മസ്ജിദുകളിലേക്ക് മടങ്ങിയെത്തുമ്പോള്‍

ടി.കെ.അശ്‌റഫ്

2020 സെപ്തംബര്‍ 19 1442 സഫര്‍ 02

ലോകമെമ്പാടും ആരാധനാലയങ്ങള്‍ കോവിഡ് പ്രതിരോധാര്‍ഥം ശക്തമായ നിയന്ത്രണത്തിന് വിധേയമായി. ഇരു ഹറമുകളിലും ജുമുഅ, ജമാഅത്തുകള്‍ നിയന്ത്രിക്കപ്പെട്ടു. ഉംറ തീര്‍ഥാടനം നിര്‍ത്തിവച്ചു. ലക്ഷക്കണക്കിനാളുകള്‍ നിര്‍വഹിച്ചുവന്നിരുന്ന ഹജ്ജ്കര്‍മം പതിനായിരത്തില്‍ പരിമിതപ്പെടുത്തി! ഇതേ നിലപാട് ഉള്‍ക്കൊണ്ടുകൊണ്ടും സര്‍ക്കാര്‍ നിര്‍ദേശം പാലിച്ചുകൊണ്ടുംകേരളത്തിലെ മുസ്‌ലിം പള്ളികളില്‍ പൊതുജനങ്ങള്‍ക്ക് വിലക്കേര്‍പ്പെടുത്തിയിരുന്നു. ജൂണ്‍ എട്ടിന് കേന്ദ്ര സര്‍ക്കാര്‍ ആരാധനാലയങ്ങള്‍ ഉപാധികളോടെ തുറന്നു പ്രവര്‍ത്തിക്കാന്‍ അനുമതിനല്‍കിയ ഉടനെത്തന്നെ ചില പള്ളികള്‍ ജനങ്ങള്‍ക്ക് തുറന്നുകൊടുക്കുകയും ചെയ്തിരുന്നു. ഇതേ സാഹചര്യത്തില്‍ സാമൂഹ്യ വ്യാപനത്തിന്റെ വക്കിലാണ് കേരളം എന്ന് ആരോഗ്യ സംഘടനകളും സര്‍ക്കാരും ശക്തമായ മുന്നറിയിപ്പ് നല്‍കുകയും ചെയ്തിരുന്നു. ആരാധനാലയങ്ങള്‍ തുറക്കാറായിട്ടില്ലെന്ന് ഐ.എം.എ പോലുള്ള സംഘടനകളുടെ ശക്തമായ മുന്നറിയിപ്പും ഉണ്ടായിരുന്നു.

ഈ സാഹചര്യത്തെ വിലയിരുത്തി കേരളത്തിലെ നല്ലൊരു ശതമാനം പള്ളികളും അല്‍പം കഴിഞ്ഞേ തുറക്കുന്നുള്ളൂ എന്ന് അവയുടെ നടത്തിപ്പുകാര്‍ തീരുമാനമെടുക്കുകയുണ്ടായി. ഓരോദിനം പിന്നിടുമ്പോഴും രോഗികളുടെ എണ്ണം വര്‍ധിച്ചുവരുന്ന കാഴ്ചയാണ് പിന്നീടു നാം കണ്ടത്. അതില്‍ കൂടുതലും സമ്പര്‍ക്കത്തിലൂടെയുള്ള രോഗവ്യാപനമായിരുന്നു. ഇത് എവിടെച്ചെന്ന് അവസാനിക്കുമെന്ന ആശങ്ക എല്ലാവരിലും അസ്വസ്ഥതയുണ്ടാക്കിയതിനാല്‍ പള്ളികള്‍ പെട്ടെന്ന് തുറക്കേണ്ടതില്ലെന്ന തീരുമാനമെടുത്തവര്‍ അതില്‍ത്തന്നെ ഉറച്ചുനിന്നു. എന്നാല്‍ ദിവസങ്ങള്‍ പിന്നിട്ടപ്പോള്‍ നാം ഭയപ്പെട്ട സാഹചര്യം പതിയെ പിന്‍വാങ്ങുന്നതായാണ് ബോധ്യപ്പെട്ടത്. രോഗം വര്‍ധിക്കുന്നുണ്ടെങ്കിലും രോഗമുക്തിയും അതിനോടൊപ്പമുണ്ട്. മരണനിരക്കും ഭയപ്പെട്ട രീതിയില്‍ ഉയര്‍ന്നില്ല. പൊതു ഇടങ്ങളെല്ലാം സജീവമായി. പരിശുദ്ധ ഹറമുകള്‍ തുറന്നു. എല്ലാ മുസ്‌ലിം രാജ്യങ്ങളിലും പള്ളികള്‍ തുറന്നു പ്രവര്‍ത്തിക്കാന്‍ തുടങ്ങി. കോവിഡിനോടൊപ്പം ജീവിക്കുകയെന്ന ആശയം ലോകാടിസ്ഥാനത്തില്‍ പ്രായോഗികമായി നടപ്പിലാക്കാന്‍ തുടങ്ങി.

