കൊറോണയും മദ്യവും സുരക്ഷിത സമൂഹവും

നബീല്‍ പയ്യോളി

2020 ഏപ്രില്‍ 04 1441 ശഅബാന്‍ 11

നാടെങ്ങും കൊറോണയെക്കുറിച്ചുള്ള ചര്‍ച്ചയാണ്. ഭീതിയിലാണ് ജനങ്ങള്‍. കോവിഡ് 19 ലോകത്തെ നിശ്ചലമാക്കിയിരിക്കുകയാണ്. ഐക്യരാഷ്ട്രസഭ ഇതിനെ മഹാമാരിയായി പ്രഖ്യാപിച്ചുകഴിഞ്ഞു. ലോകത്തെ ബഹുഭൂരിപക്ഷം രാജ്യങ്ങളും കൊറോണ ബാധിതമാണ്. ഇരുപതിനായിരത്തിലധികം ആളുകള്‍ ഈ വൈറസ്ബാധമൂലം ഇതിനകം മരണപ്പെട്ടു. അ ലക്ഷത്തില്‍പരം ആളുകള്‍ക്ക് രോഗം ബാധിച്ചതായാണ് കണക്കുകള്‍ വ്യക്തമാക്കുന്നത്. 2019 നവംബര്‍ മാസത്തില്‍ ചൈനയിലെ വുഹാന്‍ പ്രവിശ്യയിലാണ് കൊറോണ വൈറസ്ബാധ ആദ്യം സ്ഥിരീകരിച്ചത്. പിന്നീട് അത് ലോകം മുഴുവന്‍ വ്യാപിക്കുന്ന അവസ്ഥയിലേക്ക് മാറി. പരസ്പര സമ്പര്‍ക്കത്തിലൂടെ പകരുന്ന ഈ രോഗം പൊടുന്നനെയാണ് ലോകരാഷ്ട്രങ്ങളിലേക്ക് വ്യാപിച്ചത്. ഇന്നും അതിന്റെ വ്യാപനം അനിയന്ത്രിതമായി തുടരുകയാണ്. ചികിത്സക്ക് മരുന്ന് കണ്ടെത്താന്‍ സാധിക്കാത്തതിനാല്‍ രോഗം വരാതെ നോക്കുക മാത്രമാണ് മാര്‍ഗം. അതുകൊണ്ട് തന്നെ ലോകം വലിയ ആശങ്കയിലാണ്. പൊതുഗതാഗത സംവിധാനങ്ങളും ജനങ്ങള്‍ കൂടുതല്‍ എത്തുന്ന സ്ഥലങ്ങളും അന്താരാഷ്ട്ര ഗതാഗത സര്‍വീസുകളും കമ്പോളങ്ങളും നിര്‍ത്തിവെച്ച് വൈറസ് വ്യാപനം തടയുവാനാണ് ഇന്ന് എല്ലാ രാഷ്ടങ്ങളും ശ്രമിച്ചു കൊണ്ടിരിക്കുന്നത്. 21 ദിവസത്തേക്ക് രാജ്യം ലോക്ക് ഡൗണ്‍ ചെയ്തുകൊണ്ടാണ് ഇന്ത്യ കോവിഡിനെതിരെ മുന്‍കരുതലെടുത്തത്.

