അന്ത്യദിനത്തിലുള്ള വിശ്വാസം

ശമീര്‍ മദീനി

2020 ഏപ്രില്‍ 25 1441 റമദാന്‍ 02

(സ്വൂഫികളും വിശ്വാസ വ്യതിയാനങ്ങളും 8)

മനുഷ്യരുടെ കര്‍മങ്ങളെ വിചാരണ ചെയ്യുന്നതിനും നീതിയുക്തമായ പ്രതിഫലം നല്‍കുന്നതിനും വേണ്ടി അല്ലാഹു ഒരു ദിവസം നിശ്ചയിച്ചിട്ടുണ്ട്.(1) ആ അന്ത്യസമയത്തിന്റെ ആസന്നതയെ അറിയിക്കുന്ന ചില അടയാളങ്ങളുമുണ്ട്. മനുഷ്യര്‍ തങ്ങളുടെ ക്വബ്‌റുകളില്‍വച്ച് ചോദ്യം ചെയ്യപ്പെടുകയും അവിടെ സുഖാനുഗ്രഹങ്ങള്‍ നല്‍കപ്പെടുകയോ അല്ലെങ്കില്‍ ശിക്ഷിക്കപ്പെടുകയോ ചെയ്യുന്നതുമാണ്. എന്നിട്ട് മനുഷ്യരുടെ മടക്കം ഒന്നുകില്‍ സ്വര്‍ഗത്തിലേക്കോ അല്ലെങ്കില്‍ നരകത്തിലേക്കോ ആയിരിക്കുകയും ചെയ്യും. അന്ത്യദിനത്തിലെ സംഭവവികാസങ്ങളെയും ഭയാനകതയെയും വിശദമാക്കുന്ന നിരവധി പ്രമാണവചനങ്ങള്‍ വന്നിട്ടുണ്ട്. അല്ലാഹു പറയുന്നു:

''നിങ്ങള്‍ അല്ലാഹുവിങ്കലേക്ക് മടക്കപ്പെടുന്ന ഒരു ദിവസത്തെ സൂക്ഷിച്ചുകൊള്ളുക. എന്നിട്ട് ഓരോരുത്തര്‍ക്കും അവരവര്‍ പ്രവര്‍ത്തിച്ചതിന്റെ ഫലം പൂര്‍ണമായി നല്‍കപ്പെടുന്നതാണ്. അവരോട് (ഒട്ടും) അനീതികാണിക്കപ്പെടുകയില്ല''(ക്വുര്‍ആന്‍ 2:281).

''പരലോകശിക്ഷയെ ഭയപ്പെടുന്നവര്‍ക്ക് തീര്‍ച്ചയായും അതില്‍ ദൃഷ്ടാന്തമുണ്ട്. സര്‍വമനുഷ്യരും സമ്മേളിക്കപ്പെടുന്ന ഒരു ദിവസമാണത്. (സര്‍വരുടെയും) സാന്നിധ്യമുണ്ടാകുന്ന ഒരു ദിവസമാകുന്നു അത്. നിര്‍ണിതമായ ഒരവധി വരെ മാത്രമാണ് നാമത് നീട്ടി വെക്കുന്നത്'' (ക്വുര്‍ആന്‍ 11:103,104).

