ജനിതക പഠനത്തിലൂടെ ജഗന്നാഥനിലേക്ക്

സി.വി കോഴിക്കോട്

2020 ജൂണ്‍ 06 1441 ശവ്വാല്‍ 14

കുറച്ചു ദിവസങ്ങള്‍ക്ക് മുമ്പ് ഒരു കൊളേജ് പ്രിന്‍സിപ്പലുമായി സംഭാഷണത്തിലേര്‍പ്പെടുകയുണ്ടായി. ജനിതക ശാസ്ത്ര (genetics) വിഷയത്തില്‍ ഡോക്ടറേറ്റ് ലഭിച്ച മധ്യവയസ്‌കനായ അദ്ദേഹം, സംഭാഷണ മധ്യെ ജനിതക ശാസ്ത്രത്തെ കുറിച്ച് സംസാരിക്കുകയുണ്ടായി. അതുവരേക്കും ജനിതകശാസ്ത്രത്തെ കുറിച്ച് കേട്ടുകേള്‍വി പോലുമില്ലാത്ത എന്നെ സംബന്ധിച്ചിടത്തോളം വിഷയം കൗതുകമുണര്‍ത്തുന്നതായിരുന്നു. ഒരു കുഞ്ഞ് ഭൂമിയിലേക്ക് പിറന്നുവീഴുന്നതിന് ഏകദേശം 250 ദിവസങ്ങള്‍ക്ക് മുമ്പ് ആ കുട്ടിയെ ഗര്‍ഭംധരിച്ച മാതാവിന്റെ ഉദിരത്തില്‍ രൂപപ്പെടുന്ന ഭ്രൂണത്തിന്റെ ഒരു അംശം ഉപയോഗിച്ച് genetics പഠനത്തിലൂടെ ആ കുട്ടിക്ക് ഭാവിയില്‍ സംഭവിച്ചേക്കാവുന്ന രോഗങ്ങളെക്കുറിച്ചും ദേഹഭംഗങ്ങളെക്കുറിച്ചും മറ്റും അറിയാന്‍ പറ്റുമത്രെ! അഥവാ, ഒരു മനുഷ്യന്റെ ജീവിതായുസ്സില്‍ ജനിതകമായി വന്ന് ഭവിച്ചേക്കാവുന്ന സംഭവങ്ങള്‍ മനുഷ്യന്‍ പിറക്കും മുമ്പേ തീരുമാനിക്കപ്പെട്ടിട്ടുണ്ട് എന്ന് ഇതില്‍ നിന്നും മനസ്സിലാക്കാമെന്ന അദ്ദേഹത്തിന്റെ സംസാരം കേള്‍ക്കവെ ഹൃദയാന്തരാളങ്ങളില്‍നിന്നും എന്റെ ചിന്തകളെഴുന്നേറ്റ് നീങ്ങിയെത്തിയത് ഇസ്‌ലാമിന്റെ 'ക്വദ്ര്‍' എന്ന ആശയത്തിലേക്കാണ്. ഇസ്‌ലാമിന്റെ വിശ്വാസകാര്യങ്ങളില്‍ അടിസ്ഥാനപരമായ ഒന്നായ ക്വദ്‌റിനെ കുറിച്ച് നമുക്കൊന്ന് ചെറുതായി ചര്‍ച്ച ചെയ്യാം.

എന്താണ് ക്വദ്ര്‍?

മഹാനായ ഇബ്‌നുല്‍ക്വയ്യിം(റഹി) ക്വദ്‌റിനെ കുറിച്ചുള്ള സൂറതുത്ത്വലാക്വിലെ മൂന്നാം വചനം വിവരിക്കുന്നിടത്ത് ഇപ്രകാരം പറയുന്നതായി കാണാം: ''ഒരാള്‍ താന്‍ പറയുകയോ എഴുതുകയോ പ്രവര്‍ത്തിക്കുകയോ ചെയ്യുവാന്‍ ഉദ്ദേശിക്കുന്നതിന്റെ രൂപം ആദ്യം മനസ്സുകൊണ്ടു കണക്കാക്കുകയും പിന്നീടത് പ്രയോഗത്തില്‍ വരുത്തുകയുമാണല്ലൊ ചെയ്യുക. അതുപോലെ, സൃഷ്ട്ടികളെ സൃഷ്ട്ടിക്കുന്നതിന് മുമ്പായി അവയുടെ തോതുവ്യവസ്ഥകള്‍ക്ക് അല്ലാഹുവിന്റെ അറിവിലും നിശ്ചയത്തിലും ഒരു വ്യവസ്ഥയുണ്ടായിരിക്കുന്നതും പിന്നീടവയെ ആ അറിവിന്റെയും രേഖയുടെയും അടിസ്ഥാനത്തില്‍ സൃഷ്ടിക്കുന്നതുമാകുന്നു.''

