പ്രതിസന്ധിയില്‍ ഉലയുന്ന പ്രവാസികള്‍

നബീല്‍ പയ്യോളി

2020 മെയ് 02 1441 റമദാന്‍ 09

ഈ നൂറ്റാണ്ടിലെ ഏറ്റവും വലിയ മഹാമാരി ലോകത്തെ ആകെ മാറ്റിമറിച്ചിരിക്കുന്നു. ലോകം കൊറോണയുടെ മുമ്പും ശേഷവും എന്ന് ചരിത്രം രേഖപ്പെടുത്താം. അത്രവലിയ പ്രതിസന്ധിയാണ് ഇന്ന് അനുഭവിച്ചുകൊണ്ടിരിക്കുന്നത്. പുരോഗതിയുടെ എല്ലാ അളവുകോലുകളും പരിഗണിച്ചാലും ഏറ്റവും മുന്‍പന്തിയില്‍ നില്‍ക്കുന്ന അമേരിക്കയിലും യൂറോപ്യന്‍ രാജ്യങ്ങളിലുമാണ് കോവിഡ് മരണങ്ങള്‍ ഏറ്റവും കൂടുതല്‍! കോവിഡ് ഭീഷണിയെ അവഗണിച്ചതോ ഭരണകൂടനിസ്സംഗതയോ ആവാം പതിനായിരങ്ങളുടെ ജീവന്‍ കവരാവുന്ന വിധം ഭീതിതമായ സാഹചര്യത്തിലേക്ക് കാര്യങ്ങള്‍ എത്തിച്ചത്. ജനങ്ങളുടെ പ്രശ്നങ്ങളെക്കാള്‍ രാജ്യസുരക്ഷയും അതിര്‍ത്തികള്‍ വികസിപ്പിക്കലും യുദ്ധക്കൊതിയും ആണ് ഭരണകൂടങ്ങള്‍ക്ക് പ്രധാനം എന്നുകൂടി ചേര്‍ത്ത് വായിക്കേണ്ടിവരും ഈ ദുരവസ്ഥയുടെ കാരണങ്ങള്‍ക്ക് മറുപടി ലഭിക്കണമെങ്കില്‍.

ചൈനയില്‍ നിന്ന് തുടങ്ങിയ വൈറസ് വ്യാപനം ലോകത്തെ ഏതാണ്ട് എല്ലാ രാജ്യങ്ങളിലും എത്തിക്കഴിഞ്ഞു. ചൈന വിവരങ്ങള്‍ മറച്ചുവച്ചു എന്ന ആരോപണം ശക്തമാണ്. അമേരിക്കയും യൂറോപ്പും വേണ്ടത്ര ജാഗ്രത പുലര്‍ത്തിയില്ലെന്ന ആക്ഷേപവും ഉയര്‍ന്നുകേള്‍ക്കുന്നു. ലോകാരോഗ്യ സംഘടന അടക്കം മനുഷ്യജീവനുകള്‍ക്ക് വിലകല്‍പിക്കേണ്ടവര്‍ കുറ്റകരമായ അനാസ്ഥ കാണിച്ചോ എന്ന സംശയത്തിലേക്കാണ് വിവാദങ്ങള്‍ ചെന്നെത്തി നില്‍ക്കുന്നത്. തങ്ങളെ വിശ്വസിച്ച്, അല്ലെങ്കില്‍ തങ്ങളില്‍ പ്രതീക്ഷയര്‍പ്പിച്ച് ജീവിക്കുന്ന ജനതയോട് ഭരണകൂടത്തിനും ഉന്നതസ്ഥാനീയര്‍ക്കും ഉണ്ടാവേണ്ട ബാധ്യതയും ഉത്തരവാദിത്ത ബോധവും അത്രമേല്‍ പരിഗണിക്കപ്പെട്ടിട്ടില്ലെന്ന് കൊറോണ കാലം നമ്മോട് വിളിച്ചു പറയുന്നുണ്ട്. ദിവസവും നൂറുകണക്കിന് ചേതനയറ്റ മനുഷ്യശരീരങ്ങള്‍ സമ്മാനിക്കുന്ന ഈ മഹാമാരിയെ ഫലപ്രദമായി നേരിടുന്നതിന് പകരം വിവാദങ്ങള്‍ക്ക് തിരികൊളുത്താനും സ്വാര്‍ഥ താല്‍പര്യങ്ങള്‍ സംരക്ഷിക്കാനുമാണ് ലോകനേതാക്കളില്‍ പലരും ശ്രമിക്കുന്നതെന്ന് ആരെങ്കിലും ആക്ഷേപിച്ചാല്‍ അവരെ കുറ്റപ്പെടുത്താന്‍ സാധ്യമല്ല.

