്ല.' ഞാന്‍ പറഞ്ഞു: 'നബി ﷺ യോട് ഞാന്‍ ഇത് പറയുകതന്നെ ചെയ്യും.' തിരുമേനി പ്രതികരിച്ചു: 'അല്ലാഹു മൂസായോട് കരുണകാണിക്കട്ടെ. ഇതിനെക്കാളെല്ലാം അദ്ദേഹം പീഡിപ്പിക്കപ്പെട്ടു. അപ്പോള്‍ അദ്ദേഹം ക്ഷമിച്ചു''(ബുഖാരി).