ജീവിതത്തിലെ ബാക്ക് പേപ്പറുകള്‍

അബൂഹംദാന്‍, ആലത്തിയൂര്‍

2020 ജനുവരി 25 1441 ജുമാദല്‍ അവ്വല്‍ 30

ഏതാനും ആഴ്ചകള്‍ക്ക് മുമ്പ് ഒന്‍പത് വര്‍ഷത്തോളം താമസിച്ച ഫ്‌ളാറ്റില്‍നിന്ന് പുതിയ ഒന്നിലേക്ക് മാറി. ഫ്‌ളാറ്റ്  മാറലുമായി ബന്ധപ്പെട്ട് എന്റെ ചിന്തകളെ തൊട്ടുണര്‍ത്തിയ ഒരു അനുഭവം ഉണ്ടായി. ആ അനുഭവമാണ് നിങ്ങളുമായി പങ്കുവയ്ക്കുന്നത്; ഉപകാരപ്പെടും എന്ന സദുദ്ദേശ്യത്തോടെ.

പുതിയ ഫ്‌ളാറ്റിലെ ജനല്‍കര്‍ട്ടനുകള്‍ സ്ഥാപിക്കുന്നതിനായി അറബിയില്‍ 'മഫ്‌റൂഷാത്ത്' എന്ന് വിളിക്കപ്പെടുന്ന, തൊട്ടടുത്ത ഫര്‍ണിച്ചര്‍ മാര്‍ക്കറ്റില്‍ പോയി. ഒറ്റനോട്ടത്തില്‍ മര്യാദക്കാരന്‍ എന്ന് തോന്നിയ, ഒരു തമിഴ് സഹോദരനോട് ജോലിയെ കുറിച്ച് സംസാരിച്ച്, പണിക്കൂലിയുടെ വിഷയത്തില്‍ ധാരണ ഉണ്ടാക്കി. ഉടനെ തന്നെ എന്റെ വണ്ടിയുടെ പിറകെ അദ്ദേഹമെത്തി ജോലി തുടങ്ങി.

ജോലിക്ക് വരുന്ന ഇത്തരം സഹോദരങ്ങളെ പരിചയപ്പെടലും അവരുടെ നാട്, വീട്, കുടുംബ വിശേഷങ്ങള്‍ തുടങ്ങിയവ ചോദിച്ചറിയലും പൊതുവെ എല്ലാവരും ചെയ്യുന്നതാണ്. അത് എന്റെയും ഒരു ശീലമാണ്. ആ യുവാവിനെ പരിചയപെട്ടു. തമിഴ്‌നാട് ചെങ്കോട്ട സ്വദേശിയായ അലി എന്ന് പേരുള്ള ആ ഇരുപത്തിനാല് വയസ്സുകാരന്‍ ഹ്യദ്യമായി സംസാരിക്കാന്‍ കഴിവുള്ളവനായിരുന്നു. സംസാരത്തിനിടയിലും അവന്‍ ചടുലമായി ജോലി ചെയ്യുന്നു. സംസാരത്തിനിടയ്‌ക്കെപ്പോഴോ ഞാന്‍ എഞ്ചിനീയര്‍ ആണെന്ന് പറഞ്ഞപ്പോള്‍, താനും ഒരു മെക്കാനിക്കല്‍ എഞ്ചിനീയര്‍ ആണെന്ന സത്യം അവന്‍ വെളിപ്പെടുത്തി. എനിക്ക് കൗതുകമായി. 'ഏത് കോഴ്‌സാണ്?' എന്നായി ഞാന്‍. സാക്ഷാല്‍ ബാച്ചിലര്‍ ഓഫ് എഞ്ചിനീയറിങ് (ബി.ഇ) തന്നെ എന്ന് അലി വെളിപ്പെടുത്തി. 'പിന്നെ എന്തിന് ഈ ജോലി ചെയ്യുന്നു?' ഞാന്‍. 'ഇക്കാ, ചില ബാക്ക് പേപ്പറുകള്‍ ബാക്കിയുണ്ട്' അലി പറഞ്ഞു.  

