ഇബ്‌നു അബ്ദില്‍ വഹാബ്: ആരോപണങ്ങളുടെ നിജസ്ഥിതിയെന്ത്?

റൈഹാന്‍ അബ്ദുല്‍ ഷഹീദ്

2020 ജൂണ്‍ 13 1441 ശവ്വാല്‍ 21

മുഹമ്മദ്ബിന്‍ അബ്ദില്‍വഹാബ്(റഹി). ആ പേര് കേള്‍ക്കാത്തവര്‍ വളരെ വിരളമായിരിക്കും. ക്രിസ്താബ്ദം പതിനെട്ടാം നൂറ്റാണ്ടില്‍ മതപ്രബോധനരംഗത്ത് മുസ്‌ലിം ലോകം കണ്ട ഏറ്റവും വലിയ നവോത്ഥാന നായകന്‍.

പ്രവാചക ചര്യയും മുന്‍ഗാമികളുടെ മാര്‍ഗവും അണപ്പല്ല് ചേര്‍ത്ത് കടിച്ചു പിടിച്ചിരുന്ന സലഫുകള്‍ക്ക് ശേഷം വീണ്ടും മുസ്‌ലിം സമൂഹം മന്‍ഹജില്‍ നിന്ന് മാര്‍ഗഭ്രംശം സംഭവിച്ച് ജാഹിലിയ്യത്തിലേക്ക് തെന്നിയ ദുരവസ്ഥ സംജാതമായി. ഇസ്‌ലാമിന്റെ വിശ്വാസ, ആചാര സംബന്ധമായ മേഖലകളില്‍ നവീനമായ വാദങ്ങളുമായി പൗരോഹിത്യം ചൂഷണം ചെയ്യാന്‍ തുടങ്ങി. അല്ലാഹു ഉദ്ദേശിക്കുന്ന ഘട്ടങ്ങളില്‍ സത്യത്തിന്റെ ദീപശിഖയേന്തി പരിഷ്‌കര്‍ത്താക്കള്‍ ഉയര്‍ന്നുവന്നിട്ടുണ്ട്. ആ പരിഷ്‌കര്‍ത്താക്കളെല്ലാം ഒരേ സ്വരത്തില്‍ പ്രഖ്യാപിച്ച ഒരു അടിസ്ഥാനപരമായ കാര്യമുണ്ടായിരുന്നു. പ്രവാചകനില്‍ നിന്ന് ഇസ്‌ലാമിനെ പൂര്‍ണമായും ഉള്‍ക്കൊണ്ട് സ്വഹാബത്തും അവരില്‍ നിന്ന് ഇസ്‌ലാമിനെ പഠിച്ച മുസ്‌ലിംകളും ജീവിച്ച മാര്‍ഗങ്ങള്‍ക്കപ്പുറം മറ്റൊന്നും മതത്തില്‍ കൊണ്ടുവരാന്‍ പാടില്ല എന്നതാണ് അത്.

എന്നാല്‍ പുരോഹിതന്മാരും അവരുടെ അനുയായികളും നവോത്ഥാന നായകന്മാരെ പുത്തന്‍ പ്രസ്ഥാനക്കാര്‍ എന്ന് വിളിച്ചാക്ഷേപിച്ചു. അവര്‍ കഴിയുംവിധം ഇവരെ തെറ്റിദ്ധരിപ്പിക്കുകയും ചെയ്തിരുന്നു. മുഹമ്മദ്ബ്‌നു അബ്ദില്‍ വഹാബിന്റെ കാര്യത്തിലും ഇതൊക്കെത്തന്നെയായിരുന്നു സംഭവിച്ചത്. കഴിഞ്ഞ നൂറ്റാണ്ടില്‍ കേരളത്തിലെ മുസ്‌ലിം പുരോഹിതന്മാര്‍ പാടി പ്രചരിപ്പിച്ചിരുന്ന ചില വരികള്‍ നമ്മക്ക് ഇങ്ങനെ വായിക്കം:

'നജ്ദിലെ ശൈത്വാന്‍ അറിവുണ്ടാ

വടിവിഴുങ്ങീട്ട് കഥകണ്ടാ

വിഡ്ഢിത്തങ്ങള്‍ വളരേണ്ടാ

വഹാബികളെ തുടരേണ്ടാ.'