കേരളത്തില്‍ ആദ്യ വൈറസ്ബാധ സ്ഥിരീകരിച്ചത് ചൈനയില്‍ നിന്ന് വന്ന വിദ്യാര്‍ഥികള്‍ക്കായിരുന്നു. അവരെ ഐസൊലേഷന്‍ ചെയ്തും ശക്തമായ ജാഗ്രത പാലിച്ചുമാണ് നാം പ്രതിരോധിച്ചത്. സര്‍ക്കാരും പൊതുജനങ്ങളും ആ നിലയില്‍ തന്നെ കാര്യങ്ങള്‍ കൈകാര്യം ചെയ്തു. കൊറോണയെ നേരിട്ട ആശ്വാസത്തില്‍ ഇരിക്കുമ്പോഴാണ് ഇറ്റലിയില്‍നിന്നു വന്ന കുടുംബത്തിന് ഈരോഗം സ്ഥിരീകരിക്കുന്നത്. തുടക്കത്തില്‍ ഇറ്റലിയും ഇറാനും അടക്കമുള്ള രാജ്യങ്ങളില്‍ വൈറസ് ബാധ ഏതാനും ആളുകളില്‍ മാത്രമായിരുന്നു എങ്കില്‍ പൊടുന്നനെ അത് വ്യാപിക്കുകയായിരുന്നു. അത് അവിടെ താമസിക്കുന്ന വിദേശികളില്‍ വലിയ ഭീതയുണ്ടാക്കി. അവര്‍ സ്വന്തം നാട്ടിലേക്ക് മടങ്ങുന്ന സാഹചര്യം കാര്യങ്ങളെ കൂടുതല്‍ വഷളാക്കി. ലോകം മുഴുവന്‍ വൈറസ് വ്യാപിക്കുന്നതില്‍ ഈ ചെയ്തികള്‍ കാരണമായി എന്ന് വേണം കരുതാന്‍. വിമാനത്താവളങ്ങളില്‍ കര്‍ശന പരിശോധനകള്‍ നടത്തുന്നതില്‍ വന്ന അലംഭാവമോ വീഴ്ചയോ ജാഗ്രതക്കുറവോ ആണ് നമ്മുടെ നാട്ടില്‍ കൊറോണയുടെ രണ്ടാം വരവിന് കാരണമായത്. അത് പെട്ടെന്ന് വ്യാപിക്കുകയും ചെയ്തു. പത്തനംതിട്ടയിലായിരുന്നു ആദ്യ കേസ്. ഇന്ന് സംസ്ഥാനത്തെ മിക്ക ജില്ലകളിലും നിരവധി പേര്‍ക്ക് കോവിഡ് ബാധിച്ചതായി സ്ഥിരീകരിക്കപ്പെട്ടിരിക്കുന്നു. ആയിരക്കണക്കിന് ആളുകള്‍ ആശുപത്രികളിലും വീടുകളിലുമായി നിരീക്ഷണത്തിലാണ്. പരീക്ഷകള്‍ ഉപേക്ഷിച്ചു വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ അടച്ചു. സര്‍ക്കാരും ജനങ്ങളും വലിയ ജാഗ്രതയിലാണ്. പ്രതിരോധവും ജാഗ്രതയും അല്ലാതെ പരിഹാരമില്ലാത്ത ഈ മഹാമാരിയെ തടയുവാന്‍ മുഴുവന്‍ ജനങ്ങളുടെയും ശക്തമായ ജാഗ്രത ആവശ്യമാണ്. ആരോഗ്യപ്രവര്‍ത്തകരും സര്‍ക്കാര്‍ സംവിധാനങ്ങളും നല്‍കുന്ന നിര്‍ദേശങ്ങള്‍ പാലിക്കുക തന്നെ വേണം. ഏതെങ്കിലും ഒരാളില്‍ നിന്നുണ്ടാവുന്ന അലംഭാവം വലിയ പ്രത്യാഘാതങ്ങള്‍ക്ക് കാരണമായേക്കാം എന്ന തിരിച്ചറിവാണ് നമുക്ക് ഉണ്ടാവേണ്ടത്.

