ദേശീയ വിദ്യാഭ്യാസനയം: ഉള്ളടക്കം, ഉള്‍ഭയവും

സി.പി ചെറിയ മുഹമ്മദ്

2020 ഒക്ടോബര്‍ 03 1442 സഫര്‍ 16

ഈ നൂറ്റാണ്ടിലെ ആദ്യ വിദ്യാഭ്യാസനയത്തിന് ഇക്കഴിഞ്ഞ ജൂലൈ 29നു കേന്ദ്രമന്ത്രിസഭായോഗം അംഗീകാരം നല്‍കിയിരിക്കുകയാണ്. മൈനസ് ത്രീ തൊട്ട് ഉന്നതവിദ്യാഭ്യാസ മേഖലയില്‍വരെ ഘടനയിലും ഉള്ളടക്കത്തിലും സമഗ്രമാറ്റം ഉദ്ദേശിച്ചുള്ളതാണ് ഈ പുതിയ ദേശീയ വിദ്യാഭ്യാസനയം (National Education Policy 2020).

ഐ.എസ്.ആര്‍.ഒയുടെ മുന്‍ ചെയര്‍മാന്‍ ഡോ. കസ്തൂരി രംഗന്‍ അധ്യക്ഷനായ പതിനൊന്നംഗ സമിതിയാണ് ഈ റിപ്പോര്‍ട്ടു തയ്യാറാക്കിയത്. മുപ്പത്തിനാല് വര്‍ഷങ്ങള്‍ക്കുശേഷമാണ് ഒരു സമഗ്ര ദേശീയ വിദ്യാഭ്യാസ നയമുണ്ടാകുന്നതെന്നത് ഈ പോളിസിയുടെ (NEP) സവിശേഷതയായി ചൂണ്ടിക്കാട്ടാം. അതേസമയം ഈ നയം അവശ്യം ചര്‍ച്ചചെയ്യേണ്ട പാര്‍ലമെന്റിന്റെ ഇരുസഭകളും കാണാതെയും സംസ്ഥാനങ്ങളുടെ സമവര്‍ത്തിതാധികാരങ്ങളില്‍ കൈവയ്ക്കുന്നതുമാണെന്ന വിമര്‍ശനം ഗൗരവമുള്ളതാണ്.

Draft National Education Policy 2019 എന്ന പേരില്‍ 477 പേജുള്ള ഒരു കരട് റിപ്പോര്‍ട്ടാണ് 2018 ഡിസംബര്‍ 15ന് കേന്ദ്ര സര്‍ക്കാറിന് സമര്‍പ്പിക്കപ്പെട്ടത്. എന്നാല്‍ ഇപ്പോള്‍ കേന്ദ്രമന്ത്രിസഭ അംഗീകരിച്ചിരിക്കുന്നത് കേവലം 65 പേജുള്ള, കരടിലെ ഉള്ളടക്കത്തിന്റെ ചോര്‍ച്ച പരമാവധി കുറച്ച ഒരു രേഖയുമാണ്.

ആമുഖവും കാഴ്ചപ്പാടും, സ്‌കൂള്‍ വിദ്യാഭ്യാസം, ഉന്നത വിദ്യാഭ്യാസം, കൂട്ടിച്ചേര്‍ക്കേണ്ട പ്രധാന ഏരിയകള്‍, മാറുന്ന വിദ്യാഭ്യാസം എന്നീ ഉള്ളടക്കത്തിലായിരുന്നു കരട് രേഖയെങ്കില്‍ സ്‌കൂള്‍ വിദ്യാഭ്യാസം, ഉന്നത വിദ്യാഭ്യാസം, മറ്റു പ്രധാന കേന്ദ്രീകൃത ഏരിയകള്‍, സംഭവിക്കാന്‍ ഇടയാക്കുമ്പോള്‍ എന്നീ നാലു ഭാഗങ്ങളായി ചുരുക്കിയിട്ടുണ്ട്. 2030ലേക്കുള്ള ഒരു സുസ്ഥിര അജണ്ട ഇതു ലക്ഷ്യമാക്കുന്നു. It Ensure Inclusive and equitable quality education and promote life long learning opportunities for all by 2030 എന്ന് ആമുഖത്തില്‍ പറയുന്നു. 'എല്ലാവര്‍ക്കും ഒരാജീവനാന്ത പഠനം പ്രോത്സാഹിപ്പിക്കും വിധമുള്ള ഉള്‍ക്കൊള്ളലിന്റെയും നീതിപൂര്‍വകവും ഗുണനിലവാരമുള്ളതുമായ വിദ്യാഭ്യാസം ഈ നയം വിഭാവനം ചെയ്യുന്നു.'

