മനുഷ്യന്‍ അമാനത്തിന്റെ വാഹകന്‍

കുഞ്ഞിമുഹമ്മദ് മദനി പറപ്പൂര്‍

2020 ആഗസ്ത് 01 1441 ദുല്‍ഹിജ്ജ 11

(മനുഷ്യന്‍ ക്വുര്‍ആനില്‍ 2)

ലക്ഷത്തില്‍ പരം നബിമാര്‍ ലോകത്ത് നിയുക്തരായിട്ടുണ്ട്. അവരില്‍ വിശ്വസിച്ച അനുയായികള്‍ അതിന്റെ പേരില്‍ ഏറെ ത്യാഗങ്ങള്‍ സഹിക്കേണ്ടിവന്നിട്ടുണ്ട്. യുദ്ധങ്ങളും രക്തസാക്ഷിത്വങ്ങളുമുണ്ടായി. സ്വയം ജീവിക്കാന്‍ വേണ്ടിയായിരുന്നില്ല; മറിച്ച് തങ്ങളിലേല്‍പിക്കപ്പെട്ട ദൗത്യം നിര്‍വഹിക്കുവാന്‍ വേണ്ടിയായിരുന്നു അവര്‍ അതെല്ലാം സഹിച്ചത്. മനുഷ്യന്റെ പ്രത്യേകതകളിലൊന്നാണ് ഈ അമാനത്ത് (വിശ്വസിച്ചേല്‍പിക്കപ്പെട്ട ദൗത്യം).

''തീര്‍ച്ചയായും നാം ആ അമാനത്ത് ആകാശങ്ങളുടെയും ഭൂമിയുടെയും പര്‍വതങ്ങളുടെയും മുമ്പാകെ എടുത്തുകാട്ടുകയുണ്ടായി. എന്നാല്‍ അത് ഏറ്റെടുക്കുന്നതിന് അവര്‍ വിസമ്മതിക്കുകയും അതിനെപ്പറ്റി അവര്‍ക്ക് പേടിതോന്നുകയും ചെയ്തു. മനുഷ്യന്‍ അതേറ്റെടുത്തു. തീര്‍ച്ചയായും അവന്‍ കടുത്ത അക്രമിയും അവിവേകിയുമാകുന്നു'' (33:72).

ജനിച്ച് പ്രകൃതിദത്തമായ വികാരങ്ങളും ചേഷ്ടകളും പ്രകടിപ്പിച്ചു ജീവിച്ച് മരിച്ചുപോവുക എന്നതാണ് എല്ലാ ജീവികളുടെയും അവസ്ഥ. അതില്‍നിന്നു വ്യത്യസ്തമായി മനുഷ്യന്ന് മാത്രമായുള്ള ഉത്തരവാദിത്തത്തെയാണ് മേല്‍വചനം സൂചിപ്പിക്കുന്നത്. ആകാശഗോളങ്ങള്‍ക്കോ മഹാപര്‍വതങ്ങള്‍ക്കോ കഴിയാത്ത കാര്യമാണ് അമാനത്ത്. അവയൊക്കെ അവയ്ക്ക് നിശ്ചയിക്കപ്പെട്ട പ്രകൃതിനിയമങ്ങള്‍ക്ക് വിധേയപ്പെടാനേ കഴിയൂ. മനുഷ്യന്‍ അങ്ങനെയല്ല. ബുദ്ധിയും ഇഛാശക്തിയും നല്‍കപ്പെട്ട അവന് നിര്‍മാണത്തിനും നശീകരണത്തിനും കഴിയും. സന്മനസ്സ് നേടിയവര്‍ നന്മകള്‍ ചേയ്ത് വിജയം പ്രാപിക്കും. അല്ലാത്തവര്‍ പരാജയപ്പെടും.