യൂറോപ്പും ഇറാനും ചൈനയും ഗള്‍ഫ് രാജ്യങ്ങളും അടക്കം വിദ്യാഭ്യാസ സ്ഥാപനങ്ങളും കമ്പനികളും റസ്‌റ്റോറന്റ്, പാര്‍ക്കുകള്‍, മാളുകള്‍, മാര്‍ക്കറ്റുകള്‍, ജിംനേഷ്യം, ക്ലബ്ബുകള്‍, ആരാധനാലയങ്ങള്‍ വിമാനത്താവളങ്ങള്‍ തുടങ്ങി ജനസമ്പര്‍ക്കം ഉണ്ടാവാന്‍ ഇടയുള്ള മുഴുവന്‍ ഇടങ്ങളും താല്‍ക്കാലികമായി നിര്‍ത്തിവച്ചിരിക്കുകയാണ്. രോഗമോ രോഗലക്ഷണമോ ഉള്ളവരില്‍ നിന്ന് മാത്രമല്ല എല്ലാവരില്‍നിന്നും അകലം പാലിക്കുക എന്ന സോഷ്യല്‍ ഡിസ്റ്റന്‍സിങ് ആണ് ഫലപ്രദമായ പ്രതിരോധമാര്‍ഗം. കേരളവും അതിന്റെ ഒരു ഭാഗം നിര്‍വഹിച്ചു എന്ന് പറയാം. കേന്ദ്രസര്‍ക്കാര്‍ ലോക്ക് ഡൗണ്‍ പ്രഖ്യാപിച്ചത് ഗുണകരമാകുമെന്ന് പ്രതീക്ഷിക്കാം.

കേരളജനത സര്‍ക്കാരിനോട് ആവര്‍ത്തിച്ചു ചോദിച്ചുകൊണ്ടിരിക്കുന്ന ചോദ്യങ്ങളില്‍ ഒന്ന് എന്തുകൊണ്ട് മദ്യശാലകള്‍ അടക്കുന്നില്ല എന്നതാണ്. ബാറുകളും ബീവറേജസ് സ്ഥാപനങ്ങളും റേഷന്‍ കടകളെക്കാള്‍ തിരക്കേറിയ സ്ഥലങ്ങളാണ്. കൊറോണയെ ഞങ്ങള്‍ക്ക് അറിയില്ല എന്ന ഭാവത്തിലാണ് മദ്യകേന്ദ്രങ്ങളില്‍ കാണുന്ന തിരക്കുകള്‍. മദ്യപന്മാര്‍ക്ക് പ്രതിരോധ ശേഷി കുറവായിരിക്കും എന്ന വസ്തുത അറിയാത്തവരല്ല ഭരണാധികാരികള്‍. പക്ഷേ, മദ്യശാലകള്‍ അടച്ചിടുന്നത് ഖജനാവിന് ഉണ്ടാക്കുന്ന നഷ്ടമാണ് സര്‍ക്കാര്‍ ഭയപ്പെടുന്നത്. വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ അടച്ചിട്ടാലും മദ്യശാലകള്‍ അടച്ചിടില്ലെന്നത് വിരോധാഭാസമല്ലേ? മദ്യത്തിനാണോ അറിവിനാണോ പ്രാധാന്യം എന്ന ചോദ്യത്തിന് പണത്തിനാണ് പ്രാധാന്യം എന്ന ഉത്തരമാണ് ലഭിക്കുന്നതെന്നര്‍ഥം! നിരന്തരമായ ആവശ്യങ്ങള്‍ക്കൊടുവില്‍ മദ്യശാലകള്‍ അടക്കാന്‍ സര്‍ക്കാര്‍ തീരുമാനിച്ചത് സ്വാഗതാര്‍ഹമാണ്. മദ്യവില്‍പനയിലൂടെ ജനങ്ങളുടെ ആരോഗ്യവും പണവും നാടിന്റെ സമാധാനവുമാണ് കൊള്ളയടിക്കപ്പെടുന്നത്.

