ഗ്രന്ഥച്ചുമടേറ്റിയ കഴുത

കുഞ്ഞിമുഹമ്മദ് മദനി പറപ്പൂര്‍

2020 സെപ്തംബര്‍ 19 1442 സഫര്‍ 02

(മനുഷ്യന്‍ ക്വുര്‍ആനില്‍ 9)

''തൗറാത്ത് സ്വീകരിക്കാന്‍ ചുമതല ഏല്‍പിക്കപ്പെടുകയും എന്നിട്ട് അത് ഏറ്റെടുക്കാതിരിക്കുകയും ചെയ്തവരുടെ (യഹൂദരുടെ) ഉദാഹരണം ഗ്രന്ഥങ്ങള്‍ ചുമക്കുന്ന കഴുതയുടേത് പോലെയാകുന്നു. അല്ലാഹുവിന്റെ ദൃഷ്ടാന്തങ്ങള്‍ നിഷേധിച്ചുകളഞ്ഞ ജനങ്ങളുടെ ഉപമ എത്രയോ ചീത്ത! അക്രമികളായ ജനങ്ങളെ അല്ലാഹു സന്‍മാര്‍ഗത്തിലാക്കുകയില്ല'' (ക്വുര്‍ആന്‍ 62:5).

മുന്‍കഴിഞ്ഞ ഒരു വേദഗ്രന്ഥത്തിന്റെ അനുയായികളെ പേരെടുത്തു പറഞ്ഞുകൊണ്ട് ഈ ഉപമ വിവരിക്കുന്നത് ക്വുര്‍ആന്‍ എന്ന വേദഗ്രന്ഥത്തിന്റെ അനുയായികളോടാണ്. വേദഗ്രന്ഥം അല്ലാഹു അവതരിപ്പിച്ചത് അതിന്റെ സന്ദേശങ്ങള്‍ പഠിച്ചു ജീവിക്കാനാണ്. ക്വുര്‍ആനിന്റെ പ്രഥമ സന്ദേശംതന്നെ വായിക്കുക എന്നാണല്ലോ. ക്വുര്‍ആനിന്റെ ആളായി അഭിനയിക്കുകയും എന്നാല്‍ ക്വുര്‍ആന്‍ പഠിക്കാതെയും അതിലുള്ളത് എന്താണെന്നറിയാതെയും ജീവിക്കുന്നവന് ചേരുന്ന വിശേഷണം ഗ്രന്ഥം ചുമക്കുന്ന കഴുത എന്നതു തന്നെയാണ്. ക്വുര്‍ആനിന്റെ ഉദ്‌ബോധനത്തെ അവഗണിക്കുന്നവരെ സമാനമായ ഉപമയില്‍ അല്ലാഹു ആക്ഷേപിച്ചത് കാണുക:

''എന്നിരിക്കെ അവര്‍ക്കെന്തു പറ്റി? അവര്‍ ഉല്‍ബോധനത്തില്‍നിന്ന് തിരിഞ്ഞുകളയുന്നവരായിരിക്കുന്നു. അവര്‍ വിറളിപിടിച്ച കഴുതകളെപ്പോലിരിക്കുന്നു. സിംഹത്തില്‍ നിന്ന് ഓടിരക്ഷപ്പെടുന്ന (കഴുതകള്‍)'' (ക്വുര്‍ആന്‍ 74:49-51).

