'നിങ്ങള്‍ അവരെ ഭയപ്പെടരുത്; എന്നെ മാത്രം ഭയപ്പെടുക'

മുഹമ്മദലി വാരം

2020 മെയ് 09 1441 റമദാന്‍ 16

അല്ലാഹുവിന്റെ നടപടിക്രമത്തില്‍ പെട്ടതാണ് സത്യവിശ്വാസികളെ പല രൂപത്തില്‍ പരീക്ഷണങ്ങള്‍ക്ക് വിധേയമാക്കുക എന്നുള്ളത്. അത് അവന്‍ വിശ്വാസികളോടായി എടുത്തുപറഞ്ഞ സംഗതിയാണ്:

''നിശ്ചയം നിങ്ങളെ നാം ഭയം, വിശപ്പ്, ധനനഷ്ടം, ജീവനഷ്ടം, വിഭവനഷ്ടം എന്നിവകൊണ്ട് പരീക്ഷിക്കുക തന്നെ ചെയ്യും. ക്ഷമാശീലര്‍ക്കാണ് സന്തോഷവാര്‍ത്തയുള്ളത്''(അല്‍ബക്വറ: 155).

സത്യവിശ്വാസികള്‍ക്കുനേരെ വരുന്ന വിവിധ പരീക്ഷണങ്ങളെക്കുറിച്ച് സൂചിപ്പിച്ചപ്പോള്‍ അല്ലാഹു ആദ്യം പറഞ്ഞത് 'ഭയം' കൊണ്ടുള്ള പരീക്ഷണത്തെക്കുറിച്ചാണ്. അത് എല്ലാ കാലവും വിശ്വാസികള്‍ക്ക് നേരിടേണ്ടി വരുമെന്നര്‍ഥം.

ഏകദൈവാരാധനയില്‍ വിട്ടുവീഴ്ച ചെയ്യാത്ത മുസ്‌ലിമിന്ന് ശത്രുക്കള്‍ സ്വാഭാവികം. യഥാര്‍ഥ വിശ്വാസികളെ പരീക്ഷിക്കുവാന്‍ വേണ്ടി ഇസ്‌ലാമിന്റെ ശത്രുക്കളെ സൃഷ്ടിക്കുക എന്നതും റബ്ബിന്റെ നടപടിക്രമം തന്നെ.

''അപ്രകാരം തന്നെ ഓരോ പ്രവാചകനും കുറ്റവാളികളില്‍പെട്ട ശത്രുക്കളെ നാം ഏര്‍പെടുത്തിയിരിക്കുന്നു. മാര്‍ഗദര്‍ശകനായും സഹായിയായും നിന്റെ റബ്ബ് തന്നെ മതി'' (അല്‍ഫുര്‍ക്വാന്‍: 31).

പ്രവാചകന്മാരാണ് ഏറ്റവും പരീക്ഷണം ഏറ്റുവാങ്ങിയവര്‍ എന്ന് മഹാനായ മുഹമ്മദ് നബി ﷺ  പറഞ്ഞിട്ടുണ്ട്. പ്രവാചകന്മാരില്‍ ചിലര്‍ വധിക്കപ്പെട്ടു. ചിലര്‍ സ്വന്തം നാടുകളില്‍ നിന്നും പുറത്താക്കപ്പെട്ടു. ആദര്‍ശത്തോടുള്ള വിയോജിപ്പു തന്നെ കാരണം.

അല്ലാഹുവിന്റെ പ്രവാചകന്‍ ﷺ  പറഞ്ഞു: ''ഇസ്‌ലാം ആരംഭിച്ചത് തികച്ചും അപരിചിതമായ അവസ്ഥയിലാണ്. അതേ അവസ്ഥയിലേക്കു തന്നെ ഇസ്‌ലാം തിരിച്ചു പോകും''(മുസ്‌ലിം).

തുടക്കക്കാര്‍ അനുഭവിച്ച പീഡനങ്ങളും പ്രയാസങ്ങളും ഭീഷണികളും യഥാര്‍ഥ വിശ്വാസികളുടെ എണ്ണക്കുറവും അവസാനകാലത്തുള്ളവര്‍ക്കും അനുഭവിക്കേണ്ടി വരും.

