അസഹിഷ്ണുതയുടെ മനഃശാസ്ത്രം

പ്രൊഫ. കെ.പി സഅദ്

2020 സെപ്തംബര്‍ 26 1442 സഫര്‍ 09

ഒരാള്‍ വിശ്വാസിയാകണമെങ്കില്‍ തന്റെ സഹോദരന്റെ വളര്‍ച്ചയില്‍ സംതൃപ്തിയും തന്റെ അയല്‍വാസിയുടെ ക്ഷേമത്തില്‍ താല്‍പര്യവും ഉണ്ടായിരിക്കണമെന്ന് ഇസ്ലാം പഠിപ്പിക്കുന്നുണ്ട്. അസഹിഷ്ണുത ജനിക്കുന്നത് സ്വാര്‍ഥതയുടെ പൂര്‍ത്തീകരണമായും മനസ്സിന്റെ പിശുക്കിന്റെ അടിമത്തത്തില്‍നിന്നുമാണ്.

നമ്മുടെ ജന്മരാജ്യം ഇന്ന് നേരിടുന്ന ഏറ്റവും വലിയ വെല്ലുവിളി അസഹിഷ്ണുതയാണെന്നു പറയാം. പരിമിതമായ ഒരു ജനവിഭാഗത്തിന് മാത്രം ആസ്വദിക്കാനുള്ളതാണ് ഈ ഭൂമിയിലെ വിഭവങ്ങളെല്ലാം എന്ന് ചിന്തിക്കുന്നവരുടെ ബൂദ്ധിയുടെ ഉല്‍പന്നം കൂടിയാണിത്.

സാമൂഹ്യമാധ്യമങ്ങള്‍ ലോകത്തിന്റെ ഓരോ തുടിപ്പും ഒപ്പിയെടുക്കാന്‍ വേണ്ടി മത്സരിക്കുമ്പോള്‍ ശരിയും തെറ്റും വിവേചിച്ചറിയാന്‍ മറക്കുന്നതും മത്സരാധിഷ്ഠിതമായ ഒരു ലോകത്ത് 'ലജ്ജ' എന്ന മാനുഷിക വികാരത്തിന് മൂല്യം കുറഞ്ഞതും അസഹിഷ്ണുത വളരാന്‍ ഇടനല്‍കിയിട്ടുണ്ട്. ലോകത്ത് ക്രൂരവും ഹീനവുമായ വൈകൃതങ്ങളില്‍ അഭിരമിക്കുന്ന നേതാക്കള്‍ വാഴ്ത്തപ്പെടുമ്പോള്‍ സാമ്പത്തിക നേട്ടം മുഖ്യമായി കാണുന്നവര്‍ അസഹിഷ്ണുതയെന്ന രോഗത്തെ ആദരിക്കാന്‍ ശ്രമിക്കുന്നു. ചരിത്രത്തിന്റെ തെറ്റായ വായനയും യാഥാര്‍ഥ്യങ്ങളെ വളച്ചൊടിക്കുന്ന മാധ്യമ പ്രവര്‍ത്തകരും ജനങ്ങളുമായി ഇടപഴകി ജീവിക്കുന്നതില്‍ അസംതൃപ്തി കാണിക്കുന്നവരും മറ്റുള്ളവരെ സംബന്ധിച്ചുള്ള മുന്‍ധാരണകളില്‍കൂടി സ്വപ്‌നം മെനയുന്ന  അല്‍പജ്ഞാനികളും ഈ രോഗവ്യാപനത്തിന് ആക്കംകൂട്ടുന്നു.