അതിനാല്‍ ഈ അമാനത്ത് നേരാംവണ്ണം ഏറ്റെടുത്ത് നിര്‍വഹിക്കാന്‍ മനുഷ്യന്‍ ബാധ്യസ്ഥനാണ്. അല്ലാഹുവിനോടാണ് അവന്ന് അമാനത്ത് നിര്‍വഹിക്കാനുള്ളത്. അവന്റെ മാര്‍ഗനിര്‍ദേശങ്ങള്‍ ഏറ്റെടുക്കുക വഴി തന്റെ സ്വന്തത്തിനോടും കുടുംബത്തിനോടും സമൂഹത്തിനോടും ഇതരജീവജാലങ്ങളോടും ഈ പ്രകൃതിയോടും മനുഷ്യന്ന് ഉത്തരവാദിത്തമുണ്ട്.

''അപ്പോള്‍ നാം നിങ്ങളെ വൃഥാ സൃഷ്ടിച്ചതാണെന്നും നമ്മുടെ അടുക്കലേക്ക് നിങ്ങള്‍ മടക്കപ്പെടുകയില്ലെന്നും നിങ്ങള്‍ കണക്കാക്കിയിരിക്കുകയാണോ?'' (23:115).

ആദമി(റ)നെയും ഹവ്വാ(റ)യെയും സ്വര്‍ഗത്തില്‍നിന്ന് ഭൂമിയില്‍ ജീവിക്കാനയച്ചപ്പോള്‍ അല്ലാഹു പറഞ്ഞു: ''നാം പറഞ്ഞു: നിങ്ങളെല്ലാവരും അവിടെനിന്ന് ഇറങ്ങുക. എന്നിട്ട് എന്റെ പക്കല്‍ നിന്നുള്ള മാര്‍ഗ ദര്‍ശനം നിങ്ങള്‍ക്ക് വന്നെത്തുമ്പോള്‍ എന്റെ ആ മാര്‍ഗദര്‍ശനം പിന്‍പറ്റുന്നവരാരോ അവര്‍ക്ക് ഭയപ്പെടേണ്ടതില്ല. അവര്‍ ദുഃഖിക്കേണ്ടിവരികയുമില്ല''(2:38).

ഈ ബാധ്യതകളെപ്പറ്റിയുള്ള ഓര്‍മപ്പെടുത്തലാണ് ക്വുര്‍ആന്‍ വചനങ്ങളിലെ അധികഭാഗവും. 'അല്ലയോ ജനങ്ങളേ,' 'വിശ്വാസികളേ,' 'നബിയേ,' 'ഇസ്‌റാഈല്‍ സന്തതികളേ,' 'വേദക്കാരേ,' 'ആദംസന്തതികളേ' തുടങ്ങിയ സംബോധനകളിലൂടെയാണ് മനുഷ്യന്ന് അല്ലാഹു ജീവിതത്തിലെ വിധിവിലക്കുകള്‍ പഠിപ്പിച്ചിരിക്കുന്നത്.

''സന്തോഷവാര്‍ത്ത അറിയിക്കുന്നവരും താക്കീതുനല്‍കുന്നവരുമായ ദുതന്മാരായിരുന്നു അവര്‍. ആ ദുതന്മാര്‍ക്കു ശേഷം ജനങ്ങള്‍ക്ക് അല്ലാഹുവിന്നെതിരില്‍ ഒരു ന്യായനും ഇല്ലാതിരിക്കാന്‍ വേണ്ടിയാണത്. അല്ലാഹു പ്രതാപിയും യുക്തിമാനുമാകുന്നു'' (4:165).

മനുഷ്യന്റെ അമാനത്ത്: വിവിധ തലങ്ങൾ

മുന്‍കഴിഞ്ഞ നബിമാരും വേദങ്ങളും മനുഷ്യസമൂഹത്തിന് എല്ലാകാലത്തും നല്‍കിയ സന്ദേശം അടിസ്ഥാന പരമായി ഒന്നുതന്നെയായിരുന്നു; തൗഹീദ് (ഏകദൈവാരാധന), രിസാലത്ത് (പ്രവാചക ദൗത്യം), ആഖിറത്ത് (പരലോക വിശ്വാസം) എന്നീ മൂന്ന് കാര്യങ്ങള്‍. ഇതുതന്നെയാണ് ക്വുര്‍ആനും പഠിപ്പിക്കുന്നത്.

