പവിത്രത
അബ്ദുല്‍ ജബ്ബാര്‍ മദീനി
2020 ജൂലൈ 11 1441 ദുല്‍ക്വഅദ് 20
(ഇസ്‌ലാം പഠിപ്പിക്കുന്ന ഉത്തമ സ്വഭാവങ്ങള്‍: 25)
ജഡികേച്ഛകളെ തൊട്ട് ശരീരത്തെ നിയന്ത്രിക്കുക, ശാരീരിക ധര്‍മം നിലനിര്‍ത്തുകയും ആരോഗ്യത്തെ സംരക്ഷിക്കുകയും ചെയ്യുന്നതില്‍ ദേഹത്തെ തടഞ്ഞിടുക, സുഖാസ്വാദനങ്ങളിലെല്ലാം അമിതവ്യയം വെടിഞ്ഞ് മിതത്വം പാലിക്കുക തുടങ്ങിയതെല്ലാം പവിത്രജീവിതം തേടുന്ന കാര്യങ്ങളാണല്ലോ. പവിത്ര ജീവിതം നയിക്കുവാനുള്ള കല്‍പനയും പ്രോത്സാഹവുമേകുന്ന വചനങ്ങള്‍ പ്രമാണങ്ങളില്‍ ഏറെയാണ്.
''(നബിയേ,)നീ സത്യവിശ്വാസികളോട് അവരുടെ ദൃഷ്ടികള്‍ താഴ്ത്തുവാനും ഗുഹ്യാവയവങ്ങള്‍ കാത്തുസൂക്ഷിക്കുവാനും പറയുക. അതാണ് അവര്‍ക്ക് ഏറെ പരിശുദ്ധമായിട്ടുള്ളത്'' (ക്വുര്‍ആന്‍ 24:30).
''സത്യവിശ്വാസിനികളോടും അവരുടെ ദൃഷ്ടികള്‍ താഴ്ത്തുവാനും അവരുടെ ഗുഹ്യാവയവങ്ങള്‍ കാത്തുസൂക്ഷിക്കുവാനും അവരുടെ ഭംഗിയില്‍നിന്ന് പ്രത്യക്ഷമായതൊഴിച്ച് മറ്റൊന്നും വെളിപ്പെടുത്താതിരിക്കുവാനും നീ പറയുക. അവരുടെ മക്കനകള്‍ കുപ്പായമാറുകള്‍ക്ക് മീതെ അവര്‍ താഴ്ത്തിയിട്ടുകൊള്ളട്ടെ. അവരുടെ ഭര്‍ത്താക്കന്മാര്‍, അവരുടെ പിതാക്കള്‍, അവരുടെ ഭര്‍തൃപിതാക്കള്‍, അവരുടെ പുത്രന്മാര്‍, അവരുടെ ഭര്‍തൃപുത്രന്മാര്‍, അവരുടെ സഹോദരന്മാര്‍, അവരുടെ സഹോദരപുത്രന്മാര്‍, അവരുടെ സഹോദരീ പുത്രന്മാര്‍, മുസ്‌ലിംകളില്‍ നിന്നുള്ള സ്ത്രീകള്‍, അവരുടെ വലംകൈകള്‍ ഉടമപ്പെടുത്തിയവര്‍ (അടിമകള്‍), ലൈംഗികാസക്തി ഉള്ളവരല്ലാത്ത പുരുഷന്‍മാരായ പരിചാരകര്‍, സ്ത്രീകളുടെ രഹസ്യങ്ങള്‍ മനസ്സിലാക്കിയിട്ടില്ലാത്ത കുട്ടികള്‍ എന്നിവരൊഴിച്ച് മറ്റാര്‍ക്കും തങ്ങളുടെ ഭംഗി അവര്‍ വെളിപ്പെടുത്തരുത്. തങ്ങള്‍ മറച്ചുവെക്കുന്ന തങ്ങളുടെ അലങ്കാരം അറിയപ്പെടുവാന്‍ വേണ്ടി അവര്‍ കാലിട്ടടിക്കുകയും ചെയ്യരുത്. സത്യവിശ്വാസികളേ, നിങ്ങളെല്ലാവരും അല്ലാഹുവിങ്കലേക്ക് ഖേദിച്ചു മടങ്ങുക. നിങ്ങള്‍ വിജയം പ്രാപിച്ചേക്കാം'' (ക്വുര്‍ആന്‍ 24:31).