തെറ്റായ വികസന സങ്കല്‍പവും ഒരാളുടെ പതനം തന്റെ പുരോഗതിയായി കരുതുന്ന വികലസങ്കല്‍പങ്ങളും ജനങ്ങളുടെ മനസ്സ് വിഷലിപ്തമാക്കുന്നതില്‍ നിര്‍ണായകമായ പങ്കുവഹിച്ചിട്ടുണ്ട്. മനുഷ്യനന്മകളെ കാണാന്‍ മടികാണിക്കുന്ന ചാലനുകള്‍ പടച്ചുവിടുന്ന സാമൂഹ്യദ്രോഹികളും ഈ വൈറസ് വ്യാപനത്തിന്റെ പ്രയോക്താക്കള്‍ തന്നെയാണ്.

സ്വന്തം ഇടങ്ങളില്‍ തന്നെ പരിമിതപ്പെടുന്ന സഞ്ചാരവും മനുഷ്യത്വമുള്ളവരുമായുള്ള സഹവാസമില്ലായ്മയും കൂടിയാവുമ്പോള്‍ അസഹിഷ്ണുതയുടെ വളര്‍ച്ച ത്വരിതഗതി പ്രാപിക്കും. നാം വസിക്കുന്ന രാജ്യത്തിന്റെ പുരോഗതി പരസ്പര ബഹുമാനത്തിലാണെന്ന അറിവില്ലായ്മയും, അത്യാര്‍ത്തിയും അസൂയയും കുടികൊള്ളുന്ന മനസ്സും ഈ ദുരവസ്ഥ വ്യാപിക്കപ്പെടാന്‍ ഹേതുവായിട്ടുണ്ട്.

ശരിയായ സ്രോതസ്സുകളില്‍നിന്ന് മതഗ്രന്ഥങ്ങള്‍ പഠിക്കാതെവന്നതും മുന്‍ധാരണവച്ചുകൊണ്ടുള്ള പഠനവും മനസ്സില്‍ അയിത്തം പ്രഖ്യാപിച്ചവരുമായുള്ള സമ്പര്‍ക്കമില്ലായ്മയും അസഹിഷ്ണുതയെന്ന പ്രതികൂലാവസ്ഥക്ക് കാരണമായിട്ടുണ്ട്.

അന്യമതത്തില്‍ വിശ്വസിക്കുന്നതും അതനുസരിച്ച് ജീവിക്കുന്നതും തന്റെ സ്വാതന്ത്ര്യത്തിനും ജീവിതത്തിനും വലിയ ഭീഷണിയാണെന്നുള്ള വക്രചിന്ത ഇതിന് തീവ്രത നല്‍കിയിട്ടുണ്ട്. കഴിഞ്ഞ രണ്ടുവര്‍ഷങ്ങളില്‍ ഉണ്ടായ പ്രളയങ്ങള്‍ അകന്നുപോയ മനസ്സുകളെ കൂടുതല്‍ സൗഹൃദവലയത്തിലേക്ക് പുനരാനയിക്കാന്‍ ഹേതുവായിട്ടുണ്ട്. ഒരു വിഭാഗത്തിന്റെ ആരാധനാലയങ്ങള്‍ പോസ്റ്റ്മോര്‍ട്ടം, വിവാഹം പോലുള്ള കര്‍മങ്ങള്‍ക്ക് സാക്ഷ്യംവഹിച്ചു എന്നുള്ളത് മനസ്സിലെ വിളക്കുമാടങ്ങളെ ജ്വലിപ്പിച്ചുനിര്‍ത്തലിന്റെ അനിവാര്യതയാണ് അറിയിക്കുന്നത്.

മനുഷ്യത്വം മരവിച്ച മനസ്സുകളിലേക്ക് ആഴ്ന്നിറങ്ങുന്ന 'വിചാരധാര'കള്‍ ഒരു രാഷ്ട്രത്തിന്റെ തനിമയും തെളിച്ചവുമാണ് നഷ്ടപ്പെടുത്തിക്കൊണ്ടിരിക്കുന്നത്.