ഘടനയിലും ഉള്ളടക്കത്തിലും സമഗ്രമായ അഴിച്ചുപണി വിഭാവനം ചെയ്യുന്ന ഈ നയം സ്‌കൂള്‍ വിദ്യാഭ്യാസത്തെയാണോ ഉന്നത മേഖലയെയാണോ ഏറ്റവും സാരമായി ബാധിക്കുക എന്നു ചോദിച്ചാല്‍ എല്ലായിടത്തും ഏറ്റക്കുറച്ചിലില്ലാതെ തന്നെ ബാധിക്കുമെന്നു തന്നെയാണ് ഉത്തരം. 1986ലെ ദേശീയ വിദ്യാഭ്യാസനയം (NEP), 1992ലെ കര്‍മപദ്ധതികള്‍ (POA) എന്നിവയുടെ സമഗ്രഭാവനയ്ക്കു തികച്ചും വ്യത്യസ്തമാണിത്. വിദ്യാഭ്യാസത്തിന്റെ എല്ലാതലങ്ങളിലും മതേതരത്വം ഉദ്‌ഘോഷിക്കണമെന്നതും ജനാധിപത്യ, ദേശീയ മൂല്യങ്ങള്‍ ഉയര്‍ത്തിപ്പിടിക്കണമെന്നുമുള്ള മൗലികതത്ത്വം പുതിയ നയത്തില്‍ തമസ്‌ക്കരിച്ചതും വികേന്ദ്രീകരണത്തിനു പകരം വിദ്യാഭ്യാസത്തെ കൂടുതല്‍ കേന്ദ്രീകൃതവും സ്വതന്ത്രരഹിതവുമാക്കുകയാണിവിടെ . സംസ്ഥാനങ്ങളുടെ അധികാരങ്ങളില്‍ കയ്യിടുക മാത്രമല്ല ഒരു യൂണിപൊളാര്‍ സംസ്‌കൃതിയിലേക്കും ഫൈഡറലിസത്തിനു പകരം ഏകച്ഛത്രാധിപത്യത്തിലേക്കുമുള്ള നീക്കം ഇവിടെ പ്രകടമാണ്.

