മഹാമാരിക്കാലത്തെ ഹജ്ജ്

നബീല്‍ പയ്യോളി

2020 ജൂലൈ 25 1441 ദുല്‍ഹിജ്ജ 04

ഹജ്ജ് ഒരു വിശ്വാസിയുടെ ജീവിതത്തിലെ ഏറ്റവും വലിയ ആഗ്രഹവും സമ്പാദ്യവുമാണ്. ഹജ്ജിന്റെ മഹത്ത്വം പ്രവാചകന്‍ നമ്മെ പഠിപ്പിക്കുന്നത് കാണുക:

അബൂഹുറയ്‌റ(റ) നിവേദനം: ''ഏത് പ്രവൃത്തിയാണ് ഏറ്റവും ശ്രേഷ്ഠമായതെന്ന് നബി ﷺ യോട് ചോദിക്കപ്പെട്ടു. അവിടുന്നു അരുളി: 'അല്ലാഹുവിലും ദൂതനിലും വിശ്വസിക്കല്‍.' ശേഷം ഏതാണെന്ന് വീണ്ടും ചോദിക്കപ്പെട്ടു. 'അല്ലാഹുവിന്റെ മാര്‍ഗത്തില്‍ സമരം ചെയ്യല്‍' എന്ന് നബി ﷺ  പ്രത്യുത്തരം നല്‍കി. 'പിന്നെ ഏതാണെ'ന്ന് വീണ്ടും ചോദിക്കപ്പെട്ടു. 'അവിടുന്ന് അരുളി: 'പുണ്യകരമായ ഹജ്ജ്'' (ബുഖാരി).

അബൂഹുറയ്‌റ(റ) നിവേദനം: ''വല്ലവനും അല്ലാഹുവിന് വേണ്ടി ഹജ്ജ് ചെയ്തു. അവന്‍ അനാവശ്യം പ്രവര്‍ത്തിച്ചില്ല. കുറ്റകരമായ പ്രവര്‍ത്തനങ്ങളില്‍ ഏര്‍പ്പെട്ടിട്ടുമില്ല. എങ്കില്‍ സ്വമാതാവ് അവനെ പ്രസവിച്ച ദിവസം പോലെ പരിശുദ്ധനായിക്കൊണ്ട് അവന്‍ തിരിച്ചുവരും എന്ന് നബി ﷺ  പറയുന്നത് ഞാന്‍ കേള്‍ക്കുകയുണ്ടായി'' (ബുഖാരി).

ഈ ഭൂമിയിലേക്ക് പിറന്നുവീണ നിഷ്‌കളങ്കനായ ഒരു കുഞ്ഞിന്റെ ഹൃദയവുമായി തിരിച്ചുവരാന്‍ കാരണമാകുന്ന ശ്രേഷ്ഠമായ കര്‍മമാണ് ഹജ്ജ്. വിശ്വാസികള്‍ ഹജ്ജിനായി കൊതിക്കുന്നത് ഈ സൗഭാഗ്യം നേടാന്‍വേണ്ടി തന്നെയാണ്. ജീവിതലക്ഷ്യമായ സ്വര്‍ഗപ്രവേശം നേടാനായി സംശുദ്ധമായ മനസ്സുമായി സ്രഷ്ടാവിന്റെ അടുക്കല്‍ എത്തിച്ചേരാന്‍ ഹജ്ജിലൂടെ വിശ്വാസികള്‍ക്ക് സാധ്യമാവുകയാണ്. മനസ്സും ശരീരവും ഒരേപോലെ അല്ലാഹുവിന്റെ കല്‍പന സ്വീകരിക്കാന്‍ തയ്യാറാവുന്ന പവിത്രമായ അവസരമാണ് ഹജ്ജിലൂടെ സംജാതമാവുന്നത്.

ആദര്‍ശപിതാവ് ഇബ്‌റാഹീം നബി(അ)യും മകന്‍ ഇസ്മാഈലും(അ) അല്ലാഹുവിനെ ആരാധിക്കാന്‍ വേണ്ടി പണികഴിപ്പിച്ച ആദ്യഭവനമായ കഅ്ബത്തിങ്കല്‍ ചെല്ലാതെ ഹജ്ജ് ചെയ്യാന്‍ സാധ്യമല്ല. അല്ലാഹു പറയുന്നു:

''ഇബ്‌റാഹീമിന് ആ ഭവനത്തിന്റെ (കഅ്ബയുടെ) സ്ഥാനം നാം സൗകര്യപ്പെടുത്തിക്കൊടുത്ത സന്ദര്‍ഭം (ശ്രദ്ധേയമത്രെ). യാതൊരു വസ്തുവെയും എന്നോട് നീ പങ്കുചേര്‍ക്കരുത് എന്നും ത്വവാഫ് (പ്രദക്ഷിണം) ചെയ്യുന്നവര്‍ക്ക് വേണ്ടിയും, നിന്നും കുനിഞ്ഞും സാഷ്ടാംഗത്തിലായിക്കൊണ്ടും പ്രാര്‍ഥിക്കുന്നവര്‍ക്ക് വേണ്ടിയും എന്റെ ഭവനം ശുദ്ധമാക്കിവെക്കണം എന്നും (നാം അദ്ദേഹത്തോട് നിര്‍ദേശിച്ചു). (നാം അദ്ദേഹത്തോട് പറഞ്ഞു:) ജനങ്ങള്‍ക്കിടയില്‍ നീ തീര്‍ഥാടനത്തെപ്പറ്റി വിളംബരം ചെയ്യുക. നടന്നുകൊണ്ടും വിദൂരമായ സകല മലമ്പാതകളിലൂടെയും വരുന്ന എല്ലാവിധ മെലിഞ്ഞ ഒട്ടകങ്ങളുടെ പുറത്ത് കയറിയും അവര്‍ നിന്റെയടുത്ത് വന്നുകൊള്ളും'' (ക്വുര്‍ആന്‍ 22:26,27).

