ക്ഷണികമീ ജീവിതം

മെഹബൂബ് മദനി ഒറ്റപ്പാലം

2020 മാര്‍ച്ച് 21 1441 റജബ് 26

കാരുണ്യത്തിന്റെ തിരുദൂതര്‍ ﷺ  നാമെല്ലാം ജീവിച്ചുകൊണ്ടിരിക്കുന്ന ഈ ദുന്‍യാവിലെ ജീവിതത്തെ വിശേഷിപ്പിച്ചത് ഒരു മരത്തണലില്‍ ഇത്തിരി നേരം വിശ്രമിക്കുന്നതിനോടാണ്. ഈയൊരു ജീവിത കാഴ്ചപ്പാടുമായി മുന്നോട്ട് പോകുന്ന മുസ്‌ലിമിന് മാനസികമായി അനുഭവിക്കാന്‍ കഴിയുന്ന നിര്‍വൃതി പറഞ്ഞറിയിക്കാനാവാത്തതാണ്. നബി ﷺ  ഇക്കാര്യം വിശദീകരിക്കാനുണ്ടായ സാഹചര്യം സ്വഹാബത്ത് ഉദ്ധരിക്കുന്നത് കാണുക:

അബ്ദുല്ലാഹിബ്‌നു മസ്ഊദ്(റ)വില്‍നിന്ന് നിവേദനം: ''ഒരവസരത്തില്‍ നബി ﷺ  ഒരു പായില്‍ കിടന്നുറങ്ങി എഴുന്നേറ്റു. ആ പായ തിരുദൂതന്റെ ശരീരത്തില്‍ അടയാളങ്ങളുണ്ടാക്കിയിരുന്നു. ഞങ്ങളപ്പോള്‍ അദ്ദേഹത്തോട് ചോദിച്ചു: 'അല്ലാഹുവിന്റെ പ്രവാചകരേ, അങ്ങേക്ക് ഞങ്ങളൊരു മാര്‍ദവമുള്ള വിരിപ്പുണ്ടാക്കിത്തന്നാലോ?' അന്നേരം തിരുദൂതര്‍ ﷺ  പറഞ്ഞു: 'ദുന്‍യാവുമായി എനിക്കെന്തു ബന്ധമാണ്? ഒരു മരച്ചുവട്ടില്‍ കുറച്ചുസമയം നിഴലേറ്റു വി്രശമിച്ച, പിന്നീട് അത് ഉപേക്ഷിച്ച്‌പോയ ഒരു യാത്രക്കാരനെപ്പോലെ മാത്രമാണ് ഞാനീ ലോകത്തില്‍'' (മുസ്‌ലിം).

ദുന്‍യാവിലെ വിഭവങ്ങളെന്തായിരുന്നാലും അതൊന്നും ശാശ്വതമല്ലെന്ന തിരിച്ചറിവുണ്ടാകുന്നതിലൂടെ ശക്തമായ പരീക്ഷണങ്ങളില്‍ പോലും റബ്ബിനെയോര്‍ത്ത് സംതൃപ്തിയടയാനുള്ള കരുത്താണ് വിശ്വാസികള്‍ക്കുണ്ടാകുന്നത്. റബ്ബിന്റെ വചനങ്ങളും ഐഹികജീവിതത്തെക്കുറിച്ച് ഇത്തരുണത്തിലാണ് വിശദീകരിക്കുന്നത്. അല്ലാഹു പറയുന്നു:

''നാം ആകാശത്ത് നിന്ന് വെള്ളം ഇറക്കിയിട്ട് അതുമൂലം മനുഷ്യര്‍ക്കും കാലികള്‍ക്കും ഭക്ഷിക്കാനുള്ള ഭൂമിയിലെ സസ്യങ്ങള്‍ ഇടകലര്‍ന്നു വളര്‍ന്നു. അങ്ങനെ ഭൂമി അതിന്റെ അലങ്കാരമണിയുകയും, അത് അഴകാര്‍ന്നതാകുകയും, അവയൊക്കെ കരസ്ഥമാക്കാന്‍ തങ്ങള്‍ക്ക് കഴിയുമാറായെന്ന് അതിന്റെ ഉടമസ്ഥര്‍ വിചാരിക്കുകയും ചെയ്തപ്പോഴതാ ഒരു രാത്രിയോ പകലോ നമ്മുടെ കല്‍പന അതിന് വന്നെത്തുകയും, തലേദിവസം അവയൊന്നും അവിടെ നിലനിന്നിട്ടേയില്ലാത്ത മട്ടില്‍ നാമവയെ ഉന്‍മൂലനം ചെയ്യപ്പെട്ട അവസ്ഥയിലാക്കുകയും ചെയ്യുന്നു. ഇതുപോലെ മാത്രമാകുന്നു ഐഹികജീവിതത്തിന്റെ ഉപമ. ചിന്തിക്കുന്ന ആളുകള്‍ക്കു വേണ്ടി അപ്രകാരം നാം തെളിവുകള്‍ വിശദീകരിക്കുന്നു'' (10:24).