കൊറോണ ബാധിച്ച് ഇതിനകം നിരവധി ഇന്ത്യക്കാരാണ് വിദേശ രാജ്യങ്ങളില്‍ മരണമടഞ്ഞത്. 1.64 കോടി ഇന്ത്യക്കാരാണ് പ്രവാസജീവിതം നയിക്കുന്നത് എന്നാണ് കേന്ദ്ര സര്‍ക്കാരിന്റെ കണക്കുകള്‍ സൂചിപ്പിക്കുന്നത്. 2017 ലെ കേരള സര്‍ക്കാരിന്റെ സാമ്പത്തിക അവലോകന റിപ്പോര്‍ട്ട് പ്രകാരം ഏറ്റവും കൂടുതല്‍ വിദേശ മലയാളികള്‍ ജോലിയിലേര്‍പ്പെട്ടിരിക്കുന്നതായി രേഖപ്പെടുത്തിയിട്ടുള്ളത് യു.എ.ഇയിലാണ്; 37.5 ശതമാനം. 21.8 ശതമാനം രേഖപ്പെടുത്തിയ സൗദി അറേബ്യയാണ് രണ്ടാം സ്ഥാനത്ത്. ഇന്ന് പ്രവാസികളില്‍ ഏകദേശം 89 ശതമാനവും ഗള്‍ഫ് രാജ്യങ്ങളിലാണ് ജീവിക്കുന്നത്. ജില്ല തിരിച്ചുള്ള കണക്കനുസരിച്ച് ഇന്ത്യയ്ക്ക് പുറത്ത് താമസിച്ചിട്ടുള്ള വിദേശ മലയാളികളുടെ എണ്ണത്തില്‍ മലപ്പുറത്തിനാണ് ഒന്നാം സ്ഥാനം (7.56 ലക്ഷം). രണ്ടാം സ്ഥാനത്ത് തിരുവനന്തപുരവും (4.61 ലക്ഷം), മൂന്നാം സ്ഥാനത്ത് കണ്ണൂരും (4 ലക്ഷം) ആണുള്ളത്. നോര്‍ക്കയുടെ ഏറ്റവും പുതിയ കണക്ക് പ്രകാരം 40 ലക്ഷം മലയാളികള്‍ ലോകത്തിന്റെ വിവിധ ഭാഗങ്ങളില്‍ ജീവിക്കുന്നുണ്ട്.

പ്രവാസം എന്നത് പ്രയാസങ്ങളുടെ പറുദീസായാണ്. ജനിച്ച നാടും വളര്‍ന്ന മണ്ണും വിട്ട് അന്നം തേടി ലോകത്തിന്റെ വിവിധ കോണുകളില്‍ കഴിയുന്നവരാണ് അവര്‍. എത്രയെത്ര സൗകര്യങ്ങള്‍ ഉണ്ടായാലും ഒരു അന്യതാ ബോധം എന്നും പ്രവാസിയെ അലട്ടിക്കൊണ്ടിരിക്കും. സ്വന്തം നാട്ടില്‍ സ്വന്തം വീട്ടില്‍ ഇരിക്കുമ്പോള്‍ ലഭിക്കുന്ന ആശ്വാസവും മാനസിക സംതൃപ്തിയും ഒരിക്കലും അന്യരാജ്യത്തെ ആഡംബര ഹോട്ടലില്‍ പോലും ലഭിക്കുകയില്ലെങ്കില്‍ ഒരു സാധാരണ പ്രവാസിയുടെ കാര്യം പറയേണ്ടതില്ലല്ലോ.

മലയാളികളുടെ സാന്നിധ്യം ഇല്ലാത്ത ഇടം ലോകത്തില്ലെന്ന് പറഞ്ഞാല്‍ അതൊരു അതിശയോക്തി അല്ല. അത്രമേല്‍ പ്രവാസത്തെ വാരിപ്പുണര്‍ന്നവരാണ് മലയാളികള്‍. മനുഷ്യരുള്ളിടത്തെല്ലാം മലയാളിയുണ്ട് എന്ന് പറയുന്നത് അധികപ്പറ്റാവില്ല. 1960കളിലാണ് മലയാളിയുടെ പ്രവാസം ആരംഭിക്കുന്നത്. എണ്ണ വിപ്ലവം തുറന്ന തൊഴില്‍ സാധ്യതകള്‍ തേടിയാണ് മണലാരണ്യം ലക്ഷ്യമാക്കി മലയാളികള്‍ പറന്നത്.

2018ല്‍ ലോക ബാങ്ക് പ്രസിദ്ധീകരിച്ച കണക്കനുസരിച്ച് പ്രവാസികള്‍ അവരുടെ രാജ്യത്തേക്ക് പണം അയക്കുന്നതില്‍ ഒന്നാം സ്ഥാനം ഇന്ത്യയ്ക്കാണ്; 68.96 ബില്യന്‍ ഡോളര്‍ അഥവാ 4.48 ലക്ഷം കോടി രൂപയാണ് പ്രവാസികള്‍ ഇന്ത്യയിലേക്ക് 2018ല്‍ അയച്ചത്. 63.86 ബില്യന്‍ ഡോളറുമായി ചൈനയാണ് രണ്ടാമത്. കേരളത്തിലേക്ക് പ്രതിവര്‍ഷം 60,000 കോടിയിലധികം രൂപയാണ് പ്രവാസികള്‍ അയക്കുന്നത്. നമ്മുടെ സമ്പദ്വ്യവസ്ഥയുടെ അവിഭാജ്യ ഘടകമാണ് പ്രവാസികള്‍ എന്നാണ് ഈ കണക്കുകള്‍ ബോധ്യപ്പെടുത്തുന്നത്.