മദ്യം തന്നെയാണ് എന്നും കേരളത്തിന്റെ പ്രധാന വരുമാനമാര്‍ഗം. കഴിഞ്ഞ സര്‍ക്കാരിനെ താഴെയിറക്കാനും പുതിയ സര്‍ക്കാര്‍ അധികാരത്തിലെത്താനും വഴിതെളിച്ച പ്രധാനപ്പെട്ട കാര്യം മദ്യം തന്നെയായിരുന്നു. ബാര്‍കോഴ വിവാദം ഉമ്മന്‍ചാണ്ടി സര്‍ക്കാരിനെ പിടിച്ചുകുലുക്കിയതും ഇടതുപക്ഷം അതിനെ തെരഞ്ഞെടുപ്പില്‍ ഫലപ്രദമായി ഉപയോഗിച്ചതും നാം കണ്ടതാണ്. ഞങ്ങള്‍ തുറക്കുക നിങ്ങള്‍ അടച്ച ബാറുകളല്ല, സ്‌കൂളുകള്‍ ആണ് എന്ന പരസ്യം ഇന്നും നമ്മുടെ കാതുകളില്‍ മുഴങ്ങിക്കേള്‍ക്കുന്നുണ്ട്. പുതിയ സര്‍ക്കാര്‍ അധികാരമേറ്റിട്ട് നാല് വര്‍ഷമായി. ഇക്കാലഘട്ടത്തില്‍ ബാറുകളുടെ കാര്യത്തില്‍ എന്ത് തീരുമാനമാണ് ഉണ്ടായിട്ടുള്ളതെന്ന് ജനങ്ങള്‍ മനസ്സിലാക്കിക്കഴിഞ്ഞു. ഘട്ടം ഘട്ടമായ മദ്യനിരോധനം, മദ്യവര്‍ജനം എന്നിവ മാറിമാറി വരുന്ന സര്‍ക്കാരുകള്‍ ജനങ്ങള്‍ക്ക് നല്‍കുന്ന വാഗ്ദാനങ്ങളില്‍ പെട്ടതാണ്. എന്നാല്‍ തെരഞ്ഞെടുപ്പ് കഴിഞ്ഞാല്‍ അവര്‍ അത് മനഃപൂര്‍വം മറക്കാറാണ് പതിവ്. മദ്യവില്‍പന കൂട്ടാനും അതിലൂടെ സര്‍ക്കാരിന്റെ വരുമാനം വര്‍ധിപ്പിക്കാനുമാണ് അധികാരത്തിലേറിയാല്‍ ശ്രമിക്കാറുള്ളത് എന്നത് പരസ്യമാണ്. മദ്യലഭ്യതയും വില്‍പനയും കൂട്ടി മദ്യനിരോധനം എങ്ങനെ നടപ്പിലാക്കും എന്ന ചോദ്യത്തിന് ബന്ധപ്പെട്ടവര്‍ പറയുന്ന ഉത്തരം അന്താരാഷ്ട വിപണിയില്‍ ക്രൂഡോയില്‍ വില  കുറഞ്ഞിട്ടും കേന്ദ്ര സര്‍ക്കാര്‍ പെട്രോള്‍ വില  കൂട്ടിയില്ലേ എന്ന ചോദ്യത്തിന് കേന്ദ്ര മന്ത്രി മുരളീധരന്‍ പറഞ്ഞ മറുപടിപോലെയാണ;് പറഞ്ഞയാള്‍ക്കും കേട്ടവര്‍ക്കും ഒന്നും മനസ്സിലാകില്ല!

