പരിശുദ്ധ ക്വുര്‍ആനിലെ ഉപമാലങ്കാരങ്ങളിലൂടെ

ഡോ: ഹാഫിസ് ജലാലുല്‍ഹഖ് സലഫി, ആമയൂര്‍

2020 ഒക്ടോബര്‍ 17 1442 സഫര്‍ 30

(ഭാഗം:2 )

സത്യവും അസത്യവും തമ്മിലുള്ള വ്യത്യാസത്തിന്റെ  മികച്ച ഒരു ഉപമ കാണുക; ക്വുര്‍ആന്‍ പറയുന്നു:

''അവന്‍ (അല്ലാഹു) ആകാശത്തുനിന്ന് വെള്ളം ചൊരിഞ്ഞു. എന്നിട്ട് താഴ്‌വരകളിലൂടെ അവയുടെ (വലുപ്പത്തിന്റെ) തോത് അനുസരിച്ച് വെള്ളമൊഴുകി. അപ്പോള്‍ ആ ഒഴുക്ക് പൊങ്ങിനില്‍ക്കുന്ന നുരയെ വഹിച്ചുകൊണ്ടാണ് വന്നത്. വല്ല ആഭരണമോ ഉപകരണമോ ഉണ്ടാക്കാന്‍ ആഗ്രഹിച്ചുകൊണ്ട് അവര്‍ തീയിലിട്ടു കത്തിക്കുന്ന ലോഹത്തില്‍നിന്നും അതുപോലുള്ള നുരയുണ്ടാകുന്നു. അതുപോലെയാകുന്നു അല്ലാഹു സത്യത്തെയും അസത്യത്തെയും ഉപമിക്കുന്നത്. എന്നാല്‍ ആ നുര ചവറായി പോകുന്നു. മനുഷ്യര്‍ക്ക് ഉപകാരമുള്ളതാകട്ടെ ഭൂമിയില്‍ തങ്ങിനില്‍ക്കുന്നു. അപ്രകാരം അല്ലാഹു ഉപമകള്‍ വിവരിക്കുന്നു'' (ക്വുര്‍ആന്‍13:17).

നിലനില്‍പില്ലാത്ത രണ്ടുതരം പതകളെക്കുറിച്ചാണ് നാമിതില്‍ കാണുന്നത്. ശക്തമായ മഴവര്‍ഷിക്കുമ്പോള്‍ മലഞ്ചെരിവുകളിലൂടെയും താഴ്‌വരകളിലൂടെയും പുഴകളിലൂടെയുമൊക്കെ ഒഴുകിവരുന്ന വെള്ളത്തിന്റെ ഉപരിഭാഗത്തായി നമുക്ക്  ധാരാളം പതകളും നുരകളും ഒഴുകിവരുന്നതായി കാണാം. അപ്രകാരം തന്നെ സ്വര്‍ണം, വെള്ളി, ഇരുമ്പ് മുതലായ ലോഹങ്ങളുംഉരുക്കുമ്പോള്‍ നുരയും പതയും പുറത്തുവരാറുണ്ട്.  ഈ രണ്ടുതരം പതകളും നുരകളുംകൊണ്ട് യാതൊരു പ്രയോജനവുമില്ല. വെള്ളത്തിലെ പത ചിന്നിച്ചിതറി നാമാവശേഷമാകുന്നു. ലോഹങ്ങളിലെ പത പുറംതള്ളപ്പെടുകയും ശേഷം ഇല്ലാതായി മാറുകയും ചെയ്യുന്നു. രണ്ടും ഉപകാരമില്ലാത്തതാണ്.

ലോഹം ഉരുക്കുമ്പോള്‍ ശുദ്ധമായ ലോഹം അവശേഷിക്കുകയും അത് ജനങ്ങള്‍ക്ക് ഉപകാരപ്രദമാവുകയും പതഞ്ഞുപൊങ്ങുന്ന പത ഇല്ലാതാവുകയും ചെയ്യുന്നു. ശുദ്ധമായ മഴവെള്ളം ഭൂമിയില്‍ തങ്ങിനിന്നോ ആഴ്ന്നിറങ്ങിയോ ബാക്കിയാവുകയും മനുഷ്യര്‍ക്കും കന്നുകാലികള്‍ക്കും സസ്യലതാദികള്‍ക്കുമെല്ലാം പ്രയോജനപ്പെടുകയും നുരയും പതയും നശിച്ചുപോവുകയും ചെയ്യുന്നു.