പ്രാര്‍ഥന അല്ലാഹുവിനോട് മാത്രമെ പാടുള്ളു എന്നും മാലകളിലും മൗലിദ് കിതാബുകളിലും മറ്റും അല്ലാഹുവല്ലാത്തവരോടുള്ള പ്രാര്‍ഥനകള്‍ ഉള്‍ക്കൊള്ളുന്നുണ്ടെന്നും സലഫി പ്രസ്ഥാനം സമൂഹത്തെ ബോധ്യപ്പെടുത്താനിറങ്ങിയപ്പോള്‍ പിടിച്ചുനില്‍ക്കാന്‍ മറ്റൊരു മാര്‍ഗവുമില്ലെന്ന് ബോധ്യമായ പുരോഹിതര്‍ അഴിച്ചുവിട്ട പ്രചാരണങ്ങളില്‍ ഒന്നാണ് നാം മുകളില്‍ വായിച്ചത്.

മഹാനായ മുഹമ്മദ് ഇബ്‌നു അബ്ദില്‍ വഹാബി(റഹി)നെ കുറിച്ചുള്ള ഗുരുതരമായ ഒരാരോപണമാണ് 'നജ്ദില്‍ നിന്നാണ് പിശാചിന്റെ കൊമ്പ് പ്രത്യക്ഷപ്പെടുക' എന്ന നബി ﷺ  വചനത്തിലെ 'പിശാചിന്റെ കൊമ്പ്' എന്നതുകൊണ്ട് ഉദ്ദേശിക്കുന്നത് മുഹമ്മദ്ബ്‌നു അബ്ദില്‍ വഹാബിനെയാണ് എന്നത്. പതിനാലു നൂറ്റാണ്ടിനിടയില്‍ ആധികാരിക പണ്ഡിതന്‍മാരില്‍ ഒരാള്‍ പോലും വിശദീകരിക്കാത്ത രൂപത്തില്‍ ഹദീഥിനെ ദുര്‍വ്യാഖ്യാനിച്ചിട്ടാണ് പുരോഹിതന്മാര്‍ തങ്ങളുടെ പിഴച്ചവാദത്തിന് കഴമ്പുണ്ടാക്കാന്‍ നോക്കുന്നത്.

ഇത് പറയുമ്പോള്‍ ഒരു ചരിത്രമാണ് ഓര്‍മ വരുന്നത്. ബഹുമാന്യ പണ്ഡിതന്‍ കെ. ഉമര്‍ മൗലവി മിഅ്‌റാജ് നോമ്പ് സുന്നത്തില്ലെന്ന് പറഞ്ഞപ്പോള്‍ ഒരാള്‍ പറഞ്ഞു: 'പൊന്നാനിക്കാരന്‍ ഒരു മുസ്‌ലിയാര്‍ നൂറു പേജുള്ള ഒരു പുസ്തകമെഴുതിയിട്ടുണ്ടല്ലോ അത് സുന്നത്താണെന്ന് തെളിയിച്ചുകൊണ്ട്.' ഉടനെ ഉമര്‍ മൗലവിയുടെ മറുപടി: 'അപ്പോള്‍ തന്നെ മനസ്സിലാക്കാമല്ലോ ഇല്ലാത്ത കാര്യത്തില്‍ തെളിവുണ്ടാക്കുകയാണെന്ന്. അല്ലെങ്കിലെന്തിനാ നൂറ് പേജുള്ള പുസ്തകം? ആയത്തോ ഹദീഥോ ഉണ്ടെങ്കില്‍ അത് പറഞ്ഞാല്‍ പോരേ?'

