എല്ലാം അറിയുന്നവനും അല്‍പം മാത്രം അറിയുന്നവരും

മുനവ്വര്‍ ഫൈറൂസ്

2020 ജൂണ്‍ 06 1441 ശവ്വാല്‍ 14

മനുഷ്യരായ നാം ഈ ഭൂമിയില്‍ പിറന്നുവീണത് യാതൊന്നും അറിയാത്തവരായിക്കൊണ്ടാണ്. അല്ലാഹു പറയുന്നു:

''നിങ്ങളുടെ മാതാക്കളുടെ ഉദരങ്ങളില്‍നിന്ന് നിങ്ങള്‍ക്ക് യാതൊന്നും അറിഞ്ഞുകൂടാത്ത അവസ്ഥയില്‍ അല്ലാഹു നിങ്ങളെ പുറത്ത് കൊണ്ടുവന്നു. നിങ്ങള്‍ക്ക് അവന്‍ കേള്‍വിയും കാഴ്ചകളും ഹൃദയങ്ങളും നല്‍കുകയും ചെയ്തു. നിങ്ങള്‍ നന്ദിയുള്ളവരായിരിക്കാന്‍ വേണ്ടി'' (ക്വുര്‍ആന്‍ 16:78).

കേള്‍വിയുടെയും കാഴ്ചയുടെയും അനുഭവങ്ങളുടെയും പഠനത്തിന്റെയും ഗവേഷണ- നിരീക്ഷണങ്ങളുടെയും അടിസ്ഥാനത്തില്‍ മനുഷ്യന്‍ പല കാര്യങ്ങളും മനസ്സിലാക്കുന്നു. ഇന്നലെവരെ അറിയാത്ത ഒരു കാര്യം നാം ഇന്ന് അറിയുന്നു. ഇതുവരെ നാം ശരിയെന്ന് ധരിച്ച പലതും തെറ്റാണെന്ന് പഠനങ്ങള്‍ നമ്മെ അറിയിക്കുന്നു. ഇന്നുവരെ  തെറ്റെന്ന് ധരിച്ച പലതും ശരിയാണെന്നും പിന്നീട് നമുക്ക് ബോധ്യമാകുന്നു. വിജ്ഞാനത്തിന്റെ ആഴങ്ങളിലേക്ക് ഊളിയിട്ടിറങ്ങിയ, അറിവിന്റെ വ്യത്യസ്തമായ സോപാനങ്ങള്‍ കയറിയിറങ്ങിയ വലിയ പണ്ഡിതന്മാര്‍ ലോകത്ത് ജീവിച്ചുകൊണ്ടിരിക്കുന്നുണ്ട്. ശാസ്ത്രത്തിന്റെ ഉന്നതങ്ങളില്‍ എത്തിപ്പിടിച്ച വലിയ അറിവാളന്മാര്‍ ലോകത്ത് ജീവിച്ചുമരിച്ചിട്ടുണ്ട്. എന്നാല്‍ എത്ര വലിയ അറിവ് നേടിയവരും സമ്മതിക്കുന്ന ഒരു കാര്യമാണ് തങ്ങള്‍ അറിഞ്ഞതിനെക്കാളും എത്രയോ കാര്യങ്ങള്‍ അറിയാത്തതായി ഉണ്ട് എന്ന്. താന്‍ മനസ്സിലാക്കാത്ത കോടാനുകോടി കാര്യങ്ങള്‍ ഈ ലോകത്തുണ്ട് എന്നത് ഏതൊരു പണ്ഡിതനും അംഗീകരിക്കുന്ന കാര്യമാണ്.

എന്നാല്‍ മനുഷ്യരുടെ സൃഷ്ടികര്‍ത്താവായ അല്ലാഹുവിന്റെ പ്രത്യേകത അവന്റെ അറിവ് വിശാലമാണ് എന്നതാണ്. അതിന് പരിധിയും പരിമിതിയുമില്ല. അല്ലാഹു പറഞ്ഞു:

''നിങ്ങളുടെ ദൈവം അല്ലാഹു മാത്രമാകുന്നു. അവനല്ലാതെ യാതൊരു ദൈവവുമില്ല. അവന്റെ അറിവ് എല്ലാകാര്യത്തെയും ഉള്‍കൊള്ളാന്‍ മാത്രം വിശാലമായിരിക്കുന്നു'' (ക്വുര്‍ആന്‍ 20:98).