''(മുഹമ്മദ് നബിയില്‍) വിശ്വസിച്ചവരോ, യഹൂദമതം സ്വീകരിച്ചവരോ, ക്രൈസ്തവരോ, സാബികളോ (അറേബ്യയിലെ പുരാതന മതവിഭാഗം) ആരാകട്ടെ അല്ലാഹുവിലും അന്ത്യദിനത്തിലും വിശ്വസിക്കുകയും സല്‍കര്‍മം പ്രവര്‍ത്തിക്കുകയും ചെയ്തിട്ടുള്ളവര്‍ക്ക് അവരുട രക്ഷിതാവിങ്കല്‍ അവര്‍ അര്‍ഹിക്കുന്ന പ്രതിഫലമുണ്ടായിരിക്കും. അവര്‍ക്ക് ഭയപ്പെടേണ്ടതില്ല. അവര്‍

ദുഃഖിക്കേണ്ടി വരികയുമില്ല'' (2:62).

അല്ലാഹു മനുഷ്യനെ ഏല്‍പിച്ചത് പ്രഥമമായി തൗഹീദ് അംഗീകരിക്കണമെന്നാണ്. ഈ പ്രപഞ്ചത്തെ സൃഷ്ടിച്ച് സംരക്ഷിക്കുന്ന, മനുഷ്യരുടെ നന്മതിന്മകള്‍ നിര്‍ണയിക്കുന്ന, നന്മചെയ്തവര്‍ക്ക് രക്ഷയും അല്ലാത്തവര്‍ക്ക് ശിക്ഷയും നല്‍കുന്നവന്‍ അല്ലാഹു മാത്രമാണെന്ന വിശ്വാസമാണ് തൗഹീദിന്റെ ഒരു ഘടകം. ഈ വിശ്വാസം നിലനിര്‍ത്തിക്കൊണ്ട് അല്ലാഹുവിന്ന് മാത്രം ആരാധകളര്‍പ്പിക്കുക എന്നതാണ് അതിന്റെ മറ്റൊരു ഘടകം. വേദഗ്രന്ഥങ്ങളിലൂടെയും നബിമാര്‍മുഖേനയും അല്ലാഹു പഠിപ്പിച്ച തന്റെ നാമവിശേഷണങ്ങളില്‍ മറ്റാര്‍ക്കും പങ്കില്ലെന്ന വിശ്വാസവും സമീപനവുമാണ് തൗഹീദിന്റെ മൂന്നാമത്തെ ഘടകം.

''ആകാശങ്ങളുടെയും ഭൂമിയുടെയും അവയ്ക്കിടയിലുള്ളതിന്റെയും രക്ഷിതാവത്രെ അവന്‍. അതിനാല്‍ താങ്കള്‍ അവനെ ആരാധിക്കുകയും അവന്നുള്ള ആരാധനയില്‍ ക്ഷമയോടെ ഉറച്ചുനില്‍ക്കുകയും ചെയ്യുക. അവന്നു പേരൊത്ത ആരെയെങ്കിലും താങ്കള്‍ക്കറിയാമോ?'' (19:65).

