ഉമറാബാദില്‍നിന്നും മദീനയിലേക്ക് വളര്‍ന്ന പണ്ഡിത വിസ്മയം

ഡോ. സി.മുഹമ്മദ് റാഫി ചെമ്പ്ര

2020 ആഗസ്ത് 15 1441 ദുല്‍ഹിജ്ജ 25

(പണ്ഡിതലോകത്തെ വിസ്മയ സാന്നിധ്യം 2)

ഇന്ത്യ പോലെയുള്ള വിവിധമതങ്ങളും കടുത്ത ജാതിവ്യവസ്ഥകളും അവിശ്വസനീയമായ സമ്പ്രദായങ്ങളും നാട്ടാചാരങ്ങളും നിലനില്‍ക്കുന്ന ഒരു സാമൂഹിക അന്തരീക്ഷത്തില്‍ ജനിക്കുകയും സ്വയംപഠനത്തിലൂടെ ഇസ്‌ലാമിനെ തിരിച്ചറിയുകയും ചെറുപ്രായത്തില്‍തന്നെ ഇസ്‌ലാമിന്റെ വഴിയിലേക്ക് കടന്നുവരികയും പരീക്ഷണങ്ങളിലൂടെ ജീവിക്കേണ്ടി വരികയും ചെയ്തിട്ടും ഉയര്‍ച്ചയുടെ പടവുകള്‍ ഓരോന്നായി താണ്ടിക്കയറിയ വെള്ളിനക്ഷത്രമാണ് ശൈഖ് ദിയാഉര്‍റഹ്മാന്‍ അഅ്ദ്വമി.

ഉമറാബാദിലെ പഠനകാലം

ഉമറാബാദില്‍ എത്തിയ യുവാവിനെ അവിടുത്തെ പണ്ഡിതന്മാരും അധികാരികളും ചേര്‍ന്ന് ഉചിതമായ രീതിയില്‍ സ്വീകരിച്ചു. അദ്ദേഹം ചേര്‍ന്നത് മതതാരതമ്യപഠന വിഭാഗത്തിലായിരുന്നു. വിവിധ മതങ്ങളില്‍നിന്ന് കടന്നുവരുന്ന വിദ്യാര്‍ഥികള്‍ ആദ്യഘട്ടത്തില്‍ പഠിക്കാറുണ്ടായിരുന്നത് ഈ വിഭാഗത്തിലായിരുന്നു. ഇവിടെവെച്ച് തന്റെ നിരന്തര പഠനവും കഠിനാധ്വാനവും കൊണ്ട് അദ്ദേഹം ഏവരുടെയും പ്രശംസ പിടിച്ചുപറ്റുകയും വളരെ വേഗത്തില്‍ അറബി, ഉറുദു ഭാഷകള്‍ സ്വായത്തമാക്കുകയും ചെയ്തു. തുടര്‍ന്ന് ഉപരിപഠനത്തിനായി അവിടുത്തെ ഉന്നതകോളേജില്‍ അഡ്മിഷന്‍ നേടുകയും പഠനം തുടങ്ങുകയും ചെയ്തു. മറ്റുള്ള കുട്ടികളോടൊപ്പം എത്തണമെങ്കില്‍ ഇസ്ലാമികേതര പശ്ചാത്തലത്തില്‍നിന്ന് വരുന്ന ഞാന്‍ കൂടുതല്‍ പ്രയത്‌നിക്കണമെന്ന ബോധം അദ്ദേഹത്തിനുണ്ടായിരുന്നു. വായനക്കും പഠനത്തിനും മനനത്തിനും വേണ്ടി ഉറക്കമൊഴിഞ്ഞ ദിനരാത്രങ്ങളായിരുന്നു ഉമറാബാദിലെ പഠനകാലം എന്ന് ആത്മകഥയില്‍ ശൈഖ് അനുസ്മരിക്കുന്നുണ്ട്. 7 വര്‍ഷത്തെ കഠിന പരിശ്രമങ്ങള്‍ക്കൊടുവില്‍ ഡിഗ്രി പഠനം ഉയര്‍ന്ന മാര്‍ക്കോടെ അദ്ദേഹം പൂര്‍ത്തിയാക്കി. ഈ ആപ്തവാക്യം പ്രസക്തമാണ്: 'ഏതൊരാള്‍ക്കും പദവി ലഭിക്കുക കഠിനാധ്വാനംകൊണ്ട് മാത്രമാണ്, ഉയര്‍ച്ച ആഗ്രഹിക്കുന്നവരൊക്കെ ഉറക്കം വെടിഞ്ഞ് പരിശ്രമിച്ചവരായിരിക്കും.'