അന്നുമുതല്‍ തുടങ്ങിയതാണ് ലോകത്തിന്റെ അഷ്ടദിക്കുകളില്‍നിന്നുമുള്ള വിശ്വാസിസമൂഹത്തിന്റെ ഈ പുണ്യഗേഹത്തെ ലക്ഷ്യമാക്കിയുള്ള പ്രയാണം! മക്കയെന്ന മണലാരണ്യത്തില്‍ ലോകത്തിലെമുഴുവന്‍ സത്യവിശ്വാസികളുടെയും ആരാധനയുടെ കേന്ദ്രബിന്ദുവായി നിലകൊള്ളുന്നു ഈ പുണ്യഗേഹം. ആ ഭവനം ഒന്നു കാണുവാനും അവിടെയെത്തി ഒരുവട്ടമെങ്കിലും ആരാധന ചെയ്യുവാനുമുള്ള ആഗ്രഹം ഏതൊരു വിശ്വാസിയും മനസ്സില്‍ സൂക്ഷിക്കുന്നതാണ്. മുന്‍കാലങ്ങളില്‍ അത് പ്രയാസകരവും ഭൂരിപക്ഷം വിശ്വാസികള്‍ക്കും ഒരു സ്വപ്‌വും മാത്രമായിരുന്നുവെങ്കില്‍ ആധുനിക കാലത്ത് ഗതാഗത സൗകര്യങ്ങളും സാമ്പത്തിക അഭിവൃദ്ധിയും ആ സ്വപ്‌നം സാക്ഷാത്കരിക്കാന്‍ ഏറെ സഹായകമായിട്ടുണ്ട്. ഉംറ ചെയ്യാനുള്ള അവസരം ലഭിക്കാനും വലിയകടമ്പകള്‍ ഇന്നില്ല.

മഹാമാരിക്കാലം ലോകക്രമത്തെ മുഴുവന്‍ മാറ്റിമറിച്ചിരിക്കുകയാണ്. മനുഷ്യരെ വീടിന്റെ അകത്തളങ്ങളില്‍ തളച്ചിട്ടിരിക്കുന്നു ഈ വൈറസ്. രോഗത്തിന് മുന്നില്‍ നിസ്സഹായരായി നില്‍ക്കുന്ന മനുഷ്യരെയാണ് എവിടെയും കാണാന്‍ സാധിക്കുന്നത്. നിരവധിപേര്‍ മരണത്തിനു കീഴടങ്ങുകയും ചെയ്തു. വാക്‌സിന്‍ പരീക്ഷണത്തിന്റെ വാര്‍ത്തകള്‍ ലോകത്തിന്റെ വിവിധഭാഗങ്ങളില്‍നിന്ന് കേള്‍ക്കാന്‍ തുടങ്ങിയിട്ട് മാസങ്ങളേറെയായി. ഇനിയും പ്രതീക്ഷയോടെ കാത്തിരിക്കുകയാണ് ലോകം. ഈ മഹാമാരിക്കാലത്തെ വിശുദ്ധ റമദാന്‍ മാസത്തില്‍ ലോകത്ത് മിക്കയിടങ്ങളിലും ആരാധനാലയങ്ങള്‍ അടച്ചിട്ട് കോവിഡ് പ്രതിരോധത്തില്‍ പങ്കാളികളാവാന്‍ വിശ്വാസി സമൂഹം തീരുമാനിച്ചു. ചരിത്രത്തില്‍ തന്നെ അപൂര്‍വമായി ഹറമും പരിസരവും വിജനമായി. വിശ്വാസി സമൂഹത്തിന്റെ നിലയ്ക്കാത്ത പ്രവാഹം കൊണ്ട് സമ്പന്നമായ ഹറമും പരിസരവും വിജനമായ കാഴ്ച വിശ്വാസിമനസ്സില്‍ വേദനനിറച്ചു. നിയന്ത്രിതമായി നമസ്‌കാരങ്ങള്‍ നടന്നെങ്കിലും പൊതുജനങ്ങള്‍ക്ക് പ്രവേശനം ഇല്ലാതെ മാസങ്ങള്‍ കടന്നുപോയി. കഴിഞ്ഞമാസം സുഊദി അറേബ്യയിലെ ഏകദേശം എല്ലാ സ്ഥാപനങ്ങളും തുറന്ന് പ്രവര്‍ത്തിച്ചു തുടങ്ങി. പള്ളികളും ആരാധനയ്ക്കായി തുറന്നുകൊടുത്തു. ജുമുഅ, ജമാഅത്തുകള്‍ നടന്നു. കോവിഡ് മാനദന്ധം പാലിച്ചാണ് എല്ലാ സ്ഥാപനങ്ങളും പ്രവര്‍ത്തിക്കുന്നത് എന്ന് ഉറപ്പുവരുത്താന്‍ ഭരണകൂടം ശക്തമായ പരിശോധനനകള്‍ നടത്തുന്നുണ്ട്. നിര്‍ദേശങ്ങള്‍ ലംഘിക്കുന്നവര്‍ക്ക് പിഴയും മറ്റു നിയമനടപടികളും നേരിടേണ്ടിവരും. കൊറോണക്കൊപ്പം ജീവിക്കുക എന്നത് മാനസികമായി ഉള്‍കൊള്ളാന്‍ എല്ലാവരും പ്രാപ്തരായി എന്ന് വേണം കരുതാന്‍. അതാണ് സുഉൗദിയിലെ തെരുവീഥികളും ജനബാഹുല്യവും പറയുന്നത്. ജാഗ്രത കൈവിടാതെതന്നെ സാധാരണ ജീവിതത്തിലേക്ക് ബഹുഭൂരിപക്ഷം ആളുകളും പ്രവേശിച്ചുകഴിഞ്ഞു.

