ക്വുര്‍ആന്‍ പാരായണവും കേള്‍വിയും: ഒരു ശാസ്ത്രിയ സമീപനം

ഷമീര്‍ മരക്കാര്‍ നദ്‌വി

2020 ജൂണ്‍ 27 1441 ദുല്‍ക്വഅദ് 06

വിശുദ്ധ ക്വുര്‍ആന്‍ ശ്രവിക്കപ്പെടുന്ന ഗ്രന്ഥമാണ്. നൂറ്റാണ്ടുകളുടെ വഴിയിലൂടെ, വ്യത്യസ്ത തലമുറകളിലൂടെ അത് കൈമാറ്റം ചെയ്യപ്പെട്ടു. ഈ അത്ഭുത സഞ്ചാരം മാനവിക ചരിത്രത്തില്‍ അത്യുന്നത നാഗരികതകളുടെ വളര്‍ച്ചക്ക് കാരണമായി. മാനവിക സമൂഹം വിശുദ്ധ ക്വുര്‍ആന്‍ ശ്രദ്ധിച്ച് കേള്‍ക്കാന്‍ തുടങ്ങിയപ്പോള്‍ അവരില്‍ പരിവര്‍ത്തനമുണ്ടായി. അന്ധകാരത്തിന്റെ ആഴങ്ങളില്‍ നിന്ന് പ്രകാശത്തിന്റെ ഗോപുരങ്ങളിലേക്ക് അവര്‍ ഉയര്‍ത്തപ്പെട്ടു. കിഴക്കും പടിഞ്ഞാറും ഈ അമാനുഷിക ശബ്ദം കീഴടക്കി. മനുഷ്യ- ജിന്നുവര്‍ഗങ്ങളില്‍നിന്ന് അല്ലാഹു ഉദ്ദേശിച്ചവര്‍ പരിവര്‍ത്തനത്തിന്റെ ഈ പുതിയ പാത തെരഞ്ഞെടുത്തു. പ്രപഞ്ച സ്രഷ്ടാവിന്റെ സുന്ദരവചനങ്ങള്‍ കേള്‍ക്കാതെപോയവര്‍ നഷ്ടത്തിന്റെ കയങ്ങളില്‍ ഞെരിഞ്ഞമര്‍ന്നു.

ജിന്നു സമൂഹം വിശുദ്ധ ക്വുര്‍ആന്‍ പാരായണം ശ്രദ്ധിച്ച് കേട്ട ഒരു സംഭവം അല്ലാഹു സൂറതുല്‍ ജിന്നിലൂടെ നമ്മെ പഠിപ്പിക്കുന്നു. അല്ലാഹു പറയുന്നു: ''(നബിയേ,) പറയുക: ജിന്നുകളില്‍ നിന്നുള്ള ഒരു സംഘം ക്വുര്‍ആന്‍ ശ്രദ്ധിച്ചു കേള്‍ക്കുകയുണ്ടായി എന്ന് എനിക്ക് ദിവ്യബോധനം നല്‍കപ്പെട്ടിരിക്കുന്നു. എന്നിട്ടവര്‍ (സ്വന്തം സമൂഹത്തോട്) പറഞ്ഞു: തീര്‍ച്ചയായും അത്ഭുതകരമായ ഒരു ക്വുര്‍ആന്‍ ഞങ്ങള്‍ കേട്ടിരിക്കുന്നു. അത് സന്‍മാര്‍ഗത്തിലേക്ക് വഴികാണിക്കുന്നു. അതുകൊണ്ട് ഞങ്ങള്‍ അതില്‍ വിശ്വസിച്ചു. മേലില്‍ ഞങ്ങളുടെ രക്ഷിതാവിനോട് ആരെയും ഞങ്ങള്‍ പങ്കുചേര്‍ക്കുകയേ ഇല്ല'' (72:1,2).