''വിവാഹം കഴിക്കാന്‍ കഴിവ് ലഭിക്കാത്തവര്‍ അവര്‍ക്ക് അല്ലാഹു തന്റെ അനുഗ്രഹത്തില്‍നിന്ന് സ്വാശ്രയത്വം നല്‍കുന്നതുവരെ സന്മാര്‍ഗനിഷ്ഠ നിലനിര്‍ത്തട്ടെ'' (ക്വുര്‍ആന്‍ 24: 33).
സാമൂഹിക ജീവിതത്തിലും ലൈംഗിക ജീവിതത്തിലും മാത്രമല്ല പവിത്രതയും നിഷ്ഠയും പുലര്‍ത്തേണ്ടത്. പ്രത്യുത സമ്പത്തിന്റെ വിഷയത്തിലും അതു പുലര്‍ത്തേണ്ടതുണ്ട്. അനാഥകളെ സംരക്ഷിക്കുന്നവര്‍ അവരുടെ സമ്പത്തിനോട് പുലര്‍ത്തേണ്ട നിലപാട് അല്ലാഹു പറയുന്നത് ഇപ്രകാരമാണ്:
''അനാഥകളെ നിങ്ങള്‍ പരീക്ഷിച്ച് നോക്കുക. അങ്ങനെ അവര്‍ക്കു വിവാഹപ്രായമെത്തിയാല്‍ നിങ്ങളവരില്‍ കാര്യബോധം കാണുന്ന പക്ഷം അവരുടെ സ്വത്തുക്കള്‍ അവര്‍ക്ക് വിട്ടുകൊടുക്കുക. അവര്‍ (അനാഥകള്‍) വലുതാകുമെന്നത് കണ്ട് അമിതമായും ധൃതിപ്പെട്ടും അത് തിന്നുതീര്‍ക്കരുത്. ഇനി (അനാഥരുടെ സംരക്ഷണമേല്‍ക്കുന്ന) വല്ലവനും കഴിവുള്ളവനാണെങ്കില്‍ (അതില്‍ നിന്നു എടുക്കാതെ) മാന്യത പുലര്‍ത്തുകയാണ് വേണ്ടത്. വല്ലവനും ദരിദ്രനാണെങ്കില്‍ മര്യാദപ്രകാരം അയാള്‍ക്കതില്‍ നിന്ന് ഭക്ഷിക്കാവുന്നതാണ്. എന്നിട്ടവരുടെ സ്വത്തുക്കള്‍ അവര്‍ക്ക് നിങ്ങള്‍ ഏല്‍പിച്ചുകൊടുക്കുമ്പോള്‍ നിങ്ങളതിന് സാക്ഷി നിര്‍ത്തേണ്ടതുമാണ്. കണക്കു നോക്കുന്നവനായി അല്ലാഹു തന്നെ മതി''(ക്വുര്‍ആന്‍ 04:06).
പവിത്ര ജീവിതത്തിന്റെ മഹത്ത്വമറിയിക്കുന്ന തിരുമൊഴികളും ധാരാളാമണ്. അബൂഹുറയ്‌റ(റ)യില്‍ നിന്ന് നിവേദനം. തിരുദൂതര്‍ പറഞ്ഞു:
''മൂന്നു കൂട്ടര്‍, അവരെ സഹായിക്കല്‍ അല്ലാഹു ബാധ്യതയായി ഏറ്റിരിക്കുന്നു. അല്ലാഹുവിന്റെ മാര്‍ഗത്തില്‍ ജിഹാദ് ചെയ്യുന്നവര്‍, കടബാധ്യത(മോചനദ്രവ്യം) നല്‍കി വീട്ടുവാനുദ്ദേശിക്കുന്ന മോചന പത്രം എഴുതപ്പെട്ട അടിമ, പവിത്രത ഉദ്ദേശിച്ച് വിവാഹം കഴിക്കുന്നവന്‍'' (സുനനുത്തുര്‍മുദി, അല്‍ബാനി ഹസനെന്ന് വിശേഷിപ്പിച്ചു).