നജ്ദില്‍ നിന്ന് ഉത്ഭവിക്കുന്ന പിശാചിന്റെ കൊമ്പുകൊണ്ട് ഉദ്ദേശം മുഹമ്മദ്ബ്‌നു അബ്ദില്‍ വഹാബാണ് എന്ന വാദത്തിന്റെ അവസ്ഥയും ഇതുതന്നെയാണ്. ഇത് സമര്‍ഥിക്കാന്‍ ഇവര്‍ക്ക് ആകെയുള്ള ഞൊണ്ടിന്യായം അദ്ദേഹത്തിന്റെ നാടിന്റെ പേര് നജ്ദ് എന്നായിപ്പോയി എന്നത് മാത്രമാണ്. നജ്ദ് എന്ന് പേരുള്ള നാടുകളെല്ലാം ശപിക്കപ്പെട്ടതാണെങ്കില്‍ എത്ര പ്രദേശങ്ങള്‍ ആ ഗണത്തില്‍ ഇവര്‍ക്ക് ഉള്‍പ്പെടുത്തേണ്ടിവരും! രാജ്യങ്ങളെ കുറിച്ച് വിശാലമായി പ്രതിപാദിക്കുന്ന വിശ്വപ്രസിദ്ധ ഗ്രന്ഥമാണ് യാകൂത്ത് അല്‍ഹമാവി രചിച്ച 'മുഅ്ജമുല്‍ ബുല്‍ദാന്‍.' അതില്‍ നമുക്ക് ഇപ്രകാരം കാണാം: 'അറേബ്യയില്‍ തന്നെ ധാരാളം നജ്ദുകള്‍. അതില്‍ പെട്ടതാണ് യമാമയിലെ ഒരു താഴ്‌വരയായ നജ്ദുല്‍ ബര്‍ഖ്, നജ്ദുല്‍ഖാല്‍ തുടങ്ങിയവ...' ധാരാളമുള്ളതില്‍ നിന്ന് പന്ത്രണ്ടെണ്ണം മാത്രം അദ്ദേഹം പ്രസ്തുത ഗ്രന്ഥത്തില്‍ എടുത്തു കൊടുത്തതായി കാണാം. ഈ നജ്ദുകളെല്ലാം ശപിക്കപ്പെട്ട സ്ഥലങ്ങളാണെന്നും അവിടെ നിന്നെല്ലാം പിശാചിന്റെ കൊമ്പ് പ്രത്യക്ഷപ്പെടുമെന്നും ആരും ഏതായാലും പറയില്ല. എങ്കില്‍ പിന്നെ ഈ നജ്ദുകളില്‍ ഏതിനെ കുറിച്ചാണ് നബി ﷺ  അങ്ങനെ പ്രവചിച്ചത്? ആ പ്രവചനത്തിലൂടെ അദ്ദേഹം ഉദ്ദേശിച്ച നജ്ദില്‍ തന്നെയാണോ മുഹമ്മദ്ബ്‌നു അബ്ദില്‍വഹാബ് ജനിച്ചത്? ഇതുമായി ബന്ധപ്പെട്ട റിപ്പോര്‍ട്ടുകളും അതിന് മുന്‍ഗാമികള്‍ നല്‍കിയ വ്യാഖ്യാനങ്ങളും നമുക്ക് പരിശോധിക്കാം:

ഇമാം ബുഖാരി(റഹി) തന്റെ സ്വഹീഹുല്‍ ബുഖാരിയില്‍ (ഹദീഥ് 7092, 7093 നമ്പറുകളായി) റിപ്പോര്‍ട്ട് ചെയ്യുന്നു: ഇബ്‌നു ഉമറി(റ)ല്‍ നിന്ന് നിവേദനം: ''നബി ﷺ  കിഴക്കുഭാഗത്തേക്ക് തിരിഞ്ഞുനിന്നുകൊണ്ട് പറയുന്നതായി ഞാന്‍ കേട്ടു: 'അറിയണേ, കുഴപ്പങ്ങള്‍ ഇവിടെ നിന്നാകുന്നു. അതായത്, പിശാചിന്റെ കൊമ്പ് പ്രത്യക്ഷപ്പെടുന്നിടത്തു നിന്ന്.'