കഴുതയെപ്പോലെ എന്ന് പറഞ്ഞ് അല്ലാഹു തന്നെ ആക്ഷേപിച്ചത് വേദഗ്രന്ഥത്തെയും അതിലെ ഉപദേശങ്ങളെയും പഠിച്ചു ഗ്രഹിച്ച് ജീവിക്കാത്തവരെയാണല്ലോ. ഇത്രയും കഠിനമായ ഭാഷയില്‍ ആക്ഷേപിക്കപ്പെട്ട വിഭാഗത്തിന്ന് എങ്ങനെയാണ് മഹാന്മാരായ പ്രവാചകന്മാരും സദ്‌വൃത്തരും പ്രവേശിപ്പിക്കപ്പെടുന്ന സ്വര്‍ഗത്തില്‍ പ്രവേശിക്കാനാവുക എന്ന് നാമോര്‍ക്കണം. ക്വുര്‍ആന്‍ പഠിക്കാനും പാരായണം ചെയ്യാനും പ്രവര്‍ത്തിക്കാനും നാം ശ്രമിച്ചേ തീരൂ.

കൈവിരല്‍കടിച്ച കൗശലക്കാര്‍

''ആ തോട്ടക്കാരെ നാം പരീക്ഷിച്ചതു പോലെ തീര്‍ച്ചയായും അവരെയും നാം പരീക്ഷിച്ചിരിക്കുകയാണ്. പ്രഭാതവേളയില്‍ ആ തോട്ടത്തിലെ പഴങ്ങള്‍ അവര്‍ പറിച്ചെടുക്കുമെന്ന് അവര്‍ സത്യം ചെയ്ത സന്ദര്‍ഭം. അവര്‍ (യാതൊന്നും) ഒഴിവാക്കി പറഞ്ഞിരുന്നില്ല. എന്നിട്ട് അവര്‍ ഉറങ്ങിക്കൊണ്ടിരിക്കെ നിന്റെ രക്ഷിതാവിങ്കല്‍നിന്നുള്ള ഒരു ശിക്ഷ ആ തോട്ടത്തെ ബാധിച്ചു. അങ്ങനെ അത് മുറിച്ചെടുക്കപ്പെട്ടത് പോലെ ആയിത്തീര്‍ന്നു. അങ്ങനെ പ്രഭാതവേളയില്‍ അവര്‍ പരസ്പരം വിളിച്ചുപറഞ്ഞു: നിങ്ങള്‍ പറിച്ചെടുക്കാന്‍ പോകുകയാണെങ്കില്‍ നിങ്ങളുടെ കൃഷിസ്ഥലത്തേക്ക് നിങ്ങള്‍ കാലത്തുതന്നെ പുറപ്പെടുക. അവര്‍ അന്യോന്യം മന്ത്രിച്ചുകൊണ്ടു പോയി. ഇന്ന് ആ തോട്ടത്തില്‍ നിങ്ങളുടെ അടുത്ത് ഒരു സാധുവും കടന്നുവരാന്‍ ഇടയാവരുത്എന്ന്. അവര്‍ (സാധുക്കളെ) തടസ്സപ്പെടുത്താന്‍ കഴിവുള്ളവരായിക്കൊണ്ടു തന്നെ കാലത്ത് പുറപ്പെടുകയും ചെയ്തു. അങ്ങനെ അത് (തോട്ടം) കണ്ടപ്പോള്‍ അവര്‍ പറഞ്ഞു: തീര്‍ച്ചയായും നാം പിഴവുപറ്റിയവരാകുന്നു. അല്ല, നാം നഷ്ടം നേരിട്ടവരാകുന്നു. അവരുടെ കൂട്ടത്തില്‍ മധ്യനിലപാടുകാരനായ ഒരാള്‍ പറഞ്ഞു: ഞാന്‍ നിങ്ങളോട് പറഞ്ഞില്ലേ; എന്താണ് നിങ്ങള്‍ അല്ലാഹുവെ പ്രകീര്‍ത്തിക്കാതിരുന്നത്? അവര്‍ പറഞ്ഞു: നമ്മുടെ രക്ഷിതാവ് എത്രയോ പരിശുദ്ധന്‍! തീര്‍ച്ചയായും നാം അക്രമികളായിരിക്കുന്നു. അങ്ങനെ പരസ്പരം കുറ്റപ്പെടുത്തിക്കൊണ്ട് അവരില്‍ ചിലര്‍ ചിലരുടെ നേര്‍ക്ക് തിരിഞ്ഞു. അവര്‍ പറഞ്ഞു: നമ്മുടെ നാശമേ! തീര്‍ച്ചയായും നാം അതിക്രമകാരികളായിരിക്കുന്നു. നമ്മുടെ രക്ഷിതാവ് അതിനെക്കാള്‍ ഉത്തമമായത് നമുക്ക് പകരം തന്നേക്കാം.  തീര്‍ച്ചയായും നാം നമ്മുടെ രക്ഷിതാവിങ്കലേക്ക് ആഗ്രഹിച്ചുചെല്ലുന്നവരാകുന്നു. അപ്രകാരമാകുന്നു ശിക്ഷ. പരലോകശിക്ഷയാവട്ടെ കൂടുതല്‍ ഗൗരവമുള്ളതാകുന്നു. അവര്‍ അറിഞ്ഞിരുന്നെങ്കില്‍!'' (ക്വുര്‍ആന്‍ 68:17-33).