മഹാപാപമായ അല്ലാഹുവില്‍ പങ്കുചേര്‍ക്കുന്നതിനെ ജീവിതത്തില്‍ നിന്നും ഒഴിവാക്കാന്‍ ജിന്ന് സമൂഹത്തിന് സഹായകമായത് അവര്‍ വിശുദ്ധ ക്വുര്‍ആന്‍ ശ്രദ്ധാപൂര്‍വം കേട്ടു എന്നതാണ്. ഇവിടെ കേള്‍ക്കല്‍ എന്നതിന് ക്വുര്‍ആന്‍ ഉപയോഗിച്ച പദം 'ഇസ്തിമാഅ്' എന്നതാണ്. അറബി ഭാഷയില്‍ കേള്‍ക്കല്‍ എന്നതിന് 'സിമാഅ്' എന്ന പദമാണ് ഉപയോഗിക്കാറുള്ളത്. എന്നാല്‍ ക്വുര്‍ആന്‍ പാരായണം ശ്രവിക്കുന്നതുമായി ബന്ധപ്പെട്ട് പറയുമ്പോള്‍ സിമാഅ് എന്ന പദത്തെക്കാള്‍ ആഴമേറിയ 'ഇസ്തിമാഅ്' എന്ന പദമാണ് ഉപയോഗിക്കാറുള്ളത്. എന്താണ് സിമാഅ്, ഇസ്തിമാഅ് എന്നിവ തമ്മിലുള്ള വ്യത്യാസമെന്ന് നാം മനസ്സിലാക്കേണ്ടതുണ്ട്.

സിമാഅ് എന്നത് വെറും കേള്‍ക്കല്‍ മാത്രമാണ്. ശബ്ദ തരംഗങ്ങള്‍ സ്വീകരിക്കുന്ന ഇന്ദ്രിയമായ ചെവിയില്‍ മാത്രം പരിമിതമാവുന്ന പ്രവര്‍ത്തനം. അത് ജൈവപരമായ പ്രക്രിയ എന്നതില്‍ മാത്രം പരിമിതപ്പെടുന്നു. കേള്‍ക്കുന്നതിനെക്കുറിച്ച് ചിന്തിക്കുകയോ മനസ്സില്‍ അത് സ്വാധീനിക്കുകയോ ചെയ്‌തെന്ന് വരില്ല. മനുഷ്യപ്രകൃതത്തില്‍ ഉള്‍ക്കൊള്ളുന്ന ഒരു ശേഷി എന്നതില്‍ കവിഞ്ഞ് ആ കേള്‍വിയുടെ ഫലമായി പഠന, മനന പ്രവര്‍ത്തനങ്ങള്‍ നടക്കുക എന്നത് വിരളമാണ്.

'ഇസ്തിമാഅ്' എന്നത് സാങ്കേതികമായി ഉന്നതമായ ഒരു കഴിവാണ്. മനസ്സാനിധ്യത്തോടെയും ചിന്താ പ്രക്രിയയിലൂടെയും കേള്‍ക്കുന്നതിനാണ് ഈ പദം ഉപയോഗിക്കുന്നത്. മറ്റൊരര്‍ഥത്തില്‍ പറഞ്ഞാല്‍ മനസ്സും ബുദ്ധിയും ശബ്ദവും ഒന്നിച്ച് നിര്‍വഹിക്കുന്ന ഉന്നതമായ പ്രവര്‍ത്തനമാണ് ഇസ്തിമാഅ് .കേള്‍ക്കുന്ന ശബ്ദ്ധത്തിന്റെ ആശയവും അര്‍ഥവും ഉള്‍കൊള്ളാന്‍ ചിന്താപരമായ വിശകലനത്തിലൂടെ അപഗ്രഥിക്കയും അത് സത്യമാണെന്ന് ബോധ്യപ്പെന്ന് വിശ്വസിക്കലുമാണ് ഈ പ്രവര്‍ത്തനം കൊണ്ട് ഉണ്ടാകുന്ന ഫലം.

അല്ലാഹു പറയുന്നു: 'ക്വുര്‍ആന്‍ പാരായണം ചെയ്യപ്പെടാല്‍ നിങ്ങളത് ശ്രദ്ധിച്ച് കേള്‍ക്കുകയും നിശ്ശബ്ദത പാലിക്കുകയും ചെയ്യുക. നിങ്ങള്‍ക്ക് കാരുണ്യം ലഭിച്ചേക്കാം'' (ക്വുര്‍ആന്‍ 7:204).

ഈ വചനത്തിലൂടെ അല്ലാഹു നമ്മില്‍ വളര്‍ത്തുന്നത് രണ്ട് ഉന്നതമായ ശേഷികളാണ്. ഒന്ന് 'ഇസ്തിമാഅ്.' മറ്റൊന്ന് 'ഇന്‍സ്വാത്.'