മെച്ചപ്പെട്ട ജീവിത സാഹചര്യങ്ങള്‍ തേടി പോയവര്‍ എന്നും അന്നം തേടി പോയവര്‍ എന്നും പ്രവാസികളെ രണ്ടായി തിരിക്കാം. ലോകത്തെ ഒട്ടുമിക്ക രാജ്യങ്ങളിലും വരുമാന നികുതി നിലവിലുണ്ട്. നിര്‍ബന്ധിത ഇന്‍ഷുറന്‍സുകളും മറ്റും വേറെയും. അതുകൊണ്ട് തന്നെ തങ്ങളുടെ ശമ്പളത്തിന്റെ ഒരു ഭാഗം കഴിച്ചു ബാക്കിയുള്ളത് മാത്രമെ അത്തരം രാജ്യങ്ങളില്‍ ജോലി ചെയ്യുന്നവര്‍ക്ക് ലഭിക്കുകയുള്ളൂ. അമേരിക്കന്‍, യൂറോപ്യന്‍ രാജ്യങ്ങളില്‍ ഭൂരിപക്ഷം പ്രവാസികളും കുടുംബസമേതം ആണ് താമസിക്കുന്നത്. ജീവിത ചെലവുകള്‍ ഈ രാജ്യങ്ങളില്‍ താരതമ്യേന കൂടുതലാണ്. മക്കളുടെ പഠനം, വീട്, വാഹനം, ചികിത്സ തുടങ്ങിയ കാര്യങ്ങള്‍ക്ക് വരുമാനത്തിന്റെ വലിയ പങ്കുതന്നെ നീക്കി വെക്കേണ്ടതിനാല്‍ അവര്‍ നാട്ടിലേക്ക് പണം അയക്കുന്നത് വളരെ കുറവാണ്.

എന്നാല്‍ മിഡിലീസ്റ്റില്‍ ഉള്ള പ്രവാസികളുടെ കാര്യം തികച്ചും വ്യത്യസ്തമാണ്. അവര്‍ ഭൂരിപക്ഷവും അന്നം തേടി പോയവര്‍ തന്നെയാണ് എന്ന് നമുക്ക് പറയാന്‍ സാധിക്കും. മറ്റു രാജ്യങ്ങളിലും അങ്ങനെയുളവര്‍ ഉണ്ടാവാം. എന്നാല്‍ അത് തുലോം തുച്ഛമാണ്. ഗള്‍ഫ് മേഖലയില്‍ ജോലി ചെയ്യുന്ന മലയാളികള്‍ ഭൂരിപക്ഷവും ഒറ്റക്ക് താമസിക്കുന്നവരാണ്. നാടും കുടുംബവും വിട്ട് ജീവിതവിഭവങ്ങള്‍ തേടി വന്നവര്‍ എന്നാണ് അവരെ നമുക്ക് വിശേഷിപ്പിക്കാനാവുക. കാസര്‍കോട് മുതല്‍ തിരുവനന്തപുരം വെരയുള്ള പ്രദേശങ്ങളില്‍ നിന്ന് ഗള്‍ഫ് മേഖലയില്‍ ഉള്ള പ്രവാസികളെ എടുത്ത് പരിശോധിച്ചാല്‍ ബഹുഭൂരിപക്ഷം എങ്ങനെയുളവരാണ് എന്ന് വ്യക്തമാകും. അഞ്ചോ പത്തോ ആളുകള്‍ ഒരു റൂമില്‍ താമസിക്കുന്ന രീതിയാണ് പൊതുവില്‍ കാണുക. ലേബര്‍ ക്യാമ്പുകളില്‍ ആണെങ്കില്‍ നൂറുകണക്കിന് ആളുകള്‍ തകര ഷീറ്റ് മേഞ്ഞ റൂമുകള്‍ ഉള്ള ഒരു കോമ്പൗണ്ടില്‍ തമാസിക്കുന്നവരാണ്. യു.എ.ഇ പോലുള്ള ജീവിതച്ചെലവേറിയ രാജ്യങ്ങളില്‍ ഒറ്റക്കുള്ള പ്രവാസ ജീവിതം വലിയ പ്രയാസം തന്നെയാണ്.

മറ്റൊരു പ്രധാന കാര്യം, മിഡിലീസ്റ്റില്‍ വരുമാന നികുതി ഇല്ല എന്നുള്ളത് തന്നെയാണ്. ഓരോ തൊഴിലാളിക്കും തങ്ങളുടെ ശമ്പളം അല്ലെങ്കില്‍ കൂലി പൂര്‍ണമായും തന്നെ ലഭിക്കും. ആ മാസത്തെ ഭക്ഷണത്തിനും അത്യാവശ്യ ചെലവുകള്‍ക്കും ഉള്ള പണം എടുത്ത് ബാക്കി മുഴുവന്‍ നാട്ടിലേക്ക് അയക്കുന്നവരാണ് ഗള്‍ഫ് മേഖലയില്‍ ജോലി ചെയ്യുന്ന ഭൂരിഭാഗം പ്രവാസികളും. ഓരോ മലയാളി പ്രവാസിയും തന്റെ വരുമാനത്തിന്റെ ഏകദേശം 75 ശതമാനവും വിനിയോഗിക്കുന്നത് കേരളത്തില്‍ ആണ് എന്നര്‍ഥം. അതുകൊണ്ടാണ് മറ്റു രാജ്യങ്ങളില്‍ നിന്ന് വ്യത്യസ്തമായി ഗള്‍ഫ് മലയാളികള്‍ക്ക് നാടുമായി വൈകാരിക ബന്ധം കൂടുതലുള്ളത്. അതിനപ്പുറം അവരുടെ വിയര്‍പ്പും ചോരയുമാണ് നമ്മുടെ നാടിന്റെ എല്ലാ നന്മകളും. ഗള്‍ഫ് പണമാണ് കേരളത്തില്‍ ഉണ്ടായ വികസങ്ങളുടെ നട്ടെല്ല് എന്ന് നമുക്ക് തീര്‍ച്ചയായും പറയാന്‍ സാധിക്കും.