അസഹിഷ്ണുത വിതക്കുന്ന ദുരന്തങ്ങള്‍

സാമൂഹ്യജീവിതത്തിന്റെ രസതന്ത്രം നഷ്ടപ്പെടുന്ന മനുഷ്യന്‍ ഭീതിയിലും നിര്‍വികാരതയിലും ജീവിക്കാന്‍ പ്രേരിപ്പിക്കപ്പെടുന്നു. സുരക്ഷിതത്വബോധം വ്യക്തിതലം മുതല്‍ രാജ്യാന്തരംവരെ നീളുമ്പോള്‍ മാത്രമാണ് മനഃസമാധാനം പിറവിയെടുക്കുന്നത്.

ഒരു സമൂഹത്തിന്റെ പുരോഗതിക്കാധാരമായ അറിവുസംഭരണികള്‍ തച്ചുതകര്‍ക്കപ്പെടുമ്പോള്‍ അവസാനിക്കുന്നത് സ്വതന്ത്രമായ സത്യത്തിന്റെ അന്വേഷണം കൂടിയാണ്. രാഷ്ട്രപുരോഗതി വ്യാഖ്യാനിക്കപ്പെടുന്നതും പുനര്‍വായന നടത്തപ്പെടുന്നതും അറിവിന്റെ ഗോപുരങ്ങളുടെ സംസ്ഥാപനത്തിലും സംരക്ഷണത്തിലും കൂടിയാണ്. എന്നാല്‍ അടുത്തിടെ നമ്മുടെ രാജ്യത്തുണ്ടായ 'അസാധാരണ രോഗലക്ഷണങ്ങള്‍' രാഷ്ട്ര പൗരസമ്പത്തിന്റെ അപചയത്തെയും നിര്‍വികാരതെയയുമാണ് അറിയിക്കുന്നത്.

മാനസികനില തകരാറിലായ രോഗി കാട്ടിക്കൂട്ടുന്ന കോപ്രായങ്ങളെ ഓര്‍മപ്പെടുത്തുന്ന കാര്യങ്ങളാണ്  നമ്മുടെ രാജ്യത്ത് ഇന്നു നാം കണ്ടുകൊണ്ടിരിക്കുന്നത്. വര്‍ഷങ്ങളായി നമ്മുടെ രാജ്യം കഠിനാധ്വാനത്തില്‍ കൂടി ആര്‍ജിച്ചെടുത്ത സാമ്പത്തിക ഭദ്രതയും സുസ്ഥിതിയും ദിവസങ്ങള്‍കൊണ്ടാണ് നിലംപരിശായത്. രാജ്യത്തിന്റെ ശില്‍പികള്‍ വിഭാവനം ചെയ്ത ക്ഷേമരാഷ്ട്രം ആകെ തകിടം മറിയുന്ന ദുരവസ്ഥ സൃഷ്ടിച്ചതില്‍ അസഹിഷ്ണുതക്ക് വലിയ പങ്കുണ്ട് എന്നു പറയാം.

