ഇസ്‌ലാമും ബലികര്‍മവും

മെഹബൂബ് മദനി ഒറ്റപ്പാലം

2020 ജൂലൈ 18 1441 ദുല്‍ക്വഅദ് 28

ഇസ്‌ലാം സല്‍കര്‍മമായി പരിചയപ്പെടുത്തിയ കാര്യങ്ങളെല്ലാം കഴിവിന്റെ പരമാവധി ജീവിതത്തിന്റെ ഭാഗമാക്കി മാറ്റുകയെന്നത് വിശ്വാസികളുടെ ബാധ്യതയാണ്. പുണ്യങ്ങള്‍ അധികരിപ്പിക്കുന്നതിലൂടെ നമുക്ക് നാഥനുമായി കൂടുതല്‍ അടുക്കാന്‍ കഴിയുമെന്ന കാര്യത്തില്‍ സംശയമില്ല. ഇത്തരുണത്തില്‍ നമ്മുടെ ഈമാനിനെ ഊട്ടിയുറപ്പിക്കാന്‍ സഹായിക്കുന്ന ഏറെ ശ്രേഷ്ഠമായ സല്‍കര്‍മമാണ് ബലി. മറ്റു കര്‍മങ്ങളുടേതുപോലെത്തന്നെ സ്രഷ്ടാവിന്റെ പ്രീതി മാത്രമായിരിക്കണം ബലികര്‍മത്തില്‍നിന്നും വിശ്വാസികള്‍ ലഭ്യമാക്കേണ്ടത്.

നമസ്‌കാരത്തിലെ പ്രാരംഭ പ്രാര്‍ഥനയിലൂടെ നാം പ്രഖ്യാപിക്കാന്‍ കല്‍പിക്കപ്പെട്ടതും അതുതന്നെയാണല്ലോ: ''ആകാശഭൂമിയുടെ സ്രഷ്ടാവിലേക്ക് വിനയത്തോടെയും ഋജുമനസ്‌കനായിക്കൊണ്ടും ഞാനെന്റെ മുഖത്തെ തിരിച്ചുനിര്‍ത്തിയിരിക്കുന്നു. ഞാനൊരിക്കലും ബഹുദൈവ വിശ്വാസികളില്‍ പെട്ടവനല്ല. എന്റെ നമസ്‌കാരവും ബലികര്‍മവും ജീവിതവും മരണവുമെല്ലാം ലോകരകഷിതാവായ അല്ലാഹുവിനുള്ളതാകുന്നു. അവന് യാതൊരു പങ്കുകാരുമില്ല. അപ്രകാരമാണ് ഞാന്‍ കല്‍പിക്കപ്പെട്ടിരിക്കുന്നത്. ഞാന്‍ മുസ്‌ലിംകളുടെ കൂട്ടത്തില്‍ പെട്ടവനാകുന്നു.''

ഈ പ്രഖ്യാപനം നടത്തുന്ന വിശ്വാസികള്‍ക്കൊരിക്കലും അല്ലാഹു അല്ലാത്തവരുടെ പ്രീതിക്ക് വേണ്ടി ബലിയോ നേര്‍ച്ചയോ നടത്തുവാന്‍ സാധിക്കുകയില്ല.

വിശുദ്ധ ക്വുര്‍ആനിലെ ഏറ്റവും ചെറിയ അധ്യായമായ 'അല്‍കൗഥറി'ലും ഇക്കാര്യം വ്യക്തമാക്കപ്പെട്ടിട്ടുണ്ട്: ''തീര്‍ച്ചയായും നിനക്ക് നാം ധാരാളമായി നല്‍കിയിരിക്കുന്നു. ആകയാല്‍ നീ നിന്റെ രക്ഷിതാവിനുവേണ്ടി നമസ്‌കരിക്കുകയും ബലിയര്‍പിക്കുകയും ചെയ്യുക. തീര്‍ച്ചയായും നിന്നോട് വിദ്വേഷം വെച്ചുപുലര്‍ത്തുന്നവന്‍ തന്നെയാകുന്നു വാലറ്റവന്‍ (ഭാവിയില്ലാത്തവന്‍)'' (108:1-3).