സര്‍ക്കാരുകളുടെ മദ്യാസക്തിയുടെ കാരണം എന്തെന്ന് മനസ്സിലാകണമെങ്കില്‍ മദ്യം നമ്മുടെ സാമ്പത്തിക വ്യവസ്ഥിതിയില്‍ വഹിക്കുന്ന പങ്കിനെക്കുറിച്ച് അറിയണം. 40,000 കോടി രൂപയാണ് സര്‍ക്കാരിന്റെ ഒരു വര്‍ഷത്തെ ശരാശരി തനതു നികുതി വരുമാനം. ഇതില്‍ 60% ഉല്‍പന്ന വില്‍പന വഴി വാറ്റ് നികുതിയായും ബാക്കി 40% ഇന്ധന, മദ്യവില്‍പനയിലൂടെ കെജിഎസ്ടിയായും ലഭിക്കുന്നു. 40,000 കോടി രൂപയില്‍ 25% തുകയും മദ്യത്തില്‍നിന്നു കിട്ടുന്നതാണ്. ഇന്ധന നികുതി കഴിഞ്ഞാല്‍ സര്‍ക്കാരിന് ഏറ്റവും കൂടുതല്‍ നികുതി വരുമാനം മദ്യത്തില്‍ നിന്നാണ് എന്ന് സാരം . ഇന്ധനത്തില്‍നിന്നു പ്രതിവര്‍ഷം 8,000 കോടി കിട്ടുമ്പോള്‍ മദ്യത്തില്‍ നിന്ന് 7,500 കോടിയിലേറെ രൂപ ലഭിക്കുന്നു. 2018-19ല്‍ മദ്യത്തില്‍ നിന്നും 14,504 കോടി രൂപ ലഭിച്ചു. മദ്യത്തില്‍ നിന്നുള്ള വരുമാനം പത്ത് വര്‍ഷത്തിനുള്ളില്‍ ഏകദേശം മൂന്നിരട്ടിയായി ഉയര്‍ന്നു. നികുതിയേതര വരുമാനത്തില്‍ വലിയപങ്കും മദ്യത്തില്‍ നിന്നാണ് എന്നത് മറ്റൊരു വസ്തുത. മദ്യവരുമാനം വര്‍ഷാവര്‍ഷം കൂടിവരുന്നതായാണ് കണക്കുകള്‍ സൂചിപ്പിക്കുന്നത് 2014-15ല്‍ 8277 കോടിയായിരുന്നത് 2015-16ല്‍ 9787 കോടിയും 2016-17ല്‍ 10,353ഉം 2017-18ല്‍ 11,024 കോടി രൂപയായിട്ടുമാണ് വരുമാനം വര്‍ധിച്ചത്. 14505 കോടി രൂപയുടെ മദ്യമാണ് 2018-19 സാമ്പത്തിക വര്‍ഷത്തില്‍ കേരളം കുടിച്ചു തീര്‍ത്തത്. നടപ്പുസാമ്പത്തിക വര്‍ഷം ജനുവരി വരെ മദ്യവരുമാനത്തിലൂടെ നമ്മുടെ ഖജനാവിലേക്ക് എത്തിയത് 1880.30 കോടി രൂപയാണ്. സംസ്ഥാനത്ത് ഇപ്പോള്‍ 598 ബാറുകളും 357 വൈന്‍-ബിയര്‍ പാര്‍ലറുകളും ബീവറേജസ് കോര്‍പ്പര്‍ഷന്റെ കീഴില്‍ 265 ചില്ലറ വില്‍പന ശാലകളും കണ്‍സ്യൂമര്‍ ഫെഡിന്റെ 36 വില്‍പന കേന്ദ്രങ്ങളും ഉണ്ട്.