രാജ്യത്ത് വര്‍ഷങ്ങളായി താമസിച്ചുവരുന്ന പൗരന്മാരുടെ പൗരത്വം പുനഃപരിശോധിക്കണമെന്ന ആവശ്യം അസഹിഷ്ണുതയുടെ സൃഷ്ടിയാണ്. വ്യത്യസ്ത ഭാഷകളും സംസ്‌കാരങ്ങളും സമന്വയിച്ച ഒരു രാഷ്ട്രത്തിന്റെ പുരോഗതി അരക്ഷിതാവസ്ഥയിലേക്കും കലാപങ്ങളിലേക്കും വഴിമാറുന്നത് ശുഭസൂചകമല്ല. ജനാധിപത്യം ഊട്ടിയുറപ്പിക്കേണ്ട തലസ്ഥാനനഗരിയില്‍ തന്നെ 'ഷാഹിന്‍ ബാഗ്' സമരം രൂപംകൊണ്ടപ്പോള്‍ തകര്‍ന്നടിഞ്ഞത് ഇന്ത്യക്കാരന്റെ അഭിമാനവും സഹിഷ്ണുതാമനസ്സുമാണ്. പാര്‍ശ്വവത്കരിക്കപ്പെട്ടവരും ഭിതിയിലകപ്പെട്ടവരും നീതിനിഷേധത്തിനെതിരെ തെരുവിലിറങ്ങിയപ്പോള്‍ അവിടെയും കലാപം പടര്‍ത്താന്‍ ഗുഢാലോചന നടത്തിയവര്‍ അസഹിഷ്ണുതയുടെ വാഹകരായിരുന്നു. പൗരസ്വാതന്ത്ര്യത്തിനും പൗരാവകാശങ്ങള്‍ക്കും വിലങ്ങുവീണതാണ് ഒരുപാട് ഇന്ത്യക്കാര്‍ ജോലിപോലും ഉപേക്ഷിച്ച് സമരപ്പന്തല്‍ ഒരുക്കാന്‍ ഇടയാക്കിയത്. ധാര്‍മിക മൂല്യങ്ങളിലൂന്നി സാംസ്‌കാരിക പൈതൃകങ്ങള്‍ കൈമാറ്റം ചെയ്യപ്പെടുന്ന കലാലയങ്ങള്‍ കലാപഭൂമിയാക്കിയവര്‍ അസഹിഷ്ണുതയെ ജനകിയവത്കരിച്ചവരാണ്. നൂറ്റാണ്ടുകളായി ഭാരതത്തില്‍ നിലനിന്നുവന്ന സഹവര്‍ത്തിത്വത്തെ തമസ്‌കരിക്കാനും വര്‍ഗീയചിന്തകള്‍ക്ക് വളമിടാനും ആഗ്രഹിച്ചവരാണ് ബീഫ് തിന്നതിന്റെയും പശുക്കടത്തിന്റെയുമൊക്കെ പേരില്‍  ആളുകളെ തല്ലിക്കൊല്ലാന്‍ രംഗത്തിറങ്ങിയത്.

ഓരോ മത വിശ്വാസിക്കും അവനവന്റെ മതാചാരങ്ങള്‍ നിര്‍വഹിക്കാനും വിശ്വാസം കാത്തുസൂക്ഷിക്കാനും അവസരം നല്‍കുന്ന ഇന്ത്യന്‍ ഭരണഘടന എല്ലാ മതമൂല്യങ്ങളെയും ഉള്‍ക്കൊള്ളാനാണ് ആഹ്വാനം ചെയ്തത്. അപരന്റെ വിശ്വാസത്തെയും ആചാരങ്ങളെയും അസഹിഷ്ണുതയോടെ നിരീക്ഷിക്കാന്‍ പ്രേരണ നല്‍കുന്നത് മനസ്സ് സ്വാര്‍ഥതയിലേക്ക് പരിമിതപ്പെട്ടു എന്നതിന്റെ ദുഃസൂചനയാണ്. സിന്ദൂരം തൊടുന്നതിന്റെ മനഃശാസ്ത്രം വിശദീകരിച്ചപ്പോള്‍ തങ്ങളുടെ പെണ്‍മക്കള്‍ കാക്കമാരുടെ പീഡനത്തില്‍ അകപ്പെടാതിരിക്കാന്‍ എന്നു പറഞ്ഞത് അറിവില്ലായ്മയുടെയും മുന്‍വിധിയുടെയും അടയാളമാണ്. അല്ലെങ്കില്‍ അന്ധമായ വിരോധമാണ്.