സമ്പത്തും സൗകര്യങ്ങളും തികഞ്ഞാല്‍, അതെല്ലാം നല്‍കി അനുഗ്രഹിച്ച അല്ലാഹുവിനെ മറക്കുക, പാവപ്പെട്ടവരുടെ അവകാശങ്ങള്‍ അവഗണിക്കുക എന്നീ സ്വഭാവങ്ങള്‍ മനുഷ്യര്‍ സാധാരണ പ്രകടിപ്പിക്കാറുണ്ട്. ഇത് തന്നവന്നു തന്നെ തിരിച്ചെടുക്കാനും കഴിയുമെന്ന് സുഖഭോഗങ്ങള്‍ക്കിടയില്‍ പലരും ഓര്‍ക്കാറില്ല. ഇത്തരം മനുഷ്യരെയാണ് ഇവിടെ പരാമര്‍ശിക്കുന്നത്. ദരിദ്രന്മാര്‍ ഉണര്‍ന്നെഴുന്നേല്‍ക്കുന്നതിന്നു മുമ്പ് തോട്ടത്തിലെ പഴങ്ങള്‍ പറിച്ച് അതുംകൊണ്ട് മടങ്ങാന്‍ വിചാരിച്ച ഉടമകള്‍ കണ്ടത് തലേന്ന് രാത്രിതന്നെ തോട്ടം നശിച്ചുപോയതാണ്. അപ്പോഴാണവര്‍ക്ക് വിവേകം തിരിച്ചുകിട്ടിയത്.

അല്ലാഹു നല്‍കിയ അനുഗ്രഹം ആര്‍ത്തിപൂണ്ട് പിടിച്ചുവെക്കുന്നവര്‍ക്ക് ഈ തോട്ടക്കാരുടെ അനുഭവം നല്ല പാഠമാണ്. ഏതൊരു സാധാരണ മനുഷ്യന്നും തന്റെ ജീവിത സാഹചര്യങ്ങളില്‍നിന്നും പരിസ്ഥിതിയില്‍നിന്നും നേരിട്ടനുഭവപ്പെടുന്ന, പ്രകൃതിയെ ചുറ്റിപ്പറ്റിക്കൊണ്ടുള്ള ഉപമകളാണ് ക്വുര്‍ആന്‍ വിവരിച്ചത്. കാറ്റ്, മഴ, വെള്ളം, ഇടി, മിന്നല്‍, മല, നീരൊഴുക്ക്, ചെടികള്‍, മരങ്ങള്‍, കായ്കനികള്‍, ചെറുതും വലുതുമായ ജീവജാലങ്ങള്‍ തുടങ്ങിയവയിലാണ് ഈ ഉപമകള്‍ കേന്ദ്രീകരിച്ചിട്ടുള്ളത്. വിവേകമുള്ളവര്‍ക്ക് തിരിച്ചറിയാന്‍ ഇവ ഏറെ പര്യാപ്തവുമാണ്.