എന്താണ് ഈ ഉപമകളിലെ പാഠം? ശുദ്ധമായ ഇരുമ്പും വെള്ളവും ബാക്കിയാകുന്ന പോലെ സത്യം ബാക്കിയാവും. നുരയും പതയും താമസംവിനാ നശിച്ചുപോകുന്നപോലെ അസത്യം നശിച്ചുപോകും. നമ്മുടെ ജീവിതത്തിന്റെ ഒഴുക്കിലെ മുകള്‍പരപ്പില്‍ കാണപ്പെടുന്ന അസത്യത്തിന്റെ നുരയും പതയും പ്രത്യക്ഷത്തില്‍ ആകര്‍ഷകമായി തോന്നുമെങ്കിലും അതിനൊന്നും അധികം ആയുസ്സുണ്ടാകില്ല. എന്നാല്‍ സത്യം എന്നെന്നും അവശേഷിക്കും. അതിന്റെ പ്രയോജനം അണമുറിയാതെ ലഭിച്ചുകൊണ്ടിരിക്കും.

സത്യസന്ദേശത്തെയും നന്മയെയുമൊക്കെ ആളുകള്‍ പ്രയോജനപ്പെടുത്തുന്നത് വ്യത്യസ്ത രൂപത്തിലും തരത്തിലുമായിരിക്കും. നന്മയെ സ്വീകരിക്കുന്നതില്‍ സത്യവിശ്വാസികളില്‍തന്നെ നമുക്ക് ധാരാളം ഏറ്റക്കുറച്ചിലുകള്‍ കാണാന്‍ കഴിയുന്നതാണ്. എത്രത്തോളം നന്മയെ ഒരു സത്യവിശ്വാസി ഉപയോഗപ്പെടുത്തുന്നുവോ അതിനനുസരിച്ചുള്ള പ്രതിഫലം അല്ലാഹു നല്‍കുന്നതാണ്.

ഇക്കാര്യം ഒരു നബി ﷺ  നമുക്ക് ഉപമയുടെ രൂപത്തില്‍ വിവരിച്ച് തന്നിട്ടുണ്ട്.

അബൂ മൂസല്‍അശ്അരി(റ) നിവേദനം; നബി ﷺ  പറഞ്ഞു: ''അല്ലാഹു എന്നെ നിയോഗിച്ചയച്ച സത്യസന്ദേശത്തിന്റെയും അറിവിന്റെയും ഉദാഹരണം ഒരു മഴയുടേതു പോലെയാകുന്നു. മഴ ഏതെങ്കിലും പ്രദേശത്ത് ബാധിച്ചാല്‍ ആ വെള്ളം ശേഖരിച്ച് പുല്ലുകളും ധാരാളം സസ്യങ്ങളും ഒരു വിഭാഗം ആളുകള്‍ അതുകൊണ്ട് മുളപ്പിക്കുന്നു. അവയില്‍ വരണ്ട പ്രദേശങ്ങളുമുണ്ടാവാം. അത്തരം പ്രദേശങ്ങള്‍ മഴവെള്ളം തടഞ്ഞുവെക്കുകയോ, അല്ലെങ്കില്‍ സസ്യങ്ങളെ ഉല്‍പാദിപ്പിക്കുകയോ ചെയ്യുകയില്ല. അല്ലാഹുവിന്റെ മതത്തില്‍ അറിവു നേടുകയും അല്ലാഹു എന്നെ നിയോഗിച്ച കാര്യം അവന്‍ പ്രയോജനപ്പെടുത്തുകയും അറിയുകയും അറിയിക്കുകയും പഠിപ്പിക്കുകയും ചെയ്തവരുടെയും അതിലേക്ക് ശ്രദ്ധിക്കാതെയും സന്മാര്‍ഗം സ്വീകരിക്കാത്തവരുടെയും ഉപമയാണത്'' (ബുഖാരി).