ഇന്ന് മുസ്‌ലിം സമൂഹത്തില്‍ അല്ലാഹു അല്ലാത്തവരുടെ പ്രീതികാംക്ഷിച്ചുകൊണ്ട് ധാരാളം മൃഗബലി നടക്കുന്നുവെന്നത് നിഷേധിക്കാനാവാത്ത യാഥാര്‍ഥ്യമാണ്. ദര്‍ഗകളിലും ജാറങ്ങളിലും നടക്കുന്ന ഉറൂസുകളുടെയും നേര്‍ച്ചകളുടെയും മുഖ്യചടങ്ങ് അവിടെ ഉണ്ടെന്ന് പറയപ്പെടുന്ന വലിയ്യിന്റെ പേരിലുള്ള മൃഗബലിയാണ്. അതുപോലെ കെട്ടിടനിര്‍മാണ വേളകളിലും വ്യാപാര സ്ഥാപനങ്ങളുടെ ഉദ്ഘാടന സമയങ്ങളിലും പല മഹാത്മാക്കളുടെയും പ്രീതിക്കുവേണ്ടി മൃഗബലി നടത്തപ്പെടുന്നു. ഇതെല്ലാം ഇസ്‌ലാമില്‍ ഹറാമാണ്. അല്ലാഹു അല്ലാത്തവരുടെ പേരിലും പ്രീതിക്കും വേണ്ടി അറുക്കപ്പെട്ടത് മുസ്‌ലിമിന് നിഷിദ്ധമാണ്.

അല്ലാഹു പറയുന്നു: ''ശവം, രക്തം, പന്നിമാംസം, അല്ലാഹു അല്ലാത്തവരുടെ പേരില്‍ അറുക്കപ്പെട്ടത്, ശ്വാസംമുട്ടി ചത്തത്, അടിച്ചുകൊന്നത്, വീണുചത്തത്, കുത്തേറ്റു ചത്തത്, വന്യമൃഗം കടിച്ചുതിന്നത് എന്നിവ നിങ്ങള്‍ക്ക് നിഷിദ്ധമാക്കപ്പെട്ടിരിക്കുന്നു. എന്നാല്‍ (ജീവനോടെ) നിങ്ങള്‍ അറുത്തത് ഇതില്‍ നിന്നൊഴിവാകുന്നു. പ്രതിഷ്ഠകള്‍ക്ക് മുമ്പില്‍ ബലിയര്‍പിക്കപ്പെട്ടതും (നിങ്ങള്‍ക്ക് നിഷിദ്ധമാകുന്നു)'' (ക്വുര്‍ആന്‍ 05:03).

ഇവിടെ ഒരു സംശയമുണ്ടാകാനിടയുണ്ട്. ദര്‍ഗകളിലും ജാറങ്ങളിലുമെല്ലാം ബലികര്‍മം നിര്‍വഹിക്കുന്നത് ബിസ്മി ചൊല്ലിക്കൊണ്ട് തന്നെയാണല്ലോ. പിന്നെയങ്ങനെ അത് അല്ലാഹു അല്ലാത്തവരുടെ പേരില്‍ അറുക്കപ്പെട്ടതാവും? ഉത്തരം വ്യക്തമാണ്. ഇത്തരം സന്ദര്‍ഭങ്ങളില്‍ ബിസ്മി ചൊല്ലാറുണ്ടെങ്കിലും അവര്‍ ഉദ്ദേശിക്കുന്നത് അവിടെയുള്ള വലിയ്യിന്റെ പ്രീതിയാണ്. അതുകൊണ്ട് തന്നെ അനുവദനീയമല്ല. അല്ലാഹു അല്ലാത്തവരുടെ പ്രീതിക്കുവേണ്ടി ചെയ്യുന്ന കര്‍മങ്ങളെല്ലാം ഇസ്‌ലാമില്‍ നിഷിദ്ധമാണ്.

അല്ലാഹു അല്ലാത്തവരുടെ പ്രതിഫലം കാംക്ഷിച്ചുകൊണ്ട് ബലിയറുത്താല്‍ അതുകൊണ്ട് റബ്ബിന്റെ ശാപമുണ്ടാകുമെന്ന് നബി ﷺ  പഠിപ്പിച്ചു. അലി(റ)യില്‍ നിന്ന് നിവേദനം; നബി ﷺ  പറഞ്ഞു: ''അല്ലാഹു അല്ലാത്തവര്‍ക്കു വേണ്ടി ബലിയറുക്കുന്നവരെയും മാതാപിതാക്കളെ ശപിക്കുന്നവരെയും മതത്തിലില്ലാത്ത പുതിയ കാര്യങ്ങള്‍ ചെയ്യുന്നവരെയും ഭൂമിയുടെ അതിര്‍ത്തികള്‍ മാറ്റുന്നവരെയും അല്ലാഹു ശപിച്ചിരിക്കുന്നു'' (മുസ്‌ലിം).