അസഹിഷ്ണുത കോവിഡിനെക്കാള്‍ വലിയ മഹാമാരിയാണ്. ഒരു രാജ്യത്തുള്ള എല്ലാ മതവിഭാഗങ്ങളെയും സമഭാവനയോടെ ദര്‍ശിക്കാന്‍ കഴിയുമ്പോള്‍ ചിലര്‍ക്ക് ജനിക്കുന്ന സന്താനങ്ങള്‍ അപരവത്കരിക്കപ്പെടുകയോ  അവരുടെ എണ്ണപ്പെരുപ്പം തടയാന്‍ വേണ്ടി വിവാഹപ്രായം കൂട്ടുകയോ ചെയ്യേണ്ടിവരില്ല. അസഹിഷ്ണുത രക്തത്തില്‍ കയറുന്നതോടെ മറ്റുള്ളവരെ മനുഷ്യരായി കാണാനും സഹായിക്കാനുമുള്ള മനഃസ്ഥിതി നഷ്ടപ്പെടുന്നു.  കരിപ്പൂരില്‍  വിമാനദുരന്തമുണ്ടായപ്പോള്‍ കൊറോണയെ വകവെക്കാതെ മലപ്പുറത്തുള്ളവര്‍ രക്ഷാ പ്രവര്‍ത്തനങ്ങള്‍ക്ക് മുന്നിട്ടിറങ്ങിയത് 'സഹിഷ്ണുത' എന്ന വികാരം ഇവിടെനിന്നും അന്യമായിട്ടില്ല എന്നതിന്റെ പ്രഖ്യാപനമായിരുന്നു.

അപരന്റെ വേദനകളെയും നൊമ്പരങ്ങെളയും തന്റെതായി കാണാന്‍ പറ്റുന്ന അവസ്ഥയില്‍ മാത്രമാണ് നാം മനുഷ്യത്വമുള്ളവരാകുന്നത്. ജീവിതത്തിന്റെ പച്ചയായ യാഥാര്‍ഥ്യങ്ങളോട് പുറംതിരിഞ്ഞുനില്‍ക്കാന്‍ കല്‍പിക്കുന്ന ഒരു മനസ്സ് നമ്മിലുണ്ടായിക്കഴിഞ്ഞാല്‍ പിന്നീടു സംഭവിക്കുന്നത് സത്യവും നീതിയും തമസ്‌കരിക്കപ്പെടലായിരിക്കും.

അസഹിഷ്ണുത എന്ന വികാരം മനസ്സിനെ ഗ്രസിച്ചാല്‍ വലിയ മാറ്റങ്ങളാണ് ഒരാളില്‍ സംഭവിക്കുക. തന്നെ വിമര്‍ശിക്കുന്നവരോട് പുറംതിരിഞ്ഞു നില്‍ക്കാനും അവര്‍ പറയുന്നതിലെ വസ്തുതകളെ കാണാത്ത മട്ടില്‍ പെരുമാറാനും സാധിക്കുന്ന ഒരു മാനസികാവസ്ഥയാണിത്. താന്‍ പറയുന്നതും ചെയ്യുന്നതും മാത്രമെ ശരിയുള്ളൂ എന്ന ശക്തമായ തോന്നലും വിശ്വാസവും ആയിരിക്കും ഈ കുട്ടരെ പിന്നീട് നിയന്ത്രിക്കുക. ക്ഷമാപണം, വിട്ടുവീഴ്ച, എടുത്ത തീരുമാനം പുനഃപരിശോധിക്കല്‍, വീണ്ടുവിചാരം തുടങ്ങി, നാം സാധാരണ ബുദ്ധിയുള്ളവരില്‍ ദര്‍ശിക്കുന്ന ഗുണങ്ങള്‍ ഇവരില്‍ കാണുവാന്‍ സാധ്യമല്ല. കരളലയിപ്പിക്കുന്ന കാഴ്ചകളോ സംഭവങ്ങളോ ഈ മാനസികാവസ്ഥ അനുഭവിക്കുന്നവര്‍ക്ക് പ്രശ്നമായി തോന്നുകയേ ഇല്ല.

