ഭൗതികവിരക്തി

അബ്ദുല്‍ ജബ്ബാര്‍ മദീനി

2020 ഒക്ടോബര്‍ 24 1442 റബിഉല്‍ അവ്വല്‍ 06

'പരലോകത്ത് ഫലപ്പെടാത്തത് കയ്യൊഴിക്കലാണ് സുഹ്ദ് (വിരക്തി)' എന്ന് ശൈഖുല്‍ ഇസ്‌ലാം ഇബ്നുതയ്മിയ്യയും ഭൗതികലോകത്തുനിന്ന് യാത്രയായി പരലോകത്തെ പദവികളില്‍ ഹൃദയം ഇടം കാണലാണ് സുഹ്ദ് എന്ന് ജ്ഞാനികള്‍ ഏകോപിച്ചുപറഞ്ഞതായി ഇമാം ഇബ്‌നുല്‍ക്വയ്യിമും പറഞ്ഞിട്ടുണ്ട്. ഭൗതിക ജീവിതത്തിലെ വിരക്തിയെ കുറിച്ച് ഇമാം മാലികിനോട് ചോദിച്ചപ്പോള്‍ അദ്ദേഹം ഇപ്രകാരം പ്രതിവചിച്ചു: 'വിശിഷ്ഠമായ സമ്പാദ്യവും ഹ്രസ്വമായ പ്രതീക്ഷയുമാണത്.'

വിരക്ത ജീവിതം നയിക്കുന്നവന്‍ നല്ലത് തനിക്കു തടയില്ല. സ്വത്ത് ദുര്‍വ്യയം ചെയ്യില്ല. ദാനധര്‍മങ്ങള്‍ പ്രതീക്ഷിച്ച് അധ്വാനിക്കാതെ ചടഞ്ഞിരിക്കില്ല. സമ്പത്ത് അവന്റെ കയ്യിലായിരിക്കും; ഹൃദയത്തിലായിരിക്കില്ല. സ്വത്ത് വരുന്നതും പോകുന്നതും അവന്റെ പരിഗണയില്‍ ഒരുപോലെയായിരിക്കും. വന്നാല്‍ അവന്ന് നിഗളിപ്പില്ല. പോയാല്‍ അവന്ന് ദുഃഖവുമില്ല. ഭൗതികജീവിതത്തില്‍ സമാശ്വാസവും പാരത്രിക ജീവിതത്തില്‍ സൗഭാഗ്യവുമാണ് വിരക്തി മനുഷ്യനു സമ്മാനിക്കുന്നത്. തങ്ങളുടെ ചേതനകൊണ്ട് റബ്ബിലേക്കു യാത്രയാവുകയും സ്വര്‍ഗത്തില്‍ മനസ്സുനടുകയും പാരത്രിക സുഖങ്ങളില്‍ കണ്ണുവയ്ക്കുകയും ചെയ്തവരാണ് വിരക്തര്‍.

തിരുനബി ﷺ യുടെ അടുക്കലേക്ക് ഒരു വ്യക്തി വന്നുകൊണ്ട് പറഞ്ഞു: 'തിരുദൂതരേ, ഞാന്‍ അനുഷ്ഠിച്ചാല്‍ അല്ലാഹുവും ജനങ്ങളും എന്നെ ഇഷ്ടപ്പെടുന്ന ഒരു കര്‍മം എന്നെ അറിയിച്ചാലും.' അപ്പോള്‍ തിരുദൂതര്‍ ﷺ പറഞ്ഞു: 'ഭൗതിക ജീവിതത്തില്‍ നീ വിരക്തിയില്‍ കഴിയുക; അല്ലാഹു താങ്കളെ ഇഷ്ടപ്പെടും. ജനങ്ങളുടെ കൈകളിലുള്ളതിലും വിരക്തി കാണിക്കുക; ജനങ്ങളും താങ്കളെ ഇഷ്ടപ്പെടും' (സുനനു ഇബ്‌നിമാജ, അല്‍ബാനി സ്വഹീഹെന്ന് വിശേഷിപ്പിച്ചു).