പരലോകവുമായി ബന്ധപ്പെട്ടുള്ള സ്വൂഫി വിശ്വാസങ്ങളിലൊന്നാണ് ആരാധനാകര്‍മങ്ങള്‍ അനുഷ്ഠിക്കേണ്ടത് അല്ലാഹുവിനോടുള്ള സ്‌നേഹം കാരണത്താല്‍ മാത്രമായിരിക്കണമെന്നത്. അല്ലാഹുവിനെ കണ്ടുമുട്ടണമെന്നത് മാത്രമായിരിക്കണം ഒരു ദാസന്റെ ലക്ഷ്യമെന്നും സ്വര്‍ഗപ്രവേശന മോഹവും നരകത്തില്‍നിന്നുമുള്ള രക്ഷയുമൊന്നും കര്‍മങ്ങള്‍ക്കു പിന്നില്‍ ഉണ്ടായിക്കൂടെന്നും അവര്‍ പറയുന്നു! തന്റെ ആരാധനാകര്‍മങ്ങളിലൂടെ സ്വര്‍ഗം ആഗ്രഹിക്കുന്നവരെ കുറിച്ച് വിവരമില്ലാത്ത സാധാരണക്കാരെന്ന വീക്ഷണമാണ് അവര്‍ക്കുള്ളത്! എത്രത്തോളമെന്നാല്‍ സ്വര്‍ഗത്തെ സംബന്ധിച്ച് വളരെ നിസ്സാരമായ കാഴ്ചപ്പാടിലേക്കും അവഗണനയിലേക്കും അവരില്‍ ചിലരെ കാര്യങ്ങള്‍ കൊണ്ടെത്തിച്ചു. എന്നാല്‍ മതപരമായ തെളിവുകള്‍ പരിശോധിക്കുന്ന ഏതൊരു മുസ്‌ലിമിനും മനസ്സിലാക്കുവാന്‍ സാധിക്കുന്നത് സ്വര്‍ഗമാഗ്രഹിച്ചും നരകത്തെ ഭയന്നുമുള്ള ആരാധനാകര്‍മങ്ങള്‍ അല്ലാഹുവിനോടുള്ള സ്‌നേഹത്തിന്റെ ഭാഗമാണെന്നതിന് എതിരല്ല എന്ന വസ്തുതയാണ്. അതുകൊണ്ട് തന്നെ നരകത്തെ കുറിച്ച് പേടിപ്പെടുത്തുന്ന വചനങ്ങള്‍ നമുക്ക് കാണാന്‍ കഴിയുന്നതാണ്.

''മനുഷ്യരും കല്ലുകളും ഇന്ധനമായി കത്തിക്കപ്പെടുന്ന നരകാഗ്‌നിയെ നിങ്ങള്‍ കാത്തുസൂക്ഷിച്ചു കൊള്ളുക. സത്യനിഷേധികള്‍ക്കുവേണ്ടി ഒരുക്കിവെക്കപ്പെട്ടതാകുന്നു അത്'''(ക്വുര്‍ആന്‍ 2:24).

അപ്രകാരം തന്നെ സ്വര്‍ഗത്തെ കുറിച്ച് ആഗ്രഹം ജനിപ്പിക്കുന്ന സൂക്തങ്ങളും കാണാം: ''നിങ്ങളുടെ രക്ഷിതാവിങ്കല്‍നിന്നുള്ള പാപമോചനവും ആകാശഭൂമികളോളം വിശാലമായ സ്വര്‍ഗവും നേടിയെടുക്കാന്‍ നിങ്ങള്‍ ധൃതിപ്പെട്ട് മുന്നേറുക. ധര്‍മനിഷ്ഠപാലിക്കുന്നവര്‍ക്കുവേണ്ടി ഒരുക്കിവെക്കപ്പെട്ടതത്രെ അത്'''(ക്വുര്‍ആന്‍ 3:133).

മനുഷ്യരില്‍ ഏറ്റവും ഉല്‍കൃഷ്ടരായ നബിമാരെക്കുറിച്ച് (സ്വര്‍ഗ)പ്രതീക്ഷയോടും (നരകത്തെ സംബന്ധിച്ച) ഭയപ്പാടോടും കൂടി അല്ലാഹുവിന് ആരാധന ചെയ്യുന്നവരാണെന്ന് അല്ലാഹു തന്നെ പ്രശംസിച്ച് പറഞ്ഞിട്ടുണ്ട്. അല്ലാഹു പറയുന്നു:

''അപ്പോള്‍ നാം അദ്ദേഹത്തിന് ഉത്തരം നല്‍കുകയും അദ്ദേഹത്തിന് (മകന്‍) യഹ്‌യായെ നാം പ്രദാനം ചെയ്യുകയും അദ്ദേഹത്തിന്റെ ഭാര്യയെ നാം (ഗര്‍ഭധാരണത്തിന്) പ്രാപ്തയാക്കുകയും ചെയ്തു. തീര്‍ച്ചയായും അവര്‍ (പ്രവാചകന്‍മാര്‍) ഉത്തമകാര്യങ്ങള്‍ക്ക് ധൃതികാണിക്കുകയും, ആശിച്ചുകൊണ്ടും പേടിച്ചുകൊണ്ടും നമ്മോട് പ്രാര്‍ഥിക്കുകയും ചെയ്യുന്നവരായിരുന്നു. അവര്‍ നമ്മോട് താഴ്മ കാണിക്കുന്നവരുമായിരുന്നു''(ക്വുര്‍ആന്‍ 21:90).

ഭയഭക്തിയുള്ളവര്‍ക്ക് അല്ലാഹു ഇരട്ടി പ്രതിഫലം വാഗ്ദാനം ചെയ്തിട്ടുമുണ്ട്. അല്ലാഹു പറയുന്നു:

''തന്റെ രക്ഷിതാവിന്റെ സന്നിധിയെ ഭയപ്പെട്ടവന്ന് രണ്ട് സ്വര്‍ഗത്തോപ്പുകളുണ്ട്'' (ക്വുര്‍ആന്‍ 55:46).

''അപ്പോള്‍ ഏതൊരാള്‍ തന്റെ രക്ഷിതാവിന്റെ സ്ഥാനത്തെ ഭയപ്പെടുകയും മനസ്സിനെ തന്നിഷ്ടത്തില്‍ നിന്ന് വിലക്കിനിര്‍ത്തുകയും ചെയ്തുവോ (അവന്ന്) സ്വര്‍ഗം തന്നെയാണ് സങ്കേതം'' (ക്വുര്‍ആന്‍ 79:40,41).

ഉന്നതമായ പദവികളുള്ള മുഹമ്മദ് നബി ﷺ  പരലോകശിക്ഷ ഭയന്നുകൊണ്ട് അല്ലാഹുവിനെ അനുസരിച്ചു: അല്ലാഹു പറയുന്നു:

''പറയുക: ഞാന്‍ എന്റെ രക്ഷിതാവിനോട് അനുസരണക്കേട് കാണിക്കുന്ന പക്ഷം ഭയങ്കരമായ ഒരു ദിവസത്തെ ശിക്ഷയെപ്പറ്റി തീര്‍ച്ചയായും ഞാന്‍ ഭയപ്പെടുന്നു'''(ക്വുര്‍ആന്‍ 6:15).

നബിമാര്‍ തങ്ങളുടെ ജനങ്ങളെ അല്ലാഹുവിന്റെ ശിക്ഷയെ കുറിച്ച് പേടിപ്പെടുത്തിക്കൊണ്ട് കൂടിയാണ് പ്രബോധനം ചെയ്തിരുന്നത്. അവരിലൊരാളായ നൂഹ് നബി(അ) പറഞ്ഞത് കാണുക.

''നൂഹിനെ അദ്ദേഹത്തിന്റെ ജനതയിലേക്ക് നാം അയക്കുകയുണ്ടായി. എന്നിട്ട് അദ്ദേഹം പറഞ്ഞു: എന്റെ ജനങ്ങളേ, നിങ്ങള്‍ അല്ലാഹുവെ ആരാധിക്കുവിന്‍. അവനല്ലാതെ നിങ്ങള്‍ക്ക ഒരു ദൈവവുമില്ല. തീര്‍ച്ചയായും ഭയങ്കരമായ ഒരു ദിവസത്തെ ശിക്ഷ നിങ്ങള്‍ക്കു (വന്നുഭവിക്കുമെന്ന്) ഞാന്‍ ഭയപ്പെടുന്നു'' (ക്വുര്‍ആന്‍ 7:59).