സ്‌കൂള്‍ വിദ്യാഭ്യാസത്തില്‍ അടിമുടിമാറ്റമാണ് പുതിയനയം നിര്‍ദേശിച്ചത്. 1964-66ലെ കോഠാരി കമ്മീഷനാണ് പത്തു വര്‍ഷത്തെ പൊതുവിദ്യാഭ്യാസവും തുടര്‍ന്നുള്ള രണ്ടുവര്‍ഷ ഇന്റര്‍മീഡിയറ്റ് പഠനവും (10+2) എന്ന ഘടന മുന്നോട്ടുവച്ചത്. 1986ലെ ദേശീയ വിദ്യാഭ്യാസനയം 10+2+3 എന്നാക്കി പരിവര്‍ത്തിപ്പിച്ചു. എന്നാല്‍ എന്‍.ഇ.പി 2020 സ്‌കൂള്‍ വിദ്യാഭ്യാസത്തെ നാലു ഘട്ടങ്ങളാക്കി 5+3+3+4 എന്നിങ്ങനെ പൊളിച്ചെഴുതുന്നു. അവ ഫൗണ്ടേഷനല്‍, പ്രിപറേറ്ററി, മിഡ്ല്‍, സെക്കന്ററി എന്ന പേരിലറിയപ്പെടും. പ്രി സ്‌കൂള്‍/അംഗനവാടി വിദ്യാഭ്യാസം ആദ്യ 3 വര്‍ഷവും 1,2 ക്ലാസ്സുകള്‍ പിന്നീട് 2 വര്‍ഷവും ചേര്‍ന്നാണ് ആദ്യ അഞ്ചു വര്‍ഷത്തെ അടിസ്ഥാന ഘട്ടം അഥവാ ഫൗണ്ടേഷനല്‍ കാലം, 3 വയസ്സു തുടങ്ങി ആറുവയസ്സുവരെ പ്രി സ്‌കൂളും പിന്നീടുള്ള 2 വര്‍ഷം ഒന്ന്, രണ്ടു ക്ലാസ്സുകളും കഴിയുമ്പോള്‍ 6 തൊട്ട് 8 വയസ്സ് പൂര്‍ത്തിയാവും. പ്രിപറേറ്ററി ഘട്ടം 3 മുതല്‍ 5 വരെ ഗ്രേഡുകളാണ്. (8-11 ഏജ് ഗ്രൂപ്പ്). മിഡ്ല്‍ 6 മുതല്‍ 8 വരെ ക്ലാസ്സുകളാണ് (11-14 വയസ്സ്). സ്‌കൂള്‍ വിദ്യാഭ്യാസത്തിലെ അവസാന ഘട്ടം 9 മുതല്‍ 12 വരെയുള്ള സെക്കന്ററി കാലഘട്ടമാണ്. ഇത് 14 വയസ്സു തൊട്ട് 18 വരെ ആയിരിക്കും.

മൂന്ന്, അഞ്ച്, എട്ട് ക്ലാസ്സുകളില്‍ പ്രത്യേക സ്‌ക്രീനിംഗ് പരീക്ഷകളും 10,12 ക്ലാസ്സുകളിലെ നിലവിലുള്ള ബോര്‍ഡ് പരീക്ഷകള്‍ മാറ്റത്തിനു വിധേയമായും നടപ്പിലാക്കും. 5 വരെ അധ്യയനം മാതൃ/പ്രാദേശിക ഭാഷയിലായിരിക്കണം. 8 വരെയുള്ള ക്ലാസ്സുകളിലും ആവശ്യമെങ്കില്‍ ഇതു തുടരാം. ത്രിഭാഷ ഫോര്‍മുലയില്‍ സംസ്‌കൃതഭാഷ കൂടി ഉള്‍പ്പെടുത്തി എല്ലാ ലെവലുകളിലും അതു പഠിപ്പിക്കാന്‍ സൗകര്യമൊരുക്കുകയും വേണം. അതേസമയം ഇന്ത്യയുടെ രണ്ടാം ദേശീയ ഭാഷയായ ഉറുദുവിനെക്കുറിച്ച് റിപ്പോര്‍ട്ടില്‍ പരാമര്‍ശമേയില്ല! വിദേശഭാഷ മാത്രമല്ല അന്താരാഷ്ട്ര ലിങ്ക് ലാംഗേജ് കൂടിയായ ഇംഗ്ലീഷിനെ മാറ്റിനിര്‍ത്തലും അതേസമയം അന്താരാഷ്ട്ര നിലവാരത്തിലുള്ള ജ്ഞാനസമൂഹ സൃഷ്ടിയും എങ്ങനെ ഒന്നിച്ച് നടക്കുമെന്നത് അജ്ഞാതമായിരിക്കുന്നു! ഐക്യരാഷ്ട്ര സംഘടനയുടെ ആറു ഔദ്യോഗിക ഭാഷകളിലൊന്നായ അറബിയെപ്പറ്റി മറ്റു വിദേശ ഭാഷകളെക്കുറിച്ച് പറഞ്ഞിടത്തു പരാമര്‍ശിക്കുന്നുമില്ല! ഭാഷാവിവേചനമാണ് പുതിയ ദേശീയ വിദ്യാഭ്യാസനയത്തില്‍ എടുത്തുപറയത്തക്ക മറ്റൊരു അപാകത എന്നു വ്യക്തം. അതേസമയം ഒരു വിദ്യാര്‍ഥിയെയും ഒരു ഭാഷയും അടിച്ചേല്‍പിക്കരുതെന്ന് പ്രത്യേകം പറയുന്നുണ്ട്. സെക്കന്ററിതലം മുതല്‍ വിദേശ ഭാഷകളും എല്ലാ ക്ലാസ്സുകളിലും സംസ്‌കൃതവും തെരഞ്ഞെടുക്കാന്‍ അവസരമുണ്ടാവണമെന്നും നിര്‍ദേശിക്കുന്നുണ്ട്.