ഈ പുതുവര്‍ഷ (2020) തലേന്ന് 68.57 കോടി രൂപയുടെ മദ്യവില്‍പനയാണ് നടന്നത് എന്നാണ് കണക്ക്. മദ്യം മലയാളിയുടെ ജീവിതത്തിന്റെ ഭാഗമായി മാറിയിരിക്കുന്നു എന്ന ഭീകരസത്യമാണ് കണക്കുകള്‍ സൂചിപ്പിക്കുന്നത്. ജനനം മുതല്‍ മരണം വരെയും വിവാഹം, മതാഘോഷങ്ങള്‍, തെരഞ്ഞെടുപ്പ് ജയപരാജയങ്ങള്‍ തുടങ്ങി സന്തോഷ സന്താപഘട്ടങ്ങളിലുമെല്ലാം മദ്യം അനിവാര്യമായിത്തീര്‍ന്നിരിക്കുന്നു! അതുതന്നെയാണ് സര്‍ക്കാറിന് ഇത്രവലിയ വരുമാനം നേടിക്കൊടുക്കുന്നതും. മദ്യപാനം ഒരു തെറ്റല്ലാതെയായി മാറിയോ എന്ന് സംശയിപ്പിക്കുന്ന രീതിയിലാണ് കാര്യങ്ങള്‍ പോകുന്നത്. അതിന്റെ വരുമാനത്തെ പറ്റി വാചാലമാകുന്ന ഭരണകൂടം അതുണ്ടാക്കുന്ന ദുരന്തങ്ങള്‍ക്ക് മുന്നില്‍ മൗനം പാലിക്കുന്നു.

കഴിഞ്ഞവര്‍ഷം മാര്‍ച്ച് 10ന് ആലപ്പുഴ ജില്ലയിലെ പൂച്ചാക്കലില്‍ സ്‌കൂള്‍ വിദ്യാഥികള്‍ക്കിടയിലേക്ക് കാര്‍ പാഞ്ഞുകയറി നിരവധി വിദ്യാര്‍ഥിനികള്‍ക്ക് പരുക്ക് പറ്റി. കാര്‍ ഓടിച്ചിരുന്നയാല്‍ മദ്യപിച്ചിരുന്നു എന്ന് കുറ്റസമ്മതം നടത്തി. കഴിഞ്ഞ വര്‍ഷം ആഗസ്റ്റ് മാസത്തിലാണ് തിരുവനന്തപുരത്ത് മാധ്യമപ്രവര്‍ത്തകന്‍ ബഷീര്‍ വാഹനാപകടത്തില്‍ മരിച്ചത്. സര്‍വേ ഡയറക്ടര്‍ ശ്രീറാം വെങ്കിട്ടരാമന്‍ മദ്യലഹരിയില്‍ ഓടിച്ച കാര്‍ ഇടിച്ചായിരുന്നു ബഷീര്‍ മരിച്ചത്. സാധാരണക്കാരന്‍ മുതല്‍ ഉന്നത ഉദേ്യാഗസ്ഥര്‍ വരെ മദ്യത്തിന് അടിമകളാണ്. നിയമം അനുസരിക്കേണ്ടവരും നിയമം നടപ്പിലാക്കാന്‍ ബാധ്യസ്ഥരായ ഉന്നത ഉദേ്യാഗസ്ഥരും നിയമപാലകരും അടക്കം മദ്യാസക്തിയില്‍ നിയമം കാറ്റില്‍ പറത്തുന്ന ദുരന്തത്തിന് നാം പലവുരു സാക്ഷിയായതാണ്. മദ്യം വില്ലനായ വാഹനാപകടങ്ങളില്‍ നിരവധി ജീവനുകളാണ് ദിനേന പൊലിഞ്ഞുവീഴുന്നത്. നൂറുകണക്കിന് കുടുംബിനികള്‍ കുടുംബകോടതി കയറിയിറങ്ങുന്നതിലും വില്ലന്‍ മദ്യം തന്നെ.