ആരെങ്കിലും അല്ലാഹുവിന്റെ ശിക്ഷയെ ഭയപ്പെടാതെ സ്‌നേഹംകൊണ്ട് മാത്രം അവനെ ആരാധിക്കുന്നുവെങ്കില്‍ പ്രവാചകന്മാരുടെ പാതക്കെതിരിലാണ് അയാള്‍ എന്ന് ഇതില്‍ നിന്നും മനസ്സിലാക്കാം. അല്ലാഹുവിന്റെ കല്‍പനകള്‍ക്കും എതിരിലാണ് അയാള്‍ നിലകൊള്ളുന്നത്. അല്ലാഹു പറയുന്നു:'

''നിങ്ങള്‍ എന്നെ ഭയപ്പെടുക; നിങ്ങള്‍ സത്യവിശ്വാസികളാണെങ്കില്‍'' (ക്വുര്‍ആന്‍ 3:175).

അല്ലാഹുവിനെക്കുറിച്ചുള്ള ഭയം ആര്‍ക്കെങ്കിലും ഇല്ലെങ്കില്‍ അയാള്‍ സത്യവിശ്വാസികളില്‍പെട്ടവനല്ലെന്നാണ് തെളിവുകള്‍ വ്യക്തമാക്കുന്നത്. പ്രതീക്ഷയോടും ഭയപ്പാടോടുംകൂടി അല്ലാഹുവിന് ആരാധന ചെയ്യുന്ന സത്യവിശ്വാസികളെ അല്ലാഹു പ്രശംസിക്കുന്നത് കാണുക. അല്ലാഹു പറയുന്നു:

''ഭയത്തോടും പ്രത്യാശയോടും കൂടി തങ്ങളുടെ രക്ഷിതാവിനോട് പ്രാര്‍ഥിക്കുവാനായി, കിടന്നുറങ്ങുന്ന സ്ഥലങ്ങള്‍ വിട്ട് അവരുടെ പാര്‍ശ്വങ്ങള്‍ അകലുന്നതാണ്. അവര്‍ക്ക് നാം നല്‍കിയതില്‍നിന്ന് അവര്‍ ചെലവഴിക്കുകയും ചെയ്യും. എന്നാല്‍ അവര്‍ പ്രവര്‍ത്തിച്ചിരുന്നതിനുള്ള പ്രതിഫലമായിക്കൊണ്ട് കണ്‍കുളിര്‍പ്പിക്കുന്ന എന്തെല്ലാം കാര്യങ്ങളാണ് അവര്‍ക്ക് വേണ്ടി രഹസ്യമാക്കിവെക്കപ്പെട്ടിട്ടുള്ളത് എന്ന് ഒരാള്‍ക്കും അറിയാവുന്നതല്ല'''(ക്വുര്‍ആന്‍ 32:16,17).