കൊറോണ തീര്‍ത്ത പ്രതിസന്ധിയുടെ പശ്ചാത്തലത്തില്‍ ഏറെ ക്രൂശിക്കപ്പെട്ടവരാണ് പ്രവാസികള്‍. അവരാണ് നാട്ടിലേക്ക് കൊറോണ കൊണ്ടുവന്നത് എന്ന രീതിയിലാണ് തുടക്കത്തില്‍ പ്രചാരണങ്ങള്‍ ഉണ്ടായത്. അത് പ്രവാസികളെ വല്ലാതെ വേദനിപ്പിക്കുകയും ചെയ്തു. വൈകിയെങ്കിലും ആ പ്രചാരണം അവസാനിപ്പിക്കാനും യാഥാര്‍ഥ്യം തിരിച്ചറിയാനും മലയാളികള്‍ക്ക് സാധിച്ചു എന്നതില്‍ സന്തോഷിക്കാം.

മുമ്പൊരിക്കല്‍ യു.എ.ഇ സന്ദര്‍ശനം നടത്തിയപ്പോള്‍ കണ്ട കാഴ്ചകള്‍ മനസ്സില്‍ മായാതെ കിടക്കുന്നു. വിവാഹം കഴിഞ്ഞ് ഏതാനും മാസങ്ങള്‍ മാത്രം ആയ ഒരു ചെറുപ്പക്കാരനെ സന്ദര്‍ശിക്കാന്‍ പോയി. അദ്ദേഹത്തിന്റെ താമസസ്ഥലത്ത് എത്തിയപ്പോള്‍ കലശലായ മൂത്രശങ്ക. റൂമിലേക്ക് വരാം എന്ന് പറഞ്ഞപ്പോള്‍ വേണ്ട ഞങ്ങള്‍ താഴേക്ക് ഇറങ്ങി വരാം എന്ന് അവന്‍ പറയുന്നുണ്ടായിരുന്നു. എന്നാലും ഞങ്ങള്‍ അങ്ങോട്ട് പോയി. അഞ്ചാം നിലയില്‍ ലിഫ്റ്റ് ഇറങ്ങി; അവന്‍ അകത്തേക്ക് ക്ഷണിച്ചു. ഒറ്റമുറി, ഒരു ടോയ്ലറ്റ്. ആ മുറിയുടെ സൈഡിലായി പാചകം ചെയ്യാന്‍ ഒരിടം. റുമിന്റെ ഒരുഭാഗത്ത് ഒരു കട്ടില്‍ പിന്നെ അവരുടെ സാധനങ്ങള്‍. അങ്ങനെ നിന്ന് തിരിയാന്‍ ഇടമില്ലാത്ത ഒറ്റമുറിയാണ് അവരുടെ വാസസ്ഥലം. അല്‍പം ഭേദപ്പെട്ട അവസ്ഥയിലുള്ള ഒരു എഞ്ചിനീയറുടെ ഫ്ളാറ്റില്‍ പോയപ്പോള്‍ കണ്ടത് ഒരു കിടപ്പ് മുറി, പിന്നെ ഒരു ഹാള്‍, കിച്ചന്‍, ബാത്ത്റൂം... ഇതാണ് കുടുബസമേതം താമസിക്കുന്ന മിക്ക പ്രവാസികളുടെയും സൗകര്യങ്ങള്‍. ബാച്ചിലേഴ്‌സ് ഒരുമിച്ച് താമസിക്കുന്ന ഇടങ്ങളിലാണെങ്കില്‍ ഒരു ചെറിയ റൂമില്‍ രണ്ട് തട്ടുള്ള നാലോ അഞ്ചോ കട്ടിലുകള്‍. ഇവയ്ക്കിടയില്‍ ഒരു ചെറിയ സ്ഥലം മാത്രമെ ആ റൂമുകളില്‍ കാലിയായി കാണുകയുള്ളൂ. മിക്കവാറും ഒരു ബാത്ത്റൂം മാത്രം. ഭക്ഷണം പാചകം ചെയ്യാന്‍ ചെറിയ ഒരു ഇടം. എല്ലാറ്റിനും ഊഴം കാത്ത് നില്‍ക്കണം. നിശ്ചയിച്ച സമയത്തിനുള്ളില്‍ കാര്യങ്ങള്‍ ചെയ്ത് തീര്‍ത്തില്ലെങ്കില്‍ എല്ലാവര്‍ക്കും പ്രയാസം! പലര്‍ക്കും പല പ്രവൃത്തി സമയം ആയിരിക്കും. റൂമില്‍ ഉറങ്ങുന്നവരെ ശല്യപ്പെടുത്താതെ കാര്യങ്ങള്‍ ചെയ്യണം. റൂമിന് അത്യാവശ്യം നല്ല വാടകയുണ്ടാകും. വൈദ്യുതി, വെള്ളം എന്നിവയ്ക്ക് പണം വേറെയും വേണം. അങ്ങനെ വരിഞ്ഞു മുറുകിയ നിരവധി പ്രതിബന്ധങ്ങള്‍ക്കുള്ളില്‍ നിന്നുകൊണ്ടാണ് ഓരോ പ്രവാസിയും തങ്ങളുടെ ജീവിതം മുന്നോട്ട് നയിക്കുന്നത്. ജീവിതത്തില്‍ ഏറ്റവും കൂടുതല്‍ കാലം അവര്‍ താമസിക്കുന്നത് ഈ ഇടുങ്ങിയ ഇടങ്ങളില്‍ ആണല്ലോ എന്നോര്‍ക്കുമ്പോള്‍ വേദനതോന്നും.