ഭൗതികതയില്‍ ആളുകള്‍ക്ക് വിരക്തിയും വൈമുഖ്യവുമുണ്ടാക്കുവാന്‍ വിവിധ ശൈലികള്‍ വിശുദ്ധ ക്വുര്‍ആനും തിരുസുന്നത്തും പ്രയോഗിച്ചത് നമുക്ക് കാണാം. ചിലത് ഇവിടെ നല്‍കുന്നു. ഭൗതികവിഭവങ്ങള്‍ പെട്ടെന്ന് നീങ്ങിപ്പോവുകയും നാമാവശേഷമാവുകയും ചെയ്യുമെന്ന് അല്ലാഹു—ഒരു ഉപമയിലൂടെ വിവരിക്കുന്നു:

''(നബിയേ,) നീ അവര്‍ക്ക് ഐഹികജീവിതത്തിന്റെ ഉപമ വിവരിച്ചുകൊടുക്കുക: ആകാശത്തുനിന്ന് നാം വെള്ളം ഇറക്കി. അതുമൂലം ഭൂമിയില്‍ സസ്യങ്ങള്‍ ഇടകലര്‍ന്നുവളര്‍ന്നു. താമസിയാതെ അത് കാറ്റുകള്‍ പറത്തിക്കളയുന്ന തുരുമ്പായിത്തീര്‍ന്നു. (അതു പോലെയത്രെ ഐഹികജീവിതം). അല്ലാഹു ഏതുകാര്യത്തിനും കഴിവുള്ളവനാകുന്നു. സ്വത്തും സന്താനങ്ങളും ഐഹികജീവിതത്തിന്റെ അലങ്കാരമാകുന്നു. എന്നാല്‍ നിലനില്‍ക്കുന്ന സല്‍കര്‍മങ്ങളാണ് നിന്റെ രക്ഷിതാവിങ്കല്‍ ഉത്തമമായ പ്രതിഫലമുള്ളതും ഉത്തമമായ പ്രതീക്ഷനല്‍കുന്നതും'' (ക്വുര്‍ആന്‍ 18:45,46).

''നിങ്ങള്‍ അറിയുക: ഇഹലോകജീവിതമെന്നാല്‍ കളിയും വിനോദവും അലങ്കാരവും നിങ്ങള്‍ പരസ്പരം ദുരഭിമാനം നടിക്കലുംസ്വത്തുകളിലും സന്താനങ്ങളിലും പെരുപ്പം കാണിക്കലും മാത്രമാണ്-ഒരു മഴ പോലെ. അതുമൂലമുായ ചെടികള്‍ കര്‍ഷകരെ ആശ്ചര്യപ്പെടുത്തി. പിന്നീടതിന് ഉണക്കം ബാധിക്കുന്നു. അപ്പോള്‍ അതു മഞ്ഞനിറം പൂണ്ടതായി നിനക്കു കാണാം. പിന്നീടതു തുരുമ്പായിപ്പോകുന്നു...'' (ക്വുര്‍ആന്‍ 57:20).

''അവരില്‍ (മനുഷ്യരില്‍) പല വിഭാഗങ്ങള്‍ക്ക് നാം ഐഹികജീവിതാലങ്കാരം അനുഭവിപ്പിച്ചതിലേക്ക് നിന്റെ ദൃഷ്ടികള്‍ നീ പായിക്കരുത്. അതിലൂടെ നാം അവരെ പരീക്ഷിക്കാന്‍ (ഉദ്ദേശിക്കുന്നു). നിന്റെ രക്ഷിതാവ് നല്‍കുന്ന ഉപജീവനമാകുന്നു കൂടുതല്‍ ഉത്തമവും നിലനില്‍ക്കുന്നതും'' (ക്വുര്‍ആന്‍ 20:131).

ഐഹികലോകത്ത് ജനങ്ങള്‍ക്ക് അലംകൃതമാക്കപ്പെട്ടതെല്ലാം നീങ്ങിപ്പോകുന്നതും നശ്വരവുമാണെന്ന് വിവരിച്ചു.

''നിങ്ങളുടെ അടുക്കലുള്ളത് തീര്‍ന്നുപോകും. അല്ലാഹുവിങ്കലുള്ളത് അവശേഷിക്കുന്നതത്രെ''(ക്വുര്‍ആന്‍ 16:96).