ഐഹിക ജീവിതത്തിന്റെ ഉപമ

അല്ലാഹു പറയുന്നു: ''നാം ആകാശത്തുനിന്ന് വെള്ളം ഇറക്കിയിട്ട് അതുമൂലം മനുഷ്യര്‍ക്കും കാലികള്‍ക്കും ഭക്ഷിക്കാനുള്ള ഭൂമിയിലെ സസ്യങ്ങള്‍ ഇടകലര്‍ന്നുവളര്‍ന്നു. അങ്ങനെ ഭൂമി അതിന്റെ അലങ്കാരമണിയുകയും, അത്അഴകാര്‍ന്നതാകുകയും, അവയൊക്കെ കരസ്ഥമാക്കാന്‍ തങ്ങള്‍ക്ക് കഴിയുമാറായെന്ന് അതിന്റെ ഉടമസ്ഥര്‍ വിചാരിക്കുകയും ചെയ്തപ്പോഴതാ ഒരു രാത്രിയോ പകലോ നമ്മുടെ കല്‍പന അതിന് വന്നെത്തുകയും, തലേദിവസം അവയൊന്നും അവിടെ നിലനിന്നിട്ടേയില്ലാത്ത മട്ടില്‍ നാമവയെ ഉന്‍മൂലനം ചെയ്യപ്പെട്ട അവസ്ഥയിലാക്കുകയും ചെയ്യുന്നു. ഇതുപോലെ മാത്രമാകുന്നു ഐഹികജീവിതത്തിന്റെ ഉപമ. ചിന്തിക്കുന്ന ആളുകള്‍ക്കുവേണ്ടി അപ്രകാരം നാം തെളിവുകള്‍ വിശദീകരിക്കുന്നു'' (ക്വുര്‍ആന്‍ 10:24).

മനുഷ്യര്‍ ജീവിതത്തിന്റെ തിരക്കിലാണ്. സ്വപ്‌നങ്ങള്‍ക്ക് ജീവന്‍ നല്‍കാന്‍ അവന്‍ കഠിനമായി അധ്വാനിച്ചുകൊണ്ടിരിക്കുന്നു. പലരുടെയും നിലപാടു കണ്ടാല്‍ ഇഹലോകജീവിതം ശാശ്വതമാണെന്ന് ഇവര്‍ വിചാരിക്കുന്നുവോ എന്നു തോന്നും. അത്രമാത്രം ഇഹലോകത്തോട് അവര്‍ പ്രതിപത്തി കാണിക്കുന്നു. എത്ര ലഭിച്ചാലും അവര്‍ക്ക് തികയുന്നില്ല. അനുദിനം ആഗ്രഹങ്ങള്‍ പെരുകിക്കൊണ്ടിരിക്കുന്നു. നേടിയെടുത്തതെല്ലാം എന്റെതാണ്, എന്റെ മാത്രം കഴിവുകൊണ്ട് കിട്ടിയതാണ് എന്ന് അഹങ്കരിക്കുന്നു.

ഇത്തരക്കാരുടെ ബുദ്ധിയെ തൊട്ടുണര്‍ത്തുന്നതാണ് മുകളിലുള്ള വചനത്തിലെ ഇഹലോകത്തിന്റെ ഉപമ. വളരെ ലളിതമായി മനസ്സിലാക്കാന്‍ പറ്റിയ രൂപത്തിലാണ് അല്ലാഹു ഈ ഉപമ നമ്മുടെ മുമ്പില്‍ അവതരിപ്പിക്കുന്നത്. ഭൂമിയില്‍ മഴ പെയ്യുകയും വിവിധതരത്തിലുള്ള ചെടികളും സസ്യങ്ങളും ഉല്‍പാദിപ്പിക്കപ്പെടുകയും ചെയ്യുന്നു. സസ്യങ്ങളാലും അവ നല്‍കുന്ന ഉല്‍പന്നങ്ങളാലും ഭൂമി വളരെ അലംകൃതമായിത്തീരുന്നു. അങ്ങനെ ഉടമസ്ഥര്‍ ഫലമെടുക്കാന്‍ തയ്യാറാകുന്നു. അപ്പോഴാണ് പൊടുന്നനെ അവയെല്ലാം നശിപ്പിക്കപ്പെടുന്നത്. മുമ്പ് അവിടെ യാതൊന്നും ഉണ്ടായിരുന്നില്ലെന്ന് തോന്നുന്ന രൂപത്തില്‍ സമൂലം നശിച്ച കാഴ്ചയാണ് കാണുന്നത്.