ഇത്തവണ ഹജ്ജ് ഉണ്ടാകുമോ എന്ന ആശങ്ക എല്ലാവരിലും ഉണ്ടായിരുന്നു. എന്നാല്‍ കോവിഡ് പ്രതിരോധത്തിന് നടപ്പിലാക്കിയ പദ്ധതികള്‍ വിജയം കണ്ടത് ഹജ്ജിന്റെ പ്രവര്‍ത്തനങ്ങളുമായി മുന്നോട്ട് പോകാന്‍ സുഉൗദി ഭരണകൂടത്തിന് ആത്മവിശ്വാസം നല്‍കി. ഏറെ പ്രത്യേകതകള്‍ നിറഞ്ഞ ഹജ്ജിനാണ് ഈ വര്‍ഷം നാം സാക്ഷ്യം വഹിക്കുന്നത്. പതിവിന് വിപരീതമായി പതിനായിരം പേര്‍ക്ക് മാത്രമാണ് ഈ വര്‍ഷം ഹജ്ജ് നിര്‍വഹിക്കാന്‍ അവസരം. ഒരുപക്ഷേ, ചരിത്രത്തില്‍തന്നെ ഏറ്റവും കുറച്ച് വിശ്വാസികള്‍ പങ്കെടുക്കുന്ന ഹജ്ജായിരിക്കും ഈ വര്‍ഷത്തേത്. സുഊദി അറേബ്യയില്‍ താമസം ഉള്ളവര്‍ക്കാണ് ഹജ്ജിന് അവസരം ലഭിക്കുന്നത്. കൊറോണ പ്രതിരോധത്തിന്റെ ഭാഗമായി അന്താരാഷ്ട്ര കവാടങ്ങള്‍ മുഴുവന്‍ അടച്ചിരിക്കുകയാണ്. രോഗവ്യാപനം ഭയക്കുന്ന സാഹചര്യം ആയതുകൊണ്ട് തന്നെ രാജ്യത്തിന് പുറത്തുള്ളവര്‍ക്ക് ഈ വര്‍ഷം ഹജ്ജിന് അവസരമില്ല. എന്നാല്‍ രാജ്യത്ത് താമസിക്കുന്ന വിദേശികളും സ്വദേശികളും ആയ പതിനായിരം പേര്‍ക്ക് ഹജ്ജിന് അവസരമുണ്ട്. വിദേശ പൗരന്മാരെ അതാത് രാജ്യങ്ങളുടെ എംബസി, കോണ്‍സുലേറ്റ് മുഖാന്തിരമാണ് സുഊദി ഹജ്ജ്മന്ത്രാലയം ഹജ്ജിനായി തെരഞ്ഞെടുത്തിരിക്കുന്നത്. കുറഞ്ഞ ദിവസങ്ങള്‍കൊണ്ട് നടപടിക്രമങ്ങള്‍ പൂര്‍ത്തിയാക്കി ഹാജിമാരെ തെരഞ്ഞെടുക്കാന്‍ സര്‍ക്കാര്‍ സംവിധാനത്തിന് സാധ്യമായി.

ഇതുവരെ ഹജ്ജ് ചെയ്യാത്ത 20 വയസ്സിനും 65 വയസ്സിനും ഇടയില്‍ പ്രായമുള്ളവര്‍ക്കാണ് ഇത്തവണ ഹജ്ജിന് അവസരം ലഭിച്ചിരിക്കുന്നത്. പ്രമേഹം, ഹൃദ്രോഗം, രക്തസമ്മര്‍ദം തുടങ്ങിയ ആരോഗ്യ പ്രയാസങ്ങള്‍ ഉള്ളവര്‍ക്കും ഇത്തവണ ഹജ്ജിന് അവസരമില്ല. ലോകത്തെ 160 രാജ്യങ്ങളില്‍ നിന്നുള്ള, സുഉൗദി അറേബ്യയില്‍ താമസിക്കുന്നവര്‍ക്കാണ് 70 ശതമാനം അവസരവും നല്‍കിയിട്ടുള്ളത്. ബാക്കി 30 ശതമാനം അവസരം സുഊദി പൗരന്മാര്‍ക്കുമാണ്. കോവിഡ് മുക്തരായ ആരോഗ്യ പ്രവര്‍ത്തകര്‍ക്കും സുരക്ഷാ ഉദേ്യാഗസ്ഥര്‍ക്കുമാണ് മുന്‍ഗണന ലഭിച്ചത്. എന്തായാലും ശക്തമായ ജാഗ്രതയും കരുതലും ഇത്തവണത്തെ ഹജ്ജിന്റെ പ്രത്യേകതയാണ്.

ഹജ്ജ് പൂര്‍ത്തിയാക്കുന്നവര്‍ 14 ദിവസത്തെ നിര്‍ബന്ധിത ക്വറന്റൈന്‍ പാലിക്കണം എന്നും സര്‍ക്കാര്‍ വ്യക്തമാക്കിയിട്ടുണ്ട്. കോവിഡ് ഭീതി നിലനില്‍ക്കുന്ന സാഹചര്യത്തില്‍ ശക്തമായ നിയന്ത്രണങ്ങളും പരിശോധനകളും ഉറപ്പ് വരുത്തിയിട്ടുണ്ട്.