ഭൗതികലോകം വഞ്ചനാപരമാണെന്നും അതില്‍ വഞ്ചിതരാവരുതെന്നും മുന്നറിയിപ്പു നല്‍കി:

''ഐഹികജീവിതം കബളിപ്പിക്കുന്ന ഒരു വിഭവമല്ലാതെ മറ്റൊന്നുമല്ല''(ക്വുര്‍ആന്‍3:185). ഭൗതികസുഖങ്ങള്‍ വഞ്ചിച്ചുകളയാതിരിക്കുവാന്‍ ഉല്‍ബോധിപ്പിച്ചുകൊണ്ട് അല്ലാഹു—പറയുന്നു:

''...തീര്‍ച്ചയായും അല്ലാഹുവിന്റെ വാഗ്ദാനം സത്യമാകുന്നു. അതിനാല്‍ ഐഹികജീവിതം നിങ്ങളെ വഞ്ചിച്ചുകളയാതിരിക്കട്ടെ. പരമവഞ്ചകനായ പിശാചും അല്ലാഹുവിന്റെ കാര്യത്തില്‍ നിങ്ങളെ വഞ്ചിച്ചു കളയാതിരിക്കട്ടെ...'' (ക്വുര്‍ആന്‍ 31: 33).

ഭൗതിക വിഭവങ്ങള്‍ പരലോകത്തെ അപേക്ഷിച്ച് വളരെ തുച്ഛമാണ്:

''പറയുക: ഇഹലോകത്തെ സുഖാനുഭവം വളരെ തുച്ഛമായതാണ്. പരലോകമാണ് സൂക്ഷ്മതപാലിക്കുന്നവര്‍ക്ക് കൂടുതല്‍ ഗുണകരം'' (ക്വുര്‍ആന്‍ 4:77).

പരലോക അനുഗ്രഹങ്ങളേക്കാള്‍ ഭൗതിക വിഭവങ്ങള്‍ക്ക് പ്രാമുഖ്യം കല്‍പിക്കുന്നവരെ അല്ലാഹു ആക്ഷേപിച്ചു:

''...പരലോകത്തിനു പകരം ഇഹലോകജീവിതംകൊണ്ട് നിങ്ങള്‍ തൃപ്തിപ്പെട്ടിരിക്കുകയാണോ? എന്നാല്‍ പരലോകത്തിന്റെ മുമ്പില്‍ ഇഹലോകത്തിലെ സുഖാനുഭവം തുച്ഛം മാത്രമാകുന്നു'' (ക്വുര്‍ആന്‍ 9:38).

വിശ്വാസികളെ ഭൗതികതയില്‍ വിരക്തരാക്കുകയും പാരത്രിക സുഖത്തില്‍ ആകൃഷ്ടരാക്കുകയും ചെയ്തുകൊണ്ടുള്ള പ്രവാചക തിരുമൊഴികളും ധാരാളമാണ്. യഹ്‌യാ ഇബ്‌നുസഈദി(റ)ല്‍ നിന്ന് നിവേദനം. തിരുദൂതര്‍ ﷺ പറഞ്ഞു:

''അല്ലാഹുവാണെ സത്യം! പരലോകത്തെ സംബന്ധിച്ചിടത്തോളം ഇഹലോകം നിങ്ങളില്‍ ഒരാള്‍ തന്റെ വിരല്‍ (യഹ്‌യാ തന്റെചൂണ്ടുവിരല്‍ ചൂണ്ടി) കടലില്‍ വെക്കുന്നതുപോലെ മാത്രമാണ്. വിരല്‍ തിരിച്ചെടുക്കുമ്പോള്‍ (എത്ര വെള്ളം അതിലുണ്ടാകുമെന്ന്) അവന്‍ നോക്കട്ടെ''(മുസ്‌ലിം).

അബൂ സഈദില്‍ഖുദ്‌രി(റ)യില്‍നിന്നു നിവേദനം. തിരുദൂതര്‍ ﷺ പറഞ്ഞു:

''നിശ്ചയം ഭൗതികലോകം മധുരവും പച്ചപ്പുള്ളതുമാണ്. നിങ്ങള്‍ എന്ത് പ്രവര്‍ത്തിക്കുന്നു എന്നു നോക്കുന്നതിനു വേണ്ടി അല്ലാഹു നിങ്ങളെ അതില്‍ പിന്മുറക്കാരാക്കുന്നു. അതിനാല്‍ നിങ്ങള്‍ ദുനിയാവിനെ സൂക്ഷിക്കുക. സ്ത്രീകളെയും സൂക്ഷിക്കുക...'' (മുസ്‌ലിം).