ബുഖാരിയിലെ തന്നെ മറ്റൊരു ഹദീഥ് (നമ്പര്‍ 7094) ഇപ്രകാരമാണ്: ഇബ്‌നു ഉമറി(റ)ല്‍നിന്ന് നിവേദനം: നബി ﷺ  പറഞ്ഞു: ''അല്ലാഹുവേ, ഞങ്ങള്‍ക്ക് ഞങ്ങളുടെ ശാമില്‍ നീ അനുഗ്രഹം ചെയ്യേണമേ. അല്ലാഹുവേ, ഞങ്ങളുടെ യമനില്‍ നീ ഞങ്ങള്‍ക്ക് അനുഗ്രഹം ചെയ്യേണമേ.' സ്വഹാബികള്‍ പറഞ്ഞു: 'നബിയേ, ഞങ്ങളുടെ നജ്ദിലും.' നബ ﷺ  പറഞ്ഞു: 'അല്ലാഹുവേ, ഞങ്ങളുടെ ശാമില്‍ നീ ഞങ്ങള്‍ക്ക് അനുഗ്രഹം ചെയ്യേണമേ, ഞങ്ങളുടെ യമനില്‍ ഞങ്ങള്‍ക്ക് നീ അനുഗ്രഹം ചെയ്യേണമേ.' അവര്‍ പറഞ്ഞു: 'പ്രവാചകരേ, ഞങ്ങളുടെ നജ്ദിലും.' മൂന്നാമത്തെ തവണയാണെന്ന് തോന്നുന്നു; നബി ﷺ  ഇപ്രകാരം പറഞ്ഞു: 'അവിടെയാണ് ഭൂമികുലുക്കങ്ങളും കുഴപ്പങ്ങളും; അവിടെയാണ് പിശാചിന്റെ കൊമ്പ് പ്രത്യക്ഷപ്പെടലും.'

സ്വഹീഹുല്‍ ബുഖാരിയില്‍ ഇതേ ഹദീഥ് തന്നെ ആവര്‍ത്തിച്ചുവന്നതായി (3279, 3511) കാണാം. മാത്രമല്ല, സ്വഹീഹ് മുസ്‌ലിമിലും (5167, 5169, 5171, 5172), ഇമാം അഹ്മദ്(റഹി) തന്റെ മുസ്‌നദിലും (4738, 5152, 5401, 5758, 5968, 6020), ഇമാം മാലിക്(റഹി) തന്റെ മുവത്വയിലും (1544) ഇതേ ഹദീഥ് നല്‍കിയതായി കാണാവുന്നതാണ്. പദപ്രയോഗങ്ങളില്‍ ചെറിയ വ്യത്യാസങ്ങള്‍ കാണാം. ഈ റിപ്പോര്‍ട്ടുകളില്‍ എല്ലാം തന്നെ നബി ﷺ  കിഴക്കുഭാഗത്തേക്ക് തിരിഞ്ഞുകൊണ്ടാണ് ഇത് പറയുന്നത് എന്ന് വ്യക്തമാണ്. മാത്രവുമല്ല, എല്ലാ കുഴപ്പങ്ങളുടെയും കേന്ദ്രമാണ് കിഴക്കന്‍ ഭാഗമെന്ന് മറ്റു ധാരാളം ഹദീഥുകളിലും കാണാവുന്നതാണ്.

''കുഫ്‌റിന്റെ കേന്ദ്രം കിഴക്ക് ഭാഗമാകുന്നു'' (ബുഖാരി 3501, മുസ്‌ലിം 75). ഈ രൂപത്തിലുള്ള ഹദീഥുകള്‍ ഹദീഥ് ഗ്രന്ഥങ്ങളില്‍ ധാരാളം വന്നതായി കാണാം.