ഇസ്‌ലാമില്‍ നിര്‍ബന്ധമായും അതല്ലാതെ പുണ്യകര്‍മമെന്ന നിലയിലും നിശ്ചയിക്കപ്പെട്ട ബലികര്‍മങ്ങളുണ്ട്. തമത്തുഅ് ആയ രീതിയില്‍ ഹജ്ജില്‍ പ്രവേശിച്ചവര്‍ക്ക് മൃഗബലി നിര്‍ബന്ധമാണ്. ആദ്യം ഉംറ നിര്‍വഹിച്ചതിന് ശേഷം ഇഹ്‌റാമില്‍ നിന്നൊഴിവാകുകയും, പിന്നീട് ഹജ്ജ് കര്‍മത്തിന് വേണ്ടി രണ്ടാമത് ഇഹ്‌റാമില്‍ പ്രവേശിക്കുകയും ചെയ്യുന്ന രീതിക്കാണ് 'തമത്തുഅ്' എന്ന് പറയുന്നത്. ഇങ്ങനെ ചെയ്യുന്നവരോടുള്ള, റബ്ബിന്റെ കല്‍പന കാണുക: ''അപ്പോള്‍ ഒരാള്‍ ഉംറ നിര്‍വഹിച്ച് ഹജ്ജുവരെ സുഖമെടുക്കുന്ന പക്ഷം സൗകര്യപ്പെടുന്ന ഒരു ബലിമൃഗത്തെ (പ്രായച്ഛിത്തമായി) ബലി നടത്തേണ്ടതാണ്'' (ക്വുര്‍ആന്‍ 2:196).

ഹജ്ജിലെ ഏതെങ്കിലും കര്‍മം നിര്‍വഹിക്കാന്‍ കഴിയാതെ വരികയോ, ചെയ്തതില്‍ അപാകത സംഭവിക്കുകയോ ചെയ്താലും മൃഗബലി നിര്‍ബന്ധമാണ്. അല്ലാഹു പറയുന്നു:

''നിങ്ങള്‍ അല്ലാഹുവിന് വേണ്ടി ഹജ്ജും ഉംറയും പൂര്‍ണമായി നിര്‍വഹിക്കുക. ഇനി നിങ്ങള്‍ക്ക് ഹജ്ജ് (നിര്‍വഹിക്കുന്നതിന്) തടസ്സം സൃഷ്ടിക്കപ്പെട്ടാല്‍ നിങ്ങള്‍ സൗകര്യപ്പെടുന്ന ഒരു ബലിമൃഗത്തെ (ബലിയര്‍പിക്കേണ്ടതാണ്)'' (ക്വുര്‍ആന്‍ 12:196).

പുണ്യകര്‍മമാക്കപ്പെട്ട ബലികളും ഇസ്‌ലാമിലുണ്ട്. ഇവ നിര്‍ബന്ധമുള്ളതല്ല. അക്കൂട്ടത്തില്‍ പെട്ടതാണ് അക്വീക്വ. കുഞ്ഞ് ജനിച്ചാല്‍ അതിന്റെ സന്തോഷത്തില്‍ അല്ലാഹുവിന് നന്ദിയര്‍പ്പിച്ച് നടത്തുന്ന ബലികര്‍മമാണിത്. കുഞ്ഞ് ജനിച്ച് ഏഴാം ദിവസം ഈ കര്‍മം ചെയ്യുന്നത് പ്രത്യേകം പുണ്യമുള്ളതാണ്.

ഇതേപോലെ സുന്നത്താക്കപ്പെട്ട മറ്റൊരു ബലികര്‍മമാണ് ഉദുഹിയ്യത്ത്. ബലിപെരുന്നാളുമായി ബന്ധപ്പെട്ട് നടത്തുന്ന ഈ കര്‍മം ഏറെ ശ്രേഷ്ഠകരമാണ്. ഇതിന് പിന്നിലുള്ള ചരിത്ര സംഭവം അല്ലാഹു വിശദീകരിക്കുന്നത് ഇപ്രകാരമാണ്:

''അദ്ദേഹം ഇബ്‌റാഹീം(അ) പറഞ്ഞു: തീര്‍ച്ചയായും ഞാന്‍ എന്റെ രക്ഷിതാവിങ്കലേക്ക് പോവുകയാണ്. അവന്‍ എനിക്ക് വഴികാണിക്കുന്നതാണ്. എന്റെ രക്ഷിതാവേ, സദ്‌വൃത്തരില്‍ ഒരാളെ നീ എനിക്ക് (പുത്രനായി) പ്രദാനം ചെയ്യേണമേ. അപ്പോള്‍ സഹനശീലനായ ഒരു ബാലനെപറ്റി നാം അദ്ദേഹത്തിന് സന്തോഷ വാര്‍ത്ത അറിയിച്ചു. എന്നിട്ട് ആ ബാലന്‍ അദ്ദേഹത്തോടൊപ്പം പ്രയത്‌നിക്കാനുള്ള പ്രായമെത്തിയപ്പോള്‍ അദ്ദേഹം പറഞ്ഞു. എന്റെ കുഞ്ഞുമകനേ! ഞാന്‍ നിന്നെ അറുക്കണമെന്ന് സ്വപ്‌നത്തില്‍ കാണുന്നു. അതുകൊണ്ട് നോക്കൂ, നീ എന്താണ് അഭിപ്രായപ്പെടുന്നത്. അവന്‍ പറഞ്ഞു: എന്റെ പിതാവേ, കല്‍പിക്കപ്പെടുന്നതെന്തോ അത് താങ്കള്‍ ചെയ്തുകൊള്ളുക. അല്ലാഹു ഉദ്ദേശിക്കുന്നപക്ഷം ക്ഷമാശീലരുടെ കൂട്ടത്തില്‍ താങ്കള്‍ എന്നെ കണ്ടെത്തുന്നതാണ്. അങ്ങനെ അവര്‍ ഇരുവരും (കല്‍പനക്ക്) കീഴ്‌പ്പെടുകയും, അവനെ നെറ്റിമേല്‍ ചെരിച്ചുകിടത്തുകയും ചെയ്ത സന്ദര്‍ഭം! നാം അദ്ദേഹത്തെ വിളിച്ചു പറഞ്ഞു! ഹേ ഇബ്‌റാഹീം, തീര്‍ച്ചയായും നീ സ്വപ്‌നം സാക്ഷാല്‍കരിച്ചിരിക്കുന്നു. തീര്‍ച്ചയായും അപ്രകാരമാണ് നാം സദ്‌വൃത്തര്‍ക്ക് പ്രതിഫലം നല്‍കുന്നത്. തീര്‍ച്ചയായും ഇത് സ്പഷ്ടമായ പരീക്ഷണം തന്നെയാണ്. അവന് പകരം ബലിയര്‍പ്പിക്കാനായി മഹത്തായ ഒരു ബലിമൃഗത്തെ നാം നല്‍കുകയും ചെയ്തു'' (ക്വുര്‍ആന്‍ 37:99-07).

ബലിപെരുന്നാളിലെ ബലികര്‍മം ഈ സംഭവത്തെ ഓര്‍മിപ്പിക്കുന്നു. അല്ലാഹുവിന്റെ പ്രീതിക്കുവേണ്ടി എന്തും സമര്‍പ്പിക്കുവാനുള്ള ത്യാഗസന്നദ്ധതയാണ് ഇബ്‌റാഹീം നബി(അ)യുടെ ചരിത്രത്തില്‍ നിന്ന് നമുക്കുള്ള പാഠം.

ബലികര്‍മത്തെ കുറിച്ച് അല്ലാഹു പറയുന്നത് കാണുക: ''അവയുടെ മാംസങ്ങളോ രക്തങ്ങളോ അല്ലാഹുവിങ്കല്‍ എത്തുന്നതേയില്ല. എന്നാല്‍ നിങ്ങളുടെ ധര്‍മനിഷ്ഠയാണ് അവങ്കല്‍ എത്തുന്നത്. അല്ലാഹു നിങ്ങള്‍ക്ക് മാര്‍ഗദര്‍ശനം നല്‍കിയതിന്റെ പേരില്‍ നിങ്ങള്‍ക്ക് അവന്റെ മഹത്ത്വം പ്രകീര്‍ത്തിക്കേണ്ടതിനായി അപ്രകാരം അവന്‍ അവയെ നിങ്ങള്‍ക്ക് കീഴ്‌പെടുത്തി തന്നിരിക്കുന്നു. (നബിയേ) സദ്‌വൃത്തര്‍ക്ക് നീ സന്തോഷവാര്‍ത്ത അറിയിക്കുക''(ക്വുര്‍ആന്‍ 22:37).