നമുക്ക് രഹസ്യമായതും പരസ്യമായതും, ദൃശ്യമായതും അദൃശ്യമായതും എല്ലാം അല്ലാഹു അറിയുന്നുണ്ട്. രാത്രിയുടെ ഇരുട്ടില്‍ നടക്കുന്ന കാര്യങ്ങളും പകലിന്റെ വെളിച്ചത്തില്‍ നടക്കുന്ന കാര്യങ്ങളുമെല്ലാം അവനെ സംബന്ധിച്ച് ഒരുപോലെയാണ്. ഇന്നലെകളില്‍ നടന്നതും ഇന്ന് നടന്നു കൊണ്ടിരിക്കുന്നതും ഭാവിയില്‍ നടക്കാനിരിക്കുന്നതും ലോകത്ത് സംഭവിച്ചതും സംഭവിച്ചുകൊണ്ടിരിക്കുന്നതും സംഭവിക്കാനിരിക്കുന്നതുമായ സകല കാര്യങ്ങളും അവന്‍ അറിയാതെപോകുന്നില്ല. എല്ലാ കാര്യങ്ങളെ സംബന്ധിച്ചും, എല്ലാ സൃഷ്ടികളെ പറ്റിയും സൂക്ഷ്മവും കൃത്യവും വ്യക്തവുമായി അറിയുന്നവനാണ് അല്ലാഹു.

''അവന്റെ പക്കലാകുന്നു അദൃശ്യകാര്യത്തിന്റെ ഖജനാവുകള്‍. അവനല്ലാതെ അവ അറിയുകയില്ല. കരയിലും കടലിലുമുള്ളത് അവന്‍ അറിയുന്നു. അവനറിയാതെ ഒരു ഇല പോലും വീഴുന്നില്ല. ഭൂമിയിലെ ഇരുട്ടുകള്‍ക്കുള്ളിലിരിക്കുന്ന ഒരു ധാന്യമണിയാകട്ടെ, പച്ചയോ ഉണങ്ങിയതോ ആയ ഏതൊരു വസ്തുവാകട്ടെ വ്യക്തമായ ഒരു രേഖയില്‍ എഴുതപ്പെട്ടതായിട്ടല്ലാതെ ഉണ്ടാവില്ല'' (ക്വുര്‍ആന്‍ 6:59).

കടലിലും കരയിലും നടക്കുന്ന എല്ലാം അല്ലാഹു അറിയുന്നു. മറ്റാര്‍ക്കാണത് അറിയാന്‍ സാധിക്കുക? കടലിലെ തിരമാലകളുടെ എണ്ണവും കടല്‍ത്തീരത്തെ മണല്‍തരികളുടെ കണക്കും സാഗരങ്ങളില്‍ നീന്തിതുടിക്കുന്ന മത്സ്യങ്ങളുടെ എണ്ണവും മാത്രമല്ല; അവയുടെ അവസ്ഥകളും അവന്‍ അറിയുന്നു. ലോകത്തെ കോടാനുകോടി വൃക്ഷങ്ങളിലെ ഏതെങ്കിലും ഒരു വൃക്ഷത്തില്‍ നിന്ന് ഒരു ഇല കൊഴിഞ്ഞു വീഴുന്നുണ്ടെങ്കില്‍ അതുപോലും  അവനറിയാതെ നടക്കുന്നില്ല. വനാന്തരങ്ങളിലെ നിഗൂഢ രഹസ്യങ്ങളും സമുദ്രാന്തര്‍ഭാഗങ്ങളിലെ അവസ്ഥകളും അവന്‍ അറിയുന്നു. ഹൃദയങ്ങള്‍ ഒളിച്ചുവെക്കുന്ന രഹസ്യങ്ങള്‍ പോലും അവന്‍ അറിയുന്നു.

''കണ്ണുകളുടെ കള്ളനോട്ടവും ഹൃദയങ്ങള്‍ മറച്ചുവെക്കുന്നതും അവന്‍ (അല്ലാഹു) അറിയുന്നു'' (ക്വുര്‍ആന്‍ 40:19).