ദൈവവിശ്വാസവും വിശ്വാസികളും ഇന്നുള്ളപോലെ എല്ലാനബിമാരുടെ കാലത്തും ഉണ്ടായിരുന്നു വെങ്കിലും തൗഹീദീവിശ്വാസത്തിന്റെ ഈ ചട്ടക്കൂട്ടില്‍ അവര്‍ അധികപേരും ഒതുങ്ങിനിന്നില്ല. പലകാലത്തും തൗഹീദിനെ പലരൂപത്തിലാണ് വികലമാക്കിയത്. ചിലര്‍ സ്രഷ്ടാവും നിയന്താവും(റബ്ബ്) അല്ലാഹുവാണെന്ന് അംഗീകരിച്ചു. പക്ഷേ, ആരാധനയില്‍ പങ്കുചേര്‍ത്തു. തങ്ങളെ അല്ലാഹുവിലേക്ക് അടുപ്പിക്കുവാന്‍ കഴിവുണ്ടെന്ന് വിശ്വസിച്ചു മഹാന്മാരോട് പ്രാര്‍ഥിക്കുകയും അവരെ ആരാധനയില്‍ പങ്കുചേര്‍ക്കുകയും ചെയ്തു. ചിലര്‍ ശരിയുംതെറ്റും നിര്‍ണയിക്കാനുള്ള അധികാരം സൃഷ്ടികള്‍ക്കുണ്ടെന്ന് വിശ്വസിച്ചു. പുരോഹിതന്മാര്‍ക്ക് മതനിയമങ്ങള്‍ നിര്‍മിക്കാനുള്ള അവകാശം അനുവദിച്ചുകൊടുത്തു. ചിലര്‍ അല്ലാഹുവിന്ന് മാത്രമുള്ള നാമവിശേഷണങ്ങളില്‍ മഹാന്മാരായ ചിലര്‍ക്കുകൂടി പങ്കുള്ളതായി വിശ്വസിച്ചു. അല്ലാഹുവിന്ന് പുത്രന്മാരും പുത്രികളുമുണ്ട് എന്നുവരെ ചിലര്‍ വിശ്വസിച്ചു. എന്നാല്‍ ക്വുര്‍ആന്‍ അല്ലാഹുവിന്റെ എല്ലാ അര്‍ഥത്തിലുമുള്ള ഏകത്വമാണ് മനുഷ്യനെ പഠിപ്പിച്ചത്.

''പറയുക കാര്യം അല്ലാഹു ഏകനാണ് എന്നതാകുന്നു. അല്ലാഹു ഏവര്‍ക്കും ആശ്രയമായിട്ടുള്ളവനാകുന്നു. അവന്‍ ജന്മം നല്‍കിയിട്ടില്ല. (ആരുടെയും സന്തതിയായി) ജനിച്ചിട്ടുമില്ല. അവന്നു തുല്യനായി ആരും തന്നെ ഇല്ലതാനും'' (112:1-4).

മനുഷ്യനും രിസാലത്തും

വിശുദ്ധക്വുര്‍ആനും അതിന്റെ വിവരണവുമാണ് പ്രവാചക സന്ദേശത്തിന്റെ ആകെത്തുക. ക്വുര്‍ആനിലെ ഓരോ വചനം അവതരിക്കുമ്പോഴും അതിന്റെ വിവരണവും ജീവിതത്തില്‍ പ്രാവര്‍ത്തികമാക്കേണ്ട രീതിയും വഹ്‌യിന്റെ (ദിവ്യബോധനം) അടിസ്ഥാനത്തില്‍തന്നെ നബി ﷺ  വിവരിച്ചു.

''അദ്ദേഹം തന്നിഷ്ടപ്രകാരം സംസാരിക്കുന്നുമില്ല. അത് അദ്ദേഹത്തിന് ദിവ്യസന്ദേശമായി നല്‍കപ്പെടുന്ന ഒരു ഉല്‍ബോധനം മാത്രമാകുന്നു'' (ക്വുര്‍ആന്‍ 53:3,4).

നബി ﷺ യുടെ ജീവിതം ക്വുര്‍ആനാണ്. അഥവാ ക്വുര്‍ആനിന്റെ വിവരണമാണ്. തന്റെ വാക്കില്‍കൂടിയും പ്രവര്‍ത്തനങ്ങളില്‍കൂടിയും അനുയായികളില്‍ കാണുന്ന പ്രവൃത്തികളെ അംഗീകരിച്ചുകൊണ്ടും തിരുത്തിയും നബി ﷺ  ആ ദൗത്യം നിര്‍വഹിച്ചു.

''തീര്‍ച്ചയായും സത്യവിശ്വാസികളില്‍ അവരില്‍ നിന്നും തന്നെയുള്ള ഒരു ദുതനെ നിയോഗിക്കുകവഴി അല്ലാഹു മഹത്തായ അനുഗ്രഹമാണ് അവര്‍ക്കു നല്‍കിയിട്ടുള്ളത്. അല്ലാഹുവിന്റെ ദൃഷ്ടാന്തങ്ങള്‍ അവര്‍ക്ക് ഓതിക്കേള്‍പിക്കുകയും അവരെ സംസ്‌കരിക്കുകയും അവര്‍ക്കു ഗ്രന്ഥവും ജ്ഞാനവും പഠിപ്പിക്കുകയു ചെയ്യുന്ന (ഒരു ദൂതനെ). അവരാകട്ടെ മുമ്പ് വ്യക്തമായ വഴികേടില്‍ തന്നെയായിരുന്നു'' (ക്വുര്‍ആന്‍ 3:164).