ഈ പശ്ചാത്തലത്തിലാണ് ഗള്‍ഫ് പ്രവാസികള്‍ കോവിഡ് കാലത്ത് അനുഭവിക്കുന്ന പ്രതിസന്ധികളെ നാം കാണേണ്ടത്. ലക്ഷക്കണക്കിന് മലയാളികള്‍ തിങ്ങിത്താമസിക്കുന്ന യു.എ. ഇയില്‍ ഉള്ളവരാണ് ഏറ്റവും പ്രയാസപ്പെടുന്നത്. അവിടുത്തെ ഭരണകൂടങ്ങള്‍ സ്വദേശി, വിദേശി വ്യത്യാസമില്ലാതെ മുഴുവന്‍ ആളുകള്‍ക്കും ആവശ്യമായ സൗകര്യങ്ങള്‍ ഒരുക്കുന്നതില്‍ ജാഗ്രത കാണിക്കുന്നുണ്ട്. മലയാളികള്‍ അടക്കമുള്ള സാമൂഹിക പ്രവര്‍ത്തകരുടെയും സന്നദ്ധ സേവകരുടെയും സേവനങ്ങള്‍ ഈ രംഗത്ത് ഉപയോഗപ്പെടുത്താന്‍ അവര്‍ ഒട്ടും മടി കാണിച്ചില്ല എന്നത് തന്നെ പ്രവാസികള്‍ക്ക് ഗള്‍ഫ് രാജ്യങ്ങളില്‍ ഉള്ള പരിഗണയുടെ നേര്‍ചിത്രമാണ്. എങ്കിലും ഒരു രാജ്യത്തിന്റെ സംവിധാനങ്ങളില്‍ ഉണ്ടാകുന്ന പരിമിതികള്‍ നാം കണ്ടില്ലെന്ന് നടിക്കരുത്. അവിടെ ഇന്ത്യാരാജ്യത്തിന്റെ എംബസി അടക്കം ഉള്ള സംവിധാനങ്ങള്‍ വഴി തങ്ങളുടെ പൗരന്മാര്‍ക്ക് ആവശ്യമായ സൗകര്യങ്ങള്‍ ഏര്‍പ്പെടുത്തിക്കൊടുക്കേണ്ടത് ഭരണകൂടത്തിന്റെ ബാധ്യതയാണ്. ചികിത്സ, ഭക്ഷണം, ഐസൊലേഷന്‍, ക്വാറന്റൈന്‍ തുടങ്ങിയ സൗകര്യങ്ങള്‍ക്ക് തങ്ങളുടെ ഭാഗത്ത് നിന്നുള്ള ഇടപെടലാണ് തുടക്കത്തില്‍ പ്രവാസലോകം രാജ്യത്തോട് അഭ്യര്‍ഥിച്ചത്. ഒരു പരിധിവരെ അതിനുള്ള ഇടപെടല്‍ ഉണ്ടായിട്ടുണ്ട്. നടേ സൂചിപ്പിച്ച സാഹചര്യത്തില്‍ ജീവിക്കുന്നവര്‍ക്ക് താമസ സ്ഥലങ്ങളില്‍ ക്വാറന്റൈന്‍ അപ്രായോഗികമാണ്. പോസിറ്റീവ് കേസുകള്‍ ഐസൊലേറ്റ് ചെയ്യാനും പ്രത്യേകം സ്ഥലങ്ങള്‍ തയ്യാറാക്കുക മാത്രമാണ് പരിഹാരം. അത് ഒരു പരിധി വരെ കൂട്ടായ പരിശ്രമങ്ങള്‍ കൊണ്ട് സാധ്യമായിട്ടും ഉണ്ട്. മാസങ്ങള്‍ നീണ്ട് നില്‍ക്കാവുന്ന പ്രതിസന്ധി എന്ന നിലയില്‍ ഈ നടപടികള്‍ അപര്യാപ്തമാണ് താനും

ഇന്ന് ബാക്കി നില്‍ക്കുന്ന ആവശ്യം പ്രവാസികളെ നാട്ടിലേക്ക് തിരിച്ചു കൊണ്ടുവരിക എന്നുള്ളതാണ്. യു.എ. ഇയില്‍നിന്നും വിവിധ രാജ്യങ്ങള്‍ തങ്ങളുടെ പൗരന്മാരെ തിരികെ കൊണ്ടുപോയിത്തുടങ്ങി. ഇന്ത്യന്‍ പൗരന്മാര്‍ ഇനിയും കാത്തിരിക്കേണ്ടി വരും എന്നാണ് കേന്ദ്രസര്‍ക്കാര്‍ നല്‍കുന്ന സൂചന. അത് ഇനിയും വൈകിപ്പിക്കുന്നത് ഗുരുതരമായ പ്രതിസന്ധികളിലേക്ക് നയിക്കും. കുവൈത്ത്, ഖത്തര്‍, ഒമാന്‍, ബഹ്റൈന്‍, സൗദി അറേബ്യ തുടങ്ങിയ രാജ്യങ്ങളില്‍ മലയാളി സമൂഹം പ്രതിസന്ധിയില്‍ തന്നെയാണ്. വിദേശ രാജ്യങ്ങളില്‍ ഉള്ള ഗള്‍ഫ് പൗരന്മാരെ അതത് രാജ്യങ്ങള്‍ ചാര്‍ട്ടേഡ് ഫ്ളൈറ്റില്‍ തിരിച്ചെത്തിച്ചു കഴിഞ്ഞു എന്നത് കൂടി മനസ്സിലാക്കുമ്പോള്‍ ആണ് ഓരോ രാജ്യവും തങ്ങളുടെ പൗരന്മാരുടെ കാര്യത്തില്‍ എടുക്കുന്ന സമീപനങ്ങള്‍ ബോധ്യമാവുക.