അല്ലാഹു സ്വര്‍ഗം തങ്ങള്‍ക്കായി തയ്യാറാക്കിവച്ചിരിക്കുകയാണെന്നും സ്വൂഫികള്‍ പറയുന്നു. ഉദാഹരണത്തിന്, തന്റെ അനുയായികള്‍ എത്രതന്നെ തെറ്റുകുറ്റങ്ങള്‍ പ്രവര്‍ത്തിച്ചാലും വിചാരണയോ ശിക്ഷയോ കൂടാതെ സ്വര്‍ഗത്തില്‍ കടക്കുമെന്ന് തനിക്ക നബി ﷺ  ഉറപ്പു നല്‍കിയിട്ടുണ്ടെന്നാണ് 'തീജാനി' പറയുന്നത്. 'ഖത്മിയ്യ' ത്വരീക്വത്തിന്റെ വക്താവായ മീര്‍ഗനി പറയുന്നതാകട്ടെ, നബി ﷺ  സ്വര്‍ഗത്തിന്റെ കാവല്‍ക്കാരനായ രിദ്‌വാന്‍ എന്ന മലക്കിനോട് തനിക്കും തന്റെ അനുയായികള്‍ക്കുമായി തോട്ടങ്ങളും വനങ്ങളും നിര്‍മിക്കാന്‍ വസ്വിയ്യത്ത് ചെയ്തിട്ടുണ്ടെന്നാണ്! നരകത്തിന്റെ കാവല്‍ക്കാരനായ മലക്കിനോട് നരകത്തില്‍ പ്രത്യേകമായ സ്ഥലങ്ങള്‍ തന്റെ ശത്രുക്കള്‍ക്കായി ഒരുക്കുവാനും പറഞ്ഞിട്ടുണ്ടത്രെ! സ്വൂഫികളിലെ പല വിഭാഗങ്ങളും ഇതുപോലെ പറഞ്ഞിട്ടുണ്ട്.(2) എത്രത്തോളമെന്നാല്‍ അവരിലെ ഒരു നേതാവ് പറഞ്ഞത് 'തന്നെ കണ്ടവര്‍ സ്വര്‍ഗത്തില്‍ പ്രവേശിക്കും'' എന്നാണ്. ഇത്തരം വിടുവായിത്തങ്ങള്‍ക്ക് അല്ലാഹുവിന്റെ ക്വുര്‍ആനില്‍ നിന്നോ നബി ﷺ യുടെ സുന്നത്തില്‍ നിന്നോ യാതൊരു രേഖയും കണ്ടെത്താന്‍ അവര്‍ക്ക് സാധിക്കുകയില്ല. അതുകൊണ്ടുതന്നെ യാതൊരു അറിവുമില്ലാതെ അല്ലാഹുവിന്റെമേല്‍ കളവ് പറയലായിരിക്കും അത്. അല്ലാഹു പറയുന്നു:

''അല്ലാഹുവിന്റെ പേരില്‍ കള്ളം കെട്ടിച്ചമയ്ക്കുകയോ, അവന്റെ ദൃഷ്ടാന്തങ്ങള്‍ തള്ളിക്കളയുകയോ ചെയ്തവനെക്കാള്‍ കടുത്ത അക്രമി ആരുണ്ട്? അക്രമികള്‍ വിജയം വരിക്കുകയില്ല; തീര്‍ച്ച'''(ക്വുര്‍ആന്‍ 6:21).

''നിനക്ക് അറിവില്ലാത്ത യാതൊരു കാര്യത്തിന്റെയും പിന്നാലെ നീ പോകരുത്. തീര്‍ച്ചയായും കേള്‍വി, കാഴ്ച, ഹൃദയം എന്നിവയെപ്പറ്റിയെല്ലാം ചോദ്യം ചെയ്യപ്പെടുന്നതാണ്'''(ക്വുര്‍ആന്‍ 17:36).

നിഷിദ്ധമാക്കപ്പെട്ട കാര്യങ്ങള്‍ പറഞ്ഞപ്പോള്‍ അതില്‍ ഇതുകൂടി അല്ലാഹു പറഞ്ഞു:

''അല്ലാഹുവിന്റെ പേരില്‍ നിങ്ങള്‍ക്കറിഞ്ഞുകൂടാത്തത് പറഞ്ഞുണ്ടാക്കുവാനുമാണ് പിശാച് നിങ്ങളോട് കല്‍പ്പിക്കുന്നത്''(ക്വുര്‍ആന്‍ 2:169).