ഇബ്‌നുഉമര്‍(റ) പറഞ്ഞതായി ഇമാം മുജാഹിദില്‍നിന്ന് നിവേദനം: ''തിരുദൂതര്‍ എന്റെ ചുമലില്‍ പിടിച്ചു. എന്നിട്ടു പറഞ്ഞു: 'താങ്കള്‍ ഭൗതികലോകത്ത് ഒരു വിദേശിയെ പോലെ, അല്ലെങ്കില്‍ ഒരു വഴിയാത്രികനെ പോലെ ആയിത്തീരുക''(ബുഖാരി).

ഈ വസ്വിയ്യത്തില്‍ ആകൃഷ്ടനായി ഇബ്‌നു ഉമര്‍ പറയുമായിരുന്നു: 'നീ പ്രദോഷത്തില്‍ പ്രവേശിച്ചാല്‍ പ്രഭാതത്തെ പ്രതീക്ഷിക്കരുത്. പ്രഭാതത്തില്‍ പ്രവേശിച്ചാല്‍ പ്രദോഷത്തേയും പ്രതീക്ഷിക്കരുത്. നീ ആരോഗ്യനാളുകളില്‍നിന്ന് രോഗത്തിന്റെ നാളുകളിലേക്കും ജീവിതത്തില്‍നിന്ന് മരണാനന്തരജീവിതത്തിനും പുണ്യങ്ങള്‍ സ്വീകരിക്കുക' (ബുഖാരി).

തുര്‍മുദിയുടെ നിവേദനത്തില്‍ അദ്ദേഹം പറഞ്ഞതായി ഇപ്രകാരവുമുണ്ട്: 'താങ്കളെ ക്വബ്‌റാളികളില്‍ ഒരാളായി താങ്കള്‍ തന്നെ എണ്ണുക.'

ജാബിറുബ്‌നുഅബ്ദില്ലയി(റ)ല്‍ നിന്നും നിവേദനം: ''തിരുദൂതര്‍ ﷺ ആലിയയുടെ ഒരു ഭാഗത്തിലൂടെ പ്രവേശിച്ചുകൊണ്ട് അങ്ങാടിയിലൂടെ നടന്നു. ജനങ്ങള്‍ തിരുദൂതരുടെ ഇരുഭാഗങ്ങളിലുമുണ്ടായിരുന്നു. ജീവനില്ലാത്ത, കുറിയന്‍ ചെവിയനായ ഒരു ആട്ടിന്‍കുട്ടിയുടെ അരികിലൂടെ നടന്ന തിരുമേനി ﷺ അതിന്റെ ചെവിപിടിച്ചു. അവിടുന്ന് ചോദിച്ചു: 'ഒരു ദിര്‍ഹമിന് ഇത് ഉടമപ്പെടുത്തുവാന്‍ ഇഷ്ടപ്പെടുന്നവന്‍ നിങ്ങളില്‍ ആരുണ്ട്?' ആളുകള്‍ പ്രതികരിച്ചു: 'ഒന്നും നല്‍കി അത് ഉടമപ്പെടുത്തുന്നത് ഞങ്ങള്‍ ഇഷ്ടപ്പെടുന്നില്ല. അതുകൊണ്ട് ഞങ്ങള്‍ എന്തു ചെയ്യാനാണ്?' തിരുമേനി വീണ്ടും ചോദിച്ചു: 'ഇത് ഉടമപ്പെടുത്തുവാന്‍ നിങ്ങള്‍ ഇഷ്ടപ്പെടുന്നുേണ്ടാ?' അവര്‍ പറഞ്ഞു: 'അല്ലാഹുവാണേ, അതിനു ജീവനുെങ്കില്‍തന്നെ അത് ന്യൂനതയുള്ളതാണ്. അത് കുറിയന്‍ ചെവിയനാണ്. അപ്പോള്‍ ജീവനില്ലാത്ത അത് എങ്ങനെയാണ് ഉടമപ്പെടുത്തുക?' തിരുമേനി ﷺ പറഞ്ഞു: 'അല്ലാഹുവാണേ സത്യം, നിങ്ങള്‍ക്ക് ഇത് എത്രമാത്രം നിസ്സാരാമണോ, അതിനെക്കാള്‍ ഇഹലോകം അല്ലാഹുവിങ്കല്‍ നിസ്സാരമാണ്'' (മുസ്‌ലിം).