സാമൂഹിക അകലം പാലിച്ചുകൊണ്ടാണ് ഹജ്ജ് നിര്‍വഹിക്കേണ്ടത്. നിര്‍ബന്ധമായും മാസ്‌ക് ധരിക്കാനും കൈകള്‍ ഇടയ്ക്കിടക്ക് അണുവിമുക്തമാക്കുവാനും അധികൃതര്‍ നിര്‍ദേശിക്കുന്നു. വിശദമായ പെരുമാറ്റച്ചട്ടമാണ് ഹാജിമാര്‍ക്കും സേവനദാതാക്കള്‍ക്കും ഉദേ്യാഗസ്ഥര്‍ക്കും അടക്കം സുഊദി ഭരണകൂടം പുറത്തിറക്കിയിട്ടുള്ളത്. മുഴുവന്‍ പ്രവേശനകവാടങ്ങളിലും ശരീരോഷ്മാവ് അളക്കുന്ന സൗകര്യങ്ങള്‍ ഉണ്ടാവും. നമസ്‌കാരത്തിന് സ്വന്തമായി വിരിപ്പുകള്‍ ഉപയോഗിക്കണം. പ്രിന്റ് ചെയ്ത പുസ്തകങ്ങളോ മറ്റോ അനുവദിക്കുകയില്ല. ഹജ്ജിന്റെ കര്‍മങ്ങള്‍ അനുഷ്ഠിക്കുന്ന സ്ഥലങ്ങളില്‍ സാമൂഹിക അകലം പാലിക്കാനും സ്പര്‍ശനം ഒഴിവാക്കാനും പ്രത്യേകം നിര്‍ദേശങ്ങള്‍ നല്‍കിയിട്ടുണ്ട്. പരസ്പരമുള്ള ആശയ വിനിമയങ്ങള്‍ പരിമിതപ്പെടുത്താനും ടെന്റുകളിലും വാഹനങ്ങളിലും മറ്റും ഒരേ ഇരിപ്പിടം മാത്രം ഉപയോഗിക്കാനും നിഷ്‌കര്‍ശിക്കുന്നു. പ്രതലങ്ങള്‍ സ്പര്‍ശിക്കാനോ പരസ്പരം സ്പര്‍ശനം ഉണ്ടാകാനോ ഇടവരരുത്. ഭക്ഷണം പായ്ക്ക് ചെയ്ത് മാത്രമെ വിതരണം ചെയ്യാവൂ. വിതരണം ചെയ്യുന്നവര്‍ കൃത്യമായ മുന്‍കരുതലുകള്‍ സ്വീകരിക്കണം. സാമൂഹികഅകലം പാലിക്കുകയും വേണം. ഒരുതവണ ഉപയോഗിക്കാവുന്ന ഭക്ഷണപ്പാത്രങ്ങള്‍ മാത്രമെ നല്‍കാവൂ. 'സംസം' അടക്കമുള്ള പാനീയങ്ങള്‍ ഒറ്റത്തവണ മാത്രം ഉപയോഗിക്കാവുന്ന പായ്ക്കറ്റുകളിലാണ് ലഭിക്കുക. ഓരോ തമ്പിലും പത്തില്‍ കൂടുതല്‍ തീര്‍ഥാടകരുണ്ടാകാന്‍ പാടില്ല. ജംറകളില്‍ എറിയാനുള്ള കല്ലുകള്‍ അണുവിമുക്തമാക്കി പായ്ക്ക് ചെയ്ത് ലഭ്യമാക്കും. ഒരേസമയം കല്ലെറിയുന്ന തീര്‍ഥാടകരുടെ എണ്ണം ഓരോ റൗണ്ടിലും ഒരു ഗ്രൂപ്പില്‍ 50 പേരില്‍ കവിയരുത്. ബസ്സുകളില്‍ അന്‍പത് ശതമാനം ആളുകളെ മാത്രമെ യാത്രചെയ്യാന്‍ അനുവദിക്കാവൂ. ബസ് ജീവനക്കാര്‍ സുരക്ഷാ മുന്‍കരുതലുകള്‍ സ്വീകരിക്കണം. ടോയ്‌ലറ്റുകളും മറ്റിടങ്ങളും കൃത്യമായ ഇടവേളകളില്‍ ശുചീകരിക്കാന്‍ സംവിധാനം ഉണ്ടാകും. ഓരോരുത്തരും വ്യക്തിശുദ്ധി ഉറപ്പുവരുത്തണം. ഹജ്ജിനിടയില്‍ രോഗലക്ഷണങ്ങള്‍ കണ്ടാല്‍ അവര്‍ക്ക് ഉടന്‍ വൈദ്യസഹായം ലഭ്യമാക്കും. അത്തരം ആളുകള്‍ക്ക് ആരോഗ്യ വിദഗ്ധരുടെ നിര്‍ദേശാനുസരണം കര്‍മങ്ങള്‍ ചെയ്യാനുള്ള സാഹചര്യം ഒരുക്കും. ഹജ്ജിന്റെ കര്‍മങ്ങള്‍ നടക്കുന്ന മുഴുവന്‍ സ്ഥലങ്ങളിലും ശക്തമായ പരിശോധനയും സുരക്ഷാ ക്രമീകരണങ്ങളും പതിവില്‍നിന്നും വ്യത്യസ്തമായി നേരത്തെതന്നെ ആരംഭിച്ചിട്ടുണ്ട്. പുണ്യ നഗരിയിലേക്കുള്ള മുഴുവന്‍ പ്രവേശനകവാടങ്ങളും ദുല്‍ക്വഅദ് 28 മുതല്‍ അടച്ചു. പാസ്സുള്ളവര്‍ക്കും മക്ക ഇക്വാമയുള്ളവര്‍ക്കും മാത്രമാണ് ഇപ്പോള്‍ പ്രവേശനം. ദുല്‍ഹിജ്ജ 10 വരെ ഈ നിയന്ത്രണങ്ങള്‍ തുടരും. ഹജ്ജ്കര്‍മം പൂര്‍ത്തീകരിച്ച് തീര്‍ഥാടകര്‍ മുഴുവന്‍ സുരക്ഷിതരായി മടങ്ങുന്നതുവരെ വളരെ ആസൂത്രിതമായ ക്രമീകരണങ്ങളാണ് സുഊദി ഭരണകൂടം ഒരുക്കിയിട്ടുള്ളത് എന്ന് വ്യക്തം.

കഴിഞ്ഞവര്‍ഷം ഏകദേശം 27 ലക്ഷം പേരാണ് ഹജ്ജ് നിര്‍വഹിച്ചത്. അതില്‍ 18 ലക്ഷം പേരും വിദേശരാജ്യങ്ങളില്‍ നിന്നും എത്തിയവരായിരുന്നു. ലോകത്തിന്റെ അഷ്ടദിക്കുകളില്‍നിന്നും ഒഴുകിയെത്തുന്ന വിശ്വാസിസമൂഹത്തെ വരവേല്‍ക്കാന്‍ മാസങ്ങള്‍ നീളുന്ന മുന്നൊരുക്കങ്ങളാണ് സാധാരണയായി സുഉൗദി ഭരണകൂടം നടത്താറുള്ളത്. തീര്‍ഥാടകരുടെ എണ്ണം കുറവാണ് എങ്കിലും മുകളില്‍ സൂചിപ്പിച്ചത് പോലെ കോവിഡിന്റെ പശ്ചാത്തലത്തില്‍ വലിയ മുന്നൊരുക്കങ്ങള്‍ തന്നെയാണ് ഈ വര്‍ഷവും അധികാരികള്‍ നടത്തിയിട്ടിയുള്ളത്.