''ആകാശങ്ങളിലുള്ളതും ഭൂമിയിലുള്ളതും അവന്‍ അറിയുന്നു. നിങ്ങള്‍ രഹസ്യമാക്കുന്നതും പരസ്യമാക്കുന്നതും അവന്‍ അറിയുന്നു. അല്ലാഹു ഹൃദയങ്ങളിലുള്ളത് അറിയുന്നവനാകുന്നു'' (ക്വുര്‍ആന്‍ 64:4).

'കണ്ണില്‍ കാണാത്തതും ക്വല്‍ബകത്തുള്ളതും കണ്‍കൊണ്ട് കണ്ടപോല്‍  കാട്ടിപ്പറയുന്ന' ഖോജമാരെ പരിചയപ്പെടുത്തുന്ന കെട്ടുകഥകളും കെട്ടുപാട്ടുകളും ഇസ്‌ലാമിന് അന്യമാണ്. എത്ര വലിയ ജഞാനിയും മുത്തക്വിയുമാണെങ്കിലും അയാള്‍ക്ക് എല്ലാകാര്യങ്ങളും അറിയാനുള്ള കഴിവുണ്ടാകില്ല എന്ന വസ്തുത ബുദ്ധിയും ചിന്തയുമുള്ള ഏതൊരാള്‍ക്കുമറിയാവുന്ന കാര്യമാണ്. തങ്ങള്‍ക്ക് വരാനിരിക്കുന്ന രോഗങ്ങളെപ്പറ്റിയും അപകടങ്ങളെ സംബന്ധിച്ചും അറിയാത്ത ആളുകളാണ് ആള്‍ദൈവങ്ങളും സിദ്ധന്മാരുമായി വിലസുന്നവരെല്ലാം എന്ന കാര്യം വര്‍ത്തമാനകാല സംഭവങ്ങളില്‍നിന്നുതന്നെ നാം മനസ്സിലാക്കുന്നു. 'ആള്‍ദൈവങ്ങള്‍'എന്തിനാണ് ബഹുഭാഷാ പണ്ഡിതന്മാരെ കൂടെ കൊണ്ടുനടക്കുന്നത്? അവര്‍ക്ക് എല്ലാം അറിയാമെങ്കില്‍ കൂടെ ബഹുഭാഷാ പണ്ഡിതന്മാരുടെ ആവശ്യമെന്ത്? സകല രോഗങ്ങള്‍ക്കും പ്രശ്‌നങ്ങള്‍ക്കും ശാന്തി നല്‍കുന്നവര്‍ സ്വന്തമായി ആശുപത്രികള്‍ നടത്തുന്നതും തങ്ങള്‍ക്ക് രോഗം വന്നാല്‍ ഏറ്റവും മുന്തിയ ആശുപത്രിയില്‍ പോകുന്നതും വിരോധാഭാസമല്ലേ?

മനുഷ്യന്‍ നിസ്സാരനാണെന്നും അവന്റെ അറിവിനും കഴിവിനും പരിമിതിയുണ്ടെന്നും നാം മനസ്സിലാക്കുക. അല്ലാഹു പറയുന്നു:

 ''അറിവില്‍ നിന്ന് അല്‍പമല്ലാതെ നിങ്ങള്‍ക്ക് നല്‍കപ്പെട്ടിട്ടില്ല'' (ക്വുര്‍ആന്‍ 17:85).

എന്നാല്‍ സ്രഷ്ടാവ് അങ്ങനെയല്ല. അവന്‍ ഒരു നിലയ്ക്കും സൃഷ്ടികെള പോലെയല്ല. ഒരു മനുഷ്യന്‍ ജനിക്കുന്നതിനു മുമ്പ് തന്നെ അവന്‍ ആരായിത്തീരുമെന്നും അവന്റെ ജീവിതത്തില്‍ എന്തെല്ലാം സംഭവിക്കുമെന്നും അവന്‍ എന്തെല്ലാം നേട്ടങ്ങള്‍ കൈവരിക്കുമെന്നും അവനെ എന്തെല്ലാം ദുരന്തങ്ങള്‍ ബാധിക്കുമെന്നും അല്ലാഹു അറിയുന്നു. ഇത് മനുഷ്യന്റെ വിഷയത്തില്‍ പരിമിതമല്ല. ഈ പ്രപഞ്ചത്തിലെ കോടിക്കണക്കിന് നക്ഷത്രങ്ങളെ പറ്റിയും ഗ്രഹങ്ങളെ പറ്റിയും അവയിലെ വസ്തുക്കളെ പറ്റിയും തുടങ്ങി സൂക്ഷ്മവും സ്ഥൂലവുമായ എല്ലാമെല്ലാം അവന്‍ അറിയും. അവന്‍ അറിയാത്ത യാതൊന്നുമില്ല.

