വിട്ടുവീഴ്ചയും ധീരതയും

അബ്ദുല്‍ ജബ്ബാര്‍ മദീനി

2020 ജൂണ്‍ 06 1441 ശവ്വാല്‍ 14

(ഇസ്‌ലാം പഠിപ്പിക്കുന്ന ഉത്തമ സ്വഭാവങ്ങള്‍: 20)

ഔദാര്യം ചെയ്യലും കൊള്ളക്കൊടുക്കലുകളില്‍ ഇടപാടുകാര്‍ക്ക് കാര്യങ്ങള്‍ എളുപ്പമാക്കി കൊടുക്കലും വ്യാപാരം സുതാര്യമാക്കലും ആധിപത്യ മനഃസ്ഥിതി ഒഴിവാക്കലും വിട്ടുവീഴ്ചാ മനസ്സിന്റെ ലക്ഷണങ്ങളാണ്. അത്തരക്കാര്‍ക്കുവേണ്ടി ദുആചെയ്തു കൊണ്ട് തിരുനബി ﷺ  ഇപ്രകാരം പറഞ്ഞു:

''വില്‍പന നടത്തുകയായാലും വാങ്ങുകയായാലും തന്റെ അവകാശം വീട്ടുവാന്‍ ആവശ്യപ്പെടുകയായാലും വിട്ടുവീഴ്ചാ മനഃസ്ഥിതിയോടെ വര്‍ത്തിക്കുന്ന വ്യക്തിയോട് അല്ലാഹു കരുണകാണിക്കട്ടെ''(ബുഖാരി).

കടം കൊണ്ടവര്‍ ഞെരുക്കമനുഭവിക്കുന്നവരാണെങ്കില്‍ കടം കൊടുത്തവരോട് വിട്ടുവീഴ്ച ചെയ്യുവാനും ഇട നല്‍കുവാനും അല്ലാഹു–കല്‍പിച്ചു:

''ഇനി(കടം വാങ്ങിയവരില്‍) വല്ല ഞെരുക്കക്കാരനും ഉണ്ടായിരുന്നാല്‍ (അവന്ന്) ആശ്വാസമുണ്ടാകുന്നത് വരെ ഇടകൊടുക്കേണ്ടതാണ്. എന്നാല്‍ നിങ്ങള്‍ ദാനമായി (വിട്ടു) കൊടുക്കുന്നതാണ് നിങ്ങള്‍ക്ക് കൂടുതല്‍ ഉത്തമം; നിങ്ങള്‍ അറിവുള്ളവരാണെങ്കില്‍''(ക്വുര്‍ആന്‍ 02:280).

കടം കൊണ്ടവര്‍ക്ക് ഇടകൊടുക്കുകയും ഞെരുക്കമനുഭവിക്കുന്നവര്‍ക്ക് വിട്ടുവീഴ്ച ചെയ്യുകയും ചെയ്യുന്നവരുടെ മഹത്ത്വമറിയിക്കുന്ന ഏതാനും തിരുമൊഴികള്‍:

''അന്ത്യനാളിന്റെ പ്രയാസങ്ങളില്‍ നിന്ന് അല്ലാഹു രക്ഷപ്പെടുത്തലും അല്ലാഹുവിന്റെ അര്‍ശിന് താഴെ (അല്ലാഹു) തണലേകലും ആരെയെങ്കിലും സന്തോഷിപ്പിക്കുന്നുവെങ്കില്‍ അവന്‍ ഒരു ഞെരുക്കമനുഭവിക്കുന്ന(കടബാധ്യതയുള്ള)വന് ഇട കൊടുക്കട്ടെ''  (ത്വബ്‌റാനി. അല്‍ബാനി സ്വഹീഹുന്‍ ലിഗ്വയ്‌രിഹി എന്ന് വിശേഷിപ്പിച്ചു).