വലിയ ടൗണുകളും കണ്ടയ്ന്‍മെന്റ് സോണുകളുമല്ലാത്ത ഇടങ്ങളിലെല്ലാം പള്ളികള്‍ തുറന്നു പ്രവര്‍ത്തിക്കുന്ന ഘട്ടത്തിലാണ് ഇപ്പോള്‍ നാം ഉള്ളത്. മൊത്തത്തില്‍ അടച്ചിട്ട് കോവിഡിനെ പ്രതിരോധിക്കുന്ന ശൈലിയില്‍നിന്നും മാറി പ്രാദേശിക നിയന്ത്രണത്തോടെ പ്രതിരോധിക്കുന്ന പുതിയ സ്ട്രാറ്റജിയാണ് ഇപ്പോള്‍ നടപ്പിലാക്കിവരുന്നത്. തുറന്ന പള്ളികള്‍ പ്രാദേശികമായി രോഗവ്യാപനം ഉണ്ടാവുന്ന ഘട്ടത്തില്‍ അടക്കുകയും ഭീതി നീങ്ങുമ്പോള്‍ തുറക്കുകയും ചെയ്യുന്ന അവസ്ഥയാണ് ഇപ്പോഴുള്ളത്. ഈ ഘട്ടത്തില്‍ പ്രായമുള്ളവരും കുട്ടികളും രോഗികളും സ്ത്രീകളും വരേണ്ടതില്ലെന്നും നൂറുപേരില്‍ കവിയരുതെന്നുമുള്ള നിര്‍ദേശങ്ങള്‍ സ്വീകരിച്ചും സാമൂഹിക അകലം പാലിച്ചുകൊണ്ടുമാണ് പള്ളികളില്‍ ആരാധനകള്‍ നിര്‍വഹിക്കപ്പെടുന്നത്. രോഗഭീതി ഒഴിയുന്നതിനനുസരിച്ച് സര്‍ക്കാര്‍ ഇതിലെല്ലാം ഇളവുകള്‍ വരുത്തുമെന്നുറപ്പാണ്. അപ്പോള്‍ സാധാരണ നിലയിലേക്ക് വരികയും ചെയ്യും. ഇന്‍ശാ അല്ലാഹ്.

മസ്ജിദുകളിലേക്ക് വിശ്വാസികള്‍ മടങ്ങിയെത്തുന്ന ഈ ഘട്ടത്തില്‍ അടിസ്ഥാനപരമായ ചില കാര്യങ്ങള്‍ ഓര്‍ക്കേണ്ടതുണ്ട്. കടിഞ്ഞാണില്ലാത്ത കുതിര കണക്കെ അധര്‍മത്തിലൂടെ കുതിച്ചുപായുന്ന സമൂഹത്തിന് ഒരു കടിഞ്ഞാണായിരുന്നു കോവിഡ് എന്നു പറയാം. മനുഷ്യന്റെ നിസ്സഹായാവസ്ഥ ബോധ്യപ്പെടാന്‍ ഇതിലും വലിയൊരവസരം നമുക്ക് വരാനുണ്ടെന്ന് തോന്നുന്നില്ല. അതുകൊണ്ട് നാം കൂടുതല്‍ വിനയാന്വിതരായി, പശ്ചാത്തപിച്ച് സ്രഷ്ടാവിലേക്ക് മടങ്ങാന്‍ തയ്യാറാകണം.