മദ്യപരുടെ പീഡനങ്ങള്‍ സഹിച്ച് നരകയാതന അനുഭവിക്കുന്ന അനേകം സഹോദരിമാര്‍ നമുക്ക് ചുറ്റുമില്ലേ? പിതാവിന്റെ മദ്യപാനം കുട്ടികളുടെ മാനസികാവസ്ഥയെ സാരമായി ബാധിക്കുകയും അവരുടെ ഭാവി ഇരുളടഞ്ഞതാക്കുകയും ചെയ്യുന്നു എന്നത് നമുക്കറിയുന്ന യാഥാര്‍ഥ്യമല്ലേ? കൊലപാതകവും കൊള്ളയും കവര്‍ച്ചയും കള്ളക്കടത്തും അക്രമങ്ങളും തുടങ്ങി നാടിന്റെ സമാധാനത്തിന് വിലങ്ങുതടിയാവുന്ന നിരവധി പ്രശ്‌നങ്ങള്‍ക്കും മദ്യം കാരണമായിത്തത്തീരുന്നു. നൂറുകണക്കിന് ആരോഗ്യപ്രശ്‌നങ്ങള്‍ക്കും മദ്യപാനം കാരണമാകുന്നു. ജോലിചെയ്ത് കിട്ടുന്ന കൂലിയുടെ ബഹുഭൂരിപക്ഷവും മദ്യത്തിന് വേണ്ടി ചെലവഴിക്കുന്നവരുടെ കുടുംബങ്ങള്‍ അനുഭവിക്കുന്ന സാമ്പത്തിക പ്രതിസന്ധികള്‍ വേറെയും. ലഹരിവിമുക്തി ബോധവല്‍ക്കരണത്തിനായി വര്‍ഷംതോറും കോടികളാണ് സര്‍ക്കാര്‍ ചെലവഴിക്കുന്നത്. ചെറുതും വലുതുമായ ധാരാളം സാമൂഹിക പ്രശ്‌നങ്ങള്‍ക്ക് മദ്യം കാരണമായിത്തീരുന്നു എന്ന് വ്യക്തം. മനുഷ്യനെ മുച്ചൂടും മുടിക്കുന്ന മദ്യമെന്ന ദുരന്തത്തെ ദൂരെയെറിയാന്‍ വിവേകമുള്ളവര്‍ക്ക് സാധിക്കണം. മദ്യത്തില്‍ നിന്ന് ലഭിക്കുന്ന വരുമാനത്തോടൊപ്പം അതിലൂടെ നഷ്ടമാകുന്ന സമ്പത്ത്, ജീവന്‍, സമാധാനം എന്നിവയെ കുറിച്ചുകൂടി ചിന്തിക്കാന്‍ വിവേകമതികള്‍ തയ്യാറാവണം.

തങ്ങളെ അധികാരത്തിലെത്തിച്ച ജനങ്ങളുടെ ആരോഗ്യവും പണവും സൈ്വര്യജീവിതവും ഇല്ലാതാക്കുന്ന മദ്യത്തെ വരുമാനമാര്‍ഗമായി കാണാന്‍ ഭരണാധികാരികള്‍ക്ക് സാധിക്കുന്നു എന്നത് അത്ഭുതകരമാണ്. സര്‍ക്കാരിന്റെ പ്രധാന വരുമാനമാര്‍ഗം ചൂഷണാധിഷ്ഠിതമായിക്കൂടാ. ചൂഷണാധിഷ്ഠിതമായ സമ്പദ്‌വ്യവസ്ഥയില്‍ നിന്നും നിര്‍മാണാത്മക സമ്പദ്‌വ്യവസ്ഥയിലേക്ക് നമുക്ക് എന്തുകൊണ്ട് മാറിക്കൂടാ? കേരളീയ സമൂഹം സഗൗരവം ആലോചിക്കേണ്ട ഒരു കാര്യം തന്നെയാണിത്. കേരത്തിന്റെ മുഴുവന്‍ വിഭവ ശേഷികളും ഫലപ്രദമായി ഉപയോഗപ്പെടുത്താവുന്ന പദ്ധതികള്‍ ഉണ്ടാവണം. വിവരസാങ്കേതിക വിദ്യയുടെ ഇന്നിന്റെ ലോകത്ത് ഇത് കൂടുതല്‍ ഫലപ്രദമാണ് താനും. ഇത് നമ്മുടെ സമ്പദ്‌വ്യവസ്ഥയെ പോഷിപ്പിക്കും എന്നതില്‍ തര്‍ക്കമില്ല. മലയാളികളുടെ ക്രിയാശേഷിയെ പോസിറ്റിവ് ആയി ഉപയോഗിക്കാനും സാധിക്കും. സാമ്പത്തിക വളര്‍ച്ചയോടൊപ്പം അക്രമങ്ങള്‍, റോഡപകടങ്ങള്‍, ആരോഗ്യ പ്രശ്‌നങ്ങള്‍, കുടുംബ തകര്‍ച്ചകള്‍, കുട്ടികളുടെ മാനസിക പ്രശ്‌നങ്ങള്‍ തുടങ്ങിയ പല സാമൂഹിക പ്രശ്‌നങ്ങളെയും ഇല്ലാതാക്കാന്‍ ഇതിലൂടെ സാധ്യമാവും.