ഇന്ത്യയില്‍നിന്നും ഈ വര്‍ഷം ഹജ്ജിനായി 2.3 ലക്ഷത്തോളം പേര്‍ക്കാണ് അനുമതി ലഭിച്ചിരുന്നത്. ഹജ്ജിന് വരാന്‍ സാധിക്കാത്ത സാഹചര്യത്തില്‍ അവരുടെ പണം തിരിച്ചുനല്‍കും എന്ന് കേന്ദ്രസര്‍ക്കാര്‍ അറിയിച്ചിട്ടുണ്ട്. ഈ വര്‍ഷം ഹജ്ജിനായി തെരഞ്ഞെടുക്കപ്പെട്ടവര്‍ക്ക് അടുത്തവര്‍ഷം നേരിട്ട് സെലക്ഷന്‍ നല്‍കണം എന്ന നിര്‍ദേശം കേരളം മുന്നോട്ട് വെച്ചിട്ടുണ്ടെങ്കിലും അതില്‍ കേന്ദ്രസര്‍ക്കാര്‍ ഇതുവരെ നയം വ്യക്തമാക്കിയിട്ടില്ല.

ഈ വര്‍ഷത്തെ ഹജ്ജിന്റെ ഭാഗമാവാന്‍ കൊതിച്ച ലക്ഷക്കണക്കിന് വിശ്വാസികള്‍ക്ക് അല്ലാഹുവിന്റെ അലംഘനീയമായ വിധിയുടെഭാഗമായി പുണ്യഭൂമിയില്‍ എത്തിച്ചേരാന്‍ സാധിച്ചിട്ടില്ല. ഹജ്ജിന് ഒരുക്കങ്ങള്‍ നടത്തി, മനസ്സും ശരീരവും അതിന് തയ്യാറായി നിന്നവര്‍ക്ക് അല്ലാഹു അര്‍ഹമായ പ്രതിഫലം നല്‍കുമാറാവട്ടെ. അവര്‍ക്ക് അടുത്ത ഹജ്ജിന്റെ ഭാഗമായി തങ്ങളുടെ ആഗ്രഹസഫലീകരണം സാധ്യമകട്ടെ എന്നും നമുക്ക് പ്രാര്‍ഥിക്കാം. എന്നാല്‍ വിശ്വാസികള്‍ക്ക് ഒരിക്കലും നിരാശയുണ്ടാവില്ല. ലോകൈകനാഥനായ അല്ലാഹുവിന്റെ നിയമനിര്‍ദേശങ്ങള്‍ ശിരസ്സാവഹിച്ചുകൊണ്ടാണ് ഹജ്ജിന് പോകാന്‍ അവര്‍ ഓരോരുത്തരും തീരുമാനിച്ചത്. അതിന് സാധ്യമാകാത്ത സാഹചര്യവും അവന്റെ വിധി തന്നെ. രണ്ടും വിശ്വാസി മനസ്സുകളില്‍ അല്ലാഹുവിലുള്ള വിശ്വാസവും ഭയഭക്തിയും വര്‍ധിക്കാന്‍ മാത്രമെ കാരണമാവുകയുള്ളൂ; അതോടൊപ്പം അവനിലുള്ള പ്രതീക്ഷയും.

ഹജ്ജ് ആത്മാര്‍ഥമായ ഒരു ത്യാഗപരിശ്രമമാണ്. അല്ലാഹുവിന്റെ വിളിക്കുത്തരം നല്‍കി കാതങ്ങള്‍ താണ്ടിയാണ് വിശ്വാസികള്‍ പുണ്യഭൂമിയില്‍ എത്തിച്ചേരുന്നത്. മനസ്സും ശരീരവും അല്ലാഹുവിന്റെ കാരുണ്യത്തിനും പാപമോചനത്തിനും വേണ്ടി കൊതിച്ച് വിനീത വിധേയനായി മാറുകയാണ് ഇവിടെ. വര്‍ണ, വര്‍ഗ, വേഷ, ദേശ, ഭാഷ, ധനിക, ദരിദ്ര വൈജാത്യങ്ങള്‍ക്ക് ഒരുതരിമ്പും ഇടമില്ലാത്ത സംഗമം. അല്ലാഹു ക്വുര്‍ആനിലൂടെ ലോകത്തിന് കൈമാറിയ വിശ്വമാനവികതയുടെ അന്യൂനമാതൃകയുടെ നേര്‍ക്കാഴ്ച.

''ഹേ; മനുഷ്യരേ, തീര്‍ച്ചയായും നിങ്ങളെ നാം ഒരു ആണിനിന്നും ഒരു പെണ്ണില്‍നിന്നുമായി സൃഷ്ടിച്ചിരിക്കുന്നു. നിങ്ങള്‍ അനേ്യാന്യം അറിയേണ്ടതിന് നിങ്ങളെ നാം വിവിധ സമുദായങ്ങളും ഗോത്രങ്ങളും ആക്കുകയും ചെയ്തിരിക്കുന്നു. തീര്‍ച്ചയായും അല്ലാഹുവിന്റെ അടുത്ത് നിങ്ങളില്‍ ഏറ്റവും ആദരണീയന്‍ നിങ്ങളില്‍ ഏറ്റവും ധര്‍മനിഷ്ഠ പാലിക്കുന്നവനാകുന്നു. തീര്‍ച്ചയായും അല്ലാഹു സര്‍വജ്ഞനും സൂക്ഷ്മജ്ഞാനിയുമാകുന്നു'' (ക്വുര്‍ആന്‍ 49:13).