അപ്പോള്‍ അടുത്ത ചോദ്യം; എങ്കില്‍ ഏതാണ് ഈ കിഴക്കുഭാഗം? ഒരു ഭൂപടം മാത്രം മതിയല്ലോ ഇതിന് ഉത്തരം കണ്ടുപിടിക്കാന്‍. നബി ﷺ  മദീനയില്‍നിന്നാണ് ഇത് പറയുന്നത്. പറഞ്ഞത് അവിടുത്തെ മിമ്പറില്‍വച്ച് എന്നും മിമ്പറിന്റെ സമീപത്തുവച്ച് എന്നുമൊക്കെ ഹദീഥില്‍ വന്നിട്ടുണ്ട് (ബുഖാരി 3511, അഹ്മദ് 5758, 5968). മദീനയിലെ കിഴക്കുഭാഗമെന്നത് കൂഫാ, ബാഗ്ദാദ്, ബസ്വറ എന്നിവ ഉള്‍കൊള്ളുന്ന ഇറാഖ് ആണ് എന്നത് ഭൂപടത്തില്‍ നിന്നുതന്നെ വളരെ വ്യക്തമാണ്. ഹദീഥുകളും ഇക്കാര്യങ്ങള്‍ വ്യക്തമാക്കിത്തരുന്നത് കാണാം. ഇമാം മുസ്‌ലിം(റഹി) തന്റെ സ്വഹീഹില്‍ റിപ്പോര്‍ട്ട് ചെയ്ത ഒരു ഹദീഥ് (7297) ഇപ്രകാരമാണ്:

സാലിം ഇബ്‌നു അബ്ദുല്ലാഹ്(റ) പറയുന്നു: 'അല്ലയോ ഇറാഖുകാരേ, ചെറിയകാര്യങ്ങളെക്കുറിച്ചു പോലും നിങ്ങള്‍ ചോദിച്ചറിയുന്നു. എന്നാല്‍ വലിയ വലിയ കാര്യങ്ങള്‍ (തിന്മകള്‍) നിങ്ങള്‍ പ്രവര്‍ത്തിക്കുകയും ചെയ്യുന്നു. നിങ്ങളുടെ കാര്യം എത്ര ആശ്ചര്യം! എന്റെ പിതാവ് അബ്ദുല്ലാഹിബ്‌നു ഉമര്‍(റ) കിഴക്കുഭാഗത്തേക്ക് ചൂണ്ടിക്കൊണ്ട് പറയുന്നതായി ഞാന്‍ കേട്ടിട്ടുണ്ട്. തീര്‍ച്ചയായും കുഴപ്പങ്ങളെല്ലാം ഇവിടെനിന്നാണ്. അതായത്, പിശാചിന്റെ കൊമ്പ് പ്രത്യക്ഷപ്പെടുന്നിടത്തുനിന്ന്.'

കാര്യങ്ങള്‍ ഇത്രയും വ്യക്തമാണ്. എന്നിട്ടും സ്വാര്‍ഥ താല്‍പര്യങ്ങള്‍ക്കും തങ്ങളുടെ പിഴച്ച ആദര്‍ശം മറച്ചുവയ്ക്കാന്‍ വേണ്ടിയും യാതൊരു കഴമ്പുമില്ലാത്ത വാദങ്ങളുമായി ഇവര്‍ രംഗത്ത് വരുന്നു!

നജ്ദുകൊണ്ടുള്ള ഉദ്ദേശം ഇബ്‌നു അബ്ദില്‍ വഹാബിന്റെ ജന്മനാടായ സുഊദി അറേബ്യയിലെ നജ്ദ് ആണെങ്കില്‍ ഹദീഥില്‍ സൂചിപ്പിക്കപ്പെട്ട ഭൂകമ്പങ്ങളും കുഴപ്പങ്ങളും ഉണ്ടാകുമെന്നതും കുഫ്‌റിന്റെ കേന്ദ്രമാണെന്നതുമെല്ലാം ആ നജ്ദിന്റെ ചരിത്രത്തില്‍ കാണാന്‍ സാധിക്കേണ്ടതാണ്. പക്ഷേ, ചരിത്ര ഗ്രന്ഥങ്ങള്‍ പരിശോധിച്ചാല്‍ അങ്ങനെ ഒന്ന് കാണാവതല്ല.