സ്വഹാബിയായ ഹുദൈഫത്തുബ്‌നു യമാന്‍(റ) പറയുകയാണ്: ''ഞങ്ങള്‍ ഒരിക്കല്‍ റസൂലി ﷺ ന്റെ കൂടെ ഇരിക്കുമ്പോള്‍ അവിടുന്ന് പറഞ്ഞു: 'എത്ര പേര്‍ ഇസ്‌ലാം സ്വീകരിച്ചിരിക്കുന്നുവെന്ന് ഒന്ന് എണ്ണി നോക്കൂ.' അപ്പോള്‍ ഞങ്ങള്‍ പറയുകയുണ്ടായി: 'അല്ലാഹുവിന്റെ റസൂലേ, ഞങ്ങള്‍ എഴുന്നൂറിന്നും അറുന്നൂറിന്നും ഇടയില്‍ ഉണ്ടായിരിക്കെ അങ്ങ് ഭയക്കുകയാണോ?' നബി  ﷺ  പ്രതിവചിച്ചു: 'നിങ്ങള്‍ക്ക് ഇപ്പോള്‍ അറിയില്ല. നിങ്ങള്‍ പരീക്ഷണങ്ങള്‍ക്ക് വിധേയമായേക്കാം.' ഹുദൈഫ(റ) തുടരുകയാണ്: 'ഞങ്ങള്‍ പരീക്ഷിക്കപ്പെട്ടു. രഹസ്യമായി നമസ്‌കരിക്കേണ്ട അവസ്ഥ പോലും ഞങ്ങളില്‍ സംജാതമായി''(മുസ്‌ലിം).

 പ്രവാചകശിഷ്യന്മാരായ സ്വഹാബികള്‍ പോലും പ്രവാചകന്റെ വിയോഗാനന്തരം കടുത്ത ഭയത്തിലൂന്നിയ പരീക്ഷണങ്ങള്‍ക്ക് വിധേയമാക്കപ്പെട്ടിട്ടുണ്ടെങ്കില്‍ ഇന്നുള്ളവര്‍ അതില്‍നിന്ന് എങ്ങനെ മുക്തമാകും? ഏത് വിഷമകരമായ സാഹചര്യങ്ങളിലും വിശ്വാസികള്‍ക്കുണ്ടാകേണ്ട നിലപാട് വിശുദ്ധ ക്വുര്‍ആന്‍ പ്രഖ്യാപിക്കുന്നത് കാണുക:

''തങ്ങള്‍ക്ക് വല്ല ആപത്തും ബാധിച്ചാല്‍ അവര്‍ (ആ ക്ഷമാശീലര്‍) പറയുന്നത്; ഞങ്ങള്‍ അല്ലാഹുവിന്റെ അധീനത്തിലാണ്. അവങ്കലേക്ക് തന്നെ മടങ്ങേണ്ടവരുമാണ് എന്നായിരിക്കും'' (അല്‍ബക്വറ: 156).

ഈ പ്രഖ്യാപനമാവട്ടെ വിശ്വാസികളില്‍ ഉണ്ടാക്കുന്നത് ശക്തമായ വിശ്വാസമാണ്. ഫിര്‍ഔനിന്റെ ജനതയിലെ, അല്ലാഹുവിലും മൂസാനബി(അ)യിലും വിശ്വസിച്ചവരെ ധിക്കാരിയായ ഭരണാധികാരി ഫിര്‍ഔന്‍ ഭീഷണിപ്പെടുത്തി: ''നിങ്ങളുടെ കൈകളും കാലുകളും എതിര്‍വശങ്ങളില്‍ നിന്നായി ഞാന്‍ മുറിച്ചുകളയുക തന്നെ ചെയ്യും. പിന്നെ നിങ്ങളെ മുഴുവന്‍ ഞാന്‍ ക്രൂശിക്കുകയും ചെയ്യും; തീര്‍ച്ച'' (അല്‍അഅ്‌റാഫ്: 124).

ഇത് കേട്ടയുടനെ വിശ്വാസികള്‍ പ്രതികരിച്ചത് ഇപ്രകാരമാണ്: ''അവര്‍ പറഞ്ഞു: തീര്‍ച്ചയായും ഞങ്ങളുടെ രക്ഷിതാവിങ്കലേക്കാണല്ലോ ഞങ്ങള്‍ തിരിച്ചെത്തുന്നത്'' (അല്‍അഅ്‌റാഫ്: 125).