നബി ﷺ  പഠിപ്പിച്ചതെന്തോ അത് സ്വീകരിക്കുകയും അദ്ദേഹം വിരോധിച്ചതെന്തോ അത് ഉപേക്ഷിക്കുകയും ചെയ്യുമ്പോള്‍ മാത്രമെ ഒരാള്‍ രിസാലത്തില്‍ വിശ്വസിച്ചവനാകൂ; 'മുഹമ്മദുര്‍റസൂലുല്ലാഹ്' എന്ന സാക്ഷ്യം പൂര്‍ണാര്‍ഥത്തില്‍ ഉള്‍ക്കൊണ്ടവനാകൂ.

''ഇല്ല, തന്റെ രക്ഷിതാവിനെ തന്നെയാണ സത്യം. അവര്‍ക്കിടയില്‍ ഭിന്നതയുണ്ടായ കാര്യത്തില്‍ അവര്‍ നിന്നെ വിധികര്‍ത്താവാക്കുകയും നീ വിധികല്‍പിച്ചതിനെപ്പറ്റി പിന്നീടവരുടെ മനസ്സുകളില്‍ ഒരു വിഷമവും തോന്നാതിരിക്കുകയും അത് പൂര്‍ണമായി സമ്മതിച്ച് അനുസരിക്കുകയും ചെയ്യുന്നതുവരെ അവര്‍ വിശ്വാസികളാവുകയില്ല'' (ക്വുര്‍ആന്‍ 4:65).

നിര്‍ബന്ധവും ഐഛികവുമായ അനുഷ്ഠാന കര്‍മങ്ങള്‍, സത്യവിശ്വാസത്തിലധിഷ്ഠിതമായ ജീവിത വ്യവഹാരങ്ങള്‍, നിഷ്ഠകള്‍, സ്വഭാവങ്ങള്‍, ഇടപാടുകള്‍, ഉദ്‌ബോധനപ്രവര്‍ത്തനങ്ങള്‍ തുടങ്ങി എല്ലാകാര്യങ്ങളും രിസാലത്തില്‍ ഉള്‍കൊള്ളുന്നു. ഇതിന്റെ ഒരു സംക്ഷിപ്തരൂപമാണ് സൂറഃഅല്‍ അസ്വ്‌റില്‍ വിവരിച്ചിരിക്കുന്നത്.

''കാലം തന്നെയാണ് സത്യം; തീര്‍ച്ചയായും മനുഷ്യന്‍ നഷ്ടത്തില്‍ തന്നെയാണ്. വിശ്വസിക്കുകയും സല്‍കര്‍മങ്ങള്‍ പ്രവര്‍ത്തിക്കുകയും സത്യംകൈക്കൊള്ളാന്‍ അന്യോന്യം ഉപദേശിക്കുകയും ക്ഷമ കൈക്കൊള്ളാന്‍  അന്യോന്യം ഉപദേശിക്കുകയും ചെയ്തവരൊഴികെ'' (ക്വുര്‍ആന്‍ 103:13).

നബി ﷺ  പഠിപ്പിച്ചതിന്നപ്പുറം വല്ലതും മതനടപടികളായി നിര്‍മിക്കുവാനോ കൂട്ടിച്ചേര്‍ക്കുവാനോ കുറക്കുവാനോ ആര്‍ക്കും അവകാശമില്ല. അത്തരം നടപടികള്‍ വിശ്വാസത്തിന്റെ ലംഘനവും അല്ലാഹുവിങ്കല്‍ അസ്വീകാര്യവുമാണ്.