മുസ്‌ലിമിന്റെ റിപ്പോര്‍ട്ടില്‍ ഇപ്രകാരമുണ്ട്: ''അല്ലാഹു, ആരെയെങ്കിലും അന്ത്യനാളിന്റെ പ്രയാസങ്ങളില്‍നിന്ന് രക്ഷപ്പെടുത്തുന്നത് സന്തോഷിപ്പിക്കുന്നുവെങ്കില്‍ അവന്‍(കടം വാങ്ങിയ) ഞെരുക്കക്കാരന് ആശ്വാസം നല്‍കട്ടെ, അല്ലെങ്കില്‍ കടം വിട്ടുകൊടുക്കട്ടെ.''

''ആരെങ്കിലും കടക്കാരനായ ഞെരുക്കക്കാരന് ഇടകൊടുത്താല്‍, കടം പറഞ്ഞ അവധി എത്തുന്നതിന് മുമ്പുള്ള ഓരോ ദിനത്തിലും അയാള്‍ക്ക് സ്വദക്വയുണ്ട്. കടം വീട്ടേണ്ട സമയമായി എന്നിട്ടും ഇട കൊടുത്ത് സഹായിച്ചാല്‍ അയാള്‍ക്ക് ഓരോദിവസത്തിനും രണ്ടു ദിവസത്തിന്റെ സ്വദക്വയുണ്ട്'' (മുസ്തദ്‌റകു ഹാകിം. ഹദീഥിനെ അല്‍ബാനി സ്വഹീഹാക്കിയിട്ടുണ്ട്).

''ഒരു സത്യവിശ്വാസിയുടെ ദുന്‍യവിയായ പ്രയാസങ്ങളില്‍ ഒരു പ്രയാസത്തിന് ഒരാള്‍ ആശ്വാസം പകര്‍ന്നാല്‍ അയാളുടെ പരലോകത്തിലെ പ്രയാസങ്ങളില്‍ ഒരു പ്രയാസത്തിന് അല്ലാഹു അയാള്‍ക്ക് ആശ്വാസം നല്‍കുന്നതാണ്. ഞെരുക്കമനുഭവിക്കുന്ന ഒരു മുസ്‌ലിമിന്ന് ഒരാള്‍ എളുപ്പമാക്കിക്കൊടുത്താല്‍ അല്ലാഹു അയാള്‍ക്ക് ഇഹത്തിലും പരത്തിലും എളുപ്പമാക്കിക്കൊടുക്കുന്നതാണ്. ഒരു മുസ്‌ലിമിന്റെ (ന്യൂനത) ഒരാള്‍ മറച്ചുവെച്ചാല്‍, അല്ലാഹു അയാളുടെ ഇഹത്തിലെയും പരത്തിലെയും (ന്യൂനതകള്‍) മറക്കുന്നതാണ്. അല്ലാഹു ഒരു അടിമയുടെ സഹായിയാണ്; അയാള്‍ തന്റെ സഹോദരനെ സഹായിക്കുന്ന കാലത്തോളം''(മുസ്‌ലിം).

ജനങ്ങള്‍ക്ക് വിട്ടുവീഴ്ച ചെയ്തവരുടെ സ്ഥാനവും മഹത്ത്വവുമറിയിക്കുന്ന ചില സംഭവങ്ങള്‍ ഇപ്രകാരം നിവേദനം ചെയ്യപ്പെട്ടിട്ടുണ്ട്. അബൂഹുറയ്‌റ(റ)യില്‍നിന്ന് നിവേദനം. അല്ലാഹുവിന്റെ റസൂല്‍ പറഞ്ഞു:  ''ഒരാള്‍ ജനങ്ങള്‍ക്ക് കടം നല്‍കാറുണ്ടായിരുന്നു. അയാള്‍ തന്റെ ഭൃത്യനോട് പറയാറുണ്ടായിരുന്നു: നീ ഒരു ഞെരുക്കക്കാരനെ കണ്ടാല്‍ അയാള്‍ക്ക് കടം വിട്ടുകൊടുക്കുക. ഒരുവേള അല്ലാഹു നമുക്ക് വിട്ടുവീഴ്ച്ച നല്‍കിയേക്കാം. അങ്ങനെ അയാള്‍ (മരണത്തിലൂടെ) അല്ലാഹുവെ കണ്ടുമുട്ടി. അല്ലാഹു അയാള്‍ക്ക് വിട്ടുവീഴ്ചയും മാപ്പും നല്‍കി'' (ബുഖാരി, മുസ്‌ലിം).