മദീന മുനവ്വറയില്‍

ഉമറാബാദിലെ പഠനം പൂര്‍ത്തിയാക്കിയപ്പോഴേക്കും ശൈഖ് ഉസ്താദുമാരുടെയും പണ്ഡിതന്മാരുടെയും സഹപാഠികളുടെയും സ്‌നേഹഭാജനമായി മാറിക്കഴിഞ്ഞിരുന്നു. അദ്ദേഹത്തിന്റെ പരിശ്രമവും കഠിനാധ്വാനവും വിജ്ഞാനത്തോടുള്ള അടങ്ങാത്ത ആഗ്രഹവും കണ്ടറിഞ്ഞ് ഉമറാബാദിലെ പണ്ഡിതനും തന്റെ നാട്ടുകാരനുമായ അല്ലാമാ ഹബീബ് റഹ്മാന്‍ തന്റെ ശിഷ്യനു വേണ്ടി അക്കാലത്തെ സൗദി ഗ്രാന്‍ഡ് മുഫ്തിയും വിശ്വപ്രസിദ്ധ പണ്ഡിതനും മദീന യൂണിവേഴ്‌സിറ്റി വൈസ് ചാന്‍സലറുമായ ശൈഖ് അബ്ദുല്ലാഹിബ്‌നു ബാസിന് ഒരു കത്തെഴുതുകയും തന്റെ അരുമശിഷ്യന്റെ ആഗ്രഹം കണക്കിലെടുത്ത് മദീനയിലെ ജാമിഅ ഇസ്‌ലാമിയ്യയില്‍ അഡ്മിഷന്‍ നല്‍കണം എന്ന് അഭ്യര്‍ഥിക്കുകയും ചെയ്തു.

ശൈഖ് ഇബ്‌നുബാസ് ഈ അഭ്യര്‍ഥന സ്വീകരിക്കുകയും അഡ്മിഷന്‍ നല്‍കുകയും ചെയ്തു. ഉമറാബാദ് എന്ന ദക്ഷിണേന്ത്യയിലെ ഗ്രാമത്തില്‍നിന്നും ലോകത്തിലെ മുസ്‌ലിംകളുടെ വൈജ്ഞാനിക ആസ്ഥാനമായ മദീനയിലേക്കുള്ള യാത്ര സന്തോഷത്തോടെ ശൈഖ് ആരംഭിക്കുകയും ചെയ്തു.

മദീന യൂണിവേഴ്‌സിറ്റിയിലെത്തിയ ശൈഖ് ചേര്‍ന്നത് അവിടത്തെ മതപഠന കോളേജിലാണ്. ഉമറാബാദിലെ പോലെത്തന്നെ തന്റെ നിരന്തര പരിശ്രമവും കഠിനാധ്വാനവും ശൈഖ് മദീനയില്‍ പിന്‍തുടര്‍ന്നു. വിവിധ വിജ്ഞാനങ്ങളുടെ മേഖലകളിലേക്കുള്ള വാതിലുകള്‍ അവിടെ തുറന്നുകിട്ടി. വിവിധ രാജ്യങ്ങളില്‍ നിന്നുള്ള പണ്ഡിതന്മാരും വിദ്യാര്‍ഥികളുമായി സഹവസിക്കുവാനും അവരുടെയെല്ലാം അറിവിന്റെ ആഴിയില്‍നിന്ന് മതിവരുവോളം നുകര്‍ന്ന് അറിവിനോടുള്ള ദാഹം ശമിപ്പിക്കാനുമുള്ള അദ്ദേഹത്തിന്റെ പരിശ്രമങ്ങള്‍ വിജയിച്ചുകൊണ്ടേയിരുന്നു.