എനിക്ക് കൗതുകമായി. എഞ്ചിനീയറിങ് കഴിഞ്ഞ് എം.ബി.ബി.എസ് പഠിച്ച മലപ്പുറത്തുകാരന്‍ ഡോക്ടറും, എം.ബി.ബി.എസ് കഴിഞ്ഞ് ഇന്റീരിയര്‍ ഡിസൈന്‍ ചെയ്യുന്ന ചാവക്കാട്ടുകാരന്‍ ഡോക്ടറും എന്റെ സുഹൃത്തുക്കളാണ്. പക്ഷേ, എഞ്ചിനീയറിങ് കഴിഞ്ഞ് കര്‍ട്ടന്‍ പണി ചെയ്യന്ന ഒരാളെ എനിക്ക് എന്തോ ഉള്‍കൊള്ളാന്‍ സാധിച്ചില്ല. ഞാന്‍ വീണ്ടും ചോദിച്ചു: 'അലി എന്ത് കൊണ്ട് ബാക്ക് പേപ്പറുകള്‍ എഴുതിയെടുത്തില്ല?' കുടുംബത്തിലെ പ്രാരാബ്ധമോ സാമ്പത്തിക പ്രയാസങ്ങളോ ആയിരിക്കും പറയാനുണ്ടാവുക എന്ന് പ്രതീക്ഷിച്ചു ഞാന്‍. എന്നാല്‍ അലിയുടെ മറുപടി അതൊന്നുമായിരുന്നില്ല.

'എന്റെ കൂടെ കോഴ്‌സ് പൂര്‍ത്തിയാക്കി പാസ്സായ സുഹൃത്തുക്കള്‍ക്ക് സൗദിയില്‍ ആദ്യ ജോലിക്ക് കിട്ടിയ ശമ്പളം 2500 റിയാല്‍ ആണ്. ഞാന്‍ ഈ ജോലിയില്‍ നിന്നും എന്റെ പിക്ക് അപ്പ് ടാക്‌സി വഴിയും മാസം 5000 റിയാല്‍ ഉണ്ടാക്കുന്നു' വളരെ വലിയ ഒരു സമര്‍ഥനാണ് ഞാന്‍ എന്ന ഭാവത്തിലായിരുന്നു അലിയുടെ സംസാരം.