ലോകത്തെ അതുല്യമായ ഈ സംഗമം വിശ്വാസിമനസുകളില്‍ തീര്‍ക്കുന്ന പ്രതിഫലനങ്ങള്‍ അനന്തവും അവര്‍ണനീയവുമാണ്. ലോകത്തിന്റെ സ്രഷ്ടാവും സംരക്ഷകനും യജമാനനുമായ അല്ലാഹുവിന്റെ അതിഥികളായി മാറാന്‍ ഭാഗ്യംലഭിക്കുക എന്നതുതന്നെ വിശ്വാസിയെ സംബന്ധിച്ചിടത്തോളം ഈ ലോകത്ത് ലഭിക്കാവുന്ന ഏറ്റവും വലിയ അംഗീകാരം തന്നെയാണ്. ഋജുമനസ്‌കനായി ഹജ്ജിന് വേണ്ടി എത്തിച്ചേര്‍ന്നവര്‍ക്ക് ഈ അംഗീകാരത്തിന്റെ കുളിര്‍മയും മാധുര്യവും വേണ്ടുവോളം നുകരാന്‍ സാധിക്കും. ജനിച്ചുവീണ കുഞ്ഞിന്റെ നിഷ്‌കളങ്കമായ ഹൃദയത്തിന് ഉടമയാവാന്‍ സാധ്യമാവുക എന്നത് ഹജ്ജിന്റെ മറ്റൊരു സമ്മാനമാണ്. അല്ലാഹു നമുക്ക് വാഗ്ദാനം ചെയ്യുന്ന ഏറ്റവും വലിയ സമ്മാനങ്ങളില്‍ ഒന്ന്. വര്‍ഷങ്ങള്‍ നീണ്ട ജീവിതത്തില്‍ അറിഞ്ഞും അറിയാതെയും വന്നുപോയ പാപങ്ങള്‍ കളങ്കിതമാക്കിയ ഹൃദയത്തെ സംശുദ്ധമാക്കാന്‍ ലഭിക്കുന്ന ഈ സുവര്‍ണാവസരം എന്തുമാത്രം ധാന്യമാണ്! അല്ലാഹുവിനെ മാത്രം ആരാധിച്ച്, അവന്റെ നിയമനിര്‍ദേശങ്ങള്‍ ജീവിത വെളിച്ചമാക്കി മാറ്റിയ വിശ്വാസിക്ക് അനല്‍പമായ സന്തോഷവും ആത്മനിര്‍വൃതിയും ഹജ്ജ് സമ്മാനിക്കുന്നുണ്ട്.

വിശ്വാസി സമൂഹം ഏറെ പ്രതീക്ഷയോടെയാണ് ഈ മഹാമാരി കാലത്തെ ഹജ്ജിനെ കാണുന്നത്. ലോകത്തെ മുഴുവന്‍ പിടിച്ചുകുലുക്കിയ ഒരു വൈറസിന് മുമ്പില്‍ മനുഷ്യന്‍ വിറങ്ങലിച്ച് നില്‍ക്കുകയാണ്. നേട്ടങ്ങളുടെ നീണ്ടപട്ടിക നിരത്തി സ്വയം അഹങ്കരിക്കുമ്പോഴും ഈ വൈറസിന് മുമ്പില്‍ അക്ഷരാര്‍ഥത്തില്‍ സ്തബ്ധരായിമാറി മാനവര്‍! എന്തുചെയ്യണമെന്നറിയാതെ അവര്‍ കൈമലര്‍ത്തി. മരണഭയം പിടികൂടാത്ത ഒരാളെപ്പോലും ഈ കൊറോണക്കാലത്ത് കാണാന്‍ കഴിയുമെന്ന് തോന്നുന്നില്ല. അത്രമേല്‍ മനുഷ്യന്റെ മനസ്സിനെ ഈ മഹാമാരി ഗ്രസിച്ചിരിക്കുന്നു. ലോകത്തിന്റെ വിവിധഭാഗങ്ങളില്‍ എങ്ങും പോവാന്‍ സാധിക്കാതെ ഒറ്റപ്പെട്ടുപോയ ലക്ഷക്കണക്കിന് മനുഷ്യര്‍ ഈ ദുരിതകാലം മാറിക്കിട്ടാന്‍ കൊതിക്കുന്നവര്‍ തന്നെയാണ്. കുട്ടികളും യുവാക്കളും മുതിര്‍ന്നവരുമെല്ലാം ഈ ഭയത്തിന്റെ വലയില്‍ അകപ്പെട്ടിരിക്കുന്നു എന്നതാണ് ദിനേന കേള്‍ക്കുന്ന വാര്‍ത്തകള്‍ സൂചിപ്പിക്കുന്നത്. മഹാമാരിയെ ദൈവ നിഷേധികള്‍ വിശ്വാസികളെ ആക്ഷേപിക്കാനുള്ള അവസരമായി കണ്ടു. ഹജ്ജ് പോലും നിര്‍ത്തിവയ്ക്കും എന്ന് പ്രചാരണം നടത്താന്‍ അവര്‍ തയ്യാറായി. എന്നാല്‍ അല്ലാഹുവിന്റെ മഹത്തായ അനുഗ്രഹത്താല്‍ ആ വ്യാമോഹം ഇവിടെ തകര്‍ന്ന് വീണിരിക്കുകയാണ്.

രോഗം നല്‍കുന്നതും അത് ശമിപ്പിക്കുന്നതും അല്ലാഹു തന്നെയാണെന്ന് വിശ്വാസികള്‍ ഉറച്ച് വിശ്വസിക്കുന്നു. 'എനിക്ക് രോഗം ബാധിച്ചാല്‍ അവനാണ് എന്നെ സുഖപ്പെടുത്തുന്നത്' (ക്വുര്‍ആന്‍ 29:80).

രോഗം ഒരു പരീക്ഷണമാണെന്നും അത് നമ്മുടെ പാപങ്ങള്‍ കഴുകിക്കളയാന്‍ അല്ലാഹു നിശ്ചയിച്ചതാണെന്നും വിശ്വാസികളെ ഇസ്‌ലാമിക അധ്യാപനങ്ങള്‍ ഉണര്‍ത്തുന്നുണ്ട്. 'ചെറിയശിക്ഷ എന്നതുകൊണ്ട് ഉദ്ദേശിക്കപ്പെടുന്നത് ഇഹലോകത്തിലെ പരീക്ഷണങ്ങളാണ്. രോഗങ്ങളും ബുദ്ധിമുട്ടുകളും മനുഷ്യര്‍ക്ക് വന്നുഭവിക്കുന്ന മറ്റുപ്രയാസങ്ങളും പോലുള്ളവ. അവയെല്ലാംകൊണ്ട് അല്ലാഹു തന്റെ ദാസന്‍മാരെ പരീക്ഷിക്കുന്നു. അവര്‍ അല്ലാഹുവിലേക്ക് പശ്ചാത്തപിച്ച് മടങ്ങുന്നതിനത്രെ അത്' (ഇബ്‌നു കസീ4:6/369)