ആറാം ക്ലാസ്സ് മുതല്‍ തൊഴില്‍ പരിശീലനം വേണമെന്ന നിര്‍ദേശമുണ്ട്. അത് നിലവിലുള്ള വിദ്യാഭ്യാസ, മനഃശാസ്ത്ര സമീപനങ്ങള്‍ക്കെല്ലാം എതിരാണ്. അവസാന സെക്കന്ററി ക്ലാസ്സുകളില്‍ മാത്രം തൊഴില്‍ ആഭിമുഖ്യമുള്ള കോഴ്‌സ്, ബോധവല്‍ക്കരണം എന്നിവ അഭികാമ്യമാണ്. തൊഴില്‍ പരിശീലനമെന്നത് ഇളംപ്രായത്തില്‍ ആര്‍ജിതമാക്കുന്നത് വിദ്യാഭ്യാസത്തിന്റെ ചില മൗലിക ലക്ഷ്യങ്ങളില്‍നിന്ന് കുട്ടികളെ അകറ്റുമെന്ന് ഭയപ്പെടേണ്ടതുണ്ട്. മൂന്നാം വയസ്സു മുതല്‍ കുട്ടികള്‍ക്ക് പാഠ്യപദ്ധതി വരും. അനൗപചാരിക വിദ്യാഭ്യാസം ഇത്ര ഇളംപ്രായത്തില്‍ വേണ്ടതുണ്ടോ? ഇതിന്ന് ന്യൂറോ സയന്‍സിനെ കൂട്ടുപിടിച്ചാലും നാലു വയസ്സ് മുതല്‍ മതിയാവില്ലേ എന്നത് പ്രസക്തമായ ചോദ്യമാണ്. Catch them young എന്ന പ്രത്യയശാസ്ത്ര കുടില കാഴ്ചപ്പാട് ഇതിനു പിന്നിലുണ്ടോ എന്നതും തള്ളിക്കളയാനാവില്ല. മാനവ വിഭവശേഷി മന്ത്രാലയം എന്ന പേരുതന്നെ മാറ്റി വിദ്യാഭ്യാസ മന്ത്രാലയം എന്നാക്കി മാറ്റുന്ന ഈ നയരേഖയില്‍ ഉന്നത വിദ്യാഭ്യാസ രംഗത്തും സമൂലമായ മാറ്റം ഉദ്‌ഘോഷിക്കുന്നു.