അബൂഹുറയ്‌റ(റ) തന്നെ നിവേദനം ചെയ്യുന്ന മറ്റൊരു ഹദീഥില്‍ ഇപ്രകാരം ഒരു സംഭവമുണ്ട്:

''പുണ്യം ഒട്ടും ചെയ്തിട്ടില്ലാത്ത ഒരു വ്യക്തി; ജനങ്ങള്‍ക്ക് അയാള്‍ കടം നല്‍കാറുായിരുന്നു. അയാള്‍ തന്റെ ദൂതനോട് പറയും: നീ സാധ്യമായത് സ്വീകരിക്കുക. ശ്രമകരമായത് ഉപേക്ഷിക്കുകയും വിട്ടുവീഴ്ച ചെയ്യുകയും ചെയ്യുക. അല്ലാഹു ഒരുവേള നമുക്ക് വിട്ടുവീഴ്ച നല്‍കിയേക്കാം. അയാള്‍ മരണം വരിച്ചപ്പോള്‍ അല്ലാഹു അയാളോടു ചോദിച്ചു: 'നീ വല്ലപുണ്യവും ചെയ്തിട്ടുേണ്ടാ?' അയാള്‍ പറഞ്ഞു: 'ഇല്ല. പക്ഷേ, എനിക്കൊരു ഭൃത്യനുണ്ടായിരുന്നു. ഞാന്‍ ജനങ്ങള്‍ക്കു കടം നല്‍കാറുമുായിരുന്നു. കടം തിരിച്ചു സ്വീകരിക്കുവാന്‍ ഞാന്‍ ഭൃത്യനെ നിയോഗിച്ചാല്‍ ഞാന്‍ അവനോടു പറയും: 'നീ സാധ്യമായത് സ്വീകരിക്കുക. ശ്രമകരമായത് ഉപേക്ഷിക്കുകയും വിട്ടുവീഴ്ച ചെയ്യുകയും ചെയ്യുക. അല്ലാഹു ഒരു വേള നമുക്ക് വിട്ടുവീഴ്ച നല്‍കിയേക്കാം.' അല്ലാഹു പറഞ്ഞു: നിനക്കു ഞാന്‍ മാപ്പേകിയിരിക്കുന്നു''(ഹദീഥിനെ അല്‍ബാനി ഹസനുന്‍ സ്വഹീഹ് എന്നു വിശേഷിപ്പിച്ചു).

ധീരത

ആവശ്യമായി വരുമ്പോള്‍ പ്രതിസന്ധികള്‍ക്കും പ്രയാസങ്ങള്‍ക്കും നേരെയുള്ള മുന്നേറ്റവും ഭീതിജനകമായ സന്ദര്‍ഭങ്ങളിലുാകുന്ന മനോധൈര്യവും മരണത്തെ പ്രശ്‌നമാക്കാതിരിക്കലും ധീരതയാണ്. ഭയപ്പാടുള്ള വേളയില്‍ ധീരതയുള്ളവന്റെ ഹൃദയം സുദൃഢവും അചഞ്ചലിതവുമായിരിക്കും. ധീരനായി ജീവിക്കുവാനും ദൗര്‍ബല്യത്തെ വിഗണിക്കുവാനും തിരുകല്‍പനയുണ്ട്. അബൂഹുറയ്‌റ(റ)യില്‍നിന്ന് നിവേദനം. തിരുദൂതര്‍ ﷺ  പറഞ്ഞു: ''താങ്കള്‍ക്ക് ഉപകാരപ്പെടുന്നതില്‍ താങ്കള്‍ അമിത തല്‍പരത കാണിക്കുക. അല്ലാഹുവോട് സഹായാര്‍ഥന നടത്തുകയും ചെയ്യുക. ഒരിക്കലും ദുര്‍ബലനാകരുത്. താങ്കള്‍ക്ക് വല്ലതും ബാധിച്ചാല്‍ 'ഞാന്‍ ഇങ്ങനെ ചെയ്തിരുന്നുവെങ്കില്‍ ഇപ്രകാരമൊക്കെ ആകുമായിരുന്നു' എന്നു താങ്കള്‍ പറയരുത്. എന്നാല്‍ താങ്കള്‍,'അല്ലാഹു ക്വദ്‌റാക്കിയതാണ് (നിര്‍ണയിച്ചതാണ്); അവനുദ്ദേശിച്ചത് അവന്‍ പ്രവര്‍ത്തിച്ചു' എന്ന് പറയുക. കാരണം 'ലൗ' (എങ്കില്‍) എന്നത് പിശാചിന്റെ പ്രവര്‍ത്തനത്തിന് തുടക്കം കുറിക്കും'' (മുസ്‌ലിം).