എനിക്ക് സത്യത്തില്‍ സഹതാപം തോന്നി. ഈ യുവാവിന് ഇവന്‍ പഠിച്ച കോഴ്‌സിന്റെ വിലയും അത് പൂര്‍ത്തിയാക്കി ഏതാനും വര്‍ഷത്തെ എക്‌സ്പീരിയന്‍സ് ആവുമ്പോള്‍ ലഭിക്കുന്ന ശമ്പളവും സൗകര്യങ്ങളും സോഷ്യല്‍ സ്റ്റാറ്റസും എന്തെന്ന് ബോധ്യമില്ല. ലോകപ്രശസ്ത പ്രൊജെക്ടുകളില്‍ പങ്കാളിയാവാനും തന്റെ സാങ്കേതിക കഴിവുകള്‍ ലോകത്തിന് സംഭാവന ചെയ്യാനുമുള്ള എത്ര വലിയ അവസരമാണ് ഈ യുവാവ് കളഞ്ഞുകുളിച്ചത് എന്നായി എന്റെ ചിന്ത. ഇത് എങ്ങനെ ഈ യുവാവിനെ പറഞ്ഞു മനസ്സിലാക്കും എന്ന ആകുലതയില്‍ ഞാന്‍ അവനോട് പല ഉദാഹരണങ്ങളും അനുഭവങ്ങളും പറഞ്ഞ് നഷ്ടപ്പെട്ട പേപ്പറുകള്‍ എഴുതിയെടുക്കണം എന്ന് ബോധ്യപ്പെടുത്താന്‍ ശ്രമിച്ചു. പക്ഷേ, പട്ടണത്തിന് പുറത്തേക്ക് ഒരു ദീര്‍ഘദൂര ട്രിപ്പ് കിട്ടിയ ആഹ്ലാദത്തില്‍ ധൃതിയില്‍ ജോലി ചെയ്ത് പൂര്‍ത്തിയാക്കിയ അലി അത് എത്രമാത്രം ഉള്‍ക്കൊണ്ടു എന്ന് എനിക്ക് ആശങ്കയുണ്ട്. ജോലി കഴിഞ്ഞയുടന്‍ പറഞ്ഞുറപ്പിച്ച പണം വാങ്ങി അവന്‍ പോകുമ്പോള്‍ ഒരിക്കല്‍ കൂടി ഞാന്‍ സഹോദര ബുദ്ധ്യാ ഉപദേശിച്ചു: 'അടുത്ത വെക്കേഷന് നാട്ടില്‍ പോകുന്നത് ബാക്ക് പേപ്പറുകള്‍ എഴുതിയെടുക്കാനുള്ള തയ്യാറെടുപ്പോടെ യാകണം.' എന്നാല്‍ അലക്ഷ്യമായ ഒരു മൂളല്‍ മാത്രമായിരുന്നു അതിനുള്ള മറുപടി. ഞാന്‍ കൊടുത്തറിയാലുകള്‍ പോക്കറ്റില്‍ തിരുകി തന്റെ പഴയ നിസ്സാന്‍ പിക്കപ്പ് ഏതോ ഒരു സ്‌പോര്‍ട്‌സ് വാഹനം ഓടിക്കുന്ന രീതിയില്‍ വളച്ച് പുളച്ച് ഏതോ ഒരു തമിഴ്പാട്ട് വലിയ ശബ്ദത്തില്‍ വെച്ച് അലി എന്റെ മുന്നില്‍ നിന്നും മറഞ്ഞു.

അലി എന്നില്‍ ഒരുപാട് ചിന്തകളുടെ മാലപ്പടക്കം തന്നെ സൃഷ്ടിച്ചു. നമ്മുടെ എഞ്ചിനീറിയറിങ് വിദ്യാഭ്യാസ രംഗത്തെ അക്കാദമികവും പ്രായോഗികവുമായ നിലവാരത്തകര്‍ച്ചയും ദീര്‍ഘവീക്ഷണക്കുറവും പരിമിതികളും. പക്ഷേ, ഇതിനെക്കാള്‍ കൂടുതല്‍ എന്നെ ആശങ്കാകുലനാക്കിയത് എന്റെ സ്വന്തം ജീവിതത്തില്‍ ഞാന്‍ ഒരു അലിയെ കണ്ടെത്തി എന്നതാണ്. അതെ നാം എല്ലാവരും ഒരു തരത്തിലല്ലെങ്കില്‍ മറ്റൊരു തരത്തില്‍ അലിമാര്‍ ആണ് എന്നതാണ് സത്യം