ഇതാണ് ഐഹിക ജീവിതത്തിന്റെ അവസ്ഥ! തന്റെ കാര്യങ്ങളെല്ലാം സുരക്ഷിതമാണ്. ഒന്നും ഭയപ്പെടാനില്ല. എല്ലാംകൊണ്ടും താന്‍ ധന്യനാണ്. ഇവിടുത്തെ സുഖസൗകര്യങ്ങളെല്ലാം ഒരുപാടുകാലം എനിക്ക് ആസ്വദിച്ചു ജീവിക്കാം എന്നൊക്കെ ചിന്തിച്ചിരിക്കുന്ന ഘട്ടത്തിലായിരിക്കും മരണം കടന്നുവരുന്നത്. അതോടെ എല്ലാം അവസാനിക്കുന്നു!

എത്രതന്നെ സമ്പത്തുണ്ടായാലും ആരോഗ്യമുണ്ടായാലും ഏറ്റവും നല്ല സ്വഭാവത്തിന്റെ ഉടമയായാലും എത്ര സുഖസൗകര്യങ്ങള്‍ ഉണ്ടായാലും അതിനൊന്നും സ്ഥായീഭാവമില്ല. ഏതു സമയത്തും നിലച്ചുപോകാവുന്നതാണ് അതെല്ലാം. അതിനാല്‍ നാം പണിയെടുക്കേണ്ടത് ശാശ്വതജീവിത വിജയത്തിനുവേണ്ടിയായിരിക്കണം; കബളിപ്പിക്കപ്പെടുന്ന ഐഹിക ജീവിതത്തില്‍ വഞ്ചിതരായിക്കൂടാ. ക്വുര്‍ആന്‍ വളരെ വ്യക്തമായി അക്കാര്യം നമ്മെ പഠിപ്പിക്കുന്നു:

''ഏതൊരു ദേഹവും മരണം ആസ്വദിക്കുന്നതാണ്. നിങ്ങളുടെ പ്രതിഫലങ്ങള്‍ ഉയിര്‍ത്തെഴുന്നേല്‍പിന്റെ നാളില്‍ മാത്രമെ നിങ്ങള്‍ക്ക് പൂര്‍ണമായി നല്‍കപ്പെടുകയുള്ളൂ. അപ്പോള്‍ ആര്‍ നരകത്തില്‍നിന്ന് അകറ്റിനിര്‍ത്തപ്പെടുകയും സ്വര്‍ഗത്തില്‍ പ്രവേശിപ്പിക്കപ്പെടുകയും ചെയ്യുന്നുവോ അവനാണ്‌വിജയം നേടുന്നത്. ഐഹികജീവിതം കബളിപ്പിക്കുന്ന ഒരു വിഭവമല്ലാതെ മറ്റൊന്നുമല്ല''(ക്വുര്‍ആന്‍ 3:185).