മനുഷ്യന്‍ വിചാരണക്ക് വിധേയന്‍

ഈ ജീവിതം അവസാനിക്കുന്നില്ലെന്നും ഇവിടെ ചെയ്യുന്ന നന്മതിന്മകള്‍ക്കനുസരിച്ച് രക്ഷയും ശിക്ഷയും നല്‍കപ്പെടുന്ന മറ്റൊരു ജീവിതം (പരലോകജീവിതം) മരണശേഷം വരാനിരിക്കുന്നുണ്ടെന്നും ക്വുര്‍ആന്‍ മനുഷ്യനെ ഓര്‍മിപ്പിക്കുന്നു. ഒരു ജീവിതകാലം മുഴുവനും നന്മപ്രവര്‍ത്തിച്ചു മരിച്ചുപോയവര്‍ക്ക് തങ്ങളുടെ കര്‍മഫലം കിട്ടാതെപോകരുതെന്നതും ഒരു മഹാദ്രോഹി ദുഷ്‌കര്‍മത്തിന്റെ ശിക്ഷ അനുഭവിക്കണമെന്നതും സാമാന്യബുദ്ധിയുടെ തേട്ടമാണ്. ക്വുര്‍ആന്‍ പറയുന്നു:

''അപ്പോള്‍ ആര്‍ ഒരു അണുവിന്റെ തൂക്കം നന്മ ചെയ്തിരുന്നുവോ അവനത് കാണും. ആര്‍ ഒരു അണുവിന്റെ തൂക്കം തിന്മ ചെയ്തിരുന്നുവോ അവന്‍ അതും കാണും'' (ക്വുര്‍ആന്‍ 99:7-8).

പരമകാരുണികനായ അല്ലാഹുവിന്റെ നീതിനടപ്പാക്കല്‍ മാത്രമാണ് പരലോകം. പരലോകശിക്ഷയില്‍ നിന്ന് മനുഷ്യനെ ഏതുവിധേനയും രക്ഷപ്പെടുത്തണമെന്നാണ് അല്ലാഹു ഉദ്ദേശിക്കുന്നത്. അതിന്നുവേണ്ടിയാണ് സന്മാര്‍ഗം ഉപദേശിക്കാന്‍ പ്രവാചകന്മാരെ നിയോഗിച്ചത്. വേദഗ്രന്ഥങ്ങള്‍ അവതരിപ്പിച്ചത്. അവസാന വേദമായ ക്വുര്‍ആന്‍ അന്ത്യദിനംവരെ സംരക്ഷിക്കുമെന്ന് ഉറപ്പുതന്നത്. നബിമാരുടെ സാരോപദേശങ്ങള്‍ സത്യപ്പെടുത്തുന്ന അമാനുഷിക ദൃഷ്ടാന്തങ്ങള്‍ കാണിച്ചുതന്നത്.

കാരുണ്യവും ദയയുമായി ബന്ധപ്പെട്ട ഒട്ടേറെ നാമവിശേഷണങ്ങള്‍ അല്ലാഹുവിന്നുണ്ട്. പാപം ചെയ്യുന്ന മനുഷ്യനെ ശിക്ഷിക്കാനല്ല, മറിച്ച് അവന്റെ പാപങ്ങള്‍ പൊറുത്തുകൊടുക്കാനാണ് അല്ലാഹു ഇഷ്ടപ്പെടുന്നത്.

''പറയുക: സ്വന്തം ആത്മാക്കളോട് അതിക്രമം പ്രവര്‍ത്തിച്ചുപോയ എന്റെ ദാസന്മാരേ, അല്ലാഹുവിന്റെ കാരുണ്യത്തെപ്പറ്റി നിങ്ങള്‍ നിരാശപ്പെടരുത്. തീര്‍ച്ചയായും അല്ലാഹു പാപങ്ങളെല്ലാം പൊറുക്കുന്നതാണ്. തീര്‍ച്ചയായും അവന്‍ തന്നെയാകുന്നു ഏറെ പൊറുക്കുന്നവനും കരുണാനിധിയും'' (ക്വുര്‍ആന്‍ 39:53).