ഒന്നിലധികം ഓപ്ഷനുകളുമായി ബിരുദപഠനം നാലു വര്‍ഷമാക്കും. നാലുവര്‍ഷ പഠനം പൂര്‍ത്തിയാക്കിയാല്‍ വിവിധോദ്ദേശ്യ ബാച്ചിലര്‍ ബിരുദം നല്‍കും. ഒരുവര്‍ഷം പൂര്‍ത്തിയാക്കി പുറത്തുപോകുന്നവര്‍ക്ക് തൊഴിലധിഷ്ടിത പഠന സര്‍ട്ടിഫിക്കറ്റും രണ്ടു വര്‍ഷത്തിനു ശേഷം പുറത്തുപോകുന്നവര്‍ക്ക് ഡിപ്ലോമയും മൂന്നു വര്‍ഷം പൂര്‍ത്തിയാക്കിയാല്‍ ബിരുദവും നാലാം വര്‍ഷക്കാര്‍ക്ക് ഗവേഷണാധിഷ്ഠിത ബിരുദവും നല്‍കും. എം.ഫില്‍ (മാസ്റ്റര്‍ ഓഫ് ഫിലോസഫി) നിര്‍ത്തലാക്കും. ഇന്റഗ്രേറ്റഡ് പിജി കോഴ്‌സ് ഉള്‍പ്പെടെ നാലു വര്‍ഷം, രണ്ടും വര്‍ഷം, ഏകവര്‍ഷ പിജി കോഴ്‌സുകള്‍ വരും. ഉന്നത വിദ്യാഭ്യാസ സ്ഥാപനങ്ങളില്‍ നിന്ന് നേടിയ അക്കാദമിക്ക് ക്രെഡിറ്റുകള്‍ ഡിജിറ്റലായി സംഭരിക്കാന്‍ അക്കാദമിക്ക് ബാങ്ക് ഓഫ് ക്രെഡിറ്റു സംവിധാനം കൊണ്ടുവരും.

സര്‍വകലാശാലകളെ ടീച്ചിംഗ്, റിസര്‍ച്ച്, അഫിലിയേറ്റഡ് എന്നിങ്ങനെ തരംതിരിക്കും. രാജ്യത്ത് ഇപ്പോഴുള്ള കോളേജുകള്‍ നല്ലൊരു ശതമാനവും അടച്ചുപൂട്ടും. 3000ല്‍ അധികം കുട്ടികള്‍ പഠിക്കുന്ന കോളേജുകള്‍ മാത്രമെ ഇനി നിലനില്‍ക്കുകയുള്ളൂവെന്നും ഏകവിഷയങ്ങള്‍ പഠിക്കുന്ന ബി.എഡ് കോളേജുകള്‍, അറബിക് കോളേജുകള്‍ എന്നിവ ഇല്ലാതാകുമെന്നും നയരേഖ പറയുന്നു. അവശേഷിക്കുന്നവയ്ക്ക് അക്കാദമിക സ്വാതന്ത്ര്യവും ഒട്ടോണമസ് പദവിയും നല്‍കും. സര്‍വകലാശാല, കോളേജ് പഠനങ്ങള്‍ക്ക് നാഷനല്‍ ടെസ്റ്റിങ്ങ് ഏജന്‍സിയുടെ പൊതു പ്രവേശന പരീക്ഷ നടത്തുന്നതും ഉന്നത വിദ്യാഭ്യാസത്തിലേക്കുള്ള പ്രവേശനം ഇപ്പോഴുള്ള 26.3% എന്നത് 1930 ഓടെ 50% ആയി ഉയര്‍ത്തുമെന്നും പറയുന്നതിലെ വിരോധാഭാസം പ്രകടമാണ്.

ഉന്നത വിദ്യാഭ്യാസത്തില്‍ വിദ്യാഭ്യാസത്തിന്റെ കേന്ദ്രീകരണമാണ് ദൃശ്യമാവുന്നത്. പരീക്ഷകളും കോഴ്‌സും സ്ഥാപനങ്ങളും എല്ലാം ഒരു നിയന്ത്രിത ശക്തിക്കു കീഴില്‍ കൊണ്ടുവരികയാണ്. 3 ഘട്ടങ്ങളിലൂടെ വിഭാവനം ചെയ്യുന്ന മാറ്റങ്ങള്‍ 1930,35,40 എന്നീ വര്‍ഷങ്ങളിലൂടെ പൂര്‍ത്തിയാക്കാനാണ് രേഖ ലക്ഷ്യമിടുന്നത്.