കൊടുംനീചനായ ഭരണാധികാരിക്ക് മുമ്പില്‍ പോലും വിശ്വാസത്തിന്റെ ദൗര്‍ബല്യം കാണിച്ച് ഭയവിഹ്വലരായി, അധമത്വം പേറി ജീവിക്കുവാനല്ല അവര്‍ ശ്രമിച്ചത്. മറിച്ച് ദൃഢവിശ്വാസത്തിന്റെ അചഞ്ചലത ധൈര്യസമേതം വ്യക്തമാക്കുകയാണ് അവര്‍ ചെയ്തത്.

കാരണം മുസ്‌ലിംകള്‍ക്ക് നന്നായിട്ടറിയാമായിരുന്നു ഈ ഭൂമിയില്‍ ആര്‍ക്കും സ്ഥിരതാമസമില്ല എന്ന്. അക്രമിക്കും അക്രമിക്കപ്പെടുന്നവനും മരണം ഒരു പോലെ. രണ്ട് കൂട്ടരും റബ്ബിന്റെയടുക്കല്‍ ഒരുമിച്ച് കൂട്ടപ്പെടും.

നബി ﷺ യെ ശത്രുക്കള്‍ പല നിലയിലും ദ്രോഹിക്കുകയും അപായപ്പെടുത്തുവാന്‍ ശ്രമിക്കുകയും ചെയ്തപ്പോള്‍ വിശുദ്ധ ക്വുര്‍ആനിലൂടെ അല്ലാഹു പറഞ്ഞു: ''തീര്‍ച്ചയായും നീ മരിക്കുന്നവനാകുന്നു. അവരും മരിക്കുന്നവരാകുന്നു. പിന്നീട് നിങ്ങള്‍ ഉയിര്‍ത്തെഴുന്നേല്‍പിന്റെ നാളില്‍ നിങ്ങളുടെ രക്ഷിതാവിന്റെ അടുക്കല്‍ വെച്ച് വഴക്ക് കൂടുന്നതാണ്'' (അസ്സുമര്‍: 31).

''നിനക്ക് മുമ്പ് ഒരു മനുഷ്യനും നാം അനശ്വരത നല്‍കിയിട്ടില്ല. എന്നിരിക്കെ നീ മരിച്ചെങ്കില്‍ അവര്‍ നിത്യ ജീവികളായിരിക്കുമോ?'' (അല്‍അന്‍ബിയാഅ്: 34).

 ഈ മഹാ പ്രപഞ്ചത്തിനുതന്നെ പര്യവസാനമുണ്ടെന്നും സൃഷ്ടികള്‍ മുഴുവനും നശിക്കുമെന്നും തുടര്‍ന്നുള്ള മടക്കം ലോകങ്ങളുടെ സ്രഷ്ടാവും നിയന്താവുമായ അല്ലാഹുവിന്റെ അടുക്കലേക്കാണെന്നും അവിടെവച്ച് നന്മതിന്മകളെയും ധര്‍മാധര്‍മങ്ങളെയും കുറിച്ച് വിചാരണനടത്തി പൂര്‍ണമായ നീതി നടപ്പിലാക്കപ്പെടുമെന്നും മനസ്സില്‍ ഉറച്ച് വിശ്വസിക്കുന്ന ഒരു മുസ്‌ലിമിനെ ഭൗതിക പരീക്ഷങ്ങള്‍ തളര്‍ത്തുകയില്ല. അതുകൊണ്ടാണല്ലോ മനുഷേ്യാല്‍പത്തിയുടെ ആരംഭത്തില്‍ തന്നെ യഥാര്‍ഥ വിശാസികളുടെ ലക്ഷണമായി ജഗന്നിയന്താവ് പ്രഖ്യപിച്ചത്: ''എന്നിട്ട് എന്റെയടുക്കല്‍ നിന്നുള്ള മാര്‍ഗദര്‍ശനം നിങ്ങള്‍ക്ക് വന്നെത്തുമ്പോള്‍ എന്റെ ആ മാര്‍ഗദര്‍ശനം ആര്‍ പിന്‍പറ്റിയോ അവര്‍  ഭയപ്പെടേണ്ടതില്ല. അവര്‍ ദുഃഖിക്കേണ്ടിവരികയുമില്ല'' (അല്‍ബക്വറ: 38).