'ക്വദ്ര്‍' എന്നാല്‍ വസ്തുതകള്‍ ഉണ്ടാകുന്നതിന് മുമ്പ് അല്ലാഹു അവയെപ്പറ്റി അറിയുകയും അവയെ സൃഷ്ടിക്കുന്നതിനു മുമ്പ് അവയെ രേഖപ്പെടുത്തി വെക്കലുമാകുന്നു'' (അമാനി മൗലവിയുടെ തഫ്‌സീര്‍).

മഹാനായ ഇബ്‌നു കഥീര്‍(റഹി) അദ്ദേഹത്തിന്റെ തഫ്‌സീറില്‍ 'ക്വദ്‌റി'നു നിര്‍വചനം നല്‍കുന്നത് ഇങ്ങനെയാകുന്നു: ''കാര്യങ്ങള്‍ സംഭവിക്കുന്നതിനു മുമ്പ് അതിനെക്കുറിച്ച് അല്ലാഹു അറിയലും അവയെ സൃഷ്ട്ടിച്ചുണ്ടാക്കുന്നതിനു മുമ്പ് അവയെ അവന്‍ രേഖപ്പെടുത്തലുമാകുന്നു അത്.''

ഭൂമിയുടെയും അതിലടങ്ങുന്ന ജന്തുജീവജാലങ്ങള്‍ അടക്കം സകലതിന്റെയും സ്രഷ്ടാവ് അവയുടെ സൃഷ്ടിപ്പിന് മുമ്പായിത്തന്നെ എല്ലാം രേഖപ്പെടുത്തിയിട്ടുണ്ടെന്ന് സാരം.

യുക്തിവാദത്തിന്റെ പ്ലാറ്റ്‌ഫോമില്‍ ടിക്കറ്റെടുത്ത് പാളംതെറ്റി വരുന്ന എല്ലാ ഇസ്‌ലാം വിമര്‍ശന വണ്ടിയിലും പാഞ്ഞുകയറുന്ന നിര്‍മത വാദികള്‍ ഇസ്‌ലാമിന്റെ 'ക്വദ്ര്‍' വിശ്വാസത്തെ കൊഞ്ഞനംകുത്തുന്നതായി എക്കാലത്തും കണ്ടിട്ടുണ്ട്. അല്ലാഹു എല്ലാം മുന്‍കൂട്ടി നിശ്ചയിച്ചിട്ടുണ്ടെങ്കില്‍ പിന്നെ എന്തിനാണ് നാം ജീവിക്കുന്നതെന്നും ഈ വസ്തുത ജനങ്ങളെ അറിയിച്ചത് എന്തിനു വേണ്ടിയാണ് എന്നും തുടങ്ങിയ  ചോദ്യങ്ങളൊക്കെ ഇക്കൂട്ടര്‍ ഉയര്‍ത്താറുണ്ട്.

ക്വുര്‍ആന്‍ അന്നുതന്നെ ഇതിന് കൃത്യമായ മറുപടി നല്‍കിയിട്ടുണ്ട്: ''(ഇങ്ങനെ നാം ചെയ്തത്,) നിങ്ങള്‍ക്കു നഷ്ടപ്പെട്ടതിന്റെ പേരില്‍ നിങ്ങള്‍ ദുഃഖിക്കാതിരിക്കുവാനും നിങ്ങള്‍ക്ക് അവന്‍ നല്‍കിയതിന്റെ പേരില്‍ നിങ്ങള്‍ ആഹ്ലാദിക്കാതിരിക്കുവാനും വേണ്ടിയാണ്. അല്ലാഹു യാതൊരു അഹങ്കാരിയെയും ദുരഭിമാനിയെയും ഇഷ്ടപ്പെടുകയില്ല''(57:23).