ദേശീയ റിസര്‍ച്ച് ഫൗണ്ടേഷനും ദേശീയ നോളേജ് കമ്മീഷനും സംബന്ധിച്ച് നയരേഖയില്‍ പറയുന്നു. നോളേജ് കമ്മീഷന്റെ അധ്യക്ഷ്യന്‍ പ്രധാനമന്ത്രി ആയിരിക്കും. ഇതോടെ ഉന്നത വിദ്യാഭ്യാസ രംഗത്തെ ഉന്നതപദവി രാഷ്ട്രീയവല്‍കരിക്കപ്പെടുകയാണ് . ഒരു സമഗ്ര വിദ്യാഭ്യാസത്തെക്കുറിച്ചാണ് രേഖയിലുടനീളം കാണുന്നത്. വിദേശ സര്‍വകലാശാലകളുടെ വരവിനെക്കുറിച്ചും വിദ്യാഭ്യാസത്തിന്റെ ഉദാരവല്‍കരണവും രേഖ ഉയര്‍ത്തിക്കാട്ടുന്നു. ഇതോടെ വിദ്യാഭ്യാസം ചെലവേറിയതാവുകയും മാര്‍ക്കറ്റിംഗ് മൂല്യങ്ങളാല്‍ നിയന്ത്രിക്കപ്പെടുകയും ചെയ്യുമെന്നത് തീര്‍ച്ചയാണ്. ജോമെറ്റയ്‌നില്‍ നടന്ന ആഗോള വിദ്യാഭ്യാസ സമ്മേളനത്തില്‍ മുഖ്യ ചര്‍ച്ചയായത് വിദ്യാഭ്യാസമെന്ന കമ്മോഡിറ്റിയെക്കുറിച്ചായിരുന് നു. വിദ്യാഭ്യാസത്തിന്റെ നൈതിക മൂല്യങ്ങളെക്കാള്‍ മാര്‍ക്കറ്റ്‌വാല്യൂ കണ്ടെത്താനുള്ള ജാഗ്രതയില്‍ ലോകകോര്‍പ്പറേറ്റുകള്‍ നെട്ടോട്ടമോടുമ്പോള്‍ നമ്മുടെ സമ്പ്രദായവും ആ വഴിക്കു നീങ്ങുമെന്ന സംശയം ന്യായമായതാണ്. ഉദാരവല്‍ക്കരണത്തിനും സ്വകാര്യവല്‍ക്കരണത്തിനും ഒട്ടേറെ വേദിയും താങ്ങും നല്‍കുന്ന ഈ നയം പൂര്‍ണമാവുന്നതോടെ സര്‍ക്കാര്‍ ഈ രംഗത്തുനിന്നു അപ്രത്യക്ഷമാവുമെന്നത് അതിശയോക്തിയാവില്ല.

അധ്യാപക വിദ്യാഭ്യാസവും വലിയ പരിവര്‍ത്തനത്തിനു വിധേയമാവും. ബിരുദം ചേര്‍ത്തുള്ള 4 വര്‍ഷത്തിന്റെ ഇന്റഗ്രേറ്റഡ് ബി.എഡും രണ്ടു വര്‍ഷ ബി.എഡും നിലനില്‍ക്കും. സയന്‍സ് പഠിക്കുന്ന വിദ്യാര്‍ഥികള്‍ മറ്റു മാനവികവിഷയങ്ങളും പഠിക്കണമെന്ന സമഗ്രമാറ്റവും രേഖയില്‍ ഉള്‍ക്കൊള്ളിച്ചിരിക്കുന്നു. ഏകാധ്യാപക വിദ്യാലയങ്ങള്‍ നിര്‍ത്തലാക്കും എന്നു പറയുന്നതോടൊപ്പം പാരാടീച്ചേഴ്‌സിന്റെ സേവനം പരമാവധി പ്രയോജനപ്പെടുത്തുമെന്നും നിയമന മാനദണ്ഡങ്ങള്‍ കാര്യക്ഷമത മാത്രമാണെന്നും എന്‍.ഇ.പിയിലുണ്ട്. പക്ഷേ, ഈ നിയമനങ്ങളും ടീച്ചേഴ്‌സും എത്രകണ്ട് പ്രായോഗികമാണെന്നത് മറ്റൊരു കാര്യം.