അബൂഹുറയ്‌റ(റ)യില്‍നിന്ന് നിവേദനം; അല്ലാഹുവിന്റെ റസുല്‍ ﷺ പറഞ്ഞു: ''ആറു കാര്യങ്ങള്‍ക്ക് (അവ പ്രാവര്‍ത്തികമാക്കാം എന്നതിന്) നിങ്ങള്‍ എനിക്ക് മനസ്സാ ജാമ്യംനില്‍ക്കുക. ഞാന്‍ നിങ്ങള്‍ക്ക് സ്വര്‍ഗത്തിന് ജാമ്യംനില്‍ക്കാം. നിങ്ങള്‍ സംസാരിച്ചാല്‍ സത്യം പറയുക, നിങ്ങള്‍ കരാര്‍ ചെയ്താല്‍ പൂര്‍ത്തീകരിക്കുക. നിങ്ങള്‍ വിശ്വസിച്ചേല്‍പിക്കപ്പെട്ടാല്‍ അമാനത്ത് നിര്‍വഹിക്കുക. നിങ്ങള്‍ നിങ്ങളുടെ ഗുഹ്യാവയവങ്ങള്‍ സൂക്ഷിക്കുക, നിങ്ങളുടെ ദൃഷ്ടികള്‍ താഴ്ത്തുക, നിങ്ങളുടെ കൈകളെ (തെറ്റുകളില്‍നിന്ന്) തടുക്കുക'' (മുസ്‌നദു അഹ്മദ്, സ്വഹീഹു ഇബ്‌നി ഹിബ്ബാന്‍. അല്‍ബാനി ഹദീഥിനെ 'സ്വഹീഹുന്‍ ലി ഗയ്‌രിഹി' എന്ന് വിശേഷിപ്പിച്ചു).
സമ്പത്തിന്റെ വിഷയത്തില്‍ പവിത്രതയും ധര്‍മനിഷ്ഠയും പുലര്‍ത്തുവാന്‍ പ്രചോദനമേകുന്ന ഏതാനും തിരുമൊഴികള്‍ ഇവിടെ നല്‍കുന്നു.
ജുന്‍ദുബ് ഇബ്‌നു അബ്ദില്ല(റ)യില്‍ നിന്ന് നിവേദനം; തിരുദൂതര്‍ ﷺ പറയുന്നത് ഞാന്‍ കേട്ടു: ''നിശ്ചയം, (മരണാനന്തരം) മനുഷ്യനില്‍ ആദ്യമായി ജീര്‍ണിച്ച് നാറുന്നത് അവന്റെ വയറായിരിക്കും. അതിനാല്‍ അവന് നല്ലത് ഭക്ഷിക്കാനാവുമെങ്കില്‍ നല്ലതുമാത്രം ഭക്ഷിക്കട്ടെ. താന്‍ ചിന്തിയ ഒരു കൈക്കുമ്പിള്‍ രക്തം കാരണത്താല്‍ തന്റെയും സ്വര്‍ഗത്തിന്റെയും ഇടയില്‍ മറവീഴ്ത്തപ്പെടും; അങ്ങനെ സ്വര്‍ഗത്തെതൊട്ട് മറക്കപ്പെടാതിരിക്കുവാന്‍ ഒരാള്‍ക്ക് കഴിയുമെങ്കില്‍ അയാള്‍ അപ്രകാരം ചെയ്യട്ടെ'' (ബുഖാരി).
അബൂഹുറയ്‌റ(റ)യില്‍നിന്ന് നിവേദനം; അല്ലാഹുവിന്റെ റസൂല്‍ ﷺ പറഞ്ഞു: ''ജനങ്ങള്‍ക്ക് ഒരു കാലം വരും. അന്ന് മനുഷ്യന്‍ താന്‍ സ്വീകരിച്ച സമ്പത്ത് ഹലാലാണോ അതല്ല ഹറാമാണോ എന്നത് ഗൗനിക്കില്ല''(ബുഖാരി).
അദിയ്യ് ഇബ്‌നുഉമയ്‌റ(റ)യില്‍ നിന്ന് നിവേദനം; തിരുദൂതര്‍ ﷺ പറയുന്നത് ഞാന്‍ കേട്ടു: ''നിങ്ങളില്‍ വല്ലവരെയും നാം ഒരു ജോലിക്കായി നിയോഗിക്കുകയും ശേഷം അയാള്‍ ഒരു സൂചിയോ അതിന് ഉപരിയില്‍ വല്ലതുമോ നമ്മില്‍ നിന്ന് മറച്ചുവെച്ചാല്‍ അത് ഗുലൂലായി. അന്ത്യനാളില്‍ അയാള്‍ അത് കൊണ്ടുവരുന്നതായിരിക്കും''(മുസ്‌ലിം).