അല്ലാഹുവിന്റെ പ്രവാചകന്‍ മുഹമ്മദ് നബി ﷺ  പറയുന്നത് കാണുക:

''അല്ലാഹുവാണെ സത്യം! അല്ലാഹുവിന്റെ ദൂതനായ എന്നെ എന്തുചെയ്യുമെന്ന് എനിക്കറിയില്ല.'' (ബുഖാരി).(3)

വിവര്‍ത്തകക്കുറിപ്പ്:

1. മനുഷ്യകര്‍മങ്ങള്‍ക്ക് ഈ ലോകത്തുവച്ച് കൃത്യമായ കണക്കുനോക്കലും പ്രതിഫലം നല്‍കപ്പെടലും സാധ്യമല്ല. അതിനാല്‍ അതിന് അനുയോജ്യമായ വിചാരണയുടെയും പ്രതിഫലത്തിന്റെയും വേദിയൊരുക്കുകയാണ് അല്ലാഹു. ഭൗതികലോകത്തെ തന്റെ കര്‍മങ്ങളെ കുറിച്ച് മനുഷ്യന്‍ അവിടെ കൃത്യമായ കണക്കുബോധിപ്പിക്കേണ്ടിവരും. അവിടെ വിജയം വരിക്കുകയും രക്ഷപ്രാപിക്കുകയും ചെയ്ത് ശാശ്വതമായ സ്വര്‍ഗ ജീവിതം നയിക്കാന്‍ സാധിക്കലാണ് ശാശ്വതവും അടിസ്ഥാനപരവുമായ വിജയം. മനുഷ്യജീവിതത്തിന് അര്‍ഥവും ലക്ഷ്യബോധവും നല്‍കുന്നത് പരലോകവിശ്വാസമാണ്. ക്വുര്‍ആനിന്റെ നല്ലൊരു ഭാഗം പരലോകത്തെ സംബന്ധിച്ച് വിവരിക്കുന്ന സൂക്തങ്ങളാണ്. അല്ലാഹു പറയുന്നു:

''ഏതൊരു ദേഹവും മരണം ആസ്വദിക്കുന്നതാണ്. നിങ്ങളുടെ പ്രതിഫലങ്ങള്‍ ഉയിര്‍ത്തെഴുന്നേല്‍പിന്റെ നാളില്‍ മാത്രമെ നിങ്ങള്‍ക്ക് പൂര്‍ണമായി നല്‍കപ്പെടുകയുള്ളൂ. അപ്പോള്‍ ആര്‍ നരകത്തില്‍നിന്ന് അകറ്റിനിര്‍ത്തപ്പെടുകയും സ്വര്‍ഗത്തില്‍ പ്രവേശിപ്പിക്കപ്പെടുകയും ചെയ്യുന്നുവോ അവനാണ് വിജയം നേടുന്നത്. ഐഹികജീവിതം കബളിപ്പിക്കുന്ന ഒരു വിഭവമല്ലാതെ മറ്റൊന്നുമല്ല'''(ക്വുര്‍ആന്‍ 3:185)

2. എന്റെ മുരീദുകളാരും നരകത്തിലില്ലെന്ന് നരകത്തെ കാക്കുന്ന മലക്ക് പറഞ്ഞിട്ടുണ്ടെന്ന് മുഹ്‌യുദ്ദീന്‍ മാലയിലും മറ്റു മാല-മൗലൂദുകളിലും പറയുന്നത് ഇതിന് ഉദാഹരണമാണ്.

3. വിശുദ്ധ ക്വുര്‍ആനിലും ഇതുപോലെ കാണാം. അല്ലാഹു പറയുന്നു: ''(നബിയേ) പറയുക: ഞാന്‍ ദൈവദൂതന്‍മാരില്‍ ഒരു പുതുമക്കാരനൊന്നുമല്ല. എന്നെക്കൊണ്ടോ നിങ്ങളെക്കൊണ്ടോ എന്ത് ചെയ്യപ്പെടും എന്ന് എനിക്ക് അറിയുകയുമില്ല. എനിക്ക് ബോധനം നല്‍കപ്പെടുന്നതിനെ പിന്തുടരുക മാത്രമാകുന്നു ഞാന്‍ ചെയ്യുന്നത്. ഞാന്‍ വ്യക്തമായ താക്കീതുകാരന്‍ മാത്രമാകുന്നു'' (ക്വുര്‍ആന്‍ 46:9).