ശരീഅ കോളേജിലെ പഠനശേഷം ഉയര്‍ന്ന മാര്‍ക്കോടുകൂടി പാസായ ശൈഖ് മക്കയിലെ കിംഗ് അബ്ദുല്‍ അസീസ് യൂണിവേഴ്‌സിറ്റിയില്‍ മാസ്റ്റര്‍ പഠനത്തിനായി ചേര്‍ന്നു. തന്റെ ഇഷ്ടമേഖല ഹദീഥ് വിജ്ഞാനമാണെന്ന് തിരിച്ചറിഞ്ഞ ശൈഖ് മാസ്റ്റര്‍ പഠനത്തിനായുള്ള തിസീസ് തയ്യാറാക്കുന്നതിന് തെരഞ്ഞെടുത്തത് നബി ﷺ യില്‍ നിന്നും കൂടുതല്‍ ഹദീഥുകള്‍ റിപ്പോര്‍ട്ട് ചെയ്ത സ്വഹാബിവര്യനായ അബൂഹുറയ്‌റ(റ)യെക്കുറിച്ചായിരുന്നു. ഈ പഠനം അദ്ദേഹത്തെ ഹദീഥ് വിജ്ഞാനരംഗത്ത് കൂടുതല്‍ ശ്രദ്ധകേന്ദ്രീകരിക്കാന്‍ പ്രേരിപ്പിക്കുകയുണ്ടായി. പില്‍ക്കാലത്ത് അതിന്റെ വലിയ ഗുണഫലങ്ങള്‍ മുസ്‌ലിം ലോകത്തിന് ലഭിക്കുകയും ചെയ്തു.

മാസ്റ്റര്‍ പഠനത്തിനുശേഷം മക്ക കേന്ദ്രമായി ലോകത്തെ മുസ്‌ലിം ചലനങ്ങള്‍ക്ക് നേതൃത്വം നല്‍കുന്ന റാബിത്വത്തുല്‍ ആലമില്‍ ഇസ്‌ലാമിയില്‍ ജോലിയില്‍ പ്രവേശിച്ചു. അവിടെ ജോലിയില്‍ തുടരുമ്പോഴും അദ്ദേഹത്തിന്റെ വിജ്ഞാന തൃഷ്ണ അവസാനിച്ചിട്ടുണ്ടായിരുന്നില്ല.

തുടര്‍ന്ന് പി.എച്ച്.ഡി പഠനത്തിന് ചേരുകയും മുഹമ്മദ് നബിയെ കുറിച്ചുള്ള ആഴമേറിയ പഠനത്തിലൂടെ പി.എച്ച്.ഡി കരസ്ഥമാക്കുകയും ചെയ്തു.

വൈജ്ഞാനിക മേഖലയുടെ അക്കാദമിക മികവുകളില്‍ ഏറ്റവും ഉയരത്തില്‍ എത്തിയ ശൈഖിന് പിന്നീട് നിര്‍വഹിക്കാനുണ്ടായിരുന്നത് വൈജ്ഞാനിക സമര്‍പ്പണത്തിന്റെ മേഖലകളായിരുന്നു. അതിലും അദ്ദേഹം മികവു പുലര്‍ത്തി എന്ന് ചരിത്രം രേഖപ്പെടുത്തും തീര്‍ച്ച.