''അല്ലാഹുവും അവന്റെ റസൂലും ഒരു കാര്യത്തില്‍ തീരുമാനമെടുത്തു കഴിഞ്ഞാല്‍ സത്യവിശ്വാസിയായ ഒരു പുരുഷന്നാകട്ടെ, സ്ത്രീക്കാകട്ടെ തങ്ങളുടെ കാര്യത്തെസംബന്ധിച്ച് സ്വതന്ത്രമായ അഭിപ്രായം ഉണ്ടായിരിക്കാവുന്നതല്ല. വല്ലവനും അല്ലാഹുവെയും അവന്റെ ദൂതനെയും ധിക്കരിക്കുന്ന പക്ഷം അവന്‍ വ്യക്തമായ നിലയില്‍ വഴിപിഴച്ചുപോയിരിക്കുന്നു'' (ക്വുര്‍ആന്‍ 22:36).

മനുഷ്യന് പുനര്‍ജീവിതമുണ്ട്

ക്വുര്‍ആന്‍ വചനങ്ങളില്‍ മുഖ്യമായ ഒരു ഭാഗം പരലോകത്തെപ്പറ്റിയാണ് പരാമര്‍ശിക്കുന്നത്. ഈ ജീവിതം ഇഹലോകത്തോടെ അവസാനിക്കുന്നില്ലെന്നും എല്ലാമനുഷ്യര്‍ക്കും അവരവരുടെ കര്‍മഫലം അനുഭവിക്കുന്ന മറ്റൊരു ജീവിതമുണ്ടെന്നും മുന്‍വേദങ്ങളും നബിമാരും പഠിപ്പിച്ചിട്ടുണ്ട്.

''അതല്ല, മൂസായുടെ പത്രികകളില്‍ ഉള്ളതിനെ പറ്റി അവന് വിവരം അറിയിക്കപ്പെട്ടിട്ടില്ലേ? (കടമകള്‍) നിറവേറ്റിയ ഇബ്‌റാഹീമിന്റെയും (പത്രികകളില്‍). അതായത് പാപഭാരം വഹിക്കുന്ന ഒരാളും മറ്റൊരാളുടെ പാപഭാരം വഹിക്കുകയില്ലെന്നും, മനുഷ്യന്ന് താന്‍ പ്രയത്‌നിച്ചതല്ലാതെ മറ്റൊന്നുമില്ല എന്നും, അവന്റെ പ്രയത്‌നഫലം വഴിയെ കാണിച്ചുകൊടുക്കപ്പെടും എന്നുമുള്ള കാര്യം? പിന്നീട് അവന് അതിന് ഏറ്റവും പൂര്‍ണമായ പ്രതിഫലം നല്‍കപ്പെടുന്നതാണെന്നും, നിന്റെ രക്ഷിതാവിങ്കലേക്കാണ് എല്ലാം ചെന്ന് അവസാനിക്കുന്നതെന്നും'' (ക്വുര്‍ആന്‍ 53:36-42).

''അപ്പോള്‍ ആര്‍ ഒരണുവിന്റെ തൂക്കം നന്മചെയ്തിരുന്നോ അവന്‍ അത് കാണും. ആര്‍ ഒരണുവിന്റെ തൂക്കം തിന്മചെയ്തിരുന്നുവോ അവന്‍ അതും കാണും'' (ക്വുര്‍ആന്‍ 99:78).

''തങ്ങള്‍ ഉയിര്‍ത്തെഴുന്നേല്‍പിക്കപ്പെടുകയില്ലെന്ന് ആ അവിശ്വാസികള്‍ ജല്‍പിച്ചു. (നബിയേ) പറയുക: അതെ; എന്റെ രക്ഷിതാവിനെ തന്നെയാണ, നിങ്ങള്‍ ഉയിര്‍ത്തെഴുന്നേല്‍പിക്കപ്പെടും. പിന്നീട് നിങ്ങള്‍ പ്രവര്‍ത്തിച്ചതിനെപ്പറ്റി നിങ്ങള്‍ക്ക് വിവരമറിയിക്കപ്പെടുകയും ചെയ്യും. അത് അല്ലാഹുവെ സംബന്ധിച്ചിടത്തോളം എളുപ്പമുള്ളതാകുന്നു'' (ക്വുര്‍ആന്‍  64:7).