അതായത് ഇഹത്തിലോ പരത്തിലോ യഥാര്‍ഥ വിശ്വസികള്‍ ഭാവിയെക്കുറിച്ച് ഭയപ്പെടുകയില്ല. കഴിഞ്ഞതിനെ പറ്റി അവര്‍ക്ക് ദുഃഖിക്കേണ്ടി വരികയുമില്ല.

''ആര്‍ അല്ലാഹുവിലും അന്ത്യദിനത്തിലും വിശ്വസിക്കുകയും സല്‍കര്‍മം പ്രവര്‍ത്തിക്കുകയും ചെയ്തുവോ അവര്‍ക്ക് അവരുടെ റബ്ബിങ്കല്‍ പ്രതിഫലമുണ്ടായിരിക്കും. അവരുടെമേല്‍ യാതൊരു ഭയപ്പാടുമില്ല. അവര്‍ ദുഃഖിക്കേണ്ടി വരികയുമില്ല'' (അല്‍ബക്വറ: 62).

''അങ്ങനെയല്ല, ഏതൊരാള്‍ സല്‍കര്‍മകാരിയായിക്കൊണ്ട് അല്ലാഹുവില്‍ ആത്മസമര്‍പ്പണം ചെയ്തുവോ അവനു തന്റെ റബ്ബിന്റെയടുക്കല്‍ പ്രതിഫലമുണ്ട്. അത്തരക്കാര്‍ യാതൊന്നും ഭയപ്പെടേണ്ടതില്ല, അവര്‍ ദുഃഖിക്കേണ്ടി വരികയുമില്ല'' (അല്‍ബക്വറ: 112).

''ഞങ്ങളുടെ റബ്ബ് അല്ലാഹുവാണെന്ന് പറയുകയും പിന്നെ നേര്‍ക്കുനേരെ നിലകൊള്ളുകയും ചെയ്തവരാരോ അവര്‍ക്ക് യാതൊന്നും ഭയപ്പെടാനില്ല. അവര്‍ ദുഃഖിക്കേണ്ടി വരികയുമില്ല'' (അല്‍അഹ്ക്വാഫ്: 13).

''നിശ്ചയം, അല്ലാഹുവിന്റെ മിത്രങ്ങളാരോ അവര്‍ക്ക് യാതൊരു ഭയവുമില്ല. അവര്‍ ദുഃഖിക്കേണ്ടി വരികയുമില്ല''(യൂനുസ്:62).

നേര്‍മാര്‍ഗത്തിലാണ് നാമെങ്കില്‍ എന്തിന് ഭയപ്പെടണം? എന്തിന് ആശങ്ക?

ബുഖാരിയും മുസ്‌ലിമും ഉദ്ധരിച്ച, സൗബാനി(റ)ല്‍ നിന്നും നിവേദനം ചെയ്ത ഒരു ഹദീഥില്‍ ഇങ്ങനെ കാണാം. റസൂല്‍ ﷺ  പറഞ്ഞു: ''എന്റെ ഉമ്മത്തില്‍ പെട്ട ഒരു വിഭാഗം സത്യത്തിന്റെമേല്‍ വിജയം നേടിയവരായിക്കൊണ്ടിരിക്കും. അവരെ വഞ്ചിക്കുന്നവര്‍ അവര്‍ക്ക് ഒരു ഉപദ്രവും ചെയ്യുകയില്ല.''

 ബുഖാരിയും മുസ്‌ലിമും ഉദ്ധരിച്ച, മുആവിയ(റ)യില്‍നിന്ന് റിപ്പോര്‍ട്ട് ചെയ്ത മറ്റൊരു ഹദീഥില്‍ നബി ﷺ  പറഞ്ഞു: ''എന്റെ സമുദായത്തില്‍ നിന്നും ഒരു വിഭാഗം അല്ലാഹുവിന്റെ കല്‍പന അനുസരിച്ച് നിലകൊള്ളുന്നവരായി ഉണ്ടായിക്കൊണ്ടേയിരിക്കും. അവരെ കൈയൊഴിച്ചവരോ അവരോട് വിയോജിച്ചവരോ അവര്‍ക്കൊരു വിഷമവും വരുത്തുകയുമില്ല. അല്ലാഹുവിന്റെ കാര്യം വരുന്നതുവരെ അവര്‍ ആ സ്ഥിതിയില്‍ തന്നെയായിരിക്കും.''