സമാധാന സന്ദേശമായ ഇസ്‌ലാമില്‍ ശത്രുക്കളെ കണ്ടുമുട്ടി ഒരു പോരാട്ടം ആഗ്രഹിക്കുന്നതില്‍ വിലക്കുണ്ട്. എന്നാല്‍ ശത്രുവിനെ കണ്ടുമുട്ടിയാല്‍ ക്ഷമയവലംബിച്ച് അവനെ കൈകാര്യം ചെയ്യുവാന്‍ തിരുനബി ﷺ  കല്‍പിച്ചിട്ടുണ്ട്.

അടര്‍ക്കളത്തില്‍ ശത്രുവിനെ കണ്ടുമുട്ടി, ശത്രുവോട് മുഖാമുഖം നിലയുറപ്പിച്ചാല്‍ ഭീരുത്വം കയ്യൊഴിക്കുവാനും യുദ്ധം ചെയ്യുവാനും അല്ലാഹു കല്‍പിക്കുകയും പിന്തിരിഞ്ഞോടുന്നത് വിലക്കുകയും ചെയ്തു.

''സത്യവിശ്വാസികളേ, സത്യനിഷേധികള്‍ പടനയിച്ചെത്തി നിങ്ങളുമായി ഏറ്റുമുട്ടിയാല്‍ നിങ്ങള്‍ അവരില്‍നിന്ന് പിന്തിരിഞ്ഞ് ഓടരുത്'' (ക്വുര്‍ആന്‍ 8:15).

ജനങ്ങളില്‍ വെച്ച് ഏറ്റവും ധീരനായിരുന്നു നബി ﷺ . അലിയ്യ്(റ) പറയുകയാണ്: ''ഞങ്ങള്‍ ബദ്ര്‍ യുദ്ധദിനം തിരുദൂതരെ മറയാക്കുമായിരുന്നു. തിരുദതരായിരുന്നു ശത്രുവോട് ഏറ്റവും അടുത്ത് നിലയുറപ്പിച്ചിരുന്നത്. അന്നാളില്‍ ഏറ്റവും ശക്തമായി യുദ്ധം ചെയ്തത് തിരുമേനി ﷺ യായിരുന്നു'' (മുസ്‌നദു അഹ്മദ്. അര്‍നാഊത്വ് സ്വഹീഹെന്നു വിശേഷിപ്പിച്ചു).