ആരെ തിരികെ കൊണ്ട് വരണം എന്നതാണ് പ്രസക്തമായ ചോദ്യം. മുഴുവന്‍ പ്രവാസി മലയാളികളെയും കേരളത്തിലേക്ക് തിരിച്ചു കൊണ്ടുവരണം എന്നല്ല ആവശ്യപ്പെടുന്നത്. മറിച്ച്, അവിടങ്ങളിലുള്ള സന്ദര്‍ശക വിസയില്‍ ഉള്ളവര്‍, ജോലി നഷ്ടപ്പെട്ടവര്‍, ഗര്‍ഭിണികള്‍, വൃദ്ധന്മാര്‍, കുട്ടികള്‍ ഉറ്റവര്‍ മരണപ്പെട്ട് ഒറ്റപ്പെട്ടുപോയ ആശ്രിതര്‍, കമ്പനികള്‍ വേതന രഹിത നിര്‍ബന്ധിത അവധിയില്‍ പ്രവേശിപ്പിച്ചവര്‍, ജോലിയില്‍ നിന്നും പിരിച്ചു വിടപ്പെട്ടവര്‍, ജയില്‍ ശിക്ഷയില്‍ ഇളവ് ലഭിച്ച് മോചിതരായവര്‍... എന്നിവരെയും; അതോടൊപ്പം, താമസരേഖകള്‍ ഇല്ലാതെ അനധികൃതമായി താമസിക്കുന്നവര്‍ക്ക് പൊതുമാപ്പ് പ്രഖ്യാപിച്ചിട്ടുണ്ട്. അവര്‍ക്ക് നിയമ നടപടികള്‍ നേരിടാതെ നാട്ടിലേക്ക് പോകാം. അവരെയുമാണ് ഘട്ടം ഘട്ടമായി കേരളത്തിലേക്ക് കൊണ്ടുവരേണ്ടത് എന്നാണ് പ്രവാസി സമൂഹം ആവശ്യപ്പെടുന്നത്. നടേ സൂചിപ്പിച്ചത് പോലെ മിക്ക പ്രവാസികളും തങ്ങളുടെ വരുമാനത്തിന്റെ വലിയ പങ്കും ഓരോ മാസവും നാട്ടിലേക്ക് അയക്കുന്നവരാണ്. പൊടുന്നനെ ലോക്ഡൗണ്‍ വന്നതിനാല്‍ പലര്‍ക്കും വരുമാന മാര്‍ഗം നിലച്ചു. അവശ്യ സര്‍വീസുകള്‍ ഒഴികെ മറ്റെല്ലാ സ്ഥാപനങ്ങളും എല്ലായിടത്തും രണ്ട് മാസത്തോളം ആയി അടഞ്ഞു കിടക്കുകയാണ്. പല കമ്പനികളും തങ്ങളുടെ തൊഴിലാളികളെ വേതന രഹിത അവധിയില്‍ പ്രവേശിപ്പിച്ചു. ചെറുകിട സംരംഭങ്ങള്‍ ശമ്പളം കൊടുക്കാനില്ലാതെ പ്രതിസന്ധിയുടെ മുന്നിലാണ്. അതുകൊണ്ട് തന്നെ തങ്ങളുടെ നിത്യച്ചെലവിനും വാടക, കറന്റ്, വെള്ളം തുടങ്ങിയ അത്യാവശ്യ കാര്യങ്ങള്‍ക്ക് പോലും പണമില്ലാതെ പലരും പ്രയാസപ്പെടുന്നുണ്ട്. പട്ടിണിയുടെ വക്കിലാണവര്‍. ഓരോ രാജ്യത്തും ഭരണകൂടം സൗജന്യഭക്ഷണം അടക്കമുള്ള സഹായങ്ങള്‍ എത്തിക്കുന്നുവെങ്കിലും അനിശ്ചിത കാലത്തേക്ക് നീണ്ടേക്കാവുന്ന ഈ പ്രതിസന്ധിയില്‍ അത് എത്രനാള്‍ എന്നത് ഒരു വലിയ ചോദ്യമാണ്. സന്ദര്‍ശക വിസയില്‍ വന്ന പ്രായമായ ആളുകള്‍ക്ക് ചികിത്സയും മറ്റും സൗജന്യമല്ല. മരുന്നുകള്‍ പലതും ഇന്ത്യയില്‍ ലഭിക്കുന്നതിനെക്കാന്‍ വിലയാണ് ഇവിടങ്ങളില്‍ ഇത് മക്കളെ വലിയ പ്രയാസത്തിലാക്കുന്നു. ഒന്നോ രണ്ടോ മാസം മക്കളുടെ അടുത്ത് പോയി നില്‍ക്കാം എന്ന് കൊതിച്ചു വന്നവര്‍ പെട്ടുപോയി ഈ പ്രതിസന്ധിയില്‍. നിത്യരോഗികള്‍ അടക്കം അനുഭവിക്കുന്ന പ്രയാസങ്ങള്‍ വളരെ വലുതാണ്. പ്രസവ സമയം അടുക്കുമ്പോള്‍ നാട്ടില്‍ പോകാം എന്ന് കണക്ക് കൂട്ടിയ ഗര്‍ഭിണികളുടെ കുടുംബം പ്രസവശുശ്രൂഷകള്‍ക്ക് വന്‍തുക കണ്ടെത്താന്‍ കഴിയാതെ പ്രയാസപ്പെടുന്നു. ഇങ്ങനെ പ്രതിസന്ധികള്‍ വരിഞ്ഞു മുറുക്കിയ പ്രവാസികള്‍ പലരും വലിയ മാനസിക സംഘര്‍ഷങ്ങള്‍ അനുഭവിക്കുന്നു.