 നബി ﷺ  പറയുകയാണ്: ''എന്റെ സമുദായത്തെ മുഴുവന്‍ ഒന്നിച്ച് വരള്‍ച്ച മുഖേന നശിപ്പിക്കരുതെന്ന് എന്റെ റബ്ബിനോട് ഞാന്‍ ദുആ ചെയ്തു.  അവരില്‍ നിന്നല്ലാത്ത ശത്രുവിനെക്കൊണ്ട് (മുശ്‌രിക്കുകള്‍, ജൂത- ക്രിസ്താനികള്‍) അവര്‍ അടിച്ചമര്‍ത്തപ്പെടരുതെന്നും ഞാന്‍ പ്രാര്‍ഥിച്ചു. എന്നാല്‍ മുസ്‌ലിംകളില്‍ചിലര്‍ ചില വിഭാഗത്തെ നശിപ്പിക്കും. ചിലര്‍ ചിലരെ ബന്ദിയാക്കും. ഇതിന് എതിരെ ഞാന്‍ പ്രാര്‍ഥിച്ചെങ്കിലും റബ്ബ് എനിക്ക് ഉത്തരം നല്‍കിയില്ല'' (മുസ്‌ലിം).

ഇസ്‌ലാമിന്റെ പുറത്തുള്ളവര്‍ക്ക് മുസ്‌ലിംകളെ ഒന്നടങ്കം നശിപ്പിക്കാന്‍ സാധിക്കില്ല. കാരണം യഥാര്‍ഥ വിശ്വാസം ഉള്‍ക്കൊണ്ട് ജീവിക്കുന്ന മുസ്‌ലിംകള്‍ക്ക് അല്ലാഹുവില്‍ നിന്നുള്ള സഹായം സുനിശ്ചിതമാണ്.

''തീര്‍ച്ചയായും നാം നമ്മുടെ ദുതന്‍മാരെയും വിശ്വസിച്ചവരെയും ഐഹിക ജീവിതത്തിലും സാക്ഷികള്‍ രംഗത്തുവരുന്ന ദിവസത്തിലും സഹായിക്കുകതന്നെ ചെയ്യും'' (ഗാഫിര്‍: 51).

അല്ലാഹു കൂടെയുണ്ടെന്ന വിശ്വാസവും അവന്റെ സഹായത്തിലുള്ള പ്രതീക്ഷയും വിശാസികള്‍ക്ക് നല്‍കുന്ന കരുത്ത് വിവരണാതീതമാണ്.

റസൂല്‍ ﷺ  അബൂബക്കറി(റ)ന്റെ കൂടെ സൗര്‍ ഗുഹയില്‍ ഒളിച്ചിരിക്കുമ്പോള്‍ ശത്രുക്കള്‍ ഗുഹാമുഖത്ത് എത്തി.  അബുബക്കര്‍(റ) പറഞ്ഞു പോയി:  'അല്ലാഹുവിന്റെ ദൂതരേ, അവരില്‍ ആരെങ്കിലും അവരുടെ കാല്‍കീഴിലൂടെ നോക്കിയിരുന്നെങ്കില്‍ നമ്മളെ കണ്ടത്തിയേനെ.' അപ്പോള്‍ റസൂല്‍ ﷺ  മറുപടി നല്‍കി: 'അബൂബക്കര്‍, താങ്കള്‍ എന്താണ് വിചാരിച്ചത്? നമ്മള്‍ രണ്ടാളുടെ കൂടെ മൂന്നാമനായി അല്ലാഹു ഇല്ലയോ?' (ബുഖാരി).

ദാത്തുരിഖാഅ് യുദ്ധത്തില്‍ ഒരു മരച്ചുവട്ടില്‍ ഉറങ്ങുകയായിരുന്ന നബി ﷺ യുടെ അടുത്ത് ഒരാള്‍ വന്നു. പ്രവാചകന്റെ വാളെടുത്ത് തിരുമേനിയുടെ തലയുടെ അടുത്ത് നിന്നും ചോദിച്ചു: 'എന്നില്‍ നിന്നും നിന്നെ ആര് രക്ഷിക്കും?' നബി ﷺ  ഉടനെ പറഞ്ഞു: 'അല്ലാഹു.' അയാള്‍ വീണ്ടും ചോദ്യം ആവര്‍ത്തിച്ചു: 'എന്നില്‍ നിന്ന് നിന്നെ ആര് രക്ഷിക്കും?' റസൂല്‍ ﷺ  സധൈര്യം വീണ്ടും പറഞ്ഞു: 'അല്ലാഹു.' അയാള്‍ വാളുപേക്ഷിച്ച് മാറി ഇരുന്ന് പോയി' (മുസ്‌ലിം).