എന്നാല്‍ അന്നുമുതല്‍ ഇന്നുവരെ എല്ലാ കുഴപ്പങ്ങളുടെയും കേന്ദ്രം ഇറാഖാണ് എന്ന് കാണാം. ഇതൊരു വസ്തുതയാണ്. മുസ്‌ലിം സമുദായത്തിന്റെ ഐക്യം തകര്‍ത്തതും അനൈക്യവും ഛിദ്രതയും വിദേ്വഷവും സമ്മാനിച്ചതും ഇറാഖ് തന്നെ. പിഴച്ച കക്ഷികള്‍ മിക്കവാറും ഉത്ഭവിച്ചത് ഇറാഖില്‍നിന്നാണെന്ന് കാണാം.

ഈ സമുദായം എഴുപത്തിമൂന്ന് വിഭാഗങ്ങളായി മാറുമെന്നും അതില്‍ എഴുപത്തിരണ്ട് കക്ഷികള്‍ നരകക്കാരാണെന്നുമുള്ള ഹദീഥിനെ വിശദീകരിക്കവെ മുല്ലാ അലിയ്യുല്‍ഖാരി പറയുന്നു: 'ബിദഈ കക്ഷികളുടെ അടിസ്ഥാനം ഏഴ് വിഭാഗങ്ങളാണ്. മുഅ്തസിലി, ശീആ, ഖവാരിജ്, നജ്ജാരിയ്യ, ജബ്‌രിയ്യ, മുശബ്ബിഹ, ഹുലൂലിയ്യ എന്നിവരാണവര്‍. ഇവര്‍ യഥാക്രമം 20,22,20,3,1,5,1 എന്നീ എണ്ണം ഉപവിഭാഗങ്ങളായി പിന്നീട് ഭിന്നിച്ചു.' (ആകെ 72).

ചുരുക്കത്തില്‍ പിഴച്ച കക്ഷികളായ 72 കക്ഷികളും ഉല്‍ഭവിച്ചത് ഈ ഏഴ് കക്ഷികളില്‍നിന്നാണ്. പിന്നീട് ലോകത്ത് പുതിയ കക്ഷികള്‍ ഉടലെടുത്തിട്ടുണ്ടെങ്കില്‍ അവരുടെ ആദര്‍ശം ഈ എഴുപത്തിരണ്ടില്‍ ഏതെങ്കിലും ഒന്നിന്റെതായിരിക്കും എന്നര്‍ഥം. ഈ ഏഴ് കക്ഷികളുടെയും നേതാക്കള്‍ ഇറാഖുകാരായിരുന്നു!

നേര്‍ക്കുനേര്‍ ചരിത്രം പഠിക്കുന്ന ഏതൊരാള്‍ക്കും മനസ്സിലാക്കാവുന്ന ഒരു കാര്യമാണ് മുഴുവന്‍ പിഴച്ച കക്ഷികളും വലിയ കുഴപ്പങ്ങളുമെല്ലാം പ്രത്യക്ഷപ്പെട്ടത് ഇറാഖിലെ നാടുകളില്‍ നിന്നാണ് എന്ന യാഥാര്‍ഥ്യം. പിശാചിന്റെ കൊമ്പ് പ്രത്യക്ഷപ്പെടും എന്നതുകൊണ്ട് ഉദ്ദേശിക്കുന്നത് അതുതന്നയാണ്. ഇതിന് ചരിത്രം സാക്ഷിയാണ്. ഉസ്മാന്‍(റ)വിന് എതിരെയുള്ള കലാപങ്ങളുടെ തുടക്കം ഇറാഖ് ഭാഗത്തുനിന്നായിരുന്നു. ജമല്‍, സ്വിഫ്ഫീന്‍ യുദ്ധങ്ങള്‍ നടന്നതും ആ പ്രദേശങ്ങളില്‍ തന്നെ. അലി(റ) വധിക്കപ്പെടുന്നതും ഇറാഖില്‍വച്ചുതന്നെ. മുഅ്തസിലി, ശീഈ, ഖവാരിജ്, നജ്ജാരിയ്യ, ജബ്‌രിയ്യ, മുശബ്ബിഹ, ഹുലൂലിയ്യ തുടങ്ങിയവരെല്ലാം ഉടലെടുത്തതും അവിടെനിന്നുതന്നെ. മാത്രമല്ല, കള്ളപ്രവാചകനായ മുഖ്താര്‍ പ്രവാചകത്വം വാദിച്ചതും അവിടെനിന്നുതന്നെ. ദജ്ജാലിന്റെയും യഅ്ജൂജ് മഅ്ജൂജിന്റെയും പുറപ്പാട് ആ ഭാഗത്തുനിന്നായിരിക്കുമെന്ന് ഹദീഥുകള്‍ വ്യക്തമാക്കുന്നുമുണ്ട്.