പരീക്ഷണങ്ങളാവട്ടെ നമ്മുടെ ജീവിതത്തിന്റെ ഭാഗവുമാണ്. ''കുറച്ചൊക്കെ ഭയം, പട്ടിണി, ധനനഷ്ടം, ജീവനഷ്ടം, വിഭവനഷ്ടം എന്നിവമുഖേന നിങ്ങളെ നാം പരീക്ഷിക്കുകതന്നെ ചെയ്യും. (അത്തരം സന്ദര്‍ഭങ്ങളില്‍) ക്ഷമിക്കുന്നവര്‍ക്ക് സന്തോഷവാര്‍ത്ത അറിയിക്കുക'' (ക്വുര്‍ആന്‍ 2:155).

''ഭൂമിയില്‍ അവരെ നാം പല സമൂഹങ്ങളായി പിരിക്കുകയും ചെയ്തിരിക്കുന്നു. അവരുടെ കൂട്ടത്തില്‍ സദ്‌വൃത്തരുണ്ട്. അതിന് താഴെയുള്ളവരും അവരിലുണ്ട്. അവര്‍ മടങ്ങേണ്ടതിനായി നാം അവരെ നന്മകള്‍കൊണ്ടും തിന്മകള്‍ കൊണ്ടും പരീക്ഷിക്കുകയുണ്ടായി'' (ക്വുര്‍ആന്‍ 7:168).

''അവരില്‍ (മനുഷ്യരില്‍) പല വിഭാഗങ്ങള്‍ക്ക് നാം ഐഹികജീവിതാലങ്കാരം അനുഭവിപ്പിച്ചതിലേക്ക് നിന്റെ ദൃഷ്ടികള്‍ നീ പായിക്കരുത്. അതിലൂടെ നാം അവരെ പരീക്ഷിക്കാന്‍ (ഉദ്ദേശിക്കുന്നു). നിന്റെ രക്ഷിതാവ് നല്‍കുന്ന ഉപജീവനമാകുന്നു കൂടുതല്‍ ഉത്തമവും നിലനില്‍ക്കുന്നതും'' (ക്വുര്‍ആന്‍ 21:131).

''ഓരോ വ്യക്തിയും മരണം ആസ്വദിക്കുകതന്നെ ചെയ്യും. ഒരു പരീക്ഷണം എന്ന നിലയില്‍ തിന്മ നല്‍കിക്കൊണ്ടും നന്മ നല്‍കിക്കൊണ്ടും നിങ്ങളെ നാം പരിശോധിക്കുന്നതാണ്. നമ്മുടെ അടുത്തേക്ക് തന്നെ നിങ്ങള്‍ മടക്കപ്പെടുകയും ചെയ്യും'' (ക്വുര്‍ആന്‍ 21:35).

ഇത്തരം പരീക്ഷണങ്ങള്‍ വരുമ്പോള്‍ അല്ലാഹുവിനെത്തന്നെ നിഷേധിക്കുന്നത് വിശ്വാസം മനസ്സിനെ സ്വാധീനിച്ചിട്ടില്ലാത്തവരാണ്. അവര്‍ നഷ്ടകാരികളാണെന്ന് ക്വുര്‍ആന്‍ നമ്മെ ഉണര്‍ത്തുന്നു.

''ഒരു വക്കിലിരുന്നുകൊണ്ട് അല്ലാഹുവെ ആരാധിച്ചുകൊണ്ടിരിക്കുന്നവനും ജനങ്ങളുടെ കൂട്ടത്തിലുണ്ട്. അവന്ന് വല്ല ഗുണവും വന്നെത്തുന്നപക്ഷം അതില്‍ അവന്‍ സമാധാനമടഞ്ഞുകൊള്ളും. അവന്ന് വല്ല പരീക്ഷണവും നേരിട്ടാലോ, അവന്‍ അവന്റെ പാട്ടിലേക്കുതന്നെ മറിഞ്ഞുകളയുന്നതാണ്. ഇഹലോകവും പരലോകവും അവന്ന് നഷ്ടപ്പെട്ടു. അതുതന്നെയാണ് വ്യക്തമായ നഷ്ടം'' (ക്വുര്‍ആന്‍ 22:11).

മഹാമരിക്കാലത്തെ ഹജ്ജിനെ ഏറെ പ്രതീക്ഷയോടെ തന്നെയാണ് വിശ്വാസികള്‍ നോക്കിക്കാണുന്നത്. അറഫയിലെ ഏറ്റവും ശ്രേഷ്ഠമായ സംഗമത്തില്‍ നരകമോചനവും പാപമോചനവും പരീക്ഷണങ്ങള്‍ക്ക് അയവുനല്‍കാനും അല്ലാഹുവിനോട് ചോദിക്കാനുള്ള അമൂല്യമായ അവസരം വന്നെത്തുന്നു. ലോകത്തിന്റെ വിവിധഭാഗങ്ങളിലുള്ള മുസ്‌ലിം സമൂഹം നോമ്പനുഷ്ഠിച്ച് ഈ സംഗമത്തിന്റെ ഭാഗമാവുമാവുകയും ചെയ്യുന്നു. ലോകത്തിന്റെ നന്മക്ക് വേണ്ടി അറഫാ മൈതാനിയില്‍നിന്നും ഉയരുന്ന നിഷ്‌കളങ്കമായ പ്രാര്‍ഥന ഏതൊരു മുസ്‌ലിമിനും വലിയ പ്രതീക്ഷ സമ്മാനിക്കുന്നു.