'ഇസ്തിമാഅ്' എന്താണെന്ന് നാം മനസ്സിലാക്കി. 'ഇന്‍സ്വാത്' എന്നതിന് സാങ്കേതികമായി ഇസ്തിമാഅ് എന്നതിനെക്കാള്‍ ഉന്നതമായ ഒരു തലമാണുള്ളത്. ധ്യാന സമാനമായ ചിന്തയും ഭക്തിയും ഇണങ്ങിച്ചേര്‍ന്ന് സസൂക്ഷ്മം ശ്രവിക്കലാണ് അത്. ഇതാണ് ക്വുര്‍ആനിനെക്കുറിച്ച് ആഴത്തില്‍ ചിന്തിക്കുവാന്‍ വഴി തുറക്കുന്നത്. ക്വുര്‍ആനിനെക്കുറിച്ച് ചിന്തിക്കുക എന്നതിന് ഉപയോഗിക്കുന്ന പദം 'തദബ്ബുര്‍' എന്നതാണ്. ഇത് ഇസ്തിമാഅ്, ഇന്‍സ്വാത് എന്നിവയുടെ അനന്തരഫലമാണ്. കൃത്യവും വസ്തുനിഷ്ഠവുമായ ഗുണം ലഭിക്കുവാന്‍ വേണ്ടി നടത്തുന്ന ബുദ്ധിപരമായ പ്രവര്‍ത്തനമാണ് തദബ്ബുര്‍. യുക്തിദീക്ഷയോടും ഗുണപാഠമുള്‍ക്കൊണ്ടും കാര്യങ്ങളെ ചിന്തിച്ച് ഉള്‍കൊള്ളുക എന്നതാണ് ഇവിടെ നിര്‍വഹിക്കപ്പെടുന്നത്.

ഈ അര്‍ഥതലങ്ങള്‍ ഉള്‍ക്കൊണ്ടു വേണം ക്വുര്‍ആനിനെ പഠനവിധേയമാക്കേണ്ടത്. കേവലം ക്വുര്‍ആന്‍ പാരായണവും കേള്‍വിയും അല്ലാഹു ഉദ്ദേശിക്കുന്ന ഫലം നമുക്ക് ലഭിക്കുന്നതിന് തടസ്സമാവും. ഇത്തരം ശ്രദ്ധാപൂര്‍വമുള്ള പാരായണവും കേള്‍ക്കലും നമുക്ക് ധാരാളം ഫലങ്ങള്‍ നല്‍കുന്നു.

ക്വുര്‍ആന്‍ ശ്രവിക്കുന്നതിന്റെ ഗുണങ്ങള്‍

ശ്രുതിമാധുര്യത്തോടെയുള്ള പാരായണം ശ്രവിക്കുന്നത് പുണ്യ കാര്യമാണ്. ക്വുര്‍ആന്‍ ഹൃദിസ്ഥമാക്കുവാനും ആശയങ്ങളെക്കുറിച്ച് ആഴത്തില്‍ ചിന്തിക്കുവാനും അത് സഹായകമാവും. പൂര്‍വികരായ ക്വുര്‍ആന്‍ പണ്ഡിതന്‍മാര്‍ അതിന് പ്രാധാന്യം നല്‍കിയിരുന്നു. ശ്രദ്ധാപൂര്‍ണമായി ഓരോ വരികളിലൂടെയും മനസ്സാനിധ്യത്തോടെ ആശയങ്ങളെക്കുറിച്ച് ചിന്തിച്ചുമാണ് ക്വുര്‍ആന്‍ ശ്രവിക്കല്‍ നടക്കേണ്ടത്. ക്വുര്‍ആന്‍ ശ്രവിക്കുന്നതിന്റെ ഗുണഫലങ്ങള്‍ ധാരാളമാണ്. അവയില്‍ ചിലത് താഴെ കൊടുക്കുന്നു.

അല്ലാഹുവിന്റെ കാരുണ്യം കരസ്ഥമാക്കുക

ക്വുര്‍ആന്‍ ശ്രദ്ധിച്ച് കേള്‍ക്കുകയും അവയെക്കുറിച്ച് ചിന്തിക്കുകയും ചെയ്യുന്നവര്‍ക്ക് അല്ലാഹുവിന്റെ കാരുണ്യം പ്രത്യേകമായി വര്‍ഷിക്കുന്നതാണ്. അല്ലാഹു പറയുന്നു: ''ക്വുര്‍ആന്‍ പാരായണം ചെയ്യപ്പെട്ടാല്‍ നിങ്ങളത് ശ്രദ്ധിച്ചു കേള്‍ക്കുകയും നിശ്ശബ്ദത പാലിക്കുകയും ചെയ്യുക. നിങ്ങള്‍ക്ക് കാരുണ്യം ലഭിച്ചേക്കും'' (ക്വുര്‍ആന്‍ 7:204).

കാരുണ്യം ലഭിക്കുവാനുള്ള ഉത്തമ വഴിയായി ഈ വചനം നമ്മെ പഠിപ്പിക്കുന്ന കാര്യം ക്വുര്‍ആന്‍ ശ്രദ്ധാപൂര്‍വം ശ്രവിക്കുകയും മനനം ചെയ്യുകയുമാണ്.