ഇവരെയെല്ലാം കോവിഡ് പരിശോധന നടത്തി പോസിറ്റീവ് അല്ലാത്തവരെ വൈകാതെ നാട്ടിലേക്ക് കൊണ്ടുപോകാനും അവിടെ ക്വാറന്റൈന്‍, ഐസൊലേഷന്‍ സെന്ററുകള്‍ ഒരുക്കാനുമാണ് കേന്ദ്ര സംസഥാന സര്‍ക്കാരുകള്‍ ശ്രദ്ധിക്കേണ്ടത്. ഇന്ത്യയിലേക്ക് സര്‍വീസ് നടത്താന്‍ ഗള്‍ഫിലെ വിമാന കമ്പനികള്‍ സന്നദ്ധത അറിയിച്ചിട്ട് ആഴ്ചകള്‍ ആയി, ഓരോ രാജ്യത്തും നാട്ടിലേക്ക് മാറ്റങ്ങള്‍ ഉദ്ദേശിക്കുന്നവരുടെ രജിസ്ട്രേഷനും പട്ടിക തയ്യാറാക്കലും നടക്കുന്നുണ്ട്. ഇന്ത്യാ ഗവണ്മെന്റിന്റെ അനുകൂലമായ നടപടികള്‍ ആണ് എല്ലാവരും കാത്ത് നില്‍ക്കുന്നത്. അതിന് മുന്‍കൈ എടുക്കാന്‍ ധാര്‍മ്മിക ഉത്തരവാദിത്തം കേരളത്തിലെ ഭരണകൂടത്തിനും പൊതു സമൂഹത്തിനും ഉണ്ട്. ഏറ്റവും കൂടുതല്‍ പ്രവാസികള്‍ ഉള്ള കേരളം മുന്നില്‍ നിന്ന് പ്രവാസികളെ തിരിച്ചുകൊണ്ട് വരാന്‍ ആവശ്യമായ നടപടികള്‍ എടുക്കാന്‍ കേന്ദ്ര സര്‍ക്കാരില്‍ സമ്മര്‍ദം ചെലുത്തണം ആവശ്യമെങ്കില്‍ നിയമപരമായ പോരാട്ടങ്ങളും നടത്തേണ്ടതുണ്ട്. ഒരു വലിയ സമൂഹത്തിന്റെ പ്രതിസന്ധികള്‍ക്ക് നേരെ മുഖം തിരിഞ്ഞു നില്‍ക്കുന്ന സമീപനം അംഗീകരിക്കാന്‍ സാധ്യമല്ല. കേരളത്തില്‍ കോവിഡ് വ്യാപനം തടയാന്‍ സാധിച്ചു രണ്ട് മരണങ്ങള്‍ മാത്രമാണ് എന്നതില്‍ ആശ്വസിച്ചിരിക്കാന്‍ നമുക്കെങ്ങനെ സാധിക്കും. കേരളത്തിന്റെ പരിഛേദമായ പ്രവാസലോകത്ത് കോവിഡ് ബാധിച്ചവരുടെ കണക്കുകള്‍ കൂടി നമ്മെ അലോസരപ്പെടുത്തണം. മരണപ്പെട്ട മലയാളികള്‍ നമ്മുടെ കൂടെപ്പിറപ്പുകളും സഹോദരങ്ങളും ആണ്. മറ്റുള്ളവരെ രക്ഷിക്കാന്‍ നമ്മുടെ ബാധ്യതയാണ് എന്ന തിരിച്ചറിവാണ് ഇത്തരുണത്തില്‍ ആവശ്യം