ദുന്‍യാവിനെ പാടെ കയ്യൊഴിഞ്ഞ് ജീവിക്കണമെന്നല്ല ഇസ്‌ലാം അനുശാസിക്കുന്നത്. മറിച്ച് നശ്വരമായ ഐഹികജീവിതത്തെക്കാള്‍ ഏറെ പ്രാധാന്യം പാരത്രിക ജീവിതത്തിനും അവിടുത്തേക്ക് വേണ്ട പാഥേയമൊരുക്കാനും വിശ്വാസികള്‍ ശ്രദ്ധിക്കണമെന്നാണ് സത്യമതത്തിന്റെ അധ്യാപനം. അല്ലാഹു പറയുന്നു:

''(നബിയേ,) നീ അവര്‍ക്ക് ഐഹികജീവിതത്തിന്റെ ഉപമ വിവരിച്ചുകൊടുക്കുക: ആകാശത്ത് നിന്ന് നാം വെള്ളം ഇറക്കി. അതുമൂലം ഭൂമിയില്‍ സസ്യങ്ങള്‍ ഇടകലര്‍ന്ന് വളര്‍ന്നു. താമസിയാതെ അത് കാറ്റുകള്‍ പറത്തിക്കളയുന്ന തുരുമ്പായിത്തീര്‍ന്നു. (അതുപോലെയത്രെ ഐഹികജീവിതം). അല്ലാഹു ഏത് കാര്യത്തിനും കഴിവുള്ളവനാകുന്നു.സ്വത്തും സന്താനങ്ങളും ഐഹികജീവിതത്തിന്റെ അലങ്കാരമാകുന്നു. എന്നാല്‍ നിലനില്‍ക്കുന്ന സല്‍കര്‍മങ്ങളാണ് നിന്റെ രക്ഷിതാവിങ്കല്‍ ഉത്തമമായ പ്രതിഫലമുള്ളതും ഉത്തമമായ പ്രതീക്ഷ നല്‍കുന്നതും'' (18:45,46).

മനുഷ്യര്‍ക്ക് അല്ലാഹു ഐഹിക വിഭവങ്ങള്‍ നല്‍കുന്നത് അവനോടുള്ള സാമീപ്യത്തിന്റെ അടയാളമായി ആരും കരുതേണ്ടതില്ല. അതെല്ലാം പരീക്ഷണം മാത്രമാണ്. ഇതിലേക്ക് വെളിച്ചം വീശുന്ന സ്രഷ്ടാവിന്റെ വചനങ്ങള്‍ കാണുക:

''അവര്‍ പറഞ്ഞു: ഞങ്ങള്‍ കൂടുതല്‍ സ്വത്തുക്കളും സന്താനങ്ങളുമുള്ളവരാകുന്നു. ഞങ്ങള്‍ ശിക്ഷിക്കപ്പെടുന്നവരല്ല. നീ പറയുക: തീര്‍ച്ചയായും എന്റെ രക്ഷിതാവ് താന്‍ ഉദ്ദേശിക്കുന്നവര്‍ക്ക് ഉപജീവനം വിശാലമാക്കുകയും (താന്‍ ഉദ്ദേശിക്കുന്നവര്‍ക്ക്) അത് ഇടുങ്ങിയതാക്കുകയും ചെയ്യുന്നു. പക്ഷേ, ജനങ്ങളില്‍ അധികപേരും അറിയുന്നില്ല.നിങ്ങളുടെ സമ്പത്തുക്കളും നിങ്ങളുടെ സന്താനങ്ങളുമൊന്നും നമ്മുടെ അടുക്കല്‍ നിങ്ങള്‍ക്ക് സാമീപ്യമുണ്ടാക്കിത്തരുന്നവയല്ല. വിശ്വസിക്കുകയും നല്ലത് പ്രവര്‍ത്തിക്കുകയും ചെയ്തവര്‍ക്കൊഴികെ. അത്തരക്കാര്‍ക്ക് തങ്ങള്‍ പ്രവര്‍ത്തിച്ചതിന്റെ ഫലമായി ഇരട്ടി പ്രതിഫലമുണ്ട്. അവര്‍ ഉന്നത സൗധങ്ങളില്‍ നിര്‍ഭയരായി കഴിയുന്നതുമാണ്'' (34:35-37).