വളരെ ഉന്നതമായ ഒരു സര്‍വകലാശാല (MIT, Oxford, Cambdidge, Stanford, Hardvard, IIT, IIM etc). അവിടെ പഠനം പൂര്‍ത്തിയാക്കി സര്‍ട്ടിഫിക്കറ്റ് ലഭിച്ച ഉടന്‍ വമ്പന്‍ കമ്പനികള്‍ വലിയ ശമ്പളത്തില്‍ ജോലി, ആഡംബര കാര്‍, ആഡംബര ബംഗ്‌ളാവ്, ഡ്രൈവര്‍, വീട്ടുജോലിക്കാര്‍, സമ്പൂര്‍ണ ചികിത്സ, ഇന്റര്‍നാഷണല്‍ ടൂര്‍ തുടങ്ങിയ വമ്പന്‍ വാഗ്ദാനങ്ങളുമായി മള്‍ട്ടി നാഷണല്‍ കമ്പനികള്‍ റാഞ്ചി കൊണ്ടുപോകുന്നു. ഇത്തരത്തില്‍ പ്രശസ്തവും പ്രാഗത്ഭ്യം തെളിയിച്ചതുമായ സ്ഥാപനമാണെങ്കിലും അവിടെ അഡ്മിഷന്‍ കിട്ടി എന്നത് കൊണ്ട് മാത്രം ഈ പദവിയും നേട്ടവും ലഭിക്കില്ല, കോഴ്‌സ് പൂര്‍ണമായ രൂപത്തില്‍ പൂര്‍ത്തിയാക്കിയവര്‍ക്ക് മാത്രമാണ് ഇത്രയും ഉന്നതമായ സൗകര്യങ്ങളോടെയുള്ള ജോലി ലഭിക്കുക. എല്ലാ സെമസ്റ്റര്‍ പരീക്ഷകളും പാസ്സാകണം. അസൈന്‍മെന്റുകള്‍ പൂര്‍ത്തിയാക്കണം.പ്രാക്ടിക്കല്‍ പരിശീലനം, ലാബ് പരീക്ഷണ പഠനങ്ങള്‍, പ്രൊജക്റ്റ് വര്‍ക്കുകള്‍ എന്നിവയെല്ലാം പൂര്‍ത്തിയാക്കണം.

അവിടെ അഡ്മിഷന്‍ കിട്ടിയ വിദ്യാര്‍ഥികള്‍ക്ക് പഠനം സൗജന്യമാണ്. പക്ഷേ,  താമസ ചെലവുകള്‍ കണ്ടെത്താന്‍ വിദ്യാര്‍ഥികളെ പാര്‍ട്ട് ടൈം ജോലി ചെയ്യാന്‍ അനുവദിക്കുന്നു. എന്നാല്‍ ചില വിദ്യാര്‍ഥികള്‍ ഈ പാര്‍ട്ട് ടൈം ജോലിയില്‍ സദാ ശ്രദ്ധകേന്ദ്രീകരിച്ച്, പഠനം അവതാളത്തിലാക്കുന്നു. ബാക്ക് പേപ്പറുകള്‍, ലാബ് ക്ലാസ്സുകള്‍ നഷ്ടപ്പെടുത്തുന്നു. അസൈന്‍മെന്റുകള്‍ സമയബന്ധിതമായി സമര്‍പ്പിക്കുന്നില്ല. അങ്ങനെ മൊത്തത്തില്‍ പാര്‍ട്ട് ടൈം ജോലി ചെയ്യാനാണ് താന്‍ ഇവിടെ വന്നത് എന്ന രീതിയില്‍ ജീവിക്കുന്ന ഒരു വിദ്യാര്‍ഥിയെ കുറിച്ച് നാം എന്ത് പറയും? പമ്പര വിഡ്ഢി, ഭോഷന്‍, അവിവേകി എന്നൊക്കെയാകും.