ബുറയ്ദ(റ)യില്‍ നിന്ന് നിവേദനം; തിരുനബി ﷺ പറഞ്ഞു: ''വല്ലവരെയും നാം ഒരു ജോലിക്കായി നിയോഗിക്കുകയും അയാള്‍ക്ക് നാം വേതനം നിശ്ചയിക്കുകയും ചെയ്തു; അതില്‍ പിന്നെ അയാള്‍ സ്വീകരിക്കുന്നതെന്താണോ അത് ഗുലൂലാണ്''(സുനനുഅബീദാവൂദ്. അല്‍ബാനി സ്വഹീഹെന്ന് വിശേഷിപ്പിച്ചു).
പവിത്രതക്കായി സദാ പ്രാര്‍ഥിക്കുന്നവനായിരുന്നു തിരുനബി ﷺ . ഇബ്‌നു മസ്ഊദി(റ)ല്‍ നിന്ന് നിവേദനം: ''അല്ലാഹുവേ, ഞാന്‍ നിന്നോട് സന്മാര്‍ഗവും തക്വ്‌വയും പവിത്രതയും ഐശ്വര്യവും തേടുന്നു'' (മുസ്‌ലിം).
ഒരു രാവു മുഴുവനും ഉറക്കമില്ലാതെ അസ്വസ്ഥതയില്‍ കഴിച്ചുകൂട്ടിയ തിരുനബി ﷺ യോട് കാരണം തിരക്കിയ തന്റെ ഭാര്യക്ക് അവിടുന്ന് നല്‍കിയ പ്രതികരണം ഇപ്രകാരമായിരുന്നു:
''ഞാന്‍ എന്റെ പാര്‍ശ്വത്തിനു താഴെ ഒരു കാരക്ക കണ്ടു. ഞാന്‍ അത് ഭക്ഷിച്ചു. നമ്മുടെ അടുക്കല്‍ സ്വദക്വഃയുടെ കാരക്കകളുണ്ടായിരുന്നു. ഞാന്‍ കഴിച്ച കാരക്ക അതാകുമോ എന്ന് ഞാന്‍ ഭയന്നു'' (മുസ്‌നദു അഹ്മദ്, അര്‍നാഊത്വ് ഹസനെന്ന് വിശേഷിപ്പിച്ചു).
നബി ﷺ പറഞ്ഞതായി അബൂഹുറയ്‌റ(റ) നിവേദനം: ''ഞാന്‍ എന്റെ കുടുംബത്തിലേക്ക് മടങ്ങും. അപ്പോള്‍ കാരക്ക എന്റെ വിരിപ്പില്‍ വീണുകിടക്കുന്നതായി ഞാന്‍ കാണുകയും അതു ഭക്ഷിക്കുവാന്‍ വായിലേക്ക് ഉയര്‍ത്തുകയും അപ്പോള്‍ അത് സ്വദക്വയുടേതാകുമെന്ന് ഭയന്ന് ഞാന്‍ താഴെ ഇടുമായിരുന്നു'' (ബുഖാരി).
ഹിംസ്വ് ദേശത്ത് ഉമറി(റ)ന്റെ ഗവര്‍ണറായിരിക്കെ ഇയാദ്വ് ഇബ്‌നുഗനം(റ) തന്റെ ബന്ധുക്കളോട് ഇപ്രകാരം പറഞ്ഞു:
''അല്ലാഹുവാണെ സത്യം, ഒരു നാണയത്തുട്ട് കവര്‍ന്നെടുക്കുന്നതിനെക്കാള്‍ അല്ലെങ്കില്‍ അതിക്രമിച്ചെടുക്കുന്നതിനെക്കാള്‍ എനിക്ക് ഏറ്റവും ഇഷ്ടകരമായത് ഞാന്‍ ഈര്‍ച്ചവാള്‍ കൊണ്ട് പിളര്‍ക്കപ്പെടലാണ്.''