എല്ലാം അല്ലാഹു കണക്കാക്കിയതാണെന്ന് ബോധ്യപ്പെട്ട് ഉള്‍ക്കൊണ്ടാല്‍ പിന്നെ നഷ്ടം ബാധിച്ച കാരണത്താല്‍ സങ്കടത്തിലാഴാന്‍ അവകാശമില്ല. നേട്ടം ലഭിച്ച വേളയില്‍ ആഹ്ലാദത്താല്‍ അഹങ്കരിക്കാനും അവകാശമില്ല. ഇവിടെ, അല്ലാഹു കണക്കാക്കിയതാണെന്ന് ബോധ്യപ്പെടുകയെന്നതാണ് കാതലായ വശം. അതിന്, മുകളില്‍ ഉദ്ധരിച്ച ഇമാം ഇബ്‌നുല്‍ ക്വയ്യിമിന്റെ വാക്കുകള്‍ മനസ്സിരുത്തി വായിച്ചാല്‍ മതി. ഒരു വാഹനം നിര്‍മിക്കുന്ന കമ്പനി നിര്‍മാണത്തിന് മുമ്പുതന്നെ അത് എപ്രകാരമായിരിക്കണമെന്നതടക്കം അതിന്റെ എല്ലാ വശങ്ങളും മുന്‍കൂട്ടി വ്യക്തമായി തീരുമാനിച്ച ശേഷമാണല്ലോ നിര്‍മാണത്തിനൊരുങ്ങുക. എങ്കില്‍ ഈ പ്രപഞ്ചത്തിന്റെ തന്നെ സ്രഷ്ടാവ് ഓരോ സൃഷ്ടിയുടെയും സൃഷ്ടിപ്പിന് മുമ്പ് എല്ലാം തീരുമാനിച്ച് രേഖപ്പെടുത്തിയിട്ടുണ്ടെന്ന ക്വദ്‌റിലെ വിശ്വാസമെങ്ങനെയാണ് നിരര്‍ഥകമാവുക? സ്രഷ്ടാവുണ്ടെന്ന വാദം മനസ്സിന്റെ അകത്തളത്തിലെവിടെയോ ഇരമ്പുന്നത് കൊണ്ടാണല്ലൊ 'സ്രഷ്ടാവ് എല്ലാം തീരുമാനിച്ചിട്ടുണ്ടെങ്കില്‍ പിന്നെ' എന്ന ചോദ്യം തന്നെ ഉയരുന്നതും. അപ്പോള്‍ പിന്നെ സ്രഷ് ടാവ് സൃഷ്ടിയെ കുറിച്ച് മുമ്പേ വിധിച്ചിട്ടുണ്ടെന്ന് വിശ്വസിക്കുന്നതല്ലേ നല്ലത്?  

''ഭൂമിയിലോ നിങ്ങളുടെ ദേഹങ്ങളില്‍ തന്നെയോ യാതൊരു ആപത്തും ബാധിക്കുകയുണ്ടായിട്ടില്ല; അതിനെ നാം ഉണ്ടാക്കുന്നതിന് മുമ്പ് തന്നെ ഒരു രേഖയില്‍ ഉള്‍പെട്ടുകഴിഞ്ഞതായിട്ടല്ലാതെ. തീര്‍ച്ചയായും അത് അല്ലാഹുവെ സംബന്ധിച്ചേടത്തോളം എളുപ്പമുള്ളതാകുന്നു'' (ക്വുര്‍ആന്‍ 57:22).

ക്വദ്‌രിയാക്കളും ജബ്‌രിയാക്കളും

സ്വഹാബിമാരുടെ കാലഘട്ടത്തില്‍ ജീവിച്ചിരുന്ന 'യുക്തിവാദി'കളായിരുന്നു ക്വദ്‌രിയാക്കള്‍. മനുഷ്യന്റെ പ്രവര്‍ത്തനം അവന്റെ കഴിവുകൊണ്ടാണെന്ന് വാദിക്കുന്ന കക്ഷികളാണ് അവര്‍. ശാസ്ത്ര, സാങ്കേതിക വിദ്യകള്‍ ബീജം പ്രാപിക്കാത്ത കാലഘട്ടത്തില്‍ ഉടലെടുത്ത യുക്തിവാദികളായ ക്വദ് രിയാക്കള്‍ ഈ കാലത്ത് ജീവിക്കുകയാണെങ്കിലുള്ള അവസ്ഥ എന്തായിരിക്കും?  