ഒറ്റനോട്ടത്തില്‍ പുരോഗമനപരമെന്ന് തോന്നാമെങ്കിലും ഭരണകൂടത്തിന്റെ നിഗൂഢ അജണ്ടകള്‍ ഒളിച്ചുകടത്താന്‍ ഒട്ടേറെ ശ്രമം നടന്നിട്ടുണ്ട്. മതേതരത്വം, ജനാധിപത്യം എന്നീ രാഷ്ട്രത്തിന്റെ ജീവല്‍ വായുവിലല്ല ഈ രേഖകെട്ടിപ്പടുത്തിരിക്കുന്നത്. മറിച്ച് അവയെ നിരാകരിക്കുകയാണ് ചെയ്യുന്നത്. രൂപം കൊണ്ട വഴികളും ജനാധിപത്യ രീതിയിലല്ല. പാര്‍ലമെന്റില്‍ പോലും ഇത് അവതരിപ്പിക്കപ്പെട്ടിട്ടില്ല.

മൂന്ന് വയസ്സുമുതല്‍ നിര്‍ബന്ധിത വിദ്യാഭ്യാസം എന്നത് ഗുണത്തെക്കാളേറെ ദോഷമായി മാറും. ഗ്രാമീണ ജനതയെ വിദ്യാലയങ്ങളില്‍നിന്ന് അകറ്റും. വിദ്യാഭ്യാസപരമായും സാമൂഹികമായും പിന്നാക്കം നില്‍ക്കുന്നവരുടെയും മതന്യൂനപക്ഷങ്ങളുടെയും ഭരണഘടനദത്ത അവകാശങ്ങളെക്കുറിച്ച് ഈ രേഖ കുറ്റകരമായ മൗനമവലംബിക്കുന്നു. 1986-1992ലെ ദേശീയനയം കൃത്യമായ പദ്ധതികള്‍ തന്നെ ഈ വിഭാഗത്തിനു വേണ്ടി പ്രത്യേകം ആവിഷ്‌ക്കരിച്ചിരുന്നു. ഇന്ത്യയില്‍ ഏറ്റവുമധികം ജനങ്ങള്‍ സംസാരിക്കുന്ന രണ്ടാമത്തെ ഭാഷയായ ഉറുദുവിനോടും ലോക കമേര്‍ഷ്യല്‍-ട്രേഡ് ലിങ്ക് ലാംഗ്വേജായ അറബിയോടുമുള്ള അവഗണനയും പ്രതിഷേധാര്‍ഹമാണ്.

വിദ്യാഭ്യാസമെന്നത് തങ്ങളുടെ ഭാഷയുടെയും സംസ്‌കാരത്തിന്റെയും സംരക്ഷണത്തിനുള്ള ആയുധമാണ്. അതിജീവനത്തിനും പുരോഗതിക്കുമുള്ള ഏകോപാധിയാണ്. മത, പിന്നാക്ക, ദലിത് ന്യൂനപക്ഷങ്ങളെ സംബന്ധിച്ചിടത്തോളം ഇതേറ്റവും പ്രസക്തവുമാണ്. കേന്ദ്രഭരണകൂടം അംഗീകരിച്ചിരിക്കുന്ന ദേശീയ വിദ്യാഭ്യാസനയം 2020 ഈ ലക്ഷ്യം നിറവേറ്റുന്നതില്‍ മാര്‍ഗതടസ്സമായി ഭവിക്കുമെന്ന് തീര്‍ച്ച.