''നിങ്ങള്‍ അറിയുക: ഇഹലോകജീവിതമെന്നാല്‍ കളിയും വിനോദവും അലങ്കാരവും നിങ്ങള്‍ പരസ്പരം ദുരഭിമാനം നടിക്കലും സ്വത്തുകളിലും സന്താനങ്ങളിലും പെരുപ്പം കാണിക്കലും മാത്രമാണ്- ഒരു മഴ പോലെ. അതുമൂലമുണ്ടായ ചെടികള്‍ കര്‍ഷകരെ ആശ്ചര്യപ്പെടുത്തി. പിന്നീടതിന് ഉണക്കം ബാധിക്കുന്നു. അപ്പോള്‍ അത് മഞ്ഞനിറം പൂണ്ടതായി നിനക്ക് കാണാം. പിന്നീടതു തുരുമ്പായിപ്പോകുന്നു. എന്നാല്‍ പരലോകത്ത് (ദുര്‍വൃത്തര്‍ക്ക്) കഠിനമായ ശിക്ഷയും (സദ്‌വൃത്തര്‍ക്ക്) അല്ലാഹുവിങ്കല്‍നിന്നുള്ള പാപമോചനവും പ്രീതിയും ഉണ്ട്. ഐഹികജീവിതം വഞ്ചനയുടെ വിഭവമല്ലാതെ മറ്റൊന്നുമല്ല'' (ക്വുര്‍ആന്‍ 57:20).

ഏതു സമയത്തും അവസാനിക്കാവുന്ന താല്‍ക്കാലികമായ ജീവിതത്തിന് മുന്‍ഗണന നല്‍കാതെ അനശ്വരമായ ശാശ്വതമായ ജീവിതത്തിന് പ്രാധാന്യം നല്‍കി ജീവിക്കാന്‍ കഴിയുന്നവരാണ് ഭാഗ്യവാന്മാര്‍.

സത്യനിഷേധികളുടെ കര്‍മങ്ങളുടെ ഉപമ

ഏകദൈവവിശ്വാസമാണ് ഇസ്‌ലാമിന്റെ ജീവന്‍; അതുതന്നെയാണ് അടിത്തറയും അടിവേരും. അതിന്നെതിരായ ഒരു വിശ്വാസവും ഇസ്‌ലാം അംഗീകരിക്കുന്നില്ല. ബഹുദൈവവിശ്വാസം ശാശ്വത നരകശിക്ഷക്ക് കാരണമാകുന്നതാണ്. ഒരാളുടെ വിശ്വാസം ശരിയല്ലെങ്കില്‍ അവനില്‍നിന്ന് ഒരു പ്രവര്‍ത്തനവും അല്ലാഹു സ്വീകരിക്കുകയില്ല. കര്‍മങ്ങളുടെ സ്വീകാര്യത യഥാര്‍ഥ വിശ്വാസത്തെ ആശ്രയിച്ചാണ്. അല്ലാഹു പറയുന്നു:

''തങ്ങളുടെ രക്ഷിതാവിനെ നിഷേധിച്ചവരെ, അവരുടെ കര്‍മങ്ങളെ ഉപമിക്കാവുന്നത് കൊടുങ്കാറ്റുള്ള ഒരു ദിവസം കനത്ത കാറ്റടിച്ചു പാറിപ്പോയ വെണ്ണീറിനോടാകുന്നു. അവര്‍ പ്രവര്‍ത്തിച്ചുണ്ടാക്കിയതില്‍നിന്ന് യാതൊന്നും അനുഭവിക്കാന്‍ അവര്‍ക്ക് സാധിക്കുന്നതല്ല. അതുതന്നെയാണ് വിദൂരമായ മാര്‍ഗഭ്രംശം'' (ക്വുര്‍ആന്‍ 14:18).

വിശ്വാസം (ഈമാന്‍) എന്നത് മനസ്സുകൊണ്ട്  വിശ്വസിക്കലും നാവുകൊണ്ട് പ്രഖ്യാപിക്കലും അവയവങ്ങള്‍ കൊണ്ട് പ്രവര്‍ത്തിക്കലുമാണല്ലോ. ഇവ പുണ്യങ്ങള്‍ ചെയ്യുന്നതിനനുസൃതമായി വിശ്വാസം വര്‍ധിക്കുകയും പാപം ചെയ്യുന്നത് വര്‍ധിക്കുകയാണെങ്കില്‍ ഈമാന്‍ കുറയുകയും ചെയ്യും.