ഇനി നമുക്ക് നമ്മുടെ ജീവിതത്തിലേക്ക് ഒന്ന് തിരിഞ്ഞ് നോക്കാം. ഇസ്‌ലാം ആകുന്ന വിശുദ്ധമായ ഒരു സര്‍വകലാശാലയില്‍ പടച്ച തമ്പുരാന്റെ അനുഗ്രഹത്താല്‍ ജന്മനാ അഡ്മിഷന്‍ കിട്ടിയ മുസ്‌ലിം ജനത! ഈ ജീവിതം ഇസ്‌ലാമാകുന്ന കരിക്കുലം അനുസരിച്ച് ജീവിച്ച് വിജയകരമായി പൂര്‍ത്തീകരിച്ചാല്‍ മരണം സംഭവിക്കുന്ന ആ നിമിഷം മുതല്‍ അതിവിശിഷ്ട, സ്വര്‍ഗീയ ജീവിതത്തിന്റെ മാര്‍ഗത്തില്‍ പ്രവേശിപ്പിക്കപ്പെടുന്നു എന്ന് വാഗ്ദാനം നല്‍കുന്ന മതം! ഈ ജീവിതത്തിന്റെ ലക്ഷ്യം സ്വര്‍ഗം നേടലാണ്. പക്ഷേ, ഈ ലോകത്ത് ജീവിക്കുമ്പോള്‍ വേണ്ട ഭൗതിക വിഭവങ്ങള്‍, കുടുംബം, കുട്ടികള്‍, ബന്ധുക്കള്‍, മാതാപിതാക്കള്‍, അയല്‍വാസികള്‍, വീട്, ജോലി, സമ്പാദ്യം... തുടങ്ങിയവയൊന്നും അവഗണിക്കേണ്ടതില്ല. എന്നാല്‍ അതല്ല നമ്മുടെ ആത്യന്തിക ലക്ഷ്യം. ഇതൊരു പാര്‍ട്ട് ടൈം ജോലിയാണ്. നമ്മുടെ ലക്ഷ്യം അല്ലാഹുവിന്റെ ദീന്‍ അനുസരിച്ച് ഈ ലോക ജീവിതം ക്രമീകരിച്ച്, അവനെ ആരാധിച്ച്, അനുസരിച്ച്, അവന്‍ നമുക്ക് നല്‍കിയ അനുഗ്രഹങ്ങള്‍ക്ക് നന്ദിചെയ്ത് അവന്റെ തൃപ്തി നേടുക എന്നതാണ്.

ഖേദകരമെന്ന് പറയട്ടെ; അത്യുന്നതമായ സ്വര്‍ഗജീവിതം നാളെ മരണത്തിന് ശേഷം ലഭിക്കും എന്ന്‌ലോക രക്ഷിതാവ് വാഗ്ദത്തം നല്‍കിയിട്ടും നാം ആ വലിയ സമ്മാനത്തിന് വേണ്ടി പ്രവര്‍ത്തിക്കാതെ ഈ താല്‍കാലിക പാര്‍ട്ട് ടൈം ജീവിതത്തിലെ ചെറിയ ചെറിയ നേട്ടങ്ങള്‍ക്ക് വേണ്ടി അല്ലാഹുവിന് ഇഷ്ടപ്പെടാത്ത കാര്യങ്ങള്‍ ചെയ്ത്  ഒടുവില്‍ ബാക്ക് പേപ്പറുകള്‍ ഉണ്ടാകുന്നു. എന്നാല്‍ നമ്മെ സ്‌നേഹിക്കുന്ന നമ്മുടെ രക്ഷിതാവ് ഈ ബാക്ക് പേപ്പറുകള്‍ പാസ്സാവാനുള്ള വഴികളും നമുക്ക് നല്‍കിയിട്ടുണ്ട്.

ഓരോ ജമാഅത്ത് നമസ്‌കാരവും രണ്ട് നമസ്‌കാരങ്ങള്‍ക്ക് ഇടയിലുള്ള ചെറുപാപങ്ങള്‍ പൊറുക്കപ്പെടാനും, ഓരോ ജുമുഅയും രണ്ടു വെള്ളിയാഴ്ചകള്‍ക്കിടയില്‍ വന്നുപോയ ചെറു പാപങ്ങള്‍ പൊറുക്കപ്പെടാനും, ഓരോ റമദാനിലെ നോമ്പും രണ്ട് റമദാനുകള്‍ക്ക് ഇടയില്‍ വന്നുപോയ ചെറു പാപങ്ങള്‍ പൊറുക്കപ്പെടാനും, ഓരോ ഉംറയും രണ്ട് ഉംറകള്‍ക്കിടയില്‍ വന്നുപോയ ചെറു പാപങ്ങള്‍ പൊറുക്കപ്പെടാനും കാരണമാക്കി. നമ്മുടെ ബാക്ക് പേപ്പറുകളില്‍ വിജയം വരിക്കാന്‍ ഇത്തരത്തില്‍ പല ഇളവുകളും അവസരങ്ങളും അല്ലാഹു ഒരുക്കിത്തന്നിരിക്കുന്നു. നമ്മുടെ ബാക്ക് പേപ്പറുകള്‍ (പോരായ്മകള്‍, തെറ്റുകുറ്റങ്ങള്‍, ചെറുപാപങ്ങള്‍) പരിഹരിക്കാനുള്ള മാര്‍ഗങ്ങള്‍!