മനുഷ്യര്‍ കൊറോണയുടെ ഭീതിയില്‍ രക്ഷാമാര്‍ഗങ്ങള്‍ തേടിക്കൊണ്ടിരിക്കുന്ന കാലത്തും മദ്യവരുമാനം നഷ്ടപ്പെടുത്തിക്കൂടാ എന്ന ഭരണാധികാരികളുടെ നിലപാട് -എന്തൊക്ക ന്യായീകരണമുണ്ടെങ്കിലും-ശരിയല്ല എന്നാണ് പറയാനുള്ളത്. മദ്യനിരോധനം നടപ്പിലാക്കണം എന്ന ആവശ്യം കാലങ്ങളായി സമൂഹത്തില്‍നിന്ന് ഉയര്‍ന്നുകൊണ്ടിരിക്കുന്നു. അത് കേട്ടഭാവം പോലും നടിക്കുന്നില്ല മാറിമാറി വരുന്ന ഭരണകൂടങ്ങള്‍.

കൊറോണ കാലത്ത് ആദ്യം അടക്കേണ്ടത് മദ്യശാലകള്‍ ആണെന്ന കാര്യത്തില്‍ ആര്‍ക്കും സംശയം ഇല്ല. ഒടുവില്‍ ഇത് അംഗീകരിക്കാന്‍ സര്‍ക്കാരും തീരുമാനിച്ചിരിക്കുകയാണ്. ബാറുകളും കള്ളുഷാപ്പുകളും ബീവര്‍ജസ് സ്റ്റോറുകളും കണ്‍സ്യൂമര്‍ ഫെഡ് സ്റ്റോറുകളും അടക്കം മദ്യം ലഭ്യമാകുന്ന മുഴുവന്‍ കേന്ദ്രങ്ങള്‍ക്കും പൂട്ട് വീണിരിക്കുകയാണ്. അടക്കാതിരിക്കാന്‍ പറഞ്ഞ ന്യായീകരണങ്ങള്‍ ഇപ്പോഴും നിലനില്‍ക്കുന്നു എങ്കിലും മദ്യത്തിന് പൂര്‍ണ നിരോധനം ഈ ന്യായീകരണങ്ങള്‍ എല്ലാം കള്ളങ്ങളായിരുന്നു എന്നതിനുള്ള തെളിവ് കൂടിയാണ്; മദ്യവര്‍ജനമോ നിരോധനമോ സാധ്യമാണെന്ന സാക്ഷ്യവും. ഇത് ഒരു തുടക്കമാവട്ടെ, മഹാമാരിയുടെ മറവില്‍ മറ്റ് ലഹരി വസ്തുക്കള്‍ അനധികൃതമായി നാട്ടില്‍ വിതരണം ചെയ്യപ്പെടുന്നില്ല എന്ന് ഉറപ്പ് വരുത്താനും ഭരണകൂടം ജാഗ്രത കാണിക്കണം. ലഹരി മുക്ത കേരളം എന്നത് യാഥാര്‍ഥ്യമാക്കാന്‍ ഇനിയെങ്കിലും ഭരണകൂടം ആര്‍ജവം കാണിക്കണം.