ഒരു സത്യവിശ്വാസിക്ക് അല്ലാഹു കൂടെയുണ്ടെന്ന ബോധം നല്‍കുന്നത് തികഞ്ഞ നിര്‍ഭയത്വമാണ്. എല്ലാ പ്രതിസന്ധികളെയും അതിജയിക്കുവാന്‍ അതവനു കരുത്ത് നല്‍കുന്നു.

''തന്റെ അടിമക്ക് അല്ലാഹു പോരേ? അവന്ന് പുറമെയുള്ളവരെപ്പറ്റി അവര്‍ നിന്നെ പേടിപ്പിക്കുന്നു'' (അസ്സുമര്‍: 36).

വ്യത്യസ്ത പരീക്ഷണങ്ങള്‍ അല്ലാഹുവില്‍നിന്നാണെന്ന് ഉറച്ച് വിശ്വസിക്കുന്ന ഒരു മുസ്‌ലിമിന് പരീക്ഷങ്ങളില്‍ ഭയമോ ദുഃഖമോ വ്യസനമോ ഉണ്ടാവുകയില്ല. സത്യത്തിന്റെ പതാക വാഹകര്‍ക്ക് നിരാശയുണ്ടാവുകയില്ല.

ലോകം കണ്ട ഏറ്റവും വലിയ ധിക്കാരിയും അഹങ്കാരിയുമായ, അധികാരത്തിന്റെ ഹുങ്കില്‍ ഞാനാണ് അത്യുന്നതനായ റബ്ബ് എന്ന് വിളിച്ചുപറഞ്ഞ ഫിര്‍ഔനിന്റെ കൊട്ടാരത്തില്‍ മഹാനായ മൂസാ നബി(അ)യും സഹോദരന്‍ ഹാറൂണ്‍ നബി(അ)യും പ്രബോധനത്തിനായി പോകുമ്പോള്‍ അവര്‍ അല്ലാഹുവിനോട് പ്രാര്‍ഥിച്ചു:

''അവര്‍ രണ്ടുപേരും പറഞ്ഞു: ഞങ്ങളുടെ രക്ഷിതാവേ, അവന്‍ (ഫിര്‍ഔന്‍) ഞങ്ങളുടെ നേര്‍ക്ക് എടുത്തുചാടുകയോ, അതിക്രമം കാണിക്കുകയോ ചെയ്യുമെന്ന് ഞാന്‍ ഭയപ്പെടുന്നു. അവന്‍ (അല്ലാഹു) പറഞ്ഞു: നിങ്ങള്‍ ഭയപ്പെടേണ്ട. തീര്‍ച്ചയായും ഞാന്‍ നിങ്ങളുടെ കൂടെയുണ്ട്. ഞാന്‍ കേള്‍ക്കുകയും കാണുകയും ചെയ്യുന്നുണ്ട്'' (ത്വാഹാ: 45,46).

ഫിര്‍ഔനിന്റെ അതിക്രമങ്ങളില്‍ നിന്ന് മൂസാനബി(അ) ഇസ്‌റാഈല്‍ ജനതയെ രക്ഷപ്പെടുത്തി കൊണ്ടുപോകുമ്പോള്‍ ഫിര്‍ഔന്‍ അവരെ പിന്തുടര്‍ന്നു. മൂസാ നബി(അ) ചെന്നെത്തിയതാകട്ടെ കടലിന്റെ മുന്നില്‍. പിന്നില്‍ ഫിര്‍ഔനും സൈന്യവും! അക്ഷരാര്‍ഥത്തില്‍ ചെകുത്താനും കടലിനുമിടയില്‍. ഈ സന്ദര്‍ഭത്തില്‍ പ്രതീക്ഷയറ്റ ഇസ്‌റാഈല്‍ ജനത പറഞ്ഞത് 'തീര്‍ച്ചയായും നാം പിടിയിലകപ്പെടാന്‍ പോകുന്നു'(അശ്ശുഅറാഅ്: 61) എന്നായിരുന്നു.