അബൂഹുറയ്‌റ(റ) ഉദ്ധരിക്കുന്നു; നബി(സ്വ) പറഞ്ഞു: ''ഒരു സംഘം അല്ലാഹുവിന്റെ ഭവനങ്ങളില്‍ നിന്ന് ഒരു ഭവനത്തില്‍ ഒരുമിച്ച് ചേരുകയും അവന്റെ ഗ്രന്ഥം പാരായണം ചെയ്യുകയും അവ പരസ്പരം പഠിപ്പിക്കുകയും ചെയ്യുന്നില്ല; അവര്‍ക്ക് ശാന്തി ഇറങ്ങിയിട്ടല്ലാതെ. അവര്‍ കാരുണ്യംകൊണ്ട് മൂടപ്പെടുകയും മലക്കുകള്‍ അവരെ വലംവയ്ക്കുകയും അല്ലാഹു അവരെപ്പറ്റി അവന്റെ സമീപമുള്ളവരോട് പറയുകയും ചെയ്യും'' (മുസ്‌ലിം).

തീര്‍ച്ചയായും ക്വുര്‍ആന്‍ സശ്രദ്ധം കേള്‍ക്കുകയും അവയെക്കുറിച്ച് ചിന്തിക്കുകയും മനന, പഠനത്തിന് ശ്രമിക്കുകയും ചെയ്യുന്നവരാണ് സൗഭാഗ്യവാന്‍മാര്‍. അവരാണ് കാര്യങ്ങള്‍ വസ്തുനിഷ്ഠമായി ചിന്തിച്ച് ഉള്‍ക്കൊള്ളുന്നവര്‍. നേര്‍മാര്‍ഗം പ്രാപിക്കുന്നവരും സത്യത്തില്‍ ഉറച്ചുനില്‍ക്കുന്നവരും.

മനസ്സാന്നിധ്യവും അശ്രുകണവും

ക്വുര്‍ആന്‍ പാരായണം ചെയ്യുന്നത് ശ്രവിക്കുന്നതിന്റെ ഗുണഫലങ്ങളില്‍ പെട്ടതാണ് അത് മനസ്സാന്നിധ്യം വര്‍ധിപ്പിക്കുവാനും മനസ്സിനെ ശ്രദ്ധാപൂര്‍വം പിടിച്ചുനിര്‍ത്താനും സാധിക്കും എന്നത്. അശ്രദ്ധ എന്നത് മനസ്സാന്നിധ്യം നഷ്ടപ്പെടുമ്പോള്‍ സംഭവിക്കുന്നതാണ്. നമസ്‌കാരത്തിലും മറ്റും പലപ്പോഴും നാം അനുഭവിക്കുന്ന പ്രശ്‌നമാണ് ഈ മനസ്സാന്നിധ്യം നഷ്ടപ്പെടല്‍. പാരായണം ചെയ്യുന്ന ആയത്തിന്റെ അര്‍ഥതലത്തിലൂടെയും ആശയവിശാലതയിലൂടെയും മനസ്സ് ഒഴുകമ്പോള്‍ തീര്‍ച്ചയായും ആ പാരായണം മനസ്സില്‍ അലയൊലികള്‍ സൃഷ്ടിക്കും. അത് തന്റെ ജീവിതത്തിന്റെ അനുഭവങ്ങളുമായും സംഭവങ്ങളുമായും ഏറ്റുമുട്ടും. അപ്പോഴാണ് നമുക്ക് ഉള്‍ക്കാഴ്ചയും പശ്ചാത്താപ മനഃസ്ഥിതിയും കൈവരുന്നത്. അത് നമ്മുടെ മനസ്സിനെ സ്വാധീനിക്കുന്നു. ചെയ്തുപോയ തിന്‍മകളെയും വീഴ്ചകളെയും കുറിച്ചാവുമ്പോള്‍ മനസ്സ് കരയാന്‍ തുടങ്ങും. അത് കണ്ണുനീരായി നിര്‍ഗളിക്കും.

ഇതായിരുന്നു പ്രവാചകന്മാരുടെ മാതൃക. അവര്‍ അല്ലാഹുവിന്റെ വചനങ്ങള്‍ ശ്രദ്ധാപൂര്‍വം കേള്‍ക്കുകയും മനസ്സാന്നിധ്യത്തോടെ ചിന്തിക്കുന്നവരുമായിരുന്നു. ഭയഭക്തി അവരുടെ മനസ്സുകളില്‍ നിറയുകയും ചെയ്യുമായിരുന്നു. അതിന്റെ ഫലമായി അവര്‍ അല്ലാഹുവിന്റെ മുമ്പില്‍ സാഷ്ടാഗം നമിക്കുകയും കരയുകയും ചെയ്തു.