അതോടൊപ്പം പള്ളി അടച്ചതില്‍ നിരാശപ്പെടുകയോ തുറന്നതില്‍ അമിതമായ ഉല്‍ക്കണ്ഠ വച്ചുപുലര്‍ത്തുകയോ ചെയ്യേണ്ടതില്ല. ഒരു വികാരത്തിന്റെ പേരില്‍ അടക്കുകയോ തുറക്കുകയോ അല്ല ആരും ചെയ്തിട്ടുള്ളത്. അധികാരികളുടെയും ആരോഗ്യ പ്രവര്‍ത്തകരുടെയും മുന്നറിയിപ്പുകളും ലോക സാഹചര്യവും മുന്നില്‍വച്ച് ഇസ്‌ലാമിക പ്രമാണങ്ങളുടെ അടിസ്ഥാനത്തില്‍ സുചിന്തിതമായ ആലോചനകള്‍ക്ക് ശേഷം കൈക്കൊണ്ട തീരുമാനങ്ങളുടെ അടിസ്ഥാനത്തിലാണ് പള്ളികള്‍ അടച്ചതും ഇപ്പോള്‍ തുറന്നു പ്രവര്‍ത്തിക്കുന്നതും. പകര്‍ച്ചവ്യാധി ഉണ്ടായപ്പോള്‍ പ്രവാചകന്റെ കാലത്ത് സ്വീകരിച്ച മുന്‍കരുതലുകളുടെ പൊരുള്‍ ഉള്‍ക്കൊണ്ടാണ് കോവിഡ് കാലത്ത് നാം പള്ളികള്‍ അടച്ചതും സ്വഫ്ഫുകള്‍ അകന്നുനില്‍ക്കുന്നതടക്കമുള്ള ഇളവുകള്‍ സ്വീകരിച്ചതും. കര്‍മങ്ങളുടെ കൃത്യമായ രൂപം പഠിപ്പിച്ച അതേ പ്രവാചകന്റെ ﷺ  നാവിലൂടെയാണ് ഇളവുകളുടെ വിധികളും പഠിപ്പിക്കപ്പെട്ടത്. ഇളവ് സ്വീകരിക്കലും പ്രവാചകനെ അനുസരിക്കലായതിനാല്‍ പള്ളികളില്‍ നമസ്‌കാരത്തിന് എത്താത്ത ദിനങ്ങളെ ആലോചിച്ച് ആരും അസ്വസ്ഥരാകേണ്ടതില്ല. മതപരമായ (ശറഇയായ) കാരണത്താല്‍ സാധാരണ ചെയ്യുന്ന ആരാധനകളിലുണ്ടാകുന്ന ഇളവുകള്‍ സ്വീകരിച്ചതിന്റെ പേരില്‍ പ്രതിഫലത്തില്‍ യാതൊരു കുറവും ഉണ്ടാവുകയില്ലെന്നും നബി ﷺ  പഠിപ്പിച്ചിട്ടുണ്ട്.

കാര്യങ്ങള്‍ ഇങ്ങനെയായിരിക്കെ നഷ്ടപ്പെട്ട ജുമുഅകളെക്കുറിച്ചോ റമദാനിലെ കൊഴിഞ്ഞുപോയ ദിനരാത്രങ്ങളെക്കുറിച്ചോ വിശ്വാസികള്‍ വേവലാതിപ്പെടേണ്ടതില്ല. തീര്‍ത്തും അസാധാരണമായൊരു കാലഘട്ടത്തിനാണ് നാം സാക്ഷിയായിട്ടുള്ളത്. അതുകൊണ്ടുതന്നെ അസാധാരണമായ നടപടികള്‍ ഉണ്ടാവുക ഈ സമയത്ത് സ്വാഭാവികമാണ്. ഈ കാലഘട്ടത്തില്‍ ഓരോ സന്ദര്‍ഭത്തെയും വിലയിരുത്തി അപ്പപ്പോള്‍ പ്രമാണബദ്ധമായി എടുത്ത നിലപാടുകളില്‍ പരസ്പരം ആക്ഷേപമുന്നയിക്കുന്നത് വിവേകമതികള്‍ക്ക് യോജിച്ചതല്ല. ഓരോരുത്തര്‍ക്കും അവരുടേതായ ന്യായങ്ങള്‍ നിരത്താനുണ്ടാകും. പള്ളികള്‍ നേരത്തെ തുറന്നതിനെയോ ശേഷം തുറന്നതിനെയോ ഇനിയും തുറക്കാത്തവരെയോ കുത്തിപ്പറയുന്ന രീതി ആര്‍ക്കും ഭൂഷണമല്ല. പള്ളികള്‍ അടച്ചിട്ട് ബോധപൂര്‍വം വിശ്വാസികളെ ദീനില്‍നിന്ന് അകറ്റണമെന്ന് ആരും ഉദ്ദേശിച്ചിട്ടില്ല എന്നത് ഒരു യാഥാര്‍ഥ്യമാണല്ലോ.

വ്യത്യസ്ത വീക്ഷണങ്ങള്‍ക്ക് ഏറെ സാധ്യതയുള്ള ഒരു മേഖലയാണ് ഇതെന്ന ഉള്‍ക്കാഴ്ചയാണ് വിശ്വാസികള്‍ക്കുണ്ടാവേണ്ടത്. പള്ളി തുറക്കാത്തവരെയും തുറന്നവരെയും ആക്ഷേപിക്കാനായി കോവിഡ് ബാധിതരുടെ കണക്ക് കാത്തിരിക്കുന്ന പ്രവണതയും വിവേകമുള്ളവര്‍ക്ക് ചേര്‍ന്നതല്ല. മയ്യിത്തുകള്‍ കൂട്ടത്തോടെ മറമാടുന്ന വിദേശരാജ്യങ്ങളില്‍ കണ്ട ദൃശ്യങ്ങള്‍ നമ്മുടെ നാട്ടില്‍ സംഭവിക്കരുതെന്ന പ്രാര്‍ഥനയാണ് എല്ലാവരില്‍നിന്നും ഉയരേണ്ടത്. കോവിഡിന്റെ പേരില്‍ പരസ്പരം തര്‍ക്ക വിവാദങ്ങളിലേര്‍പ്പെടുകയല്ല ഈ സന്ദര്‍ഭത്തില്‍ ചെയ്യേണ്ടത്.