അപ്പോള്‍ മൂസാനബി(അ)യുടെ പ്രതികരണം: ''ഒരിക്കലുമില്ല, എന്റെ റബ്ബ് എന്റെ കൂടെയുണ്ട്. അവന്‍  എനിക്ക് വഴി (പോം വഴി)കാണിച്ച് തരും'' (അശ്ശുഅറാഅ്: 62).

ലോകത്തുള്ള സകലരും ഒറ്റക്കെട്ടായി എതിരിട്ടാലും വിശ്വാസികള്‍ ഭയപ്പെടുകയോ ദുഃഖിക്കുകയോ ചെയ്യേണ്ടതില്ല; അവര്‍ യഥാര്‍ഥ വിശ്വാസികളാണെങ്കില്‍. കാരണം അല്ലാഹുവില്‍ നിന്നുള്ള സഹായത്തെക്കാള്‍ വലുതായി മറ്റൊരു സഹായമില്ല.

''നിങ്ങളെ അല്ലാഹു സഹായിക്കുന്നപക്ഷം നിങ്ങളെ തോല്‍പിക്കാനാരുമില്ല. അവന്‍ നിങ്ങളെ കൈവിട്ടുകളയുന്ന പക്ഷം അവനു പുറമെ ആരാണ് നിങ്ങളെ സഹായിക്കാനുള്ളത്? അതിനാല്‍ സത്യവിശാസികള്‍ അല്ലാഹുവില്‍ ഭരമേല്‍പിക്കട്ടെ'' (ആലുഇംറാന്‍: 160).

 അധികാരത്തിന്റെ ചെങ്കോലും കിരീടവും ഉപയോഗിച്ച് വിശ്വാസികളെ അടിച്ചമര്‍ത്തിയാലും അന്തിമവിജയം സത്യവിശാസികള്‍ക്കാണെന്ന് ചരിത്രം പഠിപ്പിക്കുന്നു.  

അല്ലാഹു മനുഷ്യനെ സൃഷ്ടിച്ചതു മുതല്‍ ദജ്ജാലിന്റ ഫിത്‌നയെക്കാള്‍ മറ്റൊരു വലിയ പരീക്ഷണം ഇതുവരെ ഉണ്ടായിട്ടില്ല എന്ന നബി ﷺ യുടെ പ്രഖ്യാപനവും (സ്വഹീഹുല്‍ജാമിഅ് 7875) ആ കഠിന പരീക്ഷണ നാളുകളില്‍ പോലും ദജ്ജാലിനോടുള്ള അവിശ്വാസം തുറന്ന് പ്രഖ്യാപിക്കുന്ന സത്യവിശ്വാസിയെയും ദജ്ജാലില്‍ വിശ്വസിക്കാത്ത സത്യവിശ്വാസികളുടെ നിര്‍ഭയത്വത്തെയും നാം പഠിച്ചറിയുക.

കൂടെ ജീവിതത്തിന്റെ നിഖില മേഖലകളിലും അല്ലാഹുവിനെ മാത്രം ഭയന്ന്, ലോകസ്രഷ്ടാവിന്റെ നിരീക്ഷണം നമ്മുടെ സകല പ്രവര്‍ത്തനങ്ങളിലും ഉണ്ടെന്ന ബോധത്തില്‍ സൂക്ഷ്മതയോടെ ജീവിക്കുക. ശിര്‍ക്ക്, ബിദ്അത്തുകളെ പൂര്‍ണമായി വര്‍ജിച്ചുകൊണ്ടും സുന്നത്തുകളെ സ്‌നേഹിച്ചുകൊണ്ടുമുള്ള ഒരു മാതൃകാജീവിതം കെട്ടിപ്പടുക്കുക.

''അതായത് അല്ലാഹുവിന്റെ സന്ദേശങ്ങള്‍ എത്തിച്ചുകൊടുക്കുകയും അവനെ പേടിക്കുകയും അല്ലാഹുവല്ലാത്ത ഒരാളെയും പേടിക്കാതിരിക്കുകയും ചെയ്തിരുന്നവരുടെ കാര്യത്തിലുള്ള (അല്ലാഹുവിന്റെ നടപടി). കണക്ക് നോക്കുന്നവനായി അല്ലാഹു തന്നെ മതി'' (അല്‍അഹ്‌സാബ്: 39).