അല്ലാഹു പറയുന്നു: ''അല്ലാഹു അനുഗ്രഹം നല്‍കിയിട്ടുള്ള പ്രവാചകന്മാരത്രെ അവര്‍. ആദമിന്റെ സന്തതികളില്‍ പെട്ടവരും നൂഹിനോടൊപ്പം നാം കപ്പലില്‍ കയറ്റിയവരില്‍ പെട്ടവരും ഇബ്‌റാഹീമിന്റെയും ഇസ്‌റാഈലിന്റെയും സന്തതികളില്‍ പെന്നട്ടവരും നാം നേര്‍വഴിയിലാക്കുകയും പ്രത്യേകം തെരഞ്ഞെടുക്കുകയും ചെയ്തവരില്‍ പെട്ടവരത്രെ അവര്‍. പരമകാരുണ്യവാന്റെ ആയത്തുകള്‍ അവര്‍ക്ക് വായിച്ച് കേള്‍പ്പിക്കപ്പെടുന്നപക്ഷം പ്രണമിക്കുന്നവരും കരയുന്നവരുമായിക്കൊണ്ട് അവര്‍ താഴെ വീഴുന്നതാണ്'' (ക്വുര്‍ആന്‍ 19:58).

പാരായണം ശ്രദ്ധിച്ചുകേള്‍ക്കുന്നതിന്റെ ആഴമേറിയ തലങ്ങളാണ് ഈ വചനത്തിലൂടെ നമ്മെ പഠിപ്പിക്കുന്നത്.

മാര്‍ഗദര്‍ശനത്തിന്റെ വഴി

ക്വുര്‍ആന്‍ ശ്രദ്ധാപൂര്‍വം കേള്‍ക്കല്‍ ഹിദായത്തിനുള്ള മാര്‍ഗമാണ്. ഋജുവായ ചിന്തയും മനനവുമുള്ള വ്യക്തികള്‍ക്ക് ക്വുര്‍ആന്‍ ശ്രവിക്കുന്നത് ജീവിതത്തിന്റെ ഇരുണ്ട വഴികളില്‍ പ്രകാശം നിറക്കാന്‍ കാരണമാവുന്നു. ഏറ്റവും നല്ലത് കേള്‍ക്കുകയും അവയെ പിന്‍പറ്റുകയും ചെയ്യുന്ന ബുദ്ധിമന്‍മാരാണ് അവര്‍. വാക്കുകളില്‍ വെച്ച് ഏറ്റവും ഉത്തമമായത് അല്ലാഹുവിന്റെ വാക്കുകളാണ്. ആ വചനങ്ങള്‍ മനസ്സിനെ പ്രകാശത്തിലേക്ക് നയിക്കുന്നു.

സന്മാര്‍ഗം എന്നത് ഉന്നതമായ സംസ്‌കാരമാണ്. ഇസ്‌ലാം ആ സംസ്‌കാരത്തിന്റെ പേരാണ്. വ്യക്തിയുടെ വിശ്വാസത്തിലും കര്‍മത്തിലും കലര്‍പ്പുകളും മാലിന്യങ്ങളും കലരാതെ ശുദ്ധീകരിക്കുന്നതാണ് ക്വുര്‍ആന്‍ ശ്രവിക്കുന്നതിലൂടെ സാധ്യമാവുന്നത്.

അല്ലാഹു പറയുന്നു: ''അതായത് വാക്ക് ശ്രദ്ധിച്ച് കേള്‍ക്കുകയും അതില്‍ ഏറ്റവും നല്ലത് പിന്‍പറ്റുകയും ചെയ്യുന്നവര്‍ക്ക്. അക്കൂട്ടര്‍ക്കാകുന്നു അല്ലാഹു മാര്‍ഗദര്‍ശനം നല്‍കിയിട്ടുള്ളത്. അവര്‍ തന്നെയാകുന്നു ബുദ്ധിമാന്‍മാര്‍'' (ക്വുര്‍ആന്‍ 39:18).

ഇത്തരം ധാരാളം ഗുണങ്ങള്‍ ക്വുര്‍ആന്‍ ശ്രദ്ധിച്ച് കേള്‍ക്കുന്നതിലൂടെ നമുക്ക് ലഭിക്കുന്നു. അവ നേടിയെടുക്കാന്‍ അല്ലാഹു നമ്മെ സഹായിക്കട്ടെ.