നബി ﷺ യുടെ പേരില്‍ ലക്ഷക്കണക്കായ ഹദീഥുകള്‍ വ്യാജമായി നിര്‍മിച്ചുണ്ടാക്കപ്പെട്ടതില്‍ ഭൂരിഭാഗവും ഇറാഖില്‍നിന്നായിരുന്നുവെന്നത് ഒരു ചരിത്ര യാഥാര്‍ഥ്യം കൂടിയാണല്ലോ. ഒരുകാലത്ത് 'ഹദീഥ് അടിക്കുന്ന കേന്ദ്രം' എന്ന അപരനാമത്തില്‍ കുപ്രസിദ്ധമായതും ഇറാഖായിരുന്നുവല്ലോ. ഇക്കാര്യം ഹദീഥ് പണ്ഡിതന്മാര്‍ വ്യക്തമാക്കിയതുമാണ്. താബിഈ പണ്ഡിതനായ ഹിശാം ഇബ്‌നു ഉര്‍വ(റഹി) പറയുന്നു: 'നിന്നോട് ഒരു ഇറാഖുകാരന്‍ ആയിരം ഹദീഥുകള്‍ പറഞ്ഞാല്‍ നീ അതില്‍ 990 എണ്ണം ഒഴിവാക്കുക. ബാക്കിയുള്ളത് നീ സംശയിക്കുകയും ചെയ്യുക.' ഇമാം ശാഫിഈ(റ) പറയുന്നു: 'ഇറാഖില്‍ നിന്നും വന്ന ഏതൊരു ഹദീഥുംതന്നെ ഹിജാസില്‍ അതിന് അടിസ്ഥാനമുണ്ടെങ്കിലല്ലാതെ നീ സ്വീകരിക്കരുത്.'

പ്രവാചകന്‍ ﷺ  പ്രാര്‍ഥിക്കാന്‍ വിസമ്മതിച്ചതും ഫിത്‌നയുടെ കേന്ദ്രമായും പിശാചിന്റെ കൊമ്പ് പ്രത്യക്ഷപ്പെടുന്ന സ്ഥലമായുമൊക്കെ പറഞ്ഞതും ഇറാഖിലെ നജ്ദിനെക്കുറിച്ചാണെന്ന് പ്രമാണങ്ങള്‍കൊണ്ടും ചരിത്ര യാഥാര്‍ഥ്യങ്ങള്‍കൊണ്ടും വ്യക്തമായി.

എന്നാല്‍ ശൈഖ് മുഹമ്മദ്ബ്‌നു അബ്ദില്‍വഹാബിന്റെ ജന്മസ്ഥലമായ ഇന്നത്തെ സുഊദി അറേബ്യയുടെ ഭാഗമായ നജ്ദ് ഏതെങ്കിലും രൂപത്തില്‍ ശപിക്കപ്പെട്ടതായി ഹദീഥുകളില്‍ വന്നിട്ടുണ്ടാ? ഇല്ലെന്ന് മാത്രമല്ല നബി ﷺ  ബര്‍കത്തിനായി പ്രാര്‍ഥിച്ച പ്രദേശങ്ങളില്‍ പെട്ടതാണ് അത് എന്നതാണ് യാഥാര്‍ഥ്യം. അതായത് നബി ﷺ  ശാമിനും യമനിനും വേണ്ടി പ്രാര്‍ഥിക്കുകയും അവയെ പുകഴ്ത്തുകയും ചെയ്തത് ധാരാളം ഹദീഥുകളില്‍ സ്ഥിരപ്പട്ടിട്ടുണ്ട്. മക്ക തിഹാമയില്‍ പെട്ടതും തിഹാമ യമനില്‍ പെട്ടതുമാണ് എന്ന് ഇമാം നവവി(റഹി), അസ്‌ക്വലാനി(റഹി) തുടങ്ങിയവര്‍ രേഖപ്പെടുത്തിയിട്ടുണ്ട്.