മനുഷ്യന്റെ സമ്പൂര്‍ണ സംസ്‌കരണം

തൗഹീദ്, രിസാലത്ത്, ആഖിറത്ത് എന്നീ മൂന്ന് അടിസ്ഥാനങ്ങളില്‍ പടുത്തുയര്‍ത്തിയ സമഗ്രമായ സംസ്‌കരണ പദ്ധതിയാണ് ക്വുര്‍ആന്‍ മനുഷ്യന്റെ മുമ്പില്‍ വെക്കുന്നത്. ഐതിഹ്യങ്ങളും മിഥ്യയായ സങ്കല്‍പങ്ങളും ക്വുര്‍ആന്‍ നിരാകരിച്ചു. ചിന്തയെയും ബുദ്ധിപരമായ സമീപനത്തെയും അംഗീകരിച്ചു.

''ഇവര്‍ ഭൂമിയിലൂടെ സഞ്ചരിക്കുന്നില്ലേ? എങ്കില്‍ ചിന്തിച്ചു മനസ്സിലാക്കാനുതകുന്ന ഹൃദയങ്ങളോ, കേട്ടറിയാനുതകുന്ന കാതുകളോ അവര്‍ക്കുണ്ടാകുമായിരുന്നു. തീര്‍ച്ചയായും കണ്ണുകളെയല്ല അന്ധത ബാധിക്കുന്നത്. പക്ഷേ, നെഞ്ചുകളിലുള്ള ഹൃദയങ്ങളെയാണ് അന്ധത ബാധിക്കുന്നത്'' (ക്വുര്‍ആന്‍  22:46).

''ആകാശഭൂമികളുടെ സൃഷ്ടിപ്പിലും, രാപകലുകളുടെ മാറ്റത്തിലും, മനുഷ്യര്‍ക്ക് ഉപകാരമുള്ള വസ്തുക്കളുമായി കടലിലൂടെ സഞ്ചരിക്കുന്ന കപ്പലിലും, ആകാശത്തുനിന്ന് അല്ലാഹു മഴ ചൊരിഞ്ഞുതന്നിട്ട് നിര്‍ജീവാവസ്ഥയ്ക്കു ശേഷം ഭൂമിക്ക് അതു മുഖേന ജീവന്‍ നല്‍കിയതിലും, ഭൂമിയില്‍ എല്ലാതരം ജന്തുവര്‍ഗങ്ങളെയും വ്യാപിപ്പിച്ചതിലും, കാറ്റുകളുടെ ഗതിക്രമത്തിലും, ആകാശഭൂമികള്‍ക്കിടയിലൂടെ നിയന്ത്രിച്ച് നയിക്കപ്പെടുന്ന മേഘത്തിലും ചിന്തിക്കുന്ന ജനങ്ങള്‍ക്ക് പല ദൃഷ്ടാന്തങ്ങളുമുണ്ട്; തീര്‍ച്ച'' (ക്വുര്‍ആന്‍  2:164).

ബുദ്ധി ഉപയോഗപ്പെടുത്തുവാനും ചിന്തിക്കുവാനും നൂറിലധികം വചനങ്ങളിലൂടെ അല്ലാഹു കല്‍പിച്ചതായി കാണാം. അറിവിനെ അല്ലാഹു ആദരിക്കുകയും വിജ്ഞാന സമ്പാദനത്തെ അങ്ങേയറ്റം പ്രോത്സാഹിപ്പിക്കുകയും ചെയ്തു. വായന, എഴുത്ത്, ജ്ഞാനസമ്പാദനം എന്നിവയിലൂന്നിക്കൊണ്ടാണ് ക്വുര്‍ആനിന്റെ അവതരണം തുടങ്ങിയതു തന്നെ:

''സൃഷ്ടിച്ചവനായ നിന്റെ രക്ഷിതാവിന്റെ നാമത്തില്‍ വായിക്കുക. മനുഷ്യനെ അവന്‍ ഭ്രൂണത്തില്‍ നിന്ന് സൃഷ്ടിച്ചിരിക്കുന്നു. നീ വായിക്കുക; നിന്റെ രക്ഷിതാവ് ഏറ്റവും വലിയ ഔദാര്യവാനാകുന്നു. പേനകൊണ്ട് പഠിപ്പിച്ചവന്‍. മനുഷ്യന് അറിയാത്തത് അവന്‍ പഠിപ്പിച്ചിരിക്കുന്നു'' (ക്വുര്‍ആന്‍ 96:1-5).