ബര്‍റാഅ് ഇബ്‌നു ആസിബി(റ)നോട് ഒരാള്‍ ചോദിച്ചു: 'അബാഉമാറാ, ഹുനെയ്ന്‍ യുദ്ധദിനം നിങ്ങള്‍ അടര്‍ക്കളം വിട്ട് ഓടിയിരുന്നുവോ?' അദ്ദേഹം പറഞ്ഞു: 'അല്ലാഹുവാണേ, ഇല്ല. അല്ലാഹുവിന്റെ തിരുദൂതര്‍ പിന്തിരിഞ്ഞ് ഓടിയിട്ടില്ല. എന്നാല്‍ തിരുമേനി ﷺ യുടെ അനുചരന്മാരില്‍ ആയുധങ്ങളോ മറ്റു വിഭവങ്ങളോ ഇല്ലാത്ത ചില യുവാക്കളും നിര്‍ധനന്മാരുമാണ് അടര്‍ക്കളം വിട്ടത്; അവര്‍ക്കാകട്ടെ ആയുധങ്ങള്‍ അല്ലെങ്കില്‍ കൂടുതല്‍ ആയുധങ്ങളില്ലായിരുന്നു...'(മുസ്‌ലിം).

അനസ്(റ) പറയുന്നു: ''നബി ﷺ  ജനങ്ങളില്‍ ഏറ്റവും സുന്ദരനും ഔദാര്യവാനും ധീരനുമായിരുന്നു. ഒരുദിനം രാത്രി മദീനാവാസികള്‍ ഒരു ശബ്ദംകേട്ട് ഭീതിയില്‍ അകപ്പെട്ടു. ശബ്ദത്തിനു നേരെ ജനങ്ങള്‍ ചെന്നു. അപ്പോള്‍ ജനങ്ങളെ തിരുനബി ﷺ  സ്വീകരിക്കുകയുായി. ജനങ്ങളെ മുന്‍കടന്ന് ആ ശബ്ദത്തിനടുത്ത് തിരുമേനി എത്തിയിരുന്നു. 'നിങ്ങള്‍ ഭയക്കേണ്ട. നിങ്ങള്‍ ഭയക്കേണ്ട' എന്ന് തിരുമേനി പറഞ്ഞുകൊണ്ടിരുന്നു''(ബുഖാരി).

ഭീരുത്വം വിശ്വാസിയുടെ ശത്രുവാണ്. ഭീരുത്വത്തെ തൊട്ട് നബി ﷺ  അല്ലാഹുവില്‍ അഭയം തേടിയിരുന്നു. നബിക്ക് സേവകനായിരുന്നു അനസ്. തിരുദൂതരോടൊത്തുള്ള ജീവിതനാളുകളില്‍ അവിടുന്ന് കൂടുതല്‍ ദുആ ചെയ്തിരുന്നത് കേട്ടതായി അനസ്(റ) പറയുന്നു:

''അല്ലാഹുവേ, മനോവ്യഥയില്‍ നിന്നും ദുഃഖത്തില്‍ നിന്നും അശക്തതയില്‍നിന്നും അലസതയില്‍ നിന്നും ഭീരുത്വത്തില്‍നിന്നും പിശുക്കില്‍നിന്നും കടഭാരത്തില്‍നിന്നും ആളുകളുടെ മേല്‍കോയ്മയില്‍ നിന്നും ഞാന്‍ നിന്നില്‍ അഭയം തേടുന്നു.''

സെയ്ദ് ഇബ്‌നു അര്‍ക്വമി(റ)ല്‍നിന്നു നിവേദനം; തിരുനബി ﷺ  ഇപ്രകാരം ദുആ ചെയ്യുമായിരുന്നു: ''അല്ലാഹുവേ, അശക്തതയില്‍നിന്നും അലസതയില്‍നിന്നും ഭീരുത്വത്തില്‍നിന്നും പിശുക്കില്‍നിന്നും വാര്‍ധക്യത്തില്‍നിന്നും ക്വബ്‌റിലെ ശിക്ഷയില്‍നിന്നും ഞാന്‍ നിന്നില്‍ അഭയം തേടുന്നു. അല്ലാഹുവേ, എന്റെ ശരീരത്തിന് അതിന്റെ ഭക്തി നീ നല്‍കേണമേ. നീ അതിനെ സംസ്‌കരിക്കേണമേ. നീ അതിനെ സംസ്‌കരിക്കുന്ന ഏറ്റവും ഉത്തമനാണല്ലോ. നീ അതിന്റെ വലിയ്യും മൗലയുമാണല്ലോ. അല്ലാഹുവേ, ഉപകാരപ്പെടാത്ത അറിവില്‍നിന്നും ഭയപ്പെടാത്ത ഹൃദയത്തില്‍നിന്നും (വിശപ്പുമാറി)നിറയാത്ത ശരീരത്തില്‍ നിന്നും ഉത്തരം നല്‍കപ്പെടാത്ത ദുആഇല്‍നിന്നും ഞാന്‍ നിന്നില്‍ അഭയം തേടുന്നു'' (മുസ്‌ലിം).