തെളിവുകളും യാഥാര്‍ഥ്യവും ഇതാണെന്നിരിക്കെ പിന്നെയും എന്തിന് വേണ്ടിയാണ് പുരോഹിതന്മാര്‍ തങ്ങളുടെ വളഞ്ഞ വാദങ്ങള്‍ സമൂഹത്തില്‍ പ്രചരിപ്പിക്കുന്നതും സത്യത്തെ മൂടിവെക്കാന്‍ പാടുപെടുന്നതുമെല്ലാം? ആരോടുള്ള വിദ്വേഷമാണ് അവരെ ഇത്തരത്തില്‍ അസത്യങ്ങള്‍ പ്രചരിപ്പിക്കാന്‍ പ്രേരിപ്പിക്കുന്നത്? എന്താണ് അവരുടെ ലക്ഷ്യം? പരലോകവും സ്വര്‍ഗവും നരകവും യാഥാര്‍ഥ്യമാണെന്ന് ഉറച്ചു വിശ്വസിക്കുന്നവര്‍ക്ക് ഇങ്ങനെ ചെയ്യാമോ?

അല്ലാഹു പറയുന്നു: ''സത്യവിശ്വാസികളേ, നിങ്ങള്‍ അല്ലാഹുവിന്ന് വേണ്ടി നിലകൊള്ളുന്നവരും നീതിക്ക് സാക്ഷ്യം വഹിക്കുന്നവരുമായിരിക്കുക. ഒരു ജനതയോടുള്ള അമര്‍ഷം നീതി പാലിക്കാതിരിക്കാന്‍ നിങ്ങള്‍ക്ക് പ്രേരകമാകരുത്. നിങ്ങള്‍ നീതി പാലിക്കുക. അതാണ് ധര്‍മനിഷ്ഠയോട് ഏറ്റവും അടുത്തത്. നിങ്ങള്‍ അല്ലാഹുവെ സൂക്ഷിക്കുക. തീര്‍ച്ചയായും നിങ്ങള്‍ പ്രവര്‍ത്തിക്കുന്നതിനെ കുറിച്ചെല്ലാം അല്ലാഹു സൂക്ഷ്മമായി അറിയുന്നവനാകുന്നു'' (ക്വുര്‍ആന്‍ 5:8).

നമ്മുടെ തലച്ചോറും ബുദ്ധിയുമൊന്നും ഒരാളുടെയും കാല്‍കീഴില്‍ കൊണ്ടുപോയി പണയപ്പെടുത്തിയിട്ടില്ല എങ്കില്‍ നമ്മളോര്‍ക്കുക. ജനിച്ചത് ഏകാകിയായിട്ടാണെങ്കില്‍ മരിക്കുന്നതും അങ്ങനെയാകം. നമ്മുടെ ക്വബ്‌റില്‍ നമ്മള്‍ ഒറ്റക്കാണെങ്കില്‍ നമ്മുടെ വിചാരണയും നമ്മള്‍ ഒറ്റക്ക് തന്നെ നേരിടണം.

സത്യത്തിന്റെ പ്രകാശത്തെ മൂടിവയ്ക്കാന്‍ ശ്രമിക്കുന്നവര്‍ നമ്മുടെ പരലോക വിജയത്തിന് വിഘാതമാകാതിരിക്കാന്‍ നാം ശ്രദ്ധിക്കണം.

അല്ലാഹു പറയുന്നു: ''സത്യവിശ്വാസികളേ, പണ്ഡിതന്‍മാരിലും പുരോഹിതന്‍മാരിലും പെട്ട ധാരാളം പേര്‍ ജനങ്ങളുടെ ധനം അന്യായമായി തിന്നുകയും അല്ലാഹുവിന്റെ മാര്‍ഗത്തില്‍നിന്ന് (അവരെ) തടയുകയും ചെയ്യുന്നു...'' (ക്വുര്‍ആന്‍ 9:34).