പക്ഷേ, നാം ഈ അവസരങ്ങള്‍ ഉപയോഗപ്പെടുത്താതെ നമ്മുടെ പാര്‍ട്ട് ടൈം ജോലിയില്‍ വ്യാപൃതരാണ്. വിനോദങ്ങള്‍, സമ്പാദ്യ മാര്‍ഗങ്ങള്‍, വീട്, വീട്ടിലെ സൗകര്യങ്ങള്‍, കാര്‍, കാറിന്റെ ബ്രാന്‍ഡ്, ബ്രാന്‍ഡഡ് ഡ്രസ്സ്, ഷൂ, സോഷ്യല്‍ മീഡിയയിലെ പോസ്റ്റുകള്‍, അതിന്റെ ലൈക്കുകള്‍, അതിലെ വ്യൂവേഴ്‌സ്...  അങ്ങനെയങ്ങനെ കൊച്ചുകൊച്ചു കാര്യങ്ങളെക്കുറിച്ചുള്ള ആശങ്കകളിലാണ് നാം.  ആരാണ് വിഡ്ഢികള്‍? ആരാണ് ബുദ്ധിശാലികള്‍? വിശുദ്ധ ക്വുര്‍ആന്‍ പറയുന്നു:

''അന്ന് നരകം കൊണ്ടു വരപ്പെടുകയും ചെയ്താല്‍! അന്നേദിവസം മനുഷ്യന്ന് ഓര്‍മ വരുന്നതാണ്. എവിടെനിന്നാണവന്ന് ഓര്‍മ വരുന്നത്? അവന്‍ പറയും: അയ്യോ, ഞാന്‍ എന്റെ ജീവിതത്തിനു വേണ്ടി മുന്‍കൂട്ടി (സല്‍കര്‍മങ്ങള്‍) ചെയ്തുവെച്ചിരുന്നെങ്കില്‍ എത്ര നന്നായിരുന്നേനെ!'' (89:23,24).

നമ്മെ ജീവിത പരീക്ഷയില്‍ വിജയിപ്പിക്കുവാന്‍ വേണ്ടി അല്ലാഹു ധാരാളം ഗ്രേസ് മാര്‍ക്കുകള്‍ക്കുള്ള അവസരങ്ങള്‍ ഒരുക്കിത്തന്നിട്ടുണ്ട്. ഓരോ വര്‍ഷവും റമദാനില്‍ ഒരു പുണ്യ രാത്രിയുണ്ട്; ലൈലത്തുല്‍ ക്വദ്ര്‍.  ആയിരം മാസങ്ങളെക്കാള്‍ പുണ്യമാക്കപ്പെട്ട രാത്രി. ഒറ്റ രാത്രികൊണ്ട് ആയിരം മാസം പ്രവര്‍ത്തിച്ച പുണ്യങ്ങള്‍ നേടിയെടുക്കാനുള്ള അവസരം. പാപങ്ങള്‍ നിമിത്തം വന്ന നഷ്ടങ്ങള്‍ പരിഹരിക്കാന്‍ അവസരമായി തൗബ അഥവാ പശ്ചാത്താപത്തിന്റെ കവാടം തുറന്നുതന്നിരിക്കുന്നു. വന്നുപോയ തെറ്റുകളില്‍നിന്ന് വിടുതി ലഭിക്കാനുള്ള വജ്രായുധം. നമ്മെ നമ്മുടെ പരിശ്രമങ്ങളിലൂടെ വിജയിപ്പിക്കുവാന്‍ നമ്മെ സ്‌നേഹിക്കുന്ന നമ്മുടെ നാഥന്‍ ഒരുക്കിത്തരുന്ന അവസരങ്ങള്‍ ഇങ്ങനെയെത്ര!