അല്ലാഹുവില്‍ ഭരമേല്‍പിച്ച് എടുത്ത തീരുമാനങ്ങള്‍ക്കു ശേഷം സംഭവിക്കുന്ന ജയപരാജയങ്ങളെ വിലയിരുത്തുമ്പോള്‍ മുന്‍വിധികളെ പഴിക്കുന്നതിനെ പ്രവാചകന്‍ ﷺ  നിരോധിച്ചിട്ടുണ്ട്. നബി ﷺ  പറഞ്ഞു:

''ഞാന്‍ ഇന്നയിന്ന വിധത്തിലൊക്കെ ചെയ്തിരുന്നെങ്കില്‍ (നന്നായേനെ) എന്ന് നീ പറയരുത്. എന്നാല്‍ നീ പറയുക: 'അല്ലാഹു വിധിച്ചു. അവന്‍ ഉദ്ദേശിച്ചത് പ്രവര്‍ത്തിച്ചു.' തീര്‍ച്ചയായും 'എങ്കില്‍' എന്നത് പിശാചിന് (പ്രവേശിക്കാന്‍) വാതില്‍ തുറക്കലാണ്.'

'അങ്ങനെയാകാമായിരുന്നു,' 'ഇങ്ങനെയാകാമായിരുന്നു' തുടങ്ങിയ വാക്കുകളിലൂടെ പിശാചിന് വാതില്‍ തുറന്നു വെക്കുകയാണ് നാം ചെയ്യുന്നതെന്ന് സാരം.

ലോക്ക്ഡൗണ്‍ കാലം ആരാധനാനുഷ്ഠാനങ്ങളില്‍ അലസരാകാനുള്ള ഒരവസരമായി കണ്ടവരുണ്ടെങ്കില്‍ ഭയപ്പെടണം. നാം എങ്ങോട്ട് തിരിഞ്ഞുവോ അങ്ങോട്ടാണ് അല്ലാഹു മാര്‍ഗം കാണിക്കുക.

''...അങ്ങനെ, അവര്‍ (നേര്‍മാര്‍ഗം) തെറ്റിയപ്പോള്‍, അല്ലാഹു അവരുടെ ഹൃദയങ്ങളെ തെറ്റിച്ചുളഞ്ഞു. അല്ലാഹു ദുര്‍ന്നടപ്പുകാരായ ജനതയെ സന്‍മാര്‍ഗത്തിലാക്കുന്നതുമല്ല'' (ക്വുര്‍ആന്‍ 61:15).

നമ്മുടെ ആരാധനകള്‍ യാന്ത്രികമായോ? സമയനിഷ്ഠയില്ലാതായോ? നാം ഓണ്‍ലൈന്‍ മാലിന്യങ്ങള്‍ക്കടിമപ്പെട്ടോ? ദുശ്ശീലങ്ങള്‍ ജീവിതത്തിന്റെ ഭാഗമായോ? ഈ ചോദ്യങ്ങള്‍ നാം സ്വയം ചോദിക്കുക. ആത്മപരിശോധന നടത്താന്‍ തയ്യാറാവുക. പള്ളികള്‍ തുറന്ന സ്ഥലങ്ങളില്‍ ഇളവുകള്‍ ഇല്ലാത്തവര്‍ പള്ളികളില്‍ വരണം. ജമാഅത്ത് സമയത്ത് അങ്ങാടികളില്‍ അലക്ഷ്യമായി അലയരുത്. പ്രായമുള്ളവരും രോഗികളും വീട്ടില്‍ ആരാധനകള്‍ ചിട്ടയോടെ നിര്‍വഹിക്കണം. പള്ളികളില്‍ വരുന്നവര്‍ കോവിഡ് പ്രോട്ടോകോളുകളെ നിസ്സാരമായി കാണരുത്. ക്രമേണ സാധാരണഗതിയിലേക്ക് പള്ളികള്‍  തിരിച്ചെത്തും; ഇന്‍ശാ അല്ലാഹ്. അതിനുമുമ്പ് ജനങ്ങളെല്ലാം ദീനില്‍ നിന്നകന്നുവെന്ന വിലയിരുത്തലിലേക്ക് നാം ധൃതികാണിക്കേണ്ടതില്ല.