ഏതൊരു സല്‍കര്‍മത്തിന്നും പ്രതിഫലം പത്തിരട്ടിയും, ആത്മാര്‍ഥതക്കനുസരിച്ച് അതിലധികവും അല്ലാഹുവര്‍ധിപ്പിച്ചുകൊടുക്കുമെന്ന് നബി ﷺ  പഠിപ്പിച്ചിട്ടുണ്ട്. ഒരു സല്‍പ്രവൃത്തി ചെയ്യാന്‍ വിചാരിക്കുന്നതിന്നുപോലും പ്രതിഫലമുണ്ട്. ചെയ്താല്‍ പ്രതിഫലം ഇരട്ടിപ്പിക്കുകയും ചെയ്യും. എന്നാല്‍ തിന്മ ചെയ്യാന്‍ വിചാരിച്ചാല്‍ ശിക്ഷയില്ല. ചെയ്താല്‍ മാത്രം അതിന്നനുസരിച്ച് ശിക്ഷ നല്‍കും. അഥവാ പശ്ചാത്തപിച്ചു മടങ്ങിയാല്‍ രക്ഷപ്പെടുകയും ചെയ്യും. ഇതാണ് അല്ലാഹുവിന്റെ കാരുണ്യത്തെപ്പറ്റി നബി ﷺ  പഠിപ്പിച്ചത്. അതിനാല്‍ പരലോകം എന്നത് അല്ലാഹുവിന്റെ കാരുണ്യത്തെ മനുഷ്യന്ന് വെളിപ്പെടുത്തുന്ന, നീതി നടപ്പാക്കുന്ന സ്ഥലമാണ്.

''തങ്ങള്‍ ഉയിര്‍ത്തെഴുന്നേല്‍പിക്കപ്പെടുകയില്ലെന്ന് ആ അവിശ്വാസികള്‍ ജല്‍പിച്ചു. (നബിയേ,) പറയുക: അതെ; എന്റെ രക്ഷിതാവിനെ തന്നെയാണ, നിങ്ങള്‍ ഉയിര്‍ത്തെഴുന്നേല്‍പിക്കപ്പെടും. പിന്നീട് നിങ്ങള്‍ പ്രവര്‍ത്തിച്ചതിനെപ്പറ്റി നിങ്ങള്‍ക്ക് വിവരമറിയിക്കപ്പെടുകയും ചെയ്യും. അത് അല്ലാഹുവെ സംബന്ധിച്ചിടത്തോളം എളുപ്പമുള്ളതാകുന്നു'' (ക്വുര്‍ആന്‍ 64:7).

''ഉയിര്‍ത്തെഴുന്നേല്‍പിന്റെ നാളുകൊണ്ട് ഞാനിതാ സത്യംചെയ്യുന്നു. കുറ്റപ്പെടുത്തുന്ന മനസ്സിനെക്കൊണ്ടും ഞാന്‍ സത്യംചെയ്തു പറയുന്നു. മനുഷ്യന്‍ വിചാരിക്കുന്നുണ്ടോ; നാം അവന്റെ എല്ലുകളെ ഒരുമിച്ചുകൂട്ടുകയില്ലെന്ന്? അതെ, നാം അവന്റെ വിരല്‍ത്തുമ്പുകളെ പോലും ശരിപ്പെടുത്താന്‍ കഴിവുള്ളവനായിരിക്കെ'' (ക്വുര്‍ആന്‍ 75:1-4).