സ്നേഹം, ആര്‍ദ്രത, കാരുണ്യം തുടങ്ങിയ വികാരങ്ങള്‍ ഇവര്‍ക്ക് അന്യമായിരിക്കും. കോടിക്കണക്കിനാളുകള്‍ക്ക് ദുരിതം വിതച്ചിട്ടായാലും ശരി തങ്ങളുടെ സ്വാര്‍ഥ താല്‍പര്യങ്ങള്‍ സംരക്ഷിക്കുന്നതിന് ഇവര്‍ പരിശ്രമിക്കും. അതിനായി എന്തു നെറികേടും കാണിക്കാന്‍ ഇവര്‍ മടികാണിക്കില്ല. തങ്ങള്‍ വെറുക്കുന്ന ജനതയെ പാര്‍ശ്വവത്കരിക്കുന്നതിന് ഏതറ്റം വരെ പോവാനും ഇവര്‍ തയ്യാറായിരിക്കും. നേരും നെറിയും നഷ്ടപ്പെടുമ്പോള്‍ തികച്ചും അപ്രായോഗികമായ ഒരു ആദര്‍ശത്തെയും ആശയത്തെയും മറ്റുള്ളവരില്‍ അടിച്ചേല്‍പ്പിക്കുമ്പോള്‍ ഇവര്‍ വല്ലാത്തൊരു മാനസിക സംതൃപ്തി അനുഭവിക്കുന്നുണ്ടാകും.  

അസഹിഷ്ണുത നമ്മുടെ രാജ്യത്തെ ബാധിച്ചുകൊണ്ടിരിക്കുന്ന ഏറ്റവും വലിയ അര്‍ബുദമാണെന്ന് പറയാം. തങ്ങള്‍ സ്വപ്‌നം കാണുന്ന സമൂഹനിര്‍മിതിക്ക് വേണ്ടി മറ്റുള്ളവരെ ഇല്ലാതാക്കുന്നതില്‍ ഒരു തെറ്റുമില്ല എന്ന് വിശ്വസിക്കുന്നവരുടെ കൂട്ടായ്മയാണ് ഇവരുടെ ബലം. സ്വാര്‍ഥതയെ പ്രചോദിപ്പിക്കുന്ന ചിത്രങ്ങള്‍, കഥകള്‍, സിനിമകള്‍, പരിപാടികള്‍ എല്ലാം കണ്ട് വളരുന്ന പുതുതലമുറക്ക് മാറിച്ചിന്തിക്കാന്‍ കഴിയാത്തവിധം മനസ്സ് മരവിച്ചുകൊണ്ടിരിക്കുന്നു. പങ്കുവയ്ക്കലില്‍ കൂടിയാണ് സംതൃപ്തിയും ജീവിത നന്മയും കരസ്ഥമാക്കാന്‍ കഴിയുക എന്ന തിരിച്ചറിവ് ഇവരില്‍ നഷ്ടപ്പെട്ടിരിക്കുന്നു.

അസഹിഷ്ണുത സൃഷ്ടിക്കുന്നത് അരാചകത്വമാണ്. മറ്റുള്ളവരെ ഉള്‍ക്കൊള്ളാനുള്ള കഴിവിന്റെ തിരസ്‌കരമാണിത്. സ്വജന പക്ഷപാതിത്വത്തിന്റെ വളര്‍ച്ചയും മൂര്‍ച്ചയുമാണിത്. നൈമിഷിക സാമ്പത്തിക ലാഭങ്ങളും നേട്ടങ്ങളുമാണിവര്‍ക്ക് ഹരംപകരുന്നത്. സാമൂഹ്യ പ്രതിബദ്ധതയില്ലായ്മയാണ് ഇതിന്റെ തിക്തഫലം. മറ്റുള്ളവരുടെ കഴിവുകളും ശേഷികളും വളരുന്നതും ഉണരുന്നതും തങ്ങളുടെ കഴിവുകള്‍ അവഗണിക്കപ്പെടാന്‍ കാരണമാകുമോ എന്ന ഉല്‍കണ്ഠയും പേടിയുമാണ് ഈ മാനസികാവസ്ഥയുള്ളവരെ നിയന്ത്രിക്കുക.  ഈ വൈറസ് പിടികൂടുക മനുഷ്യന്റെ നന്മചെയ്യാനുള്ള സഹജവാസനയെയാണ്. അസഹിഷ്ണുത ഒരാളില്‍ വന്നുചേരുന്നതോടുകൂടി അയാള്‍ ലക്ഷ്യബോധം നഷ്ടപ്പെട്ട് കാറ്റില്‍ ഉലയുന്ന വഞ്ചിയെ പോലെയാകുന്നു. സമൂഹത്തില്‍നിന്നുയരുന്ന ചെറിയ നെടുവീര്‍പ്പുകള്‍ പോലും ഇവരുടെ മാനസികാവസ്ഥയെ കൊടുങ്കാറ്റുകളായിട്ടാണ് സ്വാധീനിക്കുക. ഈ ഹിംസാത്മക വൈറസ് ലക്ഷ്യംവയ്ക്കുന്നത് മനുഷ്യരുടെ ക്രയശേഷിയുടെയും ചിന്താശക്തിയുടെയും തിരോധാനമാണ്. തങ്ങളുടെതല്ലാത്ത വിശ്വാസത്തെയും ആചാരങ്ങളെയും മറ്റും ചോദ്യം ചെയ്യുന്നതും ഉന്‍മൂലനം ചെയ്യുന്നതും ഇവര്‍ക്കൊരു ഹരമായാണ് തോന്നുക.