നബി ﷺ  തന്റെ പ്രിയ അനുചരന് കൊടുക്കുന്ന ഉപദേശവും എഹികജീവിതത്തെക്കുറിച്ച് നമുക്കുണ്ടായിരിക്കേണ്ട കാഴ്ചപ്പാട് മനസ്സിലാക്കാന്‍ പോന്നതാണ്. ഇബ്‌നുഉമര്‍(റ)വില്‍നിന്ന്: ''ഒരവസരത്തില്‍ തുരുദൂതന്‍ ﷺ  എന്റെ രണ്ടു ചുമലുകള്‍ പിടിച്ചുകൊണ്ട് അരുള്‍ ചെയ്തു: ''നീ ഇഹലോകത്ത് ഒരു വിേദശിയെ പോലെയോ ഒരു വഴിപോക്കനെ പോലെയോ ജീവിച്ചുകൊള്ളുക'' (ബുഖാരി).

ഈ ഉപദേശത്തിന്റെ അകക്കാമ്പുള്‍ക്കൊണ്ട് ഇബ്‌നുഉമര്‍(റ) ഇപ്രകാരം പറയാറുണ്ടായിരുന്നു: ''വൈകുന്നേരമായാല്‍ നീ പ്രഭാതത്തെ പ്രതീക്ഷിക്കരുത്. പ്രഭാതമായാല്‍ പ്രദോഷത്തെയും നീ പ്രതീക്ഷിക്കേണ്ട. നിന്റെ ആരോഗ്യഘട്ടത്തില്‍ നിന്ന് അനാരോഗ്യഘട്ടത്തിലേക്ക് വേണ്ടത് നീ സംഭരിക്കുക. നിന്റെ ജീവിതഘട്ടത്തില്‍ മരണഘട്ടത്തിലേക്ക് വേണ്ടതും നീ നേടിയെടുക്കുക'' (ബുഖാരി).  

അല്ലാഹു ഇഷ്ടപ്പെടുന്ന ഒരു കാര്യം അന്വേഷിച്ചു വന്നയാളോട് നബി ﷺ  പറഞ്ഞതും ഇത്തരുണത്തില്‍ പ്രസക്തമാണ്. സഹ്ല്‍(റ)വില്‍നിന്ന്: ''ഒരാള്‍ നബി ﷺ യുടെ സന്നിധിയില്‍ വന്നു പറഞ്ഞു: 'പ്രവാചകരേ, എനിക്കൊരു സല്‍കര്‍മം അവിടുന്ന് പഠിപ്പിച്ചുതരണം. ഞാനത് പ്രവര്‍ത്തിച്ചാല്‍ അല്ലാഹുവും മനുഷ്യരും എന്നെ ഇഷ്ടപ്പെടണം.' റസൂല്‍ ﷺ  പറഞ്ഞു: 'ഐഹികാഡംബരങ്ങളെ നീ കൈവെടിയുക. എന്നാല്‍ അല്ലാഹു നിന്നെ ഇഷ്ടപ്പടും. ജനങ്ങളുടെ പക്കലുള്ളത് നീ മോഹിക്കാതിരിക്കുക. എന്നാല്‍ ജനങ്ങളും നിന്നെ തൃപ്തിപ്പെടും'' (ഇബ്‌നുമാജ).

ദുന്‍യാവിനെക്കുറിച്ചും അതിന്റെ ക്ഷണികതയക്കുറിച്ചും മനസ്സിലാക്കാന്‍ നബി ﷺ  ഉപയോഗിച്ച  ഉപമകളും ഏറെ ശ്രദ്ധേയമാണ്. മുസ്തൗരിദ്ബ്‌നു ശദ്ദാദ്(റ)വില്‍നിന്ന് നിവേദനം. റസൂല്‍ ﷺ  പറഞ്ഞു:: ''പരലോകത്തെ അപേക്ഷിച്ച് ഇഹലോകത്തിന്റെ അവസ്ഥ നിങ്ങളിലൊരാള്‍ സ്വന്തം വിരല്‍ സമുദ്രത്തില്‍ മുക്കിയെടുത്തത് പോലെയാണ്. (അതില്‍നിന്ന്) അവന്‍ എന്തുമായി മടങ്ങിയെന്ന് നോക്കട്ടെ'' (മുസ്‌ലിം).