ജനിതകശാസ്ത്രത്തിന്റെ പഠനം ആരംഭിക്കുന്നത് യഥാര്‍ഥത്തില്‍ 1800കള്‍ക്ക് ശേഷമാണ്. ക്വദ്‌രിയാക്കള്‍ പെറ്റുവീണ കാലത്ത് ജനിതകശാസ്ത്രം ആരുടെയും ചിന്തയില്‍ പോലും രൂപംകൊണ്ടിട്ടില്ല എന്നര്‍ഥം. അന്നത്തെ യുക്തിവാദികളായ ക്വദ്‌രിയാക്കള്‍ ഇന്ന് ഉണ്ടായിരുന്നുവെങ്കില്‍ അവര്‍ക്ക് തെളിയിക്കപ്പെട്ട ജനിതകശാസ്ത്രത്തെ പോലും എതിര്‍ക്കേണ്ടിവരുമായിരുന്നില്ലേ? മനുഷ്യന്റെ പ്രവര്‍ത്തനം അവന്റെ മാത്രം കഴിവുകൊണ്ടാണെന്ന് വാദിക്കുന്ന ഇക്കൂട്ടരോട്, ജനിതകശാസ്ത്ര പഠനത്തിലൂടെ ഒരാള്‍ പിറക്കുന്നതിന് മുമ്പ് അവന്റെ ജനിതകത്തില്‍ ഇന്നയിന്ന രോഗം പിടിപെടാന്‍ സാധ്യതയുണ്ടെന്ന് രേഖപ്പെടുത്തപ്പെട്ടിട്ടുണ്ട് എന്നു പറഞ്ഞാല്‍ എന്താകും പ്രതികരണം?

ജബ്‌രിയ്യത്തിന്റെ അഭിപ്രായ പ്രകാരം അല്ലാഹു കണക്കാക്കിയ കാര്യങ്ങള്‍ സംഭവിക്കുന്നതു കണ്ണടച്ച് കാത്തിരിക്കുകയല്ലാതെ, തങ്ങളുടെ നന്മക്കോ വിജയത്തിനോ വേണ്ടി മനുഷ്യന്‍ ഒന്നും പ്രവര്‍ത്തിക്കേണ്ടതായിട്ടില്ല. ക്വദ്‌റിനെ നിഷേധിക്കുന്ന നിലപാടിനെ ഇസ്‌ലാം അംഗീകരിക്കുന്നില്ല. അല്ലാഹുവില്‍നിന്നുമാണ് നന്മയെന്ന് ബോധ്യമുള്ളതോടുകൂടിത്തന്നെ, തങ്ങളുടെ നന്മക്കും വിജയത്തിനുമായി അല്ലാഹുവിന്റെ മാര്‍ഗനിര്‍ദേശങ്ങള്‍ ഉപയോഗപ്പെടുത്തുകയാണ് വേണ്ടത്.

ഇസ്‌ലാമിനെ വിമര്‍ശിക്കുന്ന യുക്തിവാദികള്‍ക്ക് യഥാര്‍ഥത്തില്‍ ഒരു അടിസ്ഥാനവുമില്ല. കാലഘട്ടത്തിനനുസരിച്ച് വിശ്വാസങ്ങളെ പാളംതെറ്റിച്ചു വിടാന്‍ ശ്രമിക്കുന്നതിനിടയില്‍ കൂട്ടിമുട്ടി പൊളിയുന്ന, അവരുടെ പൂര്‍വികര്‍ പകര്‍ന്ന വിശ്വാസങ്ങള്‍ക്കൊപ്പം ഊട്ടിയുറക്കപ്പെടുന്നത് ഇസ്‌ലാമിന്റെ വിധി നിയമം സമ്മാനിക്കുന്ന സുരക്ഷിത ബോധം കൂടിയാണ്.

ഉദരത്തില്‍ ഉയിര്‍കൊള്ളുന്ന ഭ്രൂണത്തില്‍ നിന്നും വരാനിരിക്കുന്ന സ്വാഭാവിക ദേഹഭംഗങ്ങളെ കുറിച്ച് ശാസ്ത്ര വിദ്യയിലൂടെ മനുഷ്യന് പറയാന്‍ പറ്റുമെങ്കില്‍, മനുഷ്യനടങ്ങുന്ന പ്രപഞ്ചവും പ്രപഞ്ചമടങ്ങുന്ന സകലതും പടച്ചവന്‍ താനാണെന്ന് അവകാശപ്പെടുന്ന അല്ലാഹുവിന് അവന്റെ സൃഷ്ടികളെ കുറിച്ചുള്ള ജ്ഞാനം മുമ്പേ ഉണ്ടെന്ന് വിശ്വസിക്കുന്നതിലാണ് മനുഷ്യന്റെ ചിന്തകള്‍ പൂര്‍ണമാകുന്നത്.