കണ്ണും കാതും ഹൃദയവും ചോദ്യം ചെയ്യപ്പെടുമെന്ന് ക്വുര്‍ആന്‍ മുന്നറിയിപ്പു നല്‍കുന്നു:

''നിനക്ക് അറിവില്ലാത്ത യാതൊരു കാര്യത്തിന്റെയും പിന്നാലെ നീ പോകരുത്. തീര്‍ച്ചയായും കേള്‍വി, കാഴ്ച, ഹൃദയം എന്നിവയെപ്പറ്റിയെല്ലാം ചോദ്യം ചെയ്യപ്പെടുന്നതാണ്'' (ക്വുര്‍ആന്‍ 17:36).

ചിന്തിക്കാത്ത, കണ്ടും കേട്ടും മനസ്സിലാക്കാത്ത ആളുകള്‍ മാടുകളെക്കാള്‍ അധമരാണെന്ന് അല്ലാഹു പറഞ്ഞു: ''ജിന്നുകളില്‍നിന്നും മനുഷ്യരില്‍നിന്നും ധാരാളം പേരെ നാം നരകത്തിനുവേണ്ടി സൃഷ്ടിച്ചിട്ടുണ്ട്. അവര്‍ക്ക് മനസ്സുകളുണ്ട്; അതുപയോഗിച്ച് അവര്‍ കാര്യം ഗ്രഹിക്കുകയില്ല. അവര്‍ക്കു കണ്ണുകളുണ്ട്; അതുപയോഗിച്ച് അവര്‍ കണ്ടറിയുകയില്ല. അവര്‍ക്ക് കാതുകളുണ്ട്; അതുപയോഗിച്ച് അവര്‍ കേട്ടു മനസ്സിലാക്കുകയില്ല. അവര്‍ കാലികളെപ്പോലെയാകുന്നു. അല്ല; അവരാണ് കൂടുതല്‍ പിഴച്ചവര്‍. അവര്‍ തന്നെയാണ് ശ്രദ്ധയില്ലാത്തവര്‍'' (ക്വുര്‍ആന്‍ 7:179).

ബുദ്ധി ഉപയോഗിക്കാത്തവരെ 'നികൃഷ്ടജീവി' എന്നുവരെ വിശേഷിപ്പിച്ചത്കാണാം: ''തീര്‍ച്ചയായും ജന്തുക്കളുടെ കൂട്ടത്തില്‍ അല്ലാഹുവിന്റെ അടുക്കല്‍ ഏറ്റവും മോശമായവര്‍ ചിന്തിച്ചു മനസ്സിലാക്കാത്ത ഊമകളും ബധിരന്‍മാരുമാകുന്നു'' (ക്വുര്‍ആന്‍ 8:22).

മനുഷ്യന്‍ അന്ധമായി അനുകരിക്കരുത്

''അല്ലാഹു അവതരിപ്പിച്ചത് നിങ്ങള്‍ പിന്‍പറ്റുക എന്ന് അവരോട് ആരെങ്കിലും പറഞ്ഞാല്‍ അല്ല; ഞങ്ങളുടെ പിതാക്കള്‍ സ്വീകരിച്ചതായി കണ്ടതേ ഞങ്ങള്‍ സ്വീകരിക്കുകയുള്ളൂ എന്നായിരിക്കും അവര്‍ പറയുന്നത്. അവരുടെ പിതാക്കള്‍ യാതൊന്നും ചിന്തിച്ചുമനസ്സിലാക്കാത്തവരും നേര്‍വഴി കണ്ടെത്താത്തവരുമായിരുന്നെങ്കില്‍ പോലും (അവരെ പിന്‍പറ്റുകയാണോ?)'' (2:170).