നബി ﷺ  പറഞ്ഞ മറ്റൊരു ഉപമ കാണുക: ജാബിര്‍(റ)വില്‍നിന്ന്. ''നിശ്ചയം റസൂല്‍ ﷺ  ഒരിക്കല്‍ അങ്ങാടിയിലുടെ നടന്നുപോയി.  ഇരുപാര്‍ശ്വങ്ങളിലും കുറെ ജനങ്ങളുമുണ്ട്. അങ്ങനെ ചെവി മുറിക്കപ്പെട്ട ചത്ത ഒരു ആടിന്റെ അരികിലുെട നടന്നുപേകാനിടയായി. അതിന്റെ ചെവി പിടിച്ചുകൊണ്ട് നബി ﷺ  പറഞ്ഞു: 'നിങ്ങളിലാരാണ് ഒരു ദിര്‍ഹമിന് ഇത് വാങ്ങാനിഷ്ടപ്പെടുന്നത്?' അവര്‍ പറഞ്ഞു: 'യാതൊന്നും െകാടുത്ത് അതു വാങ്ങാന്‍ ഞങ്ങളിഷ്ടപ്പെടുന്നില്ല. അതുകൊണ്ട് ഞങ്ങള്‍ എന്തുചെയ്യാനാണ്?' വീണ്ടും നബി ﷺ  ചോദിച്ചു: 'എന്നാല്‍ ഒരു പ്രതിഫലവും കൂടാതെ നിങ്ങള്‍ക്കിത് ലഭിക്കുന്നത് നിങ്ങള്‍ ഇഷ്ടപ്പെടുന്നുവോ?' അവര്‍ പറഞ്ഞു: 'അല്ലാഹുവാണെ! അത് ചെവി മുറിക്കപ്പെട്ടതുകൊണ്ട് ജീവനുള്ളപ്പോള്‍ തന്നെ ന്യൂനതയുള്ളതാണല്ലോ. ചത്തുകഴിഞ്ഞാല്‍ പിന്നെ പറയാനുമുണ്ടോ!' അപ്പോള്‍ നബി ﷺ  പറഞ്ഞു: 'ഇത് നിങ്ങള്‍ക്ക് എത്ര നിസ്സാരമാണോ അതിലുപരി ഇഹലോകം അല്ലാഹുവിങ്കല്‍ നിസ്സാരമാണ്'' (മുസ്‌ലിം).

ഐഹികജീവിതത്തിന്റെ വിനോദങ്ങളില്‍ മതിമറക്കാതെ അനന്തമായ പാരത്രിക ജീവിതത്തില്‍ മുന്നേറാനുള്ള നമ്മുടെ നാഥന്റെ കല്‍പന സൂറത്തുല്‍ ഹദീദില്‍ ഇങ്ങനെ വായിക്കാം:

''നിങ്ങള്‍ അറിയുക: ഇഹലോകജീവിതമെന്നാല്‍ കളിയും വിനോദവും അലങ്കാരവും നിങ്ങള്‍ പരസ്പരം ദുരഭിമാനം നടിക്കലും സ്വത്തുകളിലും സന്താനങ്ങളിലും പെരുപ്പം കാണിക്കലും മാത്രമാണ്- ഒരു മഴ പോലെ. അതു മൂലമുണ്ടായ ചെടികള്‍ കര്‍ഷകരെ ആശ്ചര്യപ്പെടുത്തി. പിന്നീടതിന് ഉണക്കം ബാധിക്കുന്നു. അപ്പോള്‍ അത് മഞ്ഞനിറം പൂണ്ടതായി നിനക്ക് കാണാം. പിന്നീടതു തുരുമ്പായിപ്പോകുന്നു. എന്നാല്‍ പരലോകത്ത് (ദുര്‍വൃത്തര്‍ക്ക്) കഠിനമായ ശിക്ഷയും (സദ്‌വൃത്തര്‍ക്ക്) അല്ലാഹുവിങ്കല്‍ നിന്നുള്ള പാപമോചനവും പ്രീതിയും ഉണ്ട്. ഐഹികജീവിതം വഞ്ചനയുടെ വിഭവമല്ലാതെ മറ്റൊന്നുമല്ല.''