ഇതുപോലെ ഭീരുത്വത്തില്‍ നിന്നുള്ള രക്ഷക്കായി തിരുദൂതര്‍ ﷺ  പതിവാക്കിയിരുന്ന വേറെയും ദുആഉകള്‍ കാണുവാന്‍ സാധിക്കും. ഖലീഫ അബൂബക്കറി(റ)ന്റ ധീരത പ്രസിദ്ധമാണ്. തിരുദൂതരുടെ ജീവിതകാലത്തും തിരുവിയോഗത്തിനു ശേഷം അദ്ദേഹം ഖിലാഫത്ത് ഏറ്റെടുത്ത നാളുകളിലും അദ്ദേഹമെടുത്ത ധീരമായ നിലപാടുകള്‍ ധാരാളമാണ്. മുഹമ്മദ് ഇബ്‌നു അക്വീല്‍(റ) പറയുന്നു. ഒരിക്കല്‍ അലിയ്യ്(റ) പ്രസംഗിച്ചു:

 'ജനങ്ങളേ, ആളുകളില്‍ ആരാണ് ധീരനെന്ന് നിങ്ങള്‍ എന്നോട് പറഞ്ഞാലും.' അവര്‍ പറഞ്ഞു: 'അമീറുല്‍ മുഅ്മിനീന്‍, ഞങ്ങളുടെ ഭാഷ്യത്തില്‍ അത് താങ്കളാണ്.' അദ്ദേഹം പറഞ്ഞു: 'ഞാന്‍ ആരോടും ദ്വന്ദയുദ്ധം നടത്തിയിട്ടില്ല; ഞാന്‍ അവനോട് പ്രതികാരം ചെയ്യാതെ. എന്നാലും ജനങ്ങളില്‍ ആരാണ് ധീരന്‍ എന്ന് നിങ്ങള്‍ എന്നോട് പറഞ്ഞാലും.' അവര്‍ പറഞ്ഞു: 'ഞങ്ങള്‍ക്കറിയില്ല. ആരാണ്?' അദ്ദേഹം പറഞ്ഞു: 'അബൂബക്കറാണ്. ബദ്ര്‍ യുദ്ധദിനം ഞങ്ങള്‍ അല്ലാഹുവിന്റെ തിരുദൂതന് ഒരു പന്തലുണ്ടാക്കി. ഞങ്ങള്‍ ചോദിച്ചു: മുശ്‌രിക്കുകളില്‍ ഒരാളും അടുക്കാത്ത വിധം ആരാണ് തിരുനബിയോടൊപ്പം നിലയുറപ്പിക്കുക? അല്ലാഹുവാണേ ഞങ്ങളില്‍ ഒരാളും അടുത്തുവന്നില്ല. എന്നാല്‍ അബൂബക്കര്‍ ഉയര്‍ത്തിപ്പിടിച്ച വാളുമായി തിരുദൂതരുടെ തലക്കരികില്‍ നിലയുറപ്പിച്ചു. തിരുമേനിയുടെ നേരെ ഒരാളും അടുത്തിട്ടില്ല; അബൂബക്കര്‍ അവന്റെമേല്‍ ചാടി വീഴാതെ. അബൂബക്കറാണ് ആളുകളില്‍ ഏറ്റവും ധീരന്‍...' (മുസ്‌നദുല്‍ബസ്സാര്‍. ഫദ്വാഇലുല്‍ ഖുലഫാഅ്, അബൂനുഐം).