ഏപ്രില്‍ മാസം മിക്ക കമ്പനികളും ശമ്പളം നല്‍കാന്‍ സാധിക്കാത്ത വിധം പ്രതിസന്ധിയിലാണ്. അതുകൊണ്ട് തന്നെ നിത്യച്ചെലവിനുള്ള പണം പല പ്രവാസികള്‍ക്കും ഉണ്ടാവില്ല. പട്ടിണി കിടക്കേണ്ടി വരുമോ എന്ന ഭയമാണ് പലരും പങ്കുവയ്ക്കുന്നത്. നടപടികള്‍ വൈകുന്തോറും പ്രതിസന്ധികള്‍ രൂക്ഷമാകാന്‍ ആണ് സാധ്യത. നാടിന്റെ ഏതൊരു നന്മയിലും പ്രവാസിയുടെ വിയര്‍പ്പിന്റെ ഗന്ധം ഉണ്ടെന്നത് യാഥാര്‍ഥ്യം തന്നെയാണ്. ഇക്കഴിഞ്ഞ പ്രളയകാലത്തും വലിയതുക പ്രവാസികള്‍ കേരളത്തിലേക്ക് അയച്ചിട്ടുണ്ട്. ഇന്നവര്‍ പട്ടിണിയുടെ പടിവാതില്‍ക്കല്‍ നില്‍ക്കുമ്പോള്‍ നമ്മള്‍ കൈമലര്‍ത്തരുത്. അവര്‍ക്ക് വേണ്ട സഹായങ്ങള്‍ പരമാവധി ചെയ്തുകൊടുക്കണം. വിവിധ രാജ്യങ്ങളില്‍ എംബസി സേവനങ്ങള്‍ക്ക് ഈടാക്കുന്ന തുക വയലാര്‍ രവി പ്രവാസി കാര്യ മന്ത്രിയായിരുന്ന കാലത്ത് കമ്യുണിറ്റി വെല്‍ഫെയര്‍ ഫണ്ടായി എംബസികളില്‍ ഉണ്ട്. അത് ഉപയോഗപ്പെടുത്തി ആംബുലന്‍സ്, ക്വറന്റൈന്‍, ഐസൊലേഷന്‍ ആവശ്യമായ സൗകര്യങ്ങള്‍ ഒരുക്കാനും ഭക്ഷണം, ചികിത്സ തുടങ്ങിയ അടിസ്ഥാന ആവശ്യങ്ങള്‍ നിര്‍വഹിക്കാനുള്ള പദ്ധതികള്‍ നടപ്പിലാക്കാനും അംബാസിഡര്‍മാര്‍ തയ്യാറാവണം. കേരളസര്‍ക്കാരിന്റെയും നോര്‍ക്കയുടെയും പ്രവര്‍ത്തനങ്ങള്‍ കൂടുതല്‍ സജീവമാക്കേണ്ടതുണ്ട്. അതിനാവശ്യമായ ശക്തമായ ഇടപെടല്‍ കേരളത്തിലെ മത, സാമൂഹിക, രാഷ്ട്രീയ, സാംസ്‌കാരിക സംഘടനകള്‍ നടത്തണം. കേരളത്തിലെ എല്ലാ സംഘടനകള്‍ക്കും പ്രവാസി ഘടകങ്ങള്‍ ഉണ്ട്. അവര്‍വഴി കഴിയാവുന്ന സഹായങ്ങള്‍ എത്തിക്കാന്‍ അതത് സംഘടനകള്‍ക്ക് കഴിയേണ്ടതുണ്ട്. വരുംദിനങ്ങളിലാണ് കൂടുതല്‍ സഹായങ്ങള്‍ ആവശ്യമായി വരിക എന്നത് പ്രത്യേകം ശ്രദ്ധിക്കണം.

നീണ്ട വര്‍ഷങ്ങള്‍ തങ്ങളുടെ നാടിനും കുടുംബത്തിനും വേണ്ടി അന്യരാജ്യങ്ങളില്‍ വിയര്‍പ്പൊഴുക്കിയവരാണ് പ്രവാസികള്‍. അവര്‍ കൊറോണ തീര്‍ത്ത പ്രതിസന്ധിയില്‍ ആടിയുലയുമ്പോള്‍ ആശ്വാസമേകേണ്ടത് ഓരോ മലയാളിയുടെയും കടമയാണ്. നിരവധി ആളുകള്‍ക്ക് ജോലി നഷ്ടപ്പെട്ടേക്കാം. മറ്റുചിലര്‍ ദീര്‍ഘ നാളത്തെ നിര്‍ബന്ധിത അവധിയിലാണ്. അവര്‍ വെറും കയ്യോടെയാണ് നാട്ടിലേക്ക് മടങ്ങുന്നത്. പുനരധിവാസ പദ്ധതികള്‍ നടപ്പിലാക്കാന്‍ പ്രാദേശിക ഭരണകൂടം മുതല്‍ സംസ്ഥാന സര്‍ക്കാര്‍ വരെ അടിയന്തര ഇടപെടല്‍ നടത്തണം. പ്രവാസി കുടുംബങ്ങള്‍ക്ക് അടുത്ത 6 മാസത്തേക്ക് എങ്കിലും ധനസഹായം നല്‍കണം. വായ്പകള്‍ക്ക് മോറട്ടോറിയം, സൗജന്യറേഷന്‍, ചികിത്സ, വിദ്യാഭ്യാസം തുടങ്ങിയവ ലഭ്യമാക്കണം.

കൊറോണയ്ക്ക് ശേഷം ലോകത്ത് പട്ടിണി ഇരട്ടിയാവും എന്ന് ഐക്യരാഷ്ട്ര സഭയുടെ ഭക്ഷ്യസുരക്ഷാ വിഭാഗം പറഞ്ഞുകഴിഞ്ഞു. കരുതിജീവിക്കാന്‍ നാം നമ്മുടെ മനസ്സിനെ പാകപ്പെടുത്തണം;കുടുബത്തെയും. പ്രവാസികളും അല്ലാത്തവരും ഈ രംഗത്ത് ശ്രദ്ധിക്കണം. സാമ്പത്തിക വിനിയോഗം അടക്കമുള്ള മേഖലകളില്‍ നാളെ വരാന്‍ സാധ്യതയുള്ള പ്രതിസന്ധികളെ മുന്നില്‍ കണ്ടുകൊണ്ടുള്ള ഇടപെടലാണ് ഉണ്ടാവേണ്ടത്. അത്യാവശ്യം, ആവശ്യം എന്നതിനപ്പുറമുള്ളതെല്ലാം ഒഴിവാക്കുക. ഓരോരുത്തരും ഈ രംഗത്ത് ശ്രദ്ധ പുലര്‍ത്താന്‍ തയ്യറായാല്‍ ഈ പ്രതിസന്ധിയെ ഒന്നോ രണ്ടോ വര്‍ഷങ്ങള്‍ക്കകം നമുക്ക് മറികടക്കാം. പ്രവാസലോകവും നമ്മുടെ നാടും അപ്പോഴേക്കും പഴയ പ്രതാപത്തിലേക്ക് തിരിച്ചുവരും എന്ന് പ്രത്യാശിക്കാം.