''നിങ്ങളുടെ രക്ഷിതാവിങ്കല്‍ നിന്നുള്ള പാപമോചനത്തിലേക്കും സ്വര്‍ഗത്തിലേക്കും നിങ്ങള്‍ മുന്‍കടന്നു വരുവിന്‍. അതിന്റെ വിസ്താരം ആകാശത്തിന്റെയും ഭൂമിയുടെയും വിസ്താരം പോലെയാണ്. അല്ലാഹുവിലും അവന്റെ ദൂതന്‍മാരിലും വിശ്വസിച്ചവര്‍ക്കു വേണ്ടി അത് സജ്ജീകരിക്കപ്പെട്ടിരിക്കുന്നു. അത് അല്ലാഹുവിന്റെ അനുഗ്രഹമത്രെ. അവന്‍ ഉദ്ദേശിക്കുന്നവര്‍ക്ക് അതവന്‍ നല്‍കുന്നു. അല്ലാഹു മഹത്തായ അനുഗ്രഹമുള്ളവനാകുന്നു'' (57:20,21).

പരിധിവിട്ട് ഭൗതിക സുഖങ്ങളില്‍ മുഴുകുന്നത് മനുഷ്യന്റെ ആത്മീയവും ധാര്‍മികവുമായ മൂല്യങ്ങള്‍ക്ക് ക്ഷതമേല്‍പിക്കും. മാത്രമല്ല ഈ ആഗ്രഹങ്ങളും സുഖങ്ങളും മനുഷ്യനെ കീഴ്‌പെടുത്തും. അതോടെ അവന്‍ പാരത്രിക ലോകത്തെ വിസ്മരിക്കും. അതിനെക്കുറിച്ച് ചിന്തിക്കാന്‍ പിന്നെ അവന് കഴിയില്ല. അങ്ങനെ ദേഹേഛകളുടെ അടിമകളായി മാറിയവരെക്കുറിച്ച് അല്ലാഹു പറയുന്നു:

''അതല്ല, അവരില്‍ അധികപേരും കേള്‍ക്കുകയോ ചിന്തിക്കുകയോ ചെയ്യുമെന്ന് നീ വിചാരിക്കുന്നുണ്ടോ? അവര്‍ കന്നുകാലികളെപ്പോലെ മാത്രമാകുന്നു. അല്ല, അവരാകുന്നു കൂടുതല്‍ വഴിപിഴച്ചവര്‍'' (25:44).

മറ്റൊരിടത്ത് ഇത്തരക്കാരെക്കുറിച്ച് ക്വുര്‍ആന്‍ പറയുന്നു:

''(നബിയേ,) പറയുക: കര്‍മങ്ങള്‍ ഏറ്റവും നഷ്ടകരമായി തീര്‍ന്നവരെ സംബന്ധിച്ച് നാം നിങ്ങള്‍ക്ക് പറഞ്ഞുതരട്ടെയോ? ഐഹികജീവിതത്തിലെ തങ്ങളുടെ പ്രയത്‌നം പിഴച്ചുപോയവരത്രെ അവര്‍. അവര്‍ വിചാരിക്കുന്നതാകട്ടെ തങ്ങള്‍ നല്ല പ്രവര്‍ത്തനം നടത്തിക്കൊണ്ടിരിക്കുന്നു എന്നാണ്. തങ്ങളുടെ രക്ഷിതാവിന്റെ ദൃഷ്ടാന്തങ്ങളിലും അവനുമായി കണ്ടുമുട്ടുന്നതിലുംവിശ്വസിക്കാത്തവരത്രെ അവര്‍. അതിനാല്‍ അവരുടെ കര്‍മങ്ങള്‍ നിഷ്ഫലമായിപ്പോയിരിക്കുന്നു. അതിനാല്‍ നാം അവര്‍ക്ക് ഉയിര്‍ത്തെഴുന്നേല്‍പിന്റെ നാളില്‍ യാതൊരു തൂക്കവും (സ്ഥാനവും) നിലനിര്‍ത്തുകയില്ല'' (18:103-105).

''തീര്‍ച്ചയായും ഇക്കൂട്ടര്‍ ക്ഷണികമായ ഐഹികജീവിതത്തെ ഇഷ്ടപ്പെടുന്നു. ഭാരമേറിയ ഒരു ദിവസത്തിന്റെ കാര്യം അവര്‍ തങ്ങളുടെ പുറകില്‍ വിട്ടുകളയുകയും ചെയ്യുന്നു'' (76:27).