ആഇശ(റ)യില്‍നിന്ന് നിവേദനം: നബി ﷺ  പറഞ്ഞു: ''അല്ലാഹു ഒരടിമയെ നരകത്തില്‍നിന്നും മോചിപ്പിക്കാന്‍ ഏറെ ഇടയുള്ള ഒരു ദിനമായി അറഫാദിനത്തെക്കാള്‍ മറ്റൊന്നില്ല. അവന്‍ (അല്ലാഹു) അവരോടടുക്കുകയും മലക്കുകളോട് അവരെക്കുറിച്ച് പ്രശംസിച്ചുകൊണ്ട് 'അവരെന്താണ് ഉദ്ദേശിക്കുന്നത്' എന്ന് പറയുകയും ചെയ്യും'' (മുസ്‌ലിം).

അതോടൊപ്പം വിശ്വാസികള്‍ ബലികര്‍മം നിര്‍വഹിക്കുകയും ചെയ്യുന്നു.

''ബലി ഒട്ടകങ്ങളെ നാം നിങ്ങള്‍ക്ക് അല്ലാഹുവിന്റെ ചിഹ്നങ്ങളില്‍ പെട്ടതാക്കിയിരിക്കുന്നു. നിങ്ങള്‍ക്കവയില്‍ ഗുണമുണ്ട്. അതിനാല്‍ അവയെ വരിവരിയായി നിര്‍ത്തിക്കൊണ്ട് അവയുടെ മേല്‍ നിങ്ങള്‍ അല്ലാഹുവിന്റെ നാമം ഉച്ചരി(ച്ചുകൊണ്ട് ബലിയര്‍പ്പി) ക്കുക. അങ്ങനെ അവ പാര്‍ശ്വങ്ങളില്‍ വീണ് കഴിഞ്ഞാല്‍ അവയില്‍നിന്നെടുത്ത് നിങ്ങള്‍ ഭക്ഷിക്കുകയും, (യാചിക്കാതെ) സംതൃപ്തിയടയുന്നവന്നും ആവശ്യപ്പെട്ടുവരുന്നവന്നും നിങ്ങള്‍ ഭക്ഷിക്കാന്‍ കൊടുക്കുകയും ചെയ്യുക. നിങ്ങള്‍ നന്ദികാണിക്കുവാന്‍ വേണ്ടി അവയെ നിങ്ങള്‍ക്ക് അപ്രകാരം നാം കീഴ്‌പെടുത്തിത്തന്നിരിക്കുന്നു'' (ക്വുര്‍ആന്‍ 22:35).

''അവയുടെ മാംസമോ രക്തമോ അല്ലാഹുവിങ്കല്‍ എത്തുന്നതേയില്ല. എന്നാല്‍ നിങ്ങളുടെ ധര്‍മ്മനിഷ്ഠയാണ് അവങ്കല്‍ എത്തുന്നത്. അല്ലാഹു നിങ്ങള്‍ക്ക് മാര്‍ഗദര്‍ശനം നല്‍കിയതിന്റെ പേരില്‍ നിങ്ങള്‍ അവന്റെ മഹത്ത്വം പ്രകീര്‍ത്തിക്കേണ്ടതിനായി അപ്രകാരം അവന്‍ അവയെ നിങ്ങള്‍ക്ക് കീഴ്‌പെടുത്തി തന്നിരിക്കുന്നു. (നബിയേ,) സദ്‌വൃത്തര്‍ക്ക് നീ സന്തോഷവാര്‍ത്ത അറിയിക്കുക'' (ക്വുര്‍ആന്‍ 22:37). ധര്‍മനിഷ്ഠയുടെ പ്രതിഫലനമായിരിക്കണം നമ്മുടെ ജീവിതം; കര്‍മങ്ങളും.

ആയിരത്തി നാനൂറില്‍ പരം വര്‍ഷങ്ങള്‍ക്കപ്പുറം ലോകത്തിന്റെ പ്രവാചകന്‍ മുഹമ്മദ് നബി ﷺ  നിര്‍വഹിച്ച ഹജ്ജ് ചരിത്രത്തിന്റെ ഏടുകളില്‍ തിളങ്ങിനില്‍ക്കുന്നു. നാം ഇന്ന് ചര്‍ച്ച ചെയ്തതുകൊണ്ടിരിക്കുന്ന നിരവധി പ്രശ്‌നങ്ങള്‍ക്കും പ്രതിസന്ധികള്‍ക്കും പരിഹാരം കാണാന്‍ ഈ ചരിത്രപ്രസിദ്ധമായ ഹജ്ജിന്റെ ഭാഗമായി പ്രവാചകന്‍ ലോകത്തോട് വിളിച്ചുപറഞ്ഞ കാര്യങ്ങള്‍ ഒന്ന് കാതോര്‍ത്താല്‍ മതി:

''മനുഷ്യരേ, ഇത് സശ്രദ്ധം ശ്രവിക്കുക. ഈ കൊല്ലത്തിനു ശേഷം ഈ സ്ഥാനത്തുവെച്ച് ഇതുപോലെ ഇനി നാം കണ്ടുമുട്ടുമോ എന്ന് അറിഞ്ഞുകൂടാ. മനുഷ്യരേ, ഈ പ്രദേശത്തിന്റെ, ഈ മാസത്തിന്റെ, ഈ സുദിനത്തിന്റെ പവിത്രതപോലെ നിങ്ങള്‍ നിങ്ങളുടെ രക്തത്തിനും അഭിമാനത്തിനും സമ്പത്തിനും പരസ്പരം ആദരവ് കല്‍പിക്കേണ്ടതാണ്...''

ജീവന്‍, അഭിമാനം, സമ്പത്ത് എന്നിവ പവിത്രമാണെന്നും അവയോട് എന്നും ആദരവ് കല്‍പിക്കണമെന്നുമുള്ള പ്രഖ്യാപനം മാനവികതയുടെ ഉദ്‌ഘോഷണമാണ്. ഇത് ലോകം ചെവിക്കൊണ്ടാല്‍ ഇന്നനുഭവിക്കുന്ന ഒട്ടുമിക്ക പ്രതിസന്ധികള്‍ക്കും ശാശ്വത പരിഹാരമാവും. മഹാമാരിക്കാലത്തെ ഹജ്ജ് ലോകര്‍ക്ക് പുനര്‍ വിചിന്തനത്തിനുള്ള അവസരമാവട്ടെ എന്ന് പ്രത്യാശിക്കാം.