''ഭൂമിയില്‍ പ്രവേശിക്കുന്നതും അതില്‍ നിന്ന് പുറത്തു വരുന്നതും, ആകാശത്തുനിന്ന് ഇറങ്ങുന്നതും അതിലേക്ക് കയറിച്ചെല്ലുന്നതും അവന്‍ അറിഞ്ഞുകൊണ്ടിരിക്കുന്നു. നിങ്ങള്‍ എവിടെയായിരുന്നാലും (അവന്റെ അറിവുകൊണ്ടും, കഴിവുകൊണ്ടും) അവന്‍ നിങ്ങളുടെ കൂടെയുണ്ട് താനും. അല്ലാഹു നിങ്ങള്‍ പ്രവര്‍ത്തിക്കുന്നതിനെപ്പറ്റി കണ്ടറിയുന്നവനാകുന്നു'' (ക്വുര്‍ആന്‍ 57:4).

''ഭൂമിയിലോ ആകാശത്തോ ഉള്ള യാതൊരു കാര്യവും അല്ലാഹുവിന്ന് അവ്യക്തമായിപ്പോകുകയില്ല; തീര്‍ച്ച'' (ക്വുര്‍ആന്‍ 3:5).

രാത്രിയുടെ ഇരുളില്‍ ചെയ്യുന്ന തെറ്റുകളും, ആരും കാണാതെ മോഷ്ടിക്കുന്നതും, കച്ചവടത്തില്‍ കള്ളത്തരം കാട്ടുന്നതും, വസ്തുക്കളില്‍ മായം ചേര്‍ക്കുന്നതും, മാതാപിതാക്കളെ ഉപദ്രവിക്കുന്നതും,  ഭര്‍ത്താവിനെ വഞ്ചിക്കുന്നതും, ഭാര്യയെ ചതിക്കുന്നതും, അയല്‍വാസിയെ ഉപദ്രവിക്കുന്നതും എല്ലാം സൃഷ്ടിച്ച് പരിപാലിക്കുന്ന അല്ലാഹു അറിയുന്നു എന്ന് മനസ്സിലാക്കുന്ന മനുഷ്യന്റെ ജീവിതത്തില്‍ സൂക്ഷ്മതയും ഭയഭക്തിയും കൈവരുമെന്നതില്‍ സംശയമില്ല.  

അല്ലാഹു എല്ലാം അറിയുന്നു എന്ന് ഉറച്ചു വിശ്വസിക്കുന്ന ഒരാള്‍ക്ക്  രഹസ്യമായോ പരസ്യമായോ തിന്മകള്‍ ചെയ്യാന്‍ സാധിക്കുകയില്ല. വല്ല അബദ്ധവും പറ്റിപ്പോയാല്‍ തന്നെ അവന്‍ അല്ലാഹുവിലേക്ക് ഖേദിച്ചു മടങ്ങുകയും ചെയ്യും. അവന്‍  നന്മ നിറഞ്ഞ ജീവിതം മാത്രമെ നയിക്കുകയുള്ളൂ. 'എന്റെ റബ്ബ് എന്റെ മനസ്സിന്റെ വികാര-വിചാരങ്ങളും വ്യസനങ്ങളും ആവശ്യങ്ങളും കൃത്യമായി അറിയുന്നവനാണ്' എന്ന ബോധത്തോടുകൂടി അവന്‍ അല്ലാഹുവിനോട് മാത്രം പ്രാര്‍ഥിക്കുകയും എല്ലാം അവനില്‍ ഏല്‍പിക്കുകയും ചെയ്യും.