അസഹിഷ്ണുത സൃഷ്ടിക്കുന്നത് അസ്തിത്വ പ്രതിസന്ധിയാണ്. ഇതിന് നേതൃത്വം നല്‍കുന്നവര്‍ ആഗ്രഹിക്കുന്നത് മനുഷ്യവിഭവശേഷിയുടെ ഷണ്ഡീകരണവും ഉന്മൂലനവുമാണ്. ജീവിതത്തിന്റെ സമസ്ത മണ്ഡലങ്ങളെയും പ്രതികൂലമായി ബാധിക്കുന്ന, ഒരു രാഷ്ട്രത്തിന്റെ നന്മകളുടെയും സംസ്‌കാരങ്ങളുടെയും മുനയൊടിക്കുന്ന നിഷേധാത്മകമായ ചിന്തകള്‍ (ഉദാ: ക്രോധം, പക, അസൂയ, വെറുപ്പ്) വളര്‍ത്തുന്ന, മനുഷ്യന്റെ ക്രയശേഷിയെയും അധ്വാനിക്കാനുള്ള താല്‍പര്യത്തെയും ഇല്ലാതാക്കുന്ന, ഏറ്റവും ബീഭല്‍സമായ പ്രതികരണങ്ങള്‍ സമൂഹത്തിലുളവാക്കുന്ന ഒരു വില്ലനാണിത്.

നമ്മള്‍ പറയുന്നതും ചിന്തിക്കുന്നതും ചെയ്യുന്നതും മാത്രമാണ് ശരിയെന്നും അത് മറ്റുള്ളവര്‍ അനുസരിക്കണമെന്നുമുള്ള ശാഠ്യം ഒരാളുടെ സ്വത്വത്തിനും സ്വബോധത്തിനുമാണ് കൂച്ചുവിലങ്ങിടുന്നത്. ഭൂരിപക്ഷ ജനതയിലെ ന്യൂനപക്ഷങ്ങളുടെ ഉല്‍പന്നമാണ് യഥാര്‍ഥത്തില്‍ നമ്മുടെ നാട്ടില്‍ നാം കാണുന്ന അസഹിഷ്ണുത. അക്രമിക്കുന്ന ഏതാനും ആളുകള്‍ കാണിക്കുന്നതിനെക്കാള്‍ വലിയ ക്രൂരതയാണ് ഇതൊന്നും എന്നെ ബാധിക്കില്ല എന്ന രീതിയില്‍ ചിന്തിക്കുന്നവരും അതിനെതിരെ പ്രതികരിക്കാതിരിക്കുന്നവരും കാണിക്കുന്നത്.