രക്ഷപ്പെടാന്‍ മനുഷ്യന്ന് വഴിയുണ്ട്

ആദ്യത്തെ മനുഷ്യനായ ആദം നബി(അ)യുടെ സൃഷ്ടിപ്പും അതുമായി ബന്ധപ്പെട്ട സംഭവങ്ങളും അല്ലാഹു വിവരിച്ചുതന്നപ്പോള്‍, മനുഷ്യന്‍ വഴിപിഴക്കാനുള്ള സാഹചര്യത്തെയും, പിഴപ്പിക്കുന്ന പിശാചിനെയും പറ്റി വിവരിച്ചത് കാണാം. ഈ ശത്രുവിന്റെ സാന്നിധ്യം മനുഷ്യനുള്ള കാലത്തോളം നിലനില്‍ക്കുമെന്നും അതില്‍നിന്ന് രക്ഷപ്പെട്ട് അല്ലാഹുവിന്റെ പ്രീതി കരസ്ഥമാക്കാനുള്ള ഒരേയൊരു വഴി പശ്ചാത്താപമാണെന്നും ആദ്യസൃഷ്ടിയുടെ ചരിത്രത്തോടൊപ്പം ക്വുര്‍ആന്‍ വിവരിച്ചിട്ടുണ്ട്.

''അനന്തരം ആദം തന്റെ രക്ഷിതാവിങ്കല്‍നിന്ന് ചില വചനങ്ങള്‍ സ്വീകരിച്ചു. (ആ വചനങ്ങള്‍ മുഖേന പശ്ചാത്തപിച്ച) ആദമിന് അല്ലാഹു പാപമോചനം നല്‍കി. അവന്‍ പശ്ചാത്താപം ഏറെ സ്വീകരിക്കുന്നവനും കരുണാനിധിയുമത്രെ'' (ക്വുര്‍ആന്‍ 2:37).

''തീര്‍ച്ചയായും പരിശുദ്ധി നേടിയവര്‍ വിജയം പ്രാപിച്ചു. തന്റെ രക്ഷിതാവിന്റെ നാമം സ്മരിക്കുകയും എന്നിട്ട് നമസ്‌കരിക്കുകയും (ചെയ്തവന്‍)'' (ക്വുര്‍ആന്‍ 87:14-15).

''അതായത് സ്വത്തോ സന്താനങ്ങളോ പ്രയോജനപ്പെടാത്ത ദിവസം കുറ്റമറ്റ ഹൃദയവുമായി അല്ലാഹുവിങ്കല്‍ ചെന്നവര്‍ക്കൊഴികെ'' (ക്വുര്‍ആന്‍ 26:88-89).

''തീര്‍ച്ചയായും മനുഷ്യനെ നാം ഏറ്റവും നല്ല ഘടനയോടുകൂടി സൃഷ്ടിച്ചിരിക്കുന്നു. പിന്നീട് അവനെ നാം അധമരില്‍ അധമനാക്കിത്തീര്‍ത്തു. വിശ്വസിക്കുകയും സല്‍കര്‍മങ്ങള്‍ പ്രവര്‍ത്തിക്കുകയും ചെയ്തവരൊഴികെ. എന്നാല്‍ അവര്‍ക്കാകട്ടെ മുറിഞ്ഞുപോകാത്ത പ്രതിഫലമുണ്ടായിരിക്കും. എന്നിരിക്കെ ഇതിന് ശേഷം പരലോകത്തെ പ്രതിഫലനടപടിയുടെ കാര്യത്തില്‍ (നബിയേ,) നിന്നെ നിഷേധിച്ചുതള്ളാന്‍ എന്തു ന്യായമാണുള്ളത്? അല്ലാഹു വിധികര്‍ത്താക്കളില്‍വെച്ചു ഏറ്റവുംവലിയ വിധികര്‍ത്താവല്ലയോ?'' (ക്വുര്‍ആന്‍ 95:4-8). (അവസാനിച്ചു)