ഇഹലോകത്ത് സത്യനിഷേധികള്‍ ചെയ്യുന്ന ദാനധര്‍മങ്ങള്‍, പൊതുപ്രവര്‍ത്തനങ്ങള്‍, മറ്റു നല്ലകാര്യങ്ങള്‍, നല്ല സ്വഭാവം തുടങ്ങിയ ഒന്നുകൊണ്ടും പരലോകത്ത് ഒന്നും നേടിയെടുക്കാന്‍ അവര്‍ക്ക് സാധ്യമല്ല. കനത്ത കാറ്റടിച്ചാല്‍ വെണ്ണീര്‍ പാറിപ്പോകുന്ന പോലെ അവരുടെ കര്‍മങ്ങള്‍ ഫലശൂന്യമായിത്തീരും. മറ്റൊരു വചനത്തില്‍ അല്ലാഹു പറയുന്നു:

''സത്യനിഷേധികള്‍ നരകത്തിനുമുമ്പില്‍ പ്രദര്‍ശിപ്പിക്കപ്പെടുന്ന ദിവസം (അവരോട് പറയപ്പെടും:) ഐഹികജീവിതത്തില്‍ നിങ്ങളുടെ നല്ല വസ്തുക്കളെല്ലാം നിങ്ങള്‍ പാഴാക്കിക്കളയുകയും നിങ്ങള്‍ അവകൊണ്ട് സുഖമനുഭവിക്കുകയും ചെയ്തു. അതിനാല്‍ ന്യായം കൂടാതെ നിങ്ങള്‍ ഭൂമിയില്‍ അഹംഭാവം നടിച്ചിരുന്നതിന്റെ ഫലമായും നിങ്ങള്‍ ധിക്കാരം കാണിച്ചിരുന്നതിന്റെ ഫലമായും ഇന്നു നിങ്ങള്‍ക്ക് അപമാനകരമായ ശിക്ഷ പ്രതിഫലമായി നല്‍കപ്പെടുന്നു'' (ക്വുര്‍ആന്‍ 46:20).

''അവര്‍ പ്രവര്‍ത്തിച്ച കര്‍മങ്ങളുടെ നേരെ നാം തിരിയുകയും നാമതിനെ ചിതറിയ ധൂളിപോലെ ആക്കിത്തീര്‍ക്കുകയും ചെയ്യും'' (ക്വുര്‍ആന്‍ 25:23).

അല്ലാഹുവിലും പരലോകത്തിലും വിശ്വാസമില്ലാത്തവര്‍ക്ക് അഥവാ ശരിയായ വിശ്വാസം ഉള്‍കൊള്ളാത്തവര്‍ക്ക് അവരുടെ കര്‍മങ്ങള്‍കൊണ്ട് പരലോകത്ത് ഒരു നേട്ടവും ഉണ്ടാവില്ല. ഭൗതിക ജീവിതത്തിലെ പേരും പ്രശസ്തിയുമല്ലാതെ ഒന്നും അവര്‍ ആഗ്രഹിച്ചിരുന്നില്ല. കൊടുങ്കാറ്റില്‍ പെട്ട വെണ്ണീര്‍ ഒരു തരിമ്പുപോലും ബാക്കിയാവാതെ പാറിപ്പോകുന്ന പോലെ ഇവരുടെ കര്‍മങ്ങളും ധൂളികളായി മാറും.  ദുഷ്‌കര്‍മങ്ങള്‍ ആരു ചെയ്താലും അതിന് ശിക്ഷയുണ്ടായിരിക്കും; അതില്‍ വിശ്വാസിയെന്നോ അവിശ്വാസിയെന്നോ വേര്‍തിരിവില്ല. ഭൗതിക നേട്ടങ്ങള്‍ ലക്ഷ്യം വെച്ച് വിശ്വാസികള്‍ നന്മകള്‍ ചെയ്താലും അല്ലാഹുവിങ്കല്‍ അത് സ്വീകാര്യമല്ല. ഇതെല്ലാമാണ് ഈ ഉപമയിലൂടെ അല്ലാഹു പഠിപ്പിക്കുന്നത്. (അവസാനിച്ചില്ല)