ചില പരീക്ഷാചിന്തകള്‍

അര്‍ഷദ് അല്‍ഹികമി, താനൂര്‍

2020 ഫെബ്രുവരി 22 1441 ജുമാദല്‍ ആഖിറ 23

ഒരു പരീക്ഷാകാലം കൂടി അരികിലെത്തുന്നു...

പരീക്ഷയുടെ മുന്നെയുള്ള സമയം ഫലപ്രദമായി ഉപയോഗപ്പെടുത്തിയാല്‍ ഓരോ പരീക്ഷയും നമുക്ക് മധുരം നല്‍കും.

പരീക്ഷക്ക് ഒരുങ്ങുക

നമ്മുടെ പരിശ്രമത്തിനനുസരിച്ചാണ് നമുക്ക് ലഭിക്കുന്ന നേട്ടങ്ങളും. വിതച്ചതേ കൊയ്യൂ എന്നത് നാം മറക്കാതിരിക്കുക. കഠിനാധ്വാനം ചെയ്തിറക്കിയ കൃഷിയിലെ വിളവെടുപ്പാണ് പരീക്ഷ. അധ്വാനിച്ചാല്‍ വിളവെടുപ്പ് സന്തോഷകരമാവും; അലസന്‍മാര്‍ക്ക് നിരാശയും.

നല്ല പ്ലാനിങിന് നല്ല മാര്‍ക്ക്

ഏതൊരു കാര്യവും വിജയത്തിലെത്താന്‍ ലക്ഷ്യബോധവും കൃത്യമായ പ്ലാനിങും വേണം.

ഉറുമ്പിന്‍ കൂട്ടം യാത്ര ചെയ്യുന്നത് കണ്ടിട്ടില്ലേ? വഴിയിലെ പ്രതിബന്ധങ്ങളെ അതിജീവിച്ച് അവ ലക്ഷ്യത്തിലേക്ക് കുതിക്കും.

പഠനകാലത്ത് ഏത് പ്രതിസന്ധികളെ അഭിമുഖീകരിക്കേണ്ടി വന്നാലും അവയെ അതിജയിച്ച് ലക്ഷ്യത്തിലെത്താന്‍ നമുക്ക് കഴിയണം

പ്രാര്‍ഥന മറക്കാതിരിക്കാം

റബ്ബിന്റെ സഹായം ഏത് കാര്യത്തിലും നമുക്കാവശ്യമാണ്. നന്നായി പഠിക്കുക; റബ്ബിനോട് പ്രാര്‍ഥിക്കുക. ഏത് സമയത്തും അടിമയുടെ പ്രാര്‍ഥന കേള്‍ക്കുന്ന റബ്ബുള്ളപ്പോള്‍ നമുക്കെന്തിന് നിരാശ? പ്രാര്‍ഥനക്ക് ഉത്തരം ലഭിക്കുമെന്ന് നബി ﷺ  പറഞ്ഞുതന്ന സമയങ്ങള്‍ പ്രത്യേകം തിരഞ്ഞെടുക്കുക.

ഭരമേല്‍പിക്കാം

നമുക്ക് ചെയ്യാന്‍ കഴിയുന്നത് പരമാവധി ചെയ്യുക; ശേഷം സ്രഷ്ടാവില്‍ ഭരമേല്‍പിക്കുക. അല്ലാഹുവില്‍ ഭരമേല്‍പിച്ചാല്‍ സഹായിക്കും എന്നത് അവന്റെ വാഗ്ദാനമാണ്. പ്രതീക്ഷയോടെ ഭരമേല്‍പിക്കുക. അല്ലാഹുവിന്റെ വിധി എന്താണെങ്കിലും അത് ഉള്‍ക്കൊള്ളാന്‍ തയ്യാറാവുക.

തിന്മയില്‍ സഹകരണമരുത്

വഞ്ചന ഒരു കാര്യത്തിലും അനുവദിക്കപ്പെട്ടതല്ല. അതിനാല്‍തന്നെ അത് വിശ്വാസിക്ക് ചേര്‍ന്നതുമല്ല. കോപ്പിയടിക്കുക എന്നത് വഞ്ചനയാണ്. സഹപാഠികളോടുള്ള, അധ്യാപകരോടുള്ള, സമൂഹത്തോടുള്ള, സ്വന്തത്തോടുള്ള വഞ്ചന. സഹകരിക്കേണ്ടത് നന്മയിലാണ്. തിന്മയോട് പുറംതിരിഞ്ഞ് നില്‍ക്കാന്‍ നമുക്കാകണം. അനര്‍ഹമായി നേടുന്നതില്‍ എങ്ങനെയാണ് സന്തോഷിക്കാന്‍ കഴിയുക?  അര്‍ഹതയുള്ളത് കുറച്ചാണെങ്കിലും അതിന് ഒരു മധുരമുണ്ട്.

ജീവിതമെന്ന പരീക്ഷ മറക്കാതിരിക്കാം

ഈ ജീവിതം ഒരു പരീക്ഷയാണ്. ഏറ്റവും നന്നായി പ്രവര്‍ത്തിക്കുന്നവനാര് എന്നറിയാനുള്ള പരീക്ഷ. പരാജിതര്‍ക്ക് സേ പരീക്ഷകളോ മറ്റ് അവസരങ്ങളോ ഇല്ലാത്ത പരീക്ഷ. എത്ര സമയമെന്നറിയാത്ത, അവസാന മണി എപ്പോള്‍ മുഴങ്ങുമെന്നറിയാത്ത പരീക്ഷ.

മറക്കാതിരിക്കുക. സമയം നഷ്ടപ്പെടുത്താതിരിക്കുക. നന്മകള്‍ സമ്പാദിക്കുക; ഫലപ്രഖ്യാപനത്തിന്റെ വിചാരണ നാളിലേക്ക്.