അബൂസഈദില്‍ഖുദ്‌രി(റ)യില്‍നിന്ന് നിവേദനം: ''തിരുനബി ﷺ തന്റെ മുമ്പില്‍ ഒരു കൊള്ളി നാട്ടി. അതിന്റെ പാര്‍ശ്വത്തില്‍ മറ്റൊന്നും വിദൂരമായി മറ്റൊന്നും നാട്ടി. ശേഷം പറഞ്ഞു: 'ഇത് എന്താണെന്ന് നിങ്ങള്‍ക്കറിയുമോ?' അവര്‍ പറഞ്ഞു: 'അല്ലാഹുവും അവന്റെ ദൂതനുമാണ് നന്നായി അറിയുന്നവര്‍.' തിരുമേനി ﷺ പറഞ്ഞു: 'ഇതു മനുഷ്യനാണ്. ഇത് അവധിയാണ്(മരണമാണ്). ഞാനതിനെ കാണുന്നു. ഇത് പ്രതീക്ഷയാണ്. മനുഷ്യന്‍ പ്രതീക്ഷയില്‍ മുഴുകിക്കഴിയും. എന്നാല്‍ പ്രതീക്ഷ പുലരുംമുമ്പ് അവനിലേക്കു മരണം വന്നുചേരും'' (ശറഹുസ്സുന്ന, അല്‍ബഗവി).

ഉമറുബ്‌നുല്‍ഖത്ത്വാബി(റ)ല്‍നിന്നും നിവേദനം: ''തിരുദൂതര്‍ ഒരു പായയില്‍ കിടക്കുകയായിരുന്നു. തിരുമേനി ﷺ യുടെയും പായയുടെയും ഇടയില്‍ (വിരിപ്പൊന്നും) ഉണ്ടായിരുന്നില്ല. ഈത്തപ്പനനാരു നിറച്ച തോലിന്റെ ഒരു തലയിണ അദ്ദേഹത്തിന്റെ തലക്കടിയിലുണ്ടായിരുന്നു. അദ്ദേഹത്തിന്റെ കാലുകള്‍ക്കരികില്‍ തോലുകള്‍ ഊറക്കിടുവാന്‍ ഉപയോഗിക്കുന്ന കൊന്നയും തലക്കരികില്‍ കെട്ടിത്തൂക്കിയ തോല്‍സഞ്ചികളും ഉണ്ടായിരുന്നു. പായയുടെ അടയാളങ്ങള്‍ തിരുദൂതരുടെ പാര്‍ശ്വഭാഗത്ത് ഞാന്‍ കണ്ടു. അപ്പോള്‍ ഞാന്‍ കരഞ്ഞു. തിരുമേനി പറഞ്ഞു: 'താങ്കളെ കരയിപ്പിക്കുന്നത് എന്താണ്?' ഞാന്‍ പറഞ്ഞു: 'അല്ലാഹുവിന്റെ റസൂലേ, കിസ്‌റയും ക്വയ്‌സറും (അവിശ്വാസികളായിട്ടും) എത്രമാത്രം ഭൗതിക സുഖങ്ങളിലാണ്. അവിടുന്ന് അല്ലാഹുവിന്റെ റസൂലായിട്ടും (എത്രമാത്രം ഭൗതികവിരക്തിയിലാണ്!). അല്ലാഹുവിന്റെ റസൂല്‍ ﷺ പറഞ്ഞു: 'അവര്‍ രണ്ടുപേര്‍ക്കും ഇഹലോക സുഖങ്ങളും താങ്കള്‍ക്ക് പാരത്രിക വിജയവുംആകുന്നത് താങ്കള്‍ ഇഷ്ടപ്പെടുന്നില്ലേ'' (ബുഖാരി, മുസ്‌ലിം). (അവസാനിച്ചു)