പക്ഷേ, നാം തുച്ഛമായ നേട്ടങ്ങളുണ്ടാക്കുന്ന താല്‍കാലിക പാര്‍ട്ട് ടൈം ജോലിയിലാണ് ശ്രദ്ധകേന്ദ്രീകരിക്കുന്നത്. ഏതാനും സെന്റ് ഭൂമിക്ക് വേണ്ടി, തുച്ഛമായ കച്ചവടം വിജയിപ്പിക്കുവാന്‍,  ഏതാനും മിനുട്ടുകള്‍ നീളുന്ന ആസ്വാദനങ്ങള്‍ക്ക് വേണ്ടി...നാം നമ്മുടെ റബ്ബിന്റെ നിയമങ്ങളെ അവഗണിക്കുന്നു. അവന്റെ തൃപ്തിയെ അവഗണിക്കുന്നു. എന്തൊരു ദയനീയ പരാജയം! വിശുദ്ധ ക്വുര്‍ആനിലെ ഈ വചനം എത്ര വ്യക്തം: ''പക്ഷേ, നിങ്ങള്‍ ഐഹികജീവിതത്തിന്ന് കൂടുതല്‍ പ്രാധാന്യം നല്‍കുന്നു. പരലോകമാകുന്നു ഏറ്റവും ഉത്തമവും നിലനില്‍ക്കുന്നതും'' (87:16-17).

അതെ, നമുക്ക് ഓരോരുത്തര്‍ക്കും ബാക്ക് പേപ്പറുകള്‍ ഉണ്ട്. പലര്‍ക്കും പല വിഷയങ്ങളില്‍ ആണെന്ന് മാത്രം. ചിലര്‍ക്ക് സാമ്പത്തിക രംഗത്ത്, മറ്റു ചിലര്‍ക്ക് ലൈംഗിക രംഗത്ത്, കുടുംബ ബന്ധങ്ങളില്‍, കടുംബ ജീവിതത്തില്‍, അയല്‍പക്ക ബന്ധങ്ങളില്‍, സംസാരത്തില്‍, ധനം ചെലവഴിക്കുന്ന മേഖലകളില്‍, സമയം ചെലവഴിക്കുന്നതില്‍, നമസ്‌കാരത്തിന്റെ കാര്യത്തില്‍, സമയം ചെലവഴിക്കുന്നതില്‍, ഏകാഗ്രതയോടെ ആരാധനകള്‍ നിര്‍വഹിക്കുന്നതില്‍, സുന്നത്തുകള്‍ പാലിക്കുന്നതില്‍, വിശുദ്ധ ക്വുര്‍ആന്‍ പഠിക്കുന്നതില്‍... അങ്ങനെ പല സെമസ്റ്ററുകളിലും പല വിഷയങ്ങളിലും നമുക്ക് ബാക്ക് പേപ്പറുകള്‍ ഉണ്ട്. വൈകിയിട്ടില്ല; ഇന്ന് മുതല്‍ നമുക്ക് മാറാം...

നമ്മുടെ പാര്‍ട്ട് ടൈം ജോലിയിലെ ശ്രദ്ധകുറച്ച് നമ്മുടെ കോഴ്‌സ് പാസ്സാവാനുള്ള പരിശ്രമം ആരംഭിക്കാം. നമ്മുടെ രക്ഷിതാവ് നമുക്ക് അതിനായി നല്‍കിയ അവസരങ്ങള്‍ ഉപയോഗപ്പെടുത്തി പ്രവാചകന്‍ ﷺ  പറഞ്ഞ പ്രകാരമുള്ള ഒരു ബുദ്ധിശാലിയും വിവേകിയും സമര്‍ഥനും ആവാം. നമുക്ക് നമ്മുടെ ബാക് പേപ്പറുകളില്‍ ശ്രദ്ധകേന്ദ്രീകരിക്കാം, ജീവിതത്തിലെ ബാക്ക് പേപ്പറുകളില്‍...